Skip to main content

ഇസ്രയേലി ജയിലിൽനിന്ന്‌ ഡോക്ടറുടെ ‘മരണമൊഴി’

വടക്കൻ ഗാസയിലെ 10 ലക്ഷത്തിലേറെ ആളുകൾക്ക്‌ ആശ്രയം അൽ അഹ്ലി അറബ് ആശുപത്രിയിലെ ഒരു സി ടി സ്കാനർ മാത്രം. ദിവസം 50 കേസുകൾ കൈകാര്യം ചെയ്യാൻമാത്രം ശേഷിയുള്ള അതിപ്പോൾ നൂറിലധികം പരിശോധനയ്‌ക്ക്‌ ഉപയോഗിക്കുന്നു. റിസർവേഷന് രണ്ട് മാസം വരെ എടുക്കും. ഗാസയിലെ 16 സിടി സ്കാനറുകളും നശിപ്പിച്ച ഇസ്രയേൽ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും 76 ശതമാനം പ്രവർത്തനരഹിതമാക്കി. ഐക്യരാഷ്ട്രസഭയുടെ 2026 ഫെബ്രുവരി അഞ്ചിലെ കണക്ക്‌ പ്രകാരം 11000 കാൻസർ ബാധിതർക്ക് രോഗനിർണയവും ചികിത്സാ സേവനങ്ങളും നിഷേധിക്കപ്പെടുന്നു. ദിവസം വൈദ്യ സഹായം ആവശ്യമായ ഇരുപതിനായിരത്തിൽ 12 പേരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. പ്രത്യേക മരുന്നുകളോ അടിസ്ഥാന വേദനസംഹാരികളോ ഇല്ല. വിദഗ്‌ദ പരിശോധനകൾ എത്രയോ മാസങ്ങൾ വൈകുന്നതിനാൽ മരണം ഏറുന്നുമുണ്ട്‌. അത്യാഹിത വിഭാഗമുള്ള ഒരേയൊരു സ്ഥാപനമായ അൽ-ഷിഫ ആശുപത്രിയിൽ സിടി സ്കാനറേയില്ല. അതിനാൽ പരിക്കേറ്റവരെ ആ സ്ഥലത്ത് നിന്ന് അൽ-ഷിഫയിലേക്കും പിന്നീട് സിടി സ്കാനിന്‌ അൽ അഹ്ലിയിലേക്കും വീണ്ടും അൽ-ഷിഫയിലേക്കും മാറ്റേണ്ടിവരുന്നത്‌ ഒരു മണിക്കൂറോ കൂടുതലോ കാലതാമമുണ്ടാക്കും. 2024 മാർച്ചിൽ ഇസ്രയേൽ രണ്ടാം പ്രാവശ്യവും ആക്രമിച്ചപ്പോഴാണ്‌ അൽ-ഷിഫയിലെ സ്കാനർ നശിപ്പിച്ചത്‌. തുടർച്ചയായ വംശഹത്യയിലുടനീളം ഉപയോഗശൂന്യമാക്കിയത്‌ 16 എണ്ണവും. തകർന്ന മുനമ്പിൽ 24 ശതമാനം ഉപകരണങ്ങളും പഴയതും തകരാറുള്ളവയുമാണ്‌. ഗാസയിൽ ആരോഗ്യ പ്രതിസന്ധി അതിരൂക്ഷമായിട്ടുണ്ട്‌. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കിടയിൽ പകർച്ചവ്യാധികൾക്കുള്ള സാധ്യത ഏറുന്നതിനാൽ മാനുഷിക സാഹചര്യം പിടിവിട്ടുപോയിക്കൊണ്ടിരിക്കയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ 9300 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു, അതിൽ പകുതിയിലധികവും ഖാൻ യൂനിസിൽ. തിരക്കേറിയ ഷെൽട്ടറുകൾ, ശുദ്ധജല ലഭ്യതക്കുറവ്, തകർന്ന ശുചിത്വ സംവിധാനങ്ങൾ, കടുത്ത വേനൽക്കാല താപനില എന്നിവയാണ് രോഗവ്യാപനത്തിന് കാരണം. 1600 കേന്ദ്രങ്ങളിലായി 17 ലക്ഷം പേർ അഭയം തേടിയിട്ടുണ്ട്, അതേസമയം ആവശ്യമുള്ളവരിൽ ഒരു വിഭാഗത്തിലേക്ക് മാത്രമേ ക്യാമ്പ് മാനേജ്മെന്റ് സേവനങ്ങൾ എത്തുന്നുള്ളൂ. പല സ്ഥലങ്ങളിലും പരാദങ്ങൾ, മാലിന്യകൂമ്പാരം, മലിനജല ചോർച്ച, വെള്ളം കെട്ടിനിൽക്കൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ്‌. അത് പൊതുജനാരോഗ്യ വെല്ലുവിളികൾ പ്രത്യേകിച്ച് കുട്ടികളിൽ കൂടുതൽ അപകടസാധ്യതയുണ്ടാക്കുന്നു. പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നത് ഗാസ മുനമ്പിൽ അഭൂതപൂർവമായ ജനസാന്ദ്രത അനുഭവപ്പെടുന്നുവെന്നാണ്, ഒരു ചതുരശ്ര കിലോമീറ്ററിന് 35000 ആളുകൾ. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ ഇസ്രയേൽ അധിനിവേശം തുടരുന്ന സാഹചര്യത്തി 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സ്ട്രിപ്പിന്റെ യഥാർത്ഥ പ്രദേശത്തിന്റെ 36 ശതമാനത്തിലേറെ ഉൾക്കൊള്ളാത്ത പരിമിതമായ പ്രദേശത്താണ് 20 ലക്ഷത്തിലധികം പലസ്തീനികൾ താമസിക്കുന്നതെന്നും ബ്യൂറോ വിശദീകരിച്ചു.

ഡോ. ഹുസ്സാം അബു സഫിയ

മനസ്സ്‌ അടിമുടി ഉലയും ചലച്ചിത്രകാരൻ ഇബ്രാഹിം ഇസ്സാം എഴുതിയത് വായിച്ചാൽ

ടെന്റുകളിലും അഭയകേന്ദ്രങ്ങളിലും നരകിക്കുന്ന ശിശുക്കളിൽ ചിക്കൻപോക്സ് പടരുന്നു. – വിശപ്പ് കൊണ്ട് ദുർബലമായ ശരീരങ്ങൾ, ഭയത്താൽ തളർന്ന മുഖങ്ങൾ, വീടുകളല്ലാത്ത സ്ഥലങ്ങൾ, ചൂടിൽ നിന്നോ തണുപ്പിൽ നിന്നോ രോഗത്തിൽ നിന്നോ ആരെയും സംരക്ഷിക്കാൻ കഴിയാത്ത തുണിക്കഷണങ്ങൾ എന്നിങ്ങനെയാണ്‌ അവിടങ്ങളിലെ നില. രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പത്തായിരത്തിനടുത്ത്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, പകുതിയോളം ഖാൻ യൂനിസിലാണ്. ടുത്ത തിരക്ക്, ശുദ്ധജല ദൗർലഭ്യം, സ്വകാര്യതയുടെ അഭാവം, ചികിത്സയ്ക്കുള്ള ദയനീയ പരിമിതികൾ എന്നിവയ്ക്കിടയിൽ കുട്ടികളെ അണുബാധയിൽനിന്ന് രക്ഷിക്കാനുള്ള ഒരു മാർഗവുമില്ല. സാധാരണ സ്ഥലത്ത് ചിക്കൻ പോക്‌സ്‌ നിസ്സാര രോഗമായി തോന്നുമെങ്കിലും ഗാസയിൽ വൻ പ്രതിസന്ധിയായിരിക്കുന്നു. കുട്ടികൾക്ക് വൃത്തിയുള്ള കിടക്കയോ, സുരക്ഷിത കുളിമുറിയോ, അവശ്യ മരുന്നോ, പ്രതിരോധശേഷി നേടാൻ ആവശ്യമായ ഭക്ഷണമോ ഇല്ല. ചലച്ചിത്രകാരൻ ഇബ്രാഹിം ഇസ്സാം എഴുതിയത് മനസ്സ്‌ അടിമുടി പിടിച്ചുലയ്‌ക്കും. ഒരു കുട്ടി അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ഉപയോഗപ്രദമാകുന്ന എന്തെങ്കിലും തിരയുന്നു, – വിൽക്കാൻ എന്തെങ്കിലും. മറ്റൊരു ദിവസം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന പാഴ്‌വസ്‌തുവെങ്കിലും. കൊടും വേനൽച്ചൂടിൽ അവൻ ശൈത്യകാല വസ്ത്രങ്ങൾ ധരിക്കുന്നു. അത് തണുപ്പായതുകൊണ്ടല്ല, മറിച്ച് അവശേഷിച്ചത്‌ അതുമാത്രം. അവന്റെ വേനൽക്കാല വസ്ത്രങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നുണ്ട്, ഒരിക്കൽ അറിഞ്ഞിരുന്ന ജീവിതത്തിന്റെ മറ്റ് നിരവധി കഷണങ്ങൾക്കൊപ്പം. കുട്ടികൾക്ക് എന്ത് ധരിക്കണമെന്നോ തോളിൽ എന്ത് ചുമക്കണമെന്നോ തിരഞ്ഞെടുക്കാൻ അവകാശമില്ല. ഒരു ദിവസം കൂടി കടന്നുപോകാൻ സഹായിക്കുന്ന എന്തെങ്കിലും അവർ അന്വേഷിച്ചലയുന്നു. ഗാസ കടലിനടുത്തുള്ള ഷാതി പലസ്തീൻ അഭയാർത്ഥി ക്യാമ്പിലാണ് ഇബ്രാഹിം ഇസ്സാം ജനിച്ചത്. ഗാസയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ ചേരാൻ ഉക്രെയ്നിലേക്ക് പോയി. നാലു വർഷത്തിനു ശേഷം ഗാസയിലേക്ക് തിരിച്ചെത്തി. ചലച്ചിത്ര നിർമാണത്തിലെ അഭിനിവേശം ആ മേഖലയിൽ പരിശീലനം നേടാൻ പ്രേരിപ്പിച്ചു. ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നതിൽ സ്വന്തമായി ഒരു സമീപനം വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, അത് “എ വിൻഡോ ഓൺ ഷോർട്ട് ഫിലിം’ എന്ന ശീർഷകത്തിൽ പുസ്തകത്തിൽ സമാഹരിച്ചു. തുടർന്ന് കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹ്രസ്വചിത്രങ്ങളുടെയും കാർട്ടൂൺ സിനിമകളുടെയും നിർമാണങ്ങൾക്ക്‌ മുന്നിട്ടിറങ്ങി. വീട്ടിലെ ഒരു വശത്ത് സ്വന്തം ഫിലിം ലബോറട്ടറി സജ്ജമാക്കി, പക്ഷേ ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കുടുംബത്തിനൊപ്പം തെക്കൻ പ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്യേണ്ടിവന്നു. ഒരുകൂട്ടം പ്രാദേശിക മോഷ്ടാക്കൾ വീടും സിനിമാ നിർമാണ സാമഗ്രികൾ, എഡിറ്റിങ്‌‐ ലൈറ്റിങ്‌ ഉപകരണങ്ങൾ കൊള്ളയടിച്ചു. നിരവധി ക്യാമറകളും നഷ്ടമായി.

ഡോ. ഹുസ്സാം അബു സഫിയ – ഇന്നത്തെ അവസ്ഥ

‘വെടിനിർത്തൽ’ പ്രാബല്യത്തിൽ വന്നിട്ടും തുടരുന്ന കുറ്റകൃത്യങ്ങൾ

2025 ഒക്ടോബർ ‌11ന്‌ ‘വെടിനിർത്തൽ’ പ്രാബല്യത്തിൽ വന്നിട്ടും കുറ്റകൃത്യങ്ങൾ തുടരുന്നതിനാൽ ഗാസയെ ഗുരുതര പരിക്കുകളും മരണവും വിട്ടുപോയിട്ടില്ല. 2026 ജൂൺ 18 വരെ 1059 പേർ വധിക്കപ്പെടുകയും 3429 പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി. സിഎൻഎൻ കണക്കനുസരിച്ച് ഒക്ടോബർ മുതൽ ഗാസയിൽ എല്ലാ ദിവസവും ശരാശരി ഒരു കുട്ടി കൊല്ലപ്പെടുന്നു. നയതന്ത്രജ്ഞരുടെ സമാധാനം എന്ന പരാമർശം യുദ്ധക്രൂരത നിലനിൽക്കുന്ന യാഥാർഥ്യം പ്രതിഫലിപ്പിക്കാത്തതാണ്‌. എവിടെയും എപ്പോൾ വേണമെങ്കിലും ബോംബാക്രമണം നടത്താം യഥാർഥ വെടിനിർത്തൽ ഇല്ല. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസ ജനങ്ങളിൽ ഏതാണ്ട് മുഴുവൻ പേരും ഉൾപ്പെടെ 19 ലക്ഷത്തിലധികം ആളുകൾ പലതവണ പലായനം ചെയ്തിട്ടുണ്ട്. ദീർഘകാല ഭവനരഹിതരിൽ മനുഷ്യത്വരഹിതമായ പ്രത്യാഘാതങ്ങൾ വർധിപ്പിക്കുന്നു. വെടിനിർത്തൽ നിലവിൽ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വായുസഞ്ചാരമില്ലാത്ത കൂടാരങ്ങളിലാണ് പലരും. അവിടെ ത്വക്കിൽ പരാദങ്ങൾ തുളച്ചുകയറുമ്പോഴുണ്ടാകുന്ന തിണർപ്പുകളും മറ്റ് എക്ടോപാരസിറ്റിക് അണുബാധകളും കൂടുതലായി പടരുന്നു. കുടിയിറക്കപ്പെട്ട 80ശതമാനത്തിലധികം പ്രദേശങ്ങളിലും ഇത്തരം അണുബാധകൾ ബാധിച്ചിട്ടുണ്ട്‌. എലികൾ, പാറ്റകൾ, വീസൽ എന്നിവ ടെന്റ് ഷീറ്റുകൾ കീറി ഉറക്കത്തിൽ കുട്ടികളെയും നവജാത ശിശുക്കളെയും കടിക്കുന്നു. പ്രായമായവർക്കും വൈകല്യമുള്ളവർക്കും എലികളിൽനിന്ന്‌ രക്ഷയില്ല; പ്രത്യേകിച്ച് രാത്രികളിൽ.സഹായ പാഴ്സലുകളിലേക്ക് എലികൾ തുരന്നു കയറുന്നു, അത് ആളുകളെ അരിയോ മാവോ വലിച്ചെറിയാൻ നിർബന്ധിതരാക്കും. വൈദ്യുതി ജനറേറ്ററുകൾക്കും സ്പെയർ പാർട്‌സുകൾക്കും ഇസ്രയേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്‌ ഏജൻസികളെ ജലവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കുന്നു. ഗാസയിൽ നിന്ന് സ്പെയിൻ വീണ്ടും മാനുഷിക ഒഴിപ്പിക്കൽ നടത്തി, 20 കുട്ടികൾ ഉൾപ്പെടെ 100 പലസ്തീനികളെ അടിയന്തര വൈദ്യചികിത്സയ്ക്കായി രാജ്യത്തേക്ക് കൊണ്ടുപോയി. ഗുരുതരാവസ്ഥയിലുള്ളവരും അവരുടെ കുടുംബാംഗങ്ങളും അതിലുൾപ്പെടുന്നു. ഈജിപ്ഷ്യൻ അധികൃതരുമായി ഏകോപിപ്പിച്ച അന്താരാഷ്ട്ര മാനുഷിക ശ്രമത്തിലൂടെയാണ് അവരെ ഒഴിപ്പിച്ചത്. പലർക്കും പ്രത്യേക വൈദ്യസഹായം ആവശ്യമാണ്, സംഘർഷം കാരണം ഗാസയിൽ അത് ലഭ്യമല്ല. യുദ്ധബാധിതരെ സഹായിക്കുക ധാർമിക ഉത്തരവാദിത്തമാണെന്ന് ദൗത്യം പ്രഖ്യാപിച്ച്‌ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു, നിസ്സംഗത ഒരിക്കലും ഓപ്ഷനാക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ സംരക്ഷണ സംവിധാനം മരുന്നുകൾ, ഇന്ധനം, അവശ്യ മെഡിക്കൽ സാധനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ ആയിരക്കണക്കിന് രോഗികൾക്ക് അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ. മാനുഷിക ശ്രമങ്ങൾ തുടരുന്നതിനിടയിലും ഗുരുതരാവസ്ഥയിലുള്ള പലസ്തീൻ രോഗികളെ സ്വീകരിക്കുന്ന ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ഗാസയിലേക്ക് പോകുന്ന മാനുഷിക സഹായ ദൗത്യമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ തടഞ്ഞതുമായി ബന്ധപ്പെട്ട് മുതിർന്ന ഇസ്രയേലി സൈനിക ഉദ്യോഗസ്ഥർക്കെതിരെ സ്പെയിനിലെ ദേശീയ കോടതി അന്വേഷണം ആരംഭിച്ചിരിക്കയാണ്‌. അന്താരാഷ്ട്ര ജലാശയത്തിൽ ഇസ്രയേൽ പട്ടാളം നിയമവിരുദ്ധമായി കപ്പലുകളിൽ കയറി സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി, സ്പാനിഷ് പൗരന്മാർ ഉൾപ്പെടെയുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്തുവെന്നതാണ് അന്വേഷണത്തിൽ ആശങ്കയുണ്ടാക്കുന്നത്. ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ, നാവിക കമാൻഡർ റാം റോത്ത്ബെർഗ് എന്നിവരുടെ പേരുകളാണ് പരാതിയിൽ പരാമർശിച്ചിരിക്കുന്നത്. തടവുകാരെ പിന്നീട് ഇസ്രയേൽ ജയിലുകളിൽ പാർപ്പിച്ചിരുന്നതായും അവിടെ അവർക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും ശരിയായ നിയമ, നയതന്ത്ര സഹായം ലഭിച്ചില്ലെന്നും പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ തകർത്ത ബെയ്റ്റ് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രി

2023 ഒക്ടോബർ ഏഴു മുതൽ 1700 – ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു.

പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അധിനിവേശം ആരംഭിച്ച 2023 ഒക്ടോബർ ഏഴു മുതൽ ഗാസയിൽ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരുൾപ്പെടെ 1700- ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ബോംബാക്രമണങ്ങൾക്കൊപ്പം അവരെ പലപ്പോഴും അറസ്റ്റുകൾക്കും തടങ്കലുകൾക്കും വിധേയമാക്കുന്നു. 2024 ഡിസംബർ 27 മുതൽ കുപ്രസിദ്ധ ഇസ്രയേലി തടങ്കൽ കേന്ദ്രങ്ങളിൽ പൂട്ടിയിടപ്പെട്ട ഗാസ ബെയ്റ്റ് ലാഹിയയിലുള്ള കമാൽ അദ്വാൻ ആശുപത്രി ഡയരക്ടർ ഡോ. ഹുസ്സാം അബു സഫിയയെയും മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധരെയും കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ്‌. സ്ഥാപനത്തിലേക്ക്‌ ഇരച്ചുകയറി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത്‌ ആയിരങ്ങൾക്ക്‌ ആശ്രയമായിരുന്ന ആശുപത്രിയുടെ വലിയൊരു ഭാഗം പ്രവർത്തനരഹിതമാക്കി. 2024 നവംബർ 24 ന് ആശുപത്രി ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ അബു സഫിയയ്ക്ക് പരിക്കേൽക്കുകയുണ്ടായി, എന്നിട്ടും അവിടം വിടാൻ വിസമ്മതിച്ചു. ഒക്ടോബർ 26 ന് ഇസ്രയേലി പട്ടാളം മകന്റെ ജീവൻ കവർന്നിട്ടും രോഗികളെ ചികിത്സിച്ചു. തനിക്കും കുടുംബത്തിനും മറ്റൊരു രാജ്യത്തിന്റെ പൗരത്വം ഉണ്ടായിരുന്നിട്ടും ഗാസ ഉപേക്ഷിക്കാൻ തയ്യാറാവാതെ പ്രൊഫഷണൽ, ദേശീയ കടമകൾ നിറവേറ്റുമെന്ന പ്രതിജ്ഞയെടുത്തു. ആശുപത്രി മുറ്റത്താണ്‌ മകന്റെ ജഡം അടക്കം ചെയ്‌തതെന്നതും പ്രതീകാത്മകം. ഒന്നര വർഷത്തിലേറെയായി ഇസ്രയേൽ ഏകപക്ഷീയമായി തടങ്കലിൽ വച്ചിരിക്കുന്ന ഡോ. ഹുസാം അബു സഫിയ ഉൾപ്പെടെ പ്രമുഖരായ ഡോക്ടർമാരെയും നഴ്‌സുമാരെയും പാരാമെഡിക്കുകളെയും മനഃപൂർവം ലക്ഷ്യംവയ്ക്കുന്നത് ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ വ്യവസ്ഥാപിതമായ വെട്ടിച്ചുരുക്കലിന്റെ ഭാഗമാണ്. അതാകട്ടെ വംശഹത്യയുടെ ഒരു സവിശേഷതയും.

സ്വന്തം ജീവൻ രക്ഷിക്കാൻ പോരാടുന്ന ആയിരങ്ങളെ രക്ഷിച്ച പ്രതിബദ്ധൻ

അബു സഫിയയുടെ മരണസാധ്യത ആസന്നമാണെന്നും കുറ്റം ചുമത്താതെ തടവിൽ വച്ചിരിക്കുന്ന മറ്റ് പലസ്തീൻ ഡോക്ടർമാരുടെയും മോചനം ഉടൻ ഉണ്ടാകണമെന്നും യുഎൻആർഡബ്ല്യുഎ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി മുന്നറിയിപ്പ് നൽകി. ഗാസയിൽ ആയിരങ്ങളെ രക്ഷിച്ച പ്രതിബദ്ധൻ സ്വന്തം ജീവൻ രക്ഷിക്കാൻ പോരാടുകയാണെന്നാണ്‌ എക്‌സിലെ പോസ്റ്റിൽ അദ്ദേഹം കുറിച്ചത്‌. ഡോ. ഹുസാം അബു സഫിയ ഇപ്പോൾ ലോകത്തിന്റെ നിസഹായതയുടെ പ്രതീകമാണ്‌. തടങ്കലിൽ അനുഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സാക്ഷ്യങ്ങൾ ഹൃദയഭേദകമായി. അതിജീവിക്കാതിരിക്കാനും ഇനി ഒരിക്കലും വെളിച്ചം കാണാതിരിക്കാനും ഏകാന്ത തടവിൽ തള്ളിയിരിക്കയാണ്‌. ആ വാക്കുകൾ ഏവരെയും കണ്ണീരിലാഴ്ത്തും. ഏറെ അറിയപ്പെടുന്ന ഒരാൾക്ക് ഇപ്പോഴും ഇത്തരം കഷ്ടപ്പാടുകൾ നേരിടേണ്ടിവരുമെങ്കിൽ കേൾക്കപ്പെടാതെ കിടക്കുന്ന മറ്റ് എണ്ണമറ്റ പാലസ്തീൻ തടവുകാരുടെ അവസ്ഥയോ?. ഡോ. മർവാൻ അൽ-ഹാംസും ഡോ. അഹമ്മദ് അൽ-കഹ്‌ലൂത്തും അതിലുൾപ്പെടുന്നു. ഗാസയിലെ മഹ്ദി പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ വംശജനായ ഡോ. ബാസൽ മഹ്ദിയും, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ ഗവൺമെന്റ് ആശുപത്രിക്ക് സമീപം വധിക്കപ്പെട്ട ഡോ. ഒസൈദ് ജബാരിനും ജനങ്ങളെ സേവിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മെഡിക്കൽ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്നു. തുടർച്ചയായ ഇസ്രയേലി ആക്രമണങ്ങൾക്കിടയിൽ ഗാസ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഉടനീളമുള്ള ആരോഗ്യ പ്രവർത്തകർ നേരിടുന്ന ഭീഷണികളെയാണ് അവരുടെ ദാരുണമായ നഷ്ടം തുറന്നുകാട്ടുന്നത്. അൽ-കഹ്‌ലൂത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയാത്തതിനാൽ കുടുംബം ഭയാശങ്കയിലാണ്‌. ഇസ്രയേൽ കസ്റ്റഡിയിൽ മരിച്ച പ്രശസ്‌ത ഓർത്തോപീഡിക് സർജൻ ഡോ. അദ്‌നാൻ അൽ-ബർഷിന്റെ അനുഭവങ്ങളും ഭീകരം. തങ്ങളുടെ പ്രിയപ്പെട്ടയാൾ സുരക്ഷിതനാണോയെന്ന് ഒരു കുടുംബത്തിനും സംശയിക്കേണ്ടി വരരുത്. ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന ഒരു കുട്ടിയും വളരരുതെന്നതും പ്രധാനം. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നത് രാഷ്ട്രീയത്തെക്കുറിച്ചല്ല, മറിച്ച് അന്തസ്സും നീതിയും ഓരോ മനുഷ്യജീവന്റെയും മൂല്യവും സംരക്ഷിക്കുന്നത്‌ സംബന്ധിച്ചാണ്. നിശബ്ദതയ്ക്ക് ജീവിതങ്ങളെ സംരക്ഷിക്കാൻ സാധിക്കില്ല. എന്നാൽ കാരുണ്യം, സത്യം, കൂട്ടായ പ്രവർത്തനം എന്നിവയ്ക്ക് കഴിയും.

പല പ്രാവശ്യം  ലംഘിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ

ഹുസാം അബു സഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് കിഴക്കൻ ജറുസലേം ഉൾപ്പെടെ അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷനും ആവശ്യപ്പെട്ടിരിക്കയാണ്‌. അദ്ദേഹത്തിന്‌ ചികിത്സ നിഷേധിക്കുന്നത്‌ അന്താരാഷ്ട്ര നിയമപ്രകാരം പൂർണമായും തെറ്റ്‌. അവകാശ സംഘടന ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രയേൽ പറയുന്നതനുസരിച്ച് തടവുകാരോട് ജയിൽ സർവീസ് ഗാർഡുകൾ കാണിക്കുന്ന നടപടികൾ പരിധികൾ വിട്ടിരിക്കുന്നു, അത് അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്ക് തുല്യം. 2026 ജൂണിൽ പശ്ചിമ ജറുസലേമിലെ സുപ്രിം കോടതി വാദം കേൾക്കലിൽ വീഡിയോ ലിങ്ക് വഴി അബു സഫിയ പങ്കെടുത്തപ്പോൾ ഏറെ മെലിഞ്ഞതായി കാണപ്പെട്ടു. അദ്ദേഹത്തിനുനേരെയുള്ള കഠിന പെരുമാറ്റങ്ങൾ മുൻ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വിശാല ലംഘനങ്ങളുടെ മാതൃക പ്രതിഫലിപ്പിക്കുന്നു. 2023 ഒക്ടോബർ മുതൽ ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും മെഡിക്കൽ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് വംശഹത്യ നടത്തിവരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു. അബു സഫിയയുടെ തടങ്കൽ ഏകപക്ഷീയമാണെന്ന് വിധിക്കുകയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌ത യുഎൻ വർക്കിങ്‌ ഗ്രൂപ്പ്, ഇസ്രയേലി നടപടികൾ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും സിവിൽ‐രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെയും വ്യവസ്ഥകൾ പല പ്രാവശ്യം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഹർജിക്ക് മറുപടിയായി ഡോ. അബു സഫിയയെ ഭൂഗർഭ റാക്ക്ഫെറ്റ് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയശേഷം മെഡിക്കൽ ഉദ്യോഗസ്ഥർ നിരവധി തവണ പരിശോധിച്ചിട്ടുണ്ടെന്ന ഇസ്രയേൽ മറുപടി പൊള്ളയാണ്‌. അവ എന്തുകൊണ്ട് ആവശ്യമായി വന്നു, കണ്ടെത്തലുകൾ എന്തൊക്കെയാണ്‌, ജീവൻ അപകടത്തിലല്ലെന്ന അവകാശവാദവുമായി അവ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ച് ഒരു വിശദീകരണവും നൽകുന്നില്ല. അഭിഭാഷകന്റെ സത്യവാങ്മൂലത്തിൽ നിരത്തിയ ഗുരുതര പരിക്കുകൾ, ആവർത്തിച്ചുള്ള ബോധം നഷ്ടപ്പെടൽ, ജീവനെക്കുറിച്ചുള്ള ആശങ്ക എന്നിവയെക്കുറിച്ചും പരാമർശമില്ല അതിൽ.അതേസമയം കുറ്റം ചുമത്താതെ തടവിൽ വച്ചിരിക്കുന്ന ഗാസയിൽ നിന്നുള്ള 14 ഡോക്ടർമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രയേൽ (പിഎച്ച്‌ആർഐ)സമർപ്പിച്ച ഹർജി വാദം കേൾക്കാതെ തള്ളണമെന്നാണ്‌ കോടതിയോടുള്ള അഭ്യർഥന.

ലൈഫ് സപ്പോർട്ട്‌’ ഡോക്യുമെന്ററി

നേരിട്ടുള്ള ദുരിതാനുഭവങ്ങൾക്ക്‌ അഭ്രഭാഷ്യമൊരുക്കിയ ഡോക്യുമെന്ററി

ഗാസയിലെ ഡോക്ടർമാരുടെ നേരിട്ടുള്ള ദുരിതാനുഭവങ്ങൾക്ക്‌ അഭ്രഭാഷ്യമൊരുക്കിയ പുതിയ ഡോക്യുമെന്ററി ‘ലൈഫ് സപ്പോർട്ട്‌’ മുൻനിർത്തി സംവിധായിക ഡാനിയേൽ റൂഗോയുമായും ഡോ. അന ജീലാനിയുമായും സംസാരിച്ച്‌ ചില മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്‌. ഇസ്രയേലി വംശഹത്യ 1000 ദിനങ്ങൾ പിന്നിട്ടിട്ടും ദൈനംദിന യാഥാർഥ്യങ്ങളിലേക്ക് ലോകത്തിന് ഇപ്പോഴും പരിമിതമായ പ്രവേശനമേയുള്ളൂ, ഗാസ നിവാസികൾ മാത്രമാണ്‌ നാശത്തിന്റെ പ്രാഥമിക സാക്ഷികൾ. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിലക്കുണ്ട്. ചില രാഷ്ട്രീയക്കാർക്കും പ്രവേശനമില്ല. സംഭവങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന ചുരുക്കം ചില സ്വതന്ത്ര സാക്ഷികളിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ഗാസയിൽ പ്രവേശിച്ച ഡോക്ടർമാരും ഉൾപ്പെടുന്നു. വംശഹത്യയുടെ തുടക്കംതൊട്ട്‌ മാനുഷിക മെഡിക്കൽ സംഘങ്ങൾ എൻക്ലേവിന്റെ തകർന്ന ആരോഗ്യ സംരക്ഷണ സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചുവന്നു. സ്‌ക്രീനുകളിലൂടെയല്ല മറിച്ച് നാശത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചു. ചില ഡോക്ടർമാർ അവരുടെ അനുഭവങ്ങൾ ഫോണുകളിലും ക്യാമറകളിലും പകർത്തി – ലൈഫ് സപ്പോർട്ട് ഡോക്യുമെന്ററിയുടെ അടിത്തറയായി മാറിയ ദൃശ്യങ്ങൾ കൈമാറി. അങ്ങനെ 2023 നവംബറിനും 2025 നും ഇടയിൽ അടിയന്തര മെഡിക്കൽ ടീമുകളുമായി സന്നദ്ധസേവനം നടത്തിയ അന്താരാഷ്ട്ര ഡോക്ടർമാരുടെ ദൃക്‌സാക്ഷി വിവരണങ്ങൾ, ദൃശ്യങ്ങൾ, അനുഭവങ്ങൾ എന്നിവയിലൂടെ ഗാസയ്‌ക്കെതിരായ രണ്ട് വർഷത്തെ യുദ്ധം വിവരിക്കുന്നു. ലെബനണിലെ ആഭ്യന്തരയുദ്ധകാലത്തെ കൂട്ടക്കുഴിമാടങ്ങളുടെ ആദ്യ സിനിമാറ്റിക് റെക്കോർഡായ ദി സോയിൽ ആൻഡ് ദി സീ ഉൾപ്പെടെ ഫീച്ചർ ഡോക്യുമെന്ററികൾക്ക് പേരുകേട്ട പുരസ്‌കാര ജേതാവായ ചലച്ചിത്ര നിർമാതാവ് ഡാനിയേൽ റൂഗോ സംവിധാനംചെയ്ത ലൈഫ് സപ്പോർട്ട് റോബർട്ട് ഡെൽ നജ, മസാഹിരോ ഹിരാകുബോ എന്നിവരുൾപ്പെടെ അവിശ്വസനീയമായ ക്രിയേറ്റീവ് ടീമിനെയും സൂസൻ സരണ്ടൻ, മെലിസ ബാരേര, ഫറാ നബുൾസി, സോസാൻ അസ്ഫാരി എന്നിവരുൾപ്പെടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരെയും ഒരുമിച്ച് അണിനിരത്തി. ഗാസയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ അനുഭവങ്ങളുടെ കൃത്യമായ വിവരണം പങ്കുവെക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഡാനിയേൽ റൂഗോ പറഞ്ഞു. ഗാസയിലേക്ക് പ്രവേശിക്കാൻ അനുവാദം ലഭിച്ച വളരെ ചുരുക്കം അന്താരാഷ്ട്ര സ്വതന്ത്ര ദൃക്‌സാക്ഷികളിൽ ചിലരാണ് ഡോക്ടർമാർ. വംശഹത്യയുടെ മൂർധന്യത്തിൽ മാത്രമല്ല, യുദ്ധം പൊട്ടിപ്പുറപ്പെടുംമുമ്പും ജോലിചെയ്ത അനുഭവങ്ങൾ ഓർമിക്കുകയും ചിത്രീകരിക്കുകയുംചെയ്ത പ്ലാസ്റ്റിക് സർജൻ ഡോ. വിക്ടോറിയ റോസ്, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജൻ പ്രൊഫസർ നിക്ക് മെയ്‌നാർഡ് എന്നിവരുൾപ്പെടെ ഒട്ടേറെ ഭിഷഗ്വരന്മാരെ സിനിമ അവതരിപ്പിക്കുന്നു.

വിനാശകരങ്ങളായ രംഗങ്ങളുള്ള നിശബ്ദ സിനിമ കാണൽ അസഹനീയം

ഗാസയിൽ ജോലി ചെയ്‌ത്‌ അവിടെ പലസ്തീനികൾക്കും ആരോഗ്യ പ്രവർത്തകർക്കുവേണ്ടി വാദിച്ച്‌ ഐക്യരാഷ്ട്രസഭയിൽ 2024 നവംബർ 26-ന് നടത്തിയ പ്രസംഗം തന്റെ അക്കൗണ്ടിൽ പങ്കുവെച്ച തന്യ ഹാജ് ഹസ്സൻ അതിൽ പ്രധാനി. ഡാനിയേൽ റുഗോയുടെ ഡോക്യുമെന്ററിയിൽ അഭിമുഖം നടത്തിയ നിരവധി ഡോക്ടർമാരിൽ ഒരാളാണ് ആ കനേഡിയൻ പീഡിയാട്രിക് ഇന്റൻസീവ് കെയർ വിദഗ്‌ദ. ഡോക്ടർമാർ തങ്ങളുടെ വാക്കുകളിലെ മിതത്വത്തിൽ ശ്രദ്ധാലുക്കളായിരിക്കും, ഒപ്പം അമിത പ്രസ്താവനയോ അതിശയോക്തിയോ സഹജമായി തേടുന്നില്ല. ഭൂമിയിലെ നരകത്തെക്കുറിച്ചുള്ള അളന്ന വിവരണങ്ങളും വീഡിയോ ഡയറികളിൽ നിന്നുള്ള ക്ലിപ്പുകളും ഉൾപ്പെടുത്തിയ വിനാശകരങ്ങളായ രംഗങ്ങളുള്ള നിശബ്ദ സിനിമ കാണൽ അസഹനീയമാക്കുന്നു. സൈനിക അകമ്പടിയില്ലാതെ വിദേശ റിപ്പോർട്ടർമാരെ ഗാസയിലേക്ക് ഇസ്രയേൽ അനുവദിക്കില്ല, അതിനാൽ ഡോക്ടർമാർ വിലപ്പെട്ട സ്വതന്ത്ര സാക്ഷികളാണ്. 2010 മുതൽ അവിടം സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജനാണ് നിക്ക് മെയ്‌നാർഡ്. ഗാസയിൽ എപ്പോഴും നാശം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ 2023 ഒക്ടോബറിനുശേഷം അത് വ്യത്യസ്ത തോതിലായി. ആദ്യ രാത്രിയിൽ അടിയന്തര ചികിത്സാ വിഭാഗം തലവൻ ഡോ. ജെയിംസ് സ്മിത്ത് സ്ഫോടനങ്ങളുടെ എണ്ണമെടുക്കാൻ ശ്രമിച്ചു; നൂറുകണക്കിന് സ്ഫോടനങ്ങൾക്ക് ശേഷം അദ്ദേഹത്തിന് തെറ്റി. സാധനങ്ങൾക്കായി ബ്രിട്ടീഷ്‌ പ്ലാസ്റ്റിക് സർജന്മാരെ വിളിച്ച ശേഷം പുനർനിർമാണ സർജൻ വിക്ടോറിയ റോസ് 23 സ്യൂട്ട്കേസുകളുമായി എത്തി. പിന്നീട്‌ ഒരു സ്യൂട്ട്കേസ് മാത്രം ഉപയോഗിച്ച് അതിർത്തി കടക്കാൻ അനുവാദം ലഭിച്ചു. വ്യക്തിപരമായ നഷ്ടങ്ങളിൽ ദുഃഖിക്കുമ്പോൾ പലപ്പോഴും മാരത്തൺ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന തങ്ങളുടെ പലസ്തീൻ സഹപ്രവർത്തകരുടെ അസാധാരണ വീരത്വത്തിന് എല്ലാ ഡോക്ടർമാരും ആദരാഞ്ജലി അർപ്പിക്കുന്നു. വിശപ്പ് കാരണം തളരാതിരിക്കാൻ ശസ്ത്രക്രിയയ്ക്കിടെ പലസ്തീൻ സർജൻ വിശ്രമം എടുക്കുന്നത് മെയ്‌നാർഡ് വിവരിച്ചു. മറ്റൊരു പലസ്തീൻ ഡോക്ടർ കൗമാരക്കാരായ മക്കളെ ജോലിക്ക് കൊണ്ടുവന്നു; മരിക്കുകയാണെങ്കിൽ ഒരുമിച്ച് ആവാമെന്ന സമാശ്വാസത്തോടെ. ഗാസയിലെ ഏക കാൻസർ ആശുപത്രി നശിപ്പിക്കപ്പെട്ടു; ഒരു ഐവിഎഫ് ക്ലിനിക്കിലെ എല്ലാ ഭ്രൂണങ്ങളും ഇല്ലാതായി. അത്തരം സന്ദർഭങ്ങൾ നിബിഡമായതിനാൽ സിനിമ കാണാൻ പ്രയാസമാണ്, എന്നാലും അവഗണിക്കാനാവില്ല.

ബുദ്ധിമുട്ടുകളിൽ നിന്നുള്ള ഡോക്ടർമാരുടെ യാത്രയും ഫീച്ചർ ഫിലിം വിശദീകരിക്കുന്നു

വൈകാരിക വിവരണങ്ങൾക്കൊപ്പം ബോംബാക്രമണത്തിനിടെ ഗാസയിലെത്തി ആശുപത്രികളിൽ മുഴുകുന്നതിലെ ബുദ്ധിമുട്ടുകളിൽ നിന്നുള്ള ഡോക്ടർമാരുടെ യാത്രയും ഫീച്ചർ ഫിലിം വിശദീകരിക്കുന്നു. ലിവർപൂളിൽ നിന്നുള്ള കൺസൾട്ടന്റ് പീഡിയാട്രിക് ഓർത്തോപീഡിക് സർജൻ ഡോ. അന ജീലാനിയാണ് ജീവിതത്തെക്കുറിച്ച് ഓർക്കുന്ന ഡോക്ടർമാരിൽ ഒരാൾ. 2024- ൽ അൽ-ഷിഫ ആശുപത്രി വ്യോമാക്രമണത്തിൽ ലക്ഷ്യം വയ്ക്കുന്നത് കണ്ടശേഷം യുദ്ധസമയത്ത് അവർ രണ്ടുവട്ടം ഗാസയിൽ പോയിട്ടുണ്ട്. അവിടം ഒരിക്കൽ സന്ദർശിച്ചാൽ പിന്നെ വീണ്ടും എത്താൻ നിങ്ങൾ ആഗ്രഹിക്കുമെന്നാണ്‌ ഡോ. അന ദി ന്യൂ അറബിനോട് പ്രതികരിച്ചത്‌. എനിക്ക് ഇന്നും ശക്തി നൽകിയത് എന്താണെന്ന് അറിയില്ല. ഒരിക്കലും ധൈര്യശാലിയാണെന്ന് കരുതിയതുമില്ല ഞാൻ, അപകടത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ചിന്തിച്ചില്ലെന്നും കൂട്ടിച്ചേർത്തു. മെഡിക്കൽസ് എന്ന നിലയിൽ ഞങ്ങളുടെ ശബ്ദമോ വിവരണമോ മാറ്റാതിരിക്കാനുള്ള അവസരമാണിതെന്ന് കരുതി. ഇത് വളരെ ആധികാരികമായ പ്രക്രിയയായിരുന്നു, ചരിത്ര പുസ്തകങ്ങൾ അവ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും വിശദീകരിച്ചു. പലസ്തീനികളുടെ അവസ്ഥയും ഡോക്ടർമാരുടെ ജീവിത സാഹചര്യങ്ങളും എടുത്തുകാണിച്ച്‌ പശ്ചാത്തലത്തിൽ ഡ്രോണുകളുടെ ശബ്ദങ്ങൾ കേൾക്കാവുന്നവിധം ഡോ. അന അനുഭവം പങ്കുവെക്കുന്നു. ഡോക്ടർമാരെന്ന നിലയിൽ ഞങ്ങളുടെ പങ്ക് ഗാസയിലായാലും ലിവർപൂളിലായാലും മുന്നിലുള്ള രോഗിയെ ഒരിക്കലും വേർതിരിക്കരുത് എന്നതാണ്. ഞങ്ങൾ അങ്ങനെയല്ല നിർമിച്ചിരിക്കുന്നത്. രോഗികൾക്ക് അന്തസ്സിന് ആവശ്യമായതോ അർഹിക്കുന്നതോ ആയ പരിചരണം ലഭിക്കുന്നില്ലെന്ന് കാണാൻ കഴിഞ്ഞുവെന്നത് ശരിക്കും ബുദ്ധിമുട്ടായിരുന്നുവെന്നും പറഞ്ഞു. വംശഹത്യയ്ക്ക് മുമ്പും ശേഷവുമുള്ള ഗാസയിലെ വ്യക്തമായ വ്യത്യാസം ലൈഫ് സപ്പോർട്ട് പകർത്തി. ഡോക്ടർമാരുടെ സാക്ഷ്യങ്ങളും തുടർന്നുണ്ടായ നാശത്തിന്റെ വ്യാപ്തിക്ക് മുമ്പുള്ള എൻക്ലേവിന്റെ ദൃശ്യങ്ങളും സംയോജിപ്പിക്കുന്നു. 2024-ൽ നിർമാണം ആരംഭിച്ചപ്പോൾ സാഹചര്യം എങ്ങനെ വികസിക്കുമെന്നോ നാശം എത്രത്തോളം വ്യാപിക്കുമെന്നോ ടീമിന് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്ന് ഡാനിയേൽ വിശദീകരിക്കുകയുണ്ടായി. ആദ്യത്തെ കുറച്ച് ആഴ്ചകളിൽ തന്നെ അത് ഭയാനകമായിരുന്നു, എന്നിട്ടും ഞങ്ങൾ ഡോക്ടർമാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് അവരുടെ സാക്ഷ്യപത്രങ്ങൾ ശേഖരിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമായി. ആശയവിനിമയം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ആരും പൂർണ വംശഹത്യയായി മാറുമെന്നും ഇത്രയും കാലം നീണ്ടുനിൽക്കുമെന്നും പ്രതീക്ഷിച്ചതായി ഞാൻ കരുതുന്നില്ല. ഗാസയിലെ ഡോക്ടർമാർക്ക് ആന്തരികമായി കുടിയിറക്കം നേരിടേണ്ടി വന്നു, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു, ഭക്ഷണം, വൈദ്യസഹായം, മാനുഷിക പിന്തുണ എന്നിവ ലഭ്യമല്ലാതായി, കുടുംബത്തെക്കുറിച്ച് ആശങ്കാകുലരായിരിക്കെ ജോലി ചെയ്യേണ്ടിവന്നു. അന്താരാഷ്ട്ര ഡോക്ടർമാർ തങ്ങളുടെ പലസ്തീൻ സഹപ്രവർത്തകരുടെ കഥകൾ കൊണ്ടുപോകാനുള്ള വെറും പാത്രങ്ങൾ മാത്രമാണെന്ന് ഡോ. അന പ്രേക്ഷകരെ ഓർമിപ്പിക്കുന്നു. തങ്ങൾ അസ്വസ്ഥതകൾ നേരിടേണ്ടി വരുമ്പോഴെല്ലാം പലസ്തീൻ സഹപ്രവർത്തകർ അനുഭവിക്കുന്നവയുമായി താരതമ്യപ്പെടുത്തുമ്പോൾ അതൊന്നുമല്ലെന്നും വിരൽചൂണ്ടി. പലസ്തീൻ ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനൊപ്പം സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിലും മാത്രമല്ല, അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും ഈ ഡോക്ടർമാർ എത്രമാത്രം ധൈര്യശാലികളായിരുന്നുവെന്ന് കാണുന്നത് ഏറെ പ്രചോദനം നൽകുന്നതായി.

ഗാസയിലെ ടെന്റുകളിലൊന്ന്‌

നിറ്റ്സാൻ ജയിലിലെ റാക്കെഫെറ്റ്‌ ഭൂഗർഭ സുരക്ഷാ കേന്ദ്രത്തിലെ പീഡനങ്ങൾ

2026 ജൂലൈ രണ്ടിന് തന്നെ സന്ദർശിച്ച അഭിഭാഷകനും യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററുമായ നാസർ ഒഡെയോട്‌ ഡോ. ഹുസ്സാം അബു സഫിയ പറഞ്ഞത്‌, നിങ്ങൾ തന്നെ അവസാനമായി കാണുകയാണെന്നും കൊല്ലാനാണ്‌ അവർ ഇവിടേക്ക്‌ മാറ്റിയതെന്നും പ്രത്യേകിച്ച് നിറ്റ്സാൻ ജയിലിലെ റാക്കെഫെറ്റ്‌ ഭൂഗർഭ സുരക്ഷാ കേന്ദ്രത്തിലേക്ക്‌ കൊണ്ടുപോയശേഷം ദിവസേനയുള്ള അക്രമവും മർദ്ദനവും സഹിക്കേണ്ടി വരുന്നുവെന്നുമാണ്‌. ഡോക്ടറെ കൈയും കാലും ബന്ധിച്ച നിലയിലാണ് കൊണ്ടുവന്നത്, മുഖംമൂടി ധരിച്ച കാവൽക്കാർ ഒപ്പമുണ്ടായി. തല, കണ്ണുകൾ, ചെവികൾ, കഴുത്ത് എന്നിവ പുതിയ പരിക്കുകളാൽ മൂടപ്പെട്ടിരുന്നു. ശ്വസിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടിയ അദ്ദേഹത്തിന്‌ നിവർന്നിരിക്കാൻ കഴിഞ്ഞില്ല, വീഴാൻ പോകുംപോലെ തോന്നി. ബോധം നഷ്ടപ്പെടാൻ അടുത്തു, സ്വതന്ത്രമായി സംസാരിക്കാൻ ഭയപ്പെട്ടു. ജൂണിൽ സുപ്രിംകോടതി അപ്പീൽ പരിഗണിച്ചശേഷം ഗാർഡുകൾ ഏകാന്ത സെല്ലിൽ കയറി ചുറ്റികയും ബാറ്റണും ഉപയോഗിച്ച് മർദ്ദിച്ചുവെന്നും റാക്കെഫെറ്റിലേക്ക് മാറ്റിയശേഷം ദിവസേന ആവർത്തിച്ച് ബോധം നഷ്ടപ്പെടുന്ന അവസ്ഥവരെ പ്രഹരിച്ചെന്നും വൈദ്യസഹായം ലഭിച്ചില്ലെന്നും അഭിഭാഷകനോട് പറഞ്ഞു. 2024 ഡിസംബർ മുതൽ അധിനിവേശകാലത്തെ നിയമവിരുദ്ധ പോരാളികൾ എന്ന നിയമപ്രകാരം കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ തടവിൽ കഴിയുന്ന ഡോ. അബു സഫിയ അതിനെ നിയമപരമായി ചോദ്യം ചെയ്തശേഷമാണ് മർദ്ദനങ്ങൾ കടുത്തത്‌. അദ്ദേഹത്തിന്റെ അടിയന്തര സ്ഥലംമാറ്റം, സ്വതന്ത്ര വൈദ്യപരിശോധന, മോചനം എന്നിവ ആവശ്യപ്പെട്ട അഭിഭാഷകൻ കാലതാമസം വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകി.

ഷാമിർ മെഡിക്കൽ സെന്റർ സീനിയർ പീഡിയാട്രീഷ്യൻ ഡോ. മൈക്കൽ ഫെൽഡൺ ഇങ്ങനെ പോസ്റ്റ് ചെയ്യുകയുണ്ടായി. കുറ്റപത്രം സമർപ്പിക്കാതെ ഇസ്രയേലി തടവിൽ പീഡനങ്ങൾ അനുഭവിക്കുന്ന 14 പലസ്തീൻ ഡോക്ടർമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് സമർപ്പിച്ച ഹർജിയിൽ ജൂലൈ ഏഴിനകം മറുപടി സമർപ്പിക്കാൻ ഉത്തരവിട്ട സുപ്രിം കോടതി ഡോ. ഹുസ്സാം അബു സഫിയയുടെ അവസ്ഥയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ പരിഹരിക്കാൻ പ്രത്യേകം നിർദ്ദേശിച്ചു. മറുപടി ഫയൽ ചെയ്യാൻ സമയം നീട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് അതിനെ എതിർത്തു. ഡോ. അബു സഫിയയുടെ അഭിഭാഷകൻ നാസർ ഒഡെയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങൾ, കഠിനമായ അക്രമം, ദൃശ്യമായ പരിക്കുകൾ, ആരോഗ്യ സ്ഥിതിയിലെ ഗുരുതരമായ തകർച്ച എന്നിവ കാരണം അദ്ദേഹത്തിന്റെ ജീവന് ഉടനടി അപകടമുണ്ടെന്ന് സൂചിപ്പിക്കുന്നതായി കത്തിൽ ഊന്നിപ്പറഞ്ഞു. ഒഡെയുടെ ഏറ്റവും പുതിയ സന്ദർശന വേളയിൽ ഡോക്ടർക്ക്‌ കഠിനവും ആവർത്തിച്ചുള്ളതുമായ മർദ്ദനമേറ്റെന്നും വ്യാപകമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും സ്വന്തം അഭിഭാഷകൻ തിരിച്ചറിയാൻ ബുദ്ധിമുട്ടിയെന്നും വൈദ്യസഹായം നിഷേധിക്കുകയാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി. ഡോ. അബു സഫിയയുടെ ജീവൻ അപകടത്തിലാണ്‌. സുപ്രിംകോടതി ജഡ്ജിമാരിൽ ഒരാൾ അദ്ദേഹത്തെ സന്ദർശിക്കണമെന്നും അവസ്ഥ വ്യക്തിപരമായി വിലയിരുത്തുണമെന്നും പരിഹരിക്കാനാകാത്ത ദോഷം തടയാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. മുൻ തടവുകാർ ക്രൂരമായ പീഡനം, പട്ടിണി, ഏകാന്ത തടവ്, വൈദ്യസഹായം നിഷേധിക്കൽ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുള്ള റാക്ഫെറ്റ് വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റിയത് ക്രൂരമായ പ്രതികാരമായി. പീഡനത്തിലൂടെയും മനഃപൂർവമായ വൈദ്യ അവഗണനയിലൂടെയും മന്ദഗതിയിലുള്ള കൊലപാതകത്തിനുള്ള ഉപകരണങ്ങളായി ജയിലുകളെ ഉപയോഗിക്കുന്നതിനെയാണിത്‌ പ്രതിഫലിപ്പിക്കുന്നത്‌. മോചനത്തിന്‌ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. മറ്റുള്ളവരെ പരിചരിക്കുന്നതിന്‌ തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ഡോക്ടർ ഇന്ന് ലോകത്തിന്റെ ശബ്ദം അർഹിക്കുന്നു. നീതി, ന്യായമായ നടപടിക്രമങ്ങൾ, ജീവനും അന്തസ്സും സംരക്ഷിക്കൽ എന്നിവയ്ക്കായി ആഹ്വാനം ചെയ്യുകയാണ്‌ മനുഷ്യാവകാശവാദികളുടെ കടമ. ദയവായി നിങ്ങളുടെ ശബ്ദമുയർത്തുക, അദ്ദേഹത്തിന്റെ കഥ പങ്കിടുക, മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും വേണം. ഓരോ പ്രവൃത്തിയും മനുഷ്യത്വത്തിനായുള്ള ആഗ്രഹത്തിന്റെ ആക്കം കൂട്ടുന്നുവെന്നും പ്രഖ്യാപിച്ച സംഘടന അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ഭയമുണ്ടെന്നും അടിയന്തര സ്വതന്ത്ര മാനുഷിക സഹായം നൽകണമെന്നും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി) ഉടൻ സന്ദർശിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഇബ്രാഹിം ഇസാം

 

കസാക്കിസ്ഥാനിൽനിന്ന് മകൻ ഏലിയാസ് അബു സഫിയയുടെ പ്രതികരണങ്ങൾ

കസ്റ്റഡിയിലുള്ള ഡോ. ഹുസാം അബു സഫിയയുടെ അവസ്ഥ വഷളാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളിൽ ഇസ്രയേലിന്റെ പ്രതികരണത്തിന്‌ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും 18 മാസത്തിലേറെ കുറ്റംചുമത്താതെ തടങ്കലിലിട്ട തന്റെ അച്ഛന്റെ സ്ഥിതി വെളിപ്പെടുത്താൻ കോടതി ഉത്തരവ് അധികൃതരെ നിർബന്ധിതമാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായുമാണ്‌ മകൻ ഏലിയാസ് അബു സഫിയ കസാക്കിസ്ഥാനിൽനിന്ന് അറബ് ന്യൂസിനോട് സംസാരിച്ചത്‌. ആവർത്തിച്ചുള്ള മർദ്ദനത്തിന് വിധേയനായ അബു സഫിയയ്‌ക്ക്‌ ജയിൽ സന്ദർശനത്തിനിടെ തിരിച്ചറിയാൻ ബുദ്ധിമുട്ടായ ഗുരുതരമായ പരിക്കുകളുണ്ടെന്ന്‌ അഭിഭാഷകൻ നാസർ ഒഡെ വെളിപ്പെടുത്തിതിനെ തുടർന്ന് കുടുംബം കൂടുതൽ ഭയത്തിലായി. ഏകാന്തതടവിൽ ഇപ്പോഴും പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഏലിയാസിന്‌ എഴുതി. അബു സഫിയ ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്നും ഹമാസിൽ പദവി വഹിച്ചിട്ടുണ്ടെന്നും യുദ്ധസമയത്ത് കമാൽ അദ്വാൻ ആശുപത്രിയെ ശക്തികേന്ദ്രമാക്കി മാറ്റിയെന്നുമാണ്‌ ഇസ്രയേൽ ആരോപണം. അച്ഛന്റെയും മറ്റെല്ലാ തടവുകാരുടെയും ജീവിതത്തിൽ അവശേഷിക്കുന്നതെല്ലാം വേഗത്തിൽ ഇടപെട്ട് രക്ഷിക്കാൻ ആ മകൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഹുസാം അബു സഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിൽ ഡോക്ടർമാരെയും ആശുപത്രികളെയും മെഡിക്കൽ സ്റ്റാഫുകളെയും സംരക്ഷിക്കുന്ന ജനീവ കൺവെൻഷനുകളുടെ ലംഘനവും കുറ്റം ചുമത്താതെയുള്ള തടവും ഇനിയും ആവർത്തിക്കും. സ്റ്റീവ് ബിക്കോയും നൂറുകണക്കിന് മറ്റ് ദക്ഷിണാഫ്രിക്കക്കാരും ജയിലിൽ മരിച്ചത്‌ മുന്നിലുണ്ട്‌. വർണവിവേചന ഇസ്രയേലി അഡ്മിനിസ്ട്രേറ്റീവ് തടങ്കലിൽ പരശതം പലസ്തീനികളുടെ ജീവൻ കവർന്നു. ഇസ്രയേൽ ജയിലുകളിൽ ഹുസാം അബു സഫിയയോട് കാണിക്കുന്ന മ്ലേച്ഛമായ പെരുമാറ്റം തടവുകാരോട് പ്രത്യേകിച്ച് പലസ്തീനികളോടുള്ള മനുഷ്യവിരുദ്ധതയുടെ ലക്ഷണമാണെന്നാണ്‌ മുൻ ബ്രിട്ടീഷ്‌ ലേബർ നേതാവ് ജെറമി കോർബിൻ ദി ന്യൂ അറബിനോട് വിവരിച്ചത്‌.

ഇസാം പകർത്തിയ ചിത്രം

2026 ജൂലൈ ഒമ്പതിന് വെസ്റ്റ് ബാങ്ക്‌ സന്ദർശനത്തിനിടെ തുർമസ് അയ്യയിയിൽ അമേരിക്കൻ നിർമിത M4 റൈഫിളുകൾ കൈവശംവച്ച ഇസ്രയേലി കുടിയേറ്റക്കാർ തന്നെ കസ്റ്റഡിയിലെടുത്തതായി കാലിഫോർണിയയിൽ നിന്നുള്ള. യുഎസ് ഡെമോക്രാറ്റിക് നിയമസഭാംഗം റോ ഖന്ന പറഞ്ഞു. ഇസ്രയേലി കുടിയേറ്റക്കാർ നശിപ്പിച്ച ഒരു ഗ്രാമത്തിലായിരുന്നു ഞങ്ങൾ, അവർ സ്കൂൾ തകർത്തു, ആ ഗ്രാമം നിലംപരിശാക്കി. ഒരു മണിക്കൂറിലധികം തടഞ്ഞുവച്ചതായും സഹായത്തിന്‌ ജറുസലേമിലെ യുഎസ് എംബസിയിൽ അഭ്യർത്ഥിച്ചതായും സംഘത്തിലുണ്ടായ അദ്ദേഹത്തിന്റെ സഹായി കാമറൂൺ കാസ്‌കി അറിയിച്ചു. 2023-ൽ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെത്തുടർന്ന് കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ കാരണം താമസക്കാരെ ബലമായി കുടിയിറക്കിയ ചെറിയ പലസ്തീൻ ഗ്രാമമായ ഖിർബെറ്റ് സനുതയ്ക്ക് സമീപം കുടിയേറ്റക്കാർ വാഹനങ്ങൾ തടയുകയും ചെയ്‌തു. ആയിരക്കണക്കിന് പലസ്തീൻ ‐അമേരിക്കൻ ഇരട്ട പൗരന്മാർ താമസിക്കുന്ന ഗ്രാമമായ തുർമസ് അയ്യയുടെ പ്രാന്തപ്രദേശത്ത് കുടിയേറ്റക്കാരുടെ ഔട്ട്‌പോസ്റ്റുകൾ നിറഞ്ഞിരിക്കയാണ്‌. പലസ്തീനികളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും ഗാസയിലെ വംശഹത്യയ്‌ക്കെതിരെയും വെസ്റ്റ് ബാങ്കിലെ വർണവിവേചനത്തിനെതിരെയും സംസാരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ നിങ്ങൾ ധാർമികമായി വിട്ടുവീഴ്ച ചെയ്തിരിക്കുന്നുവെന്നാണ്‌ ഖന്ന പ്രതികരിച്ചത്‌. അധിനിവേശ പ്രദേശത്തേക്ക് സിവിലിയൻ ജനതയെ മാറ്റുന്നതിനുള്ള നാലാം ജനീവ കൺവെൻഷന്റെ വിലക്ക് ചൂണ്ടിക്കാട്ടി മിക്ക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റങ്ങളെ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ജൂത സാന്നിധ്യം നിലനിൽക്കുന്ന തർക്ക പ്രദേശമാണ് വെസ്റ്റ് ബാങ്ക് എന്ന് വാദിച്ച്‌ ഇസ്രയേൽ ആ നിലപാട് നിരസിക്കുകയാണ്‌. ഗാസയും കിഴക്കൻ ജറുസലേമും ചേർന്ന് വെസ്റ്റ് ബാങ്കിനെ പലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമായി പലസ്തീനികൾ കാണുന്നു. ഇസ്രയേലിനുള്ള യുഎസ് ധനസഹായം തടയുന്ന ഭേദഗതിയെ പിന്തുണയ്ക്കാൻ യുഎസ് കോൺഗ്രസംഗം ഇൽഹാൻ ഒമർ നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടു. അമേരിക്കൻ നികുതിദായകരുടെ പണം വംശഹത്യയ്‌ക്ക്‌ ധനസഹായം നൽകാൻ ഉപയോഗിക്കരുതെന്ന് വാദിച്ചു. എക്‌സിലെ പോസ്റ്റിൽ ഭേദഗതിയെക്കുറിച്ചുള്ള വരാനിരിക്കുന്ന ഹൗസ് വോട്ടെടുപ്പ് ബുദ്ധിശൂന്യമായ കാര്യമായിരിക്കണമെന്നും അവർ പറഞ്ഞു. മനുഷ്യത്വത്തിനെതിരായ ഇസ്രയേലി കുറ്റകൃത്യങ്ങളിൽ അമേരിക്കയ്ക്ക് പങ്കാളിയാവാവില്ല. ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കകൾ വർദ്ധിക്കുന്നതിനിടെ ഇസ്രയേലിനുള്ള സൈനിക സഹായത്തെക്കുറിച്ച് യുഎസ് കോൺഗ്രസിൽ ചർച്ച തുടരുന്നതിനിടെയാണ് ഈ പരാമർശങ്ങൾ. ഇസ്രയേലിനുള്ള യുഎസ് സൈനിക പിന്തുണയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും യുദ്ധം നടത്തുന്നതിൽ കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ ഏറ്റവും തുറന്ന് സംസാരിച്ച അംഗങ്ങളിൽ ഒരാളാണ് ഇൽഹാൻ ഒമർ. ഇസ്രയേലി കുടിയേറ്റങ്ങളെയും പലസ്തീൻ അവകാശങ്ങളെയും കുറിച്ച് അമേരിക്കൻ ചിന്തകൻ ഡേവിഡ് ഹാർവിയുടെ ഒരു പ്രസ്താവന ഓൺലൈനിൽ വൈറലാണ്‌. പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേലി കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം, ഭൂമി, മനുഷ്യാവകാശങ്ങൾ, നീതി, അവകാശങ്ങൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു അത്‌. പലസ്തീൻ അവകാശങ്ങളെ പിന്തുണയ്ക്കുന്നവർക്കിടയിൽ സന്ദേശം ചർച്ചയ്ക്ക് തുടക്കമിട്ടു.

അങ്ങേയറ്റം നിരാശാജനകമായ ചിലരുടെ മാധ്യമ കവറേജുകൾ

മാനുഷിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രധാന സന്ദർഭം നൽകുന്നതിൽ പരാജയപ്പെടുന്ന ഏതൊരു മാധ്യമ കവറേജിലും തങ്ങൾ അങ്ങേയറ്റം നിരാശരാണെന്നാണ്‌ ചിലരുടെ അഭിപ്രായപ്രകടനം. അസാധാരണ സാഹചര്യങ്ങളിൽ രോഗികളെ ചികിത്സിക്കുന്നതിലും കുട്ടികളെ പരിചരിക്കുന്നതിലും തുടർന്ന ഡോക്ടർ എന്ന നിലയിൽ ഹുസാം അബു സഫിയ ലോകമെമ്പാടും അറിയപ്പെടുന്നു. വൈദ്യശാസ്ത്രത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള ആ സമർപ്പണം കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. എല്ലാ പത്രപ്രവർത്തകർക്കും റിപ്പോർട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ അതോടൊപ്പം പ്രത്യേകിച്ച് തടവിലാക്കപ്പെട്ട ആരോഗ്യ പ്രവർത്തകന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കവെ വസ്തുതകൾ ന്യായമായും സന്ദർഭത്തിലും മനുഷ്യത്വപരമായും അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തവും മുറുകെ പിടിക്കണം. കൃത്യമായ നടപടിക്രമങ്ങളോ സമതുലിതമായ റിപ്പോർട്ടിങ്ങോ ഇല്ലാതെ മാനുഷിക സേവനത്തെ മറികടക്കാൻ പാടില്ല. നീതി, കൃത്യത, മാനുഷികാന്തസ്സ് തുടങ്ങിയവ ഉയർത്തിപ്പിടിക്കാൻ മാധ്യമ സംഘടനകൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും ബാധ്യതയുമുണ്ട്‌. മനുഷ്യത്വം സത്യം അർഹിക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക്‌ അന്തസ്സ് നൽകുകയും വേണം.
പല കാര്യങ്ങളിലും ശ്രദ്ധേയനായ മനുഷ്യനാണ് അദ്ദേഹം. മികച്ച ഡോക്ടറും ആശുപത്രി ഡയരക്ടറും, പലസ്തീൻ ജനതയുടെ ആരോഗ്യത്തിനായി ജീവിതം സമർപ്പിച്ച വ്യക്തി. അദ്ദേഹത്തിന്റെ ആരോഗ്യം വളരെ അപകടകരവും ഏറെ ആശങ്കാജനകവുമാണെന്നും അടിവരയിട്ടു. ഇസ്രയേലുമായുള്ള എല്ലാ സൈനിക സഹകരണവും അവസാനിപ്പിക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെടുന്നു, ഹുസാം അബു സഫിയയോടുള്ള രാജ്യത്തിന്റെ പെരുമാറ്റം പലസ്തീൻ തടവുകാർക്കെതിരായ ദുരുപയോഗത്തിന്റെ വിശാലമായ രീതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും സൂചിപ്പിച്ചു. ഫ്രാൻസെസ്ക അൽബനീസ് ഉൾപ്പെടെ നാല് യുഎൻ പ്രത്യേക പ്രതിനിധികൾ അദ്ദേഹത്തെയും ഏകപക്ഷീയമായി തടങ്കലിൽ വച്ചിരിക്കുന്ന 75 ആരോഗ്യ പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേലും സഖ്യകക്ഷികളും അന്താരാഷ്ട്ര നീതിന്യായ കോടതിയെയും ഐക്യരാഷ്ട്രസഭാ സംവിധാനങ്ങളെയും വിദഗ്ധരെയും അവഗണിച്ചു, കാരണം അന്താരാഷ്ട്ര നിയമലംഘനങ്ങൾ ഒരു പരിണതഫലങ്ങളുമില്ലാതെ തുടർന്നു. തുടർച്ചയായ കഠിന പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പരിക്കുകൾ ആസന്നമായ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് സൂചിപ്പിക്കുന്ന വാർത്തകളും കണക്കിലെടുത്ത് ഡോ. അബു സഫിയയ്ക്ക് ഉടൻ മതിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. പീഡിപ്പിക്കപ്പെട്ട ഹുസാം അബു സഫിയയുടെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് പകരം അദ്ദേഹത്തിനെതിരെ തെളിയിക്കപ്പെടാത്ത ഇസ്രയേലി അവകാശവാദങ്ങൾ ഉയർത്തിക്കാട്ടുന്ന ബിബിസി നടപടിയെയും ഫ്രാൻസെസ്ക അൽബനീസ് അപലപിച്ചു. ഹമാസ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാലും അതിൽ നേതൃസ്ഥാനം വഹിച്ചതിനാലും അദ്ദേഹത്തെ അറസ്‌റ്റുചെയ്തുവെന്ന അവകാശവാദം ആവർത്തിക്കുന്ന ഇസ്രയേൽ സർക്കാരിന്റെ പ്രസ്താവന ശരിവെക്കുംവിധമായിരുന്നു ബിബിസി ന്യൂസ് സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. അപമാനകരം. 18 മാസത്തെ ഏകപക്ഷീയ തടങ്കൽ. കുറ്റമൊന്നുമില്ല. തെളിവുകളുമിമില്ല അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ പീഡനം, അദ്ദേഹത്തിന്റെ ശരീരത്തിലെ പരിക്കുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്യുന്നതിനുപകരം ബന്ദിയാക്കപ്പെട്ട അദ്ദേഹത്തെ സംശയിക്കുന്ന തെളിയിക്കപ്പെടാത്ത അവകാശവാദങ്ങൾക്ക്‌ ഊക്കുകൂട്ടി എന്നിങ്ങനെ ഗാസയിലെ കവറേജിന്റെ പേരിൽ 2025 ഒക്ടോബറിൽ ബിബിസിയിൽനിന്ന്‌ രാജിവെച്ച പത്രപ്രവർത്തക കരിഷ്മ പട്ടേലും വിമർശനവുമായി രംഗത്തെത്തി. ആശുപത്രികൾ നശിപ്പിച്ച ശേഷം ഡോക്ടർമാരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് സാധാരണമാണെന്ന് വാദിക്കുന്ന സൈന്യത്തിന്റെ പ്രസ്താവന ബിബിസി അവതാരകൻ ഒറ്റ ശ്വാസത്തിൽ വായിച്ചു. ഗാസയിലെ അവസാന ആശുപത്രികളിലൊന്നിന് നേതൃത്വം നൽകിയതും ഡ്രോൺ ആക്രമണത്തിൽ മകൻ വധിക്കപ്പെട്ടശേഷവും രോഗികൾക്കൊപ്പം താമസിച്ച്‌ അവരെ പരിചരിച്ച ഹുസാം അബു സഫിയയെ കാലവിളംബമില്ലാതെ മോചിപ്പിക്കണമെന്ന്‌ അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്‌സ് ആവർത്തിക്കുകയുമുണ്ടായി. ഇതേ ആവശ്യം ബ്രിട്ടീഷ് സംഗീതജ്ഞനും ആക്ടിവിസ്റ്റുമായ റോജർ വാട്ടേഴ്‌സും ഉയർത്തി. എക്‌സിലെ ഒരു പോസ്റ്റിൽ പലസ്തീൻ ശിശുരോഗവിദഗ്ദ്ധനെ മോചിപ്പിക്കാനുള്ള പ്രചാരണത്തിന് അദ്ദേഹം പിന്തുണയും പ്രഖ്യാപിച്ചു.

ചിക്കൻപോക്‌സ്‌ പിടിപെട്ട കുഞ്ഞ്‌

ഉടൻ മോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള യുഎൻ റിപ്പോർട്ട്‌

ഡോ. ഹുസാം അബു സഫിയയുടെ തടങ്കൽ ഏകപക്ഷീയമാണെന്ന് പ്രസ്താവിച്ച്‌ 2026 ജൂലൈ ആറിന്, യുഎൻ വർക്കിങ്‌ ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ പുറപ്പെടുവിച്ചു. അദ്ദേഹത്തിന്റെ തടങ്കൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടെന്ന് റിപ്പോർട്ട് നിഗമനം ചെയ്‌ത്‌ ഉടൻ മോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. 2024 നവംബർ ആയപ്പോഴേക്കും വടക്കൻ ഗാസയിൽ രണ്ട് ഡോക്ടർമാർ മാത്രം ശേഷിച്ച അവസാന ആശുപത്രികളിൽ ഒന്നായിരുന്നു കമാൽ അദ്വാൻ. വംശഹത്യ ആരംഭിച്ചശേഷം സൈനിക നിർദ്ദേശം ശിരസാവഹിച്ച്‌ അത്‌ ഒഴിപ്പിക്കാൻ ആ മനുഷ്യാവകാശ സംരക്ഷകൻ വിസമ്മതിച്ചു. 2024 ഒക്ടോബർ 25 ന് പട്ടാളം ഇരച്ചുകയറി കെട്ടിടങ്ങൾക്കുനേരെ ബോംബെറിഞ്ഞു, നിരവധി രോഗികളെയും എല്ലാ ആശുപത്രി ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു, ആശുപത്രിയിൽനിന്ന് പുറത്തുപോകാൻ തയ്യാറാവാത്തതിനാലാണ്‌ മകനെ കൊലപ്പെടുത്തിയത്‌. കുടുംബത്തോടൊപ്പം ആശുപത്രിയിൽ അഭയം തേടിയിരിക്കെയാണ് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം. 2024 ഡിസംബർ 27 ന് ആശുപത്രി റെയ്ഡ് ചെയ്യുകയും ഡോക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2026 ജൂൺ മൂന്ന്‌ മുതൽ ഏകാന്ത തടവിൽ പാർപ്പിക്കുകയും മതിയായ വൈദ്യസഹായം നിഷേധിക്കുകയും ചെയ്തു.

കാരാഗൃഹങ്ങളിൽ നാല് ദശാബ്ദത്തിലേറെ കഴിഞ്ഞ മഹേർ അബ്ദുൾ ലത്തീഫ് യൂനിസ്

ഇസ്രയേൽ കാരാഗൃഹങ്ങളിൽ ഏറ്റവും കൂടുതൽ കാലം(നാല് ദശാബ്ദത്തിലേറെ കഴിഞ്ഞ പലസ്തീൻ തടവുകാരിൽ ഒരാളായ മഹേർ അബ്ദുൾ ലത്തീഫ് യൂനിസ് 68‐ാം വയസ്സിൽ ലോകത്തോട്‌ വിടപറഞ്ഞത്‌ അതീവ സങ്കടകരമാണ്‌. രാഷ്ട്രമീമാംസയിൽ ബിരുദധാരിയായ ശേഷം 25-‐ാം വയസ്സുതൊട്ട്‌ ജയിൽവാസം അനുഭവിച്ച അദ്ദേഹം 2023 ജനുവരി 19-നാണ്‌ മോചിതനായത്‌. അധിനിവേശത്തിനെതിരായ സായുധ പ്രതിരോധത്തിൽ പങ്കാളിയായെന്നും ഫത്താ പ്രസ്ഥാനവുമായുള്ള ബന്ധവും ആരോപിച്ച്‌ 1983 ജനുവരി 18 ന് കസ്റ്റഡിയിലെടുത്തു. ദീർഘനാളുകൾ ചോദ്യം ചെയ്യുകയും ആദ്യം വധശിക്ഷയ്ക്ക് വിധിക്കുകയുമുണ്ടായി. ഒരു മാസത്തിനുശേഷം ജീവപര്യന്തം തടവായി കുറയ്ക്കുകയും പിന്നീട് 2012 ൽ 40 വർഷ കാലാവധിയാക്കുകയും ചെയ്തു. ജയിലിൽ കഴിയവെ 2008 ൽ അച്ഛൻ മരിച്ചിട്ടും പരോൾ നൽകിയില്ല. പിന്നീട്‌ ബാക്കി കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. പലസ്തീൻ തടവുകാരുടെ പ്രസ്ഥാനത്തിന്റെ പ്രതീകവുവും പോരാട്ടങ്ങളുടെ അചഞ്ചല പ്രതീകവുമായിരുന്ന മഹർ അബ്ദുൽ ലത്തീഫ് യൂനിസിന്റെ മരണത്തിൽ ആദരാഞ്ജലികൾ ഒഴുകിയെത്തി. ഇസ്രയേലി ജയിലുകളെ പ്രതിരോധശേഷിയുടെയും വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയാവബോധത്തിന്റെയും പാഠശാലകളാക്കി മാറ്റിയ തലമുറയിൽ ഒരാളായാണ്‌ അനുസ്‌മരിച്ചത്‌. ജയിൽ വിദ്യാഭ്യാസ പരിപാടികൾ, നിരാഹാര സമരങ്ങൾ, തടവുകാരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ എന്നിവയിൽ അദ്ദേഹം വഹിച്ച പങ്കും എടുത്തുകാട്ടി. ആ മരണം വ്യക്തിയുടെ നഷ്ടത്തെക്കാൾ കൂടുതലാണെന്നും പലരും വിലയിരുത്തി. ആറ് മാസത്തെ തടവിന് ശേഷം 2026 ജനുവരിയിൽ ഇസ്രയേലി തടങ്കലിൽനിന്ന് മോചിതനായി രണ്ട് ദിവസത്തിന് ശേഷം കോമയിലേക്ക് വീണപ്പോഴാണ്‌ പലസ്തീൻ പത്രപ്രവർത്തകൻ മുജാഹിദ് മൊഫ്‌ലെയെ മോചിപ്പിച്ചത്‌. ആറ് മാസത്തിന് ശേഷം ജൂൺ 24-ന് മെലിഞ്ഞ നിലയിൽ തലയോട്ടി കുഴിഞ്ഞ തന്റെ ഞെട്ടിപ്പിക്കുന്ന ഫോട്ടോ അദ്ദേഹം പോസ്‌റ്റുചെയ്യുകയുണ്ടായി. മോചിതനായ ശേഷമുള്ള കഷ്ടപ്പാടുകളെയും ജയിലിലെ ആരോഗ്യപ്രശ്നങ്ങൾ കാരണം ജീവിതം എങ്ങനെ എന്നെന്നേക്കുമായി മാറിമറിഞ്ഞു എന്നതിനെക്കുറിച്ചുമുള്ള പൊള്ളുന്ന സാഷ്യമായി അത്‌. പലസ്തീൻ തടവുകാരോട് ഇസ്രയേൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന ജീവിക്കുന്ന തെളിവായും മാറി. പലസ്തീനിലെ അറബി ഭാഷാ മാധ്യമങ്ങളിലെ ഏറ്റവും മികച്ച എഡിറ്റർമാരിൽ ഒരാളായാണ് മുജാഹിദ് മൊഫ്‌ലെ അറിയപ്പെടുന്നത്. പലസ്തീനികളെയും അധിനിവേശത്തിൻ കീഴിലെ അവരുടെ ദൈനംദിന ജീവിതത്തെയും കുറിച്ച്‌ വാർത്തകൾ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്‌താണ്‌ അദ്ദേഹം വർഷങ്ങളോളം അൾട്രാ പലസ്തീനിൽ ജോലിയെടുത്തത്‌. 2025 ജൂൺ 28-ന്‌ സൈന്യം അറസ്‌റ്റുചെയ്‌തു. മോചിതനായി രണ്ട് ദിവസത്തിന് ശേഷം തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നും ഏഴ് മാസം തടങ്കലിൽവെച്ചു, തുടർന്ന് ഏഴ് മാസം പലസ്തീൻ ആശുപത്രികളിലും. വൈദ്യശാസ്ത്ര അവഗണനയും തടവറയിലെ ശാരീരിക ക്ലേശങ്ങളും കാരണമായിരുന്നു രക്തസ്രാവം. പ്രമേഹബാധിതനായിട്ടും ജയിലിൽ വൈദ്യസഹായം ലഭിച്ചില്ല. ഒരു കഷണം റൊട്ടി സ്വപ്നം കാണുന്ന ഒന്നായി മാറുന്ന യഥാർഥ വിശപ്പ് താൻ അറിഞ്ഞു. 14 മാസത്തെ ജയിൽവാസവും നീണ്ട ചികിത്സാ യാത്രയും വെറും കാലയളവ് മാത്രമായിരുന്നില്ല, മറിച്ച് വേദനയുടെ ജീവിതചക്രം മുഴുവനുമായിരുന്നു. ആരോഗ്യം കിരീടമാണെന്നും സ്വാതന്ത്ര്യം ജീവിതമാണെന്നും അന്തസ്സ് ചെറിയ കാര്യമല്ലെന്നും മറിച്ച് നമ്മുടെ മാനവികതയുടെ സത്തയാണെന്നും പഠിപ്പിക്കാൻ ആ ദീർഘ മാസങ്ങൾ മതിയായിരുന്നുവെന്നും അദ്ദേഹം എഴുതി. അപമാനത്തെയും നിലനിൽപ്പിന്റെ എല്ലാ വിശദാംശങ്ങളും മറ്റൊരാൾ നിയന്ത്രിക്കുന്നതിനെ സംബന്ധിച്ചും അതിലുണ്ട്‌‌. ജയിൽ തന്റെ ശരീരത്തിന് കേടുപാടുകൾ വരുത്തുക മാത്രമല്ല, സാധാരണമാണെന്ന് താൻ മനസ്സിലാക്കിയതിനെയും മാറ്റിമറിച്ചുവെന്നും മുജാഹിദ് മൊഫ്‌ലെ പറഞ്ഞു. അവ ലളിതമായ കാര്യങ്ങളാണെന്ന് തോന്നുന്നു: ഒരു പൂർണ ഭക്ഷണം, ഒരു ഗ്ലാസ് വെള്ളം, ഭയമില്ലാതെ ഒരു രാത്രി ഉറക്കം, ഒരു വാതിലിനു പുറത്തേക്ക് നടക്കാനുള്ള കഴിവ് എന്ന പ്രയോഗം ഹൃദയം നീറ്റുന്നതാണ്‌.

ശരീരഭാരം 30 കിലോവിൽ താഴെയായ പത്രപ്രവർത്തകൻ മുജാഹിദ് മൊഫ്‌ലെ

രക്തസ്രാവം ഉണ്ടായി നാല് മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ മൊഫ്‌ലെനെ ആദ്യമായി സന്ദർശിച്ച സഹപ്രവർത്തകൻ കണ്ടത്‌ ശരീര ഭാരം 30 കിലോയിൽ കൂറഞ്ഞ നിലയിൽ. അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞില്ല, മറ്റൊന്നും ചലിപ്പിക്കാനുമായില്ല വലതു കൈ ഒഴികെ. മറ്റൊരു സന്ദർശകനോട്‌ പ്രതികരിച്ചത്‌ എഴുത്തിലൂടെ. എന്നോടൊപ്പം ഒരേ സെല്ലിൽ തടവിലായിരുന്ന രണ്ട് തടവുകാർ മരിച്ചു. അവരിൽ ഒരാളുടെ അന്ത്യശ്വാസം എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയും എന്നായിരുന്നു തുടക്കം. തടവുകാർക്ക് തങ്ങളെ ബന്ധിച്ചിരിക്കുന്ന കൂടുകളിൽനിന്ന് പുറത്തുപോകാൻ കഴിയും, പക്ഷേ അവർ അനുഭവിച്ച പീഡനങ്ങൾ അങ്ങനെയല്ല. അത് അവരിൽ തുടരുന്നു, പ്രേതത്തെപ്പോലെ തങ്ങിനിൽക്കുന്നുവെന്നും വിശദീകരിച്ചു. മൊഫ്‌ലെനെ സംബന്ധിച്ച്‌ അത് മറ്റെല്ലാവരെക്കാളും സത്യമായി. സഹജീവികളുടെ കഥകളോടും കഷ്ടപ്പാടുകളോടുമുള്ള ഉത്കണ്ഠയാൽ ജീവിതം രൂപപ്പെടുത്തിയ ആഴത്തിലുള്ള സഹാനുഭൂതിയുള്ള പത്രപ്രവർത്തകനെന്ന നിലയിൽ കണ്ട കുറ്റകൃത്യങ്ങൾ ക്ഷണികമായ ഭീകരതയായിരുന്നില്ല; മോചിതനായശേഷം വളരെക്കാലം കഴിഞ്ഞും അവ അദ്ദേഹത്തിന്റെ ശരീരത്തിൽ നിറഞ്ഞുനിന്നു. അതാണ് ആ അനുഭവങ്ങളിലെ ഏറ്റവും വിനാശകരമായ ഭാഗം. നേരിട്ട ക്രൂരതകളിൽനിന്ന് ഒരിക്കലും രക്ഷപ്പെട്ടില്ല. തടങ്കലിൽനിന്ന് പുറത്തുവന്നപ്പോൾ കോമയിലേക്ക് വീണു, തുടർന്ന് ഒരു ആശുപത്രി മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറേണ്ടി വന്ന ദീർഘകാല രോഗാവസ്ഥ. മൊഫ്‌ലെനെനൊപ്പം ജോലി ചെയ്യുന്നതിനിടെ മോചിതനായ തടവുകാരനെക്കുറിച്ചുള്ള വാർത്ത എഴുതി “വിമോചിതനായ തടവുകാരൻ’ എന്ന് പരാമർശിച്ച സഹപ്രവർത്തകനെ തിരുത്തി സന്ദേശം അയക്കുകയും ചെയ്‌തു: അയാൾ ഒരു മുൻ തടവുകാരനാണ്. തന്റെ മുഴുവൻ ശിക്ഷയും അഴികൾക്കുള്ളിൽ ചെലവഴിച്ചു, എന്നാൽ മോചിതനായില്ല. സ്വതന്ത്രനായ തടവുകാരൻ എന്നാൽ സ്വാതന്ത്ര്യം തിരിച്ചുപിടിച്ച വ്യക്തിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജയിലർമാരുടെ ഇഷ്ടത്തിന് വിരുദ്ധമായി മോചിതനായ ഒരാൾ. ആശുപത്രിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ സുഹൃത്തിന്‌ ആ കുറിപ്പ് ഓർമവന്നു, ഒരു തടവുകാരൻ സ്വാതന്ത്ര്യത്തിനായി പോരാടുന്നത് എന്താണെന്ന് അപ്പോൾ മനസ്സിലായി.

നിങ്ങളുടെ സ്വന്തം നിബന്ധനകളിൽ സ്വാതന്ത്ര്യം വീണ്ടെടുക്കുകയും പ്രധാനം

ജയിലിൽ പോരാടുക എന്നതിനർഥം ജയിൽ നിങ്ങളോട് ചെയ്തതുപോലെ പോരാടുക എന്നാണ്; – മരണത്തോടും ജയിലറുടെ പീഡനത്തോടും. നിങ്ങളുടെ സ്വന്തം നിബന്ധനകളിൽ സ്വാതന്ത്ര്യം വീണ്ടെടുക്കുകയെന്നതും പ്രധാനം. മൊഫ്‌ലെനെന്റെ കാര്യവും അപവാദമല്ല. പലസ്തീൻ തടവുകാരുടെ സമൂഹം അനന്തമായി പരാമർശിച്ചതുപോലെ ഇസ്രായേൽ ജയിൽ സംവിധാനത്തിലെ വ്യവസ്ഥാപിത പീഡനങ്ങൾ, പട്ടിണി, വൈദ്യചികിത്സയുടെ പൂർണ നിഷേധം, ശാരീരിക തകർച്ച, തുടർച്ചയായ മാനസിക ഭീകരത എന്നിവ സഹിച്ച ആയിരക്കണക്കിന് ഉദാഹരണങ്ങളിൽ ഒരാൾ. അതുപോലുള്ള നൂറുകണക്കിന് കേസുകൾ മനുഷ്യാവകാശ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ തടവുകാർ വിനാശകരമായ ശാരീരിക‐മാനസിക അവസ്ഥയിൽ മോചിതരായി. അവരിൽ ഭൂരിഭാഗവും ഒരിക്കലും പരസ്യമാക്കിയില്ല, കാരണം അതിലൂടെ കടന്നുപോയ ആളുകൾ പ്രതികാര നടപടികൾ ഭയന്ന് സംസാരിക്കാൻ ഭയപ്പെട്ടു. – ഭ്രാന്തുകൊണ്ടല്ല; തുറന്നുപറഞ്ഞാൽ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് ജയിലധികാരികളും രഹസ്യാന്വേഷണ വിഭാഗങ്ങളും വ്യക്തമായി ഭീഷണിപ്പെടുത്തിയതിനാൽ. ചിലരെ സംബന്ധിച്ചിടത്തോളം ജയിൽ അവരോട് ചെയ്തത് വളരെ വലുതായിരുന്നു, മോചിതമായി അധികകാലം ജീവിച്ചില്ല. വീണ്ടും ഇസ്രയേലി അധികാരികൾ പലപ്പോഴും തടവുകാരെ മോചിപ്പിക്കുന്നത് അവർക്ക് പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾ വരുത്തിയഷം മാത്രമാണെന്ന് പ്രിസണേഴ്‌സ് സൊസൈറ്റി ഓർമിപ്പിക്കുന്നു; ധൈഷെ അഭയാർത്ഥി ക്യാമ്പിലെ പ്രിയപ്പെട്ട അധ്യാപകൻ ഖാലിദ് അൽ-സൈഫിക്ക് സംഭവിച്ചതുപോലെ എണ്ണമറ്റ ആളുകളുടെ ജീവിതം സ്പർശിച്ചു. 2026 ജനുവരിയിൽ മോചിതനായി ഒരാഴ്ച കഴിഞ്ഞപ്പോൾ – മൊഫ്‌ലെന്റെ മരണം ക്യാമ്പിനപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന സമൂഹത്തെ മുഴുവൻ നടുക്കി. ഒരു തരത്തിൽ പറഞ്ഞാൽ മോചിപ്പിച്ചു, പക്ഷേ മോചനം ലഭിച്ചില്ല. അതിലും മോശം ജയിൽ അദ്ദേഹത്തോടൊപ്പം വന്നു. എന്നാൽ അതിജീവിക്കാനുള്ള സമരം ജയിലർമാർ തന്റെ ശരീരത്തോടും ആത്മാവിനോടും ചെയ്തതിനെതിരായ അദ്ദേഹത്തിന്റെ ചെറുത്തുനിൽപ്പ്‌, മോചനത്തിനായുള്ള സ്വന്തം പോരാട്ടമായിരുന്നു എന്നതും സത്യം. അദ്ദേഹത്തിന്റെ സാക്ഷ്യം ചുമരിലെ ആദ്യത്തെ വിള്ളലായിരിക്കാം. തണുത്ത ചുവരുകൾക്കും അനന്തമായ രാത്രികൾക്കുമിടയിൽ വിശപ്പ് വ്യക്തിയുടെ അഭിമാനം എങ്ങനെ തകർക്കുന്നുവെന്നും വിശ്വാസവും ക്ഷമയും ഒഴികെ മറ്റെല്ലാം വേദന എങ്ങനെ ഇല്ലാതാക്കുന്നുവെന്നും താൻ പഠിച്ചുവെന്നാണ്‌ മൊഫ്‌ലെ എഴുതിയത്‌.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.