Skip to main content

ഉറങ്ങാതിരുന്ന നാടകരാവുകൾ

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ വിയുടെ തിങ്കൾ പംക്തി തുടരുന്നു…

നുറുങ്ങുകൾ ‐ 22

നെല്‍സണ്‍ ഫെര്‍ണാണ്ടസ്

പ്രമുഖ നാടകകൃത്തും നടനും സംവിധായകനും ഗാനരചയിതാവും സാംസ്കാരിക-‐തൊഴിലാളി രംഗങ്ങളിൽ ദശാബ്ദങ്ങൾ സക്രിയനുമായിരുന്ന നെൽസൺ ഫെർണാണ്ടസിന്റെ വിയോഗം കലാ കേരളത്തിന്‌ വേഗം നികത്താനാവാത്ത നഷ്ടമാണ്‌. രണ്ടു വർഷത്തിലേറെയായി ശയ്യാവലംബിയായി കഴിയുകയായിരുന്ന ആ ബഹുമുഖ പ്രതിഭയുടെ അന്ത്യം തൊണ്ണൂറ്റിയൊന്നാം വയസിൽ ഫോർട്ടുകൊച്ചി അമരാവതി വീട്ടിലായിരുന്നു. ആന്റണി ഫെർണാണ്ടസിന്റെയും റോസ്‌ലി ഫെർണാണ്ടസിന്റെയും മകനായി 1935 നവംബർ 18-നായിരുന്നു എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌‐ മഹാരാജാസ്‌ കോളേജുകളിൽ വിദ്യാഭ്യാസം. എറണാകുളം രവിപുരത്തെ വീട്ടുപകരണ‐എയർ കണ്ടീഷനിങ്‌ കമ്പനിയായ വോൾട്ടാസ് ലിമിറ്റഡിൽ ജീവനക്കാരനായിരുന്ന അദ്ദേഹം 1993-ൽ സ്വയം വിരമിച്ചു. അഞ്ഞൂറിലേറെ ഗാനങ്ങളും നൂറിലധികം നാടകങ്ങളും രചിച്ചിട്ടുണ്ട്. 2011 ലെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതാണ്‌ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘നാടക രാവുകൾ’. ‘നസ്രായൻ’ (2019) ആത്മാംശം വെളിപ്പെടുത്തിയ മറ്റൊരു രചന. നാടക രചനയ്ക്കും സംവിധാനത്തിനും സംഗീത നാടക അക്കാദമി അവാർഡ്, കെസിബിസി സാഹിത്യ പുരസ്‌കാരം, നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് അക്കാദമിയുടെ കലാശ്രേഷ്ഠ പുരസ്കാരം, കെആർഎൽസിസിയുടെ ഗുരുശ്രേഷ്ഠ അവാർഡ് തുടങ്ങിയവയും തേടിയെത്തി. നാടകവും സംഗീതവും സാഹിത്യവും പോലെ പ്രിയങ്കരമായിരുന്നു സ്പോര്‍ട്സും; പ്രത്യേകിച്ച്‌ ഫുട്‌ബോൾ. സന്തോഷ് ട്രോഫിയടക്കം എല്ലാ മത്സരങ്ങളും ഉറക്കമൊഴിച്ച്‌ കണ്ട്‌ വൈകിയാണ്‌ ഉറങ്ങാറുള്ളത്‌. ചങ്ങനാശേരി ഗീഥയിൽ തുടങ്ങി വൈക്കം മാളവിക, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി സംസ്ഥാനത്തെമ്പാടും പ്രവർത്തിച്ച നാല്പതിലേറെ പ്രഗത്ഭ സമിതികളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ രണ്ട്‌ ബൈബിൾ നാടകങ്ങൾ കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഎസ് ജെ സഭയാണ് (ഒബ്ലാറ്റ്‌സ്‌ ഓഫ്‌ സെന്റ്‌ ജോസഫ്‌) മലയാള പരിശുദ്ധാത്മ ഗീതത്തിന്റെ നിർമാതാക്കൾ. സഭാസ്ഥാപകനായ വിശുദ്ധ ജോസഫ് മരേല്ലോ പിതാവിന്‍റെ വിശുദ്ധപദ പ്രഖ്യാപനം അവസരമാക്കി 2001-ല്‍ ഒരുക്കിയ വാഴ്ത്തീടുവിൻ എന്ന ശേഖരത്തിലുള്ളതാണാ ഗാനം. സഭയുടെ പണിപ്പുരയില്‍ നെല്‍സൺ ഫെർണാണ്ടസ് എന്ന നാടക ഗാന രചയിതാവിനെക്കൊണ്ട് പരിശുദ്ധാത്മഗീതം എഴുതിക്കണമെന്നു നിര്‍ബന്ധം പിടിച്ചത് അമല്‍ദേവാണ്. നാടകത്തില്‍നിന്ന്‌ പതുക്കെ പിൻവാങ്ങാനുണ്ടായ കാരണം നെൽസൺ ഫെർണാണ്ടസ്‌ വെളിപ്പെടുത്തിയത്‌ ചിന്തോദ്ദീപകമാണ്‌. അത്‌ ഉത്സവപ്പറമ്പിലും പെരുന്നാള്‍ സ്ഥലങ്ങളിലുമായി ചുരുങ്ങിയിരിക്കുന്നു. നാടകം എന്ന ത്രിത്വത്തിലെ പ്രേക്ഷകന്‍ എന്ന ഘടകം ഇല്ലാതായി. ഉത്സവത്തിനും പെരുന്നാളിനുമായെത്തുന്ന വെറും ഒരാള്‍ക്കൂട്ടം. അവരുടെ അഭിരുചിക്കൊത്ത്‌ എഴുതി അവതരിപ്പിക്കണം. ഉള്ളുപൊള്ളയായ ബാലിശ തമാശകള്‍ക്കും വെടിക്കെട്ട്‌ സംഭാഷണങ്ങള്‍ക്കും കാര്യകാരണ ബന്ധമില്ലാത്ത സംഭവങ്ങള്‍ക്കുമായി നാടകകൃത്തും അരങ്ങും നിന്നുകൊടുക്കേണ്ടതുണ്ട്‌. ആ ഗതികേട് ഓര്‍ത്തപ്പോഴാണ് നാടകം മടുത്തുതുടങ്ങിയതെന്നായിരുന്നു നിലപാട്‌.

“ഗുഹാന്തരത്തിലെ ഇരുളാണീ
മന്ദിരത്തിൽ നിറയെ.
ശിലായുഗത്തിലെ പൊരുളാണീ
മന്ദിരത്തിൽ നിറയെ’

എം.കെ. അർജുനന്റെ സംഗീതം ജീവൻ നൽകിയ നെൽസൺ ഫെർണാണ്ടസിന്റെ ഏറെ പ്രശസ്തമായ നാടക ഗാനമാണ്.

Arjunan Master dead
M K Arjunan

“ദേവാലയ മണികൾ മുഴങ്ങി
ആരാധന തുടങ്ങി
കണ്ണുനീരും കാസയുമായി
അൾത്താര മുന്നിൽ നിന്നു ഞാൻ ’

ഇന്നും ജനപ്രിയമാണ്‌. ഗായകനും നാടക സംവിധായകനുമായ കൊച്ചിൻ വർഗീസ് അവസാനകാലംവരെ അത്‌ ആലപിക്കുമായിരുന്നു. ഒട്ടേറെ നാടകങ്ങൾക്കായി പാടിയിട്ടുള്ള അദ്ദേഹം ഗാനമേളകളിലും പങ്കെടുക്കുമായിരുന്നു. കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ ‘ആശ’യുടെ ആദ്യ അധ്യക്ഷനായും കൊച്ചിയിൽ രൂപം കൊണ്ട ലോക നാടകവേദിയുടെ പ്രധാന സംഘാടകനായും പ്രവർത്തിച്ചു.

Kaappirithuruthu - Malayalam Movie Songs Database

മെഹബൂബിനൊപ്പം 2016 ലെ ‘കാപ്പിരി തുരുത്ത്’ സിനിമയിൽ

ജോസി പെരേര എഴുതിയ നാടകം ‘സമത്വം’ സംവിധാനം ചെയ്തത്‌ നെൽസൺ ഫെർണാണ്ടസായിരുന്നു. കൊച്ചിയിലെ എല്ലാ കലാകാരന്മാരോടും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അനശ്വര ഗായകൻ എച്ച് മെഹബൂബ് (മെഹബൂബ് ഖാൻ) ആലപിച്ച ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ്. ബ്രിട്ടീഷ് കൊച്ചിയിൽ ദെഖ്നി പശ്‌ചാത്തലത്തിലാണ്‌ മെഹബൂബിന്റെ പിറവി. ഹിന്ദി‐ ഉറുദു പരിജ്ഞാനമുള്ളവരായിരുന്നു ദെഖ്നികൾ. തീർത്തും കലാപരമായിരുന്നു അവരുടെ ജീവിതവും സംസ്കാരവും. മെഹബൂബിന്റെ ചെറുപ്രായത്തിലേ അച്ഛൻ മരിച്ചു. അനാഥമായ കുടുംബം പുലർത്താൻ അവൻ വടക്കാഞ്ചേരിയിലെ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിൽ ജോലിയെടുക്കേണ്ടിവന്നു. ചെറുപ്പത്തിലേ സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ച മെഹബൂബ് മെഹ്ഫിലുകളിലും വിവാഹ സദസുകളിലും മറ്റ്‌ വേദികളിലും പാടി ജനഹൃദയങ്ങളിൽ ഇടംനേടി. പ്രശസ്ത ഗസൽ ഗായകൻ പങ്കജ് മല്ലിക്ക് മെഹബൂബിലെ ഗായകനെ തിരിച്ചറിയുകയും മുഹമ്മദ് റഫിയുടെ കച്ചേരികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ബോംബേയിലെ ബാർവാലകളുടെ ഇടയിൽ പോലും മെഹബൂബ് പ്രശസ്തനായി. ഫോർട്ടു കൊച്ചിയിയിലെ വെള്ളക്കാർക്കും ആ ഗാനങ്ങൾ ഹരമായിരുന്നു. അങ്ങനെ നെൽസൺ ഫെർണാണ്ടസ്‌ കുറിച്ച്‌ മെഹബൂബ്‌ പാടിയ ഗാനങ്ങളിലൊന്ന്‌ സഹീർ അലി രചനയും സംവിധാനവും നിർവഹിച്ച് 2016 ഡിസംബർ ഒമ്പതിന്‌ റിലീസായ ‘കാപ്പിരി തുരുത്ത്’ സിനിമയിൽ ഉൾപ്പെടുത്തുകയുണ്ടായി. സൗണ്ട് ട്രാക്ക് ആൽബം ഒരുക്കിയത് റഫീഖ് യൂസഫും പശ്ചാത്തല സംഗീതം നൽകിയത്‌ മധു പോളും. നെൽസൺ ഫെർണാണ്ടസിനെ കൂടാതെ മിർസ ഗാലിബ്, വയലാർ രാമവർമ, കെ എച്ച് സുലൈമാൻ മാസ്റ്റർ, മേപ്പള്ളി ബാലൻ എന്നിവരാണ് വരികൾ എഴുതിയത്. ചെറുപ്പത്തിൽ(വിജയ് യേശുദാസ് , മധുശ്രീ) സായിപ്പെ സായിപ്പെ(അഫ്സൽ) പട്ടപ്പക്കൽ(കിഷോർ അബു) ബസ് കി ദുഷുവ(രമേശ് നാരായൺ) നാഥും കോഴിയും (ഒ യു ബഷീർ) തീർച്ചയില്ല ജനം (കണ്ണൻ പരീക്കുട്ടി) എന്നിവർ ആലാപനം.

Top 7 Works of M T Vasudevan Nair
M. T. Vasudevan Nair

ഏറെ ഗൃഹാതുരമായ മലബാർ സ്‌മരണകൾ

‘മലബാറിന്റെ നാടകമണ്ണില്‍’ എന്ന നെല്‍സണ്‍ ഫെര്‍ണാണ്ടസിന്റെ സ്‌മരണ ഏറെ ഗൃഹാതുരമാണ്‌. എം ടി വാസുദേവൻ നായരുടെ പ്രശസ്ത ചെറുകഥ ‘മുസാവരി ബംഗ്ലാവി’ന്റെ കേന്ദ്ര പ്രമേയം ഏകാന്തതയും ഓർമകളും ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ഒരാളുടെ മാനസികാവസ്ഥയുമാണ്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുമായും ആതാടി ദാമോദരനുമായുള്ള കുടക്‌ (കൂർഗ്) കൂപ്പുയാത്രകളുടെയും പശ്ചാത്തലത്തിലാണ് കഥ രൂപപ്പെട്ടത്. തിരക്കുകളിൽ നിന്നും യാത്രാനുഭവങ്ങളിൽ നിന്നും ഏകാന്തതയിലേക്ക് വഴിമാറുന്ന മനസിന്റെ സഞ്ചാരമാണ് അതിൽ പ്രധാനം. മുൻകാല ഓർമകളും യാഥാർഥ്യങ്ങളും തമ്മിലെ കൂടിക്കലരലും കാണാം. ആ രചനയുടെ അന്തരീക്ഷവും കഥാസന്ദർഭങ്ങളും ഉൾക്കൊണ്ട്‌ നാടകമാക്കിയത് പ്രശസ്‌ത നാടകകൃത്തും സംവിധായകനും സംഗീത സംവിധായകനുമായ ആഹ്വാൻ സെബാസ്റ്റ്യൻ. ആറ് നാടകങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം ഇരുപതിലധികം നാടകങ്ങൾക്കും രണ്ട് സിനിമകൾക്കും ( ലവ് മാര്യേജ് , കറുത്ത പെണ്ണ് ) സംഗീതം നൽകി. 1981 ൽ ഇറങ്ങിയ കലോപാസന നാടകത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കേരളത്തിൽ വർഷങ്ങളോളം പ്രദർശിപ്പിച്ച ദേവസൂത്രം നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. ഉപാസന, ബ്രഹ്മാസുരൻ, ചൂഷകമന്ത്രം, സൂര്യനുദിക്കാത്ത രാജ്യം, അനശ്വരമന്ത്രം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ തിരക്കഥകൾ. അവസാന നാടകം കബന്ധങ്ങൾ 1984 ൽ പുറത്തിറങ്ങി. 1958 ൽ മ്യൂസിക്കൽ തിയേറ്റേഴ്‌സ് എന്ന പേരിൽ സ്വന്തമായി പ്രൊഫഷണൽ നാടക സംഘം സ്ഥാപിച്ചു. ‘മുസാവരി ബംഗ്ലാവി’ന്‌ രംഗഭാഷ്യമൊരുക്കാൻ ആഹ്വാൻ സെബാസ്‌റ്റ്യനല്ലാതെ മറ്റാരും ധൈര്യപ്പെടുമായിരുന്നില്ല. ചെറുകഥയുടെ സ്വച്ഛന്ദമായ ഒഴുക്കും ഒതുക്കവും കൈമോശംവരുമെന്ന്‌ എം ടി ഭയപ്പെട്ടു. എന്നാൽ ആഹ്വാൻ സെബാസ്റ്റ്യന്‍ പിന്‍മാറിയില്ല. അസാധ്യമായതിനെ സാധ്യമാക്കുക ജീവിതവ്രതമാക്കിയ ആ യുവാവ്‌ എം ടിയെക്കൊണ്ട്‌ ചെറുകഥ അരമണിക്കൂർ നാടകമായി എഴുതിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം ഓരോ രംഗങ്ങള്‍ കെ ടി മുഹമ്മദിനെയും തിക്കോടിയനെയും ടി ദാമോദരനേയും കൊണ്ട് തയ്യാറാക്കി. നാലുപേര്‍ ചേര്‍ന്നെഴുതിയ നാടകം മലയാളത്തില്‍ ആദ്യ പരീക്ഷണം. കുഞ്ഞാണ്ടിയും ബേബിയും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. സെബാസ്റ്റ്യന്‍ സംഗീതം പകര്‍ന്നു. ആഹ്വാന്‍ മ്യൂസിക്കല്‍ തിയറ്റേഴ്സ് അരങ്ങിലെത്തിച്ചു. അതിസാഹസികമായ പരീക്ഷണം അത്യപൂർവമായ രംഗാനുഭവമായി മാറുകയായിരുന്നു.

പട്ടാപകലും ചൂടും മിന്നിച്ച്
മനുഷ്യനെ തേടി നടന്നു ഞാൻ
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷ്യനെ കണ്ടില്ല;
മനുഷ്യനെ മാത്രം കണ്ടില്ല‐

എന്ന മെഹബൂബ് ആലപിച്ച ഗാനം കേട്ട നാൾതൊട്ടാണ്‌ അതിന്റെ സ്രഷ്ടാവിനെ നേരിൽ കാണണമെന്ന ആഗ്രഹം നെൽസൺ ഫെർണാണ്ടസിന്റെ മനസിൽ മുളപൊട്ടിയത്. നാടകത്തെ സംബന്ധിച്ച്‌ കൊച്ചിയും തിരുവിതാംകൂറുമായിരുന്നു അദ്ദേഹത്തിന്റെ തട്ടകങ്ങള്‍. നടൻ ഒറ്റപ്പാലം പപ്പന്‍ നിര്‍ബന്ധിച്ചതിനാൽമാത്രം ഒരിക്കല്‍ പൊന്നാനിയിലെ ഒരു സമിതിയുമായി സഹകരിച്ചു. അതിനപ്പുറമുള്ള മലബാറും ഉത്തര മലബാറും എത്തിപ്പിടിക്കാന്‍ കഴിയുന്നതിനപ്പുറം. കൊച്ചിയില്‍ നിന്നെത്തി കോഴിക്കോട്ട് സ്ഥിരത്താമസമാക്കിയ ജമാല്‍ കൊച്ചങ്ങാടിയും ഇബ്രാഹിം വേങ്ങരയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും നാടകോപാസകരെന്ന നിലയില്‍ മലബാറിന്റെ മണ്ണില്‍ വേരുറപ്പിച്ചവർ. അവരിലൂടെ ശ്രമം നടത്തിയിരുന്നെങ്കില്‍ ആ മണ്ണില്‍ ചുവടുറപ്പിക്കാമായിരുന്നു. എന്നാൽ പകല്‍ ഓഫീസും രാത്രി റിഹേഴ്സല്‍ ക്യാമ്പും എന്ന പദ്ധതി നടക്കാതെ വരും. അതിനാൽ മലബാറിനെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും ആഹ്വാന്‍ സെബാസ്റ്റ്യന്‍ എന്ന ചെറുപ്പക്കാരന്‍ നെൽസൺ ഫെർണാണ്ടസിന്റെ ഓർമകളില്‍ ഇരച്ചുകയറി. ആ സാഹസികന്‌ വെല്ലുവിളി എന്നും ഹരമായിരുന്നു. സെബാസ്റ്റ്യനെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നത്‌ നൂറിലേറെ തിരക്കഥകള്‍ രചിച്ച ജോണ്‍ പോളില്‍ നിന്നാണ്. അരയില്‍ തിരുകിയ കഠാരകളുമായി കോഴിക്കോടന്‍ തെരുവുകളിൽ നടന്നിരുന്ന ചെറുപ്പക്കാരന്‍ നാടകത്തിനുവേണ്ടി ജീവിതമര്‍പ്പിച്ച ആഹ്വാന്‍ സെബാസ്റ്റ്യനായ കഥ കൗതുകമുണര്‍ത്തി. കഠാര പിടിച്ച കൈകള്‍ക്ക് ഏഴു സ്വരങ്ങളുടെ അകിടില്‍നിന്നും സംഗീതം ചുരത്താനും വൈകാരിക വിരേചനത്തിന്റെ ഗിരിശിഖരങ്ങളില്‍ അഭിരമിക്കാന്‍ പാകത്തില്‍ ജനഹൃദയങ്ങളില്‍ തിരയിളക്കം സൃഷ്ടിക്കുന്ന നാടകമുഹൂര്‍ത്തങ്ങളൊരുക്കാനും സാധിക്കുമോ?. ഒരു കൈത്താങ്ങുപോലുമില്ലാതെ നാടക സപര്യയെ ആറു ദശാബ്ദം നെഞ്ചേറ്റി നില്‍ക്കാന്‍ കഴിയുമോ?. ഉറപ്പെന്ന് തന്റെ അവസാന ശ്വാസംകൊണ്ടുപോലും വിളംബരം ചെയ്ത വ്യക്തിത്വമാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍.

Focus on K.P. Kesava Menon's accounts of Malabar rebellion - The Hindu
K P Kesava Menon

കെ പി കേശവമേനോന്‍ മുതൽ എം ടി വാസുദേവന്‍ നായര്‍ വരെ

കെ പി കേശവമേനോന്‍, ഉറൂബ്, തിക്കോടിയന്‍, കെ ടി മുഹമ്മദ്, എം ടി വാസുദേവന്‍ നായര്‍, വാസു പ്രദീപ്, ടി ദാമോദരന്‍, യു എ. ഖാദര്‍, കെ എം രാഘവന്‍ നമ്പ്യാര്‍, പി ജെ ആന്റണി, കെ ടി രവി, സദാനന്ദന്‍ പുതിയറ, സി എല്‍ ജോസ്, ഡോ ഇന്ദുകുമാര്‍, എ പി ഉമ്മര്‍, സുന്ദരന്‍ കല്ലായി, വില്ലാപ്പിള്ളി രാജന്‍, സുരാസു തുടങ്ങിയ പലരും രചിച്ച നാടകങ്ങളില്‍ അമരക്കാരനോ സംഗീതക്കാരനോ ആയി സെബാസ്റ്റ്യന്‍ പിന്‍ബലം പകര്‍ന്നിരുന്നുവെന്ന്‌ നെൽസൺ ഫെർണാണ്ടസ് അറിയുന്നത് ‘ആഹ്വാന്‍ സെബാസ്റ്റ്യന്റെ രണ്ടു നാടകങ്ങള്‍’ എന്ന കൃതിക്ക്‌ ജോണ്‍ പോള്‍ എഴുതിയ മുന്നുരയില്‍നിന്ന്‌. മലബാറില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‌ മുമ്പും നാടകപ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ അവരിലെത്ര പേര്‍ രക്തത്തിന്റെ ഗന്ധം മാറ്റാന്‍ ശ്രുതിപ്പെട്ടിയില്‍ വിരലുകളെ നൃത്തം ചെയ്യിച്ചിട്ടുണ്ട്? ആര്‍ദ്രതയില്‍ അലിയുന്ന ഈണങ്ങള്‍ക്കായി രാപകല്‍ തപസിരുന്നിട്ടുണ്ട്? ഓമനിച്ച്‌ കൊതിതീരാത്ത കൊച്ചുമകളുടെ ശവമടക്കു കഴിയും മുമ്പ്‌ നാടകവണ്ടിയിലേക്ക് ഓടിക്കയറിയിട്ടുണ്ട്? ആ നിലയില്‍ സെബാസ്റ്റ്യനോടുള്ള നെൽസൺ ഫെർണാണ്ടസിന്റെ ആദരവ് നിലയ്‌ക്കാത്ത ആരാധനയായി മാറി. നാടകസമിതികളുമായി സഹകരിച്ചിട്ടില്ലെങ്കിലും മലബാറിലെ കലാകാരന്മാരെ മനസിരുത്തി പഠിക്കാനുള്ള അദ്ദേഹത്തിന്റെ വഴിയില്‍ ദീപം തെളിച്ച രണ്ടുപേര്‍ ജമാല്‍ കൊച്ചങ്ങാടിയും പൂന്നൂര്‍ കരുണാകരനും. കോഴിക്കോട്ടെ കേന്ദ്രകലാസമിതി വര്‍ഷംതോറും നടത്തിവന്ന നാടകമത്സരത്തില്‍ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ (1951 ) നോവല്‍ നാടകമാക്കാനെത്തിയ വൈക്കം മുഹമ്മദ്‌ ബഷീർ വിവാഹംചെയ്‌ത്‌ ബേപ്പൂരില്‍ താമസമാക്കിയിരുന്നു. സമാന്തര നാടകരംഗത്ത് വേറിട്ട ശബ്ദമായിരുന്ന കെ ടി മുഹമ്മദിന്റെ അനന്തിരവൻ താജിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാവുണ്ണി, കുടുക്ക എന്നീ നാടകങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ജമാൽ കൊച്ചങ്ങാടി വാചാലനായി. ഒ ചോയിക്കുട്ടി, സി ഗോപാലന്‍, വി കൃഷ്ണന്‍ എന്നിവർ വായനയുടെ ലോകം പരിചിതമാക്കാന്‍ വിത്തുപാകിയ, കോഴിക്കോടിന്റെ സാമൂഹികവും സാംസ്കാരികവുമായ അതിസജീവനാന്തരീക്ഷത്തിൽ സ്ഥാപിതമായ, ദേശപോഷിണി പബ്ലിക് ലൈബ്രറിയുടെ സയുക്തികാനുബന്ധമായ, കലാസാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ കുതിരവട്ടത്തെ ദേശപോഷിണി വായനശാലയിലൂടെ നാടകരംഗത്തെ മഹാപ്രതിഭകളായി മാറിയ പലരെക്കുറിച്ചുമുള്ള അറിവ് പകർന്നത്‌ എഴുത്തുകാരനും പ്രഭാഷകനും ‘ഭാരതീയ കഥകൾ’ പുസ്‌തക രചയിതാവുമായ പൂനൂര്‍ കരുണാകരൻ. നാടകത്തിന്റെ സമഗ്ര മേഖലകളിലും പരീക്ഷണം നടത്തിയ ഒരുപക്ഷേ ആദ്യത്തെ നാടകകൃത്തും അഭിനേതാവും സംവിധായകനുമാണ് വാസു പ്രദീപ്. ചിത്രകാരൻ,കവി, കഥാകാരൻ എന്നീ നിലകളിലും പ്രസിദ്ധനായ അദ്ദേഹം നൂറ്റമ്പതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സ്മാരകം, താഴും താക്കോലും, ബുദ്ധി, കണ്ണാടിക്കഷ്ണങ്ങൾ എന്നിവ നാടക സമാഹാരങ്ങൾ. വർണവസന്തം വിരിയിക്കുന്ന സെറ്റുകള്‍ ആകര്‍ഷണമായിരുന്ന കാലത്ത് ഒരേയൊരു കര്‍ട്ടന്‍ ഉപയോഗിച്ച് അദ്ദേഹം നാടകം അവതരിപ്പിച്ചു. അഭിനയത്തിന് ഉതകുംവിധം വാക്കുകളെ സംവിധാനം ചെയ്യലാണ് നാടകമെന്ന നിർവചനം നിലനില്‍ക്കെ സംഭാഷണം തീരെ ഇല്ലാത്ത 110 മിനിറ്റോളം വരുന്ന ‘ബുദ്ധി’ എന്ന നാടകത്തിന്‌ രംഗഭാഷ്യം നല്‍കി. കളര്‍ ലൈറ്റുകളും മാജിക് ലാന്റേണുകളുമെല്ലാം കണ്ണഞ്ചിനിന്നിരുന്ന അരങ്ങില്‍ നിഴലും വെളിച്ചവും ഉപയോഗിച്ച്‌ ഭൂത‐ വര്‍ത്തമാന കാലങ്ങളെ വേര്‍തിരിച്ചു നിര്‍ത്തി.

നാടക പ്രവര്‍ത്തകന്‍ വാസു പ്രദീപ് അന്തരിച്ചു | DoolNews
വാസു പ്രദീപ്

വാസു പ്രദീപിന്റെ വേറിട്ടുനിന്ന രചനാകൗശലവും പരീക്ഷണങ്ങളും

ചെറിയ വേഷപ്പകര്‍ച്ചകളിലൂടെ ഒരാള്‍ തന്നെ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അവതരണരീതിയില്‍ നാടകം അവസാനിച്ചുവെന്ന്‌ തോന്നുന്നിടത്ത്‌ കഥാപാത്രം സ്വന്തം ജീവിതം തുറന്നുകാട്ടുന്ന രചനാകൗശലവുമെല്ലാം വാസു പ്രദീപിന്റെ ധീര പരീക്ഷണങ്ങളായിരുന്നു. ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ചേർന്ന്‌ ഡ്രാമാ പ്രൊഡ്യൂസറായി വിരമിച്ച തിക്കോടിയന്‍ (പി കുഞ്ഞനന്തൻ നായർ) ദേശപോഷിണിയുടെ സ്ഥിരം നാടകകൃത്തായിരുന്നു. ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ജീവിതം ആണ് തുടക്കം. അദ്ദേഹത്തിന്റെ പഴയ ബന്ധം, പുഷ്പവൃഷ്ടി, ഒരേ കുടുംബം, പുതുപ്പണം കോട്ട, യാഗശില, അശ്വഹൃദയം, ചുവന്നകടൽ, പ്രസവിക്കാത്ത അമ്മ, അറ്റുപോയ കണ്ണി എന്നിവ അവാര്‍ഡുകള്‍ വാരിക്കൂട്ടി. തിക്കോടിയന്റെ അതിമഹത്തായ സംഭാവന ‘അരങ്ങു കാണാത്ത നടന്‍’ എന്ന ആത്മസ്‌പർശമുള്ള നാടകഗ്രന്ഥമായിരുന്നു. മലബാറിന്റെ സാമൂഹിക ‐സാംസ്കാരിക വിശേഷങ്ങൾ മനോഹരമായി വിവരിച്ച അത്‌ 1995 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ രാമവർമ പുരസ്കാരവുംനേടി.

ആകാരവടിവും ഘനഗംഭീരമായ ശബ്ദവും അഭിനയത്തികവും കൊണ്ട് ഏതു കഥാപാത്രത്തെയും വ്യാഖ്യാനിക്കാന്‍ കഴിയുന്ന നടനായിരുന്നു കുഞ്ഞാണ്ടി. ദേശപോഷിണി അവതരിപ്പിച്ച ‘ഈഡിപ്പസ്’ നാടകത്തില്‍ വാസു പ്രദീപിനും ബാലന്‍ കെ നായര്‍ക്കുമൊപ്പം പ്രധാന വേഷത്തില്‍ അദ്ദേഹവും. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ‘കാബൂളിവാല’, തിക്കോടിയന്റെ‘പുഷ്പവൃഷ്ടി’, ഉറൂബിന്റെ ‘തീകൊണ്ടു കളിക്കരുത്’ എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളായി കുഞ്ഞാണ്ടി നിറഞ്ഞാടി. വാസു പ്രദീപിന്റെ ‘ജീവിക്കാന്‍ വേണ്ടി’ നാടകത്തിനായി 12-‐ാം വയസില്‍ അരങ്ങിലെത്തിയ നടിയായിരുന്നു നെല്ലിക്കോട് കോമളം. പിന്നീട് തിക്കോടിയന്റെ ‘പഴയബന്ധ’ത്തിലും അഭിനയിച്ചു. അതുവരെ സ്ത്രീവേഷം കെട്ടിയത്‌ പുരുഷന്മാരായിരുന്നു. തിക്കോടിയന്റെ ‘ജീവിതം’ മലബാര്‍ കേന്ദ്രകലാസമിതിയുടെ നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായതോടെ കോമളം തിരക്കുള്ള നടിയായി. ശാന്താദേവിയും മച്ചാട് വാസന്തിയും നിലമ്പൂര്‍ അയിഷയും സീനത്തും കുട്ട്യേടത്തി വിലാസിനിയും കൃഷ്ണവേണിയുമെല്ലാം അരങ്ങില്‍ നിലയുറപ്പിക്കുന്നതിന്‌ പ്രേരണയായത്‌ അവരുടെ രംഗപ്രവേശം. ഇംപ്രൊവൈസ്ഡ് പ്ലേ അഥവാ ഇന്‍സിഡന്റ് പ്ലേയുടെ ഉപജ്ഞാതാക്കളായ കുതിരവട്ടം പപ്പുവും നെല്ലിക്കോട് ഭാസ്‌ക്കരനുമെല്ലാം ദേശപോഷിണിയുടെ കണ്ടെത്തലുകൾ. മറ്റു പലരെയുംപോലെ പിന്നീടവര്‍ ചലച്ചിത്ര മേഖലയിൽ നിറസാന്നിധ്യങ്ങളായി. ടി ദാമോദരന്‍, എന്‍ എസ് വിജയരാജ്, പി എന്‍ ചന്ദ്രന്‍, കെ ടി രവി, ജയശങ്കര്‍ പൊതുവത്ത്, കൊല്ലം കണ്ടി പ്രഭാകരന്‍, എം പി ജയപ്രകാശ് എന്നിവര്‍ അവതരണത്തിലും രചനയിലും പുതിയ സാധ്യതകള്‍ തേടി ദേശപോഷിണിയില്‍ എത്തിയവരായിരുന്നു. പ്രസിദ്ധ സംവിധായകനും സ്‌കൂള്‍ ഓഫ് ഡ്രാമാ അധ്യാപകനുമായ നരിപ്പറ്റ രാജു സംവിധാനം ചെയ്ത ‘ഷെത്സ്യാനിലെ നല്ല സ്ത്രീ’ (ബ്രഹത്) ദേശപോഷിണി ധാരാളം വേദികളിൽ എത്തിച്ചു. മുസ്ലിം നാടകപ്രസ്ഥാനത്തില്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അതിന്റെ പുനർജനി 1945-‐46 കാലഘട്ടത്തില്‍ ഇസ്ലാമിക് സർവീസ് സൊസൈറ്റി തുടങ്ങിവച്ച ദേശസ്‌നേഹ നാടകങ്ങളിലൂടെ. സുല്‍ത്താന്‍ അലാവുദ്ദീന്‍, സ്വതന്ത്രപതാക, കറവപ്പശു എന്നീ നാടകങ്ങള്‍ കല്ലായി റോഡിലെ പി വി എസ് ഹാളിലാണ് ആദ്യം അരങ്ങേറിയത്. എന്നാൽ നാടകം ഹറാമാണെന്ന വിധിയെഴുത്തിന്റെയും അഭിനയിക്കുന്നവര്‍ മതവിരോധികളാണെന്ന മുദ്രകുത്തലിന്റെയും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സംഘാടകര്‍ക്കു കഴിഞ്ഞില്ലെന്നാണ്‌ നെൽസൺ ഫെർണാണ്ടസിന്റെ നിരീക്ഷണം. അതിന്റെ തുടര്‍ച്ചയായിട്ടാണ് എം എസ്എ െഡ്രമാറ്റിക് അസോസിയേഷന്‍ രൂപമെടുത്തത്. യാഥാസ്ഥിതികരും ദരിദ്രരുമായ ആ സമൂഹത്തിന്റെ മധ്യത്തിലേക്ക്‌ സാംസ്‌ക്കാരിക വിപ്ലവത്തിന്റെ തീപ്പന്തവുമായെത്തിയ സംഘടനയ്ക്കും കോഴിക്കോട്ടെ മുസ്ലിങ്ങള്‍ അയിത്തം കല്പിക്കുകയായിരുന്നു. എന്നാൽ അപരാധി, വമ്പത്തി നീയാണ്‌ പെണ്ണ്, തറവാടും മടിശീലയും എന്നിവയ്‌ക്ക്‌ വൻ സ്വീകരണമായിരുന്നു സാധാരണക്കാരില്‍നിന്നും ലഭിച്ചത്. ഹാജി അബ്ദു റഹിമാന്‍, കെ പി ഉമ്മര്‍, കുഞ്ഞാവ, ബി മുഹമ്മദ്, കെ ടി മുഹമ്മദ്, പി എന്‍ എം. ആലിക്കോയ, ബാബുരാജ്, പി എം കാസിം എന്നിവരായിരുന്നു നെടുംതൂണുകള്‍. അമ്പതുകളുടെ മധ്യത്തോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ചമട്ടായി. ശേഷമായിരുന്നു ബ്രദേഴ്സ് സ്റ്റേജ് ഇന്ത്യാ, ആഹ്വാന്‍ തിയറ്റേഴ്സ് എന്നീ സമിതികള്‍ പ്രൊഫഷണല്‍ നാടകങ്ങളുമായി രംഗത്തെത്തിയത്.

മറക്കാനാവാത്ത നിലമ്പൂർ

മലബാര്‍ നാടകവേദിയുടെ വികാസപരിണാമങ്ങൾ പ്രതിപാദിക്കുമ്പോള്‍ നിലമ്പൂരിനെ മറക്കാനാവില്ലെന്ന്‌ കുറിച്ച നെൽസൺ ഫെർണാണ്ടസ്‌ ഇ കെ അയമു എഴുതി ഡോ. എം ഉസ്മാന്‍ സംവിധാനം ചെയ്ത ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്കു’ വിനെ മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആദ്യ നാടകമായാണ്‌ സ്ഥാനപ്പെടുത്തിയത്‌. നിലമ്പൂര്‍ അയിഷയുടെ അരങ്ങേറ്റം കുറിച്ച അത്‌ മലയാളക്കര ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍നിന്ന്‌ നാടകരംഗത്തെത്തിയ ആദ്യ നടിയെന്ന നിലയില്‍ ഏറെ ഭീഷണികളെ നേരിടേണ്ടിവന്നിട്ടും കുലുക്കമില്ലാതെ കാലുറച്ചുനിന്നു ആയിഷ. നിലമ്പൂര്‍ ബാലനും ഭാര്യ വിജയലക്ഷ്മിയും നിലമ്പൂരിന്റെ സംഭാവനകളാണ്. 1979 ഫെബ്രുവരി ഒമ്പതിന്‌ ആദ്യ പ്രദർശനം നടത്തിയ ‘അന്യരുടെ ഭൂമി’ സിനിമയുടെ സംവിധായകന്‍ കൂടിയാണ് ബാലന്‍. കെ പി ഉമ്മർ, എം കുഞ്ഞാണ്ടി, സക്കറിയ, വിജയലക്ഷ്മി, സെബാസ്റ്റ്യൻ, ലളിതശ്രീ, നിലമ്പൂർ അയിഷ, സീനത്ത്, പ്രജാത ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, നിലമ്പൂർ ബാലൻ, ആമിന, കോഴിക്കോട് ശാരദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ യു എ ഖാദർ. ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക്‌ എ ടി ഉമ്മറിന്റെ സംഗീതം. ഈ ചിത്രത്തിലൂടെയാണ്‌ മാമുക്കോയയുടെ അരങ്ങേറ്റം. കോഴിക്കോട് സംഗമം തിയറ്റേഴ്സിലെ പ്രധാന നടിയായിരുന്നു വിജയലക്ഷ്മി. ‘കണ്ടം ബച്ച കോട്ട്’ (1956-) രചിച്ച ടി മുഹമ്മദ് യൂസഫ് ഇസ്ലാം വിശ്വാസിയായി മാറിയ ആലുവക്കാരൻ ആംഗ്ലോ ഇന്ത്യനായിരുന്നു. മലയാളത്തിലെ ആദ്യ ബഹുവർ‌ണ ചിത്രമെന്ന ഖ്യാതിയോടെ ടി ആർ സുന്ദരം അതിന്‌ അഭ്രഭാഷ്യമൊരുക്കി. തിരക്കഥ മുഹമ്മദ് യൂസഫിന്റേതുതന്നെ. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി എസ് മുത്തയ്യയാണ് ചിത്രത്തിലും അതേ കഥാപാത്രമായത്.

No Comments yet!

Your Email address will not be published.