Skip to main content

ചോരുന്ന ആകാശച്ചോട്ടിൽ ചേർത്തുപിടിച്ചങ്ങനെ

അനാഥനാക്കപ്പെട്ടവന്റെ ചിറകിനടിയിൽ
അഭയം ചോദിച്ച് ചെന്നിട്ടുണ്ടോ?

കടൽത്തിരയോട് തരിമണ്ണിനെ ഒളിപ്പിക്കാമോ
എന്ന് ചോദിക്കുന്നതുപോലെ എളുപ്പമല്ലിത്.

അവൻ അളന്നു കളഞ്ഞ
ചുഴികളുടെ നഖങ്ങളും

നിശബ്ദതയുടെ കാളിമയും
നിങ്ങളെ പടവുകൾ നഷ്ടപ്പെട്ട
ഒരു കിണറിലേക്കാനയിക്കും.

പിന്നാലെ,
ഭ്രാന്തുപിടിച്ച്
പൂത്തുപോയ
ഒരു ചെമ്പരത്തിക്കാടിന്
എത്രയും നക്ഷത്രങ്ങളെ
ഒളിപ്പിച്ചു വയ്ക്കാനാവുമെന്ന് സാക്ഷ്യപ്പെടും.

തലോടലേൽക്കാത്ത
മുടിയിഴകളെ വിരിച്ചെങ്കിലും
ക്ഷീണം തീർക്കാൻ മൊഴിയും.

കാലടിയേൽക്കാത്ത
തന്റെയിടങ്ങളെ
സ്ഥിര യുദ്ധം നടക്കുന്ന
മഹാസാമ്രാജ്യമെന്ന് വിശേഷിപ്പിക്കും.

കുലുക്കി കുഴിച്ചിട്ട
നിമിഷങ്ങളെ
വീണ്ടും കൈക്കുമ്പിളിലൊതുക്കി ഓർമ്മകൾക്ക്
തിന്നാനിട്ടു കൊണ്ട് വാചാലമാകും

നീ എന്റെ സത്വമെന്ന് പറയാതെ
നിന്റെ കൈകൾ ചേർത്തുപിടിച്ച്
നെഞ്ചിൽ അടയാളപ്പെടുത്തും.

കൂട്ടുകൂടലിന്റെ
ആരവങ്ങളിൽ നിന്നല്ല
ഒറ്റപ്പെടലിന്റെ ദൈന്യതയിൽ നിന്ന്
നമുക്ക് പലതും പഠിക്കാനുണ്ട്.

***

No Comments yet!

Your Email address will not be published.