നല്ല അക്കാദമിക്കുകൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ നല്ല അക്കാദമിക്കുകളിൽ ഒരാൾ എന്ന നിലയിൽ ഞാൻ വളരെ മതിക്കുന്ന സതീഷ് ദേശ്പാണ്ഡെ എന്റെ ‘കാസ്റ്റ് കോൺ സെൻസസ്’ എന്ന പുസ്തകത്തിനൊരു വിശദമായ അവലോകനമെഴുതി എന്നെ ബഹുമാനിച്ചിരുന്നു.
ഈ ലേഖനം വന്ധ്യമായ ഭാഷാശാസ്ത്ര കാര്യക്രമത്തിൽ വ്യാപരിക്കാനുദ്ദേശിച്ചുള്ളതല്ല. ദേശ്പാണ്ഡെയുടെ പുനരവലോകനത്തിനൊരു പ്രത്യാഖ്യാനം ഒട്ടുമല്ല. തന്റെ വാദഗതികൾക്ക് പിന്തുണയായി അവസാനത്തിൽ അദ്ദേഹം ഉയർത്തിയിട്ടുള്ള കൗതുകകരമായ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുള്ളതാണിത്. ജാതി സെൻസസ് ജാതി ക്ഷയത്തിനും ജാതികൾ ബലഹീനമാകുന്നതിനും കാരണമാകും ഒരു ഊഹാപോഹത്തിന്റെ രൂപത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നു.

ഇന്നത്തെ ലോകത്തിൽ ജാതി സെൻസസ് എന്നത് അത്യന്തം സാധ്യതയുള്ളതും ഉടൻ സാക്ഷാത്കരിക്കാനാകുന്നതുമാണ്. അത് ജാതികളെ ഉന്മൂലനം ചെയ്യുകയില്ല. തുടക്കത്തിൽ ജാതിസംബന്ധിയായ പ്രശ്നങ്ങൾ അധികരിപ്പിച്ചേക്കാം. ജാതികളെ ബലഹീനമാക്കുന്ന ശക്തികളെ ഊട്ടിവളർത്തുന്ന യുദ്ധത്തിനു പോഷകമാകുമത് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം.

ജാതി സെൻസസ് ഉയർത്തിവിടുന്നതെന്ന് കരുതപ്പെടേണ്ടുന്ന ഏതു കരുത്താണ് ജാതികളെ ബലഹീനമാക്കുന്ന യുദ്ധത്തിനു തിരികൊളുത്തുക എന്നദ്ദേഹം പറയുന്നില്ല. മറ്റൊരിടത്ത് ദേശ്പാണ്ഡെ “സെൻസസ് സൃഷ്ടിക്കും എന്ന് ടെൽതുംബ്ദെ ശരിയായി അവകാശപ്പെടുന്ന അതേ പ്രശ്നങ്ങളും വൈഷമ്യങ്ങളും ഈ ക്ഷയത്തെ ത്വരിത ഗതിയിലാക്കും. സ്വാർത്ഥ താത്പര്യങ്ങളിൽ കുറവുവരുത്തുന്നതിനാരംഭം കുറിക്കും. നമ്മളെ സാവാധനത്തിൽ `ഇല്ലാതാക്കൽ` പ്രകിയയിലേക്ക് കൊണ്ടുപോകും” എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ അതെങ്ങനെ എന്നദ്ദേഹം പറയുന്നില്ല.
ജാതി സെൻസസ് ജാതി അവബോധത്തെ കൂടുതൽ കരുത്തുള്ളക്കുമെന്നാണ് ചരിത്രപരമായി കണ്ടിരിക്കുന്നതെന്ന് ഞാൻ വാദിച്ചു. അത് ജാതികൾ (ഉപജാതികളും) തമ്മിലുള്ള ഉരസലുകൾ കൂടുതൽ ഹാനികരമാക്കും. മാല-മദിഗ വിഭജനം അതിനെ നല്ല രീതിയിൽ തന്നെ ചിത്രീകരിക്കുന്നുണ്ട്. അവയ്ക്കിടയിൽ ഇപ്പോൾ എന്തെങ്കിലും വിധത്തിലുള്ള ഐകമത്യം നിലവിലുണ്ടെങ്കിൽ അതില്ലാതാക്കും. ഇത്തരത്തിലുള്ള ക്ഷയങ്ങൾ ജാതി ഉന്മൂലനത്തിലേക്ക് നയിക്കുന്നവയല്ല.
എന്നിരുന്നാലും അതിന്റെ യന്ത്രവിദ്യകൾ നിർവചിച്ചിട്ടില്ല എന്നതിനാൽ തന്നെ ഈ ക്ഷയസാധ്യതാ സിദ്ധാന്തം ജിജ്ഞാസയും കൗതുകവുമുണർത്തുന്നതും ഇത്തരം സെൻസസിനു വേണ്ടി വാദിക്കുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതുമാണ്. അതിനാൽ തന്നെ ഞാൻ സദുദ്ദേശത്തോടേയും ഗൗരവത്തോടേയും അതിനെ പരിഗണിക്കുന്നു.
ജാതി അംഗസംഖ്യ എണ്ണിത്തിട്ടപ്പെടുത്തൽ, അത് സൃഷ്ടിക്കുന്ന പ്രക്ഷുബ്ധാവസ്ഥയിലൂടെ, ക്രമേണ ഒരു സാമൂഹ്യ വ്യവസ്ഥ എന്ന നിലയിൽ ജാതിയുടെ നിലനിൽപിനെ ദ്രവിപ്പിക്കും എന്ന അവകാശവാദം ശുഭാപ്തിവിശ്വാസം നിറഞ്ഞ പ്രയോജനവാദത്തിൽ അടിസ്ഥാനപ്പെടുത്തിയതാണ്. അതിനു ചരിത്രപരമായ തെളിവുകളില്ല. തർക്കത്തിനായൊരു ആന്തര യുക്തിയുമില്ല. കൂടുതൽ കൃത്യതയാർന്ന സാമൂഹികവും ചരിത്രപരവുമായ വായന മറിച്ചാണു കാണിക്കുന്നത്. ജാതി എണ്ണമെടുക്കൽ എന്ന ഭരണ പ്രക്രിയ വ്യവസ്ഥാപിതമായി തന്നെ അതെന്തിനെയാണോ എണ്ണാൻ ലക്ഷ്യമിടുന്നത് അതിനെ കൂടുതൽ ഘനീഭവിപ്പിക്കുന്നു. അത് സൃഷ്ടിച്ചേക്കാവുന്ന പ്രക്ഷുബ്ധാവസ്ഥകൾ ജാതി വ്യക്തിത്വത്തിന്റെ ക്ഷയമായല്ല പ്രകടമാകുക, അതിനെ തീവ്രമാക്കുക, ജാതികളെ വിഘടിപ്പിക്കുക, മത്സരോത്സുകമായി സ്ഥാനമുറപ്പിക്കുക എന്നതിലൂടെയാണ്.

സാമൂഹ്യ ക്ഷയത്തിനെന്തു വേണം
ജാതിയുടെ കണക്കെടുപ്പ് ക്ഷയത്തെ ഉത്പാദിപ്പിക്കുമോ എന്ന് പരിശോധിക്കുന്നതിനു മുമ്പ്, ഒരു സാമൂഹിക പ്രക്രിയ എന്ന നിലയിൽ ക്ഷയം എന്നാൽ എന്താണർത്ഥമെന്നും അതിനെന്താണാവശ്യമെന്നും കൃത്യമായി പറയേണ്ടതുണ്ട്. സാമൂഹിക ക്ഷയം, അതായത് സംഘവ്യക്തിത്വത്തിന്റെ അല്ലെങ്കിൽ സ്ഥാനരൂപത്തിന്റെ ക്ഷയം സംഭവിക്കുക ഒരു സംഘത്തെ നിർവചിക്കുന്ന അതിരുകൾ നിലനിർത്താൻ ചിലവേറുമ്പോഴും അത് അംഗങ്ങൾക്ക് അത്ര ഉപകാരമില്ലാതാകുമ്പോഴും, ചുറ്റിലുമുള്ള സാമൂഹ്യാന്തരീക്ഷത്തിൽ അത് ക്രമേണ അവ്യക്തമാകുമ്പോഴുമാണ്. ക്ഷയം എന്നതൊരു സംഘർഷമല്ല. അത് വിഘടനവുമല്ല. അത് ആന്തര മത്സരങ്ങളല്ല. ഇതെല്ലാം സംഭവിക്കുക പൂർണ്ണമായും കൃത്യതയോടെ നിലനിൽക്കുന്ന സ്വത്വഘടനയിലാണ്. ഇതൊരു പക്ഷേ അതിനെ കരുത്തുള്ളതുമാക്കിയേക്കാം. ക്ഷയത്തിനു ചുരുങ്ങിയപക്ഷം പ്രതിപാദ്യത്തിലുള്ള സ്വത്വം അതിനെ വഹിക്കുന്ന വ്യക്തികൾക്കെങ്കിലും വിശിഷ്ടമല്ലാതായി തുടങ്ങണം. അതിലെ അംഗത്വമുള്ളതുകൊണ്ടുള്ള ഗുണം കുറയണം. അതിരുകൾ കടന്നുപോകുന്നതിനാലുണ്ടാകുന്ന പിഴകൾ അപവൃദ്ധിയിലാകണം. ആ വിഭാഗത്തിനു സാമൂഹ്യ ജീവിതത്തിനു മീതെയുള്ള സംഘാടക ശക്തി നഷ്ടമാകണം.
സാമൂഹിക ക്ഷയം സംഭവിക്കുന്ന അവസ്ഥകൾ മാനവസമുദായശാസ്ത്ര സാഹിത്യത്തിൽ നല്ലരീതിയിൽ മനസിലാക്കപ്പെട്ടിട്ടുണ്ട്. അവ സ്വവംശത്തിൽ നിന്നുള്ള വിവാഹം ബലഹീനമാക്കുന്നു. സംഘത്തെ തലമുറകളായി വേറിട്ടു നിർത്തുന്നതിനുള്ള പ്രത്യുത്പാദന അതിരാണത്. അതു കൂടാതെ തൊഴിൽ സംബന്ധിയായ വേർതിരിവുകൾ ഇല്ലാതാക്കുന്നു, അത് സംഘ സ്വത്വത്തിന്റെ സാമ്പത്തിക അടിത്തറയാണ്. കൂട്ടം ചേർന്നുള്ള താമസം കുറയ്ക്കുന്നു, ഇത് സംഘ ഐകമത്യത്തിന്റെ സ്ഥലസംബന്ധിയായ അടിത്തറയാണ്. സംഘാതിരുകളെ അടയാളപ്പെടുത്തുന്ന അവയെ ധാർമ്മികമായി പ്രാധാന്യമുള്ളതാക്കുന്ന ആചാര, സൂചക വ്യവസ്ഥകളെ ബലഹീനമാക്കുന്നു. ഈ അവസ്ഥകളൊന്നും കണക്കെടുപ്പു വഴിയുണ്ടാകുന്നില്ല. ഇതിൽ പലതും കണക്കെടുപ്പു വഴി കൂടുതൽ സക്രിയമായ തടസ്സങ്ങളുണ്ടാക്കുകയേയുള്ളു.
ക്ഷയസിദ്ധാന്തത്തിനെതിരായ അടിസ്ഥാന വാദം അറിവിന്റെ സാമൂഹ്യശാസ്ത്രത്തിൽ നിന്നാണാരംഭിക്കുന്നത്. പ്രത്യേകിച്ചും ഭരണകൂടം നിർമ്മിക്കുന്ന വർഗ്ഗീകരണങ്ങളും സാമൂഹിക യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധത്തിൽ നിന്ന്. ബ്രിട്ടീഷ് ഇന്ത്യയിലെ സെൻസസിനെ കുറിച്ചുള്ള ബെർണാഡ് കൊഹ്നന്റെ പഠനം കാണിച്ചിരിക്കുന്നത്, എണ്ണൽപ്രക്രിയ മുൻകൂട്ടി നിലവിലുണ്ടായിരുന്ന സാമൂഹിക യാഥാർത്ഥ്യത്തെ രേഖപ്പെടുത്തുകയല്ല അതിനെ സക്രിയമായി സൃഷ്ടിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുകയാണെന്നാണ്.
ശിഥിലമായും പ്രദേശാനുസൃതമായി വ്യത്യാസപ്പെട്ടതുമായ, പലപ്പോഴും ഉള്ളിൽ തന്നെ തർക്കങ്ങളും വ്യാഖ്യാനഭേദങ്ങളും നിലനിന്നിരുന്ന ജാതികൾ, സെൻസസ് ചോദ്യാവലിയുടെ തർക്കരഹിതമായ തർക്കശാസ്ത്രത്തിന്റെ കീഴിൽ, അതിരുകളുള്ളതും പേരിട്ടതുമായും, എണ്ണിക്കൂട്ടാവുന്ന ഏകീകൃത കൂട്ടങ്ങളായും, സ്വയം അവതരിപ്പിക്കാൻ നിർബന്ധിതമാകുന്നു. സാമൂഹിക ജീവിതം അസ്പഷ്ടത അനുവദിച്ചിടത്ത് സെൻസസ് വ്യക്തത ആവശ്യപ്പെട്ടുന്നു. സാമൂഹിക ജീവിതം ബഹുസ്വരത അനുവദിച്ചിടത്ത് അത് ഏകത്വം ആവശ്യപ്പെടുന്നു.

നികൊളസ് ഡിർക്സ് തന്റെ കസ്റ്റ്ംസ് ഓഫ് മൈൻഡ് എന്ന കൃതിയിൽ ബെർണാഡ് കൊഹ്നന്റെ വാദത്തെ വികസിപ്പിച്ചിരിക്കുന്നു. ഭരണപരമായ ഈ വ്യക്ത വരുത്തൽ ദീർഘകാല സാമൂഹിക ഫലങ്ങൾ ഉണ്ടാക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിരുകളിലായിരുന്ന, ചലനാത്മകമായിരുന്ന, അല്ലെങ്കിൽ ഉള്ളിൽ തന്നെ വ്യത്യാസങ്ങൾ പുലർത്തിയിരുന്ന സംഘങ്ങൾ, ഏകീകൃതമായ ഭരണകൂട വർഗ്ഗീകരണങ്ങളിലേക്ക് `സ്ഥിരീകരിക്കപ്പെടുന്നു`. ജാതിയെ അറിയാനും നിയന്ത്രിക്കാനും ശ്രമിച്ച കോളോണിയൽ ഭരണകൂടം, അതിനെ പുതിയതും കൂടുതൽ കർശനവുമായ രീതിയിൽ `അറിയാവുന്നതാക്കി` മാറ്റി. ഈ പുതുതായി രൂപപ്പെട്ട വായനാസൗകര്യം (വ്യക്തത) പിന്നീട് സാമൂഹിക പ്രയോഗങ്ങളിലേക്ക് തിരികെ പ്രവഹിച്ചു. അതിലൂടെ, മുമ്പ് അത്ര ഉറപ്പില്ലാതിരുന്ന സംഘത്തിനും, രാഷ്ട്രീയ അവകാശവാദങ്ങൾ ഉന്നയിക്കാനും, അതിരുകൾ കൂടുതൽ കർശനമായി സ്ഥാപിക്കാനും ഒരു മാതൃക ലഭിച്ചു. ഇത് അതേ രൂപത്തിൽ മുൻപ് നിലനിന്നിരുന്നില്ല.

റൊജേഴ്സ് ബ്രൂബേക്കറിന്റെ; എത്നിസിറ്റി വിത്ട്ട് ഗ്രൂപ്സ്’ എന്ന കൃതിയിലെ സിദ്ധാന്തചട്ടക്കൂട് ഇവിടെ പ്രവർത്തിക്കുന്ന സാമൂഹ്യശാസ്ത്രപരമായ യന്ത്രസംഹിതയെ വിശദീകരിക്കുന്നു. ഭരണകൂടങ്ങൾ ജനങ്ങളെ എണ്ണിക്കൂട്ടാൻ ഉപയോഗിക്കുന്ന വർഗ്ഗീകരണങ്ങൾ തന്നെയാണ് പിന്നീട് ജനങ്ങൾ രാഷ്ട്രീയമായി സ്വയംസംഘടിപ്പിക്കാനും, വിഭവങ്ങൾ ആവശ്യപ്പെടാനും, ഐക്യബോധം നിർമിക്കാനും ഉപയോഗിക്കുന്ന വർഗ്ഗീകരണങ്ങളായി മാറുന്നതെന്ന് ബ്രൂബേക്കർ വാദിക്കുന്നു. സെൻസസ് വെറുതെ ഗ്രൂപ്പുകളെ പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് അവയ്ക്ക് മൂർത്ത രൂപം നൽകുക കൂടിയാണ്. അങ്ങനെ, അവയ്ക്ക് ഒരു വസ്തുനിഷ്ഠവും കണക്കാക്കപ്പെടാവുന്നതുമായ അസ്തിത്വം നൽകുന്നു. ഇത് അംഗങ്ങളുടെ കൂറിൽ അവകാശവാദം ഉന്നയിക്കാനുള്ള അവരുടെ ശേഷിയെ ദുർബലപ്പെടുത്തുന്നതിനു പകരം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ സിദ്ധാന്തത്തെ ജാതിയിലേക്ക് പറിച്ചു നട്ടാൽ എണ്ണൽപ്രക്രിയ ജാതികൾക്കും ജാതിസമൂഹങ്ങൾക്കും ഒരു പുതിയ രാഷ്ട്രീയ അസ്തിത്വം നൽകുന്നു എന്നു കാണാനാകും. സംഖ്യാബലം, അളക്കാവുന്ന ഒരു വോട്ടുബാങ്ക്, വ്യക്തമായി തിരിച്ചറിയാവുന്ന ഒരു താൽപര്യകൂട്ടം എന്നിങ്ങനെ. ഇതിലൂടെ, ജാതിനേതാക്കൾക്ക് ജാതിയതിരുകൾ നിലനിർത്താനും, നിയന്ത്രിക്കാനും, ആവശ്യമായാൽ അവയെ പുതുക്കി പുനർനിർമിക്കാനും ശക്തമായ പ്രേരണ ലഭിക്കുന്നു. ഇത് ക്ഷയമല്ല. ഇത് സ്ഥാപനവത്കരണമാണ്.
ക്ഷയമില്ലാതെ കണക്കെടുപ്പിന്റെ ആറു ദശാബ്ദങ്ങൾ
ജാതി തിരിച്ചുള്ള എണ്ണൽ ജാതിയുടെ ക്ഷയത്തിലേക്ക് നയിക്കും എന്ന വാദം സിദ്ധാന്തപരമായി അവിശ്വസനീയമാണ്. നമ്മുടെ ദീർഘകാല ചരിത്രപരീക്ഷണം തന്നെയത് അനുഭവപരമായി തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. 1871 മുതൽ 1931 വരെ, ആറു ദശാബ്ദങ്ങളിലായി നടന്ന കോളോണിയൽ സെൻസസ് പ്രവർത്തനങ്ങൾ, ഈ ‘ക്ഷയസിദ്ധാന്തത്തിന്റെ’ സ്വാഭാവിക പരീക്ഷണമായി കണക്കാക്കാം. ജാതിതിരിച്ചെണ്ണുന്നത് സാമൂഹിക കലുഷത സൃഷ്ടിക്കുകയും, ആ കലുഷത ജാതിക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെങ്കിൽ, ആറു ദശാബ്ദങ്ങളോളം നീണ്ട ക്രമബദ്ധമായ ഈ എണ്ണൽപ്രക്രിയ ജാതിയെന്ന തിരിച്ചറിയലിന്റെയും അതിന്റെ സാമൂഹിക പ്രസക്തിയുടെയും ഏതെങ്കിലും വിധത്തിൽ അളന്നെടുക്കാവുന്ന ക്ഷയമെങ്കിലും സൃഷ്ടിച്ചിരിക്കേണ്ടതായിരുന്നു. എന്നാൽ ചരിത്രരേഖകൾ കാണിക്കുന്നത് അതിന്റെ വിപരീതമാണ്.
കോളനി ഭരണക്കാലത്തെ സെൻസസ് സൃഷ്ടിച്ചതാകട്ടെ, ഉപഭൂഖണ്ഡമൊട്ടാകെ ജാതിസഭകളുടെയും ജാതിസംഘടനകളുടെയും വ്യാപനമായിരുന്നു. സെൻസസ് നിർവചിച്ച ഭരണപരമായ സംഘങ്ങളായി പ്രത്യേക ജാതിസമൂഹങ്ങളുടെ താൽപര്യങ്ങളെ നിർവചിക്കാനും സംരക്ഷിക്കാനും മുന്നോട്ട് കൊണ്ടുപോകാനും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്ന ഔപചാരിക സംഘടനകൾ. ഉള്ളിൽ തന്നെ വൈവിധ്യങ്ങളും വിഭജനങ്ങളും നിലനിന്നിരുന്ന കൂട്ടങ്ങൾ, സെൻസസ് വർഗ്ഗീകരണങ്ങളെ ആധാരമാക്കി ക്രമേണ ഏകീകരിക്കപ്പെടുകയും സമാനവൽക്കരിക്കപ്പെടുകയും ചെയ്തു. ആചാരപരമായ സ്ഥാനമാനങ്ങൾ അസ്പഷ്ടമോ തർക്കവിഷയമോ ആയിരുന്ന സമൂഹങ്ങൾ, തങ്ങളുടെ സെൻസസ് വർഗ്ഗീകരണം മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രീയ പ്രചാരണങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. സൂസൻ ബെയ്‌ലിയും റോസാലിൻഡ് ഒ`ഹാൻലോണും ഇത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണൽപ്രക്രിയ സൃഷ്ടിച്ച കലുഷത, ജാതിയുടെ ലയനമായല്ല പ്രകടമായത്. മറിച്ച് ജാതിയുടെ ആധുനികവൽക്കരണമായാണ്. പ്രാദേശിക ആചാരങ്ങളിലൂടെ പുനരുത്പാദിപ്പിക്കപ്പെട്ടിരുന്ന, സ്ഥലാന്തര വ്യത്യാസങ്ങളുള്ള ഒരു സാമൂഹിക സ്ഥാപനത്തിൽ നിന്ന്, തെരഞ്ഞെടുപ്പ് രാഷ്ട്രീയം, ഭരണകൂട ഹർജികൾ, നിയമപരമായ അവകാശവാദങ്ങൾ എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുന്ന, രാഷ്ട്രീയമായി സംഘടിതവും ഔപചാരികമായി രൂപംകൊണ്ടതുമായ താൽപര്യസംഘടനകളായി ജാതി മാറി.
ആറു ദശാബ്ദങ്ങളോളം നീണ്ട ഈ സെൻസസ് ചരിത്രത്തിൽ എവിടെയും ജാതിക്ഷയം ദൃശ്യമായിട്ടില്ല. മറിച്ച് അതിന്റെ വിപരീതത്തിനുള്ള ധാരാളം തെളിവുകളാണ് കാണപ്പെടുന്നത്. ജാതിയതിരുകളുടെ കാഠിന്യം, ജാതി അധിഷ്ഠിത രാഷ്ട്രീയസംഘടനകളുടെ വളർച്ച, പൊതുജീവിതത്തിൽ ജാതിതിരിച്ചറിയലിന്റെ വർദ്ധിച്ച പ്രാധാന്യം എന്നിങ്ങനെയുള്ള തെളിവുകൾ. അതിനാൽ ഈ പരീക്ഷണം ഇതിനകം നടന്നുകഴിഞ്ഞതാണ്. ക്ഷയസിദ്ധാന്തം പരാജയപ്പെട്ടതാണ്. ഇതിന് മറ്റൊരു വ്യക്തമായ ഉദാഹരണം പട്ടികജാതികളുടേതാണ്. അവരുടെ എണ്ണൽപ്രക്രിയ ജാതിക്ഷയത്തിലേക്ക് നയിച്ചില്ല. പകരം ഉപജാതികൾ തമ്മിലുള്ള ആന്തരിക സംഘർഷങ്ങളും ഏറ്റുമുട്ടലുകളും കൂടുതൽ ശക്തമാകാനാണ് അത് വഴിവെച്ചത്.
കോളനി ഭരണത്തിനു ശേഷമുള്ള തെളിവുകൾ
ഇന്ത്യയിലെ സ്വാതന്ത്ര്യാനന്തര ജാതിയുടെയും എണ്ണൽപ്രക്രിയയുടെയും ചരിത്രം, കോളോണിയൽ കാലഘട്ടത്തിലെ അതേ മാതൃക തന്നെയാണ് സ്ഥിരീകരിക്കുന്നത്. ഒ ബി സി സമൂഹങ്ങളെ എണ്ണിക്കൂട്ടിയ മണ്ഡൽ കമ്മീഷനിന്റേയും അതിന്റെ 1990-ലെ നടപ്പാക്കലിന്റെയും അനുഭവം ഇതിൽ ഏറ്റവും പഠനയോഗ്യമായ ഉദാഹരണമാണ്.
യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ള രാഷ്ട്രീയശാസ്ത്രജ്ഞർ രേഖപ്പെടുത്തിയതുപോലെ, മണ്ഡൽ ഘട്ടം അദ്ദേഹം “രണ്ടാമത്തെ ജനാധിപത്യ ഉയിർത്തെഴുന്നേല്പ്പ്” എന്നു വിശേഷിപ്പിച്ച ഒരു രാഷ്ട്രീയമാറ്റത്തിന് തുടക്കമിട്ടു. എന്നാൽ ആ ഉയിർത്തെഴുന്നേല്പ്പ് തന്നെ സംഘടിതമായത്, ജാതിതിരിച്ചറിയലിനെ കൂടുതൽ ഏകീകൃതമാക്കിയും, രാഷ്ട്രീയമായി കൂടുതൽ വ്യക്തമായി തിരിച്ചറിയാവുന്നതാക്കിയും, എണ്ണൽപ്രക്രിയയുടെയും സംവരണത്തിന്റെയും വഴി ഭരണപരമായി കൂടുതൽ പ്രാധാന്യമുള്ളതാക്കിയുമുള്ള പ്രക്രിയയിലൂടെയായിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംഖ്യാബലം കൂടുതലുള്ള ഒ ബി സി സമൂഹങ്ങളായ യാദവർ, കുർമികൾ, കോയിരികൾ തുടങ്ങിയവർ മണ്ഡൽ പ്രക്രിയയെ ജാതിതിരിച്ചറിയലിന്റെ ക്ഷയത്തിന്റെ തുടക്കമായല്ല അനുഭവിച്ചറിഞ്ഞത്. പകരം അവർ അതിനെ തങ്ങളുടെ രാഷ്ട്രീയപ്രവേശനത്തിന്റെ പ്രാരംഭമായാണറിഞ്ഞത്, അനുഭവിച്ചത്. ജാതിതിരിച്ചറിയൽ ക്ഷയിക്കുന്നതിന് പകരം, ഉത്തര-മദ്ധ്യ ഇന്ത്യയിലെ ജനാധിപത്യരാഷ്ട്രീയത്തിന്റെ പ്രധാന നാണയമായി അതുമാറി.
ക്ഷയസിദ്ധാന്തത്തിന് ഏറ്റവും ശക്തമായ തിരിച്ചടിയായി മണ്ഡൽ അനുഭവം കാണിച്ചുതരുന്നത്, എണ്ണൽപ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള സംവരണം ജാതിതിരിച്ചറിയലിന്റെ പുനരുത്പാദനത്തിന് സ്ഥിരമായതും സ്ഥാപനപരമായതുമായ ഒരു പ്രേരണ സൃഷ്ടിക്കുന്നു എന്നതാണ്. ജാതിവർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നേടിയെടുത്ത ഒരു സമൂഹത്തിന്, ആ വർഗ്ഗീകരണം നിലനിർത്തുന്നതിൽ ഭൗതിക താൽപര്യമുണ്ടാകും. അത് തുടർച്ചയായി തന്നെയുണ്ടാകും. അവരുടെ അംഗങ്ങൾ ആ സമൂഹത്തിന്റെ അംഗങ്ങളായി തന്നെ തുടർന്നും തിരിച്ചറിയപ്പെടണം, പുറത്തുള്ളവർക്കെതിരായ അതിരുകൾ നിലനിർത്തണം, കൂടാതെ അന്തർജാതിവിവാഹങ്ങളിലൂടെയോ ജാതിക്കുള്ളിലെ വിവാഹരീതിയുടെ ദുർബലതയിലൂടെയോ സമൂഹത്തിന്റെ സംഖ്യാബലം ക്ഷയിക്കാതിരിക്കാൻ ശ്രദ്ധിക്കണം, എന്നൊക്കെയുള്ള താത്പര്യങ്ങളുണ്ടാകും. അങ്ങനെ, എണ്ണൽപ്രക്രിയയും സംവരണവും ചേർന്ന്, ജാതിക്ഷയത്തിന് ആവശ്യമായ സാഹചര്യങ്ങളുടെ കൃത്യമായ വിപരീതമാണ് സൃഷ്ടിക്കുന്നത്.

പല തുണ്ടുകളാക്കപ്പെടുക എന്നാൽ അത് ക്ഷയമല്ല
ജാതിയെ എണ്ണിക്കൂട്ടുന്നത്, ജാതിതിരിച്ചറിയലിന്റെ സമഗ്രമായ ക്ഷയത്തിലേക്ക് നയിക്കാതിരുന്നാലും, വലിയ സംയുക്ത ജാതിവർഗ്ഗങ്ങൾ ചെറുതായ ഉപജാതി-ജാതി തിരിച്ചറിയലുകളായി വിഭജിക്കപ്പെടുന്ന ഒരു പ്രക്രിയയ്ക്ക് വഴിവെക്കുന്നു എന്നു വാദിക്കാം. ഈ വിഭജനമാണ് ക്ഷയസിദ്ധാന്തം മുൻകൂട്ടി കണ്ട “അസംബന്ധത്തിലേക്കുള്ള ചുരുക്കം” എന്നും ചിലർ പറഞ്ഞേക്കാം. ഈ വാദത്തെ നമ്മൾ നേരിട്ടുതന്നെ അഭിമുഖീകരിക്കേണ്ടതുണ്ട്, കാരണം ഇത് പൂർണമായും വ്യത്യസ്തമായ രണ്ട് സാമൂഹിക പ്രക്രിയകളെ തമ്മിൽ കലർത്തുകയാണ് ചെയ്യുന്നത്.
ജാതിരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വിഭജനവും ക്ഷയവും വ്യത്യസ്തമാണെന്നു മാത്രമല്ല; അവ പരസ്പരം ഏകദേശം വിരുദ്ധങ്ങളുമാണ്. വലിയ ഒ ബി സി വർഗ്ഗീകരണം മത്സരാത്മകമായ ഉപജാതി അവകാശവാദങ്ങളായി പിളരുമ്പോൾ, ഉദാഹരണത്തിന് യാദവർ, കുർമികൾ, നിഷാദുകൾ എന്നിവർ സംവരണവിഹിതത്തിനായി പരസ്പരം മത്സരിക്കുമ്പോൾ, അല്ലെങ്കിൽ പട്ടികജാതി വിഭാഗത്തിനകത്ത് ജാതവരും വാൽമീകികളും വേറിട്ട രാഷ്ട്രീയ തിരിച്ചറിയലുകളായി വികസിപ്പിക്കുമ്പോൾ, സംഭവിക്കുന്നത് ജാതിതിരിച്ചറിയലിന്റെ ക്ഷയമല്ല; മറിച്ച് അതിന്റെ കൂടുതൽ സൂക്ഷ്മതലത്തിലുള്ള വർദ്ധനവാണ്, പെരുകലാണ്.
രാഷ്ട്രീയരംഗത്തേക്ക് സ്വതന്ത്ര അവകാശവാദികളായി പ്രവേശിക്കുന്ന ഓരോ ഉപജാതിയും, ജാതിസമൂഹവും, സ്വന്തം ജാതിതിരിച്ചറിയൽ ഇല്ലാതാക്കുകയല്ല ചെയ്യുന്നത്, മറിച്ച് അതിനെ കൂടുതൽ ഉറപ്പിക്കുകയാണ്. വലിയ സെൻസസ് വർഗ്ഗീകരണങ്ങൾ ചെറുതും മത്സരാത്മകവുമായ ഘടകങ്ങളായി വിഭജിക്കപ്പെടുന്നത് ജാതിനാശത്തിലേക്കല്ല നയിക്കുന്നത്, ജാതിവ്യവസ്ഥയുടെ വ്യാപനത്തിലേക്കാണ്.
വാസ്തവത്തിൽ, മത്സരാത്മകമായ എണ്ണൽപ്രക്രിയയുടെ തർക്കശാസ്ത്രം, അതായത് കൂടുതൽ രാഷ്ട്രീയ-ഭരണപരമായ ഭാരം നേടാൻ ഓരോ കൂട്ടവും തങ്ങളുടെ സംഖ്യാബലം പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യം, ജാതിപടവിന്റെ എല്ലാ തലങ്ങളിലും അതിരുകൾ കർശനമായി നിലനിർത്താൻ ശക്തമായ പ്രേരണ സൃഷ്ടിക്കുന്നു.
സ്വന്തം അതിരുകൾ മങ്ങിപോകാൻ അനുവദിക്കുന്ന, അയൽജാതികളുമായുള്ള അന്തർവിവാഹങ്ങളെ സഹിക്കുന്ന, അല്ലെങ്കിൽ അംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഒരു ജാതിക്ക്, സംഖ്യാബലം നഷ്ടപ്പെടാനും അതിലൂടെ രാഷ്ട്രീയ സ്വാധീനം കുറയാനും സാധ്യതയുണ്ട്. കാരണം, എണ്ണിക്കൂട്ടപ്പെട്ട സംഘങ്ങളുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് വിഭവങ്ങൾ വിതരണം ചെയ്യപ്പെടുന്ന സംവിധാനം പ്രവർത്തിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ വിഭജനം ജാതിയുടെ തകർച്ചയിലേക്കല്ല മറിച്ച് കൂടുതൽ സൂക്ഷ്മതലത്തിൽ സംഘടിതവും കൂടുതൽ തീവ്രവും മത്സരാധിഷ്ഠിതവുമായ ഒരു ജാതിരാഷ്ട്രീയത്തിന്റെ ഉദയത്തിലേക്കാണ് നയിക്കുക. അതിൽ കൂടുതൽ സംഘങ്ങൾ കൂടുതൽ ചെറിയ ഏകീകരണതലങ്ങളിൽ സംഘടിതരായി മുൻപത്തേക്കാൾ കൂടുതൽ ആഴത്തിൽ ജാതിതിരിച്ചറിയലിന്റെ പുനരുത്പാദനത്തിൽ നിക്ഷിപ്തതാൽപര്യം പുലർത്തുന്നു.
ജാതികളും ഉപജാതികളും തമ്മിലുള്ള ആന്തരിക സംഘർഷങ്ങൾ, മത്സരാത്മകമായ എണ്ണൽപ്രക്രിയയുടെ യഥാർത്ഥവും ദൃശ്യവുമായ ഫലം എന്നിവയൊന്നും ജാതിയുടെ തകർച്ചയുടെ ലക്ഷണമല്ല. അത് ജാതിയുടെ സജീവശക്തിയുടെ ലക്ഷണമാണ്. മരിച്ചുപോകുന്ന ഒരു സ്ഥാപനത്തിന്റെ അതിരുകൾക്കായി സമൂഹങ്ങൾ കടുത്ത പോരാട്ടം നടത്താറില്ല. ഇപ്പോഴും ഗണ്യമായ പ്രതിഫലങ്ങൾ വിതരണം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ അതിരുകൾക്കായാണ് അവർ അത്ര കഠിനമായി പോരാടുന്നതും പോരാടുകയും.
![]()
പിഴവിന്റെ യുക്തിസഹമായ ഘടന
ക്ഷയസിദ്ധാന്തത്തെ സൂക്ഷ്മപരിശോധന നടത്തിയാൽ, അത് ഒരു അടിസ്ഥാന താർക്കിക പിഴവിന്മേലാണ് നിലകൊള്ളുന്നതെന്ന് വ്യക്തമായി കാണാം. ആ വാദത്തിന്റെ ഘടന ഇനി പറയും പ്രകാരമാണ്. എണ്ണൽപ്രക്രിയ സാമൂഹിക കലുഷത സൃഷ്ടിക്കുന്നു; കലുഷത വൈരുധ്യങ്ങൾ സൃഷ്ടിക്കുന്നു; വൈരുധ്യങ്ങൾ തത്പരസംഘടനകളുടെ ആന്തരിക തകർച്ചയെ വേഗത്തിലാക്കുന്നു; ആ തകർച്ച അവസാനം ജാതിനാശത്തിലേക്ക് നയിക്കുന്നു. എന്നാൽ ഈ ശൃംഖലയിലെ ഓരോ ഘട്ടവും തെളിയിക്കപ്പെട്ടതല്ല, വെറും അവകാശവാദങ്ങളായി മാത്രം അവതരിപ്പിക്കപ്പെട്ടവയാണ്. ഇതിൽ രണ്ട് കണ്ണികളെങ്കിലും സൂക്ഷ്മപരിശോധനയിൽ തകരുന്നു എന്നു നമുക്ക് കാണാനാകും.
ഒന്നാമതായി, കലുഷതയിൽ നിന്ന് തത്പരസംഘടനകളുടെ ദുർബലതയിലേക്കുള്ള നീക്കം സംഘർഷവും വൈരുധ്യവും അവയെ ചുറ്റിപ്പറ്റിയുള്ള സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുമെന്ന അനുമാനത്തിലാണ് നിൽക്കുന്നത്. എന്നാൽ സ്ഥാപനങ്ങളുടെ സാമൂഹ്യശാസ്ത്രം കാണിക്കുന്നത് അതല്ല. പലപ്പോഴും സംഘർഷം, അത് ഭീഷണിപ്പെടുത്തുന്നതായി തോന്നുന്ന സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം, അത് ആ സ്ഥാപനങ്ങളുടെ സാമൂഹിക പ്രസക്തി വർദ്ധിപ്പിക്കുകയും, അംഗങ്ങളുടെ കൂട്ടതിരിച്ചറിയലിലുള്ള നിക്ഷിപ്തതാൽപര്യം കൂടുതൽ ശക്തമാക്കുകയും, നേതാക്കൾ, സംഘടനകൾ, നിയമതന്ത്രങ്ങൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങിയ സംഘടനാപരമായ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതെല്ലാം സ്ഥാപനത്തെ ദുർബലമാക്കുന്നതിന് പകരം കൂടുതൽ ദീർഘായുസ്സുള്ളതാക്കുന്നു. ചരിത്രപരമായി ജാതിസംഘർഷം സൃഷ്ടിച്ചത് ജാതിയുടെ ക്ഷയമല്ല; ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയസംഘാടനമായിരുന്നു.
രണ്ടാമതായി, അടിസ്ഥാനപരമായി, ജാതി പരിപോഷിപ്പിക്കുന്ന താൽപര്യങ്ങൾ ദൃശ്യതയും സംഖ്യാത്മക വ്യക്തതയും മൂലം ദുർബലമാകുന്നു എന്നതാണ് ഈ വാദത്തിന്റെ അനുമാനം. എന്നാൽ യാഥാർത്ഥ്യം അതിന്റെ വിപരീതമാണെന്ന് വ്യക്തമായി തെളിയിക്കാനാകും. സ്വന്തം വലുപ്പവും വിതരണവും അറിയാത്ത ഒരു ജാതിസമൂഹം, അത് അറിയുന്ന മറ്റൊരു സമൂഹത്തെക്കാൾ രാഷ്ട്രീയമായി ദുർബലമാണ്. സെൻസസ് നൽകുന്നത് കൃത്യമായി ഈ അറിവാണ്. ഒപ്പം ജാതിതിരിച്ചറിയൽ നിലനിർത്തുന്നതിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള യുക്തിപരമായ പ്രേരണയും അത് നൽകുന്നു. എണ്ണൽപ്രക്രിയ ജാതിതാൽപര്യങ്ങളുടെ അയുക്തികതയെ വെളിപ്പെടുത്തുന്നില്ല. മറിച്ച് ജാതിതാൽപര്യങ്ങൾക്ക് യുക്തിസഹവും കണക്കാക്കാവുന്നതും ഭരണപരമായി അംഗീകരിക്കപ്പെട്ടതുമായ ഒരു അടിത്തറയാണ് അത് ഒരുക്കുന്നത്.
ജാതിയെ എണ്ണിക്കൂട്ടുന്നത് അതിന്റെ നാശത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷ, താർക്കികതലത്തിൽ, മതസമൂഹങ്ങളെ എണ്ണുന്നത് മതത്തിന്റെ നാശത്തിലേക്ക് നയിക്കും എന്നും, വംശീയകൂട്ടങ്ങളെ എണ്ണുന്നത് വംശീയതയുടെ ലയനത്തിലേക്ക് നയിക്കും എന്നും പ്രതീക്ഷിക്കുന്നതിനോട് തുല്യമാണ്. രാജ്യങ്ങൾ ജന്മസിദ്ധമായ കൂട്ടതിരിച്ചറിയലുകളെ എണ്ണിക്കൂട്ടിയ എല്ലാ ചരിത്രസാഹചര്യങ്ങളിലും തെളിവുകൾ ഒരേ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. എണ്ണൽപ്രക്രിയ, അത് എണ്ണുന്ന തിരിച്ചറിയലുകളെ കൂടുതൽ ശക്തിപ്പെടുത്തുകയും, സംഘടിതമാക്കുകയും, ദീർഘിപ്പിക്കുകയും ചെയ്യുന്നു എന്ന ദിശയിലേക്ക്.

ജാതി സെൻസസിനുള്ള ഏക സത്യസന്ധമായ അടിസ്ഥാനവാദം
ഈ വിശകലനം നമ്മെ ഒരു നിഗമനത്തിലേക്ക് നയിക്കുന്നു. ജാതി സെൻസസിനെ അനുകൂലിക്കുന്നവർ പലപ്പോഴും തുറന്നു പറയാൻ മടിക്കുന്നതെങ്കിലും, അവരുടെ വാദത്തിന്റെ ആന്തരിക തർക്കശാസ്ത്രം നിർബന്ധിതമാക്കുന്ന ഒരു നിഗമനം. അതായത്, ജാതി തിരിച്ചെണ്ണിക്കൂട്ടുന്നതിനുള്ള വാദം യുക്തിസഹമായി നിലനിൽക്കണമെങ്കിൽ, ജാതി ഇന്ത്യൻ സാമൂഹികജീവിതത്തിന്റെ സ്ഥിരമോ കുറഞ്ഞപക്ഷം ദീർഘകാലം നിലനിൽക്കുന്നോ ആയ ഒരു സവിശേഷതയാണ് എന്ന് അംഗീകരിക്കേണ്ടിവരും. കൂടാതെ, ആ സ്ഥിരതയുടെ പശ്ചാത്തലത്തിൽ, ജാതി നിർവചിക്കുന്ന സമൂഹങ്ങൾക്ക് സംസ്ഥാന വിഭവങ്ങളിലും, രാഷ്ട്രീയ പ്രതിനിധാനത്തിലും, ഭരണപരമായ അധികാരത്തിലും അവരുടെ അനുപാതിക വിഹിതം ലഭിക്കേണ്ടതുണ്ടെന്നും അംഗീകരിക്കേണ്ടിവരും.
ഇത് ഒരു നിയമാനുസൃതവും യുക്തിസഹവുമായി വാദമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സാമൂഹ്യനീതിപാരമ്പര്യത്തോടാണ് ഇത് ചേർന്നുനിൽക്കുന്നത്. ബി. ആർ അംബേദ്കർ ജാതിയധിഷ്ഠിത പീഡനത്തിന്റെ ഭൗതിക യാഥാർത്ഥ്യത്തെക്കുറിച്ച് മുന്നോട്ടുവെച്ച ഉറച്ച നിലപാടിൽ നിന്ന് തുടങ്ങി, മണ്ഡൽ കമ്മീഷൻ ആ തിരിച്ചറിവിനെ ഭരണപരമായി പ്രാവർത്തികമാക്കിയതുവരെ നീളുന്ന ഒരു പാരമ്പര്യം. ഈ നിലപാട്, ജാതിയെ പാരമ്പര്യമായി പകർന്നുകിട്ടുന്ന അസമത്വത്തിന്റെയും അവഗണനയുടെയും ഒരു സംവിധാനമായി ഗൗരവത്തോടെ കാണുന്നു. അതിനാൽ തന്നെ, പരിഹാരങ്ങളുടെ വിതരണത്തിലും അതിനെ അതേ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. ഈ നിലപാടിൽ ബൗദ്ധിക സത്യസന്ധതയില്ലായ്മയൊന്നുമില്ല.
എന്നാൽ, ബി. ആർ. അംബേദ്കറിന്റെ പ്രായോഗിക ആശങ്കകൾ സംവരണം ആവശ്യപ്പെടുന്നതിലേക്കു നയിച്ചെങ്കിലും അദ്ദേഹത്തിന്റെ അന്തിമ ആശയപരമായ ലക്ഷ്യം ജാതിയുടെ ഉന്മൂലനമായിരുന്നു എന്ന കാര്യം മറക്കരുത്.
ബൗധികമായി സത്യസന്ധമല്ലാത്തതോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞപക്ഷം ബൗധിക ആശയക്കുഴപ്പമോ ആയിരിക്കുന്നതെല്ലാം, ഈ വാദത്തോട് ചേർത്താലത് ജാതി തിരിച്ചുള്ള എണ്ണൽപ്രക്രിയ ഭാവിയിൽ ജാതിയുടെ ഉന്മൂലനത്തിലേക്കുള്ള വഴിയുമാണ് എന്ന അധിക അവകാശവാദം കൂട്ടിച്ചേർക്കാനുള്ള ശ്രമമാണെന്നു കാണാനാകും.
ഈ രണ്ട് നിലപാടുകളും വെറുതെ പരസ്പരം സംഘർഷാവസ്ഥയിലാണെന്നു മാത്രമല്ല അവ അടിസ്ഥാനപരമായി പരസ്പരവിരുദ്ധങ്ങളുമാണ്. ജാതിതിരിച്ചറിയലിനെ അംഗീകരിക്കുകയും ഭരണപരമായി അതിനെ കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നതടിസ്ഥാനമാക്കിയുള്ള ഒരു നയോപാധിക്ക്, അതേ സമയം ആ തിരിച്ചറിയലിന്റെ ലയനത്തിനുള്ള ഉപാധിയായും പ്രവർത്തിക്കാൻ കഴിയില്ല. ഒരു ലക്ഷ്യസ്ഥാനത്തേക്കായി നിർമ്മിച്ച വഴി, മറ്റൊരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയില്ല.
ജാതി ഉന്മൂലനം വെറും വാചികാഭിലാഷമല്ല, ഗൗരവമുള്ള ഒരു ലക്ഷ്യമാണെങ്കിൽ എണ്ണൽപ്രക്രിയയുടെ വിപരീതദിശയിൽ പ്രവർത്തിക്കുന്ന ഉപാധികളെയാണ് ആവശ്യപ്പെടുന്നത്. ജാതിക്കുള്ളിലെ വിവാഹരീതിയുടെ തകർച്ച, ജാതി അതീതമായി സാമ്പത്തികാവസരങ്ങളുടെ സർവസാധാരണവൽക്കരണം, സാമൂഹികവും ഭരണപരവുമായ ജീവിതത്തിൽ ജാതി ഒരു വർഗ്ഗീകരണമായി കാണുന്ന നിയമസാധുത ക്രമാനുഗതമായി ഇല്ലാതാക്കൽ, ജാതിതിരിച്ചറിയൽ അതിനെ വഹിക്കുന്ന വ്യക്തികൾക്ക് ക്രമേണ അർഥശൂന്യമാകുന്ന ഒരു പൊതുസാംസ്കാരിക ബോധത്തിന്റെ നിർമ്മാണം എന്നിങ്ങനെ. ഇതിനൊന്നിനുമുള്ള ഉപാധി സെൻസസ് അല്ല. സെൻസസ് സാമൂഹ്യനീതിവാദത്തിന്റെ ഉപകരണമാണ്; അതിനാൽ അത് നിലനിൽക്കുകയോ പരാജയപ്പെടുകയോ ചെയ്യേണ്ടത് ആ വാദത്തിന്റെ സ്വന്തം ശക്തിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിലായിരിക്കണം അല്ലാതെ സ്വന്തം തർക്കശാസ്ത്രപ്രകാരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ഒരു ജാതിനിർമാർജന ദർശനത്തിൽ നിന്ന് കടംകൊണ്ട വിശ്വാസ്യതയുടെ അടിസ്ഥാനത്തിലല്ല.
പ്രായോഗികതലത്തിൽ ജാതി തിരിച്ചുള്ള എണ്ണലിനുള്ള പിന്തുണ അംഗീകരിക്കാവുന്നതാണ്. എന്നാൽ, അത് ജാതിക്ഷയം സൃഷ്ടിക്കുകയും ഒടുവിൽ ജാതിയുടെ ഉന്മൂലനത്തിലേക്ക് നയിക്കുകയും ചെയ്യും എന്ന നിലനിൽക്കാനാവാത്ത അവകാശവാദത്തിന്റെ ഭാരം അതിന്മേൽ ചുമത്തരുത്. “സാമൂഹ്യനീതി” എന്ന ആശയത്തിന്റെ ഹ്രസ്വകാല ആകർഷണം, ജാതിനിർമാർജനമെന്ന ദീർഘകാല ലക്ഷ്യത്തെ മറച്ചുവെയ്ക്കാൻ പാടില്ല. മുൻപറഞ്ഞത് വ്യക്തമായും രാഷ്ട്രീയവർഗ്ഗത്തിന്റെ താൽപര്യങ്ങളെ സേവിക്കുന്നതാണ്. അത് ജനങ്ങളുടെ ദീർഘകാല താൽപര്യങ്ങളെ മറികടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ബാധ്യത പൊതുബുദ്ധിജീവികൾക്കാണ്.
പിൻകുറിപ്പ്
എന്റെ പുസ്തകത്തെക്കുറിച്ചുള്ള ദേശ്പാണ്ഡെയുടെ അവലോകനത്തിലേക്ക് മടങ്ങാം. അതിന്റെ ആരംഭം കേന്ദ്രീകരിച്ചിരിക്കുന്നത് പുസ്തകത്തിലല്ല, എന്നിലാണെന്നത് എനിക്ക് സന്തോഷകരമായ അത്ഭുതമായി. അവിടെ അദ്ദേഹം ഞാൻ “വ്യത്യസ്തതയുള്ള എന്നാൽ എതിർഭാവത്തിലേക്കു ഒരു പ്രവണതയുള്ള” ആളാണെന്നും, വിഷയങ്ങളെ ഞാൻ ഒരു വശംചായ്ച്ച സമീപനത്തിലൂടെ കാണുന്നുവെന്നും സൂചിപ്പിക്കുന്നു.
1990 കൾ മുതൽ എന്റെ പ്രവർത്തനങ്ങളെ പിന്തുടർന്നുവരുന്ന ദേശ്പാണ്ഡെയ്ക്ക് എന്റെ എഴുത്തിന്റെ പ്രേരകശക്തിയെ ഞാൻ എപ്പോഴും വിശദീകരിക്കാറുണ്ടെന്ന് ഓർമ്മയുണ്ടാകാം. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിയന്തര പ്രശ്നങ്ങളോടുള്ള മതിയായ ബൗധിക ഇടപെടലിന്റെ ഗുരുതരമായ അഭാവമാണത് എന്ന് പറഞ്ഞിട്ടുള്ളതും ഓർമ്മയുണ്ടാകാം. സാമൂഹ്യശാസ്ത്രത്തിന്റെ സവിശേഷ പദസമ്പത്തു നിറഞ്ഞ ഭാഷയിൽ നടക്കുന്ന വെറും വ്യാഖ്യാനപ്രവർത്തനം യഥാർത്ഥ ബൗധിക ഇടപെടലായി കണക്കാക്കാനാവില്ല. അത് സൈദ്ധാന്തികവും പ്രയോഗവും തമ്മിലുള്ള ഒരു ഭാഷാഭേദം അല്ലെങ്കിൽ ഉപഭാഷ പ്രതിഫലിപ്പിക്കണം, മറഞ്ഞിരിക്കുന്ന അർത്ഥതലങ്ങൾ പുറത്തുകൊണ്ടുവരണം, കുറഞ്ഞപക്ഷം വിശകലനാത്മകമായ കർശനത കാണിക്കണം.
ഈ തിരിച്ചറിവ് ക്രമേണയാണെന്നിൽ വളർന്നത്. അതാദ്യം ഈ സംവിധാനത്തിന്റെ തെറ്റായ വശത്ത് നിന്ന് അതിനെ അനുഭവിച്ച ഒരാളായും, പിന്നീട് അതിനെ ചോദ്യം ചെയ്യാൻ പ്രതിജ്ഞാബദ്ധനായ ഒരു പൗരാവകാശ പ്രവർത്തകനായും വളർന്നു. അതിനാൽ, എന്റെ നിലപാടുകൾ പരമ്പരാഗത ബുദ്ധിജീവിതത്തിന്റെ സ്വാധീനത്തിൽ രൂപപ്പെട്ടവർക്കു വിരുദ്ധമായി തോന്നുന്നത് സ്വാഭാവികമാണ്. വാസ്തവത്തിൽ, അതാണ് എന്റെ ഇടപെടലുകളുടെ യഥാർത്ഥ സ്വത്വ കാരണം.
മറ്റുള്ളവർ ഈ പ്രശ്നങ്ങളെ ആവശ്യമായ ഗൗരവത്തോടെ നേരിട്ടിരുന്നുവെങ്കിൽ, ഞാൻ എന്റെ സ്വന്തം ഔദ്യോഗിക പ്രവർത്തനങ്ങളിലൊതുങ്ങി നിൽക്കുമായിരുന്നു എന്ന് പല പ്രഭാഷണങ്ങളിലും എഴുത്തുകളിലും ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. അതായത് അടിസ്ഥാനപരമായി ശ്രാസ്ത്ര വ്യവസ്ഥകളിലും സാങ്കേതിക വിദ്യകളിലും. കുറച്ചുകാലം ഞാൻ ജീവിതമാർഗ്ഗാമെന്ന നിലയിൽ അക്കാദമി സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ടുമുണ്ട്. ഇതുവരേക്കും ഉത്തരം ലഭിക്കാത്ത അല്ലെങ്കിൽ ഇപ്പോഴും മൂടുപടം മാറ്റപ്പെടാത്ത ചോദ്യങ്ങളെ മുന്നോട്ടു കൊണ്ടുവരാനാണു ഞാൻ എഴുതുന്നതും സംസാരിക്കുന്നതും.
അതുകൊണ്ടു തന്നെ എന്നിൽ വൈരുദ്ധ്യത്തിന്റെ ലാഞ്ചനയുണ്ടെന്ന ദേശ്പാണ്ഡെയുടെ നിരീക്ഷണം കൃത്യതയില്ലാത്തതല്ല. എന്നാൽ അതിനൊപ്പം വരുന്ന സൂചന ശരിയല്ല. ഞാൻ വ്യത്യസ്തതയ്ക്കായി മാത്രം എഴുതുന്നില്ല. വിഷയങ്ങൾ തന്നെ അതിനെ നിർബന്ധിതമാക്കുന്നതിനാലാണ് എഴുതുന്നത്. മറ്റുള്ളവർ ഇതിനകം പറഞ്ഞ കാര്യങ്ങൾ ഞാൻ ആവർത്തിക്കുകയില്ല. പ്രത്യേകിച്ചും ഞാനെഴുതുന്നതും സംസാരിക്കുന്നതും ഭരണകൂടത്തിന്റെ നിലപാട് സാധൂകരിക്കാൻ വേണ്ടിയല്ല. അത്, എന്റെ അഭിപ്രായത്തിൽ, ഒരു പൊതുബുദ്ധിജീവിയുടെ ദൗത്യമല്ല. തീർച്ചയായും എന്റേതല്ല.
(എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനുമാണ് ആനന്ദ് ടെൽതുംബ്ദെ)

No Comments yet!