പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക യാത്രികനുമായ അനിൽകുമാർ എ. വി.യുടെ തിങ്കൾ പംക്തി തുടരുന്നു…
നുറുങ്ങുകൾ‐ 20

ഒരു ചിത്രം ഒരിക്കലും മങ്ങാത്ത ഒരു നിമിഷമാണ്. വാക്കുകൾക്ക് പറയാൻ കഴിയാത്ത കഥ ഓരോന്നിലും ഒളിഞ്ഞിരിപ്പുണ്ട്. ഓരോ ചിത്രത്തിലും ഒരു ഓർമ പുനരുജ്ജീവിപ്പിക്കപ്പെടാൻ നാമെല്ലാം കാത്തിരിക്കുന്നു. സ്‌മരണകൾ സൃഷ്ടിക്കപ്പെടുന്നില്ല പിടിച്ചെടുക്കപ്പെടുന്നു. എന്നാൽ ലെൻസിലൂടെയാണ് ജീവിതത്തിന്റെ ഹൃദയമിടിപ്പുകൾ സംരക്ഷിക്കപ്പെടുന്നതെന്ന് പറയാറുണ്ട്. 1960 കളിലും 70 കളിലും ബ്രിട്ടീഷ് വാരിക അഡ്വഞ്ചർ കോമിക്സിലെ ഏറ്റവും ജനപ്രിയ നായകരിൽ ഒരാളായിരുന്നു ദി സ്റ്റീൽ ക്ലോ. 2005 ൽ ഡിസി കോമിക്സിന്റെ വൈൽഡ്‌സ്റ്റോം ഇംപ്രിന്റ് പ്രസിദ്ധീകരിച്ച ആറ് ലക്കങ്ങളുള്ള ഹ്രസ്വപരമ്പര ആൽബിയണിനായി ആ കഥാപാത്രം പുനരുജ്ജീവിപ്പിച്ചു. 1962 ഒക്ടോബർ ആറിന്റെ വാലിയന്റിന്റെ ആദ്യ പതിപ്പിലാണ് ദി സ്റ്റീൽ ക്ലോ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ എഴുത്തുകാരൻ ഹെൻറി കെന്നത്ത് ബൾമറും വാലിയന്റ് , ഇൻവേഷൻ ജനപ്രിയ പരമ്പരകളിലൂടെ പ്രശസ്‌തനായി ഏറെ സ്വാധീനം നേടിയ സ്പാനിഷ് കോമിക് പുസ്തക കലാകാരൻ ജെസസ് ബ്ലാസ്കോയും അത് മെച്ചപ്പെടുത്തി. ആദ്യ മൂന്ന് സീരിയലുകൾക്ക് ശേഷം ബൾമർ ശീർഷകം ഉപേക്ഷിച്ചു, പകരം ടോം ടുള്ളിയാക്കി. 1960-കളിൽ ഭൂരിഭാഗവും ദി സ്റ്റീൽ ക്ലോ വാലിയന്റിൽ പ്രത്യക്ഷപ്പെട്ടു, കൂടാതെ കോമിക്കിലെ ഏറ്റവും ജനപ്രിയ സ്ട്രിപ്പുകളിൽ ഒന്നായിരുന്നു അത്. 1970 മെയ് മാസത്തിൽ കഥയ്‌ക്ക് തിരശീല വീണു. ഒരു വർഷം കഴിഞ്ഞ് തിരിച്ചെത്തി, റിട്ടേൺ ഓഫ് ദി ക്ലോ എന്ന പുതിയ പേരിൽ. വാലിയന്റ് ബാറ്റിൽ പിക്ചർ വീക്കിലിയുമായി ലയിച്ചപ്പോൾ 1975 തൊട്ട് സ്ട്രിപ്പ് വീണ്ടും അച്ചടിച്ചു. ജർമനി, ഇന്ത്യ, സ്വീഡൻ എന്നിവയുൾപ്പെടെ ലോകമെമ്പാടും പ്രചുര പ്രചാരം നേടുകയും ചെയ്‌തു. 2000- ൽ ഗ്രാൻഡ് മോറിസൺ തന്റെ സെനിത്ത് സ്ട്രിപ്പിൽ ദി സ്റ്റീൽ ക്ലോയുടെ സൂപ്പർഹീറോ അവതാരത്തെ ഉപയോഗിക്കുംവരെ വർഷങ്ങളോളം ആ കഥാപാത്രം അനിശ്ചിതത്വത്തിലായിരുന്നു. തുടർന്ന് 1992-ൽ 1960-കളിലെ മറ്റ് കഥാപാത്രങ്ങൾക്കൊപ്പം ദി സ്റ്റീൽ ക്ലോയെയും ഉൾപ്പെടുത്തി പ്രത്യേക പരമ്പര പുറത്തിറക്കി.

2021-ൽ റെബലിയന്റെ ട്രഷറി ഓഫ് ബ്രിട്ടീഷ് കോമിക്സ് ഇംപ്രിന്റ് ആദ്യകാല കഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ലബോറട്ടറി അപകടത്തിൽ വലതു കൈ നഷ്ടപ്പെടുംവരെ ലൂയിസ് ക്രാൻഡൽ ശാസ്ത്രജ്ഞനായ പ്രൊഫസർ ബാരിഞ്ചറിന്റെ സഹായിയായിരുന്നു. പിന്നീട് കൃത്രിമ ലോഹ കൈ പകരം ഉപയോഗിച്ചു. മറ്റൊരു ലബോറട്ടറി അപകടത്തിൽ പുതിയ രശ്മികൊണ്ട് ഉയർന്ന വോൾട്ടേജ് വൈദ്യുതാഘാതം ലഭിച്ചാൽ കൃത്രിമ കൈ ഒഴികെ പരിമിതമായ സമയത്തേക്ക് അദ്ദേഹം അദൃശ്യനാവും. ക്രാൻഡൽ തുടക്കത്തിൽ പുതിയ സമ്മാനം മോഷ്ടിക്കാൻ ഉപയോഗിച്ചു, അദ്ദേഹം മാനസികരോഗിയായ കുറ്റവാളിയായി മാറി. ആദ്യകാലങ്ങളിൽ വില്ലനായിരുന്നു, പിന്നീട് കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ തന്റെ പുതിയ ശക്തികൾ ഉപയോഗിക്കാൻ തീരുമാനിച്ചു. അദൃശ്യനാവാൻ സാധ്യമാക്കിയ അപകടം താൽക്കാലികമായി ഭ്രാന്തനാക്കിയെന്ന് വിശദീകരിക്കപ്പെട്ടു. അദ്ദേഹം ഷാഡോ സ്ക്വാഡ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് രഹസ്യ ചാര ഏജൻസിയിൽ ചേർന്നു. അപ്പോഴേക്കും ഓരോ വിരലിലും വിവിധതരം ആയുധങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചിരുന്ന ഉരുക്ക് നഖവും അദൃശ്യതയുടെ ശക്തിയും ഉപയോഗിച്ച് ലൂയിസ് ക്രാൻഡൽ വിവിധ ക്രിമിനലുകളോടും അന്യഗ്രഹജീവികളോടും ഫിയർ (ഫെഡറേഷൻ ഫോർ എക്സ്റ്റോർഷൻ, അസാസിനേഷൻ ആൻഡ് റിബലിയൻ) എന്നറിയപ്പെടുന്ന സംഘടനയോടും പോരാടി. സാഹസികതകൾക്കിടയിൽ ക്രാൻഡൽ ലോഹ മെഷ് സൂപ്പർഹീറോ വസ്ത്രം ധരിച്ച് കുറച്ചുകാലം ജീവിച്ചു. നഖത്തിൽ നിരവധി അന്തർനിർമിത ആയുധങ്ങളോടെ. മിസൈലുകളും വാതകവും വെടിവയ്ക്കാൻ കഴിവുള്ള ബിൽറ്റ്-ഇൻ റേഡിയോ ട്രാൻസ്മിറ്ററും റിസീവറും അവയിലുണ്ടായി. അത് നീണ്ടുനിന്നില്ല, ക്രാൻഡൽ പെട്ടെന്ന് രഹസ്യ ഏജന്റ് വേരുകളിലേക്ക് മടങ്ങി. അപ്പോഴേക്കും നഖം റിമോട്ട് കൺട്രോളിൽ നിന്ന് നിയന്ത്രിക്കപ്പെടുകയും ഗാഡ്‌ജെറ്റുകൾ കൊണ്ട് നിറയുകയും ചെയ്തു. ഷാഡോ സ്ക്വാഡിൽ നിന്ന് വിരമിച്ച ശേഷം ക്രാൻഡൽ ഡിറ്റക്ടീവായും പിന്നീട് വേട്ടക്കാരനായും മാറി. ഭൂതകാലത്തോടുള്ള അവിശ്വാസം ഒടുവിൽ തെക്കേ അമേരിക്കയിലേക്ക് കൊണ്ടുപോയി, അവിടെ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം തുടർന്നു.

ജനപ്രിയ ആക്ഷൻ ഹീറോകളിൽ ഒരാളായി ഇന്ത്യയിലും ആരാധന നേടിയ സ്റ്റീൽ ക്ലോ
ഏറ്റവും ജനപ്രിയ ആക്ഷൻ ഹീറോകളിൽ ഒരാളായി സ്റ്റീൽ ക്ലോ ഇന്ത്യയിൽ ആരാധനാ പദവി നേടി. തമിഴിൽ ഉരുക്കുകൈ മായാവി, മലയാളത്തിൽ ഇരുമ്പുകൈ മായാവി, ആന്ധ്രാപ്രദേശിൽ ഉക്കുപിടി മായാവി എന്നിവ ദശലക്ഷക്കണക്കിന് ആരാധകർക്ക് പ്രിയപ്പെട്ടതായി. തമിഴ്‌നാട്ടിൽ ഫ്ലീറ്റ്‌വേ പബ്ലിക്കേഷൻസ് 1971 ൽ മുത്തു കോമിക്‌സ് ദി സ്റ്റീൽ ക്ലോ പ്രസിദ്ധീകരിച്ചു. ആന്ധ്രാപ്രദേശിൽ എഴുപതുകളുടെ തുടക്കത്തിൽ സ്റ്റീൽ ക്ലോ കോമിക്‌സിന്റെ തെലുങ്ക് പതിപ്പായ ഉക്കുപിടി മായാവി ജനപ്രിയ തെലുങ്ക് ബാല മാസികയോടൊപ്പം സപ്ലിമെന്റായി വിറ്റു. പിന്നീട് ലയൺ കോമിക്സ് ദക്ഷിണേന്ത്യയിലെ സ്റ്റീൽ ക്ലോയുടെ സാഹസികതകൾ പ്രസിദ്ധീകരിച്ചു. പരമ്പര ഹിന്ദി മാസിക പരാഗിൽ ഫൗലാദി പഞ്ച എന്ന പേരിലാണ് ഇറക്കിയത്. കേരളത്തിൽ കൊണ്ടുവന്നതാകട്ടെ അച്യുതൻ ബുക്ക് ഹൗസും റീഗൽ പബ്ലിഷേഴ്‌സും. സ്റ്റീൽ ക്ലോയെ അച്യുതൻ ബുക്ക് ഹൗസിനുവേണ്ടി ഇരുമ്പുകൈ മായാവി എന്ന് പരിഭാഷപ്പെടുത്തിയത് കണ്ണാടി വിശ്വനാഥൻ. റീഗൽ പബ്ലിഷേഴ്‌സിനായി വിവർത്തനം ചെയ്‌തത് തോമസ് വർഗീസും. സിഐഡി മൈക്കിൾ, സിഐഡി മൂസ, സിഐഡി മഹേഷ് എന്നിവർ സ്റ്റീൽ ക്ലോയുടെ കേരളത്തിലെ പ്രതിപുരുഷന്മാരായി. എന്നിരുന്നാലും അവരുടെ കഴിവുകൾ വ്യത്യസ്തമായിരുന്നു. സ്റ്റീൽ ക്ലോയെ നേരിട്ട് അനുകരിക്കാത്തതിനാൽ കൗമാരക്കാർക്കുള്ള ആദ്യത്തെ യഥാർഥ ഡിറ്റക്ടീവ് കോമിക് പരമ്പരയായി വിശ്വനാഥന്റെ സംഭാവന കണക്കാക്കപ്പെടുന്നു.

കണ്ണാടി വിശ്വനാഥൻ എന്നറിയപ്പെട്ട പ്രശസ്‌ത ചിത്രകഥാ രചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻ നായർ കഴിഞ്ഞ ദിവസം അന്തരിച്ചത് 94‐ാം വയസിലാണ്. ചിത്രകാരൻ എന്നതിലുപരി മികച്ച കഥാകാരൻ കൂടിയായിരുന്ന അദ്ദേഹം പൂമ്പാറ്റ, ബാലമംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സൃഷ്ടിച്ച രചനകൾ ലക്ഷക്കണക്കിന് പ്രതികകളാണ് വിറ്റുപോയത്. വായനക്കാർക്ക് എപ്പോഴും പ്രിയപ്പെട്ട വിശ്വേട്ടനായിരുന്നു. കുട്ടികളുടെ മനസറിറിഞ്ഞ് വരയ്ക്കാനുള്ള വൈഭവം തന്നെയാണ് അത്രയേറെ സ്വീകാര്യത നൽകിയത്. മലയാളത്തിലെ ചിത്രകഥാ സാംസ്കാരിക ചരിത്രത്തിൽ ആ പേര് എക്കാലവും നിലനിൽക്കുമെന്നുറപ്പ്. 1960കളിലും 70കളിലും ധാരാളം ജനപ്രിയ ചിത്രകഥകൾ സംഭാവന ചെയ്‌തു; 123 സമാഹാരങ്ങളാണ് ആ തൂലികയിൽ നിന്ന് പിറന്നത്. ഇരുമ്പുകൈ മായാവി, സിഐഡി മൂസ, സിഐഡി മഹേഷ്, സിഐഡി മൈക്കിൾ, ഫ്ലൈറ്റ് 731, മഞ്ഞുകട്ട രഹസ്യം, റിവോൾവർ റിങ്കോ,സർപ്പ ദ്വീപ്, ബോയിങ് ബോയിങ് തുടങ്ങിയവ അതിപ്രശസ്തങ്ങൾ. കുറ്റാന്വേഷണ കഥകളായിരുന്നു അവയിലേറെയും. തമിഴിൽനിന്ന് പരിഭാഷപ്പെടുത്തിയ ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവ ആദ്യകാല രചനകൾ. 1983ൽ ഇറങ്ങിയ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാണ് അവസാനത്തേത്.

പത്രാധിപര്‍ക്ക് ഭീഷണിക്കത്തുകൾ
സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ കണ്ണാടി വിശ്വനാഥന് ആദരാഞ്ജലികൾ എന്നാണ് നടൻ ദിലീപ് മുഖപുസ്‌തകത്തിൽ രേഖപ്പെടുത്തിയത്. സിനിമയിലൂടെ പുതുതലമുറ സാക്ഷിയായ സിഐഡി മൂസ എന്ന കഥാപാത്രത്തെ മലയാളി ആദ്യമായി കണ്ടത് വിശ്വനാഥന്റെ കഥകളിലൂടെണ്. കറുത്ത കോട്ടും തൊപ്പിയും വെച്ച ബാലമംഗളത്തിലെ ഡിറ്റക്ടീവിന്റെ ചിത്രം തലമുറകളുടെ ആവേശമായി. ഇടയ്ക്ക് കഥയില്‍ മൂസയെ ഒഴിവാക്കിയപ്പോള്‍ പത്രാധിപര്‍ക്ക് നിരന്തരം വായനക്കാരുടെ ഭീഷണി കത്തുകൾപോലും വന്നു. മനുഷ്യ സമാനമായി പ്രവർത്തിക്കുന്ന യന്ത്രങ്ങൾ, സ്വിച്ച് അമർത്തുമ്പോൾ മറിഞ്ഞുമറിയുന്ന കെട്ടിടങ്ങൾ, ദുരൂഹ ദ്വീപുകൾ, രഹസ്യശാസ്ത്ര പരീക്ഷണങ്ങളടക്കം കുട്ടികളുടെ സങ്കൽപ്പത്തെ വളർത്തിയ ഒട്ടേറെ ലോകങ്ങൾ ആ കഥകളിലിരമ്പി. ഉദയ്കൃഷ്ണയുടെയും സിബി കെ തോമസിന്റെയും സംയുക്ത തിരക്കഥ അവലംബിച്ച് ജോണി ആന്റണി സംവിധാനം ചെയ്ത് 2003 ജൂലൈ നാലിന് റിലീസായ മലയാളം ആക്ഷൻ കോമഡി ചിത്രമാണ് സിഐഡി മൂസ. ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന, സുകുമാരി, സലിം കുമാർ, ഇന്ദ്രൻസ്, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശരത് സക്സേന, ആശിഷ് വിദ്യാർഥി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി. സിഐഡി മൂസയുടെ ഉജ്വല വിജയത്തെ തുടർന്ന് 2007ൽ തമിഴിൽ ചീന താണ 001(സംവിധാനം ടി പി ഗജേന്ദ്രൻ) 2013-ൽ കന്നഡയിൽ സിഐഡി ഈഷ(സംവിധാനം എൻ രാജേഷ് ഫെർണാണ്ടസ്) അതേ വർഷം തെലുങ്കിൽ രാമചാരി (സംവിധാനം ജി വി ഈശ്വര്‍) എന്നീ പേരുകളിൽ റീമേക്ക് ചെയ്തു. ചിത്രകല ഔപചാരികമായി അഭ്യസിച്ചില്ലെങ്കിലും സ്വാഭാവികമായ കഴിവിനാൽ വിശ്വനാഥൻ ആ രംഗത്ത് ഏറ്റവും തലയെടുപ്പിലെത്തി. പേരക്കിടാങ്ങൾക്ക് പോലും അതേക്കുറിച്ച് ധാരണ ഉണ്ടായില്ല, ആ സിനിമയെക്കുറിച്ചുള്ള ഷോയിൽ കണ്ണാടി വിശ്വനാഥന്റെ കോമിക്കിൽ നിന്നാണ് ശീർഷകം വന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുംവരെ. അപ്പോഴാണ് തങ്ങളുടെ മുത്തച്ഛൻ തയ്യൽക്കാരൻ എന്നതിലുപരി കോമിക്കുകളും തുന്നിയിട്ടുണ്ടെന്ന് അവർ മനസിലാക്കിയത്.

കുട്ടികൾക്കൊപ്പം പ്രായമേറിയവരിലും രസം കോരിയൊഴിച്ച സിഐഡി മൂസ
പതിറ്റാണ്ടുകൾ കുട്ടികൾക്കൊപ്പം പ്രായമേറിയവരിലും ഒരേ ആവൃത്തിയിൽ രസം കോരിയൊഴിച്ച സിഐഡി മൂസയുടെ ചിത്രകഥകളിലൂടെ അദ്ദേഹം കേരളത്തിലെ ഓരോ ഗൃഹഭിത്തികൾക്കുള്ളിലും സുപരിചിതനായി. മലയാളത്തിലെ കുട്ടിപ്രസിദ്ധീകരണങ്ങളിൽ ഏറെ ആരാധകരുണ്ടായ കഥാപാത്രമായ സിഐഡി മൂസ ബാലമംഗളം മാസികയിലൂടെയാണ് സുഹൃത്തുക്കളായ ലംബോദരനും കുതിര കപ്പിയ്‌ക്കുമൊപ്പം വായനക്കാരിലേക്ക് എത്തിയത്. സിഐഡി മൂസ എന്ന കഥാപാത്രത്തിന് അഭ്രഭാഷ്യം ഒരുക്കുന്നതിനും വളരെ മുമ്പ് ചിത്രകഥകളിലൂടെ വിശ്വനാഥൻ പ്രശസ്തമാമായിരുന്നു. തനത് ശൈലി അവലംബിച്ചിരുന്ന അദ്ദേഹം കഥാപാത്രങ്ങളുടെ ചലനങ്ങളിലും ഭാവങ്ങളിലും വരുത്തിയ സൂക്ഷ്മത ഏറെ ശ്രദ്ധേയങ്ങൾ. ലളിതമായ വരകളിലൂടെ ഹാസ്യം വിശദീകരിക്കാനുള്ള കൃതഹസ്‌തത വിസ്‌മയയഭരിതമായിരുന്നു. ചിത്രകഥകൾ വെറും വിനോദമായിരുന്ന കാലയളവിൽ അവയ്‌ക്ക് കലാപരമായ മൂല്യത്തിന്റെ ഉള്ളടക്കം നൽകിയ പ്രതിഭയാണ് അദ്ദേഹം. ലളിതമായി പൊരുമാറിയ ആ മനുഷ്യനുള്ളിൽ സമ്പന്നമായ വലിയ സർഗാത്മക ലോകം തുടിച്ചുനിന്നു. ഡിജിറ്റൽ യുഗത്തിന്റെ തിരതള്ളലിനിടയിലും വിശ്വനാഥന്റെ കൈപ്പടയിൽ പിറന്ന ചിത്രങ്ങളിൽ എഴുന്നേറ്റുവരുംവിധം പ്രത്യേക ജീവനുള്ളതായി സ്‌പന്ദിക്കും. സിഐഡി മൂസയെ വായിക്കാത്ത ഒരു മലയാളി കുരുന്നിനെപോലും പഴയകാലത്ത് കാണാനാവുമായിരുന്നില്ല. ആ കഥാപാത്രത്തിന്റെ ഓരോ ചലനവും വസ്‌ത്ര സംവിധാനവും സ്വഭാവ സവിശേഷതകളും അവരെ ആഴത്തിൽ രസിപ്പിച്ച് പിടിച്ചിരുത്തി.

പത്താം ക്ലാസിൽ ഉപേക്ഷിച്ച പഠനം
പാലക്കാട് ചുങ്കമന്ദം യു പി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1932ലാണ് വിശ്വനാഥന്റെ ജനനം. സാമ്പത്തിക ക്ലേശങ്ങൾ കാരണം പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവരികയുണ്ടായി. ഒന്നര പതിറ്റാണ്ട് ചെന്നൈയിൽ തയ്യൽക്കാരനായി ജോലിചെയ്തശേഷം 32 വയസിൽ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. കുന്നത്തൂർമേട്ടിൽ അച്യുതൻ ബുക്ക് ഹൗസ് ഉടമ അച്യുതന്റെ കെട്ടിടത്തിൽ തുന്നൽക്കട നടത്തി. തമിഴിൽ നിന്നും ചിത്രകഥകൾ മലയാളത്തിലേക്ക് മൊഴിമാറ്റി അച്യുതൻ ബുക്ക് ഹൗസിന് കൈമാറി. ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവയുടെ പ്രസിദ്ധീകരണം വൻ വിജയമായി. ഓരോ പുസ്തകവും പതിനായിരക്കണക്കിന് കോപ്പികൾ വിറ്റഴിച്ചു. അന്ന് ഒരു രൂപ മാത്രമായിരുന്നു വില. നിയോകോമിക്സ് എന്ന പേരിലാണ് അവയെല്ലാം ഇറക്കിയത്. വിശ്വനാഥൻ ചിത്രകഥകളിൽ ഉപയോഗിച്ച ടമാാർ (വെടിയൊച്ച), പഠാാർ(സ്ഫോടനം) എന്നീ പ്രയോഗങ്ങൾ പ്രശസ്തങ്ങളാണ്. മായാവിക്കഥകളുടെ പ്രധാന സവിശേഷത മലയാളിത്തം തുളുമ്പിയ ശബ്ദാനുകരണങ്ങളായിരുന്നു. നായയുടെ കുര ഗുര്‍ ഗുര്‍ എന്നും, ഇടി ഠിം ഠിം എന്നും അദ്ദേഹം മാറ്റിയെഴുതി. മായാവിയുടെ പ്രശസ്തമായ ആത്മഗതങ്ങള്‍ വായനക്കാരെ തമാശ കലര്‍ന്ന സ്‌മരണയായി ഇന്നും പിന്തുടരുന്നു. തനിക്ക് നേരെ ചീറിയടുക്കുന്ന വെടിയുണ്ടയെപറ്റി ഗൗരവമായി ആലോചിച്ച് തീരുമാനമെടുത്ത ശേഷം മാത്രം തല വെട്ടിക്കുന്ന മായാവി അക്കാലത്തെ കുട്ടികള്‍ക്ക് സൂപ്പര്‍ ഹീറോ മാത്രമല്ല, കളിക്കൂട്ടുകാരൻ കൂടിയായിരുന്നു.ദിനൊസോറുകളുടെ കഥ പറഞ്ഞ ജുറാസിക് പാർക്ക് എന്ന വിദേശ ചലച്ചിത്രം ഇറങ്ങുന്നതിനും 23 വർഷങ്ങൾക്ക് മുമ്പ് രാക്ഷസപ്പല്ലികൾ എന്ന കൃതിയെഴുതി മലയാളത്തെ അത്ഭുതപ്പെടുത്തി വിശ്വനാഥൻ. ഹോളിവുഡിൽ സ്‌പൈഡര്‍മാനും ബാറ്റ്മാനും വിശ്രമ‐വിനോദ മുറികളിൽ എത്തുംമുമ്പ് മലയാളികള്‍ നെഞ്ചേറ്റിയ സൂപ്പര്‍ ഹീറോയാണ് ഇരുമ്പുകൈ മായാവി. സ്റ്റീല്‍ ക്ലോയെ എന്നപോലെ ബാരക്യൂഡയെ സിഐഡി മൂസയായും പുനരവതരിപ്പിച്ചത് വിവർത്തനം എന്നതിനേക്കാൾ മലയാളിയുടെ നാട്ടുഭാഷയും സ്വതസിദ്ധ ശൈലിയും മിശ്രണം ചെയ്‌താണ്. മായാവിക്ക് അപ്രത്യക്ഷനാവാന്‍ വൈദ്യുതി അവശ്യമായിരുന്നു. പൊട്ടിവീണ കമ്പിയിലോ പ്ലഗ്ഗ് ദ്വാരത്തിലോ വിരല്‍തൊട്ട് ആ അത്ഭുത കഥാപാത്രം മായുന്നത് വീക്ഷിച്ച് അങ്ങനെ അദൃശ്യരാവാന്‍ തുനിഞ്ഞ് വൈദ്യുതാഘാതമേൽക്കാതെ ജീവൻ തിരിച്ചുകിട്ടിയ എത്രയോ ചെറു മായാവിമാര്‍ കേരളത്തിന്റെ നടുക്കമായി.







No Comments yet!