Skip to main content

അച്ഛനുറങ്ങിയ ലാഫിങ്‌വില്ല

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനും ലോക യാത്രികനുമായ അനിൽകുമാർ എ. വി. യുടെ ആഴ്‌ച പംക്തി തുടരുന്നു…

നുറുങ്ങുകൾ ‐ 23

 

Buy Books Written By ABDULLA PERAMBRA – Books Online in India – DC Books Store
അബ്ദുള്ള പേരാമ്പ്ര

‘‘എന്റെ ഉടൽ നിറയെ നിങ്ങൾ
മുറിവുകൾ വിതച്ചോളൂ
ഒടുക്കമെന്നെ നിങ്ങൾ
ഒരു പുല്ലാങ്കുഴലാക്കിയാൽ മതി’’

‐ അബ്ദുള്ള പേരാമ്പ്ര

From ignominy, Salim Kumar took firm strides to national acclaim - The Hindu
സലിം കുമാര്‍

മികച്ച നടനുള്ള ദേശീയ‐സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സലിംകുമാർ മുഖ്യധാരയോട് നടത്തിയ കലഹങ്ങൾ അർഹിക്കും മട്ടിൽ ഇതുവരെയാരും കണക്കുവെച്ചിട്ടില്ല. താരപരിവേഷങ്ങൾക്കു പിറകിൽ വിനയാന്വിതമാകുന്ന വിധേയത്വം ഉണ്ടാക്കുന്ന കെടുതി വിവരണാതീതമാണ്. പോസ്റ്ററുകൾ, നായക വസ്ത്രങ്ങളിലെ കടുംവർണം, ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ ഉള്ളടക്കം, സിനിമയിലെ നഗര‐ഗ്രാമ വൈരുധ്യം തുടങ്ങിയവ മുൻനിർത്തി വിമർശമുണ്ടായെങ്കിലും നായക പദവി കാര്യമായി പുനഃപരിശോധിക്കപ്പെട്ടില്ല. ശരീരം ഇവിടെയൊരു ഭ്രമകൽപ്പനയാണ്. ഉടൽകേന്ദ്രിതമായ സ്വീകാര്യതകളെ പോറലേൽപ്പിക്കുകയായിരുന്നു അദ്ദേഹത്തെപ്പോലുള്ള നടന്മാർ. ടെലിവിഷനും സിനിമയും സംഗീതനിശയും ശരീരപ്രദർശനവേദി തന്നെയായിട്ടുണ്ട്. സംഗീത റിയാലിറ്റി ഷോയിൽ പലരും പാടുന്നത് ശരീരം കൊണ്ട്. ശരീരത്തിന്റെ ഭാരം പേറുന്ന താരപദവിയെ കുടഞ്ഞെറിയുന്നതിലൂടെയാണ് സലിംകുമാറും മറ്റും തിരുത്തായത്. തന്റെ ആദ്യ സിനിമ ‘ഇഷ്ടമാണ് നൂറുവട്ടം’ കണ്ടപ്പോൾ ആളുകൾ ഉതിർത്ത ശരീരസന്ദേഹം അദ്ദേഹം മുഖവിലയ്ക്കെടുത്തതേയില്ല. കണ്ണീരിന്റെയും ദാരിദ്ര്യത്തിന്റെയും തിരസ്കാരങ്ങളുടെയും പഴയ വഴി മറന്നതുമില്ല ദേശീയ സിനിമയുടെ നെറുകയിലെത്തിയപ്പോഴും. പിരിക്കുന്ന കയറിനൊപ്പം ഇഴപിരിഞ്ഞ ജീവിതത്തിനുടമകളായ അച്ഛനമ്മമാർ. എട്ട് മക്കൾ. കയർ സംഘത്തിനൊപ്പം കുടുംബത്തിനും താഴുവീണു. എസ്എസ്എൽസിയുടെ കടമ്പ കടന്നപ്പോഴേക്കും പ്രീഡിഗ്രി ചോദ്യ ചിഹ്നം. സഹായമായവതരിച്ചത് മഹാരാജാസ് പ്രിൻസിപ്പൽ പ്രൊഫ. കെ. എൻ. ഭരതൻ. വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്ക് പിന്തുണ നൽകിയ അധ്യാപകനെന്ന നിലയിൽ അദ്ദേഹം സ്നേഹപൂർവം ഓർമിക്കപ്പെടുന്നു. സർവകലാശാലാ കലാമേളകളിൽ കോളേജിന്‌ സമ്മാനങ്ങൾ നേടിത്തരുമെന്ന്‌ മനസിലാക്കി സലിം കുമാറിന് അവിടെ പ്രവേശനം നൽകി. കലാതൽപരനായ ആ മനുഷ്യൻ ഒരു ശിഷ്യനെ നിർമിക്കുകയായിരുന്നു. ഹാസ്യനടൻ എന്ന തലക്കുറിയുമായെത്തിയ സലിംകുമാർ സാധാരണ സിനിമയുടെ സമ്മർദങ്ങൾക്കും ആവശ്യങ്ങൾക്കുമിടയിലും ചില വഴിമാറ്റം സാധ്യമാക്കി. ലാൽജോസ് സംവിധാനംചെയ്ത അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിനെ അയത്നലളിതമായി അനുഭവേദ്യമാക്കി. പ്രലോഭനങ്ങളുടെ വലക്കെണിയിൽ വീണുടയുന്ന കൗമാരക്കാരിയുടെ അച്ഛനായി മലയാളി മനസ്സിൽ സലിംകുമാർ പ്രതിഷ്ഠനേടി. ഉറങ്ങാത്ത ആ അച്ഛൻ പ്രേക്ഷകരുടെ രാത്രികളെയും നിദ്രാവിഹീനങ്ങളാക്കി. ‘കേരള കഫേ’യിലെ ബ്രിഡ്ജ് എന്ന ഉപസിനിമയിലും സലിംകുമാർ സാധ്യത കാട്ടി. വൃദ്ധമാതാവിനെ നഗരത്തിരക്കിലും കുരുക്കിലും ഉപേക്ഷിക്കുന്ന മകനെ സമ്പന്നമാക്കി അദ്ദേഹം.

Salim Ahmed - IMDb
സലിം അഹമ്മദ്‌

സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകൻ അബു’ ദേശീയ പുരസ്കാരത്തിന്റെ നെറുകയിലെത്തിച്ചു. ഹജ്ജിന് ചില്ലിക്കാശുകൾ സ്വരുക്കൂട്ടുന്ന അതിദരിദ്രനായ അബു ആ കൈകളിലല്ലാതെ എവിടെയാണ് ഇത്രയും ഭദ്രമാവുക. പൂർണ കച്ചവട‐ ജനപ്രിയ‐മധ്യമാർഗ‐ ലോല സിനിമകളിലും സാന്നിധ്യമാകുമ്പോഴും തന്റേതായ ഒരിടം സ്ഥാപിക്കാൻ കഴിഞ്ഞതാണ് സലിംകുമാറിന്റെ വ്യത്യസ്തത. തുച്ഛകഥാപാത്രങ്ങൾക്കും സ്വാഭാവികതയിലൂടെ കനം നൽകുന്ന രീതി. സൂത്രധാരൻ, ക്രേസി ഗോപാലൻ, അണ്ണൻതമ്പി, മുല്ല, കല്യാണരാമൻ, തെങ്കാശിപ്പട്ടണം തുടങ്ങിയവയിൽ പുറംപോക്കുകളിലെ ജീവിതാവിഷ്കാരമായിരുന്നിട്ടും ചില സാമൂഹ്യ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട് ആ കഥാപാത്രങ്ങൾ. സംസ്കൃത ജീവിതത്തിൽ ഇരിപ്പിടമില്ലാത്ത കൂട്ടികൊടുപ്പുകാരൻ, ഹിജഡ, വാറ്റുകാരൻ, പോക്കറ്റടിക്കാരൻ എന്നിങ്ങനെ പ്രത്യക്ഷപ്പെടുമ്പോഴും സിനിമയുടെ പൊതുഗാത്രത്തിൽ അവയും നിറഞ്ഞുനിന്നു.

‘ആദാമിന്റെ മകൻ അബു’വിൽ

നികൃഷ്ടരെന്ന്‌ ചാപ്പയടിക്കപ്പെട്ടവരുടേത്‌ കൂടിയാണ്‌ ധൂർത്തിൽ കുളിക്കുന്ന ലോകം

ഭൂമിയിലെ നികൃഷ്ടർ എന്നു വിളിക്കപ്പെടുന്നവരുടേതുകൂടിയാണ് ധൂർത്തിൽ കുളിക്കുന്ന ഈ ലോകമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സലിം കുമാർ കഥാപാത്രങ്ങൾ. രക്തബന്ധത്തെക്കാൾ നിർവ്യാജവും കട്ടിയുള്ളതുമാണ് തെരുവിലെ ജീവിതമെന്ന് ചില വേഷങ്ങൾ ഉറപ്പിച്ചു. തിരക്കഥയിലെ ഊന്നലുകൾക്കും ഉറപ്പുകൾക്കുമുപരി ചിത്രങ്ങൾ വളർച്ച സാധ്യമാക്കിയത് ആ നടന്റെ അഭിനയ മികവിൽ. മലയാള സിനിമ അകപ്പെട്ട വലിയ ധർമസങ്കടം താരാധനയുടെതാണ്. ലൈറ്റ്ബോയ്, ഡ്രൈവർമാർ, ടെക്നീഷ്യന്മാർ തൊട്ട് നായികമാരെ വരെ നിശ്ചയിക്കുന്നത് അമാനുഷ താരങ്ങൾ. മൂലധനവും നിരൂപണവും മാധ്യമങ്ങളും അവാർഡുകളും വിദേശമേളകളും അവർക്കുപിന്നിൽ ഭയവിഹ്വലരായി നിൽപ്പാണ്. ഇന്ത്യൻ കലാകാരന്മാരുടെ ആത്മകഥകൾ മുൻനിർത്തി സദാനന്ദ് മേനോൻ എഴുതിയത് താരമൂല്യത്തിന് മുന്നിൽ വിധേയത്വം പ്രകടിപ്പിക്കുന്ന രചനാരീതിയോടുള്ള വിയോജനംതന്നെ. കാലത്തിനുപുറത്തെ ഭ്രമണപഥത്തിലുള്ള താരനായകർക്ക് കലയെന്ന തരത്തിൽ സിനിമയുടെ പിൻമടക്കത്തെക്കുറിച്ച് വേലലാതിയൊന്നുമില്ല. അതുപോലെ താരപ്രഭുക്കളുടെ സ്വാഭാവിക ബലഹീനതയായ അറിവിലെ അജ്ഞത സലിംകുമാറിനെ തൊട്ടുതീണ്ടിയതേയില്ല.

ഇരട്ട പുരസ്കാര ലബ്ധിയുടെ നടുവിൽ മാധ്യമങ്ങൾ നടത്തിയ അഭിമുഖത്തിൽ പരിവേഷങ്ങളെയും നിഗൂഢതകളെയും സിംഹാഹനങ്ങളിൽനിന്ന് നിഷ്ക്കാസിതമാക്കി. വലിയവീട്, നിക്ഷേപം, അവാർഡ് ഏൽപ്പിക്കുന്ന ഉത്തരവാദിത്തം, പുതിയ സാഹചര്യത്തിലെ പ്രതിഫലം, സിനിമയിലെ ജാതിവ്യവസ്ഥയും വർഗീയതയും… എല്ലാം ചോദ്യങ്ങളായി. അറിവില്ലായ്മയിൽനിന്നാണ് വലിയ വീട് ഉണ്ടായതെന്ന ഉത്തരത്തിൽ കുറ്റസമ്മതം മാത്രമല്ല, നിഷ്ക്കളങ്കതയും. അഞ്ചുവർഷം മലയാളിയെ ചിരിപ്പിച്ചുകിട്ടിയ കാശുകൊണ്ടാണ് വീട് പൂർത്തിയാക്കിയതെന്നും അതിന് ലാഫിങ് വില്ല എന്നാണ് പേരിട്ടതെന്നും കൂട്ടിച്ചേർക്കുമ്പോൾ മനസ്സിലെ സാമൂഹ്യപരതയാണ് പുറത്തുവന്നത്‌.

ലാഫിങ്‌വില്ല

താരങ്ങളെപ്പോലെ റിയൽ എസ്റ്റേറ്റ്, ഓഹരി ബിസിനസ്സുകളിൽ നിക്ഷേപമുണ്ടോ എന്ന തിരക്കലിന് കൃഷിയിൽ മാത്രമാണ് ശ്രദ്ധ യെന്നായിരുന്നു പ്രതികരണം. അവാർഡ് അഭിനയത്തിന്റെ ഉത്തരവാദിത്തം കൂട്ടില്ലേയെന്ന ആരായലിന് സാധാരണ നടന്മാരുടെ നിസ്സഹായതയായിരുന്നു മറുപടി. ‘കഥാപാത്രങ്ങളെ തീരുമാനിക്കുന്നത് ഞാനല്ലല്ലോ. സംവിധായകരും തിരക്കഥാകൃത്തുക്കളും തരുന്ന വേഷം ചെയ്യാനല്ലേ പറ്റൂ. അതെന്തായാലും ചെറിയ നടന്മാർ മുന്നിലേക്ക് കുതിച്ചുവരാൻ അവാർഡ് പ്രചോദനമാകും. ഹീറോൾക്കുമാത്രം പുരസ്കാരങ്ങൾ എന്ന ധാരണയിൽ മാറ്റം വരുത്തുകയും ചെയ്യും. ഹാസ്യ നടന്മാർക്കും ഗൗരവമുള്ള വേഷങ്ങൾ നൽകാൻ സംവിധായകർക്കും തോന്നലുണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

അർഹിക്കാത്ത അവാർഡുകൾ പേരിനു മുന്നിലും പിന്നിലും തിരുകി നായകന്മാർ പുകഴ്ത്തപ്പെടുമ്പോൾ എന്തുകൊണ്ട് അർഹിച്ചത് കിട്ടിയ ഒരു നടൻ ദേശീയ പുരസ്കാരത്തിന്റെ പേരിൽ പിന്നീട് അറിയപ്പെട്ടില്ല. ആദ്യം നാല് കോളം വാർത്ത, ഒരാഴ്ചകൊണ്ട് കോളങ്ങളിൽ ഇല്ലാതെയും അവസരം കുറയുന്ന സ്ഥിതിയും. തൊലിവെളുപ്പാണ് അംഗീകാരത്തിന്റെ മാനദണ്ഡമെന്ന് കരുതുന്ന ഫാൻസുകളുടെ വിളനിലമായ മലയാള സിനിമയിൽ നായകന്റെ തൊഴിയേറ്റു വാങ്ങാനും ജൂനിയർ നടികളുമായി ഉൾക്കനമില്ലാത്ത തമാശകൾ വിളമ്പാനും വിധിക്കപ്പെട്ടവരാണ് ഹാസ്യ താരങ്ങൾ. വേഷങ്ങളിൽ ഹാസ്യമുണ്ടായാലും ഇല്ലെങ്കിലും നൂറു ശതമാനം ആത്മാർഥയോടെ അഭിനയിക്കുക മാത്രമാണ് കടമയെന്ന ബോധ്യത്തിൽ റോളുകൾ കൈകാര്യം ചെയ്താൽ ഹാസ്യനടനും അഭിനയത്തിന്റെ കൊടുമുടി കയറി ഭരത് അവാർഡ് ചൂടാൻ കഴിയുമെന്നാണ് സലിം കുമാർ തെളിയിച്ചത്. ആ അംഗീകാരം തനിക്കു എത്രഭാരമായിരുന്നുവെന്ന് അദേഹം സൂചിപ്പിച്ചത്‌ സുരാജ് വെഞ്ഞാറമൂട് ആ ബഹുമതി കരസ്ഥമാക്കിയപ്പോഴായിരുന്നു. പ്രതികരണം ഇങ്ങിനെ: അവാർഡ് കിട്ടിയ നിലക്ക് ഇനി സുരാജ് സൂക്ഷിക്കണം അഭിനയിക്കാൻ വിളിക്കുന്നവർ മടിച്ചേക്കും.

കുടുംബ ചിത്രം

ജൈവകൃഷിയുടെ അംബാസിഡർ

വരുംവരായ്കകൾ നോക്കാതെ അഭിപ്രായം പറയുക നിർബന്ധമായിരുന്ന സലിംകുമാർ ഇമേജിന്റെ ഭാരമില്ലാതെ പ്രതികരിച്ചു. മുല്ലപ്പെരിയാർ വിഷയം, പെൺകുട്ടികൾ ജീൻസ് ധരിക്കരുതെന്ന യേശുദാസിന്റെ പരമാർശം, അവാർഡ് ജൂറിക്ക്എതിരായ പ്രതികരണം തുടങ്ങി സമകാലീന വിഷയങ്ങളോടും സിനിമയിലെ വിലക്ക്പോലുള്ള പ്രാകൃത നടപടികളോടുമുള്ള വിമർശനം തമാശക്കാരന്റേതായിരുന്നില്ല. അധ്വാനിച്ചുണ്ടാക്കിയ കാശിനാൽ വാങ്ങിയത് കുറച്ചു മണ്ണാണ്. അതും കൃഷി ചെയ്യാൻ. ആ കാശു കൊണ്ട് കൊച്ചിയിൽ ഫ്ളാറ്റോ സ്ഥലമോ വാങ്ങിയിരുന്നെങ്കിൽ കോടീശ്വരനായേനെ, പക്ഷേ ഞാനിപ്പോഴും കോടീശ്വരനാണ്, അത് പൈസ കൊണ്ടല്ല കൃഷിക്കാരനായതിനാലെന്ന്‌ പറഞ്ഞ സലിംകുമാർ എല്ലാ അർഥത്തിലും തനികർഷകനായിരുന്നു. അതുകൊണ്ടാണ് ജൈവകൃഷിയുടെ അംബാസിഡറായി മഞ്ജുവാര്യരെ തെരഞ്ഞെടുത്തപ്പോൾ ഇങ്ങനെ ചോദിച്ചത്: മാധ്യമ ശ്രദ്ധയ്ക്ക് കൃഷി ചെയ്യുന്നവരെയാണോ ഇത്തരം പദവികളിലേക്ക് കൊണ്ടുവരേണ്ടത്, ആത്മാർഥമായി കൃഷിയെ സ്നേഹിക്കുന്നവരെയല്ലേ? ഇത് വെട്ടിത്തുറന്നു പറയാൻ അദ്ദേഹം മാത്രമേ ഉണ്ടായുള്ളൂ. ഇത്തരം രൂക്ഷ വിമർശങ്ങൾ തന്നെയാവണം തിലകനെപ്പോലെ ഇഷ്ടക്കാരോടോപ്പം ഒരുപാടു അനിഷ്ടക്കാരെയും ഉണ്ടാക്കിക്കൊടുത്തത്. സിനിമാ ചരിത്രം എങ്ങനെ അടയാളപ്പെടുത്തിയാലും പ്രേക്ഷകർ സലിം കുമാറിനെ ഓർക്കുന്നത് തനതായ ചില വാക്കുകൾ സംഭാഷണങ്ങളിൽ ചേർത്ത് ചിരിപ്പിച്ച അനിതര സാധാരണ കഴിവ് കൊണ്ടാവും. വിധവയുടെ എതിർ പദമായി ‘വിധവൻ’ എന്ന് അവതരിപ്പിച്ച അദ്ദേഹം ദേശീയ അവാർഡ് കിട്ടിയശേഷം വരുന്ന റോളുകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ‘വരുന്നതൊക്കെ സീരിയസ് വേഷങ്ങൾ. നാലും അഞ്ചും മക്കളുള്ള അച്ഛൻ. ഒരു ഗതിയും കാണില്ല. പണ്ട് ശാരദ ചെയ്തതുപോലുള്ളവ. ഇവരെല്ലാംകൂടി എന്നെയൊരു ‘ശാരദൻ’ ആക്കുമോ എന്നായിരുന്നു. കീഴാള സൗന്ദര്യത്തിന്റെ പത്തരമാറ്റിൽ സലിം പറഞ്ഞതുകൊണ്ട് മാത്രം തമാശയായ ഒട്ടേറെ ഡയലോഗുകളുണ്ട്. ‘അച്ഛനെ കാണണം…അച്ഛനെ കാണണം…എന്ന് പറഞ്ഞ് ഞാൻ കരയുമ്പോ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു പൊന്നമ്മച്ചി…’ ‘ഇതാ ലഡ്ഡു ലിലേഫി’ ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കിൽ ഞാൻ തകർത്തേനെ…’,‘ഇനിയെങ്ങാനും ശരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ…’,‘അയാം ദി സോറി അളിയാ അയാം ദി സോറി…’ ഇങ്ങനെ എത്രയോ സംഭാഷണ ശലകങ്ങൾ. അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടംകൈ ആയിരുന്നു ഞാൻ. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ. അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങൾക്കാണ് ഹുഹുഹു. നാട്ടിൽ ഒരു ഇമേജുണ്ടാകിയെടുക്കാനാണ് മണവാളൻ ആൻഡ് സൺസ് എന്ന ബോർഡും ഞാനും പിന്നെ ഈ പൈപ്പും. നിങ്ങൾക്ക്‌ ആവശ്യമുള്ളത് പണമാണ് എന്റെ കൈയിൽ ആവശ്യത്തിൽ കൂടുതലുള്ളതും അതാണ്. ധാരാളം മുദ്ര പത്രങ്ങൾ വേണ്ടിവരും.നമക്ക് ഡ്യേുമെന്റ്‌ തയ്യാറാക്കണ്ടേ. നിങ്ങൾക്ക്‌ ഞാൻ കാശ് തന്നിട്ടുള്ളതിന്‌ എനിക്കൊരു ഉറപ്പ് വേണ്ടേ. ഞാനാരാ മോൻ. എല്ലാ വിരലുംവച്ച് മുദ്രയിട്ടോ പടക്കത്തിന്റെ പണിയല്ലേ ഏതു വിരലാ ബാക്കിയുണ്ടാവുകയെന്ന് ആർക്കറിയാം. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ. പടക്കങ്ങൾ എന്റെ വീക്‌നെസ്സാണ്‌. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവർക്ക്‌ നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം. അച്ഛനാണത്രേ അച്ഛൻ. എനിക്കെല്ലാമായി തിരുപ്പതിയായി. ഈ ധർമേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാൽ ചിരിച്ചു ചിരിച്ച്‌ കക്ഷത്ത്‌ നീര് വരും ഹു ഹു ഹു. ഹു. ഈ ബ്ലഡി ഇന്ത്യൻസ്‌ ആൻഡ്‌ മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയിൽ കൂലിപ്പണിയാണെന്ന്. ഒട്ടകത്തെ തൊട്ടുകളിക്കരുത് അത്‌ ഞങ്ങടെ ദേശീയ പക്ഷിയാണ്‌. കേട്ടിട്ടില്ലേ ഒട്ടകപക്ഷി. കള്ളവണ്ടി കേറാൻപോലും കൈയില്‌ കാശില്ലാത്തതിനാൽ ഞാനൊരു ടാക്സി വിളിച്ച്‌ അങ്ങോട്ട് വരം. മോട്ടോർ വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ. ആസ് ലോങ്ങ് ആസ് ദി റീസൺ ഈസ് പോസിബിൾ. നമ്മൾ നാലു പേരല്ലാതെ മൂന്നാമതൊരാള് ഇതറിയരുത് തുടങ്ങിയ നിലയിൽ പുലിവാൽകല്യാണത്തിലെ മണവാളന്റെ നിറഞ്ഞാട്ടത്തിന്‌ മറ്റൊരു പതിപ്പില്ല. നാലു വർഷത്തോളം കൊച്ചിൻ ആരതി തിയേറ്റഴ്‌സിന്റെ നാടകങ്ങളിൽ അഭിനയിച്ചിരുന്നത്‌ അനുഭവ പശ്‌ചാത്തലം ബലിഷ്ടമായി പരുവപ്പെടുത്തി.

Eeswara Vazhakkillallo

‘ഈശ്വരാ, വഴക്കില്ലല്ലോ’ (മനോരമ ബുക്സ് ‐2023) എന്ന ശീർഷകത്തിൽ ജീവചരിത്രവും രചിച്ചു. ദയാരഹിതങ്ങളായ അവഹേവും അപമാനവും പരിഹാസവും തിന്നേണ്ടിവന്ന എല്ലാ കലാകാരന്മാരും ആവർത്തിച്ച്‌ വായിക്കേണ്ടതാണത്‌. ചിരിക്കുപരിയായ ആലോചനകളിൽ കയ്‌പ്‌ തുളുമ്പിയ അനുഭവങ്ങളാണ്‌ ആ കൃതിയിലേറെയും. മരണത്തെ മുഖാമുഖം കണ്ടിട്ടും കുലുങ്ങിച്ചിരിക്കുകയായിരുന്നു.സ്വന്തം നിര്യാണവാർത്ത പലവട്ടം കേട്ട് കണ്ണിറുക്കിയിട്ടുമുണ്ട്‌.

വേരുകളുടെ ഇര്‍പ്പവും കാതലുമുള്ള വാക്കുകള്‍ നിറഞ്ഞ ആത്മകഥ

മലയാളികളുടെ ഹൃദയം സ്‌പർശിച്ച ആത്മകഥാക്കുറിപ്പുകൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്‌ ഈശ്വരാ, വഴക്കില്ലല്ലോ. അതിന്റെ അവതാരികയില്‍ മമ്മൂട്ടി രേഖപ്പെടുത്തിയതുപോലെ വേരുകളുടെ ഇര്‍പ്പവും കാതലുമുള്ള വാക്കുകള്‍ നിറഞ്ഞ രചന. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണുകളെ ഈറണനിയിക്കുകയും ചെയ്യുന്ന കൃതി. ആത്മപരിഹാസം ശ്രീനിവാസന് ശേഷം ഇത്രമേല്‍ പുലര്‍ത്തിയത് സലിം കുമാര്‍ മാത്രമാണ്. വലിയ പൊട്ടിച്ചിരിയോടെ മറ്റാര്‍ക്കോ പറ്റിയതുപോലെ സ്വന്തം അമളികൾ വിശദീകരിക്കാന്‍ ഈ ചിറ്റേറ്റുകരക്കാരന് കഴിയുന്നു. ജിവിതത്തിന്റെ പല വിതാനങ്ങളെ, ഹാസ്യാത്മകമായും ഒരു പരിധിവരെ തത്വചിന്താപരമായും അദ്ദേഹം നോക്കിക്കാണുന്നു. തീക്ഷണവും ലളിതവും ആര്‍ദ്രവുമാണത്. അനുഭവകഥകള്‍ വെള്ള കടലാസായി മാറാതിരിക്കാനാണ് കാലം ഓരോ വേദനാജനകമായ അനുഭവവും തന്നതെന്ന്‌ സമാധാനിക്കുന്നു. മനസ്സില്‍ തങ്ങിനില്‍ക്കുന്നു ഇതിലെ ഭാഗ വിഭജനങ്ങള്‍. ‘എന്‍ പറവൂര്‍ എന്‍ നാട്’ എന്ന ആദ്യ അധ്യായം മുതല്‍ ‘അടുത്ത ബെല്ലിന്‌ നാടകം അവസാനിക്കുന്നു’എന്ന അവസാന ഖണ്ഡം വരെയുള ജീവിത സിനിമയിലെ സീനുകള്‍. ഒരു പക്ഷേ ആരും തകര്‍ന്നു പോയക്കാവുന്ന ദുരനുഭവം അതിന്റെ 12‐ാം അധ്യായത്തിലുണ്ട്. നീ വരുവോളം എന്ന ആദ്യകാല ചിത്രത്തിന്റെ സൈറ്റില്‍ പ്രശസ്ത ഹാസ്യ നടന്‍ ടൈമിംഗ് ശരിയല്ല, അനിയാ അറിയുന്ന പണി ചെയ്താ പോരെ, അറിയാന്‍ പാടില്ലെങ്കില്‍ ഈ പണിക്ക് വരരുത്‌ എന്നെല്ലാം പറഞ്ഞപ്പോള്‍ ഉണ്ടായ ആത്മവ്യഥ. ട്രെയിന്‍ ടിക്കറ്റ് പോലും നല്‍കാതെ തിരിച്ചയച്ചത്. അവിടെ അവസാനിപ്പിക്കാമായിരുന്നു അഭിനയ ജീവിതം. പക്ഷേ അധിക്ഷേപത്തിൽ തകര്‍ന്നില്ല സലിം. ആ ദുരനുഭവം തുടക്കം മാത്രമായി. അത്‌ വലിയ ജീവിത പാഠമായി തോന്നുന്നു. എത്രയോ അവാര്‍ഡുകള്‍ തേടിവന്നുവെന്നും പൊടിപ്പും തൊങ്ങലുമില്ലാതെ വരച്ചുവെക്കുകയും ചെയ്‌തു മമ്മൂട്ടി.
ചിറ്റാട്ടുകരയിലെ മരണാനന്തര സഹായ സംഘത്തിലേക്ക്‌ വന്ന ഫോൺവിളി.

സിനിമയാണെന്റെ ചോറ് അത് ഉണ്ണാതെ പോകില്ല‐ കമൽ സംവിധാനം ചെയ്ത് 2006 ഏപ്രിൽ 14ന്‌ സിനിമാകോട്ടകളിൽ എത്തിയ പച്ചക്കുതിരയിൽ ഞാൻ ദിലീപിനോട് പറയുന്ന സംഭാഷണമാണിത്‌. അഭിനയിക്കാൻ അറിയില്ലെന്ന് വിധിച്ച്‌ ഒരിക്കൽ എന്നെ പുറന്തള്ളിയയപ്പോൾ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാൻ കഴിയില്ലെന്ന് കരുതി. എന്റെ കഥ കേൾക്കാൻ നിങ്ങളെയെല്ലാം കുറച്ച് പിന്നോട്ട് നടത്തുകയാണ്. സിനിമയിലെത്തി കുറച്ച് കാലം കഴിഞ്ഞിട്ടും അഭിനയം സ്ഥിരം തൊഴിലായിട്ടോ അതിൽനിന്നുള്ള പ്രതിഫലം സ്ഥിരവരുമാനമായോ കണ്ടിരുന്നില്ല. ഇഷ്ടമാണ് നൂറുവട്ടം,മേരാ നാം ജോക്കർ എന്നിവയ്‌ക്കുശേഷം നന്ദു പൊതുവാൾ,ജോർജ് ഏലൂർ,സന്തോഷ് കുറുമശ്ശേരി എന്നീ സുഹൃത്തുക്കൾക്കൊപ്പം കൊച്ചിൻ യൂണിവേഴ്സൽ എന്ന ട്രൂപ്പിൽ മിമിക്രി അവതരിപ്പിച്ചു വരികയാണ്. അന്ന് വീട്ടിൽ ഫോണില്ല. കോണ്ടാക്ട് നമ്പർ നാടായ ചിറ്റാട്ടുകരയിലെ മരണാനന്തര സഹായസംഘത്തിന്റേത്‌. ഒരു ദിവസം അവിടെ കോൾ വന്നു. കോട്ടയത്ത് സിബി മലയിലിന്റെ നീ വരുവോളം സിനിമയുടെ സെറ്റിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ സിത്തു പനക്കൽ മറുഭാഗത്ത്‌. അതിൽ വേഷമുണ്ടെന്നും കലാഭവൻ മണി ചെയ്യാനിരുന്നതാണെന്നും അയാൾക്ക്‌ ഡേറ്റില്ലാത്തതിനാലാണ് എന്നെ വിളിക്കുന്നതെന്നും ഉടൻ വണ്ടി കയറണമെന്നും അദ്ദേഹം പറഞ്ഞു. സിബിയെപോലൊരു വലിയ സംവിധായകന്റെ ചിത്രത്തിൽ എന്നെപ്പോലെ തുടക്കക്കാരന് നല്ല വേഷമെന്നത് ഭാഗ്യമായി ഞാൻ കരുതി. അടുത്ത ദിവസം കോട്ടയത്തേക്ക് തിരിച്ചു. ആരോടും ഒന്നും പറയാൻ പോലും സമയം കിട്ടിയില്ല. കൈയിൽ തടഞ്ഞ ഷർട്ടും പാന്റ്സും പൊതിഞ്ഞെടുത്ത് നേരെ സെറ്റിലെത്തി. പാരലൽ കോളേജിലെ പ്യൂണിന്റെ വേഷമാണ്. എന്റെ സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റിൽ അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല സിബി. ഏഷ്യാനെറ്റ്‌ പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ നടൻ പ്രേം പ്രകാശിന്റെ പ്രത്യേക താൽപര്യത്തിലാണ് മണിക്ക് പകരക്കാരനായി എന്നെ വിളിപ്പിച്ചത്. എനിക്ക് ഏതാണ്ട് പതിനൊന്നോളം സീനുകൾ ഉണ്ടായിരുന്നു. ഒന്പതെണ്ണം ചിത്രീകരിച്ചു. അടുത്തത് ജഗതി ശ്രീകുമാറും തിലകനും തമ്മിലുള്ളതായിരുന്നു. എനിക്കാ സീൻ പറഞ്ഞു തന്നു. ഡയലോഗ് കാണാതെ പഠിച്ചു.എന്നാൽ എത്ര കിണഞ്ഞുശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെയായില്ല. സംവിധായകൻ കട്ട് പറയുന്നു. ജഗതിയുടെയും തിലകന്റെയും ടൈമിങ്‌ എനിക്കില്ലെന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്. അന്ന് രാത്രി ഞാൻ ലോഡ്ജിൽ തങ്ങി. പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസിറ്റന്റ്‌ പ്രഭാകരൻ മുറിയിൽ വന്ന് എന്നോട് പറഞ്ഞു, തിലകൻ രാത്രി പോയി. വസ്‌ത്രങ്ങൾ എടുത്തോ. അദ്ദേഹം വരുമ്പോൾ അറിയിക്കാം അപ്പോൾ വന്നാൽ മതി. ഞാൻ അത് വിശ്വസിച്ചു.സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ! പ്രഭാകരൻ എന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ടിറക്കി. ടിക്കറ്റുമായി വരുന്നതും കാത്ത് ഞാൻ പ്ലാറ്റ്ഫോമിൽ നിന്നു. മണിക്കൂർ ഒന്ന് കഴിഞ്ഞു, രണ്ടായി. അയാളെ കാണുന്നില്ല. എന്റെ കൈയിലാണെങ്കിൽ പത്ത് പൈസപോലുമില്ല.ഷൂട്ടിങ്ങിന് വന്നത് കടം വാങ്ങിയ കാശുമായിട്ടാണ്. ടിക്കറ്റുമായി പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം സ്റ്റേഷനിൽ നിന്നു. ആരും വന്നില്ല. ഒടുവിൽ പ്ലാറ്റ്ഫോമിൽ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ കടം ചോദിച്ചു. നാട്ടിലെത്തിയാൽ അത്‌ അയച്ചുകൊടുക്കാമെന്ന് താഴ്മയായി ഞാൻ പറഞ്ഞു. അദ്ദേഹം എന്റെ തോളിൽ തട്ടി പ്രതികരിച്ചത്‌്‌, തന്നെ എനിക്കറിയാം. ടിവി പ്രോഗ്രാമുകളെല്ലാം കാണാറുണ്ട്. താൻ കാശൊന്നും അയച്ചുതരേണ്ട. സഹായിക്കാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ച്‌ അഭിമാനമാണെന്നാണ്‌. ഇത്രയും പറഞ്ഞ് അദ്ദേഹം 20 രൂപ തന്നു. അതുകൊണ്ട്‌ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി. സത്യത്തിൽ വണ്ടി മുന്നോട്ട് പോകുമ്പോൾ പൊട്ടിക്കരയുകയായിരുന്നു. വീട്ടിലെത്തിയിട്ടും ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്റെ തലവിധിയായിരിക്കുമെന്ന്‌ കരുതി സ്വയം സമാധാനിച്ചു.

പ്ലാറ്റ്ഫോമിൽ ഏഴ്‌ മണിക്കൂറുകളോളം ടിക്കറ്റിനായി കാത്തുനിന്ന സലിംകുമാർ സലിംകുമാറിനെ നോക്കി

ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അറിയുന്നത് ആ ചിത്രത്തിൽ നിന്ന് എന്നെ മാറ്റിയെന്ന്. പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ വാഴൂർ ജോസാണ്‌ അക്കാര്യം സൂചിപ്പിച്ചത്‌. ആ വേഷം പകരം ഇന്ദ്രൻസ് അവതരിപ്പിച്ചെന്നും. സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം മിണ്ടിയില്ല. സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി. കാലം കുറേ കഴിഞ്ഞു. ഞാൻ തിരക്കുള്ള നടനായി. ഒരു ദിവസം പ്രേം പ്രകാശിന്റെ ഫോൺ.രണ്ട് ദിവസത്തേക്ക് എന്റെ ഡേറ്റ് വേണം. സിബി മലയിലാണ്‌ സംവിധാനം. സിനിമയുടെ പേര് എന്റെ വീട് അപ്പൂന്റേം. ഒരു നിമിഷം ഞാൻ ദൈവത്തെ ഓർത്തു, ഒപ്പം കോട്ടയം റെയിൽവേ സ്റ്റേഷനെയും. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഇപ്പോൾ എന്തായാലും എനിക്ക് ഡേറ്റില്ല.ഞാൻ അഭിനയിക്കുന്ന കിളിച്ചുണ്ടൻ മാമ്പഴം, തിളക്കം എന്നിവയുടെ ചിത്രീകരണം ഒരേ സമയം നടക്കുകയാണ്. രണ്ട് ദിവസം കൂടി കാത്തിരുന്നാൽ ഡേറ്റ് തരാം. പ്രേം പ്രകാശ്‌ വീണ്ടും അഭ്യർഥിച്ചു. ഞാനപ്പോൾ അന്ന് വാങ്ങുന്നതിന്റെ ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ടു. അദ്ദേഹം അതും സമ്മതിച്ചു. ആലുവയായിരുന്നു ലൊക്കേഷൻ. ഞാൻ ചെന്നിറങ്ങുമ്പോൾ യൂണിറ്റിലെ ആളുകൾ ഓരോരുത്തരും വന്ന്‌ ഹസ്‌തദാനം നടത്തി. എനിക്ക് സത്യത്തിൽ കാര്യം മനസ്സിലായില്ല. അപ്പോൾ അവർ പറഞ്ഞു, താങ്കൾ ഓർക്കുന്നുണ്ടോ എന്നറിയില്ല, നീ വരുവോളം സെറ്റിൽ നിന്നും പറഞ്ഞുവിടുമ്പോൾ ഞങ്ങൾ തന്നെയായിരുന്നു യൂണിറ്റ്. രണ്ട് ദിവസമായി സെറ്റ് മുഴുവൻ കാത്തിരിക്കുകയാണ്. എന്റെ കണ്ണു നിറഞ്ഞു. ഞാൻ അവരോട് പറഞ്ഞു,

“അന്ന് എന്റെ മോശം സമയമായിരുന്നു, ഇന്ന് നല്ലതും. മോശം സമയത്ത് എന്തുചെയ്താലും മങ്ങിപ്പോകും, നന്നാകുമ്പോൾ അഭിനയം മെച്ചമാകും. എല്ലാം നന്നാകും.”

ആ സിനിമയിൽ അഭിനയിച്ച്‌ കുറച്ച് കാലം കഴിഞ്ഞാണ്‌ അച്ഛനുറങ്ങാത്ത വീടിലെ അഭിനയത്തിന് സിബി മലയിൽ അധ്യക്ഷനായ ജൂറി എന്നെ മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുത്തത്‌. അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന വിരുന്നിൽ ഞാനും അദ്ദേഹവും ഒരേ മേശയിലിരുന്ന്‌ ഭക്ഷണം കഴിക്കുമ്പോൾ അഭിനയിക്കാൻ അറിയാത്തതിനാൽ പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഏഴ്‌ മണിക്കൂറുകളോളം ടിക്കറ്റിനായി കാത്തുനിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നാണ്‌ അദ്ദേഹം എഴുതിയത്‌.

സഹോദരൻ അയ്യപ്പന്റെ ആശയങ്ങൾ മുറുകെപിടിച്ച അച്ഛൻ ഗംഗാധരൻ

കരൾ രോഗത്തെ തുടർന്നുണ്ടായ ന്യൂമോണിയ അവശനാക്കിയ മിമിക്രി കലാകാരനും നാടക‐ചലച്ചിത്രകാരനും സംവിധായകനും വേറിട്ട ശൈലിയിലൂടെ ചിരിയുടെ വസന്തം വിരിയിച്ച അതുല്യ അഭിനേതാവുമായ സലിം കുമാർ 2026 ജൂൺ ആറിന്‌ കൊച്ചി അമൃത മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വിടപറഞ്ഞത്‌ ഒട്ടേറെ ഓർമകൾ ബാക്കിവെച്ചാണ്‌. അത്യന്തം ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ അവസാനം ശ്രമിച്ചത്‌ വെന്റിലേറ്റർ സഹായത്തോടെ. ഡയാലിസിസിനിടയിലെ ഹൃദയാഘാതമാണ് ജീവിതത്തിന്‌ പെട്ടെന്ന്‌ തിരശീലയിട്ടത്. നേരത്തെ ലിവർ ട്രാൻസ്‌പ്ലാന്റ്‌ ചെയ്യുകയുണ്ടായി. ദ്വാരങ്ങൾ വീണുതുടങ്ങിയ വഞ്ചിയുമായുള്ള സലിം കുമാറിന്റെ യാത്ര അവസാനിച്ച നിമിഷത്തിൽ ആദ്യം നൊമ്പരപ്പെടുത്തിയത്‌ 55‐ാം ജന്മദിനത്തിലെ കുറിപ്പാണ്‌.

ആരോഗ്യം മോശമായ കാലം മുതൽ മരണത്തെ വരവേറ്റുതന്നെയായിരുന്നു ആ ജീവിതം. അസ്തമയം വളരെ അകലെയല്ലെന്ന് അദ്ദേഹം എഴുതി. 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് സഹയാത്രികർ നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം ഏറെ ദൂരെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതിൽ അകപ്പെടുംവരെ ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവം നിങ്ങളുടെ സലിംകുമാർ

എന്നായിരുന്നു കുറിപ്പ്‌.

1969 ഒക്ടോബർ 10 ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായി പിറന്ന സലിംകുമാറിന്‌ മതം തിരിച്ചറിയേണ്ടെന്ന ഉദ്ദേശ്യത്തിൽ സഹോദരൻ അയ്യപ്പന്റെ അനുയായിയായ അച്ഛനിട്ട പേരാണ്‌ സലിം. സ്കൂളിൽ ചേർത്തപ്പോൾ പ്രധാനധ്യാപിക കുമാർ എന്നു കൂടി ചേർത്തു. അങ്ങനെ സലിം സലിംകുമാറായി. അച്ഛനെപ്പോലെ ആ മകനും സഹോദരൻ അയ്യപ്പന്റെ ആശയങ്ങൾ മുറുകെപിടിച്ചു. ജാതിമതിലുകൾ തള്ളിയിട്ട്‌ പന്തിഭോജനം ഏറ്റെടുത്ത സഹോദരനെ ദൈവതുല്യം ആരാധിച്ച കുറച്ചുപേർ ബാക്കിയായിരുന്ന സന്ധിയിലാണ് സലിം കുമാറിന്റെ പിറവി. അതിന്‌ ഒരുവർഷം മുമ്പ്‌, കൃത്യമായി പറഞ്ഞാൽ 1968 മാർച്ച്‌ ആറിന്‌ 77‐ാം വയസിൽ അന്തരിച്ചെങ്കിലും സഹോദരൻ ഉയർത്തിയ സാമൂഹിക മാറ്റത്തിന്റെ പതാകയേന്താൻ ഒട്ടേറെ പോരാളികളുണ്ടായി. ജാതിയും മതവും വർണവും തിരിച്ചറിയാതിരിക്കാൻ മകൾക്ക് ഐഷ എന്നാണ്‌ അദ്ദേഹം പേരുനൽകിയത്‌. ആ പതിവ്‌ മറ്റു ചില ഹിന്ദുക്കളും അനുവർത്തിച്ചു; സലിം, ജലീൽ, ജമാൽ, നൗഷാദ് തുടങ്ങിയ നാമധേയങ്ങൾ.

ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് പകർന്നത്‌ അമ്മ കൗസല്യ

അപാര നർമബോധമുണ്ടായ അമ്മ കൗസല്യയാണ്‌ ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് സലിമിന്‌ പകർന്നതത്രെ. സ്കൂൾ വിദ്യാഭ്യാസം വടക്കൻ പറവൂർ ഗവൺമെന്റ്‌ എൽപിയിലും ഗവൺമെൻറ് ബോയ്സ് എച്ച്‌എസിലും. മാല്യേങ്കര എസ്എൻഎം കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. സിനിമാനടനാവണമെന്ന മോഹത്തിൽ ഡിഗ്രിക്ക്‌ എറണാകുളം മഹാരാജാസ് കോളജിൽ ചേർന്നു. അക്കാലത്ത്‌ ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തു. എം.ജി. യൂണിവേഴ്സിറ്റി കലോത്സവ മിമിക്രിയിൽ മൂന്നു പ്രാവശ്യം തുടർച്ചയായി ഒന്നാം സമ്മാനം നേടിയത്‌ ശ്രദ്ധേയനാക്കി. അതിന്റെ പ്രൊഫഷണൽ തുടർച്ചയുണ്ടായത്‌ കൊച്ചിൻ കലാഭവനിലൂടെ. പിന്നീട് കൊച്ചിൻ സാഗർ ട്രൂപ്പിൽ. ഏഷ്യാനെറ്റ്‌ പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോളയിൽ സജീവ സാന്നിധ്യമായിരുന്നു. സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കപ്പെട്ട കെ ആർ ഗ‍ൗരിയമ്മയുടെ ശബ്ദം അനുകരിക്കാൻ എറണാകുളം ജില്ലയിലെ പദയാത്രയ്‌ക്ക്‌ പോവുകപോലുമുണ്ടായി അദ്ദേഹം. മൂത്തകുന്നത്തുനിന്നായിരുന്നു യാത്രയുടെ ആരംഭം,സമാപനം കൂത്താട്ടുകുളത്ത്‌. അതിലാണ്‌ അവരുടെ ശബ്ദം ഒപ്പിയെടുക്കാൻ ഭാഗഭാക്കായത്‌. ഓരോ സ്ഥീകരണ കേന്ദ്രത്തിലും ഗ‍ൗരിയമ്മ പ്രസംഗിക്കവെ ശബ്ദവിന്യാസവും കയറ്റിറക്കങ്ങളും ശരീരചലനങ്ങളും സലിംകുമാർ പിടിച്ചെടുക്കുകയായിരുന്നു. ആ ഇനം സ്‌റ്റേജിൽ പരീക്ഷിച്ച്‌ കൈയടി നേടുകയും ചെയ്‌തു. സർവകലാശാലാ കലോത്സവങ്ങളിലെ മികച്ച പ്രകടനവും നഗരത്തിലെ ഉറ്റ ചങ്ങാതിമാരുമാണ്‌ സിനിമയിലേക്ക് കൈപിടിച്ചത്. അരങ്ങേറ്റം സിദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്‌ത്‌ 1996 നവംബർ 20ന്‌ ആദ്യ പ്രദർശനത്തിനെത്തിയ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെ.

Ishtamaannu Nooruvattam - JioSaavn - Listen to New & Old Indian & English Songs. Anywhere, Anytime.

ജഗതി ശ്രീകുമാര്‍,അശോകന്‍, രാജന്‍ പി ദേവ്, രശ്മി സോമൻ,റീന എം ജോൺ,സോണിയ കപൂർ, ബിന്ദുപണിക്കർ, ബാബുരാജ്, ജേക്കബ്, നന്ദു, കലാഭവൻ നവാസ്‌ തുടങ്ങിയവരായിരുന്നു നടീനടന്മാർ. തെങ്കാശിപ്പട്ടണം (സംവിധാനം റാഫി മെക്കാർട്ടിൻ) പുലിവാൽ കല്യാണം, മായാവി (രണ്ടും ഷാഫി)തുടങ്ങിയവും മറക്കാവുന്നതല്ല. ബെന്നി പി നായരമ്പലലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം നിർവഹിച്ച്‌ 2010 ഡിസംബർ ക്രിസ്തുമസ് ദിനത്തിൽ ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ ആദ്യം ചിരിപ്പിക്കുകയും പതുക്കെ കരയിക്കുകയുമുണ്ടായി. ഗാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമിച്ച് ദീപു കരുണാകരൻ സംവിധാനം ചെയ്ത് 2015 ഫെബ്രുവരി 19 ന്‌ റിലീസ്‌ചെയ്‌ത ഫയർമാനിലെ നരേന്ദ്രൻ ആചാരി സമാനതകളില്ലാത്ത പ്രകടനത്തിലൂടെയാണ്‌ തിളങ്ങിയത്‌. ഒറ്റ ദിവസത്തെ ഷെഡ്യൂളിൽ പൂർത്തിയായിയ അതിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, നൈല ഉഷ തുടങ്ങിയവർക്കൊപ്പമായിരുന്നു. ബ്രെയിൻ ട്യൂമറിന് ചികിത്സ തേടുന്ന മകളുമായി കടയിൽ നരേന്ദൻ ആചാരി എത്തുന്നതോടെയാണ് കഥാരംഭം. തെല്ലുനേരം ശ്രദ്ധമാറിയപ്പോൾ അവളെ കാണാതായി. അയാൾ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഓടി. എന്നാൽ മകളെ കണ്ടെത്താൻ കഴിയാത്ത ഉദ്യോഗസ്ഥരുടെ മെല്ലേപ്പോക്കിൽ നിരാശനാവുന്നു.

പ്രേക്ഷകരുടെയു ഉള്ളുപൊള്ളിച്ച സാമുവലിന്റെ ഹൃദയം നുറുങ്ങലുകളും ആഴസങ്കടങ്ങളും

2005-ൽ ബാബു ജനാർദനന്റെ തിരക്കഥയിൽ ലാൽ ജോസ് ഒരുക്കിയ അച്ഛനുറങ്ങാത്ത വീടിലെ സാമുവലിന്റെ ഹൃദയം നുറുങ്ങലുകളും ആഴസങ്കടങ്ങളും അതേ ആവൃത്തിയിൽ പ്രേക്ഷകരുടെയും ഉള്ളുപൊള്ളിച്ചു. അതിലെ നായക കഥാപാത്രമാണ്‌ സലിംകുമാറിന്റെ അഭിനയശേഷിയുടെ അപാര സാധ്യതകൾ വെളിപ്പെടുത്തിയത്‌. ആദാമിന്റെ മകൻ അബുവിലൂടെ അഭ്രപാളിയിൽ ആശ്‌ചര്യങ്ങൾ വിതയ്‌ക്കാക്കാനാവുമെന്ന് വീണ്ടും തെളിയിച്ചു. വയോധികനായ അത്തർ വിൽപ്പനക്കാരൻ അബു സാമ്പത്തിക ക്ലേശങ്ങൾക്കിടയിലും മെക്കയിൽ ഹജ്ജ്‌ ചെയ്യാനുള്ള മോഹം കൊണ്ടുനടക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ്‌ ഇതിവൃത്തം. സലിം കുമാറിനൊപ്പം സറീനാ വഹാബും പ്രധാന വേഷങ്ങളിലഭിനയിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവരുമുണ്ടായി. ഗ്രാമഫോൺ (കമൽ) അണ്ണൻ തമ്പി (അൻവർ റഷീദ്‌) സത്യമേവ ജയതേ ( വിജി തമ്പി) അച്ഛനുറങ്ങാത്ത വീട്‌, മീശമാധവൻ (ഇരുചിത്രങ്ങളും ലാൽ ജോസിന്റേത്‌) തുടങ്ങിയവയിലേത്‌ സലിം കുമാറിന്റെ ഉജ്വല കഥാപാത്രങ്ങളിൽ ചിലതാണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഒരേപോലെ മികവ് തെളിയിക്കാൻ ഹാസ്യ ഗന്ധർവന്‌ സാധിച്ചു. സൂപ്പർ കാരക്ടർ റോളുകളും നായക വേഷങ്ങളും നന്നായി വഴങ്ങുമെന്നതിന്‌ കറുത്ത ജൂതനും സാക്ഷി. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 2010-ൽ ആദാമിന്റെ മകൻ അബുവിലൂടെ ലഭിച്ചു. അതേ വർഷം സംസ്ഥാന അംഗീകാരവും നേടി. അഭിനയശേഷി വിളിച്ചോതിയ അച്ഛനുറങ്ങാത്ത വീടിലെ നായക കഥാപാത്രത്തിന്‌ രണ്ടാമത്തെ മികച്ചനടനുള്ള സംസ്ഥാന പുരസ്കാരം. അഭിനയിച്ച മൂന്നുറോളം സിനിമകളിൽ ഇതരഭാഷകളിലുള്ളവയും. തമിഴിൽ ധനുഷ്‌ നായകനായ ഭരത്‌ ബാല ചിത്രം ‘മരിയാൻ’ ആണ്‌ ആദ്യത്തേത്‌. അതിൽ പാർവതി തിരുവോത്ത്‌ അവതരിപ്പിച്ച പനിമലരിന്റെ അച്ഛൻ തൊമ്മയ്യയുടെ വേഷം. 2014ൽ നടി രോഹിണി സംവിധാനം ചെയ്‌ത “അപ്പാവിൻ മീസൈ’യിൽ കൊൽക്കത്ത ഹൗറ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിൽ ചുറ്റിത്തിരിയുന്ന പോക്കറ്റടിക്കാരൻ കോലപ്പൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേവർഷം ഇറങ്ങിയ കൃഷ്‌ണ സംവിധാനം ചെയ്‌ത “നെടുഞ്ചാലായി’ലും അഭിനയിച്ചു. ഒഡിയയിൽ ദേവാശിഷ്‌ മഖീജ സംവിധാനം ചെയ്‌ത “ഊങ്ക’ (2013)യിലും അവസരം ലഭിച്ചു. നടൻ എന്നതിനപ്പുറം സംവിധായകനായും പ്രതിഭ തെളിയിച്ചിട്ടുണ്ട്. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ കുമാറാകണം എന്നിവയിലൂടെ. വിജി തമ്പി സംവിധാനം ചെയ്ത്‌ 2000-ൽ പുറത്തിറങ്ങിയ സത്യമേവ ജയതേയിലെ അധോലോക നായകന്റെ ലാപ്‌ടോപ്‌ കവരുന്ന മോഷ്ടാവ്‌ മട്ടാഞ്ചേരി മമ്മദാണ്‌ തെങ്കാശി പട്ടണത്തിൽ അവസരം തുറന്നത്‌. അത്‌ ഹിറ്റായതോടെ തിരക്കേറി. പിന്നീട് ഒട്ടേറെ ഹാസ്യ റോളുകൾ തേടി വന്നു. പിന്നീടങ്ങോട്ട് ദിലീപ്-‐ഹരിശ്രീ അശോകൻ-‐സലിം ടീം തിയേറ്ററുകളിൽ പൊട്ടിച്ചിരികൾ ഉതിർത്തു. 2004-ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിന്റെ മറ്റൊരുമുഖം കണ്ടത്. അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു തമാശപോലും പറയാതെ തിളങ്ങി. സലിം കുമാറെന്ന നടനെ പല രീതിയില്‍ ഓര്‍ത്തുവെക്കാന്‍ പറ്റുമായിരിക്കും. പക്ഷേ അദ്ദേഹത്തിലെ കഥാകൃത്തിനേയും സംവിധായകനെയും അടയാളപ്പെടുത്താന്‍ ‘കറുത്ത ജൂതന്‍’ ധാരാളം. 2017 ആഗസ്‌ത്‌ 18ന് തിയറ്ററുകളിലെത്തിയ അത്‌ 20 നൂറ്റാണ്ടുമുമ്പ്‌ ഇസ്രയേലിൽനിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്തെത്തി ഇവിടെ കഴിച്ചുകൂട്ടി സ്വാതന്ത്രാനന്തര ഇസ്രയേൽ ഭരണകൂടത്തിന്റെ ക്ഷണമെത്തിയപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് തിരിച്ചുപോയ കറുത്ത ജൂതന്മാരിൽ ഒരാളുടെ കഥയാണ് ചിത്രത്തിന്റെ കേന്ദ്രം. ഇപ്പോഴത്തെ മാള(തൃശൂർ) പോസ്റ്റ് ഓഫീസ് ജൂതന്റെ വസതിയായിരുന്നെന്ന് മനസിലാക്കിയപ്പോൾ അത് ബോധ്യപ്പെടാനുള്ള അന്വേഷിച്ച്‌ കൗതുകമായാണ് ‘കറുത്ത ജൂതൻ’ പിറന്നത്‌. ആരോൺ ഇല്യാഹു എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി ആ ഗവേഷണം തുടർന്നു. രമേശ് പിഷാരടി, ഉഷ, സുധീഷ് സുധി, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 2016 ലെ 47‐ാമത് സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ചിത്രം നേടി. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ ഒരുക്കി.

രണ്ടരയിഞ്ച് ചുണ്ട് നാലര ഇഞ്ചാക്കി മാറ്റുന്ന വൻ വികസനപ്രവര്‍ത്തനം

പ്രണയിനിയായ സുനിതയെ 1996 സെപ്‌തംബർ 14ന് ജീവിതത്തിലേക്ക്‌ സ്വീകരിച്ച സലിംകുമാറിന് വിവാഹപ്പിറ്റേന്നാണ് ആദ്യ സിനിമയായ ഇഷ്ടമാണ് നൂറുവട്ടത്തിലേക്ക്‌ അവസരമെത്തിയത്. ആകപ്പാടെ നോക്കിയാല്‍ ചിരി ഒരു വികസനപ്രവര്‍ത്തനമാണ്‌, രണ്ടരയിഞ്ച് ചുണ്ട് നാലര ഇഞ്ചാക്കി മാറ്റുന്ന വൻ വികസനപ്രവര്‍ത്തനം എന്ന്‌ പ്രഖ്യാപിച്ച സലിം കുമാർ അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ നടുക്കവും മുഴക്കവുമായി മലയാള സിനിമയിൽ ഏറെക്കാലും നിലനിൽക്കും. അവയിലേറെയും തിരക്കഥകളിൽ ഇല്ലായിരുന്നുവെന്നും അവ സ്വയം കൂട്ടിച്ചേർത്തതാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഷാഫി സംവിധാനം ചെയ്ത് 2003 ഡിസംബർ 25 ന്‌ റിലീസായ പുലിവാൽ കല്യാണത്തിൽ സലീം ജീവൻനൽകിയ മണവാളൻ ഒരിക്കലും പ്രേക്ഷകരുടെ ചിരിയടക്കില്ല. ഹാസ്യതാരമെന്ന നിലയിൽ പരിമിതപ്പെട്ടുപോകുമായിരുന്ന അഭിനയ പ്രതിഭയെ ആദ്യം കണ്ടെത്തിയത് ലാൽ ജോസ്‌. ആദാമിന്റെ മകൻ അബുവിലൂടെ സംവിധായകൻ സലിം അഹമ്മദും പുതിയ വാഗ്ദാനമായി. മാണിക്യക്കല്ല്, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര,അയാളും ഞാനും തമ്മിൽ, അഭിയും ഞാനും, ലിസമ്മയുടെ വീട്, നാടോടി മന്നൻ, തോപ്പിൽ ജോപ്പൻ, മൂന്നാം നാൾ ഞായറാഴ്ച, കറുത്ത സൂര്യൻ, അരവിന്ദന്റെ അതിഥികൾ, ഒരു അഡാർ ലൗ, മധുരരാജ തുടങ്ങിയവ സലിം കുമാറിന്റെ ശേഷിയിൽ അഭൂതപൂർവമായ ഉള്ളടക്കം നിറച്ചവ.

Mohanlal | Lal Jose | Mohanlal Lal Jose Movie | Prithviraj | Cousins - Filmibeat
ലാൽ ജോസ്‌

കന്നിമാസം വന്നോ എന്നറിയാൻ പശുവിന്‌ കലണ്ടര് നോക്കേണ്ട ആവശ്യമില്ല. ഇത്‌ കണ്ണേട്ടൻ, ഇത്‌ ദാസേട്ടൻ അപ്പോൾ ഈ ജോസെഫേട്ടൻ ഏതാ. ഇന്നാ പിടിച്ചോ തന്റെയൊരു ധവള പത്രം. ഈ മനുഷ്യരൊക്കെ ജനിക്കും മുന്പ് ആടിനെ തീറ്റിച്ചതാരാ. എന്റെ ആറ്റുകാൽ ഭാസ്കരാ ഇത്തരം സന്ദർഭങ്ങളിൽ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില് ആന ചവിട്ടിയെന്ന് പറഞ്ഞ പോലെയായി. എനിക്ക്‌ വിശപ്പിന്റെ അസുഖം ഉണ്ടേ. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി. ഇത് ആരുടെ കൊട്ടാരമാണ് എന്നോ? ഇത് മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവിന്റെ കൊട്ടാരമാണ്. പോത്തിന്റെ കാതിൽ സ്റ്റേ ഓതിയിട്ട് എന്താ കാര്യം. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കി ചളപളാന്ന്‌ ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു. ദി ഹോം അപ്ലൈൻസസ്‌ ഓഫ് ദി ടു ഫാമിലീസ് യു ആർ ദി ലിങ്ക്..നോ….. നോ….. നോ…യു ആർ ദി ലിങ്ക്‌ ഓഫ് ദി ലിങ്ക്. ദി ടു ഫാമിലീസ് അറ്റാച്ച്‌ഡ്‌ ടു ദി ബാത്ത്‌റൂം യുവർ ഫാമിലീസ് ഫുഡ് ആൻഡ്‌ അക്കൊമോടെഷൻ. ഇയാൾ എന്തു പണി യാടോ ഈ കാണിക്കുന്നത്.തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ. ഐ ഓൾസോ ഫെയിൽഡ് ഓഫ് യൂ. പുവർ ബോയ് ഇംഗ്ലീഷ്‌പോലും അറിഞ്ഞൂടാ എന്നിട്ട് എന്നോട് സ്പീച്ചാൻ വന്നിരിക്കുന്നു. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താൻപറ്റൂല. കണ്ടാല് ഒരു ലൂക്കില്ലന്നെയുള്ളൂ ഒടുക്കത്തെ ബുദ്ധിയാ. കൊതുകിനുമില്ലേ കൃമികടി. ഞങ്ങള് പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛൻ ഗുണ്ട അമ്മാവൻ ഗുണ്ട അപ്പുപ്പൻ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപ്പെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി. ഈ കതിന പൊട്ടുന്നത് കാണുമ്പം എന്റെ അച്ഛനെയാണ് ഓർമവരുന്നത്. എന്റെ അച്ഛൻ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ. എന്താ ചെയ്യ അച്ഛന്റെ ഒരു കാര്യം. മാർക്കറ്റില് മീൻ വാങ്ങാൻ പോയ കാമുകി വണ്ടിയിടിച്ച്‌ മരിച്ചു. എന്നിട്ട് എന്ത് ചെയ്തു.അടുകളയിലിരുന്ന ഉണക്കമീൻ വെച്ച്‌ അഡ്ജസ്റ്റ് ചെയ്തു. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് ഈ മിണ്ടാതിരി ഏതാ ജാതി? ഓ ജാതി ചോതിക്കാൻ പാടില്ലല്ലേ. നമ്മള് കാണാൻ പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ. അത്യാഗ്രഹ വിഭാഗത്തിലാണ്‌. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്നാ ഫുള്ള്‌ കിട്ടുമോ.. പോട്ടെ ഒരു പയിന്റ് എങ്കിലും കിട്ടുമോ. വയറിന്റെ വലത് ഭാഗത്ത് കറുത്ത മറുകുള്ള സ്ത്രീയാണോ ഈ കുട്ടിയുടെ മമ്മി

തുടങ്ങി മലയാളിയുടെ സംസാര നിഘണ്ടുവിലേക്ക്‌ സലിം സംഭാവന നൽകിയ പ്രയോഗങ്ങളും രൂപകങ്ങളും ധാരാളം. നവ മാധ്യമങ്ങൾ സജീവമാകുംമുന്പ്‌ അവയിൽ പലതും ട്രോളുകളുടെ രൂപത്തിൽ മിന്നിമറഞ്ഞു. ഏത് ഫലിതവും പൂരിപ്പിക്കാനുള്ള കൃത്യമായ മുഖമായി മാറുകയും ചെയ്‌തു. മട്ടാഞ്ചേരി മാത്തനും (മൂന്നു കോടിയും മുന്നൂറ് പവനും) ലീലാ കൃഷ്ണനും (സൂത്രധാരൻ) അഡ്വക്കേറ്റ് മുകുന്ദനുണ്ണി (മീശ മാധവൻ ) കോമളനും (വസന്തമാളിക) പരദൂഷണം വറീതും (ചാന്തുപൊട്ട്) ഓമനക്കുട്ടനും (തിളക്കം ) കവി ദാസ് വടക്കേമുറിയും (കഥ പറയുമ്പോൾ) കണ്ണൻ സ്രാങ്കും (മായാവി) സക്കാത്ത് ബീരാനും (വൺ വേ ടിക്കറ്റ്) വടിവൽ പ്രാഞ്ചിയും(ബെസ്റ്റ് ആക്റ്റർ) മായാണ്ടിയും (മഴത്തുള്ളിക്കിലുക്കം) പ്യാരിയും (കല്യാണരാമൻ) ഡാൻസ് മാസ്റ്റർ വിക്രമും (ചതിക്കാത്ത ചന്തു) തൊട്ടി ശശിയും (മുല്ല) നക്സലേറ്റ് ചന്ദ്രനും (കട്ടപ്പനയിലെ ഹൃത്വിക് റോഷൻ) മനോഹരൻ മംഗളോദയവും (മധുര രാജ) പ്യാരിയും (കല്യാണരാമൻ) ഓമനക്കുട്ടനും (തിളക്കം ) കഥാപാത്രങ്ങൾക്കുപരി ക്യാരിക്കേച്ചറുകളായി. അങ്ങനെ ആ സംഭാഷണങ്ങൾ മലയാളികളുടെ നിത്യവ്യവഹാരങ്ങളുടെ അഭേദ്യഭാഗമായി. അവ അനൗദ്യോഗിക ഭാഷയിലും ഇടംനേടി.

ഞാനൊരു മതിൽ പൊളിച്ചു'; ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ സലിം പറഞ്ഞത്, അതിലൂടെ കയറി വന്നത് സുരാജും ഇന്ദ്രൻസും| Salim Kumar | Salim Kumar Death | Salim Kumar Films | Salim ...
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്നും സ്വീകരിക്കുന്നു

മനുഷ്യനാവണം മനുഷ്യനാവണം എന്ന കാസറ്റ്‌ കവിതയുടെ കൊലവിളി

ഒടുവിലിതാ ലാഫിങ്‌ വില്ലയിലെ അച്ഛൻ എന്നെന്നേക്കുമായി ഉറങ്ങിപ്പോയിരിക്കുന്നു; ഇറങ്ങിപ്പോക്കാണെന്നും പറയാം. കൊട്ടിഘോഷിക്കപ്പെടുന്ന ചായംപൂശിയ ജീവിതത്തിലെ നിരർഥകതകളെയും നിസാരതകളെയും പരിഹാസച്ചിരിയോടെ നോക്കിനിന്ന അസംഖ്യം കഥാപാത്രങ്ങൾ അവശേഷിപ്പിച്ചാണ്‌ ആ തിരിച്ചുനടത്തം. പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ ഏത്‌ തന്പുരാന്റെ മുഖത്ത്‌ നോക്കിയും എല്ലാം വെട്ടിത്തുറന്ന്‌ പറയാൻ മടിക്കാതിരുന്ന സലിംകുമാറിന്റെ നിലപാടുകളോടും രാഷ്ട്രീയ എതിരാളികളോടുള്ള വിമർശനങ്ങളോടും ചിലർ അഴിച്ചുവിട്ട അസഹിഷ്‌ണുതകൾ ആധുനിക നാഗരികതയ്‌ക്കുതന്നെ നാണക്കേടാണ്‌ വരുത്തിവെച്ചത്‌. വെന്റിലേറ്ററിൽ ബോധമറ്റ്‌ കിടക്കവെ ചുവപ്പ്‌ വിഷം ചുരത്തുന്ന സൈബർ വെട്ടുകിളികൾ ചോദിച്ചത്‌ ഇവൻ ഇതുവരെ മരിച്ചില്ലേയെന്നാണ്‌. ആ വേട്ടയാടൽ വിയോഗശേഷവും തുടരുന്നു. ആദ്യം മനുഷ്യരാവണം, മനുഷ്യത്വം മുറുകെപിടിക്കണം; എന്നിട്ടാവാം കാസറ്റ്‌ കവിതയുടെ മനുഷ്യനാവണം മനുഷ്യനാവണം എന്ന കൊലവിളി. തെരഞ്ഞെടുപ്പിൽ ഇടിഞ്ഞുപൊളിഞ്ഞ ഈ ഹീന പ്രവണതയെ സാംസ്കാരികമായും പരാജയപ്പെടുത്തേണ്ടതുണ്ട്. മനഃസാക്ഷിയുടെ ഒരിറ്റുപോലും ഇല്ലാത്തവരുടെ ഗതികേടിൽ ആശ്‌ചര്യവും സങ്കടവും നിരാശയുമല്ല തോന്നേണ്ടത്‌; മറിച്ച്‌ ശക്തമായ രോഷംതന്നെ പ്രകടിപ്പിക്കേണ്ടതുണ്ട്‌. തന്റെ ശവസംസ്കാരത്തിൽനിന്ന്‌ മതാചാരങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്ന് അന്ധവിശ്വാസങ്ങൾ കൈയൊഴിഞ്ഞ്‌ പാരന്പര്യപരമായി മതനിരപേക്ഷവാദിയായ സലിം കുമാർ നിർദേശിച്ചത്‌ ആദരവ്‌ ഇരട്ടിപ്പിക്കുന്നതാണ്‌.

മതങ്ങൾ കൂടുകെട്ടിയ ലോകത്ത്‌ മനുഷ്യനായുള്ള പടിയിറക്കം. ആദരാഞ്ജലി പോസ്‌റ്റുകളോടുള്ള പ്രതികരണങ്ങളിൽ ചിലതിലെ മതവിമർശകനും ദൈവനിഷേധിയുമായ ഒരാൾക്ക്‌ ആദരാഞ്ജലിയർപ്പിക്കാമോയെന്ന അബദ്ധജഡിലവും എന്നാൽ നിഷ്‌ക്കളങ്കമെന്ന്‌ തോന്നിപ്പിക്കുന്നതുമായ അഭിപ്രായം പൊറുപ്പിക്കാവുന്നതല്ല. ചിരി സാമ്രാജ്യത്തിലെ ചക്രവർത്തിമാരിലൊരാൾ എന്ന വിശേഷണത്തെക്കാൾ ഉപരിയാണ്‌ സലിം കുമാറിന്റെ ഇരിപ്പിടം. കറുത്ത ഫലിതത്തിലുപരി നിലപാടുകളിൽ സ്‌ഫടിക വ്യക്തതയും നിതാന്ത ജാഗ്രതയും പുലർത്തിയ ആ കലാകാരൻ സഹജീവികളെ ഉപാധികളില്ലാതെ സ്നേഹിച്ചും ബന്ധങ്ങളെ ഹൃദയത്തിൽ ലയിപ്പിച്ചും ജീവിതത്തെ മറ്റൊരു കണ്ണിലൂടെ കാണാനും മലയാളികളെ പഠിപ്പിച്ചു. അതിനാൽ പ്രക്ഷോഭകാരിയായ നാടകകാരൻ പി ടി മനോജ്‌ മുഖപുസ്‌തകത്തിൽ കുറിച്ചതുപോലെ, ചിരിക്കാത്ത സലിം കുമാറിനെയാണ് എനിക്കുമിഷ്ടം. അച്ഛനുറങ്ങാത്ത വീട്ടിലെ; ആദാമിന്റെ മകനെ പകർന്നാടിയവനെ. അച്ഛനുറങ്ങുന്ന വീട്…

PT Manoj - Movies, Biography, News, Age & Photos | BookMyShow
പി ടി മനോജ്‌

സലിം കുമാറിനായി – പതിറ്റാണ്ടുമുമ്പ് കെ എം ഷെറീഫ് എഴുതിയ വരികൾ

അച്ഛനുറങ്ങുന്ന വീട്‌ എന്ന സങ്കൽപ്പത്തിലൂന്നി സലിം കുമാറിനായി – ഒരു പതിറ്റാണ്ടു മുമ്പ് കെ എം ഷെറീഫ് എഴുതിയത് അടിവരയിട്ട്‌ ഉപസംഹാരിക്കട്ടേ:

കെ.എം. ഷെറീഫ്‌

ഭാര്യ‐ ബാംഗ്ലൂരുള്ള മോള്‍ടെ കാര്യത്തില്‍/ഒരു തീരുമാനമാകണം
ഇനി അവളങ്ങ്‌ തീരുമാനമാക്കിയോ എന്നാര്‍ക്കറിയാം
ബാംഗ്ലൂര്‍ ഡേയ്സ് എന്നൊക്കെ
പറയുംപോലെയാണ് അവളുടെ കളി
മോന്‍ ഒരുത്തനുള്ളത്
ആസ്‌ത്രേലിയയില്‍ എംബിഎ ചെയ്യണമെന്നും പറഞ്ഞു നടക്കുകയാണ്
ബാങ്ക്‌ ലോണ്‍ കിട്ടുന്ന ലക്ഷണമൊന്നുമില്ല
വീട്ടിന്‌ പിന്നിലെ മൂന്നു നാല് സെന്റ്‌ വില്‍ക്കാം
സിറ്റിയില്‍ പിടിച്ചപിടിയാലെ അന്ന്‌
പത്തു സെന്റ്‌ വാങ്ങിപ്പിച്ചതുകൊണ്ട് രക്ഷപ്പെട്ടു
ഇതൊക്കെ ഓര്‍ക്കാനും ഉരുകാനും ഞാന്‍ ഒരാളെയുള്ളൂ
ഈ മനുഷ്യന്‍ പത്തു മണിയായാല്‍
കയറിക്കിടന്ന്‌ കൂര്‍ക്കം വലിച്ചുറങ്ങും
എഴുന്നേല്‍ക്കുന്ന സമയമോ
അങ്ങനെ കണക്കൊന്നുമില്ല
ചിലപ്പോള്‍ അഞ്ചു മണി, ചിലപ്പോഴാറ്, ഏഴ്‌
ഡോക്ടര്‍‐ ഇത് വലിയ പ്രശ്നമൊന്നുമല്ല/മരുന്നൊന്നും എഴുതുന്നില്ല
ഞാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഏജന്റാണെന്ന്‌ നിങ്ങള്‍ ബുദ്ധിജീവികള്‍ പറയേണ്ട
ചിലപ്പോള്‍ ഒരു കപ്പ്‌ ചായ മതിയാവും/ചൈനക്കാര്‍ അത്‌ കണ്ടുപിടിച്ച കഥ കേട്ടിട്ടില്ലേ
ഭര്‍ത്താവ് (ആത്മഗതം) ചായ മാത്രമല്ല
ഡോക്ടര്‍: അല്ലെങ്കില്‍ രസകരമായ വല്ലതും വായിക്കുക
ഫ്രീ വോളണ്ടറി റീഡിങ്ങെന്ന് പറയും
കൺസെൽട്ടിങ്‌ റൂമില്‍നിന്ന് പുറത്തു വന്നപ്പോള്‍
അയാള്‍ ഓര്‍ത്തു: അന്നൊന്നും ഉറക്കമേ ഉണ്ടായിരുന്നില്ല
അടിത്തട്ടിലൂടെ രഹസ്യമായി മുന്നേറുന്ന ഒച്ച കേള്‍ക്കാന്‍
ഭൂമിയില്‍ കാത്‌ ചേർത്തുകിടന്നു
മന്ത്രവിളക്ക് വീശി വേഗംവേഗം നടന്നുവരുന്ന
മാന്ത്രികനെ കാണാന്‍ കണ്ണ് മലര്‍ക്കെ തുറന്നിരുന്നു
പക്ഷേ ചക്രവര്‍ത്തിയുടെ തല
ഒരു മുക്കുവന്റെ വലയിലും കുരുങ്ങിയില്ല
മരങ്ങള്‍ ആഗ്രഹിച്ചാലും കാറ്റ് നിലക്കില്ലെന്ന്‌ പറഞ്ഞത് ശരിയായിരിക്കണം
പക്ഷേ കാറ്റുവിതക്കാതെ
എങ്ങനെയാണ് കൊടുങ്കാറ്റ്‌ കൊയ്യുക
ഇനി കുട്ടികളാരെങ്കിലും വിതക്കുമായിരിക്കും-
അതുവരെ ഒന്നുറങ്ങാം…

***

No Comments yet!

Your Email address will not be published.