Skip to main content

മൂന്നു കവിതകൾ

കാവൽ

കുന്നിൻ മുകളിലെ
കുഞ്ഞുവീട്ടിൽ
സീതേച്ചിക്ക്
കൂട്ടിനുപോകുന്നു

ചേച്ചി
ഇരുളിലേക്ക്
ചൂണ്ടുന്നു

പത്തുതലകൾ

ഞാൻ
അസ്ത്രമെടുക്കുന്നു
തൊടുക്കുന്നു

രാത്രി
ചുവക്കുന്നു

കാലത്ത്
ഉറക്കപ്പായയിൽ
നനവറ്റ കട്ടച്ചോര.

***

 

വിഷം

ഇപ്പോഴും
കാണുമ്പോൾ
പേടിയും അറപ്പും
അരിച്ചുകേറും

ചില രാത്രികളിൽ
കുഞ്ഞുനാളിലെന്ന പോലെ
മാമൻ
ഉടലിൽ ഇഴയുന്നു.

***

 

നീലപൊന്മാനേ…..

പാട്ടുകേൾക്കുന്നു
ഞാൻ
പൊന്മാനാകുന്നു

പുഴയിൽ പുളയുന്ന മീൻ
ഇന്നെൻ്റെ
കൊക്കിൽ കിടന്ന്
പിടയ്ക്കണം.

***


കവി പരിചയം :

രാധാകൃഷ്ണൻ എടച്ചേരി

ആനുകാലികളിൽ കവിത , ഫീച്ചർ , ലേഖനം എന്നിവ എഴുതുന്നു . ഒറ്റമുറിയുള്ള വീട്, മീനുകളുടെ പ്രണയം , ഇടപ്പള്ളി പാർക്ക് , ചിത്രശലഭങ്ങളുടെ ഓട്ടോഗ്രാഫ് (കവിതാ സമാഹാരം) പറന്നു പറന്ന്, കുഞ്ഞനുറുമ്പ്, നെല്ലിക്ക, കിളിത്തൂവൽ, നാലുമണിപ്പൂക്കൾ, ശീലക്കുടയും ചൂടി, നീലമയുടെ യാത്രകൾ, ഇത്തിരിത്തേൻ (ബാലസാഹിത്യം) എന്നിവ പ്രസിദ്ധീകരിച്ചു. കവിതയ്ക്ക് അരൂർ പത്മനാഭൻ സ്മകരക പുരസ്കാരം, ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം, അബ്ദുറഹിമാൻ പുറ്റേക്കാട് സ്മാരക പുരസ്കാരം, കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ബാലസാഹിത്യത്തിന് മഹാത്മാഗാന്ധി ഫൗണ്ടേഷൻ അവാർഡും, അമ്പലക്കര സി. രവീന്ദ്രൻ മാസ്റ്റർ സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.