Skip to main content

ചെരിപ്പില്ലാതെ

അമ്പലത്തിനു പുറത്ത്
അഴിച്ചിട്ട ചെരിപ്പുകള്‍ക്കടുത്ത്
ഇരിക്കുമാളോട് തലയിളക്കി
ഞാനും അകത്ത് കടന്നു.
നഗ്നപാദനായി.

ഉള്ളിലിരിക്കുന്ന പ്രതിഷ്ഠയ്ക്കും
ഉണ്ടായിരുന്നില്ല ചെരിപ്പ്.
അതും പുറത്തഴിച്ചുവെച്ചിരിക്കയാവും.

പുറത്തേക്കിറങ്ങുമ്പോള്‍
എനിക്ക് സംശയമായി,
പുറത്തഴിച്ചിട്ട വിഗ്രഹത്തിന്‍റെ
ചെരിപ്പേതായിരിക്കും?

ചെരിപ്പുകള്‍ക്കടുത്തിരുന്നിരുന്ന
ആള്‍ അവിടെത്തന്നെയുണ്ട്.
ചെരിപ്പുകളെ സൂക്ഷ്മതയോടെ
നോക്കിക്കൊണ്ട്.
എന്താണ് നോക്കുന്നത്?
എന്ന് ചോദിച്ചതിന്
അയാളുടെ ചെരിപ്പാരോ
മോഷ്ടിച്ചിരിക്കയാണെന്നും
മോഷ്ടിച്ചയാളുടെ ചെരിപ്പേതെന്ന്
തിരയുകയാണെന്നും
അയാള്‍ പറഞ്ഞു.

നടയടയ്ക്കും വരെ
ഞാനും അവിടെ കാത്തിരുന്നു.
എല്ലാവരുമിറങ്ങിക്കഴിഞ്ഞപ്പോള്‍
ഒരു ചെരിപ്പും ശേഷിച്ചില്ല.
ഇനിയാരെ കാത്തിരിക്കാനാണെന്ന്
ഞാനയാളോട് ചോദിച്ചു.
നിങ്ങളെ,
അയാള്‍ പറഞ്ഞു:
എന്‍റെ ചെരിപ്പാണ്
നിങ്ങളുടെ കാലുകളില്‍.

ശരിയാണ്,
എനിക്കൊതുങ്ങുന്ന ചെരിപ്പായിരുന്നില്ല
എന്‍റെ കാലുകളില്‍,
അതെന്‍റേതു തന്നെയായിരുന്നെങ്കിലും.

അയാളെന്‍റെ ചെരിപ്പും ധരിച്ച്
ധൃതിയില്‍ നടന്നുപോയി.
നട തുറക്കുന്നതും കാത്ത്
ഞാനവിടെത്തന്നെ നിന്നു.

***

No Comments yet!

Your Email address will not be published.