Skip to main content

കാവ്യസംവാദങ്ങളിലെ സംഘര്‍ഷങ്ങള്‍

സി.ആര്‍. പരമേശ്വരന്റെ ‘ഞങ്ങളുടെ കവിതാവ്യവസായം’ എന്ന കഥ മലയാളത്തിലെ രാഷ്ട്രീയ-സൗന്ദര്യശാസ്ത്രസംഘര്‍ഷങ്ങളുടെ അപൂര്‍വ്വമായ ഒരു സന്ദര്‍ഭത്തെ ആവിഷ്കരിക്കുന്ന ആഖ്യാനമാണ്. ഈ കഥയില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രം നേരിട്ടു സംസാരിക്കുന്നു. മാധവനാരും അലിയും.  രണ്ടു ജീവിതധര്‍മ്മങ്ങളും രണ്ടു കവിതാസങ്കല്‍പ്പനങ്ങളും രണ്ടു ചരിത്രബോധങ്ങളും പരസ്പരം സംവദിക്കുന്നു. സൗന്ദര്യത്തെ സ്വതന്ത്രമൂല്യമായി കാണുന്ന, ചരിത്രത്തില്‍ നിന്നും പിന്മാറി സ്വകാര്യസ്വര്‍ഗ്ഗങ്ങളില്‍ അഭയം തേടുന്ന കവിതാപാരമ്പര്യം ഒരു വശത്ത്. മറുവശത്ത്, മനുഷ്യവേദനയുടെ നടുവില്‍ നിന്ന് ആത്മാവിനെ പരീക്ഷിക്കുന്ന വിപ്ലവപരമായ ജീവിതബോധം. ഈ രണ്ടു നിലപാടുകളില്‍ ഏതെങ്കിലും ഒന്നിന് ലളിതമായ ന്യായസാധൂകരണം നല്‍കാതെ അവയുടെ ആത്മീയവും ചരിത്രപരവുമായ സങ്കീര്‍ണതകളിലേക്ക് സി ആര്‍ പരമേശ്വരന്‍റെ കഥ തുറന്നിരിക്കുന്നു.

സി.ആര്‍. പരമേശ്വരന്‍

കഥ ആരംഭിക്കുന്നത് മാധവനാരുടെ പരാജയപ്പെട്ട ഗവേഷണത്തെ പരാമര്‍ശിച്ചുകൊണ്ടാണ്. ജലഗതാഗതവകുപ്പില്‍ ലഭിച്ച ഉദ്യോഗമാണ് ഗവേഷണം അവസാനിപ്പിക്കുന്നതിന് മാധവനാരെ പ്രേരിപ്പിക്കുന്നത്. കൂടെ ഗവേഷണം നടത്തിയിരുന്ന പെൺകുട്ടികളോടു വിട ചോദിക്കുമ്പോള്‍ അവരോടു മാധവന്‍ പറയുന്നത്  ”പറ്റിയ വിവാഹാലോചനകൾ വന്നാൽ ‘സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും’, ‘സംഘസാഹിത്യത്തിലെ സമസ്തപദങ്ങൾ’ എന്നിവയൊന്നും വേണ്ടെന്നുവയ്ക്കാൻ മടിക്കരുത്. കാലം അതാണ്.” എന്നത്രെ! കീഴടക്കപ്പെടുന്ന കാലമാണ്. ഗവേഷണമാര്‍ഗ്ഗദര്‍ശി മാധവന്‍റെ സ്ഥിതിയില്‍ ഖേദിക്കുന്നുണ്ട്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ‘ക്ഷമാപണസഹസ്ര’ത്തെ കുറിച്ച് എഴുതിത്തുടങ്ങുന്നിടത്താണ് മാധവന് ഗവേഷണം അവസാനിപ്പിക്കേണ്ടി വന്നത്. രാജാവിനെ സ്തുതിച്ചുകൊണ്ടും ചെയ്ത തെറ്റുകൾക്ക് മാപ്പുനൽകണമെന്ന് അപേക്ഷിച്ചുകൊണ്ടും വികാരനിർഭരമായ ആയിരം ശ്ലോകങ്ങളുള്ള ‘ക്ഷമാപണസഹസ്രം’ എന്ന കാവ്യമെഴുതി ആയില്യം തിരുനാള്‍ രാജാവിനു സമർപ്പിച്ചെങ്കിലും രാജദ്രോഹക്കുറ്റത്തില്‍ കേരളവർമ്മയ്ക്കു മാപ്പുലഭിച്ചില്ല. കോയിത്തമ്പുരാനിലെന്ന പോലെ മാധവന്റെ ജീവിതാവസ്ഥയിലും ക്ഷമാപണം എന്ന വാക്ക് പ്രതീകമാകുന്നു. സാഹിത്യചരിത്രം, ഗവേഷണം, കവിത, സംസ്കാരം എന്നിവയിലൂടെ ജീവിതത്തെ അര്‍ത്ഥവത്താക്കാന്‍ ശ്രമിച്ച ഒരാള്‍ ഒടുവില്‍ അതിജീവനത്തിനായി സര്‍ക്കാരിന്‍റെ ജലഗതാഗതവകുപ്പില്‍ ഉദ്യോഗം നേടി ശമ്പളം പറ്റുന്നവനാകുകയാണ്.  ‘ജലഗതാഗതവകുപ്പ് അദ്ദേഹത്തെ തോല്‍പ്പിച്ചു കളഞ്ഞു’ എന്ന വാക്യം അയാളുടെ ജീവിതചരിത്രത്തിലെ (കാലഘട്ടത്തിന്‍റെ ചരിത്രത്തിലെയും) ക്രൂരമായ വിരോധാഭാസത്തെ സൂചിപ്പിക്കുന്നു. തന്‍റെ കീഴടങ്ങല്‍ അവനറിയാം. കഥാന്ത്യത്തില്‍, അവന്‍ സമ്മതിക്കുന്നു: ജീവിതത്തിനും ജീവസന്ധാരണത്തിനും ഇടയില്‍ നിന്ന് ഞാൻ എനിക്കു വേണ്ടത് തിരഞ്ഞെടുത്തിട്ടില്ല. ഞാൻ വില കൊടുത്തിട്ടില്ല. ആത്മാവില്‍ നിന്നും ഉയരുന്ന ഈ വിവേകവും ‘കുറ്റ’സമ്മതവും  കഥയിലെ ദാരുണമായ നിമിഷങ്ങളിലൊന്നാണ്.

മാധവന്‍ വിപ്ലവാനുഭാവിയാണ്. എന്നാല്‍, അയാളുടെ അനുഭാവം ജീവിതസമര്‍പ്പണമായി മാറുന്നില്ല. അയാള്‍ പിന്നോട്ടു വലിക്കപ്പെടുന്നു. സമൂഹത്തിലെ അനീതികളെയും പീഡനങ്ങളെയും കുറിച്ച് അയാള്‍ക്കു നന്നായറിയാം. പക്ഷേ ആ അറിവ് ജീവിതത്തിലെ തീരുമാനങ്ങളിലേക്കോ പ്രവര്‍ത്തനങ്ങളിലേക്കോ പരിണമിക്കുന്നില്ല. അനുഭാവം നൈതികമായ അപര്യാപ്തതയായി ഒടുങ്ങുന്നു. മാധവന്‍ സത്യത്തെ തിരിച്ചറിയുന്നുണ്ട്. അതിനുവേണ്ടി ജീവിക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. അലി ഇതിന്റെ വിപരീതധ്രുവമാണ്. അവന്‍ ജീവിതത്തെ പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെച്ചിരിക്കുന്നു. എങ്കിലും അവന്റെ വാക്കുകളില്‍ പ്രത്യക്ഷപ്പെടുന്ന ക്രൂരമായ പരിഹാസം നിരാശയുടെ ഭാഷ തന്നെയാണ്. ‘പിന്തിരിഞ്ഞു പോരുന്നവന്റെ കവിതയല്ല സംഘട്ടനങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന കവിത’ എന്ന അലിയുടെ വാക്കുകള്‍ കഥയുടെ കേന്ദ്രവാക്യങ്ങളിലൊന്നു തന്നെ. അലി കവിതയെ ജീവിതത്തിന്റെ തീവ്രാവിഷ്കാരമായി കാണുന്നു. ടാട്ടൂനദിക്കു മുകളിലെ ചങ്ങലപ്പാലത്തിലൂടെ വെടിയേറ്റു മുന്നേറുന്ന ഇരുപത്തിരണ്ടു ധീരരുടെ ഉദാഹരണം പറഞ്ഞുകൊണ്ട് അലി ഇതു സുവ്യക്തമാക്കുന്നു. യഥാര്‍ത്ഥകവിത മനുഷ്യശരീരത്തിന്റെ പരിമിതികളെ അതിജീവിക്കുന്ന ആത്മീയധൈര്യത്തിലാണ് ജനിക്കുന്നത്. അലിക്ക് കവിത ഭാഷയും ചന്ദസ്സുമല്ല; മനുഷ്യന്റെ ജീവിതമാണ്. അലിയുടെ കവിതാസങ്കല്‍പ്പനം മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലുള്ളതാണ്. എന്നാല്‍, യാന്ത്രികതയെയും പ്രചാരണമൂല്യവാദങ്ങളെയും അതു മറികടന്നിരിക്കുന്നു. അവന്‍ വിപ്ലവകവികളെയും വിമര്‍ശിക്കുന്നുണ്ട്. ‘ധ്വനിപ്രയോഗത്തിന്റെ കുടുക്കും തിരിയും ഒരുക്കി ഒരു കൈബോംബ് ഉണ്ടാക്കുന്നു’ എന്ന വാചകം രാഷ്ട്രീയകവിതയുടെ നാടകീയതയെ പരിഹസിക്കുന്നു. അലിയുടെ ബോധത്തിൽ ലോകം സംഘർഷത്തിന്റെ ഇടമാണ്. മനുഷ്യന്റെ യഥാർത്ഥ രൂപം പ്രതിസന്ധികളിലാണ് വെളിവാകുന്നത്. അതുകൊണ്ട്  അവൻ ‘യോദ്ധാവിന്റെ കവിത’യെക്കുറിച്ചു പറയുന്നു. മനുഷ്യൻ ജീവൻ പണയം വെക്കുന്ന നിമിഷങ്ങളിലാണ് ആത്മാവിന്റെ പരമാവിഷ്കാരം സംഭവിക്കുന്നതെന്ന് അവൻ കരുതുന്നുണ്ടാകണം. ഭാഷയിലെ കലാപം യഥാര്‍ത്ഥസാമൂഹികസംഘര്‍ഷമായി പരിണമിക്കുന്നില്ലെങ്കില്‍, അത് ഒടുവില്‍ മനോഹരമായ ഗ്രാമീണനൃത്തമായി കലാശിക്കുമെന്ന് അലി പറയുന്നു. കഥാകാരന്‍ രാഷ്ട്രീയകവിതയുടെ രൂപപരമായ പരിമിതികളെ വിമര്‍ശിക്കുന്ന സന്ദര്‍ഭം കൂടിയാകണം ഇത്. വിപ്ലവകാവ്യഭാഷയും സ്ഥാപനവല്‍ക്കരിക്കപ്പെടാം. പ്രതിരോധം അലങ്കാരമായി മാറിത്തീരാം. ഈ അവബോധം കഥയെ ലളിതവും യാന്ത്രികവുമായ ഇടതുപക്ഷപ്രഘോഷണത്തില്‍ നിന്നും ഉയര്‍ത്തുന്നു.

മാധവന്റെ കവിതാലോകം ദൃശ്യാത്മകമെന്നോണം കഥയില്‍ അവതരിപ്പിക്കപ്പെടുന്നു. “മൂകമായി ഉറങ്ങുന്ന കൊട്ടാരങ്ങള്‍”, “മഞ്ഞിന്റെ മുഖപടമിട്ടു തേങ്ങുന്ന മിനാരങ്ങള്‍”, “മധുരയില്‍ കല്ലായി ഉറഞ്ഞുപോയ മൃദംഗതാളം” തുടങ്ങിയ ബിംബങ്ങള്‍ അയാളുടെ കാവ്യലോകത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ഈ ലോകം അതീവ സൗന്ദര്യമുള്ളതാണ്. പക്ഷേ, മനുഷ്യരുടെ ജീവിതദുരിതങ്ങളില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്നതുമാണത്. അലി മാധവന്റെ കവിതയെ കൊട്ടാരവിനോദം എന്നു വിശേഷിപ്പിക്കുന്നു. സാമൂഹികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട കലയുടെയും സൗന്ദര്യാന്വേഷണത്തിന്റെയും പ്രതിസന്ധി കഥ ചൂണ്ടിക്കാണിക്കുന്നു. മരണവും ദുരിതങ്ങളും കൂടെ കൊണ്ടുവന്നു വിളിച്ചുണർത്തുന്ന പ്രഭാതപത്രങ്ങൾ. തൊഴിലാളികൾക്ക് തെരുവുകളിലൂടെ അട്ടഹസിച്ചു നടക്കേണ്ടി വരുന്നു. കൊടുങ്കാറ്റുകൾ ചീറിയടിക്കുന്നു. മാധവനാർ സൃഷ്ടിക്കുന്ന സ്വകാര്യലോകം ഇതിൽ നിന്നും മാറി അഭയം നൽകുന്ന ഒന്നാണ് – ‘വീട്ടിൽ മേശ, കസേരകൾ പോലെ ജീവിതത്തിൽ അതാതിടങ്ങളിൽ സ്നേഹം, ശാന്തി, സത്യം, ദയ തുടങ്ങിയ മൂല്യങ്ങൾ’. ജീവിതത്തെ ഒരു സൗന്ദര്യക്രമമായി പുനഃസംഘടിപ്പിക്കാനുള്ള ശ്രമമാണത്. മാധവന്റെ ഭാവന നിരന്തരം ഭൂതകാലത്തിലേക്ക് ഓടിപ്പോകുന്നു. രാജാക്കന്മാർ, അന്ത:പ്പുരങ്ങൾ, മിനാരങ്ങൾ, മഥുര, മുശായിരകൾ, ജന്തർമന്തർ… ഇവ ചരിത്രത്തിന്റെ യാഥാർത്ഥ്യരൂപങ്ങൾ അല്ല; വർത്തമാനകാലയാഥാര്‍ത്ഥ്യത്തിൽ നിന്ന് ആത്മാവിനെ രക്ഷിക്കാനുള്ള അഭയബിംബങ്ങളാണ്. മാധവനാർക്ക് ലോകം അസഹനീയമായി കഴിഞ്ഞിരിക്കുന്നു. അദ്ദേഹം കാലം തെറ്റി പിറന്നവനാകുന്നു. ചരിത്രവുമായി യോജിച്ചു ജീവിക്കാനാവാത്ത മനുഷ്യന്റെ ആത്മബോധമാണവന്‍റേത്. ലോകം തകർന്നുപോകുമ്പോൾ മനുഷ്യൻ തന്റെ ഉള്ളിൽ ഒരു ക്രമം നിർമ്മിക്കുന്നു. മാധവനാരുടെ കവിത ആ ക്രമത്തിന്റെ ഭാഷയാണ്. ആ ക്രമം വ്യാജമാണെന്ന് മാധവനാര്‍ക്കു തന്നെയറിയാം. ഇവിടെ കവിത സൃഷ്ടിപരമായ പ്രവൃത്തിയേക്കാൾ ചരിത്രത്തിൽ നിന്ന് ആത്മാവിനെ രക്ഷിക്കാൻ നടത്തുന്ന ശ്രമമാണ്.

മാധവന്റെയും അലിയുടെയും ബന്ധം വിരോധത്തിന്റേതല്ല; ദാരുണമായ പാരസ്പര്യത്തിന്റെതാണ്. മാധവനാര്‍ അലിയുടെ വിമര്‍ശങ്ങളുടെ ലക്ഷ്യമാണെന്നതു ശരി തന്നെ. എന്നാല്‍, ആ വിമര്‍ശത്തിന്‍റെ സത്യസന്ധത മാധവനാര്‍ മനസ്സിലാക്കുന്നുണ്ട്. അയാളുടെ കവിതാസങ്കല്‍പ്പനങ്ങളുടെ പ്രശ്നങ്ങള്‍ അയാള്‍ക്കു തന്നെയറിയാം. ‘ഈ മാരകമായ ശൈലി എന്നെ എങ്ങോട്ട് പിടിച്ചു വലിക്കുന്നു?’ എന്ന ആത്മവിമര്‍ശപരമായ ചോദ്യം അതിന്റെ തെളിവാണ്. സ്വന്തം കവിതയുടെ ഭംഗി ഒരു ആത്മവഞ്ചനയായി മാറുന്നുവെന്ന് മാധവനാര്‍ തിരിച്ചറിയുന്നു. ചരിത്രത്തിന്റെ ചൂടില്‍ നിന്നൊഴിഞ്ഞ് കൊട്ടാരങ്ങളുടെയും അന്ത:പ്പുരങ്ങളുടെയും മഞ്ഞുമൂടിയ ബിംബങ്ങളിലേക്കു പിന്‍വാങ്ങുന്ന തന്റെ സ്വഭാവത്തെക്കുറിച്ച് അയാള്‍ക്ക് കുറ്റബോധമുണ്ട്. അതുകൊണ്ടുതന്നെ അലി പരിഹസിക്കുമ്പോള്‍ മാധവനാര്‍ പ്രതിരോധിക്കുന്നില്ല. ആ വിമര്‍ശനത്തിന്റെ ഒരു ഭാഗം ഇതിനകം തന്നെ അയാളുടെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അലിയുടെ നിലപാടാകട്ടെ, ലളിതമായ കാല്‍പ്പനികവിപ്ലവമല്ല. അവന്റെ പരിഹാസത്തിനടിയില്‍ വലിയ നിരാശയും ക്ഷീണവും ഒളിഞ്ഞിരിക്കുന്നു. ‘വേട്ടനായ്ക്കള്‍ ആണ് എപ്പോഴും പുറകില്‍’ എന്ന വാക്കുകള്‍ രാഷ്ട്രീയപീഡനത്തിന്റേതെന്നപോലെ തുടര്‍ച്ചയായി ഓടിക്കൊണ്ടിരിക്കുന്ന അയാളുടെ ജീവിതത്തിന്റെ സൂചകവുമാണ്. ജീവിതം മനുഷ്യനെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് വേദനയോടെ അയാള്‍ ഓര്‍ക്കുന്നു. മഴയിലും വെയിലിലും ആലുവാപ്പുഴയില്‍ കടത്തുവള്ളം ഊന്നി മക്കളെ പഠിപ്പിച്ച അമ്മ, പിന്നീട് പലിശക്കാരിയായ ജൂതസ്ത്രീയായി മാറിപ്പോയെന്ന അവന്റെ നിരീക്ഷണം സാമൂഹികചരിത്രത്തിന്റെ കൂടി ക്രൂരമായ പരിണാമങ്ങളെ കുറിച്ചുള്ള ഗഹനബോധം ഉള്‍ക്കൊള്ളുന്നതാണ്.
മഹത്തായ ജീവിതസമരങ്ങൾ പോലും ഒടുവിൽ മൂലധനത്തിന്റെ ലോകക്രമത്തിൽ ലയിച്ചുചേരുന്നു. ലോകം മനുഷ്യന്റെ ആത്മാവിനെ ക്രമേണ കഠിനമാക്കുന്നു. വിപ്ലവചിന്തയ്ക്കും ജീവിതത്തിന്റെ ഈ വിചിത്രപരിണാമങ്ങളെ പൂര്‍ണമായി തടയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ കഥയുടെ കേന്ദ്രം  കവിതയെക്കുറിച്ചുള്ള വെറും തര്‍ക്കമല്ല. അത് കവിതയുമായി ബന്ധത്തില്‍ വരുന്നത് ജീവിതം സര്‍ഗാത്മകമാകുന്നില്ലല്ലോയെന്ന അവരുടെ ഖേദം ആ സാഹിതീയവ്യവഹാരം കൂടി പങ്കുവയ്ക്കുന്നതിലൂടെ മാത്രമാണ്.  ഇവിടെ, ഇരുവരുടെയും മാനസികലോകങ്ങൾ ഒരേ തിരിച്ചറിവിൽ എത്തിച്ചേരുന്നു: മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ ഭാരം സഹിക്കാനാവുന്നില്ല. യുവതയുടെ തകര്‍ന്ന പ്രത്യാശകളെയും സമൂഹത്തിലെ പ്രശ്നങ്ങളെയും മാധവനാര്‍ക്കും അലിയ്ക്കും  അറിയാം. അലി ചരിത്രത്തിന്റെ അഗ്നിക്കുഴിയിലേക്കു നേരെ നടന്നു പോകുന്നു. മാധവനാര്‍ ചരിത്രത്തില്‍ നിന്നു പിന്‍വാങ്ങി സൗന്ദര്യത്തില്‍ അഭയം തേടുന്നു. അവന്‍റെ കവിത അവനെ രക്ഷിക്കുന്നില്ല. അലിയുടെ വിപ്ലവവും അവന് പൂര്‍ണനിശ്ചയം നല്‍കുന്നില്ല.

ഇവിടെ, ഐവാന്‍ കാരമസോവിന്റെ ‘ഗ്രാന്‍ഡ് ഇന്‍ക്വിസിറ്റര്‍’ ഉദ്ധരണി കഥയുടെ ശബ്ദമായി ഉയരുന്നു. ദസ്തയേവ്സ്കിയുടെ കൃതിയില്‍ നിന്നുള്ള ഉദ്ധരണി മനുഷ്യന് സ്വാതന്ത്ര്യം സഹിക്കാനാവില്ലെന്നും ഒടുവില്‍ അവന്‍ സ്വരക്ഷയ്ക്കു വേണ്ടി അധികാരത്തിനു മുന്നില്‍ കീഴടങ്ങുമെന്നും പറയുന്നു. അലി ഈ വാക്കുകളില്‍ താന്‍ നേരിടുന്ന ചരിത്രാനുഭവം കാണുന്നുണ്ടാകണം. വിപ്ലവകാരികള്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നു; പക്ഷേ മനുഷ്യര്‍ പലപ്പോഴും സ്വാതന്ത്ര്യത്തില്‍ നിന്നുതന്നെയും രക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇതൊരു ദുരന്തബോധമായി അലിയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും അവന്‍ സ്വാതന്ത്ര്യവും വിമോചനവും തേടിയിറങ്ങുന്നു. കാരമസോവിലെ വാക്കുകള്‍ യുവതയുടെ ചരിത്രപരമായ നിരാശയുടെ ഭാഷയാണ് ഉച്ചരിക്കുന്നത്. സ്വാതന്ത്ര്യം, ശാസ്ത്രം, വിപ്ലവം, ചിന്ത, മനുഷ്യവിമോചനം എന്നീ മഹത്തായ വാഗ്ദാനങ്ങള്‍ക്കു ശേഷവും മനുഷ്യന്‍ ഭയത്തിലേക്കും സുരക്ഷാരാഹിത്യത്തിലേക്കും അടിമത്തത്തിലേക്കും നയിക്കപ്പെടുന്നു. “ഞങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ” എന്ന വിലാപം സ്വാതന്ത്ര്യത്തിന്റെ ഭാരം വഹിക്കാനാകാത്ത മനുഷ്യാവസ്ഥയുടെ ദാരുണസമ്മതമാണ്. അലി ഈ വാക്യങ്ങള്‍ വായിക്കുമ്പോള്‍ തന്റെ തലമുറയുടെ ദുരന്തം കാണുന്നതും അതുകൊണ്ടാകാം. വിപ്ലവത്തെ ആഗ്രഹിക്കുന്നവര്‍ അതിന്റെ ചരിത്രപരമായ പരാജയങ്ങളും വിചലനങ്ങളും കണ്ടു കഴിഞ്ഞ തലമുറ കൂടിയാണ്. മാധവനാര്‍ക്കും അതേ നിരാശയുണ്ട്. അത് സൗന്ദര്യാത്മകതയിലൂടെ പിന്മാറ്റമായി മാറുമ്പോള്‍ അലി അതിനെ വിമര്‍ശിക്കുന്നു. എന്നാല്‍, അതോടൊപ്പം മാധവനാരുടെ കാരുണ്യവും ഭീതിയും ദൗര്‍ബല്യവും അവന്‍ മനസ്സിലാക്കുന്നുമുണ്ട്.

കഥാന്ത്യത്തില്‍, മദ്യലഹരിയിലായ മാധവന്റെ മുമ്പിലൂടെ സാഹിത്യചരിത്രത്തിന്റെ രൂപങ്ങള്‍ കടന്നുപോകുന്ന രംഗം മലയാളകവിതയുടെ ചരിത്രത്തെക്കുറിച്ചുള്ള ഗഹനമായ വിമര്‍ശനത്തെ ആഗ്രഹിക്കുന്നു. വള്ളത്തോള്‍, ടാഗോര്‍, ഒ.എന്‍.വി, ദേശീയഗാനങ്ങള്‍, സ്തോത്രങ്ങള്‍, പ്രണയഗീതങ്ങള്‍ എല്ലാം ഒരു ഭൂതകാലശില്പശാലയായി അവന്റെ മുമ്പില്‍ തുറക്കപ്പെടുന്നു. അവനു കണ്ടെത്താനാകുന്നത് ഗുമസ്തന്മാരെ മാത്രമാണ്. സാഹിത്യചരിത്രം ഇവിടെ വീരചരിത്രമല്ല. അധികാരത്തോടു പൊരുത്തപ്പെട്ട മനസ്സുകളുടെ ചരിത്രമാണ്. ഇത് സാഹിത്യചരിത്രനിഷേധമല്ല; ചരിത്രത്തിന്റെ യഥാര്‍ത്ഥ വെല്ലുവിളികളോട് നേരിട്ട് ഏറ്റുമുട്ടാന്‍ കഴിയാതിരുന്ന കലാസംസ്കാരത്തെക്കുറിച്ചുള്ള വിമര്‍ശവും ആത്മവിമര്‍ശവുമാണ്. കവിതാസാന്ദ്രമായ ദൃശ്യങ്ങളും രാഷ്ട്രീയസംഭാഷണങ്ങളും ഒരുമിച്ചുചേരുന്ന ഭാഷയാണ്. സി.ആര്‍. പരമേശ്വരന്‍ ഉപയോഗിക്കുന്നത്. മഴ, ഇരുട്ട്, റൂംഹീറ്ററിന്റെ ചുവന്ന വെളിച്ചം, കാറ്റ്, മദ്യത്തിന്റെ ചൂട് എന്നിവയെല്ലാം കഥയുടെ മനസ്സിനെ ഇതരരൂപങ്ങളില്‍ വായനക്കാര്‍ക്കു പകരുന്നു. കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും മഴയുണ്ട്. അവസാനം ചിട്ടപ്പെടുത്തിയ താളവും സംഗീതവും കൊണ്ട് മഴ മാധവനെ പീഡിപ്പിക്കുന്നു. ഇവിടെ പ്രകൃതി പോലും അവന്റെ സൗന്ദര്യബോധത്തിനെതിരായ പരിഹാസമായി മാറുന്നു. താളവും സംഗീതവും –  കവിതയുടെ അടിസ്ഥാനഘടകങ്ങളെന്ന്  ധരിച്ചുവശായിരിക്കുന്നവനെ അതു തന്നെ വേട്ടയാടുന്നു. കവിത മരിച്ചിട്ടില്ലെങ്കിലും അതിന്റെ നിരപരാധിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കാലഘട്ടത്തിലെ യുവതയെ സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങളും വിപ്ലവത്തിന്റെ വിളികളും  സൗന്ദര്യത്തിന്റെ അപര്യാപ്തതകളും കുടുക്കിയിട്ട ചരിത്രനിമിഷത്തിന്റെ സാഹിതീയാവിഷ്കാരമാണിത്.

”വാഴക്കുല എഴുതി ക്ഷോഭം തീർക്കുക. പിന്നെ യൂദപ്പള്ളിയുടെ മുമ്പിൽ, വെല്ലിങ്ടൺ ഐലൻഡിൽ കള്ളടിച്ചു മറിഞ്ഞു വീഴുക.” ”നതോന്നതയില്‍ ദേശീയഗാനങ്ങൾ. പട്ടിണി ജാഥയ്ക്കു വേണ്ട പടപ്പാട്ടുകൾ. സോവിയറ്റ് സൗഹൃദത്തിനായി ലെനിൻ വിജയം ആട്ടക്കഥ. ആസന്നമരണ ചിന്തകൾ” ”വിനോദിനിയുടെ കൊച്ചനിയന്മാർ യൂണിഫോമിട്ട് സ്കൂളിൽ പോകുന്നില്ലേ? ഇനിയും നീതി വേണോ?”  – പില്‍ക്കാലത്ത് സി ആര്‍ പരമേശ്വരനില്‍ ശക്തിയാര്‍ജ്ജിച്ച ദോഷദര്‍ശനത്തിന്‍റെ മൂലകങ്ങള്‍ മറ്റു ദോഷൈകദൃക്കുകള്‍ക്ക് ഈ കഥയില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ”മരണവും ദുരിതങ്ങളും കൊണ്ടുവന്നു വിളിച്ചുണർത്തുന്ന പ്രഭാത പത്രങ്ങൾ”, ”മലയാളസിനിമയിൽ ഒടുവിൽ എപ്പോഴും നീതി നടത്തപ്പെടുന്നുണ്ടല്ലോ?”  എന്നിങ്ങനെയുള്ള നാട്ടുചൊല്ലുകളായി മാറിയ സത്യക്കാഴ്ചകളും പരിഹാസങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കഥയിലായിരിക്കണം.

സി ആര്‍ പരമേശ്വരന്‍ രണ്ടു മനുഷ്യരുടെ മാനസികലോകങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ ആത്മാവിനെ പിടികൂടുന്നു. അലിയുടെയും മാധവനാരുടെയും സംഭാഷണം ഒരേ ചരിത്രം സൃഷ്ടിച്ച വേദനയുടെ രണ്ടു മാനസികപ്രതികരണങ്ങളാണ്. എന്നാല്‍, കഥയുടെ യഥാര്‍ത്ഥസങ്കീര്‍ണത അലിയ്ക്കും മാധവനാര്‍ക്കും ഇടയിലെ ആത്മബന്ധത്തിലാണ്. അവര്‍ക്കിടയില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഒരാളുടെ ഉള്ളിലെ മുറിവുകള്‍ മറ്റെയാള്‍ തിരിച്ചറിയുന്നുണ്ട്. കഥയില്‍ വാദപ്രതിവാദത്തിന്റെ ചൂടിനേക്കാള്‍ ദുഃഖത്തിന്റെ ചൂട് കൂടുതലാകുന്നത് അതുകൊണ്ടാകണം. ‘പിന്നെ കാണാമെടേ, അനുഭാവി’ എന്ന വിളി പരിഹാസമല്ല; വേദന നിറഞ്ഞ സ്നേഹമാണതില്‍. മാധവനാര്‍ അലിയെ കാരുണ്യത്തോടെ നോക്കുന്ന നിമിഷം കഥയുടെ ഏറ്റവും സൂക്ഷ്മമായ മാനുഷികത വെളിപ്പെടുത്തുന്നു. അലി അത് കണ്ടുപിടിക്കുന്നു. അത് അവരുടെ ബന്ധത്തിന്റെ സത്യമാണ്.  അകലുന്നുവെങ്കിലും നഷ്ടപ്പെടുന്നുവെങ്കിലും അവര്‍ പരസ്പരം മനസ്സിലാക്കുന്ന മനുഷ്യരാണ്. അലിയെ വിഴുങ്ങിയ ഇരുട്ടിലേക്ക് മാധവനാര്‍ നോക്കിനില്‍ക്കുന്നത് സുഹൃത്തിന്റെ യാത്രയയപ്പുരംഗം മാത്രമല്ല, ഒരു തലമുറയുടെ വഴി തേടിയുള്ള യാത്രയെ ശ്രദ്ധിക്കുന്ന കവിയുടെ സവിശേഷമായ നോട്ടം കൂടിയാണത്. രാഷ്ട്രീയമായും സര്‍ഗാത്മകമായും പരാജയപ്പെട്ടിരിക്കുന്നുവെന്ന വിവേകവും ബോദ്ധ്യവും ആവേശിച്ച ഒരു തലമുറയുടെ കഥയാണിത്. അലി വിപ്ലവത്തിന്റെ ശബ്ദമാണെങ്കില്‍, മാധവന്‍ ചരിത്രപരമായി വൈകിപ്പോയ കവിയുടെ ആത്മാവാണ്. ഒരാള്‍ ജീവിതത്തെ അപകടത്തിലാക്കി സത്യത്തിലേക്കു നീങ്ങുന്നു. അടുത്തയാള്‍ സത്യത്തെ തിരിച്ചറിഞ്ഞിട്ടും അതിന്റെ അരികില്‍ മാത്രം നില്‍ക്കുന്നു. കഥ ഇവരില്‍ ആരെയും വിജയിയായി ചിത്രീകരിക്കുന്നില്ല. അലിയുടെ പ്രതിജ്ഞാബദ്ധതകള്‍ക്കപ്പുറം ആ വഴികളില്‍ അനിശ്ചിതത്വമുണ്ട്, മാധവന്റെ സന്ദേഹങ്ങള്‍ക്കിടയിലൂം സൗന്ദര്യത്തിന്റെ സത്യവുമുണ്ട്. ഈ അനിര്‍ണീതമായ സംഘര്‍ഷം കഥയെ ജീവനുള്ളതാക്കുന്നു. അത് വായനക്കാരന്റെ മനസ്സില്‍ മഴ പോലെ ഏറെനേരം പെയ്തുകൊണ്ടിരിക്കുന്നു.

No Comments yet!

Your Email address will not be published.