Skip to main content

സ്‌നേഹനിറവുകളുടെ ശബ്ദകോശം

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ‘മൂന്നാമതൊരാള്‍‘ എന്ന കഥയെ മലയാളസഹൃദയനു സവിശേഷമായി പരിചയപ്പെടുത്തേണ്ടതില്ല. ഈ കഥയെ കുറിച്ച് എല്ലാ സഹൃദയര്‍ക്കും അറിയാം. കേരളീയമായ അനുഭവപശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് ആഗോളമാനങ്ങളുള്ള ഒരു കഥയാണ് നമ്മുടെ കഥാകാരന്‍ എഴുതിയത്.

അച്ഛനും ഉണ്ണിയും മാത്രം നടക്കുന്ന ഇടവഴിയില്‍ അവര്‍ക്കൊപ്പം ശബ്ദമായി, നിശ്വാസമായി, പൂഴിമണലില്‍ ചുവടുകളായി മൂന്നാമതൊരാള്‍ നടക്കുന്നു. കഥയിലെ മൂന്നാമതൊരാള്‍ ആഖ്യാതാവു കൂടിയായ നായകന്റെ ഇഹലോകവാസം കഴിഞ്ഞ സഹധര്‍മ്മിണിയാണ്. അവള്‍ ശബ്ദവും ചലനവും ഓര്‍മ്മയുമായി അനുഭവത്തില്‍ വരുന്നു. ആഖ്യാതാവിനും മകന്‍ ഉണ്ണിക്കുമൊപ്പം മൂന്നാമത്തെയാള്‍ നടക്കുന്ന ശബ്ദം അദൃശ്യമായതിന് ഭൗതികസ്വഭാവം നല്‍കുന്നു. ഈ നോട്ടത്തില്‍ കഥയുടെ എല്ലാ അസ്പഷ്ടതകളും വ്യക്തമായും ദുഃഖരൂപം ആര്‍ജ്ജിക്കുന്നു. ഇവിടെ, അവള്‍ പ്രേതമല്ല, ഓര്‍മ്മയില്‍ ജീവിക്കുന്നവളാണ്.

Image of Book മൂന്നാമതൊരാള്‍

കഥയുടെ ഘടന സാകല്യത്തില്‍ തന്നെ രൂപകാത്മകമാണ്. ഇരുട്ടിലൂടെയുള്ള സഞ്ചാരത്തിന്റെ രൂപകാത്മകഘടന ശ്രദ്ധിക്കുക. സാധാരണമായ യാത്രയുടെ രേഖയെന്ന പോലെ കഥ തുടങ്ങുന്നു. പെട്ടെന്നു തന്നെ അത് അന്തര്‍മനസ്സിന്റെ യാത്രയായി മാറുന്നു. തുടക്കത്തില്‍ കഥയില്‍ എഴുതപ്പെടുന്ന ഇരുട്ട് ഭൗതികാവസ്ഥയുടെ ചിത്രണമെന്നതിനപ്പുറത്ത് നായകന്റെ മാനസികാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ എഴുതപ്പെടുന്ന ”അന്തി കരിവാളിച്ചൂ കഴിഞ്ഞിരുന്നു”, ”ആകാശത്തിന്റെ കണ്ണു പോലും ഇരുട്ടു കെട്ടിയിരിക്കുന്നു” എന്നീ രൂപകങ്ങളെ അനിശ്ചിതത്വത്തിന്റെ പ്രതീകങ്ങളായി, നഷ്ടത്തിന്റെ പ്രതിദ്ധ്വനികളായി കാണുക! അവര്‍ ഇരുവരും നടക്കുന്ന ഇരുട്ടില്‍ ചൂട്ടിന്റെ വെളിച്ചം പോലുമില്ല. ജീവിതം മുഴുവന്‍ ഇരുളില്‍ വീണതുപോലെ തോന്നുന്നു. ഒരു ചൂട്ടു വാങ്ങാമായിരുന്നു എന്ന് ഉണ്ണി ഓര്‍മ്മപ്പെടുത്തുന്നുവെങ്കിലും ഇനി അതിനായി നടന്ന ദൂരം മുഴുവന്‍ തിരിഞ്ഞുനടക്കണം എന്ന സ്ഥിതിയാണ്. ഇരുട്ടിലൂടെയുള്ള ഈ യാത്ര അപ്പോള്‍ നടന്നുതീര്‍ക്കേണ്ടതിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. അയാളുടെ ജീവിതത്തിന് ചൂട്ടുകറ്റയുടെ വെളിച്ചമെങ്കിലും വേണമെങ്കില്‍ ഇതിനകം നടന്നുതീര്‍ത്ത ജീവിതദൂരങ്ങള്‍ വീണ്ടും നടക്കേണ്ട സ്ഥിതിയിലാണ്! ഇരുട്ടിന്റെ ഭൗതികാവസ്ഥയെയല്ല കഥ പറയുന്നത്, നഷ്ടത്തിന്റെ നിഴലിനെയാണ്. ആ നിഴല്‍ സ്‌നേഹത്തിന്റെ രൂപവുമാണ്. ഈ കഥയുടെ യഥാര്‍ത്ഥ സത്ത പ്രത്യക്ഷമല്ലാത്ത സ്‌നേഹത്തിന്റെ സാന്നിദ്ധ്യവും അതിനെ ആശ്രയിക്കുന്ന ആത്മീയാന്വേഷണവുമാണ്. ജീവിതത്തില്‍ നിന്നു വേര്‍പെട്ടെങ്കിലും ബന്ധത്തില്‍ നിന്നു വേര്‍പെടാത്ത ഒരാളെ അവളുടെ വീട്ടിലെ പഴയ പത്തായപ്പുരയിലെ അതേ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും അയാള്‍ അനുഭവിക്കുന്നു. മരണത്തിനു ശേഷവും സ്‌നേഹം അതിന്റെ ദൗത്യം അവസാനിപ്പിക്കുന്നില്ല. പ്രിയസഖി മൃതിപ്പെട്ടെങ്കിലും അപ്രത്യക്ഷസ്‌നേഹനിറവുകളുടെ ശബ്ദകോശം സജീവമായിരിക്കുന്നു.

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയില്‍ സഹധര്‍മ്മിണിയുടെ സാന്നിദ്ധ്യം സാധാരണമായി വിവക്ഷിക്കൂന്ന ഭൂതസാന്നിദ്ധ്യമായി വായിക്കപ്പെടേണ്ടതല്ല. അത് ഓര്‍മ്മയുടെ ഭൗതികരൂപാര്‍ജ്ജനവും മരണശേഷവും തുടരുന്ന സ്‌നേഹത്തിന്റെ അനന്തരജീവിതവുമാണ്. അവള്‍ കാണപ്പെടുന്നില്ല. പക്ഷേ, അവളില്ലെന്ന നിലയിലുമല്ല. ഈ അവസ്ഥയെ നിര്‍മ്മിച്ചെടുക്കുന്ന കലാചാതുരിയും രചനാവൈഭവവും കഥയ്ക്ക് അതിസൂക്ഷ്മമായ ലാവണ്യമണയ്ക്കുന്നു. കഥ പ്രേതാത്മാവിനെ കഥാപാത്രമാക്കുന്നില്ല, അത് സ്മൃതിയുടെ സാന്നിദ്ധ്യമായി നിലനില്‍ക്കുന്നു. കഥയില്‍ ഏറെ ദൃശ്യവല്‍ക്കരണങ്ങളില്ല, എന്നാല്‍ അനുഭവതീവ്രത വിനിമയം ചെയ്യപ്പെടുന്നുമുണ്ട്. മരിച്ചവരുടെ സാന്നിദ്ധ്യം സംഘര്‍ഷത്തിന്റെ രൂപത്തിലല്ല, സഹവര്‍ത്തിത്വത്തിന്റെ രൂപത്തിലാണ്.

‘മൂന്നാമതൊരാളി’ല്‍ ദൃശ്യങ്ങളെക്കാളും ശക്തമായി പ്രവര്‍ത്തിക്കുന്നത് ശബ്ദങ്ങളാണ്. കഥയുടെ ഭാഷ ലളിതവും സൂചനാത്മകവും വികാരസാന്ദ്രവുമാണ്. അത് പരസ്പരവിനിമയത്തിന്റെ ശബ്ദങ്ങളും മൗനങ്ങളും സംഭാഷണങ്ങളും കൊണ്ട് ഏറെ സഫലമായിരിക്കുന്നു. ശബ്ദം സ്മൃതിയുടെ ഭൗതികരൂപം ആര്‍ജ്ജിക്കുന്നു. കാലുരയുന്ന ശബ്ദം, കാറ്റില്‍ മുളങ്കൂട്ടം പിടയുന്നത് – ശബ്ദങ്ങളെല്ലാം ചേര്‍ന്ന് ഒരു ശബ്ദകോശം സൃഷ്ടിക്കുന്നു. അതിലൂടെ, ഓര്‍മ്മകള്‍ ശബ്ദങ്ങളായി ശരീരരൂപമെടുക്കുന്നു. കാലുരയുന്ന ശബ്ദം ആവര്‍ത്തിച്ചു കേള്‍ക്കുന്നുണ്ട്. അത് പിന്നില്‍ നിന്നാണ് കേള്‍ക്കുന്നത്. അവള്‍ ഇപ്പോഴും പിന്നാലെയുണ്ട്, അവരെ പിന്തുടരുന്നുണ്ട്. ഓര്‍മ്മകള്‍ക്ക് ദൃശ്യരൂപം ആവശ്യമില്ല – അവ ശബ്ദങ്ങളായും വിങ്ങലുകളായും പ്രത്യക്ഷമാകുന്നു. മൂന്നാമത്തെയാളുടെ സാന്നിദ്ധ്യം കഥയില്‍ രേഖപ്പെടുന്നത് ഇങ്ങനെയെല്ലാമാണ്. നേരിട്ടു പറയാതെ, പരോക്ഷം വായനക്കാരനെ അനുഭവിപ്പിക്കുന്നതിലാണ് കഥയുടെ ആന്തരികശക്തി നിലകൊള്ളുന്നത്.

മനുഷ്യന്റെ മസ്തിഷ്‌കത്തിന് അസ്പഷ്ടശബ്ദങ്ങളുടെ അര്‍ത്ഥം നിര്‍മ്മിക്കുന്ന സ്വഭാവമുണ്ട്. അര്‍ത്ഥമില്ലാത്ത രൂപങ്ങളില്‍, ശബ്ദങ്ങളില്‍ അത് അര്‍ത്ഥം കാണുന്നു. ഒരു പഴയ വാതില്‍ കരകരക്കുന്നത്, കാറ്റുവീശുന്ന ശബ്ദം, ദൂരെയൊരാള്‍ സംസാരിക്കുന്ന ശബ്ദം – ഇവയെ നാം പരിചിതശബ്ദങ്ങളായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. നഷ്ടപ്പെട്ട ഒരാളുടെ ഓര്‍മ്മ ശക്തമായിരിക്കുമ്പോള്‍ ആ ശബ്ദങ്ങള്‍ അവന്‍/അവള്‍ തന്നെയാണ് എന്ന ഭ്രമമുണ്ടാകുന്നു. പെയറിഡോളിയ ആണിത്. മരിച്ചവര്‍ ശബ്ദങ്ങളായി തിരികെ വരുന്നു എന്ന ആശയത്തിന് ശാസ്ത്രീയമായ തെളിവുകളില്ല. എന്നാല്‍, ആ വിശ്വാസം ഉളവാക്കുന്ന മനുഷ്യാനുഭവം ശാസ്ത്രീയമായി വിശദീകരിക്കാവുന്നതാണ്. ഇത് ഒരു തെറ്റിദ്ധാരണ മാത്രമല്ല, ഒരു മനുഷ്യാനുഭവം കൂടിയാണ്. നഷ്ടം സഹിക്കാന്‍ മനസ്സെഴുതുന്ന രഹസ്യഭാഷയാണത്. ശാസ്ത്രം അതിന്റെ കാരണം പറയുന്നു. മനുഷ്യഹൃദയം അതിന്റെ അര്‍ത്ഥം നിര്‍മ്മിക്കുന്നു. ഈ കഥയിലെ ശബ്ദകോശവും ഈ വിചാരങ്ങളില്‍ നിന്നും മുക്തമാകേണ്ടതില്ല. എന്നാല്‍, കഥയില്‍ കാരണയുക്തിക്കും ശാസ്ത്രവിചാരത്തിനുമപ്പുറം മനുഷ്യജീവിതയാഥാര്‍ത്ഥ്യം തിളങ്ങുന്നു.

കഥയിലെ സ്ത്രീസാന്നിദ്ധ്യങ്ങള്‍ മൂന്നാമതൊരാള്‍, അമ്മ, ഭഗോതി ഇവ ഓരോന്നും വ്യത്യസ്തതലങ്ങളിലെങ്കിലും സദ്ഭാവങ്ങളായി പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തെയാള്‍ നഷ്ടമായും വേദനയായും ഓര്‍മ്മയായും പ്രത്യക്ഷപ്പെടുമ്പോഴും വലിയൊരു സ്‌നേഹസാന്നിദ്ധ്യവുമാണ്. സ്‌നേഹത്തിന്റെ അപ്രത്യക്ഷമായ തുടര്‍ച്ച! അമ്മയുടെ സാന്നിദ്ധ്യം കഥയില്‍ ഗൃഹാതുരത്വത്തിന്റെ താരള്യം കൊണ്ടുവരുന്നു. ഇവിടെയും സ്‌നേഹം ശബ്ദമില്ലാതെ സംസാരിക്കുന്നു. അമ്മയുടെ കണ്ണീര്‍ പ്രാര്‍ത്ഥനയുടെയും തിരിച്ചറിവിന്റെയും സംയോജനമത്രേ! അമ്മ കരുണയുടെയും പ്രാര്‍ത്ഥനയുടെയും വിവേകത്തിന്റെയും രൂപമായിരിക്കുന്നു. അച്ഛനും ഉണ്ണിയും അമ്പലത്തിലെത്തുമ്പോള്‍ ആത്മീയതലത്തില്‍ കഥ ഉച്ചസ്ഥായിയിലെത്തുന്നു. മാതൃരൂപത്തിലുള്ള ഭഗോതിയാണ് ദൈവം. ഭഗോതി അച്ഛനും ഉണ്ണിക്കും ആത്മീയാശ്രയമാണ്. ”എന്റെ അമ്മേ” എന്ന പ്രാര്‍ത്ഥനയില്‍ മൂന്നു സ്ത്രീരൂപങ്ങളും ഒന്നിക്കുന്നു. അത് ജീവിതത്തിലെ എല്ലാ സ്ത്രീസാന്നിദ്ധ്യങ്ങളോടുമുള്ള പ്രാര്‍ത്ഥനയായി തീരുന്നു. അമ്മയും പാതിയും ദേവിയും – ഈ മൂന്നു രൂപങ്ങളും ഒരൊറ്റ മാതൃരൂപത്തില്‍ ലയിക്കുന്നു. കഥാന്ത്യത്തിലും മൂന്നാമത്തെയാളുടെ ശബ്ദസാന്നിദ്ധ്യം അവസാനിക്കുന്നില്ല. അച്ഛനും മകനും മടങ്ങുമ്പോഴും ആ ശബ്ദസാന്നിദ്ധ്യം തുടരുന്നു. ആത്മീയമായ ആശ്വാസത്തിലും അയാളുടെ നഷ്ടം ഇല്ലാതാകുന്നില്ല. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥ സ്‌നേഹത്തെ ഒരു നിത്യബന്ധമായി അവതരിപ്പിക്കുന്നു – ശരീരാതീതവും കാലാതീതവും ആത്മീയവും.

കഥയിലെ ഉണ്ണി ഭാവിയുടെ സാദ്ധ്യതയും അയാള്‍ക്കു ജീവിക്കാനുള്ള ഏകകാരണവുമാണ്. നമുക്കു ചൂട്ടിന്റെ വെളിച്ചമെങ്കിലും വേണമെന്ന അവന്റെ വാക്കുകളില്‍ ഇരുട്ടിലും മുന്നോട്ടു നയിക്കുന്ന ദീപമായി ഉണ്ണി മാറുന്നുണ്ട്. ഇതു മാത്രമല്ല. തോക്ക് വാങ്ങിത്തരണമെന്ന അവന്റെ ബാലസഹജമായ ആവശ്യം ജീവിതം ഇപ്പോഴും തുടരുന്നുവെന്ന് അച്ഛനെ ഓര്‍മ്മപ്പെടുത്തുന്നതായി വായിക്കാവുന്നതാണ്. മകനോട് കരുതല്‍ വേണമെന്ന സഹധര്‍മ്മിണിയുടെ മനോഭാവത്തെയും അത് അയാളെ ഓര്‍മ്മിപ്പിക്കുന്നു. മകനോടുള്ള അച്ഛന്റെ മറുപടി ഒരു വാഗ്ദാനത്തിലുപരി അയാള്‍ക്ക് ആത്മരക്ഷാമന്ത്രം കൂടിയാണ്.

കഥയുടെ മഹത്ത്വം അതിലെഴുതപ്പെട്ടിരിക്കുന്ന സംഭവവിവരണങ്ങളിലല്ല, അതിന്റെ അനുഭവശക്തിയിലാണ്. പുറമേ സംഭവിക്കുന്നതൊക്കെ ചെറിയ കാര്യങ്ങളാണ്, ഉള്ളില്‍ നടക്കുന്നത് അതിവിപുലവും. പല മഹത്തായ ലോകകഥകളിലും കാണുന്നതു പോലെ തന്നെ ഇവിടെ എഴുത്തുകാരന്‍ എല്ലാം തുറന്നുപറഞ്ഞു തീര്‍ക്കുന്നില്ല. വായനക്കാരനെ ഒരു വലിയവാതിലിനു മുന്നില്‍ നിര്‍ത്തി അകത്തു കടക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. മൂന്നാമത്തെയാള്‍ ആരാണെന്നു കഥ നേരിട്ടു പറയുന്നില്ല. അനുഭവവിവരണത്തിലൂടെ അതു നമ്മെ അറിയിക്കുന്നു. ഈ അനുഭവാത്മകവായനാവൈഖരി ലോകസാഹിത്യത്തിലെ ഉയര്‍ന്ന കഥാപാരമ്പര്യങ്ങളുമായി ഈ ആഖ്യാനത്തെ ബന്ധിപ്പിക്കുന്നു. കഥയുടെ ശക്തി അതിന്റെ നിശബ്ദതയിലാണ്. വലിയ വേദനകള്‍ ഇവിടെ ഉച്ചത്തില്‍ കരയുന്നില്ല, അവ മൗനമായി നിലകൊള്ളുന്നു. മികച്ച കഥകള്‍ പലപ്പോഴും മൗനനൊമ്പരം കൊണ്ടാണ് നമ്മെ കീഴടക്കുന്നത്. സാധാരണമായി കഥകളില്‍ സ്‌നേഹം സാന്നിദ്ധ്യത്തിലൂടെയാണ് പ്രകടമാകുന്നത്. എന്നാല്‍ ‘മൂന്നാമതൊരാളി’ല്‍ സ്‌നേഹം അസാന്നിദ്ധ്യത്തിലൂടെ സംസാരിക്കുന്നു. അങ്ങനെ, ലോകസാഹിത്യത്തിലെ തത്ത്വചിന്താമാനങ്ങളുള്ള കഥകളോട് അതു ചേര്‍ന്നുനില്‍ക്കുന്നു. കഥയുടെ സവിശേഷമാനങ്ങളില്‍ പോലും മറഞ്ഞിരിക്കുന്ന സാര്‍വലൗകികത ശ്രദ്ധേയമാണ്. കേരളത്തിലെ ഒരു ഗ്രാമവഴി, ഒരു അച്ഛനും മകനും, ഒരു കുടുംബസന്ദര്‍ഭം – ഈ പ്രാദേശികമായ ഘടകങ്ങളെ കൊണ്ട് ഏതു സംസ്‌കാരത്തിനും ഏതു മനുഷ്യനും ഉള്ളിലേറ്റാന്‍ കഴിയുന്ന ആത്മീയാനുഭവത്തെ കഥ വിനിമയം ചെയ്യുന്നു. അലങ്കാരഭാരരഹിതമായ കഥയുടെ ഭാഷയില്‍ ഓരോ വാക്കും ഒരു നിശ്ചിതസ്പന്ദത്തെ വഹിക്കുന്നു. വളരെ ചെറിയ വാക്യങ്ങളില്‍ വലിയ അനുഭവത്തെ അടുക്കിവെച്ചിരിക്കുന്നു. ഈ സംക്ഷിപ്തതയുടെ ഗാംഭീര്യം ലോകത്തിലെ മികച്ച കഥകള്‍ക്ക് അവകാശപ്പെട്ടതാണ്. കഥ വായിച്ചുതീര്‍ന്നാലും മൂന്നാമതൊരാള്‍ നിര്‍മ്മിക്കുന്ന ശബ്ദകോശം നമ്മെ പിന്തുടരുന്നു. പിന്നില്‍ കാലുരയുന്ന ശബ്ദം!

No Comments yet!

Your Email address will not be published.