Skip to main content

നഗരത്തിന്റെ മൂക്ക്

ഏത് ഋതുവിലും ഈ നഗരം
കണ്ണുകളിൽ ഒരു കറുത്ത കണ്ണട ചൂടുന്നു
അതിനാൽ മറുവശത്തുള്ളതെല്ലാം
കണ്ണടയിലൂടെ കാണാമെന്നൊരു
തോന്നൽ അതിനുണ്ട്.
വാസ്തവത്തിൽ നഗരത്തിനു കണ്ണുകളില്ല.
നീണ്ട ഒരു മൂക്ക്

മുഖത്ത് നിറഞ്ഞുനിൽപ്പുണ്ട്.

നഗരത്തിന് മനുഷ്യന്റെ മണമില്ല.
എന്നാൽ മനുഷ്യന് നഗരത്തിന്റെ മണം.
മനുഷ്യനാവുക എന്താണെന്ന് നഗരത്തിനറിയില്ല
അതിനാൽ, പണമില്ലാതെ ഈ നഗരത്തിൽ
മനുഷ്യനാവുക പ്രയാസമാണ്

എന്നതാണ് ആദ്യപാഠം.

നഗരം മനുഷ്യന്റെ ഗന്ധം തിരിച്ചറിയുന്നില്ല
അതിനാൽ ദൂരെനിന്നേ
തെരുവിലും നിരത്തുകളിലും
കൂട്ടമായും ഒറ്റയായും
വഴിനടക്കുന്ന പെൺകുട്ടികളുടെ
മണം പിടിച്ച്
മാംസക്കഷ്ണo കണ്ട നായ്‌ക്കൂട്ടങ്ങളെപ്പോലെ
ഒന്നിച്ച് കടന്നാക്രമിക്കുന്നു.

മൺപൊടിയുടെ ഗന്ധം പോലെ
ലോഹത്തിന്റെ ഗന്ധം പോലെ
വെടിമരുന്നിന്റെ ഗന്ധം പോലെ
മാംസത്തിന്റെ ഗന്ധം പോലെ
രക്തത്തിന്റെ ഗന്ധം പോലെ,
നഗരം കന്യാഭ്രൂണത്തിന്റെ ഗന്ധം തിരിച്ചറിയുന്നു.

എന്നാൽ
മണ്ണിന്റെ ഗന്ധം
മഴയുടെ ഗന്ധം
മരത്തിന്റെ ഗന്ധം
കാടിന്റെ ഗന്ധം
മനുഷ്യന്റെ ഗന്ധം എന്നിവ
നഗരത്തിനു കല്പനയിൽ മാത്രം.

എപ്പോഴെങ്കിലും പ്രാചീനമായൊരു ഗന്ധം
മൂക്കിനെ മുട്ടിയുരുമ്മി പ്പോകുമ്പോൾ
നഗരത്തിന്റെ കല്പനകൾക്കുമപ്പുറത്തേക്കു
ഒരു മനുഷ്യൻ ഇറങ്ങി വരും.

ഈ നഗരത്തെ തൊട്ടു നോക്കും.

ആ മനുഷ്യന്റെ കണ്ണുകൾ വിശാലമാണ്;
മൂക്ക് വളരെ ചെറുതും.
നീണ്ട മൂക്ക് നഗരത്തിനു മാത്രമെന്നത്
സന്തോഷം തരുന്ന കാര്യമാണ്.
അത് അന്തസ്സോടെ
സ്വന്തം നെഞ്ച് വിരിച്ച്
ഗന്ധങ്ങളെ തിരിച്ചറിയുന്നതിൽ ചെറുമൂക്കുകാർക്ക്
പ്രയാസമാകുമല്ലോ എന്ന് ചോദിക്കുന്നു.

ആദിമ ഗന്ധത്താൽ വിവശനായ
മനുഷ്യൻ പറയുന്നു
സ്വന്തം കഴിവിൽ
ഒന്നും പറയാതെ
ഏത് ഭിന്നതയെയും
പരിശുദ്ധിയുടെ തുലാസ്സിൽ തൂക്കാതെ
സകലതും ഒന്നിച്ചു നിൽക്കുമ്പോൾ

നീണ്ട മൂക്കിന്റെ ആവശ്യം എന്താണ്?
എന്താ ഇത്രത്തോളം പോരെ?

അത് തിരിച്ചറിയുന്നു
ഭൂമിയുടെ ആത്മാവിനെ,
പർവതത്തിന്റെ ശബ്ദത്തെ,
സമയത്തിന്റെ സങ്കീർണ്ണതയെ
ഭൂമിയുടെ ധമനികളിലോടുന്ന
രക്തത്തിന്റെ ഗൂഢരഹസ്യത്തെ.

പിന്നെ,
ഭൂമിയുടെ ദേഹത്തിൽ നിന്നുയരുന്ന
മനുഷ്യഗന്ധത്തെ.

***

:: കവി പരിചയം ::

Jacinta Kerketta. काव्यालय| Kaavyaalaya: House of Hindi Poetry

ജെസിന്റ കേർക്കെട്ട

ജാർഖണ്ഡ് സ്വദേശിയായ പത്ര പ്രവർത്തകയും എഴുത്തുകാരിയുമാണ്. ദൈനിക് ജാഗരൻ റിപ്പോർട്ടർ ആയിരുന്നു ‘ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.


വിവര്‍ത്തക പരിചയം :

മിനി. പി എസ്.

തിരുവനന്തപുരം സ്വദേശി.മിനി അനാമിക എന്ന പേരിൽ എഴുതുന്നു. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹൈദ്രബാദിൽ താമസം.


The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

3 Replies to “നഗരത്തിന്റെ മൂക്ക്”

  1. നഗരത്തെ തൊട്ട് നോക്കിയ മനുഷ്യൻ. വളരെ നല്ല കവിത, മെച്ചപ്പെട്ട പരിഭാഷ.
    പ്രത്യേകിച്ചും അവസാന വരി ഒപ്പം കൂടുന്നു… “ഭൂമിയുടെ ദേഹത്തിൽ നിന്നുയരുന്ന
    മനുഷ്യഗന്ധത്തെ.”

Your Email address will not be published.