
കലാപ്രസ്ഥാനങ്ങള്‍ക്ക് ചിട്ടയായ മാനിഫെസ്റ്റോകള്‍ ഉണ്ടാകാന്‍ തുടങ്ങിയത് പോസ്റ്റ് ഇംപ്രഷനിസത്തിന് ശേഷമാണ്. ലിഖിതമായ നിയമാവലികള്‍ ലക്ഷ്മണരേഖകളാവുകയും അതിനുള്ളില്‍ നിന്നുതന്നെ ലംഘനങ്ങളുടെ സുഖമനുഭവിക്കുന്ന ഒരു ന്യൂനപക്ഷം എല്ലാ പ്രസ്ഥാനങ്ങളിലും റിബലുകള്‍ ആയി അറിയപ്പെടുകയും ചെയ്തു. അതാതു കാലങ്ങളില്‍ ഈ വ്യവസ്ഥാപിത നീക്കുപോക്കുകളെ എതിര്‍ത്തുനിന്ന റിബലുകളെ മുന്‍നിര്‍ത്തി ഏറെ ആഘോഷിക്കുന്ന ഒരു ചെറിയ സമൂഹം നമുക്കിടയില്‍ എന്നും സജീവമായിരുന്നു.

എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ലംഘനങ്ങള്‍ക്കൊന്നും ഒരുവിധ സാധ്യതകളുമില്ലാത്ത ഒരു മാനിഫെസ്റ്റോ ഉണ്ടായിതീര്‍ന്നത് ഡാഡായിസത്തിന്റെതാണ്. മാനിഫെസ്റ്റോകളെ പോലും എതിര്‍ക്കുന്നവരെഴുതുന്ന മാനിഫെസ്റ്റോ.! Tristan Tzara എഴുതിയ മാനിഫെസ്റ്റോയെ കുറിച്ച് അദ്ദേഹം തന്നെ പറയുന്ന ശബ്ദരേഖ കേള്‍ക്കുക രസകരമാണ്. തത്വാധിഷ്ഠിതമായ സംഗ്രഹങ്ങളോ ആശയങ്ങളോ ഫിലോസഫികളോ ഇല്ലാത്ത രസകരമായൊരു തുറന്ന പുസ്തകം!

എന്തിനെയും എതിര്‍ക്കുന്ന ആ ചെറിയ ആള്‍ക്കൂട്ടങ്ങളുടെ നിഴലുകളും നിശബ്ദമായുള്ള അലര്‍ച്ചകളും യൂറോപ്പിലും അമേരിക്കയിലും തീപ്പോലെ പടര്‍ന്നുപിടിച്ചു. മാനവികതക്ക് പ്രാധാന്യം കല്പിച്ച ഒരു കലാ പ്രസ്ഥാനം എന്നതിനപ്പുറം യുദ്ധങ്ങള്‍ മുറിവുകളേല്‍പ്പിക്കുന്ന സര്‍ഗാത്മകതയുടെ നിര്‍വികാരതകള്‍ കത്തിജ്വലിക്കുന്ന ഒരു ആള്‍കൂട്ടമാണ് ഡാഡായിസം എന്ന് വേണമെങ്കില്‍ അതിനെ നിര്‍വചിക്കാം. നവോത്ഥാനത്തിന് ശേഷമുണ്ടായ എല്ലാ കലാരീതികളും ദൃഷ്ടികള്‍ക്കാനന്ദമുണ്ടാക്കുകയല്ലാതെ മാനസികമായ ഉത്തേജനങ്ങളൊന്നും ഉണ്ടാക്കുന്നതല്ലെന്ന മാര്‍സല്‍ ഡ്യുഷാമ്പ് ന്റെ 1913 ലെ പ്രസ്ഥാവനയാണ് ഡാഡായിസത്തിന് വിത്ത് പാകിയത്.
ട്രിസ്റ്റന്‍ റ്റ്‌സാറാ, മാക്‌സ് എര്‍ണെസ്റ്റ്, ഹന്നാ ഹോക്, ജോര്‍ജ് ഗ്രോസ്, ആന്‍ഡ്രേ ബ്രട്ടന്‍, ഫ്രാന്‍സിസ് പിക്കാബിയ തുടങ്ങിയവരുടെ വ്യത്യസ്ഥമായ ചിന്തകളുടെ രാഷ്ട്രീയമായ ഏകീകരണമാണ് ഡാഡാ എന്ന സങ്കല്പത്തിന്റെ രാജ്യാന്തര വൈവിധ്യങ്ങളുടെ തുടക്കം. ട്രിസ്റ്റന്‍ റ്റ്‌സാറാ ഒഴിച്ച് ബാക്കി എല്ലാവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമുള്ളവരായിരുന്നു.



ജര്‍മന്‍ വിപ്ലവത്തിന് ശേഷം 1920ല്‍ ബെര്‍ലിനില്‍ നടന്ന ഇരുപതിയൊന്നാമത്തെ ഡാഡാ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെയറിലൂടെ സുപ്രധാന വഴിതിരിവുകളാണ് ഡാഡായിസത്തിനുണ്ടായത്.
ഹന്ന ഹോക് എന്ന സ്ത്രീ സാനിധ്യം ഡാഡായിസത്തിലെ അതിഗംഭീര ഊര്‍ജസ്രോതസ്സുകളിലൊന്നായിരുന്നു. പന്നിയുടെ തലയുള്ള ജര്‍മന്‍ മിലിറ്ററി ഓഫീസറുടെ രൂപം സിലിംഗില്‍ തൂക്കിയിട്ട നിലയിലായിരുന്നു റീചാര്‍ഡ് ഹോണ്‍ബേക്കിന്റെ ഇന്‍സ്റ്റല്ലേഷന്‍.പ്രദര്‍ശനഹാളിന്റെ മുകള്‍ഭാഗവും പ്രദര്‍ശന പ്രതലങ്ങളാക്കിയുള്ള ഈ രീതി
ഗാലറി പ്രദര്‍ശനരീതികളുടെ പാരമ്പരാഗത ആസ്വാദന സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കുന്നതായിരുന്നു.
ഫോട്ടോ മൊണ്ടാജ്, കൊളാഷ് തുടങ്ങിയ വിപ്ലവകരമായ സാങ്കേതിക കഥനരീതികള്‍ ആ പ്രദര്‍ശനത്തിലൂടെ ഡാഡായിസം സമൂഹത്തിലേക്ക് പരിചയപ്പെടുത്തി. കാല്പനിക നിശബ്ദത എന്ന് ഡാഡായിസ്റ്റുകള്‍ വിവക്ഷിച്ചിരുന്ന ഭൂരിപക്ഷ നിലപാടുകളെ നിരര്‍ഥക ശബ്ദങ്ങളാക്കുകയും അത് ഡാഡായിസ്റ്റ് കവിതകള്‍ എന്ന പേരില്‍ റൗള്‍ ഹോസ്മാന്‍ അവതരിപ്പിച്ചതും ആക്കാലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കവിത ഹോസ്മാന്റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കുകയാണ് അഭികാമ്യം. ഈ കവിതാരൂപങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ ഇന്നും പ്രസക്തമാണ്. ഡാഡായിസ്റ്റ് കവിതകള്‍ എങ്ങിനെയെഴുത്തണം എന്ന് ട്രിസ്റ്റന്‍ റ്റ്‌സാറാ വിശദീകരിക്കുന്ന ഭാഗത്തിലൂടെ ബോഹീമിയന്‍ കാഴ്ചപ്പാടുകളുടെ ഉയരത്തിലേക്കാണ് നമ്മള്‍ നടന്നുകയറുന്നത്. കലാകാരന്മാര്‍ക്കോ കലാകാരികള്‍ക്കോ സ്വകാര്യതകളുടെ മാധ്യമവ്യാഖ്യാനങ്ങള്‍ക്ക് പാത്രീഭവിക്കാതെ സ്വത്വനിലനില്‍പ്പുകള്‍ ഭദ്രമായിരുന്ന ഒരു കാലഘട്ടം തുടങ്ങുന്നതും ഡാഡായിസം മുതലാണ്. 1922 ല്‍ റ്റ്‌സാറായും പിക്കാബിയയും ബ്രട്ടനും ചേര്‍ന്നുണ്ടായ ആശയ സംഘര്‍ഷങ്ങളുടെ പാരമ്യതയില്‍ ഡാഡായിസം അവസാനിച്ചതായി അവര്‍ പ്രഖ്യാപിച്ചു. 1924 ല്‍ സല്‍വഡോര്‍ ദാലി പാരീസില്‍ എത്തുമ്പോള്‍ ട്രിസ്റ്റന്‍ റ്റ്‌സാറാ ഒഴിച്ചുള്ള ഡാഡായിസ്റ്റുകള്‍ സര്‍ റിയലിസം എന്ന ചിന്താധാരയിലേക്ക് ക്രമേണ നടന്നടുത്തിരുന്നു.

കൃത്യമായി ഫാസിസതിനെതിരായുള്ള ഉപബോധ മാനസികാവ്യാപരങ്ങളുടെ അമൂര്‍ത്തമായ കൂടിച്ചേരലുകള്‍ ദാലി എത്തിയതോടെ സര്‍റിയലിസത്തെ കുറേകൂടി ഭ്രമാത്മകമാക്കി.
ഞാനൊരു സര്‍റിയലിസ്റ്റ് അല്ല ഞാന്‍ സര്‍റിയലിസം ആണ് എന്ന ദാലിയുടെ പ്രസ്താവന ഡിക്‌റ്റേറ്റര്‍ഷിപ്പിനും ഫാസിസത്തിനും എതിരായി നിന്ന സര്‍റിയലിസ്റ്റ്കള്‍ക്ക് ഏറ്റ ഒരു കനത്ത പ്രഹരമായിരുന്നു.

ചരിത്രത്തില്‍ പത്തു വര്‍ഷത്തെ ആയുസ്സ് മാത്രം അവകാശപ്പെടാനാവുന്ന, കലാപ്രതലങ്ങളെക്കാള്‍ രാഷ്ട്രീയ നിലപാടുകള്‍ ഉറക്കെപ്പറഞ്ഞ ഡാഡാ ഒരു മാനസിക വിഭ്രാന്തിയായി, ഡാഡാ ഭാഷയില്‍ പറഞ്ഞാല്‍ Nonsense ആയി ഇന്നത്തെ സാമൂഹ്യവ്യവസ്ഥകളില്‍ സമൂലം ശക്തമായി നിലകൊള്ളേണ്ട ഒരു പ്രസ്ഥാനമാണെന്ന് സമകാലിക സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതികളില്‍ നമ്മള്‍ ഇടയ്ക്കിടെ ഓര്‍ത്തുപോകും.







Fantastic