Skip to main content

ന്യായം

നിങ്ങൾ തന്നെ അന്യായം ചെയ്യും
നിങ്ങൾ തന്നെ ന്യായവും ചെയ്യും.
ഇതെന്ത് രീതിയാണ്?
ഞങ്ങളെ കള്ളക്കേസിൽ കുടുക്കി കള്ളരാക്കി,
ജാതിപറഞ്ഞുള്ള
തെറിവാക്കുകൾ ഞങ്ങളിൽ
അഭിഷേകം നടത്തി
നിങ്ങൾ ശ്രേഷ്ഠന്മാരായി.
ഞങ്ങളുടെ ന്യായാഭ്യർത്ഥന നിങ്ങൾക്ക് അന്യായം.
ഇതെന്ത് സിദ്ധാന്തമാണ്?
‘മനു‘ നിങ്ങളുടെ ശരീരത്തിന്റെ
ഓരോ അണുവിലും.
പിന്നെ നിങ്ങളെങ്ങനെ
ഞങ്ങൾക്ക് ന്യായമേകും?
നീതിയുടെ മറവിൽ നിങ്ങൾ ഞങ്ങളുടെ കഴുത്തറുക്കും.
ഞങ്ങൾ പശുക്കൾ
നിങ്ങൾ കശാപ്പുകാർ.
ന്യായം ചെയ്യൂ…
നിങ്ങളുടെ ദേഹത്തിന്റെ ഭാരം ചുമക്കാൻ
ഞങ്ങൾക്ക് സമ്മതമല്ല.
ഞങ്ങളുടെ ചുവടുകൾ
പുതു വഴികൾ തേടിത്തുടങ്ങിയപ്പോഴേ
നിങ്ങളുടെ
ബുദ്ധിചോർന്നുപോകാൻ തുടങ്ങി .
എവിടെയാണ്
ഞങ്ങൾ
കാൽ ചവിട്ടേണ്ടത്?
കാപട്യം നിറഞ്ഞ ശാസ്ത്രം
കാപട്യം നിറഞ്ഞ പുരാണം ,
കാപട്യം നിറഞ്ഞ
ഇതിഹാസം ,
എങ്ങനെ വിശ്വസിക്കും?
നിങ്ങളും
നിങ്ങളുടെ സന്താനങ്ങളും കള്ളന്മാർ .
രണ്ടടിവയ്ക്കാനുള്ള ഇടം ഞങ്ങൾക്ക്
ബാക്കി വയ്ക്കു.
ഞങ്ങൾ മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കും .
നിങ്ങളെപ്പോലെ യാണെങ്കിലും നിങ്ങളെപ്പോലെയല്ലാത്ത
‘മഹാറി’*നെ
ഒരുപ്രാവശ്യമെങ്കിലും,
നിങ്ങളെ ഭരിക്കാൻ അനുവദിക്കൂ.
ഞങ്ങളുടെ കുലത്തിന്റെ
വേരുകളിലൂടെ
അധികാരം പ്രോജ്വലമാകട്ടെ.

***

*മഹാർ : മഹാരാഷ്ട്രയിലെ ഒരു സമുദായം

***

ശരൺ കുമാർ ലിംബാലെ

നാല്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള മറാത്തി എഴുത്തുകാരനാണ്‌ 1956 ൽ ജനിച്ച ശരൺ കുമാർ ലിംബാലെ. അക്കർമാശി എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഒട്ടനവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ അതിരുകളിൽ ജനിച്ചവന്റെ ജീവിത സംഘർഷവും മാനസിക വേദനയും സാമൂഹിക അവഗണനയും രേഖപ്പെടുത്തിയിരിക്കുന്ന കൃതിയാണത്. ജാതി വ്യവസ്ഥയുടെ ക്രൂരതകളേയും ദളിത് ജീവിതത്റ്റിന്റെ അപമാനകരമായ യാഥാർത്ഥ്യങ്ങളേയും അദ്ദേഹം തന്റെ കൃതികളിലൂടെ തുറന്നു കാണിച്ചു.

മഹാരാഷ്ട്രയിലെ ഷോലാപൂർ ജില്ലയിൽ ഹെന്നൂർ എന്ന ഗ്രാമത്തിലാണദ്ദേഹത്തിന്റെ ജനനം. മറത്തി ദളിത് സാഹിത്യത്ത്യവും അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ സാഹിത്യവും തമ്മിലുള്ള താരതമ്യ പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം എല്ലാ കാലത്തും ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനും സമൂഹത്തിൽ അവർക്ക് തുല്യസ്ഥാനം ലഭിക്കുന്നതിനുമായി പൊരുതിക്കൊണ്ടിരിക്കുന്നവനാണ്‌. എന്നാൽ കേവലം ദളിത് വിഷയങ്ങൾ മാത്രമെഴുതുന്നയാൾ എന്ന നിലയിലല്ല അദ്ദേഹം ശ്രദ്ധേയനാകുന്നത്. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അനാചാരങ്ങൾക്കും അനീതികൾക്കുമെതിരെ പടനയിക്കുന്നവൻ എന്ന നിലയിലാണ്‌. ഇന്ത്യയിലെ തന്നെ പരമോന്നത സാഹിത്യ സമ്മാനങ്ങളിൽ ഒന്നായ സരസ്വതി സമ്മാൻ നേടിയ ആദ്യ ദളിത് എഴുത്തുകാരനാണദ്ദേഹം. പല സർവകലാശാലകളും അദ്ദേഹത്തിന്റെ കൃതികൾ പഠിപ്പിക്കുന്നുണ്ട്.

ലിംബാലെയുടെ സാഹിത്യത്തിൽ വ്യക്തിപരമായ വേദനകളും സാമൂഹിക ചരിത്ര ബോധവും ഒരുമിക്കുന്നു. മനുഷ്യനെ മനുഷ്യനായി കണക്കാക്കണം എന്ന ശക്തമായ ആഹ്വാനമാണദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും ഇതിവൃത്തം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കൃതികൾ സാഹിത്യ പഠനത്തിന്റേയും സാമൂഹ്യ ശാസ്ത്ര പഠനത്തിന്റേയും പ്രധാന സ്രോതസ്സും വിഷയവുമാകുന്നു.

സാഹിത്യ, അക്കാദമിക് രംഗങ്ങളിൽ നിരവധി ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ദളിത് സാഹിത്യത്തെ ഇന്ത്യൻ മുഖ്യധാരാ ചർച്ചകളുടെ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന എഴുത്തുകാരിൽ മുൻനിരയിലുള്ള വ്യക്തിയാണ്‌ അദ്ദേഹം.

***

വിവര്‍ത്തക പരിചയം :

മിനി. പി എസ്.

തിരുവനന്തപുരം സ്വദേശി. മിനി അനാമിക എന്ന പേരിൽ എഴുതുന്നു. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹൈദ്രബാദിൽ താമസം.

No Comments yet!

Your Email address will not be published.