Skip to main content

മരണം പുരുഷനാണ്

സ്‌ത്രൈണാസ്തിത്വത്തിന്റെ പ്രശ്‌നങ്ങളെ രൂപകാത്മകതയില്‍ എഴുതിയ മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണം’ എന്ന കഥ മലയാളത്തിലെ കഥാസാഹിത്യത്തില്‍ ഈ ദിശയില്‍ എഴുതപ്പെട്ട പ്രഥമവും പ്രധാനവുമായ ആഖ്യാനമാണ്. കല്‍പ്പനാചാതുരി അതീവം തിളങ്ങി നില്‍ക്കുന്ന കഥയായി ‘പക്ഷിയുടെ മണം’ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഏറെ വായിക്കപ്പെടുകയും നിരൂപണം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള കഥ ഇപ്പോഴും തുറക്കാത്ത അര്‍ത്ഥങ്ങളുമായി പുതിയ വായനക്കാരനെ കാത്തിരിക്കുന്നു. മാധവിക്കുട്ടിയുടെ ആഖ്യാനം മരണത്തെ പ്രണയമോ കാമുകനോ ആക്കുന്നുവെന്ന്, ഇവിടെ മരണം നിതാന്തസ്‌നേഹം നല്‍കുന്ന നിത്യകാമുകനായി കൈനീട്ടുന്നുവെന്ന്, മരണത്തെ സ്വാതന്ത്ര്യമായി സ്വീകരിക്കുന്നുവെന്ന്, മരണം വിഭ്രാന്തസ്വപ്നാനുഭൂതിയായി കല്‍പ്പന ചെയ്യപ്പെടുന്നുവെന്ന് … ഒക്കെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു പാഠം – മരണം പുരുഷനാണെന്നു കൂടി മാധവിക്കുട്ടിയുടെ കഥയില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്നു പറയാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

സ്‍നേഹത്തില്‍ സത്യത്തേക്കാള്‍ ആനന്ദം തിരയുന്ന സ്ത്രീ, സ്ത്രീകള്‍ | Ente Katha @ 50 | Madhavikkutty - Truecopy Think

കഥ സ്‌ത്രൈണാനുഭവത്തിന്റെ ആഖ്യാനമാണ്. ഒരു യുവതി ജോലി തേടി നഗരത്തിലേക്ക് എത്തുന്നതിനെ പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ഭര്‍ത്താവിന്റെ വിസമ്മതത്തെ വകവെയ്ക്കാതെയാണ് അവള്‍ നഗരത്തില്‍ ജോലി തേടിയെത്തുന്നത്. പൊതുബോധത്തിലെ കുടുംബബന്ധങ്ങള്‍ക്കു പുറത്താണ് അവള്‍ ജീവിക്കുന്നതെന്നു പറയണം. അത് അവളുടെ സ്വയംബോദ്ധ്യങ്ങളുടെ പ്രകാശനം കൂടിയാണ്. യുവതിയുടെ യാത്ര പതിയെ ഭൗതികസ്ഥലത്തു നിന്നുമാറി അസ്തിത്വാന്വേഷണപരമായ മാനസികവഴികളിലൂടെ നടത്തുന്ന സഞ്ചാരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതിലേക്കു നീങ്ങുന്നു. അവള്‍ എത്തിച്ചേരുന്ന കെട്ടിടത്തെ ഒരു രൂപകമായി കാണുക. അത് ലോകത്തിന്റെയോ യുവതിയുടെ മനസ്സിന്റെ തന്നെയോ രൂപകമാണ്. ഏഴുനിലകളുള്ള, ഇരുണ്ട ഇടനാഴികളുള്ള, അവള്‍ക്ക് അന്യരായ പുരുഷന്മാരാല്‍ നിറഞ്ഞ ഒരു ഭീമന്‍ കെട്ടിടം – ഇത് നഗരത്തിന്റെ യന്ത്രവല്‍കൃതവും അനുതാപരഹിതവുമായ സ്വഭാവത്തിന്റെ പ്രതീകവുമാകാം. നഗരത്തിലെ പുരുഷന്മാര്‍ മാത്രമുള്ള ഇടങ്ങളില്‍ കഥയിലെ നായിക തനിച്ചാകുമ്പോള്‍ അനുഭവിക്കുന്ന അസ്വസ്ഥത, ഭയം, അന്യത്വം ഇവയെല്ലാം യുവതിയുടെ സുരക്ഷാകാംക്ഷകളെ ദുര്‍ബ്ബലമാക്കുന്നുണ്ട്. പുരുഷന്മാരുടെ നോട്ടങ്ങളും ലിഫ്റ്റിലെ തിരക്കും അന്യപുരുഷന്റെ സഹായാഭാസവും യുവതിയില്‍ കായികഭീഷണിയോ സ്വയം മാനസികമായി അടഞ്ഞ അവസ്ഥയോ സൃഷ്ടിക്കുന്നു.

മലയാളത്തില്‍ മരണസങ്കീര്‍ത്തനങ്ങള്‍ എഴുതപ്പെട്ട ആധുനികതാവാദത്തിന്റെ കാലത്താണ് ഈ കഥയും രചിക്കപ്പെടുന്നത്. ജീവിതത്തിന് നിറം പകരുന്ന ഒരു ഇടമെന്നു കരുതി കഥയിലെ നായിക പ്രവേശിക്കുന്ന സ്ഥലം വാസ്തവത്തില്‍ മരണത്തിന്റെ മുറിയാണല്ലോ? മരണമാണ് ജീവിതത്തിനു നിറം പകരുന്നതെന്ന് കഥാകാരി പറയാതെ പറയുകയാണോ? സ്ത്രീകള്‍ ജീവിതത്തെ അലങ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ പലപ്പോഴും പുരുഷന്റെ ആകര്‍ഷണവലയത്തിലേക്കു വീഴുന്നു. സാധാരണവ്യവഹാരങ്ങളില്‍ പക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. ഇവിടെയാകട്ടെ, പറന്നു ക്ഷീണിച്ചു നിലത്തുവീഴുന്ന പക്ഷിയെ ചവിട്ടിയരയ്ക്കുന്നവനെയാണ് നാം വായിക്കുന്നത്. അയാള്‍ പക്ഷിയുടെ മണത്തെ കുറിച്ചാണ് പറയുന്നത്. മരണത്തിന് പക്ഷിയുടെ മണമുണ്ടെന്ന പുരുഷന്റെ വാക്കുകള്‍ കഥയിലെ സ്ത്രീയുടെ സ്വാതന്ത്ര്യാകാംക്ഷകള്‍ മരണത്തിലേക്കു നയിക്കുമെന്ന സൂചന ഉള്‍ക്കൊള്ളുന്നതാണ്. അതിനൊപ്പം ഓര്‍മ്മകളിലെ പഴത്തോട്ടങ്ങളുടെ മധുരഗന്ധം കൂടി ചേരുമ്പോള്‍ മരണം വലിയ ആകര്‍ഷണശക്തി കൈവരിക്കുന്നു. പുരുഷനും മരണവും ഒരുപോലെ ആകര്‍ഷകവും ഭീകരവുമായിരിക്കുന്നു – മധുരം നിറഞ്ഞ വലയത്തില്‍ കുടുക്കുന്നവ. യുവതിയുടെ കൈകളിലെ വിയര്‍പ്പ് ഒരു സാധാരണ ശാരീരികപ്രതികരണം മാത്രമല്ല. അത് ഉള്ളിലൊളിഞ്ഞ ഭയത്തിന്റെയും ഉല്‍ക്കണ്ഠയുടെയും സൂചനയാകണം. മാധവിക്കുട്ടിയുടെ ആഖ്യാനങ്ങളില്‍ ആവര്‍ത്തിച്ചു കാണുന്ന കൈകള്‍ വിയര്‍ക്കുന്നവളുടെ ചിത്രം സ്ത്രീയുടെ മനസ്സില്‍ ഉരുണ്ടുകൂടുന്ന ഉല്‍ക്കണ്ഠയെയും സമ്മര്‍ദ്ദത്തെയും കാഴ്ചയിലേക്കു കൊണ്ടുവരുന്നു.

കഥയില്‍ മരണം പുരുഷനായി പ്രത്യക്ഷപ്പെടുന്നു. മരണം പുരുഷനാണ്. അപ്രതീക്ഷിതമായി കീഴടക്കുന്നത് – പുരുഷനെ പോലെ. ഉയരമുള്ളത് – പുരുഷനെ പോലെ. എപ്പോഴും പിന്തുടരുന്നത് – പുരുഷമൂല്യങ്ങളെ പോലെ. നിസ്സംഗം പ്രതികരിക്കുന്നത്. ക്ലേശിച്ചു നിലത്തു വീഴുന്ന കിളിയെ ചവിട്ടിയരയ്ക്കുന്നത്. ബീഭത്സമായ ആകര്‍ഷണശക്തിയുള്ള കൈവിരലുകളുള്ളത്. ലഹരി പാനം ചെയ്യുന്നത്. മരണത്തിനും പുരുഷനുമിടയിടയിലെ സാമ്യങ്ങള്‍ എഴുതുന്ന കഥാകാരി പുരുഷാധികാരത്തിനും അതിന്റെ മൂല്യവ്യവസ്ഥക്കും എതിരെ ഉയര്‍ത്തുന്ന വിമര്‍ശനസ്വരം നാം കേള്‍ക്കുന്നു. മരണം ശരീരത്തിന്റെ നാശം മാത്രമല്ല; അത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും നിശ്ശബ്ദമായി ചവിട്ടിയരയ്ക്കുന്ന ഒരു സാമൂഹികശക്തിയായി സദൃശീകരിക്കപ്പെടുന്നു. സ്ത്രീയുടെ ജീവിതം പക്ഷി പറക്കുന്ന തുറന്ന ആകാശമല്ല. അത് അടച്ചിട്ട ഒരു മുറിയാണ്. ഇവിടെ സ്വാതന്ത്ര്യം ഒരു മിഥ്യയാണ്. മരണമുറിയിലെ കഥാപാത്രത്തിന്റെ പുരുഷസ്വഭാവം വളരെ നിര്‍ണായകമാണ്. അയാളുടെ ശരീരവിവരണം – ശക്തമായ കൈവിരലുകള്‍, കനത്ത രോമങ്ങള്‍, കഠിനമായ നേര്‍നോട്ടം – എല്ലാം ചേര്‍ന്ന് ഒത്ത പുരുഷരൂപം സൃഷ്ടിക്കപ്പെടുന്നു. ഈ പുരുഷത്വം വെറും ലൈംഗിക സൂചനകളുമല്ല; അത് അധികാരത്തിന്റെ പ്രതീകമാണ്. വാതില്‍ തുറക്കുന്നതും അടയ്ക്കുന്നതും പുരുഷന്റെ നിയന്ത്രണത്തിലാണ്. അവള്‍ക്കു പോകാമോ ഇല്ലയോ എന്നത് അയാളാണ് തീരുമാനിക്കുന്നത്. അവളുടെ ഭയം പോലും അയാളുടെ നിയന്ത്രണത്തില്‍ പെടുന്നു. പുരുഷന്‍ പറഞ്ഞ പക്ഷിയുടെ കഥ – ചില്ലില്‍ തട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പക്ഷി – യുവതിയുടെ അവസ്ഥയുടെ ആഖ്യാനം കൂടിയാണ്. ഇങ്ങനെ, മരണം പിതൃസത്താധിഷ്ഠിതശക്തിയായി പ്രത്യക്ഷപ്പെടുന്നു. മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴും അവള്‍ ഒഴിഞ്ഞുമാറുന്നത് ഒരു വ്യക്തിയില്‍ നിന്നു മാത്രമാണ്. അവള്‍ പുരുഷന്റെ മരണമുറിയില്‍ നിന്നും പുറത്തിറങ്ങുന്നെങ്കിലും മരണത്തിലേക്കു (പുരുഷമൂല്യങ്ങളിലേക്കു) തന്നെ നീങ്ങുന്നു. അകംലോകവും പുറംലോകവും പുരുഷാധികാരത്തിന്റേതു തന്നെ. ഇവിടെ കഥ ഒരു വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് സാമൂഹികമായ തലത്തിലേക്ക് ഉയരുന്നു. കഥയുടെ കേന്ദ്രത്തില്‍ മരണം പുരുഷനായി രൂപം കൊണ്ടുകഴിഞ്ഞു. എങ്കിലും, യുവതി തനിക്കു മരിക്കാന്‍ സമയമായിട്ടില്ലെന്നു പറയുമ്പോള്‍ അയാള്‍ പിന്മാറുന്നത് ശ്രദ്ധേയമാണ്. അന്തിമവിധി അവളുടെ അന്തരംഗസമ്മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. കഥാന്ത്യത്തിലെ ലിഫ്റ്റ് അപകടം ഈ സമ്മതത്തെ ഒരു മിഥ്യയായി മാറ്റുന്നു. ലിഫ്റ്റിലെ അപകടം യാദൃച്ഛികമെന്നോ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതെന്നോ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത ഒരു സ്ഥിതി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍, യുവാവ് അവളെ പുറത്തുവിടുന്നതു പോലും ഒരു ആസൂത്രിതപദ്ധതിയാണോ എന്ന സന്ദേഹം നിര്‍മ്മിക്കുന്നതാണ്. രക്ഷപ്പെട്ടുവെന്ന യുവതിയുടെ വിശ്വാസം പെട്ടെന്നു തന്നെ തകരുന്നു. ഉയരത്തിലേക്കു കയറുന്ന ഉപകരണം അവളെ മരണത്തിലേക്കാണ് കൊണ്ടുപോകുന്നത്. അപകടം എന്ന ബോര്‍ഡ് അവള്‍ അവസാന നിമിഷം മാത്രമാണ് കാണുന്നത്.

മരണത്തിന്റെ ഈ ഏകാര്‍ത്ഥവ്യാഖ്യാനം മാത്രമല്ല കഥ സാദ്ധ്യമാക്കുന്നത്. നായികയുടെ ബാല്യസ്മരണകള്‍ – അമ്മയുടെ വ്രണങ്ങള്‍, അച്ഛന്റെ മരണം – ഇവയെല്ലാം മരണത്തിന്റെ വ്യത്യസ്ത ഗന്ധങ്ങളുടെ ഓര്‍മ്മകളെ അവളിലേക്കു കൊണ്ടുവരുന്നു. ഇവിടെ മണം ഇന്ദ്രിയാനുഭവത്തിനപ്പുറം ഓര്‍മ്മകളെ ഉണര്‍ത്തുന്ന പ്രേരകശക്തിയാണ്. യുവതിയുടെ സാരിയുടെ നിറവും പക്ഷിയുടെ തൂവലുകളുടെ നിറവും മഞ്ഞയാണ്. മരണം മധുരമുള്ള മഞ്ഞനിറമുള്ള പഴുത്തഫലത്തോടും സദൃശീകരിക്കപ്പെടുന്നു. കഥയിലെ യുവാവിന്റെ കഥാപാത്രം മരണത്തിന്റെ മാനവീകരണം സാദ്ധ്യമാക്കുന്നു. ഈ പുരുഷ-മരണരൂപകം മലയാളകഥയിലെ ബഹുമുഖവും സങ്കീര്‍ണ്ണവുമായ പ്രതീകങ്ങളിലൊന്നാണ്. അത് ഭയപ്പെടുത്തുന്നവനും ആകര്‍ഷിക്കുന്നവനും ക്രൂരനും കവിയും അധീശശക്തിയും അതേസമയം മോചനം വാഗ്ദാനം ചെയ്യുന്നവനുമാണ്. മാധവിക്കുട്ടി ഈ രൂപകത്തിലൂടെ നമ്മെ അസ്വാസ്ഥ്യജനകമായ ഒരു സത്യത്തിലേക്കാണ് നയിക്കുന്നത്. മരണം നമ്മെ ഭയപ്പെടുത്തുന്നതുകൊണ്ടു മാത്രമല്ല, അത് നമ്മെ ആകര്‍ഷിക്കുന്നതുകൊണ്ടു കൂടിയാണ് ഇത്ര ശക്തമാകുന്നത്.

Madhavikutty Returns to the Soil: Paul Zacharia Remembers A Courageous and Gifted Poet | The Beacon Webzine

മരണമുറിയിലെ യുവാവ് പറയുന്ന വാക്കുകള്‍ യുവതിയുടെ മനസ്സിലെ ഒളിഞ്ഞ ആഗ്രഹങ്ങളെ ഉണര്‍ത്തുന്നതാണ്. ഞങ്ങള്‍ സുഖമായി മരിക്കുവാന്‍ ഏര്‍പ്പെടുത്തിക്കൊടുക്കുമെന്ന് അയാള്‍ പറയുമ്പോള്‍ അതില്‍ ഒരു വിചിത്രമായ സൗമ്യതയുണ്ട്. ഇവിടെ മരണം ഭയപ്പെടുത്തുന്നില്ല, അത് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. മരണം ഒരു അനുഭവത്തിലേക്കു ക്ഷണിക്കുന്ന ശബ്ദമായി മാറുന്നു. അയാളുടെ സംഭാഷണങ്ങള്‍ കവിതാത്മകമാണ്. മരണത്തിന്റെ മണം പക്ഷിത്തൂവലുകളുടെ മണമാണെന്ന വാക്കുകള്‍ മരണം ദുര്‍ഗന്ധമല്ലെന്നും സുഖകരമായ മൃദുവായ അനുഭവമാണെന്നും പറയുന്നതാകണം. ”നീ കാറ്റാവും… മഴത്തുള്ളികളാവും…’ എന്നിങ്ങനെ അയാള്‍ പറയുമ്പോള്‍ അത് ഒരു പ്രണയിയുടെ വാഗ്ദാനങ്ങള്‍ പോലെയാണ്. ഇവിടെ, മരണം ഭീഷണിയല്ല. അത് പ്രലോഭിപ്പിക്കുന്നു. യുവാവ് നായികയെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയില്‍ മാരകമെങ്കിലും അസാധാരണമായ വശീകരണശേഷി കാണാം. കടലില്‍ ലയിക്കുന്ന നദിയുടെ ഉപമ, സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനം – ഇവയെല്ലാം മരണം ഒരു മോചനമാണെന്ന ധാരണ നല്‍കുന്നതാണ്. മരണം ആനന്ദകരമായ ലയനമായി പ്രത്യക്ഷപ്പെടുന്നു. ഈ പുരുഷന്‍ പുറത്തെ ഒരു വ്യക്തിയല്ല, നായികയുടെ മനസ്സിലെ മരണവാഞ്ഛയുടെ പ്രതീകമാണെന്നും വായിക്കാം. മനുഷ്യര്‍ സ്വാതന്ത്ര്യം തേടുമ്പോള്‍ ചിലപ്പോള്‍ അവര്‍ തേടുന്നത് സ്വയം ഇല്ലാതാകാനുള്ള ഒരു മൃദുവായ വഴി ആയിരിക്കും!

മരണം യുവതി തേടുന്ന പുരുഷകാമുകനാണോ ? അതോ, പുരുഷന്‍ മരണത്തിന്റെ സദൃശരൂപമോ? ഈ ചോദ്യങ്ങളുടെ കുരുക്ക് ഒരൊറ്റ വാക്കില്‍ അഴിയുന്നതല്ല. കഥ ഈ രണ്ടു വായനകള്‍ക്കും പാഠങ്ങള്‍ക്കും ഒരേസമയം ജീവന്‍ നല്‍കുന്നു. അവള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന മരണവാഞ്ഛ പുരുഷകാമുകന്റെ രൂപത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു എന്നു പറയാവുന്നതാണ്. കഥയിലെ അധികാരസൂചകങ്ങളെ നോക്കുമ്പോള്‍ ഈ ചിത്രം മാറിമറിയുന്നു. പുരുഷന്‍ മരണത്തിന്റെ സദൃശരൂപമായി മാറുന്നു. മരണം; പുരുഷാധികാരം, പിടികൂടുന്നത് ശക്തിപ്രയോഗത്തിലൂടെ മാത്രമല്ല, അത് പ്രണയത്തിന്റെ ഭാഷയില്‍ സമ്മതിപ്പിക്കുന്നുമുണ്ട്.

‘പക്ഷിയുടെ മണം’ എന്ന കഥയില്‍ കവിതയായി മാറുന്ന നിരവധി സന്ദര്‍ഭങ്ങളെ നാം കണ്ടെടുക്കുമെന്നു തീര്‍ച്ചയാണ്. സംഭാഷണങ്ങള്‍ പോലും കവിതയുടെ ഛായ സ്വീകരിക്കുന്നു. ഈ കവിതാത്മകതയില്‍ ഒരു വിചിത്രമായ ഭീതിയുണ്ട്. മാധവിക്കുട്ടി ഇവിടെ ഒരു വലിയ കഥ പറയുന്നില്ല. ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ആകര്‍ഷണവും അധീശത്വവും ചേര്‍ന്നൊരുക്കുന്ന അസ്തിത്വനാടകം നല്‍കുന്ന ആസ്വാദനത്തിന്റെയും അസ്വസ്ഥതയുടെയും ദ്വന്ദാനുഭവമാണ് കഥയുടെ സൗന്ദര്യാത്മക ശക്തി. ‘പക്ഷിയുടെ മണം’ രൂപകാത്മകകലയിലും കല്പനാചാതുരിയിലും വിസ്മയിപ്പിക്കുന്നു. മനുഷ്യജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും മരണത്തിന്റെ അനിവാര്യതയെയും ഒരു സ്ത്രീയുടെ മാനസികസംഘര്‍ഷങ്ങളുമായി ചേര്‍ത്തൊരുക്കിയ അസ്തിത്വസംബന്ധിയായ ഗദ്യകാവ്യമാണിത്.

***

No Comments yet!

Your Email address will not be published.