Skip to main content

‘റെഡ് പീറ്ററി’ന്റെ പ്രതിരോധം

​ഫ്രാൻസ് കാഫ്കയുടെ വിശ്വപ്രസിദ്ധമായ ‘എ റിപ്പോർട്ട് ടു ആൻ അക്കാദമി’യിലെ (A Report to an Academy) റെഡ് പീറ്റർ എന്ന കഥാപാത്രത്തെ “റെഡ് പീറ്റർ” എന്ന കഥയിലൂടെ കരുണാകാരൻ ആഴമേറിയ ഒരു രാഷ്ട്രീയ പുനർവായനയ്ക്ക് വിധേയമാക്കുന്നു. കേവലമൊരു കഥാപാത്രത്തിന്റെ പുനരാവിഷ്കാരമല്ല ഇത്; മറിച്ച്, അധികാരത്തിന്റെ ശ്രേണിഘടനയിൽ അസ്തിത്വത്തിനായി കെഞ്ചുന്ന ഒരു മനുഷ്യന്റെ നിശബ്ദവിലാപമാണ് . ഷീൽ ദെല്യൂസും ഫെലിക്സ് ഗ്വാത്താരിയും വിഭാവനം ചെയ്ത ഉൾപ്പിളർപ്പ് സാഹിത്യം (Minor Literature) എന്ന രാഷ്ട്രീയ ഭൂപടത്തിലൂടെ നോക്കുമ്പോൾ, കാഫ്കയുടെയും കരുണാകരന്റെയും റെഡ് പീറ്റർമാർ സ്ഥിരാന്തരപരിണാമ(Becoming) പ്രക്രിയയിലൂടെ വ്യവസ്ഥാപിത അതിരുകൾ ലംഘിക്കുന്നവരായി മാറുന്നു. അധികാരത്തിന്റെ കേന്ദ്രീകൃത ഭാഷയെയും നിയമങ്ങളെയും ഉൾത്വരയിൽ അട്ടിമറിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയ ഇവിടെ സംഭവിക്കുന്നു. കാഫ്കയുടെ കുരങ്ങൻ മനുഷ്യഭാഷ വശത്താക്കുന്നത് ‘സ്വാതന്ത്ര്യം’ എന്ന മിഥ്യയ്ക്ക് വേണ്ടിയല്ല, മറിച്ച് തന്റെ കൂട്ടിലെ തടവറയിൽ നിന്നുള്ള ‘പുറംകടക്കൽ’ (Way out) ആയിട്ടാണ്. ഈ അതിജീവനതന്ത്രം കരുണാകരന്റെ റെഡ് പീറ്ററിലും ആഴപ്പെട്ടു കിടക്കുന്നുണ്ട്.

A Report to an Academy by Mahi Grand | Goodreads

​ഒരു നാടക നടിയിൽ നിന്ന് അക്ഷരങ്ങൾ പഠിക്കുന്ന സാധാരണക്കാരനായ ഇലക്ട്രീഷ്യൻ, തന്റെ വർഗ്ഗപരമായ ഇടത്തിൽ നിന്ന് വേരറുക്കപ്പെടുകയും (Deterritorialization), ദെല്യൂസിയൻ അർത്ഥത്തിൽ ഒരു പരിവർത്തനത്തിന് വിധേയനാവുകയും ചെയ്യുന്നു. അക്ഷരങ്ങൾ അയാൾക്ക് മുന്നിൽ പുതിയൊരു ലോകം തുറക്കുന്നുണ്ടെങ്കിലും, അതേ അക്ഷരങ്ങൾ തന്നെ അയാളെ സംശയത്തിന്റെയും പീഡനത്തിന്റെയും നിഴലിലുള്ള ഒരു ‘അപരൻ’ (Other) ആക്കി മാറ്റുന്നു. ഇവിടെയാണ് അക്കീലെ മ്ബെമ്പെയുടെ ‘മൃതസിദ്ധരാഷ്ട്രീയം (Necropolitics) ഈ കൃതിയുമായി ചേർത്തുവായിക്കപ്പെടുന്നത്. ആര് ജീവിക്കണം, ആര് മരിക്കണം എന്ന് തീരുമാനിക്കാനുള്ള പരമാധികാരത്തെക്കുറിച്ചാണ് മ്ബെമ്പെ നിരീക്ഷിക്കുന്നത്. കരുണാകരന്റെ റെഡ് പീറ്റർ, ഭരണകൂടത്താൽ മരിക്കാൻ വിധിക്കപ്പെട്ടതോ ‘മരണത്തിന് വിട്ടുകൊടുക്കപ്പെട്ടതോ’ ആയ ഒരു ശരീരമായി മാറുന്നു. കാഫ്കയിൽ മൃഗത്തിൽ നിന്ന് മനുഷ്യനിലേക്കുള്ള മാറ്റമാണെങ്കിൽ, കരുണാകരന്റെ കൈകളിൽ അത് അജ്ഞതയിൽ നിന്ന് അറിവിലേക്കും, ഒടുവിൽ അധികാരത്തിന്റെ ഇരയാക്കപ്പെട്ട ശരീരത്തിലേക്കുമുള്ള ദുരന്തപൂർണ്ണമായ പരിണാമമാണ്.

​ഒരു കൊലപാതകക്കേസിന്റെ നിഴലിൽ പോലീസ് കസ്റ്റഡിയിലാകുന്ന റെഡ് പീറ്റർ, തന്റെ ആന്തരിക വേദനകൾ സ്വന്തം രക്തം കൊണ്ടുള്ള പേരെഴുത്തായാണ് വിടവാങ്ങുന്നത്. രക്തമൊഴുക്കിക്കൊണ്ടുള്ള അയാളുടെ ആത്മഹത്യ ഒരു പരാജയമല്ല; മറിച്ച്, ദെല്യൂസ് വിശേഷിപ്പിച്ച ‘ഭ്രംശരേഖ (Line of Flight) അഥവാ വിമോചനത്തിന്റെ വിപ്ലവാത്മകമായ ഒരു പാതയാണ്. സ്വന്തം ശരീരം ഇല്ലാതാക്കുന്നതിലൂടെ, തന്റെ ജീവന് മേലുള്ള ഭരണകൂടത്തിന്റെ അധികാരാവകാശത്തെ അയാൾ റദ്ദാക്കുന്നു. മ്ബെമ്പെ സൂചിപ്പിക്കുന്നതുപോലെ, മരണം സ്വന്തം നിബന്ധനകളിൽ സ്വീകരിക്കുന്നതിലൂടെ വ്യവസ്ഥിതിയുടെ ‘കൊല്ലാനുള്ള പരമാധികാരത്തെ’ അയാൾ വെല്ലുവിളിക്കുന്നു. ഷേക്സ്പിയറുടെ കാലിബൻ മുതൽ ആധുനിക രാഷ്ട്രീയ തടവുകാർ വരെ നീളുന്ന, അധികാരത്തിന്റെ പരീക്ഷണശാലകളിൽ അന്യവൽക്കരിക്കപ്പെട്ട എല്ലാ ശരീരങ്ങളുടെയും പ്രതിനിധിയായി റെഡ് പീറ്റർ മാറുന്നു. റെഡ് പീറ്റർ മരിച്ച ദിവസവും തന്റെ നാടക പരിശീലനം തുടരുന്ന നടി, ആ ദുരന്തത്തെ കലയുടെ സ്വാതന്ത്യ പ്രഖ്യാപനമായി ഉയർത്തുന്നു. “മറക്കാൻ വഴിയില്ല” എന്ന സംഭാഷണം അധികാരത്തിനു നേരെ ചൂണ്ടിയ വിരലാണ്. റെഡ് പീറ്റർ എന്ന ആഗോള പ്രമേയം ഒരു സാധാരണ മനുഷ്യന്റെ ചോരപുരണ്ട മുറിവുകളിലൂടെ വിവർത്തനം ചെയ്യപ്പെടുമ്പോൾ, അത് സമകാലിക മലയാള കഥാസാഹിത്യത്തിലെ ഉൾപ്പിളർപ്പായി മാറുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.