Skip to main content

ഒരു മരണവൃത്താന്തവും ദൗത്യവാഹകസംഘവും – അമ്മ അറിയാൻ ചലചിത്രത്തെക്കുറിച്ച്

മലയാള സിനിമാ ചരിത്രത്തിലെ അത്യപൂർവമായ ദൃശ്യവിസ്മയമാണ് ജോൺ അബ്രഹാമിൻ്റെ അമ്മ അറിയാൻ. ഇതൊരു കഥാസിനിമയല്ല. മറിച്ച് കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്ര സ്‌മരണകളിലൂടെയുള്ള ഒരു യാത്രയാകുന്നു. വിപ്ലവ പ്രസ്ഥാനത്തിൻ്റെ പരാജയങ്ങൾക്കും ഭരണകൂട അടിച്ചമർത്തലിനും നേരെയുള്ള വിമർശനത്മകമായ ചുഴിഞ്ഞുനോട്ടവും കൂടിയാകുന്നു . ഇതിലെ പുരുഷൻ എന്ന കഥാപാത്രം ഒരർത്ഥത്തിൽ തഥാഗതനെ ഓർമ്മിപ്പിക്കുന്നുണ്ട്. സിനിമ അത് പറയുന്നില്ലെങ്കിലും. ഇവിടെ അയാൾ ഒരു മരണത്തെ നേരിട്ട് കണുന്നു. അതിന് ശേഷം മരണവാർത്ത അറിയിക്കാനായി യാത്ര തിരിക്കുന്നു. വഴിയിലുടനീളം മനുഷ്യരുടെ സാക്ഷ്യങ്ങൾ കേൾക്കുന്നു. അത് അയാളെ കൂടുതൽ രാഷ്‌ട്രീയാവബോധത്തിലേക്കെത്തിക്കുന്നു.
ബുദ്ധനും ആദ്യം ഒരു കാഴ്ച്ചക്കാരനും ശ്രോതാവുമായിരുന്നല്ലോ.

Restoring a film without a negative: the feat of restoring Amma Ariyan : r/MalayalamMovies

ഈ സിനിമക്ക് നിയതമായ ഒരു തിരക്കഥയോ ലീനിയർ ആയ ഒരു പ്ലോട്ടോ ഇല്ല. യാഥാർത്ഥ്യങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാനാണ് ജോൺ ഇതിൽ ശ്രമിക്കുന്നത്. ഗോദാർദിയൻ സിനിമയിലേതുപോലെ അമ്മ അറിയാനും ഡോകുമെൻ്ററി , ഫിക്ഷൻ അതിർവരമ്പുകളെയൊക്കെ അപ്രസക്തമാക്കുന്നുണ്ട് .
അതുകൊണ്ടുതന്നെ കഥയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർത്തികളും ഇവിടെ പ്രസക്തമല്ലാതാകുന്നു .ഇന്ത്യൻ സമാന്തര സിനിമയുടെ ഭാഷ തന്നെയും ഈ സിനിമ പുനർനിർവചിക്കുന്നുണ്ട്. ഋതിക്ഘട്ടക്ക്, ഗോദാർദ്, ബുനുവൽ, ഫെർണാണ്ടോ സൊളാനസ്, ഒക്ടേവിയോ ഗെറ്റിനോ, പസ്സോളിനി എന്നിവർ ജോണിനെ ഏറെ സ്വാധീനിച്ച ചലചിത്രകാരന്മായിരുന്നല്ലോ. എന്നാൽ ജോൺ ഇവരെയൊന്നും ഒരിക്കലും കോപ്പിചെയ്യുകയായിരുന്നില്ല.
അമ്മ അറിയാൻ്റെ വിഘടിത ആഖ്യാനവും ചിന്നഭിന്നമായ ദൃശ്യങ്ങളും സാങ്കേതികമായ പോരായ്‌മയായി തോന്നിയേക്കാം. എന്നാൽ അതെല്ലാം പ്രേക്ഷകനെ സിനിമയിൽ വൈകാരികമായി മുങ്ങിമരിക്കാൻ അനുവദിക്കാതെ ചിന്തിക്കാനുള്ള പ്രേരണ നൽകുന്നതിന് രാഷ്‌ട്രീയമായി സൃഷ്‌ടിക്കപ്പെട്ടതാണ് . ബ്രഹ്ത്തിയൻ അലിനേഷൻ പ്രതീതിയാണ് ഇവിടെ പ്രയോഗിക്കുന്നത് . വിറക്കുന്ന ക്യാമറ, അസമമായ ലൈറ്റിംഗ്, പെട്ടന്നുള്ള കട്ടുകൾ, ശബളിമ തെല്ലുമില്ലാത്ത പരുക്കൻ ഇമ്മേജുകൾ ഇവയെല്ലാം അമ്മ അറിയാനെ ഭാവതീവ്രമായ രാഷ്ട്രീയാനുഭവമാക്കി മാറ്റുന്നു. ഇവിടെ ജോൺ മൂന്നാം സിനിമ (Thired cinema ) പ്രസ്ഥാനത്തിൻ്റെ പാരമ്പര്യത്തോടാണ് ചേർന്ന് നിൽക്കുന്നത്. ക്യാമറ ഇവിടെ വേറിട്ട നിരീക്ഷകനാകാതെ യാഥാർത്ഥ്യങ്ങളെ പിന്തുടരുകയാണ് ചെയ്യുന്നത്. ഈ സിനിമയിൽ സംഗീതവും ശബ്ദങ്ങളും നിശബ്ദതയുമൊക്കെ ദൃശ്യ സങ്കീർണതകളുടെ ഭാവതലങ്ങളിൽ സൂക്ഷ്മമായി തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു.

Malayalam cinema: Amma Ariyan and its landmark director John Abraham

ഹരിയുടെ മരണവാർത്ത അമ്മയെ അറിയിക്കാൻ പുറപ്പെടുന്ന നീതിമാന്മാരായ ഒരു കൂട്ടം യുവാക്കളുടെ യാത്രയാണ് സിനിമയുടെ ത്രെഡ് . എന്നാൽ ആ യാത്ര യാഥാർത്ഥത്തിൽ കേരളത്തിൻ്റെ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിമർശനം കൂടിയായി മാറുന്നു . വർഗ്ഗീസിനെ ഒഴിച്ചു നിർത്തിയാൽ 70 പതുകൾ മുതൽ 80 പതുകളുടെ ഉത്താരാർദ്ധം വരെയുള്ള കേരളത്തിലെ വിപ്ലവ രാഷ്ട്രീയ ആന്ദോളനങ്ങളുടെ നായകത്വം മദ്ധ്യവർഗ്ഗത്തിനായിരുന്നു. അതുകൊണ്ടുതന്നെ അനിവാര്യമായും ആ വർഗ്ത്തിൻ്റെ ചരിത്ര ദൗത്യനിർവ്വഹണമായിരുന്നു പ്രസ്ഥാനത്തിൻ്റെ ഗതിവിഗതികളെ നിർണ്ണയിച്ചത്. സാമൂഹ്യ മാറ്റങ്ങളോട് ഒരു വശത്ത് സാഹസികമായ അഭിനിവേശം കാണിക്കുകയും മറുവശത്ത് സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് നിതാന്ത ആശങ്കപുലർത്തുകയും ചെയ്യുന്ന നീതിമാൻമാരുടെ ഒരു കൂട്ടമായിരുന്നു അത്. സാമൂഹ്യ ചലനങ്ങളോട് വൈകാരികമായി പ്രതികരിക്കുകയും തൊഴിലാളിവർഗ്ഗ മോചന പോരാട്ടങ്ങളിൽ അവരോടൊത്ത് നിൽക്കുകയും പലപ്പോഴും അതിൻ്റെ നേതൃസ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുമ്പോൾ തന്നെ രാഷ്‌ട്രീയ പ്രത്യയശാസ്ത സമസ്യകളിൽ നിരന്തരമായ ആശങ്കകൾ, ചാഞ്ചാട്ടങ്ങൾ,സംഘടനാ രീതികളോടുള്ള ഭീതി ഇവ പുലർത്തിപ്പോന്ന മദ്ധ്യവർഗ്ഗ അടിത്തറയായിരുന്നു പ്രസ്ഥാനത്തിനുണ്ടായിരുന്നത്. (കെ .എ.മോഹൻദാസ്)) പരാജയങ്ങൾക്ക് ശേഷമുള്ള വിശ്രാന്തിയുടെ വേളയിലാണ് ജനകീയ സിനിമ പ്രസ്ഥാനമായ ഒഡേസ മുവീസ് രൂപീകരിക്കുന്നതും
അമ്മ അറിയാൻ എന്ന സിനിമ ആവിഷ്ക്കരിക്കുന്നതും. കലയെ വിപണിയുടെയും മൂലധനത്തിൻ്റേയും അധീശത്വത്തിൽ മോചിപ്പിക്കുകയും പുതിയ ദൃശ്യ സംസ്കാരത്തിന് തുടക്കം കുറിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഒഡേസ മൂവിസ് എന്ന ജനകീയ സിനിമാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്.

Amma Ariyan (dir: John Abraham, 1986). A rare, experimental film that tells the story of rapidly changing Kerala through the death of a tabla player, and his friends retracing his life across shaded ...

മദ്ധ്യവർഗ്ഗ പശ്ചാത്തലമുള്ള ഇതിലെ പരുഷൻ എന്ന കഥാപാത്രം ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ വയനാട്ടിൽ വെച്ച് വഴിയരികിൽ ആത്മഹത്യ ചെയ്ത ഒരു യുവാവിൻ്റെ മൃതദേഹം കാണാനിടയാകുന്നു. സംശയനിവൃത്തിക്കായി അയാൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോയി ഡെഡ് ബോഡി വീണ്ടും കാണുന്നു . അത് തൻ്റെ പഴയ സുഹൃത്തും മൃദംഗ കലാകാരനുമായ ഹരിയുടെതാണെന്ന് അയാൾ തിരിച്ചറിയുന്നു. ഹരി ഒരിക്കൽ സജീവമായ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനായിരുന്നു. വിപ്ലവ രാഷ്ട്രീയ പരാജയങ്ങളും ഭരണകൂടത്തിൻ്റെ കൊടിയ മർദ്ദനങ്ങളും തുടർന്നുണ്ടായ ശാരീരിക അവശതകളും അയാളെ മാനസികമായി തകർക്കുന്നു. അതെല്ലാം അയാളെ നിരാശനും ഏകാന്തനുമാക്കി . ഒടുവിൽ അയാൾ ആത്മഹത്യ ചെയ്യുന്നു.

ഈ മരണവാർത്ത ഹരിയുടെ അമ്മയെ അറിയിക്കണം. ആ ദൗത്യത്തിനായി പുരുഷൻ കൊച്ചിയിലേക്ക് യാത്രതിരിക്കുന്നു. വഴിയിലുടനീളം പഴയ സുഹൃത്തുക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും കലാകാരന്മാരെയും തൊഴിലാളികളെയും വിദ്യാർത്ഥികളെയും അയാൾ കാണുന്നു. ഓരോരുത്തരും ഹരിയെക്കുറിച്ചുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുന്നു. ഇടതുപക്ഷങ്ങൾക്കിടയിലെ ആന്തരിക വൈരുദ്ധ്യങ്ങളും കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധവുമൊക്കെ ഇവിടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഹരി ഇതിൽ ഒരു വ്യക്തി മാത്രമല്ല, ഒരു തലമുറയുടെ തകർന്ന പ്രതീക്ഷകളുടെ പ്രതീകമാണ്. സ്ക്രീനിൽ വളരെ കുറച്ച് മാത്രമെ അയാൾ നേരിട്ട് പ്രത്യക്ഷപ്പെടുന്നുള്ളു.എന്നാൽ മുഴുവൻ സിനിമയും അവന്റെ അഭാവം കൊണ്ടാണ് നിറഞ്ഞിരിക്കുന്നത്.
സംഗീതജ്ഞൻ, വിപ്ലവകാരി, സാംസ്കാരിക പ്രവർത്തകൻ, പരാജയപ്പെട്ട നീതിവാദി, അന്യവത്കരിക്കപ്പെട്ട ബുദ്ധിജീവി, ഭരണകൂട ഇര എന്നിങ്ങനെ പല നിലകളിൽളിൽ ഹരി ഓർമ്മിക്കപ്പെടുന്നു.
അമ്മ അറിയാനിൽ നായകനില്ല. ചരിത്രത്തിൻ്റെ കേന്ദ്രത്തിൽ ജോൺ സാധരണ മനുഷ്യരെ തന്നെയാണ് കൊണ്ടുവരുരുന്നത്.

Malayalam Classic Amma Ariyan Restored in 4K, Premieres at Cannes Classics - Rediff.com

ഒരോ മുഖങ്ങൾക്കും ഈ സിനിമയിൽ സവിശേഷ പ്രാധന്യമുണ്ട് . ഇതിലെ ഒരോ വ്യക്തികളും ആഖ്യാതാക്കളുമാണ്.
ജീവിക്കുന്ന മനുഷ്യരെപ്പോലേയാണ് അവർ ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നത്. തൊഴിലാളികൾ,  തെരുവ്മനുഷ്യർ, ഗ്രാമീണ ജനങ്ങൾ, മതപരമായ ജനക്കൂട്ടങ്ങൾ ഇങ്ങനെ ജനനിബിഡമാണ് അമ്മ അറിയാൻ. കച്ചവടസിനിമകളിലേതുപോലെ ഇവിടെ ജനകൂട്ടം വെറും പശ്ചാത്തലമല്ല. ചരിത്രത്തിൽ ജീവിച്ചിരിക്കുന്നർ . അതിനൊരു രാഷ്ട്രീയവുമുണ്ട്. വിപ്ലവ പ്രവർത്തനങ്ങളിലെ പുരുഷാധിപത്യ രാഷ്‌ട്രീയത്തെ സ്ത്രീ സാന്നിദ്ധ്യംകൊണ്ട് ജോൺ നിശബ്‌ദമായി ചോദ്യം ചെയ്യുന്നുമുണ്ട് ഇതിൽ. ഇതിൽ അമ്മമാർ മൂക സാക്ഷികളല്ല. അവർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ചരിത്രത്തിന്റെ മുറിവുകൾ വഹിക്കുന്നത് എന്നും അമ്മമാർ കൂടിയാണല്ലോ. ഒരർത്ഥത്തിൽ ജോൺ അമ്മമാരെ നൈതിക കേന്ദ്രമാക്കി മാറ്റുന്നുണ്ട്. അതായത്,സിനിമയിലെ
രാഷ്ട്രീയവും മരണവും സമരവും സൗഹൃദവും ഒടുവിൽ ചെന്നെത്തുന്നത് അമ്മമാരുടെ അനുഭവത്തിലേക്കും ചോദ്യങ്ങളിലേക്കുമാണ്.

May be a black-and-white image

സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നടന്ന സമരങ്ങൾ ,സംഭവങ്ങൾ ഇതൊക്കെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. അതൊന്നും യാന്ത്രകമായി ഘടിപ്പിക്കുകയല്ല ചെയ്യുന്നത്. സാമൂഹ്യ സന്ദർഭങ്ങളോട് ചേർന്നാണ് ഇതെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണത്തിന് പുരുഷൻ എന്ന കഥാപാത്രം ഹരിയുടെ ഡെഡ് ബോഡി കാണാൻ മെഡിക്കൽ കോളേജിൽ പോകുന്ന സന്ദർഭത്തിലാണ് മെഡിക്കൽ വിദ്യാർത്ഥികൾ സ്വകാര്യവത്ക്കരണത്തിനെതിരെ നടത്തുന്ന സമരം അനാവൃതമാകുന്നത്. ദൃശ്യ ബിംബങ്ങളാൽ വ്യത്യസ്ത ലോകങ്ങളെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിച്ച് പുതിയ അർത്ഥമാനങ്ങൾ സൃഷ്‌ടിക്കാനും ജോൺ ഇതിൽ ശ്രമിക്കുന്നുണ്ട്. ഒരമ്മ അനിശ്ചിതത്വത്താലോ പഴയ വിപ്ലവകാരിയായ തൻ്റെ മകനെക്കുറിച്ചുള്ള ആശങ്കയാലോ പക്ഷിശാസ്ത്രക്കാരിയെക്കൊണ്ട് ഭാവി പ്രവചനം നടത്തിക്കുന്ന ദൃശ്യമുണ്ടിതിൽ. വോയ്‌സ് ഒവറിൽ വരുന്ന പ്രവചനങ്ങൾക്കൊപ്പം വിമോചന പ്രതീകങ്ങളുടെ ബിംബങ്ങളാണ് അപ്പോൾ നാം ഫ്രെയിമിൽ കാണുന്നത് . ഇവിടെ ദൃശ്യ ബിംബങ്ങളാൽ രണ്ട് വ്യത്യസ്ത ലോകങ്ങളെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിച്ച് ജോൺ പുതിയ അർത്ഥമാനങ്ങൾ സൃഷ്‌ടിക്കുകയാണ് . പക്ഷിശാസ്തക്കാരിയുടെ ദൃശ്യത്തിലൂടെ ചലചിത്രകാരൻ ചില മൗലികമായ ചോദ്യങ്ങളുയർത്തുന്നുമുണ്ട്. എന്തുകൊണ്ടാണ് വിപ്ലവകാരികളുടെ കുടുംബങ്ങളിലടക്കമുള്ള സാധാരണ മനുഷ്യരുടെ ആത്മീയമായ അസ്വസ്ഥതകളേയും ദു:ഖങ്ങളേയും വിപ്ലവ പ്രവർത്തനം അഡ്രസ്സ് ചെയ്യാതെ പോകുന്നത്. മാത്രമല്ല, പക്ഷി ശാസ്ത്രക്കാരിയുടെ പ്രവചന ദൃശ്യം കേരളീയ ആധുനികതയുടെ പൊള്ളത്തരത്തിൻ്റെ ആഴത്തിലുള്ള വിമർശനം കൂടിയാകുന്നുണ്ട്.

അവസാനം പുരുഷനും സംഘവും അമ്മയുടെ അടുത്തത്തുന്നു.ഇവിടെ സ്തോഭജനകമായ അന്തരീക്ഷമില്ല.
ഹരിയുടെ മരണവാർത്ത പറയുമ്പോൾ ഞാൻ അവനെ മനസ്സിലാക്കാൻ വൈകിപ്പോയി എന്ന വാക്കുകളാണ് അമ്മയിൽ നിന്ന് മുറിഞ്ഞ് വീഴുന്നത്. ഇവിടെ അമ്മ എന്നത് സാമൂഹ്യ മനസ്സാക്ഷി തന്നെയാകുന്നു. ഈ സമയം ദൗത്യവാഹകസംഘം വളർന്ന് ജനസഞ്ചയമായി, മഹാസമുദ്രമായി മാറുന്നു .

No Comments yet!

Your Email address will not be published.