ഉമ്മ പറയും,
മലക്കുകൾ വീട്ടിൽ വരാൻ
അടുക്കള വൃത്തിയായിരിക്കണമെന്ന്.
അതുകൊണ്ട്
രാത്രി ഉറങ്ങുന്നതിന് മുമ്പ്
ഉമ്മ പാത്രങ്ങളിൽ
വെള്ളം നിറച്ചുവെക്കും.
ദാഹിച്ചൊരാൾ
സ്വപ്നത്തിൽ വന്നാലും
കുടിക്കാനായി.
വാപ്പ മരിച്ച രാത്രിക്ക് ശേഷം
ആ ശീലം മാത്രം
വീട്ടിൽ തുടർന്നു.
ഒരിക്കൽ
വൈകിയെത്തി
വാതിൽ തുറന്നപ്പോൾ
അടുക്കളയിൽ നിന്ന് ആരോ
ഇപ്പോളങ്ങോട്ടിറങ്ങിപ്പോയതുപോലെ
സ്റ്റൗ ഓഫ്.
ലൈറ്റ് ഓഫ്.
പക്ഷേ,
തുറന്നു വെച്ച സ്റ്റീൽ ഗ്ലാസ്സിൽ
ഇത്തിരിച്ചൂടുവെള്ളം ബാക്കി.
ഞാൻ ഉമ്മാനോട് ചോദിച്ചു:
“ആരാ വന്നത്?”
ഉമ്മാ വളരെ സാധാരണമായി പറഞ്ഞു:
“മലക്കുകൾക്ക്
രാത്രിയിലാണ് സമയം കിട്ടാറ്.”
അന്ന് മുതൽ
വീട്ടിലെ ചില നിശബ്ദതകളെ
ഞാൻ മനുഷ്യരായി കാണുന്നില്ല.
***
മലക്ക് – മാലാഖ







No Comments yet!