വിജയലക്ഷ്മിയുടെ ‘അരൂപി ‘ കേവലമൊരു ആത്മീയ വായനയ്ക്കപ്പുറം സമകാലിക ദാർശനിക പ്രതലത്തിലേക്കുമാറ്റുമ്പോൾ അത് വിസ്മയകരമായ അർത്ഥതലങ്ങൾ വെളിപ്പെടുത്തുന്നു.അതിൽ അപരത്ത (Otherness)വും അതിർത്തിലംഘനവും ചേരുന്നു. അത് കവിതയെ ദാർശനികതലത്തിലേക്കുയർത്തുന്നു.

അപരത്തം എന്നത് സ്വന്തം ബോധത്തിന് പൂർണ്ണമായും പിടികൊടുക്കാത്ത ഒന്നാണ്. കവിതയുടെ തുടക്കത്തിൽ തന്നെ അരൂപിയായ മൃഗത്തെ അവതരിപ്പിക്കുമ്പോൾ വിജയലക്ഷ്മി ഈ അപരത്തത്തെയാണ് അഭിമുഖീകരിക്കുന്നത്. അത് ആണസ്ത്രങ്ങളിലും പെണ്ണസ്ത്രങ്ങളിലും പെടുന്നില്ല. അതായത് മനുഷ്യൻ നിർമ്മിച്ചെടുത്ത ലിംഗപരമായ വർഗ്ഗീകരണങ്ങൾക്ക് ആ അരൂപി വഴങ്ങുന്നില്ല.
നമ്മുടെ യുക്തിക്കും വർഗ്ഗീകരണങ്ങൾക്കും അപ്പുറം നിൽക്കുന്ന അവസ്ഥയാണ് അപരത്തം. ഇവിടെ അരൂപി എന്നത് ഒരു ശൂന്യത ആയല്ല പ്രത്യക്ഷപ്പെടുന്നത്.നമ്മുടെ ബോധത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത അത്ര വിശാലമായ ഒന്നാണ്. ലൗകികമായ അടയാളങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അത് അരൂപിയാകുന്നത്.
കവിതയിൽ മൃഗം ‘ആകാശം കണ്ട് മരിക്കും’ എന്ന് പറയുന്നത് ഒരു വലിയ സാമൂഹിക യാഥാർത്ഥ്യമാണ്. രൂപമുള്ളവയെല്ലാം അധികാരത്തിന്റെ ഇരകളാണ്. എന്നാൽ രൂപമില്ലാത്ത അപരത്തം എല്ലാ കെണികളിൽ നിന്നും രക്ഷപ്പെടുന്നു. ഇവിടെയാണ് അരൂപി എന്ന അവസ്ഥ ഒരു പ്രതിരോധമായി മാറുന്നത്.
രൂപിയായ ലോകം എപ്പോഴും അടയാളപ്പെടുത്തലുകളുടേതാണ്. മരം എന്ന രൂപത്തിന് മഴുവിനെ പേടിക്കണം. എന്നാൽ അരൂപിയായ മരത്തിന് മഴുവിനെയും കഴുമരത്തെയും ഭയമില്ല. ലോകത്തിന്റെ അധികാര വ്യവസ്ഥ രൂപമുള്ളവയെയും അതിരുകളുള്ളവയെയും മാത്രമേ തടവിലാക്കുന്നുള്ളൂ.
ഇവിടെയാണ് അതിർത്തിലംഘനം സാധ്യമാകുന്നത്.അതിനാൽ ഊർജ്ജവ്യവസ്ഥയെ അരൂപിയോട് ചേർത്തു വായിക്കാം. അത് നിശ്ചിതമായ ഘടനകളെ ലംഘിച്ചുകൊണ്ട് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നു.
അരൂപിയായ കഴുകൻ ഇര തേടുന്നില്ല എന്ന വരി ശ്രദ്ധിക്കുക. ഇരയും വേട്ടക്കാരനും എന്ന ദ്വന്ദ്വത്തെ ഇവിടെ വിജയലക്ഷ്മി റദ്ദാക്കുന്നു. നിലവിലുള്ള വ്യവസ്ഥിതിയുടെ അതിരുകളെ ലംഘിച്ചു കൊണ്ട് ആ കഴുകൻ ഭാവിയിലേക്കും ഭൂതത്തിലേക്കും സഞ്ചരിക്കുന്നു. അത് ഒരു നിശ്ചിത കേന്ദ്രത്തിൽ നില നിൽക്കുന്നില്ല.
സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് വരുമ്പോൾ മനുഷ്യൻ നിരന്തരം രൂപിയാകാൻ ശ്രമിക്കുന്നതായി കാണാം. വേഷങ്ങൾ കെട്ടിയും ചായമിട്ടും നാം ഒരു സ്വത്വത്തെ നിർമ്മിച്ചെടുക്കുന്നു. കവിതയിലെ ബഹുരൂപി ഈ വേഷപ്പകർച്ചകളുടെ പ്രതീകമാണ്. എന്നാൽ ഈ വേഷങ്ങളെല്ലാം അന്യമാണെന്ന തിരിച്ചറിവിലാണ് അത് തന്നിലേക്ക് തകർന്ന് ഇല്ലാകുന്നത്.
ചായമിട്ടും ചമയമിട്ടും രൂപിയാകുന്ന മനുഷ്യൻ ഒടുവിൽ അനുഭവിക്കുന്നത് ഒരു വലിയ ശൂന്യതയാണ്. നാം അണിയുന്ന എല്ലാ സ്വത്വങ്ങളും സാമൂഹികമായ നിർമ്മിതികൾ മാത്രമാണ്. ഈ തിരിച്ചറിവ് ഉണ്ടാകുമ്പോൾ രൂപങ്ങൾ അപ്രസക്തമാവുകയും നാം വീണ്ടും അരൂപിത്തത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
നെടുവീർപ്പ് എന്ന അരൂപിയിലേക്ക് കവിത അവസാനിക്കുമ്പോൾ അതൊരു വലിയ രാഷ്ട്രീയ പ്രസ്താവനയായി മാറുന്നു. വേദനയ്ക്ക് രൂപമില്ല. നെടുവീർപ്പിന് അതിരുകളില്ല. അത് രാവും പകലും ഒരേപോലെ എരിയുന്നു. സാമൂഹികമായ അടിച്ചമർത്തലുകൾക്കിടയിൽ മനുഷ്യൻ തിരിച്ചെത്തുന്ന ഏക സത്യം ഈ നെടുവീർപ്പാണ്.
അപര/൯ വേദനിക്കുമ്പോൾ അത് തിരിച്ചറിയുന്ന ഉത്തരവാദിത്തമാണ് ഏറ്റവും വലിയ ധർമ്മം. ഈ കവിതയിലെ നെടുവീർപ്പ് ആ ഉത്തരവാദിത്തത്തെയാണ് ഓർമ്മിപ്പിക്കുന്നത്. അത് വെയിൽ നുണഞ്ഞ് ജ്വലിക്കുന്നത് വ്യക്തിപരമായ വേദനയാലല്ല. പ്രപഞ്ചത്തിന്റെ മുഴുവൻ വിങ്ങലിലാണ്.
അതുകൊണ്ടുതന്നെ ഈ നെടുവീർപ്പ് ഒരു അതിർത്തിലംഘനമാണ്. വാക്കുകൾക്ക് പറയാൻ കഴിയാത്തത് നെടുവീർപ്പുകൾ സംവേദനം ചെയ്യുന്നു. ഭാഷയുടെയും രൂപത്തിന്റെയും അതിരുകളെ ഭേദിച്ച് അത് പുറത്തേക്ക് ഒഴുകുന്നു. അവിടെ രൂപിയായ മനുഷ്യൻ അപ്രസക്തനാവുകയും അനുഭവങ്ങൾ മാത്രം ശേഷിക്കുകയും ചെയ്യുന്നു.
തന്നിലേക്ക് തകർന്ന് അകലുന്ന ബഹുരൂപിയും നീറ്റിയ വാറ്റിൽ ജ്വലിക്കുന്ന നെടുവീർപ്പും തമ്മിൽ ഒരു ബന്ധമുണ്ട്. എല്ലാ വേഷങ്ങളും അഴിഞ്ഞു വീഴുമ്പോൾ അവശേഷിക്കുന്നത് ജ്വലിക്കുന്ന ഒരു ആന്തരിക ചൈതന്യമാണ്. അതിന് രൂപമില്ലാത്തതുകൊണ്ട് അതിനെ തളയ്ക്കാനും ആർക്കും കഴിയില്ല.
വിജയലക്ഷ്മിയുടെ ഈ കവിത ദാർശനികമായി സംവദിക്കുന്നത് ലൗകികമായ കെട്ടുപാടുകളിൽ നിന്നുള്ള മോചനത്തെക്കുറിച്ചാണ്. രൂപമുള്ള ലോകം അധികാരത്തിന്റേതാണ്, എന്നാൽ അരൂപിയായ ലോകം സ്വാതന്ത്ര്യത്തിന്റേതാണ്. നെടുവീർപ്പുകൾ പോലും ഒരു അഗ്നിയായി മാറുന്നിടത്ത് കവിത ഒരു വിപ്ലവമായി പരിണമിക്കുന്നു.
അരൂപി എന്നത് വെറുമൊരു അഭാവമായി കാണാനാവില്ല. അനന്തമായ സാധ്യതകളുടെ ലോകമായിട്ടാണു കാണാനാവുക. രൂപങ്ങളിൽ തളച്ചിട്ട മനുഷ്യർ തങ്ങളുടെ തന്നെ നെടുവീർപ്പുകളിലൂടെ ആ വലിയ അരൂപിത്തത്തിലേക്ക് തിരിച്ചുപോകുന്ന യാത്രയാണ് ഈ കവിത. അത് ഒരേസമയം ദാർശനികവും സാമൂഹികവുമായ സത്യത്തെ അനാവരണം ചെയ്യുന്നു.






No Comments yet!