Skip to main content

AMEDEO MODIGLIANI (1884-1920)

കണ്ണുകളെ നിസ്സാരവത്കരിച്ചു ചിത്രമെഴുതിയവൻ എന്ന് വിവക്ഷിക്കാവുന്ന ഒരു ഇറ്റാലിയൻ ചിത്രകാരനാണ് അമഡിയോ മോഡിഗ്ലിയാനി. മുപ്പത്തഞ്ചു വർഷം മാത്രം ജീവിച്ചു എക്സ്പ്രഷനിസത്തിൽ നിന്ന് ക്യൂബിസത്തിന്റെ അടിവേരുകൾ തൊട്ടറിഞ്ഞ, മുഖവും കഴുത്തും പരമാവധി നീളത്തിൽ വരച്ച്, മനുഷ്യ ശരീരത്തിന് കൂടുതൽ സൗന്ദര്യം പകർന്നുകൊടുത്ത മഹാചിത്രകാരൻ.

ഇറ്റലിയിൽ ജനിച്ചുവെങ്കിലും ഇരുപത്തിരണ്ട് വയസ്സിൽ പാരീസിൽ എത്തിയ മോഡി ഗ്ലിയാനിയെ Avant Garde സങ്കൽപ്പങ്ങൾ ആക്കിത്തീർത്തത് അതുവരെ കാണാത്ത വ്യത്യസ്തമായ ഒരു മനുഷ്യരൂപനിർമാണ രീതിയുടെ ഉദാതമായ സ്രഷ്ടാവായിട്ടാണ്. ജൂതമത വിശ്വാസിയായ ചിത്രകാരന്മാരെ നാസിപട്ടാളം ക്രൂരമായി പരിഗണിച്ചിരുന്ന ആക്കാലത്ത് മോഡി ഗ്ലിയാനിയുടെ കലായാത്രകൾ പരിമിതമായിരുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നായിരുന്നില്ല.

Amedeo Modigliani | Portrait of a Student (L'Etudiant) | The Guggenheim  Museums and Foundation
Portrait of a Student (L’Etudiant) by Amedeo Modigliani

പിന്നീടുള്ള പതിമൂന്നുവർഷങ്ങൾക്കിടയിൽ അദ്ദേഹം 1917 ൽ നടത്തിയ ആദ്യ ഏകാംഗ പ്രദർശനത്തിലെ ഗുഹ്യഭാഗങ്ങൾ രോമാവൃതമായ സ്ത്രീനഗ്ന ശരീരങ്ങളുള്ള ക്യാൻവാസുകൾ, പ്രത്യേകിച്ച് ‘Nu couche’ എന്ന ചിത്രം റോഡിലൂടെ നടന്നുപോകുന്നവർക്ക് മാനസികാഘാതമുണ്ടാക്കുന്നുവെന്ന അഭിനവ സദാചാരവാദികളുടെ വിചിത്ര വാദങ്ങളിൽ നിന്നുണ്ടായ സംഘർഷങ്ങളിൽ ആദ്യദിവസം തന്നെ പ്രദർശനം നിർത്തിവെക്കേണ്ടതായി വന്നു.
വീട് വാടകക്കും ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള പരിദേവനങ്ങൾ ഇതോടെ തരണം ചെയ്യാമെന്ന തന്റെ ബോധ്യങ്ങൾ തകർന്നുവീണ ദുരന്തമായി അദ്ദേഹം ആദ്യ പ്രദർശനം തന്നെ തിരിച്ചറിഞ്ഞു.
ധനികകുടുംബത്തിൽ ജനിക്കുകയും സംഗീതത്തിൽ അപാരമായ പാണ്ഡിത്യവുമുണ്ടായിരുന്നുവെങ്കിലും
മോഡി ഗ്ലിയാനിയുടെ ശേഷിച്ചകലാജീവിതം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു ബോഹീമിയൻ ജീവിതരീതിയുടെ പെരുമഴയിലാണ് 1920 ൽ അവസാനിച്ചത്.

സ്വന്തം ചിത്രങ്ങളുടെ ഒരു ഘട്ടം കഴിഞ്ഞുള്ള ആസ്വാദനം വിരക്തമായതിനാൽ അദ്ദേഹം സ്വയം നശിപ്പിച്ച അനേകം ചിത്രങ്ങൾ നമുക്കുണ്ടാക്കുന്ന ഉൽക്കണ്ഠകൾ വല്ലാത്തതാണ്. ദിവസവും നൂറോളം സ്കെച്ചുകൾ ചെയ്യുമെന്ന് ഒട്ടും അലങ്കാരികമല്ലാതെ പറഞ്ഞുവെക്കുന്നുണ്ട് ആക്കാലത്തെ നിരൂപകർ..!

ആഫ്രിക്കൻ Gabon, Ndunga തുടങ്ങിയ മാസ്ക്ക്കളുടെ നിരന്തര പഠനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മനുഷ്യരൂപങ്ങൾക്ക് കലാചരിത്രത്തിലെ പൂർവികമായും സമകാലികമായുമുള്ള താരതമ്മ്യങ്ങളെ നിഷ്പ്രഭമാക്കി തുലോം വ്യതിരിക്തമായ ഭാവഭേദങ്ങൾ കൊണ്ടുവരാൻ സാധിച്ചത്.

File:Amedeo Modigliani - Christina.jpg - Wikimedia Commons

പോർട്രൈറ്റ്കളിൽ മനുഷ്യരൂപങ്ങളുടെ കണ്ണുകൾക്കൊട്ടും പ്രാധാന്യമാവശ്യമില്ലെന്ന അത്ഭുതകാഴ്ചപ്പാടുകളോടെ മോഡലുകൾക്ക് വിശ്വസിക്കാനാവാത്ത ഭാവവിന്യാസങ്ങളാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തിരുന്നതെന്ന് ആക്കാലത്തെ മോഡലുകളെ ഉദ്ധരിച്ചുള്ള വിശദീകരണങ്ങളിൽ വ്യക്തമാണ്.

മോഡി ഗ്ലിയാനിയുടെ അവസാനത്തെ ബ്രഷ് സ്ട്രോക്ക് ആണ് ഞാൻ എന്ന അദ്ദേഹത്തിന്റെ മോഡൽ പൗലേട്ടെ ജോർഡയിന്റെ വാക്കുകൾ 1991 ൽ കലാലോകം ആസ്വദിച്ചതും ആഘോഷിച്ചതും ചരിത്രമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.