
വാസ്തുഹാര എന്ന സിനിമ ഇന്നലെ വീണ്ടും കാണുമ്പോൾ ആലോചിച്ച ഒരു കാര്യം, ആ സിനിമയിൽ അഭയാർത്ഥികളായ വീട് നഷ്ടപ്പെട്ടവരായ വാസ്തുഹാരകളായ പട്ടികജാതിക്കാരായ മനുഷ്യർക്കു ചരിത്രപരമായ ഒരു സ്പിൻ ഓഫ് ഉണ്ടാകുമെങ്കിൽ അത് എങ്ങനെ ആയിരിക്കും എന്നതാണ്. യുദ്ധവുമായി ബന്ധപ്പെട്ട അഭയാർത്ഥിത്തം, ആൻഡമാൻ ദ്വീപുകളിലേക്കുള്ള മൈഗ്രേഷൻ തുടങ്ങിയവയിൽ അത്രക്കും ഞെട്ടിക്കുന്നതും സംഘർഷഭരിതവും ഹെറോയിക്കും ചരിത്രപരവുമായ രേഖപ്പെടുത്താത്ത അനേകം, എന്തിനു ആയിരക്കണക്കിന് കഥകളും ചരിത്രങ്ങളും അവർക്കുണ്ടായേക്കാം. വാസ്തുഹാര എന്ന സിനിമ രേഖപ്പെടുത്താതെ പോകുന്നതും, എന്തിനു ഇന്ത്യൻ സിനിമയും ചരിത്രവും സാഹിത്യവും അധികവും രേഖപ്പെടുത്താതെ പോകുന്നതും അത്തരം രേഖകളാണ്.

ഇവിടെയാണ് ക്യാമറയുടെ, സംവിധായകന്റെ നോട്ടം ഇന്ത്യൻ സാമൂഹികമായ ഒരു സാഹചര്യത്തിലെ ഏതു പവർ സെയ്മിയോട്ടിക്സിലൂടെ ആണ് രൂപപ്പെടുന്നത് എന്ന് നമ്മൾ മനസിലാക്കുന്നത്. വാസ്തുഹാര പട്ടിക ജാതിക്കാരായ കർഷകരായ എഴുപതുകളിലും അതിനു മുമ്പുമുള്ള അഭയാർത്ഥികളെ ചിത്രീകരിച്ചിരിക്കുന്നത് ഒരു വിക്ടിംഹുഡിന്റെ സ്പേസിലേക്ക് നീക്കി കൊണ്ടാണ്. അവിടെയാണ് പ്രധാന ചോദ്യം വരുന്നത്. അവരെ വിക്ടിംഹുഡിന്റെ കണ്ണിലൂടെ മാത്രമാണോ നോക്കി കാണേണ്ടത്? ഇന്തോ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ കൊടും യാതനയിൽ അഭയാർത്ഥിത്തത്തിലും മൈഗ്രേഷനിലും ഈ സിനിമ കാണിക്കുന്ന ഇരകൾ എന്ന കാഴ്ചയ്ക്കപ്പുറം പോരാടിയ ജീവിതം അവർക്കുണ്ടാകില്ലേ എന്നതാണ്.
ഈ സിനിമയിൽ ഇതിലെ കർഷകരായ പട്ടിക ജാതിക്കാരായ അഭയാർത്ഥികളെ മുഴുവൻ കാണുന്നത് ഒരു പക്ഷേ ഒരു റിഫ്യൂജി ഓഫീസർ ആയ വേണു ഗോപാല പണിക്കരുടെ കാഴ്ചയിലൂടെ ആണ്. അയാൾ അവരുടെ കോളറ പാൻഡെമിക്കിനെ കുറിച്ച് വ്യാകുലപ്പെടുന്നു, അവർ അയാളുടെ ഓഫീസിൽ വന്ന് റവന്യൂ സ്റ്റാമ്പിൽ ഒപ്പിടുന്നു, ഭർത്താവ് മരിച്ച സ്ത്രീ അയാളുടെ മുമ്പിൽ കരയുന്നു, ഒപ്പിടാൻ വരുന്നവർ അയാളുടെ മുമ്പിൽ കൈകൂപ്പി വണങ്ങുന്നു, കാലികളെ തെളിയിച്ച് കൊണ്ട് പോകുന്നതുപോലെ അവരെ ഒരു കൂട്ടമായി കപ്പലിലേക്ക് കൊണ്ടുപോകുന്നു. ഇത്തരത്തിലാണ് ഈ സിനിമയുടെയും വേണുഗോപാൽ പണിക്കാരുടെയും ദൃശ്യങ്ങൾ ഈ സിനിമയിൽ രൂപപ്പെടുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ വംശീയതയുടെ ജുഗുപ്സാവഹമായ ഒരു ‘മേൽനോട്ടം’ ആണത്. അത്രയ്ക്ക് അശ്ലീലമാണ് അത്. ആ പട്ടിക ജാതിക്കാരായ അഭയാർത്ഥികളുടെ ജീവിതം അതിലും വലിയ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടേതുമാകും. അത് അനുഭവിച്ചവർ തന്നെ പറയേണ്ടതാണ് വരും. അപ്പോഴാണ് അത് വേറെ ഒരു ചരിത്രമാവുക. അല്ലാതെ വാസ്തുഹാര നിർമ്മിക്കുന്ന ചപ്പടാച്ചി ടെക്സ്റ്റ് അല്ല.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജാതി, ഭൂമി ഉടമസ്ഥത, ഫ്യൂഡൽ അടിമത്തം, അതിന്റെ സാമ്പത്തിക ഘടന, പരാധീനതകൾ എന്നിവയൊക്കെ ബന്ധപ്പെട്ടു ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ നടത്തേണ്ടി വന്ന പലായനങ്ങളെ കുറിച്ച് എന്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു. അത് പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിൽ മാത്രം നില നിന്നിരുന്ന, എന്തിനു സ്വാതന്ത്ര്യത്തിനു ശേഷവും ചതുപ്പുകളിലെ കാർഷിക ഇടങ്ങളിൽ നില നിന്നിരുന്ന ജാതി അടിമത്തം കാരണം രക്ഷയില്ലാതെ കുടകിലേക്ക് ജീവിതം തേടി പത്ത് വയസ്സിൽ പലായനം ചെയ്യേണ്ടി വന്ന ചരിത്രം അച്ഛൻ പറയുന്നുണ്ട്. പുഴ കടന്നും ലോറിയിൽ യാത്ര ചെയ്തും ഇരിട്ടിയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ താങ്ങിയും കപ്പ കഴിച്ചും കുടകിലെ ഇഞ്ചിപ്പാടത്തിൽ എത്തി അവിടെ ജീവിക്കുകയും അവസാനം അച്ഛന്റെ അച്ഛന് കോളറ വന്നത് കൊണ്ട് വീണ്ടും കേരളത്തിലെ കണ്ണൂരിലെ അടിമപ്പാടത്തിലേക്ക് തിരിച്ചു വരികയും ചെയ്ത കഥ ആയിരുന്നു അത്. ഒരു കാലത്തെ എത്രയധികം ഹെറോയിക് ആയ ഒരു ജീവിതം ആണെന്ന് അങ്ങനെ ആണ് അത് മനസ്സിലായത്. ബംഗാളിൽ വാസ്തുഹാരയിലെ പലായനം നടക്കുമ്പോൾ തന്നെ ആണ് നവോത്ഥാനം ഒക്കെ അട്ടിമറിച്ച് എന്ന് പറയുന്ന കേരളത്തിൽ ഇത്തരത്തിലുള്ള പലായനങ്ങൾ നടക്കുന്നത്.

ഒരു സിനിമക്ക് അനേകം കാലങ്ങളിൽ അനേകം കാഴ്ചകൾ ഉണ്ടായേക്കാം. വാസ്തുഹാര എന്ന സിനിമ പുറത്തിറങ്ങുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ ആണ്. അന്ന് അരവിന്ദൻ എന്ന മാസ്റ്ററുടെ സിനിമയായി അത് ആഘോഷിക്കപ്പെട്ടു. ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്നൊക്കെ പറഞ്ഞ് അന്നും ഇന്നും തള്ളി മറിക്കുകയാണ്. പക്ഷേ മുകളിൽ പറഞ്ഞ പലായനം നടത്തിയ തലമുറകളുടെ പിന്തലമുറക്കാർക്ക് വാസ്തുഹാര പോലുള്ള ‘സിനിമ ജീര്ണതകളെ’ അതിലെ കാഴ്ചകളെ തൊണ്ട തൊടാതെ അത്ര എളുപ്പത്തിൽ വിഴുങ്ങാൻ കഴിയില്ല. സിനിമയിൽ ആയാലും സാഹിത്യത്തിൽ ആയാലും ചരിത്രത്തിൽ ആയാലും ആരാണ് ടെക്സ്റ്റ് ഉത്പാദിപ്പിക്കുന്നത് എന്നതു ചരിത്രം രൂപപ്പെടുത്തുന്നതും എന്നതും വലിയ കാര്യം തന്നെ ആണ്. സി. വി. ശ്രീരാമനും ജി. അരവിന്ദനും ഒക്കെ ചരിത്രത്തിൽ ‘ഒമ്പത് ‘ എന്ന് എഴുതിയത് പുതിയ കാലത്ത് അപര വായനകളിൽ പലതരം ഐഡന്റിറ്റികളിൽ ജീവിക്കുന്ന മനുഷ്യർ ചിലപ്പോൾ അത് തിരിച്ചിട്ടു ‘ ആറ് ‘ എന്ന് മാത്രമേ വായിക്കുകയുള്ളൂ.
ഈ സിനിമയിലെ ആരതി പണിക്കർ (ഒരു ബംഗാളി സ്ത്രീ പണിക്കർ ആയി മാറുന്നത് തന്നെ കോമഡി ആണ്) എന്ന വേണു ഗോപാല പണിക്കരുടെ അമ്മായിക്ക് ഒരു അഭയാർത്ഥിയാകാൻ പോലും പറ്റാത്തത് അവർ പട്ടിക ജാതി അല്ലാത്തത് കൊണ്ടാണ് എന്ന ഒരു ഇംപ്ലിക്കേഷനും കൂടെ ഈ സിനിമ നൽകുന്നുണ്ട്. അതേ സമയം ആരതി പണിക്കരുടെ രണ്ടു മക്കളും വിപ്ലവകാരികളാണ്. പണിക്കരുടെ മക്കൾ വിപ്ലവകാരികളും പട്ടിക ജാതിക്കാർ വെറും ഇരകളാകുന്ന ഒരു സമവാക്യമൊക്കെ മുന്നോട്ട് വെക്കുന്ന വാസ്തുഹാരയൊക്കെ ആണ് ഇവിടത്തെ ക്ലാസിക്കുകൾ എന്ന് പറയുമ്പോഴാണ് ചരിത്രം രചിക്കുന്ന അധികാരങ്ങൾ ഒക്കെ ഇത്രയേ സ്ലാപ്സ്റ്റിക് കോമഡികളാണെന്ന് പറയുന്നത്.
ദോഷം പറയരുതല്ലോ, നായർ തറവാട്ടുകാരുടെ ഫ്യൂഡൽ മാടമ്പിത്തരമൊക്കെ ഈ സിനിമ ടച്ച് ചെയ്തു പോകുന്നുണ്ട്. അത് ആരതിക്ക് അനുഭവിക്കേണ്ട പീഡനങ്ങളിലൂടെ ആണെന്ന് മാത്രം. സവർണ്ണർ സവർണ്ണരെ തന്നെ പീഡിപ്പിക്കുന്ന മാടമ്പിത്തരം. പണ്ട് നമുക്ക് ഒരു നായർ സുഹൃത്ത് താൻ സോഷ്യലിസ്റ്റ് ആണെന്ന് തെളിയിക്കാൻ പറഞ്ഞ പരിതാപകരമായ കോമഡി ആണ് ഈ സിനിമ കണ്ടപ്പോൾ ഓർമ്മ വന്നത്:
“ഞാൻ നായരാണെങ്കിലും കോളനിയിൽ പോയി ഭക്ഷണം കഴിക്കും, എനിക്ക് അവിടെ കുറെ സുഹൃത്തുക്കൾ ഉണ്ട്”.
ഈ സിനിമയുടെ ക്രിയേറ്റേഴ്സിനെയും അതിലെ വേണുഗോപാൽ പണിക്കർ എന്ന കഥാപാത്രത്തെയും കണ്ടപ്പോൾ എനിക്ക് അതാണ് തോന്നിയത്. അവരൊക്കെ പട്ടിക ജാതിക്കാരായ അഭയാർഥികളെ ഉദ്ധരിക്കാൻ ഇറങ്ങി പുറപ്പെട്ടവരാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ അടിമത്തവും യുദ്ധസമാനമായ സംഘർഷവും പലായനവും ഒക്കെ സൃഷ്ടിച്ചത് ഇന്ത്യൻ സമൂഹത്തിലെ ജാതി വ്യവസ്ഥയായിരുന്നെന്നും ഈ അടിമ ജാതി വ്യവസ്ഥയിൽ ജീവിച്ച ദളിതരായ ആദിവാസികളായ മനുഷ്യർക്ക് എത്രയധികം ഹെറോയിക് ആയ ജീവിതം ഉണ്ടായിരുന്നു എന്ന് ഈ ബുദ്ധിജീവിത കൂശ്മാണ്ടങ്ങൾ എന്നാണ് മനസ്സിലാകുക. പകരം ഒരു സേവിയർ കോംപ്ലക്സ് ആണ് ഈ സിനിമയിൽ വർക്ക് ചെയ്യുന്നത്. ഇത് എഴുതുമ്പോഴാണ് ഇന്നലെ ഒരു സി.പി.എം പ്രവർത്തകൻ അട്ടപ്പാടിയിലെ ഒരു കോളനിയിൽ പോയി നിങ്ങൾക്ക് ഞങ്ങൾ പെൻഷൻ തന്നു, അതിനാൽ നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞത്. അട്ടപ്പാടിയിലെ ആദിവാസികൾ പച്ചത്തെറി പറഞ്ഞാണ് അയാളെ ഓടിച്ചത്. ഏത് മനുഷ്യരെ ആരൊക്കെ എങ്ങനെ ഒക്കെ കണ്ടു കാണുന്നു എന്ന് ഇനി വരുന്ന നാളുകളിൽ പുനർ വായനകൾ ഉണ്ടാകും.

സി. വി. ശ്രീരാമന്റെ തന്നെ കഥയിൽ ഉരുത്തിരിഞ്ഞു വന്ന പൊന്തൻ മാട എന്ന സിനിമയിലെ ദളിതരുടെ ഇരവൽക്കരണം കണ്ടു ഓക്കാനം വന്നിട്ട് ഈയിടെ വെറും പത്ത് മിനിറ്റ് കൊണ്ട് കാഴ്ച അവസാനിപ്പിക്കേണ്ടതായി വന്നു. പക്ഷേ വാസ്തുഹാരയിൽ മുഴുവൻ കണ്ടു. കാരണം ഇടക്ക് നല്ല മുട്ട് കോമഡി ഒക്കെ ഉണ്ട്. അതിൽ ഒരു കോമഡി ഇവിടെ പറയാം. അമ്പലത്തിൽ പൂജ ചെയ്യുന്ന ഒരു ബ്രാഹ്മണ പൂജാരി ജീവിക്കാൻ വകയില്ലാതെ വേണു ഗോപാലനോട് ബംഗാളിൽ എന്തെങ്കിലും കൂലിപ്പണി എങ്കിലും കിട്ടുമോ എന്ന് ചോദിക്കുന്ന കോമഡി. ഇമ്മാതിരി സി. വി. ശ്രീരാമൻ കോമഡി ഊള ചരിത്ര രചനകളാണല്ലോ കേരളത്തിൽ ക്ലാസിക്കുകളായി ആഘോഷിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് ചിരിച്ച് ഊപ്പാടിലാകുന്നത്.







No Comments yet!