Skip to main content

സിനിമകളില്‍ എഡിറ്റ് ചെയ്യപ്പെടുന്ന മനുഷ്യര്‍

ദൃശ്യം 3 എന്ന സിനിമ കണ്ടതിനു ശേഷം രണ്ടു ദിവസത്തിനകം യാദൃശ്ചികമായാണ് ടർക്കിഷ് സിനിമയായ ‘ദി തിങ്ങ്സ് യു കിൽ ‘ കാണുന്നത്. ഈ രണ്ടു സിനിമകളെയും തമ്മിൽ താരതമ്യപ്പെടുത്തി നോക്കാനുള്ള സാധ്യതകൾ അതിനുശേഷമാണ് എനിക്ക് തോന്നിയത്. കുറ്റവാളിത്തം, അതിനു ശേഷമുള്ള മനുഷ്യരുടെ സംഘർഷങ്ങൾ, കുറ്റം എന്ന പ്രക്രിയക്ക് ശേഷം മനുഷ്യൻ അനുഭവിക്കുന്ന മനോവിഭ്രാന്തിപരമായ ജീവിതങ്ങൾ — ഈ രണ്ടു സിനിമകളും അതിനെ വ്യത്യസ്തമായ സിനിമാറ്റിക് ഭാഷകളിലൂടെ കൈകാര്യം ചെയ്യുന്നത് കാണുവാൻ വളരെ കൗതുകകരമാണ്.

The Things You Kill

ദൃശ്യം എന്ന സിനിമയിൽ, താൻ നേരിട്ട് ചെയ്യാത്ത ഒരു കുറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുടുംബത്തെയും സാമൂഹിക ഘടനയെയും നിലനിർത്താൻ ശ്രമിക്കുന്ന പ്രക്രിയയിൽ ജോർജ്‌കുട്ടി എന്ന ജൈവീക മനുഷ്യൻ ക്രമേണ “മരിച്ചു” പോകുന്നുണ്ട്. അയാൾ നിയമത്തെയും അന്വേഷണ സംവിധാനങ്ങളെയും കബളിപ്പിക്കാൻ സിനിമാറ്റിക് ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതുപോലെ തന്നെ, ജീവിതകാലം മുഴുവൻ സ്വയം എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായി അയാൾ മാറുന്നു.

അവിടെ ജോർജ്‌കുട്ടി സ്വയം നിരന്തരം നിരീക്ഷിക്കേണ്ടി വരുന്ന, ഓരോ ചലനവും കണക്കുകൂട്ടേണ്ടി വരുന്ന, ഓരോ ബന്ധവും പുനഃസംഘടിപ്പിക്കേണ്ടി വരുന്ന ഒരു “കോൺഷ്യസ് പെർഫോർമർ” ആയി മാറുന്നു. തന്റെ ശരീരം, സംസാര രീതി, കുടുംബ ബന്ധങ്ങൾ, സാമൂഹിക ഇടപെടലുകൾ — എല്ലാം അയാൾ എഡിറ്റ് ചെയ്യേണ്ടി വരുന്നു. ഈ അർത്ഥത്തിൽ ദൃശ്യം ഒരു ക്രൈം ത്രില്ലർ മാത്രമല്ല; അത് ഒരു “പോസ്റ്റ്-ക്രൈം സെൽഫ് എഡിറ്റിംഗ്” പ്രോസസിന്റെ സിനിമ കൂടിയാണ്. അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒരു മോറൽ കോൻഷ്യസ്നസ് ഭീകരത കൂടെ രൂപപ്പെടുന്നു. ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ അതിനെ പറ്റിക്കണം എന്ന അവസ്ഥ കൂടെ ആണ് അത്.

ജോർജ്‌കുട്ടി ജീവിക്കുന്നത് ജൈവീക ജീവിതമല്ല. മറിച്ച്, തുടർച്ചയായി മാനേജുചെയ്യേണ്ടി വരുന്ന ഒരു “പെർഫോർമേറ്റീവ് റിയാലിറ്റി” ആണ്. സമൂഹത്തിന്റെ നോട്ടങ്ങൾ, നിയമത്തിന്റെ സംശയങ്ങൾ, കുടുംബത്തിന്റെ സുരക്ഷ, സ്വന്തം ഭയം — ഇതെല്ലാം ചേർന്ന് അയാളെ ഒരു നിരന്തര ജാഗ്രതയുടെ യന്ത്രമാക്കി മാറ്റുന്നു. മലയാള സിനിമയിൽ ഇത്രയും “കോൺഷ്യസ്” ആയി സ്വന്തം ജീവിതം അഭിനയിക്കേണ്ടി വന്ന മറ്റൊരു കഥാപാത്രം തന്നെ അപൂർവമാണ്.

Drishyam 3 (2026) - IMDb

ഈ പ്രക്രിയയിൽ അയാൾ മറ്റുള്ളവരുടെ ജീവിതങ്ങളിലും തകർച്ചകൾ സൃഷ്ടിക്കേണ്ടതായി വരുന്നു. മറ്റുള്ള മനുഷ്യരുടെ ജീവിതങ്ങളിൽ അയാൾ ഉണ്ടാക്കുന്ന ആഘാതങ്ങളോട് അയാൾക്ക് ഒരു തരത്തിലുള്ള “മോറൽ ഒബ്ലിഗേഷൻ” പോലും പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികത നഷ്ടപ്പെട്ട ഒരു ഒറ്റപ്പെട്ട ദ്വീപായി ജോർജ്‌കുട്ടി മാറുന്നു.

ദി തിങ്ങ്സ് യു കിൽ എന്ന സിനിമയിലെ അലി മറ്റൊരു രീതിയിലാണ് ഈ ട്രാൻസ്ഫർമേഷനിലേക്ക് കടക്കുന്നത്. സ്വന്തം അമ്മയെ കൊന്നുവെന്ന് വിശ്വസിക്കുന്ന അച്ഛനെ കൊന്നതിനു ശേഷം, ദൃശ്യം എന്ന സിനിമയിൽ നിന്നു വ്യത്യസ്തമായി, അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയാണ് സിനിമ അതീവ ശക്തമായി വിഷ്വലൈസ് ചെയ്യുന്നത്.

ജോർജ്‌കുട്ടി സമൂഹത്തെ എഡിറ്റ് ചെയ്യുന്ന മനുഷ്യനാണെങ്കിൽ, അലി സ്വയം എഡിറ്റ് ചെയ്യാൻ ശ്രമിക്കുന്ന മനുഷ്യനാണ്. എന്നാൽ ആ എഡിറ്റിംഗ് പരാജയപ്പെടുന്നു. ദൃശ്യത്തിൽ കുറ്റം, അന്വേഷണം, ശിക്ഷ എന്നിവ തമ്മിലുള്ള ഒരു ത്രില്ലിംഗ് “കാറ്റ് ആൻഡ് മൗസ് ഗെയിം” ആണ് പ്രധാനമെങ്കിൽ, ദി തിങ്ങ്സ് യു കിൽ ഒരു കുറ്റത്തിനു ശേഷം സമൂഹത്തിൽ വീണ്ടും ജീവിക്കേണ്ടി വരുന്ന മനുഷ്യന്റെ മാനസികമായ രക്ഷപ്പെടൽ പ്രക്രിയയെ കുറിച്ചുള്ള സിനിമയാണ്.

അലി കുടുംബത്തിലും ബന്ധങ്ങളിലും സമൂഹത്തിലും ഒരു “പുതിയ അലി”യെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ജോർജ്‌കുട്ടിയെ പോലെ യാഥാർത്ഥ്യത്തെ കൃത്യമായി നിയന്ത്രിക്കാൻ അയാൾക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ അയാൾ ഹാലൂസിനേഷനുകളിലേക്ക് വീഴുന്നു. സ്വന്തം മനസ്സിനുള്ളിൽ മറ്റൊരു അലിയെ സൃഷ്ടിക്കുന്നു. അവിടെ കുറ്റബോധം ഒരു സൈക്കോളജിക്കൽ ഡിസോസിയേഷനായി മാറുകയും ചെയ്യുന്നു .

പിതാവിൻ്റെ അധികാര രൂപങ്ങളെയും വയലൻസിനെയും അടിച്ചമർത്തലായി അനുഭവിച്ച മനുഷ്യനാണ് അലി. സ്വന്തം അമ്മയെ കൊല്ലുകയും കുടുംബത്തെ നിയന്ത്രിക്കുകയും ചെയ്ത പിതാവിനോട് അയാൾ നിരന്തരം സംഘർഷപ്പെടുന്നു. ഒടുവിൽ അയാൾ പിതാവിനെ കൊല്ലുമ്പോഴും, അതേ സമയം അതേ പിതൃസ്വരൂപം തന്നെ സ്വന്തം ശരീരത്തിലേക്ക് കടന്നുവരുന്ന രീതിയിലാണ് സിനിമ ഞെട്ടിക്കുന്നത്.

സിനിമയുടെ അവസാന ഭാഗങ്ങളിൽ അച്ഛന്റെ അധികാര സ്വരൂപം അലിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുകയാണ്. അതായത്, പിതാവ് എന്നത് ഒരു വ്യക്തി മാത്രമല്ല; കുടുംബവും സമൂഹവും ചേർന്ന് നിരന്തരം പുനർനിർമ്മിക്കുന്ന ഒരു അധികാര ഘടനയാണ്. അച്ഛനെ കൊന്നാലും ആ അധികാരം അവസാനിക്കുന്നില്ല. അത് അയാളുടെ തന്നെ ശരീരത്തിലേക്ക് കുടിയേറുന്നു.

വരുൺ എന്ന ചെറുപ്പക്കാരന്റെ മരണത്തിനു ശേഷം (മുമ്പും) ജോർജ്‌കുട്ടി ജീവിക്കുന്നത് ഒരു “കുടുംബനാഥൻ”, “പിതാവ് ” എന്നീ സാമൂഹിക വേഷങ്ങളിലാണ്. അയാൾ കുടുംബ മൂല്യങ്ങളുടെയും സാമൂഹിക ബഹുമതിയുടെയും ഉള്ളിൽ സ്വയം പൂട്ടിക്കളയുന്നു. അല്ലെങ്കിൽ അങ്ങനെ വേണ്ടി വരുന്നു.ഒരുപക്ഷേ അയാൾക്ക് സ്വാഭാവികമായ മനുഷ്യജീവിതം ലഭിച്ചിരുന്ന ഏക ഇടം, രാത്രിയിൽ ഒറ്റയ്ക്ക് കേബിൾ ടി.വി ഓഫീസിൽ സിനിമ കണ്ടിരുന്ന സമയങ്ങളായിരിക്കാം. അതിനുശേഷം പോലും അയാൾ വീട്ടിലേക്ക് മടങ്ങിവരുന്നത് ഒരു ലൈംഗീകത എന്ന ജൈവീക ആവശ്യത്തിനുവേണ്ടി മാത്രമാണെന്ന് തോന്നും. ബാക്കി മുഴുവൻ ജീവിതവും ഒരു തരം എഡിറ്റഡ് ലൈഫ് ആണ്.

ഈ എഡിറ്റഡ് ജീവിതത്തിന്റെ അവസാനം അയാൾ “നല്ല അച്ഛൻ”, “ത്യാഗിയായ കുടുംബനാഥൻ” എന്നീ സാമൂഹിക ഇമേജുകൾ നേടിയെടുക്കുന്നു. എന്നാൽ ഈ ഇമേജുകളുടെ ഉള്ളിൽ ഒരു ഭീതിഗ്രസ്തനും ഒറ്റപ്പെട്ടവനുമായ മനുഷ്യനും ആണ് അയാൾ. ചെറിയ മകൾ സിംഗപ്പൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നത് പോലും ഒരുപക്ഷേ ജോർജ്‌കുട്ടിയുടെ സംരക്ഷണാത്മക നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായിരിക്കാം. മൂത്ത മകൾ വിവാഹം ആഗ്രഹിക്കുന്നതും അതേ രക്ഷപ്പെടൽ മനശ്ശാസ്ത്രത്തിന്റെ ഭാഗമായിരിക്കാം.

ദൃശ്യം, ദി തിങ്ങ്സ് യു കിൽ എന്നീ രണ്ടു സിനിമകളിലുമുള്ള ജോർജ്‌കുട്ടിയും അലിയും സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ “മോറൽ ഇന്റഗ്രിറ്റി ക്രൈസിസ്” അനുഭവിക്കുന്ന കഥാപാത്രങ്ങളെയാണ് എനിക്ക് തോന്നിയത്.കുടുംബം, സമൂഹം, ബന്ധങ്ങൾ എന്നിവയിൽ ചേർന്ന് ജീവിക്കുമ്പോൾ മനുഷ്യർ അണിയേണ്ടി വരുന്ന വേഷങ്ങളും പെർഫോർമൻസുകളും എത്രത്തോളം വ്യക്തിയുടെ ജൈവീകതയെ തകർക്കുന്നു എന്ന് ഈ സിനിമകളിൽ ദൃശ്യതപ്പെടുന്നു.

സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു മനുഷ്യനും നിരന്തരം സ്വയം എഡിറ്റ് ചെയ്യുകയും, തങ്ങളെക്കുറിച്ചുള്ള “നല്ല” ദൃശ്യങ്ങൾ നിർമ്മിക്കുകയല്ലേ ചെയ്യുന്നത്?. മനുഷ്യബന്ധങ്ങൾ പോലും ഒരു തരത്തിലുള്ള ഇമേജ് മാനേജ്മെന്റായി മാറുകയല്ലേ? ആ അർത്ഥത്തിൽ ജോർജ്‌കുട്ടിയും അലിയും രണ്ട് കുറ്റവാളികൾ മാത്രമല്ല; ഈവന്റ് മാനേജ്മെന്റ് മനുഷ്യരുടെ രണ്ട് മാനസിക രൂപങ്ങളാണ്.

ദൃശ്യം കുറ്റവാളിത്തത്തെ ഒരു സർവൈവൽ ത്രില്ലറാക്കി മാറ്റുമ്പോൾ, ദി തിങ്ങ്സ് യു കിൽ കുറ്റത്തിനു ശേഷം മനുഷ്യൻ അനുഭവിക്കുന്ന മനോവിഘടനത്തെ അതീവ സങ്കീർണ്ണമായി വിഷ്വലൈസ് ചെയ്യുക കൂടിയാണ്. ഒന്ന് സമൂഹത്തെ കബളിപ്പിക്കുന്ന മനുഷ്യനെ കുറിച്ചുള്ള സിനിമയാണ്. മറ്റൊന്ന് സ്വയം കബളിപ്പിക്കാൻ ശ്രമിച്ച് തകർന്നുപോകുന്ന മനുഷ്യൻ്റെ സിനിമ.

ഈ രണ്ടു സിനിമകളെയും കാണുമ്പോൾ എനിക്ക് വീണ്ടും വീണ്ടും തോന്നിയ ഒരു കാര്യം ലോകത്തിലെ എല്ലാ മനുഷ്യരും നിരന്തരം സ്വയം എഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നതാണ്. തങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങൾ മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ദൃശ്യവും ദി തിങ്ങ്സ് യു കിൽ എന്നിവ രണ്ടു ക്രൈം സിനിമകൾ മാത്രമല്ല. മനുഷ്യൻ സ്വയം എങ്ങനെ എഡിറ്റ് ചെയ്യുന്നു എന്നതിനെ കുറിച്ചുള്ള രണ്ടു ആഴമുള്ള സിനിമാറ്റിക് ടെക്സ്റ്റുകളാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.