Skip to main content

അടക്കം

ഒടുവിലത്തെ ബസിലാണ് കയറിയത്.
ചിതറിക്കിടക്കുകയായിരുന്നു
കുഞ്ഞു പൈതൽ
കളിപ്പാട്ടങ്ങൾ നിരത്തിയിടും പോലെ
നീ വലിച്ചിട്ടിരിക്കുകയായിരുന്ന
ഓർമകളാകെ.

പെറുക്കിക്കൂട്ടി വന്നപ്പോളേക്ക്
വൈകിപ്പോയി…

നിന്റെ നാട്ടിലിറങ്ങിയപ്പോൾ
പെട്ടെന്ന് മഴ വീണു.

ആളുകളൊക്കെയും ആകാശം നോക്കി.
എനിക്ക് മാത്രം ചിരി വന്നു.
നമുക്കല്ലാതെ ആർക്കാണ്
ഈ മഴയുടെ രഹസ്യമറിയുക?

കണ്ടക്ടർ കറുത്ത ഭാണ്ഡം
എടുത്ത് പുറത്ത് വച്ചു.

ഘനീഭവിച്ച ഓർമകളുടെ ഭാരം
അയാളുടെ തീക്കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു.

ഞാൻ എത്തിയപ്പോളേക്ക്
ഒടുവിലത്തെ മണ്ണും മൂടിക്കഴിഞ്ഞു.
ചുറ്റും നിന്നവർ
വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും
തിരികെ പോകാൻ തുടങ്ങുന്നു.
അവരൊക്കെയും നിന്റെ ഓർമ്മകൾ അടക്കം ചെയ്തു കഴിഞ്ഞവർ.

ധൃതിപ്പെട്ടു പെറുക്കി
കുറുക്കിയ
ഓർമകളുടെ ഈ ഭാണ്ഡം
ഞാനിനി എന്തു ചെയ്യും.

മഴ കുത്തിയൊലിക്കുന്നു;
പക്ഷേ ഞാൻ
വെന്തു വിയർക്കാൻ തുടങ്ങുന്നു..

നിനക്കരിലൊരു കുഴിയിൽ
ഭാരം നെഞ്ചിൽ താങ്ങി
മണ്ണ് മൂടുന്നതും കാത്ത്
ഞാൻ ശ്വാസമടക്കി കിടന്നു.

നിന്റെ ഓർമ്മകൾകൂടി
അടക്കം ചെയ്യാതെ
എങ്ങനെയാണ്
ഞാൻ ജീവിക്കുക?

***

:: കവി പരിചയം ::

ഡോ. മഞ്ജു എം. രോഹിത്

ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും കവിതകൾ എഴുതുന്നു.

പ്രൊഫഷൻ : ഡെന്റൽ സർജൻ
തൃശൂർ, അയ്യന്തോൾ
Email:drmanjurohit@gmail.com

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.