Skip to main content

മരണം നാടകം കളിക്കുന്നു

*”ചിലന്തിനൂല്‍ നെയ്ത
ഭ്രമവല പൊട്ടിനുറുങ്ങുകയായി
സ്ഫടികജാലകമുടയുകയായി
ചുവന്നൊരുത്തരക്കിളിയുമാകാശം
തുളച്ചു രാത്രിയില്‍ പൊലിയുകയായി.”

എന്നിങ്ങനെ ആസന്ന മരണചിന്തകള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ”മരണമുണ്ടെന്നറിയുമായിട്ടും ഇത്ര സ്വാസ്ഥ്യത്തോടെ ഇരിക്കുന്നതെങ്ങനെ”യെന്ന പഴയ ചോദ്യം ഗൗരവത്തോടെ അധികമാരും കേട്ടിട്ടില്ലെന്നല്ലേ നമ്മുടെ അനുഭവം? ഓരോ സാധാരണ നിമിഷത്തിലും മരണം ഒളിഞ്ഞിരിപ്പുണ്ടാകാം. എങ്കിലും അതിനെ കുറിച്ചുള്ള ആകുലതയില്‍ മുഴുകിക്കൊണ്ട് മനുഷ്യന് ജീവിക്കാനാവില്ല! ജീവിതത്തിന്റെ തുടര്‍ച്ചയില്‍ ഈ വിചാരരാഹിത്യമോ അജ്ഞതയോ കൂടി ഒരു പങ്കു വഹിക്കുന്നുണ്ട്. മരണം മിക്കവാറും അപ്രതീക്ഷിതം കടന്നുവരുന്നു! ജീവിതത്തിന്റെ ഓരോ കോണിലും നിഴലായി നിലകൊള്ളുന്ന, എപ്പോള്‍ വേണമെങ്കിലും വാതില്‍ തട്ടിയെത്താവുന്ന ഒരു അതിഥിയാണത്. അറിഞ്ഞും അറിയാതെയുംമനുഷ്യര്‍ അതിനൊപ്പം ജീവിക്കുന്നു. അതേ സമയം മരണത്തെക്കുറിച്ചുള്ള അതിശയാകര്‍ഷണവും മനുഷ്യചേതനയില്‍ നിലനില്‍ക്കുന്നു. മരണത്തെക്കുറിച്ചുള്ള കഥകള്‍, മുന്‍സൂചനകള്‍, യാദൃച്ഛികതകള്‍, പ്രവചനങ്ങള്‍… എല്ലാം മനുഷ്യരെ ആകര്‍ഷിക്കുന്നു.യാദൃച്ഛികതയും ആവശ്യകതയും ജീവിതത്തിന്റെ ദൈനംദിനപ്രവാഹത്തില്‍ എങ്ങനെ പരസ്പരം ഇഴചേരുന്നുവെന്ന പ്രശ്‌നത്തെ അടുത്തറിയാനും നിര്‍ദ്ധരിക്കാനും മരണസന്ദര്‍ഭങ്ങളെ വിശകലനം ചെയ്യുന്നതാകും ഏറെ ഫലപ്രദം. എന്നാല്‍, അയ്മനം ജോണിന്റെ ഒരു കഥാഖ്യാനത്തില്‍ മൃത്യുവിന്റെ നാടകനടനം എഴുതപ്പെടുന്നു.മരണം ഭീതിജനകമായി ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്നില്ല; മരണഭയത്തെ ഒഴിവാക്കുന്നുമില്ല. അത് ആവശ്യകവും സ്വാഭാവികവും അപ്രതീക്ഷിതവുമായ സത്യമായി കഥയില്‍ പ്രത്യക്ഷപ്പെടുന്നു. യാദൃച്ഛികതകളുടെയും അവശ്യകതകളുടെയും സംഗമസ്ഥാനങ്ങളെ പ്രശ്‌നീകരണങ്ങളാല്‍ നിറയ്ക്കുന്നു.

അയ്മനം ജോൺ | മാതൃഭൂമി ഇംഗ്ലീഷ്
അയ്മനം ജോണ്‍

സേവ്യറച്ചന്‍ ഒരു സാധാരണഗ്രാമത്തില്‍ ജീവിക്കുന്ന വയോധികനായ പുരോഹിതനാണ്. അദ്ദേഹത്തിന്റെ മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ തെങ്ങുകയറ്റക്കാരന്‍ സോമന്‍, കറവക്കാരന്‍ കുഞ്ഞുമോന്‍, മീന്‍പിടിത്തക്കാരന്‍ കൊച്ചുകുട്ടന്‍, പത്രം ഏജന്റ് അവറാന്‍കുട്ടി, തടിക്കച്ചവടക്കാരന്‍ ഭാസ്‌കരന്‍, ലൈന്‍മാന്‍ സുരേഷ്, കടത്തുകാരന്‍ തോമാക്കുട്ടി എന്നിവര്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി അച്ചനെ സന്ദര്‍ശിക്കുന്നു. ഒറ്റനോട്ടത്തില്‍ ഇവരുടെ ഇടപെടലുകളെല്ലാം ജീവിതത്തില്‍ സ്വാഭാവികം സംഭവിക്കുന്നതായിരുന്നു. എന്നാല്‍, കഥാന്ത്യത്തില്‍ സേവ്യറച്ചന്റെ മരണത്തോടെ ഈ സന്ദര്‍ശനങ്ങള്‍ക്കെല്ലാം പുതിയൊരു അര്‍ത്ഥം കൈവരുന്നു. കഥാശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെഅയ്മനം ജോണിന്റെ കഥമരണത്തെ നാടകപ്രകടനമായി അവതരിപ്പിക്കുന്നു. മനുഷ്യര്‍ ജീവിതത്തില്‍ വഹിക്കുന്ന വേഷങ്ങള്‍ പോലെ മരണവും വിവിധ വേഷങ്ങളിലൂടെയാണ് മനുഷ്യന്റെ മുന്നിലെത്തുന്നത്. കഥയിലെസന്ദര്‍ശകര്‍ മരണത്തിന്റെ പ്രച്ഛന്നദൂതന്മാരായിരുന്നു എന്ന പ്രതീതി വായനക്കാര്‍ക്കുണ്ടാകുന്നു. മരണം അപ്രതീക്ഷിതമായി കടന്നുവന്നതല്ലെന്നും പല വേഷങ്ങള്‍ ധരിച്ച് സേവ്യറച്ചന്റെ ജീവിതനാടകവേദിയില്‍ പ്രവേശിച്ച് അത് മുന്നേ നടനം തുടങ്ങിയിരുന്നുവെന്നും നമുക്കു തോന്നുന്നു. ഈ ഏഴു ദൂതന്മാരും ജീവിതത്തിനു പുറത്തുനിന്നു വരുന്നവരല്ല. ജീവിതത്തിന്റെ ഉള്ളില്‍ നിന്നാണ് അവര്‍ വരുന്നത്. സേവ്യറച്ചനെ കാണാന്‍ വരുന്നവര്‍ എല്ലാവരും സ്വജീവിതത്തിന്റെ പ്രശ്‌നങ്ങളില്‍ മൂഴൂകിയവരാണ്. അവര്‍ വിവാഹത്തെ കുറിച്ചു പറയുന്നു, മീന്‍ വില്‍ക്കുന്നു, പത്രം കൊടുക്കുന്നു, തേങ്ങയിടുന്നു, വൈദ്യുതി ശരിയാക്കുന്നു. മരണദൂതന്മാര്‍ പോലും ജീവിതവേഷം ധരിച്ചാണ് എത്തുന്നത്.മരണാന്തരീക്ഷം പൂര്‍ണ്ണമായും ദൈനംദിനജീവിതത്തിന്റെ സ്വാഭാവികതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നുവെന്നത്കഥയ്ക്ക് വിചിത്രമായ സൗന്ദര്യമണയ്ക്കുന്നു. മരണത്തെ ജീവിതത്തിനു വിരുദ്ധമായി കാണുന്ന വീക്ഷണത്തിനെതിരായ സമീപനം ഇവിടെയുണ്ട്. കഥ ചെയ്യുന്നത്, ജീവിതവും മരണവും ഒരേ പ്രവാഹത്തിന്റെ രണ്ട് അവസ്ഥകളാണെന്നു പറയുകയായിരിക്കണം.

രൂപകാത്മകത കഥയുടെ സമഗ്രഘടനയില്‍ വ്യാപിച്ചുകിടക്കുന്നു. ഏഴു ദൂതന്മാര്‍ എന്ന കല്‍പ്പനയില്‍ തന്നെ ഇത് ആരോപിക്കാനാകും. ഏഴ് – ലോകസാഹിത്യത്തിലും മതചിന്തകളിലും പുരാണങ്ങളിലും സവിശേഷപ്രതീകാത്മകത കല്‍പ്പിക്കപ്പെട്ടിട്ടുള്ള സംഖ്യയാണത്. ഉല്‍പ്പത്തി പുസ്തകത്തിലെ ഏഴുദിനങ്ങള്‍, ഇന്ത്യന്‍ ചിന്തയിലെ സപ്തലോകങ്ങള്‍, സപ്തസ്വരങ്ങള്‍… എന്നിങ്ങനെ. ഇവിടെ, ഏഴു ദൂതന്മാര്‍ ഗ്രാമജീവിതത്തിന്റെ ഏഴു മുഖങ്ങളാണ്. മരണത്തിന്റെ ഏഴു പ്രത്യക്ഷങ്ങളായി ഇവര്‍ വള്ളത്തില്‍ ഒത്തുചേരുമ്പോള്‍, കഥ ഒരു പ്രതീകാത്മക പൂര്‍ണ്ണത കൈവരിക്കുന്നു. സേവ്യറച്ചനെ മരണത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന നാടകസംഘമായി അവര്‍ മാറുന്നു. സേവ്യറച്ചന്റെ മരണശേഷം ‘മരണവേഷങ്ങള്‍’ ധരിച്ചിരുന്ന ഏഴുപേരും നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്ന സന്ദര്‍ഭവും പ്രതീകാത്മകമാണ്. അവര്‍ പ്രച്ഛന്നവേഷങ്ങളില്‍ നിന്നും മോചിതരാകുന്നു. മഴ നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി പുതിയവ ധരിക്കുന്ന ആ ദൃശ്യവിവരണം നാടകാവസാനത്തിലെ മുഖംമൂടി അഴിച്ചുമാറ്റലിനെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യര്‍ സ്വയം അറിയാതെയാണ് കരുക്കളെ പോലെ പല ജീവിതസന്ദര്‍ഭങ്ങളിലും പ്രവര്‍ത്തിക്കുന്നത്.

കഥയില്‍ പുഴയ്ക്കുള്ള പ്രതീകാത്മകതയും ശ്രദ്ധേയമാണ്. പുഴ വെറും ജലപ്രവാഹമല്ല; അത് ജീവിതത്തിന്റെ അനിശ്ചിതത്വത്തെയും കാലപ്രവാഹത്തെയും കൂടി കുറിയ്ക്കുന്നു. മഴക്കാലത്ത് പുഴ കണ്ണില്ലാത്ത വന്യമൃഗത്തെപ്പോലെ കുതിച്ചുപായുന്നതായി കഥയില്‍ എഴുതിയിരിക്കുന്നു. പ്രകൃതി ഇവിടെ നിയന്ത്രിക്കാനാവാത്ത അനിവാര്യതയുടെ രൂപം കൈക്കൊള്ളുന്നു. ഈ പുഴയ്ക്കു നടുവിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതോമാക്കുട്ടിയുടെ വള്ളം ഒരുചെറിയ മനുഷ്യശ്രമമാണ്. പുഴയുടെ ശക്തിപ്രവാഹത്തില്‍ അതു പരാജയപ്പെടുന്നു.കാലവര്‍ഷത്തിന്റെ പശ്ചാത്തലം കഥയില്‍ ദൃശ്യവിസ്മയമല്ല. അത് മരണത്തിന്റെ മുന്‍സൂചനകളെ ശക്തമാക്കുന്ന അന്തരീക്ഷഘടകമായി മാറുന്നു. മൂടിക്കെട്ടിയ ആകാശം, കുത്തിയൊഴുകുന്ന പുഴ, കറുത്ത നാളുകള്‍, മഴക്കോള്‍, കാറ്റിന്റെ മൂളക്കം എന്നിവയെല്ലാം കഥയുടെ മാനസികഭാവത്തെ നിര്‍ണ്ണയിക്കുന്നു. പ്രകൃതി ഇവിടെ ഒരു സജീവ കഥാപാത്രം പോലെ നടിക്കുന്നു. അവസാന ദൃശ്യവിവരണത്തില്‍ തുരുത്തിനു മുകളിലൂടെ അലറിപ്പായുന്ന കാറ്റും പുഴയില്‍ കമിഴ്ന്നു മറിയുന്ന വള്ളവും മുഖത്തേക്കു തെറിക്കുന്ന വെള്ളവും ചേര്‍ന്ന് മരണത്തിന്റെ അദൃശ്യകരങ്ങള്‍ ഭൗതികരൂപം പ്രാപിക്കുന്നതായി തോന്നിക്കുന്നു.

മരണത്തിന്റെ അന്തരീക്ഷം ഏറ്റവും തീവ്രമാകുന്നത് കടത്തുവള്ളത്തിലെ രംഗവിവരണത്തിലാണ്. തോമാക്കുട്ടി സാധാരണ കടത്തുകാരനില്‍നിന്ന് മരണത്തിന്റെ നാവികനായി രൂപാന്തരപ്പെടുന്നു. വള്ളത്തിലേക്കു കയറുന്ന ഏഴുപേരും അച്ചനെ കാത്തുനില്‍ക്കുന്നത് ഒരു അനുഷ്ഠാനത്തിന്റെ ഭാവം സൃഷ്ടിക്കുന്നു. അച്ചനു വേണ്ടി നടുപ്പടി തുടച്ച് വൃത്തിയാക്കുന്നതും തടുക്കു വിരിക്കുന്നതും എല്ലാവരും ഭവ്യതയോടെ മാറിനില്‍ക്കുന്നതും മരണയാത്രയുടെ ആചാരപരമായ അന്തരീക്ഷവും നിര്‍മ്മിക്കുന്നു. തോമാക്കുട്ടിയുടെ കഥാപാത്രത്തിന് കൂടുതല്‍ ദാര്‍ശനികമായ മാനങ്ങളുണ്ട്. അയാള്‍ ജീവിതത്തില്‍ നിന്നും മരണത്തിലേക്കുള്ള യാത്രയുടെ പ്രതീകാത്മകനാവികനാണ്,ഗ്രീക്ക് പുരാണത്തിലെ ചരോണ്‍ (Charon) എന്ന നാവികനെപ്പോലെ. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ ഒരു പുഴയുണ്ട്, ഗ്രീക്കുപുരാണത്തിലെ ചരോണ്‍ കടത്തുന്ന നദിപോലെ. കഥയിലെ പുഴയും ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള അതിര്‍ത്തിയായി മാറുന്നു. തോമാക്കുട്ടി സേവ്യറച്ചന്റെ അവസാനത്തെ സഹയാത്രികനാണ്. സേവ്യറച്ചനെ അവസാനമായി ജീവനോടെ കൂട്ടിക്കൊണ്ടുപോകുന്നത് അയാളാണ്. വള്ളം മറിയുമ്പോള്‍ ആദ്യം അച്ചന്റെ ളോഹയില്‍ പിടിച്ചുവലിക്കുന്നതും തോമാക്കുട്ടിയാണ്. ഈ മരണദൂതന്‍ അവസാന നിമിഷം വരെ മനുഷ്യജീവനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അനുതാപത്തിന്റെ പ്രതീകവുമാണ്. പുരാണത്തിലെ ചരോണ്‍ നിര്‍വികാരനാണ്; തോമാക്കുട്ടി കരുതലുള്ള മനുഷ്യനാണ്. ജോണ്‍ എഴുതിയ കഥ അതിഭൗതികരൂപകത്തില്‍ കുടുങ്ങാതെ മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ നില്‍ക്കുന്നുവെന്നതിന്റെ തെളിവാണിത്.കടത്തുകാരന്‍ വെറും യാത്രക്കാരെ കടത്തുന്നവനല്ല, ചിലപ്പോള്‍ ജീവിതത്തിന്റെ അതിര്‍ത്തികളിലൂടെ മനുഷ്യരെ നയിക്കുന്നവനായി അയാള്‍ മാറുന്നു.

കഥയുടെ പരിണാമം ഒളിച്ചുവെയ്ക്കപ്പെട്ടതല്ല. മൃതിനാടകനടനമാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മരണരഹസ്യം കഥാകാരനും വായനക്കാര്‍ക്കും അറിയാവുന്നതിനാല്‍ സേവ്യറച്ചന്റെ മുന്നിലെത്തുന്ന ഓരോ സന്ദര്‍ശകനും മരണത്തിന്റെ ഓരോ മുഖമായി മാറുന്നു. കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ പതിവുകളില്‍ മുഴുകിക്കഴിയുമ്പോള്‍ വായനക്കാരന്‍ അവരുടെ പിന്നില്‍ മരണം നടന്നുപോകുന്നതു കാണുന്നു. കഥയിലെ സംഭാഷണങ്ങള്‍ക്കും മരണാന്തരീക്ഷം വിനിമയം ചെയ്യുന്നതില്‍ വലിയ പങ്കുണ്ട്. സംഭാഷണങ്ങള്‍ എല്ലാം വളരെ സാധാരണമാണ്. സൂക്ഷ്മമായി നോക്കുമ്പോള്‍ അവയ്ക്ക് മറ്റൊരു അര്‍ത്ഥതലം കൈവരുന്നു. ”അടുത്ത തവണ പറയാം”, ”ക്രിസ്മസിന് മക്കള്‍ വരും”, ”കല്യാണത്തിന് അച്ചന്‍ വരണം” തുടങ്ങിയ വാക്യങ്ങള്‍ വായനക്കാരന്റെ മുന്നേ കൂട്ടിയുള്ള അറിവുമായി ചേര്‍ന്ന് അവന്റെ മനസ്സിനെ വിറപ്പിക്കുന്നു.”ഒരു ഇരുണ്ട രാത്രിയുടെ ദുഃസൂചന ഉണ്ടായിരുന്നതായി അച്ചന് അനുഭവപ്പെട്ടു. അത് പക്ഷേ ഭൂമിയിലെ രാത്രിയായിരുന്നു.”, ”ആ മുറ്റത്തുനിന്ന് മായാന്‍ പോകുന്ന ഒരു നിഴലാണതെന്ന് അയാള്‍ എങ്ങനെ അനുമാനിക്കാന്‍”, ”അവറാന്‍കുട്ടിയും സ്വപ്‌നേപി വിചാരിച്ചിരുന്നില്ല, അടുത്തമാസം പണം പിരിക്കാനെത്തുന്നതിനു മുമ്പ് അച്ചനും കൂടി പത്രവായനയൊക്കെ അവസാനിപ്പിച്ച് ലോകം വിട്ടു പോകുമെന്ന്.” …എന്നിങ്ങനെയുള്ള വ്യാഖ്യാനപരാമര്‍ശങ്ങളിലൂടെ കഥാകാരനും വായനക്കാരുടെ ഉദ്വേഗത്തെ വര്‍ദ്ധിപ്പിക്കുന്നു.

മരിക്കുമെന്ന് അറിയാമെങ്കിലും തങ്ങളുടെ മരണത്തെക്കുറിച്ച് അറിവില്ലാതെയാണ് മനുഷ്യര്‍ ജീവിക്കുന്നത്. മരണം അവരുടെ ജീവിതത്തിന്റെ അരികില്‍ എല്ലായ്‌പ്പോഴും നിലകൊള്ളുന്നു.ജീവിതപ്രവാഹത്തില്‍ ഒളിഞ്ഞിരിക്കുന്ന ഈ യാദൃച്ഛികതയുടെ സൂക്ഷ്മഘടകങ്ങളെ അയ്മനം ജോണ്‍ വളരെ സവിശേഷമായ രീതിയില്‍ കാണിച്ചുതരുന്നു. അതോടൊപ്പം മനുഷ്യജീവിതം യാദൃച്ഛികതകള്‍ക്കു നല്‍കുന്ന പുതിയ അര്‍ത്ഥങ്ങളെ കുറിച്ചും കഥയില്‍ പറയുന്നു. കഥയിലെ ഏഴുപേരും ഒരേ വള്ളത്തില്‍ ഒത്തുചേരുന്നത് വായനക്കാരനില്‍ അത്ഭുതം സൃഷ്ടിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അത് യാദൃച്ഛികതയാണ്. മനുഷ്യബോധം ദുരന്തങ്ങള്‍ക്കു ശേഷം മുന്‍സംഭവങ്ങളില്‍ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. ‘മൃതിനാടകനടനം’ ഈ മാനസികാനുഭവത്തെ സാഹിത്യരൂപത്തില്‍ പകര്‍ത്തുകയാണ്.സാധാരണമായ സംഭവങ്ങള്‍ക്കു പോലുംനമ്മുടെ പുതിയ വായനകള്‍മുന്നേ കൂട്ടി നിശ്ചയിക്കപ്പെട്ടതിന്റെ നിറം നല്‍കുന്നു. എല്ലാം മുന്നേക്കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് വിചാരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. എല്ലാം മുന്നേക്കൂട്ടി നിശ്ചയിക്കുന്നവനുണ്ടെന്ന്, അവന്‍ നിശ്ചയിച്ചിരിക്കുന്നുവെന്ന്, ഉപബോധത്തിലെങ്കിലും നിലനില്‍ക്കുന്ന വിശ്വാസം ഇതിനു കാരണമാണ്. മറ്റു വാക്കുകളില്‍, കഥാകാരന്റെ ദൈവം കഥയിലെ സാന്നിദ്ധ്യമായിരിക്കുന്നു. അനിവാര്യത പ്രകൃതിനിയമത്തിന്റേതെന്ന പോലെ ദൈവത്തിന്റെയും പര്യായപദമാണ്. യാദൃച്ഛികതകളെ ആവശ്യകതകളെന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ ആകസ്മികതകളോട് നമുക്കുള്ള വിപ്രതിപത്തി പ്രകടിപ്പിക്കുന്നതുമാകാം. തത്ത്വചിന്തയുടെ കണ്ണില്‍ ഇത് നാം വരുത്തുന്ന പിശകായി വ്യാഖ്യാനിക്കപ്പെടാം. രണ്ടു ദാര്‍ശനികഗണങ്ങളെ – ആവശ്യകതയും യാദൃച്ഛികതയും – ഒരു ഗണത്തിലേക്കു മാത്രമായി ന്യുനീകരിക്കുന്ന പ്രവര്‍ത്തനമായി ഇതുമാറുന്നു.മരണത്തെ കുറിച്ച് എഴുതപ്പെട്ട കഥ മരണത്തെ കുറിക്കുന്നതു മാത്രമല്ലാതായി തീരുകയും ജീവിതത്തിന്റെ അനിശ്ചിതത്വത്തെയും മനുഷ്യവിചാരങ്ങളുടെ വിചിത്രവഴികളെയും കുറിച്ചുള്ള സാഹിത്യാനുഭവമാകുകയും ചെയ്യുന്നു.

**********
*സച്ചിദാനന്ദന്റെ ‘ആസന്നമരണചിന്തകളി’ല്‍ നിന്ന്.

No Comments yet!

Your Email address will not be published.