Skip to main content

നവഭാവുകത്വത്തില്‍ പൂക്കുന്ന സ്ത്രീകള്‍

 

സി.വി. ബാലകൃഷ്ണന്‍ എഴുതിയ ‘റാസ്ബെറികളുടെ സുഗന്ധം’ എന്ന കഥ മലയാള ചെറുകഥയുടെ സൂക്ഷ്മതലത്തില്‍ സംഭവിക്കുന്ന ഭാവുകത്വപരിവര്‍ത്തനത്തില്‍ വലിയ പങ്കാളിത്തം വഹിക്കുന്ന ഒരു ആഖ്യാനമാണ്. കല, ശരീരം, ദൃഷ്ടി, സ്ത്രീ-സ്ത്രീ ആകര്‍ഷണം, സൗന്ദര്യാനുഭവം, സ്വത്വപരിവര്‍ത്തനം എന്നിവയെല്ലാം അതിശയകരമായി ഉന്നതസാന്ദ്രതയോടെ ഉള്‍ക്കൊള്ളുന്ന കഥയാണിത്. കഥയുടെ ആഖ്യാനശക്തി അതിന്റെ സംഭവങ്ങളിലല്ല, സംഭവങ്ങളെ മറികടക്കുന്ന അനുഭവപരമായ രൂപാന്തരങ്ങളിലാണ്. രണ്ടു സ്ത്രീകള്‍ക്കിടയിലെ പ്രണയത്തിന്റെ കഥയെന്ന ലളിതമായ വായനയ്ക്കുപരി കലാനുഭവം വ്യക്തിയുടെ മനോഭാവത്തെയും ശരീരാനുഭവത്തെയും ആഗ്രഹത്തെയും മാറ്റിമറിക്കുന്നതായി പറയുന്ന അപൂര്‍വ്വമായ സാഹിത്യാവിഷ്‌കാരമാണിത്.

Lady Agnew of Lochnaw

കരോളിനും ജോവന്നയും ചിത്രകാരികളാണ്. നാഷണല്‍ ഗാലറിയില്‍ അവര്‍ ചിത്രപ്രദര്‍ശനം കാണാന്‍ പോകുന്നു. ജോവന്ന ലേഡി ആഗ്‌ന്യൂ ഓഫ് ലോഖ്ന (Lady Agnew of Lochnaw) എന്ന ചിത്രം കണ്ടു നില്‍ക്കുന്നു. ചിത്രകാരനായ ജോണ്‍ സിംഗര്‍ സാര്‍ജന്റ് വരച്ച ഈ ചിത്രം പാശ്ചാത്യചിത്രകലയുടെ ചരിത്രത്തിലെ പ്രസിദ്ധമായ സ്ത്രീചിത്രങ്ങളില്‍ ഒന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ അഭിജാതസ്ത്രീസൗന്ദര്യത്തെ മൃദുവും ആകര്‍ഷകവുമായ പ്രകാശഭാവങ്ങളില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. ലേഡി ആഗ്‌ന്യൂവിന്റെ ഇരിപ്പും ദൃഷ്ടിയും മുഖഭാവവും ചിത്രത്തിലെ വെളുത്ത വസ്ത്രത്തിന്റെ തെളിച്ചവും ആ ചിത്രം കാണുന്നവരെ അപൂര്‍വ്വമായ മാനസികാവസ്ഥയിലേക്കു നയിക്കുന്നു. ആ കാലത്തെ കുലീനസ്ത്രീയുടെ പ്രതിനിധാനം മാത്രമല്ല, സ്ത്രീസൗന്ദര്യത്തെ കാണുന്ന പുരുഷദൃഷ്ടിയുടെ ചരിത്രപരമായ മാതൃക കൂടിയായി ആ ചിത്രത്തെ കാണണം. സി.വി.ബാലകൃഷ്ണന്റെ കഥയില്‍ ഈ ചിത്രം കാണുന്നത് ഒരു സ്ത്രീയാണ്. ചിത്രത്തിന്റെ അര്‍ത്ഥവ്യവസ്ഥയെ മാറ്റുന്ന നോട്ടമാണത്.

ആ ചിത്രം കണ്ടു നില്‍ക്കുന്നവള്‍ മറ്റൊരാളായി മാറിത്തീരുകയാണ്. അവള്‍ ലേഡി ആഗ്‌ന്യൂവിനെ അണിയിച്ചൊരുക്കുന്നവളായി മാറിത്തീരുന്നു. അവള്‍ക്കു വേണ്ട ഉടുപ്പുകള്‍, ആഭരണങ്ങള്‍ ഒക്കെ ജോവന്ന തെരഞ്ഞെടുക്കുന്നു. ലേഡി ആഗ്‌ന്യൂവിനെ വരയ്ക്കാന്‍ കാത്തിരിക്കുന്ന ജോണ്‍ സിംഗര്‍ സാര്‍ജെന്റിന്റെ മുന്നിലേക്ക് ജോവന്നക്ക് അവളെ ആനയിക്കണം. ഇപ്പോള്‍, ജോവന്ന ചിത്രത്തിന്റെ കാഴ്ചക്കാരിയല്ല; ചിത്രത്തിനുള്ളിലേക്കു കടന്നുചെല്ലുന്നവളാണ്. കലാസൃഷ്ടിയുടെ ദര്‍ശകസ്ഥാനത്തു നിന്നും അതിന്റെ സഹസ്രഷ്ടാവിന്റെ സ്ഥാനത്തേക്ക് അവള്‍ മാറുന്നു. കലയുടെ ഭാവുകത്വാനുഭവം അവളില്‍ ഒരു സ്വത്വപരിവര്‍ത്തനം സൃഷ്ടിക്കുന്നു. ജോണ്‍ സിംഗര്‍ വരച്ച ചിത്രത്തിന്റെ കാഴ്ചയില്‍ മതിമറന്ന് സ്വയം മറ്റൊരുവളായി മാറിത്തീര്‍ന്ന ജോവന്നയുടെ മുന്നിലേക്കാണ് കരോളിന്‍ വരുന്നത്. ‘ലേഡി ആഗ്‌ന്യൂ’വിനെ മറ്റേതോ ലോകത്തില്‍ നിന്നു കൊണ്ടു വീക്ഷിക്കുന്ന ജോവന്നയ്ക്ക് ഒരു സ്വപ്നാടകയുടെ ഭാവമായിരുന്നു. ഈ പരിവര്‍ത്തനമാണ് കരോളിന്‍ കാണുന്നത്. കഥയുടെ സങ്കീര്‍ണ്ണമായ നിമിഷം ഇവിടെ ആരംഭിക്കുന്നു. കരോളിന്‍ മുമ്പു കണ്ടിരുന്ന ജോവന്നയല്ല ഇപ്പോള്‍ അവളുടെ മുന്നിലുള്ളത്. പുതിയ ജോവന്നയെയാണ് കരോളിന്‍ കാണുന്നത്. ലേഡി ആഗ്‌ന്യൂവിന്റെ സൗന്ദര്യദര്‍ശനത്തില്‍ ലയിച്ചുപോയ, മറ്റൊരു പ്രകാശം കൈവരിച്ച സ്ത്രീയാണ് അവളുടെ മുന്നിലുള്ളത്. കരോളിന്‍ ജോവന്നയെ വിളിക്കുന്നുണ്ട്. തന്റെ വിളി കേള്‍ക്കുന്ന ജോവന്നയെ കണ്ട് കരോളിന്‍ അന്ധാളിച്ചു പോയി. ജോവന്നയുടെ സ്വപ്നാടകഭാവം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഭാഗികമായി വേര്‍പെട്ട, കലയുടെ ആന്തരികലോകത്തില്‍ ജീവിക്കുന്ന ഒരവസ്ഥയാണ്. ആ അവസ്ഥയില്‍ ജോവന്ന ശരീരാതീതമായ സൗന്ദര്യമായി മാറുന്നു. കരോളിന് ഇപ്പോള്‍ പ്രണയം അടക്കിവയ്ക്കാന്‍ കഴിയാതായി. കരോളിന്‍ ജോവന്നയുടെ ചുണ്ടുകളില്‍ ചുംബിക്കുന്നു. റാസ്ബറികളുടെ സുഗന്ധം ഗാലറിയില്‍ നിറഞ്ഞതായി കഥാകാരന്‍ എഴുതുന്നു. പല പാഠങ്ങളെ എഴുതാന്‍ കഴിയുന്ന അത്ഭുതകരമായ ഒരു കഥയാണ് വളരെ കുറഞ്ഞ വാക്കുകളില്‍ സി.വി. ബാലകൃഷ്ണന്‍ എഴുതിയിരിക്കുന്നത്.

ഇവിടെ ലെസ്ബിയന്‍ ആകര്‍ഷണം പെട്ടെന്നുള്ള മാറ്റമായി വായിക്കണമെന്നില്ല. കരോളിന് ജോവന്നയോടുള്ള ആകര്‍ഷണം മുമ്പു തന്നെ നിലനിന്നിരുന്നുവെന്നു കരുതാം. എന്നാല്‍, ലേഡി ആഗ്‌ന്യൂവിന്റെ ചിത്രത്തിനു മുന്നില്‍ സംഭവിക്കുന്ന ഭാവുകത്വപരിവര്‍ത്തനം ആ ആകര്‍ഷണത്തെ വ്യക്തവും അനിവാര്യവുമായ പ്രണയാവസ്ഥയാക്കി മാറ്റുന്നു. ചുംബനത്തിനു ശേഷം ഗാലറിയില്‍ നിറയുന്ന റാസ്ബെറികളുടെ സുഗന്ധം പുതിയ ഭാവുകത്വത്തിന്റെ സംവേദനാത്മകരൂപകമാണ്. റാസ്ബെറി മധുരത്തിന്റെയും പിങ്കുകലര്‍ന്ന ചുവപ്പിന്റെയും മൃദുത്വത്തിന്റെയും സൂചനകള്‍ വഹിക്കുന്നു. ഗാലറിയിലാകെ പരക്കുന്ന സുഗന്ധം അവിടമാകെ മൂടുന്ന പ്രണയാനുഭവത്തെ കാണിക്കുന്നു.

സ്ത്രീശരീരത്തെ പുരുഷദൃഷ്ടിക്കു മുന്നില്‍ അവതരിപ്പിക്കുന്ന രീതിയിലായിരുന്നു പാശ്ചാത്യചിത്രകല മിക്കവാറും വികസിച്ചത്. പുരുഷനായ ചിത്രകാരന്‍ സ്ത്രീശരീരത്തെ രൂപപ്പെടുത്തുന്നവനായിരുന്നു. സാര്‍ജെന്റ് വരച്ച സ്ത്രീകളുടെ പോര്‍ട്രെയിറ്റുകള്‍ പലപ്പോഴും അസ്വാസ്ഥ്യം സൃഷ്ടിച്ചതായി കലാചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ലേഡി ആഗ്‌ന്യൂ ഓഫ് ലോഖ്ന എന്ന ചിത്രവും അതില്‍നിന്നും മുക്തമല്ല. ഇവിടെ സി.വി. ബാലകൃഷ്ണന്റെ കഥ സൃഷ്ടിപരമായി വഴി മാറി നടക്കുന്നു. പാശ്ചാത്യനിരൂപകര്‍ പുരുഷദൃഷ്ടിയുടെ പശ്ചാത്തലത്തില്‍ വായിച്ചിരുന്ന ചിത്രത്തെ കഥാകൃത്ത് രണ്ടു സ്ത്രീകളുടെ ഭാവുകത്വാനുഭവത്തിന്റെ കേന്ദ്രമാക്കുന്നു. ബാലകൃഷ്ണന്റെ കഥയില്‍ ആ ചിത്രത്തെ നോക്കുന്നത് സ്ത്രീകളാണ്. ഒരു സ്ത്രീയാണ് മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെ സൃഷ്ടിപരമായി പുനര്‍നിര്‍മ്മിക്കുന്നത്. ചിത്രം പുതിയൊരു ദൃഷ്ടിവ്യവസ്ഥയില്‍ പുനര്‍ജ്ജനിക്കുന്നു. ചിത്രത്തിലെ സ്ത്രീസൗന്ദര്യം പുരുഷനു വേണ്ടിയുള്ള കാഴ്ചയല്ലാതെ സ്ത്രീ-സ്ത്രീ ആകര്‍ഷണത്തിന്റെ മാദ്ധ്യസ്ഥമാകുന്നു. ഇത് ചിത്രത്തിന്റെ അര്‍ത്ഥത്തെ തന്നെ മാറ്റുന്നു. ജോവന്ന വെറും പ്രേക്ഷകയല്ല; അവള്‍ സ്ത്രീസൗന്ദര്യത്തിന്റെ സൃഷ്ടികര്‍ത്താവായി മാറുന്നു. അതുകൊണ്ടുതന്നെ അവളുടെ ആകര്‍ഷണം ഒരു സ്ത്രീയുടെ ഉടമസ്ഥാവകാശത്തിനുള്ള ആഗ്രഹമല്ല. അവളെ സൃഷ്ടിപരമായ അനുഭവമാക്കാനുള്ള ആഗ്രഹമാണ്. കരോളിന്‍ ചുംബിക്കുന്നതും ഇതേ പശ്ചാത്തലത്തില്‍ വായിക്കണം. അവള്‍ ജോവന്നയെ ചുംബിക്കുന്നത് കലാനുഭവത്തില്‍ രൂപാന്തരപ്പെട്ട സൗന്ദര്യാവസ്ഥയെ സ്പര്‍ശിക്കാനാണ്. ആ ചുംബനത്തില്‍ റാസ്ബെറികളുടെ സുഗന്ധം ഗാലറിയില്‍ നിറയുന്നു. അത് ശരീരത്തിന്റെ ഗന്ധമല്ല. കലയും ആഗ്രഹവും പരസ്പരം ലയിച്ചുണ്ടാക്കുന്ന ഭാവുകത്വത്തിന്റെ ഗന്ധമാണ്.

ബാലകൃഷ്ണന്റെ കഥ സ്ത്രീ-സ്ത്രീ പ്രണയത്തെ സാമൂഹികവിലക്കുകളുടെ പശ്ചാത്തലങ്ങളിലേക്കു കൊണ്ടുപോകുന്നില്ല. സൗന്ദര്യാനുഭവത്തിന്റെ സ്വാഭാവികമായ വിപുലീകരണമായി അതിനെ അവതരിപ്പിക്കുന്നു. സാധാരണമായ ലെസ്ബിയന്‍ കഥ എന്ന വിഭാഗീകരണത്തില്‍ നിന്നും കഥയെ വ്യത്യസ്തമാക്കുന്നതും ഇതാണ്. കഥയില്‍ കുറ്റബോധമില്ല, സാമൂഹികഭീതിയില്ല, ആത്മനിന്ദയില്ല. ഒരു അഭൂതപൂര്‍വ്വമായ സൗന്ദര്യാനുഭവത്തിന്റെ മൃദുവായ വിസ്മയമാണ് അതു പകരുന്നത്. കഥയിലെ പ്രണയം രാഷ്ട്രീയപ്രഖ്യാപനമായി വരുന്നതല്ല. ഭാവുകത്വപരിവര്‍ത്തനത്തിന്റെ അനിവാര്യമായ ഫലമായി അത് അനുഭവപ്പെടുന്നു. ലേഡി ആഗ്‌ന്യൂവിന്റെ മാസ്മരികസൗന്ദര്യത്തില്‍ ലയിച്ചു നില്‍ക്കുന്ന, അവളെ അണിയിച്ചൊരുക്കുന്നവളായി മാറിത്തീരുന്ന, ജോവന്നയെ സഹചിത്രകാരിയായ കരോളിന്‍ പുതിയൊരു സൗന്ദര്യത്താല്‍ പൂത്തുനില്‍ക്കുന്നവളായി തിരിച്ചറിയുന്നു.

കരോളിന്‍ ലേഡി ആഗ്‌ന്യൂവായി മാറിത്തീരുന്നതായി കഥാകാരന്‍ സൂചിപ്പിക്കുന്നു. ഇതിന് മറ്റു ചില അര്‍ത്ഥതലങ്ങളുണ്ട്. ആദ്യം ജോവന്നയാണ് ചിത്രത്തിനുള്ളിലേക്ക് കടക്കുന്നത്. പിന്നീട് കരോളിന്‍ ജോവന്നയുടെ അനുഭവത്തിലേക്ക് കടക്കുന്നു. അങ്ങനെ കലാസൃഷ്ടി ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുന്ന ഒരു സംവേദനപ്രക്രിയയായി മാറുന്നു. കഥയുടെ ആന്തരികഘടന ഈ പാരസ്പര്യരൂപാന്തരങ്ങളാണ്. പ്രണയം ‘ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു’വെന്നതിലുപരി ‘ഞാന്‍ നിന്നിലൂടെ മാറുന്നു’വെന്ന അനുഭവമായിരിക്കുന്നു. കഥയില്‍ ചിത്രകല ഒരു പശ്ചാത്തലം മാത്രമല്ല. രണ്ടു ചിത്രകാരികളുടെ സര്‍ഗ്ഗാത്മകമനസ്സുകളെ വിശദീകരിക്കുന്ന ഭാഷയുമാണത്. ഈ കലാകാരികള്‍ക്ക് ലോകം സാധാരണ വസ്തുക്കളുടെ ലോകമല്ല; അവര്‍ വസ്തുക്കളെ മറ്റൊരു രൂപത്തില്‍ കാണുന്നു. ആ മറുരൂപം കാണാനും സൃഷ്ടിക്കാനുമുള്ള ശേഷിയാണ് ഭാവുകത്വം. ജോവന്ന ലേഡി ആഗ്‌ന്യൂവിനെ കാണുമ്പോള്‍ അവള്‍ ചിത്രത്തിന്റെ പുറത്തുള്ള സ്ത്രീയെയല്ല കാണുന്നത്; ചിത്രത്തിനുള്ളിലെ സൗന്ദര്യത്തിന്റെ ആത്മാവിനെ കാണുന്നു. കരോളിന്‍ ജോവന്നയെ കാണുമ്പോള്‍ അവളുടെ ശരീരത്തെയല്ല കാണുന്നത്; കലാനുഭവത്തില്‍ രൂപാന്തരപ്പെട്ട ഭാവസത്തയെ കാണുന്നു.

ലേഡി ആഗ്‌ന്യൂവിന്റെ ചിത്രം ദുരൂഹസ്‌ത്രൈണതയുടെ പ്രതീകമായി വായിക്കപ്പെട്ടിട്ടുണ്ട്. അവരുടെ കണ്ണുകളും ശരീരഭാഷയും പ്രലോഭനാത്മകമാണെന്ന നിരീക്ഷണങ്ങളുണ്ട്. ലേഡി ആഗ്‌ന്യൂവിന്റെ ഇരിപ്പിനെയും മുഖഭാവത്തെയും കലാചരിത്രകാരനായ റിച്ചാര്‍ഡ് ഓര്‍മണ്ട് ആലസ്യചാരുത എന്നു വിശേഷിപ്പിക്കുന്നു. അവളുടെ കണ്‍നോട്ടം നിശബ്ദമായി വെല്ലുവിളിക്കുന്നതാണ്. ലേഡി ആഗ്‌ന്യൂവിന്റെ പുഞ്ചിരിയില്‍ തടഞ്ഞുവെച്ചു ക്ഷണിക്കുന്ന ഭാവമുണ്ടെന്നും അദ്ദേഹം പറയുന്നു. സി.വി. ബാലകൃഷ്ണന്റെ കഥയെ ഈ നിരീക്ഷണങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണ്. ജോവന്നയെ ആകര്‍ഷിക്കുന്നത് ലേഡി ആഗ്‌ന്യൂവിന്റെ സൗന്ദര്യം മാത്രമല്ല, പൂര്‍ണ്ണമായി വായിക്കാനാവാതെ മറഞ്ഞുകിടക്കുന്ന സ്ത്രീസാന്നിദ്ധ്യമാണ്. സാര്‍ജെന്റിന്റെ ചിത്രങ്ങളില്‍ മനസ്സിന്റെ അടിയന്തരത്വം കാണാമെന്ന് തിയോഡര്‍ റെഫ് എന്ന നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാര്‍ജെന്റ് വ്യക്തിയുടെ പുറംരൂപം മാത്രം വരച്ചിരുന്നില്ല, അദ്ദേഹം വ്യക്തിയുടെ താല്‍ക്കാലികമായ മാനസികഭാവത്തെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. ലേഡി ആഗ്‌ന്യൂവിന്റെ ചിത്രത്തിലും ഈ താല്‍ക്കാലികതയുണ്ട്. അവള്‍ ചിത്രത്തിനായി നടിക്കുകയാണോ കാണിയെ വിലയിരുത്തുകയാണോ വിശ്രമിക്കുകയാണോ തന്റെ ചിന്തകളില്‍ മുഴുകിയിരിക്കുകയാണോ എന്നതൊന്നും വ്യക്തമല്ല. ഈ അനിശ്ചിതത്വം ചിത്രത്തിനു സവിശേഷമായ മാസ്മരികത നല്‍കുന്നു. ബാലകൃഷ്ണന്റെ കഥയില്‍ ജോവന്ന സ്വപ്നാടകയായി മാറുന്നത് ഈ മനോഭാവത്തിന്റെ സാഹിതീയമായ വികാസമാകാം.

കഥാകാരന്‍ അസാധാരണമായ സംയമനത്തോടെയാണ് എഴുതുന്നത്. അദ്ദേഹം വികാരങ്ങളെ വിശദീകരിക്കുന്നില്ല; ചെറിയ സൂചനകളിലൂടെ വായനക്കാരന്റെ മനസ്സില്‍ വൈകാരികതയെ വികസിപ്പിക്കുന്നു. കഥ കവിതാസാന്ദ്രമാകുന്നു. കുറച്ചു വാക്കുകള്‍ കൊണ്ട് വലിയ അനുഭവലോകങ്ങള്‍ തുറക്കുകയെന്ന ആധുനിക ചെറുകഥയുടെ പ്രധാന സവിശേഷതയുടെ അതിമനോഹരമായ ഉദാഹരണമായിരിക്കുന്നു, ‘റാസ്ബെറികളുടെ സുഗന്ധം.’ കല എങ്ങനെ മനുഷ്യന്റെ ആഗ്രഹങ്ങളെ സ്വാധീനിക്കുകയും മാറ്റുകയും ചെയ്യുന്നുവെന്നതിന്റെ അപൂര്‍വ്വമായ സാഹിതീയപരിശോധന ഈ കഥ നിര്‍വ്വഹിക്കുന്നു. ഭാവുകത്വപരിവര്‍ത്തനം പ്രണയം ജനിപ്പിക്കുന്നതിന്റെയും പ്രണയം വ്യക്തിത്വത്തെ മാറ്റിമറിക്കുന്നതിന്റെയും സൂക്ഷ്മമായ രേഖീകരണമായി കഥ മാറുന്നു. സ്ത്രീസൗന്ദര്യവും ഭാവുകത്വവും സമലൈംഗികാകര്‍ഷണവും കലാനുഭവവും ഒരേ അനുഭവധാരയില്‍ ചേര്‍ത്തുവച്ച അപൂര്‍വ്വം ചെറുകഥകളിലൊന്നായി മലയാള സാഹിത്യത്തില്‍ വിലയിരുത്തപ്പെടേണ്ട കൃതിയാണിത്.

കരോളിനും ജോവന്നയും ചിത്രകാരികളല്ലായിരുന്നുവെങ്കില്‍ കഥയിലെ അനുഭവങ്ങളും ആഗ്രഹങ്ങളും ഇത്ര രൂപാന്തരാത്മകവും സങ്കീര്‍ണ്ണവുമായി മാറുമായിരുന്നില്ല. കഥയുടെ മാനസികഘടനയെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാനഘടകമാണിത്. ചിത്രകാരിയായ ജോവന്ന ചിത്രത്തെ വായിക്കുന്നത് സാധാരണ കാണിയുടെ മട്ടിലല്ല. നിറങ്ങളുടെ വിന്യാസം, വസ്ത്രത്തിന്റെ വീഴ്ച, മുഖഭാവത്തിന്റെ മൃദുത്വം, ഇരിപ്പിന്റെ ആഡംബരലാഘവം, ശരീരഭാഷയുടെ ആകര്‍ഷണീയത, പ്രകാശത്തിന്റെ സഞ്ചാരം, മാതൃകയും ചിത്രകാരനും തമ്മിലുള്ള ആന്തരികബന്ധം…ഇവയെല്ലാം അവളുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നു. ഇത് അവളെ ചിത്രത്തിന്റെ നിര്‍മ്മാണപ്രക്രിയയ്ക്കുള്ളിലേക്ക് കടന്നുചെല്ലുന്നവളാക്കി മാറ്റി. ഇത് ചിത്രകാരിക്കു മാത്രം സാദ്ധ്യമാകുന്നതാണ്. ചിത്രകാരി കലാസൃഷ്ടിയെ പൂര്‍ത്തിയാക്കപ്പെട്ടതായി കാണുന്നില്ല. അത് രൂപം കൊള്ളുന്ന പ്രക്രിയയിലാണ്. ജോവന്നയുടെ ഭാവനയില്‍ ലേഡി ആഗ്‌ന്യൂ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അവള്‍ക്കു വസ്ത്രം തെരഞ്ഞെടുക്കണം, ആഭരണം തെരഞ്ഞെടുക്കണം, അവളെ ചിത്രകാരന്റെ മുന്നിലേക്ക് ആനയിക്കണം. അതായത് ജോവന്ന ചിത്രത്തെ ജീവിച്ചുകൊണ്ടിരിക്കുന്ന നിമിഷമായി അനുഭവിക്കുന്നു. കലാകാരിയുടെ ഭാവന ചിത്രത്തിന്റെ കാലത്തെ പിന്നിലേക്കു തുറക്കുന്നു. കലാസൃഷ്ടിയുടെ അപൂര്‍ണ്ണതയെ കുറിച്ചുള്ള സങ്കല്‍പ്പനത്തിലാണ് അവളുടെ സൃഷ്ടിപരമായ പങ്കാളിത്തം ജനിക്കുന്നത്. ഇതുതന്നെ അവളുടെ ആഗ്രഹത്തെയും രൂപപ്പെടുത്തുന്നു. ചിത്രകാരിയുടെ ആഗ്രഹം ശരീരത്തില്‍ ആരംഭിക്കുന്നില്ല, ദൃഷ്ടിയില്‍ ആരംഭിക്കുന്നു. ഒരു മുഖത്തെ, ഒരു ശരീരത്തെ, ഒരു പ്രകാശത്തെ, ഒരു ഭാവത്തെ കാണുന്ന വിസ്മയം ക്രമേണ ആകര്‍ഷണമായി മാറുന്നു. ജോവന്ന ലേഡി ആഗ്‌ന്യൂവിനെ നോക്കുമ്പോള്‍ അവളെ കൈവശപ്പെടുത്താനല്ല ആഗ്രഹിക്കുന്നത്. അവളുടെ സൗന്ദര്യത്തിന്റെ സഹസ്രഷ്ടാവാകാനാണ് ജോവന്ന ആഗ്രഹിക്കുന്നത്. അവള്‍ ലേഡി ആഗ്‌ന്യൂവിനെ അണിയിച്ചൊരുക്കുന്നവളായി മാറുന്നത് ഇതുകൊണ്ടാണ്. ഇത് കലാകാരിയുടെ ഭാവുകത്വാനുഭവമാണ്. സൗന്ദര്യത്തെ സൃഷ്ടിക്കാനുള്ള ആഗ്രഹം, സൗന്ദര്യത്തോടു ലയിക്കാനുള്ള ആഗ്രഹം, സൗന്ദര്യത്തിനുള്ളില്‍ സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള ആഗ്രഹം എല്ലാം… ഇവിടെ ഒന്നാകുന്നു. കരോളിന്റെ അനുഭവവും ഇതേ കലാകാരിദൃഷ്ടിയാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതാണ്.

ജോവന്നയും കരോളിനും ചിത്രകാരികളാണെന്നത് കഥയുടെ പശ്ചാത്തലവിവരം മാത്രമല്ലെന്നു പറഞ്ഞല്ലോ? കഥയിലെ എല്ലാ മാനസികചലനങ്ങളുടെയും ഉറവിടം അതാണ്. ചിത്രകാരികളായതിനാലാണ് അവര്‍ ചിത്രത്തെ ജീവിച്ചിരിക്കുന്ന ലോകമായി അനുഭവിക്കുന്നത്. ചിത്രകാരികളായതിനാലാണ് ഒരാളുടെ ആന്തരികപരിവര്‍ത്തനം മറ്റൊരാള്‍ക്ക് കാണാനാകുന്നത്. ചിത്രകാരികളായതിനാലാണ് അവരുടെ പ്രണയം ശരീരാത്മകതയെ മറികടന്ന് സൗന്ദര്യത്തിന്റെ പരസ്പരസൃഷ്ടിയായി മാറുന്നത്. കലാസൃഷ്ടി മനുഷ്യന്റെ ആഗ്രഹത്തെ എങ്ങനെ പുന:സംഘടിപ്പിക്കുന്നുവെന്ന് രണ്ടു ചിത്രകാരികളുടെ അനുഭവങ്ങളിലൂടെ സൂക്ഷ്മമായി കാണിക്കുന്നതില്‍ സി.വി ബാലകൃഷ്ണന്റെ കഥനകല വിജയിക്കുന്നു. ‘റാസ്ബെറികളുടെ സുഗന്ധം’ ലോകപ്രശസ്തമായ ഒരു ചിത്രത്തെ പരാമര്‍ശിക്കുന്ന കഥ മാത്രമല്ല. ഒരു ചിത്രത്തിന്റെ നിരൂപണചരിത്രത്തെ സാഹിതീയമായി പുനര്‍വായിക്കുന്ന അത്യപൂര്‍വ്വസൃഷ്ടിയാണ്.

No Comments yet!

Your Email address will not be published.