സാംസ്‌കാരിക രാഷ്ട്രീയം സംസ്‌കാരത്തിനുള്ളിലെ അധികാരം, പോരാട്ടം, ഇടപെടല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. പുരോഗമന സാംസ്‌കാരിക രാഷ്ട്രീയം മുഖ്യധാരാ സാംസ്‌കാരിക ഇടത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത സാമൂഹിക കൂട്ടായ്മകളുടെ സാംസ്‌കാരിക ആവിഷ്‌കരണങ്ങളുമായി അടിസ്ഥാനപരമായി ബന്ധപ്പെട്ടു കിടക്കുന്നു. ആധിപത്യപരമായ മുഖ്യധാരാ രാഷ്ട്രീയത്തിനുള്ളില്‍ ഏത് ആഖ്യാനങ്ങളാണ് മേല്‍ക്കോയ്മ പുലര്‍ത്തുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് ശ്രമിക്കുന്നു. സാംസ്‌കാരിക രാഷ്ട്രീയം മൂല്യാധിഷ്ഠിതവും പ്രവര്‍ത്തനോന്മുഖവുമായ ഒരു പ്രക്രിയയാണ്. ഇത് സാമൂഹിക പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സംസ്‌കാരം തന്നെ ഒരു രാഷ്ട്രീയ പോരാട്ടഭൂമിയാണെന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ പ്രായോഗിക മേഖല സാംസ്‌കാരിക പഠനങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. സാംസ്‌കാരിക പഠനങ്ങള്‍ അധികാരരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്‌കാരത്തെ വിശകലനം ചെയ്യുന്ന ഒരു അക്കാദമിക് മേഖലയാണ്. സമൂഹത്തില്‍ സംസ്‌കാരത്തിന്റെ പങ്ക് മനസ്സിലാക്കുന്നതിന് ഇത് നിര്‍ണായകമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ഇത് വിവിധ സിദ്ധാന്തപരമായ രൂപരേഖകളും വിശകലന ഗവേഷണരീതികളും ഉപയോഗിച്ച് സംസ്‌കാരത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നു. മാധ്യമങ്ങള്‍, ജനപ്രിയ സംസ്‌കാരം, ദൈനംദിന ജീവിതം, അര്‍ത്ഥനിര്‍മ്മാണം, ഉപഭോക്തൃചിന്താധിഷ്ഠിത ആശയങ്ങള്‍, ഭാഷ, വര്‍ഗ്ഗം, ലിംഗം, ജാതി, വര്‍ണ്ണം തുടങ്ങിയ വിഷയങ്ങളുടെയെല്ലാം സാംസ്‌കാരിക സാഹചര്യങ്ങളുടെ പഠനത്താലാണ് സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ സ്വഭാവം രൂപപ്പെടുന്നത്.

നവ-ഹിന്ദുത്വം – ഇന്ത്യയിലെ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഉപകരണം
നവ-ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം പാശ്ചാത്യ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ഒരു ഉപകരണമായി പ്രവര്‍ത്തിക്കുന്നു. ആദ്യനോട്ടത്തില്‍ നവ-ഹിന്ദുത്വം പാശ്ചാത്യവിരുദ്ധവും ദേശീയവാദപരവുമാണെന്ന് തോന്നാം. എന്നാല്‍ വിമര്‍ശനാത്മകമായ രാഷ്ട്രീയ-സാമ്പത്തികവും സാംസ്‌കാരികവുമായ ദൃഷ്ടികോണില്‍ നിന്നു പരിശോധിക്കുമ്പോള്‍, ഇത് പലപ്പോഴും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഘടനാപരമായ താല്‍പര്യങ്ങളുമായി ഒത്തുചേരുന്നതായി കാണപ്പെടുന്നു. ഈ പ്രത്യക്ഷവിരുദ്ധതയില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന അക്കാദമിക് ഘടനയും, വര്‍ഗ്ഗവൈരുദ്ധ്യങ്ങളെ രാഷ്ട്രീയരഹിതമാക്കുകയും നവഉദാരവാദ താല്‍പര്യങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്ന പ്രവണതകളും അടങ്ങിയിരിക്കുന്നു.
ഹിന്ദുമതവും നവ-ഹിന്ദുമതവും
ഹിന്ദുമതത്തിന്റെ പേരില്‍ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ മാറുന്ന സ്വഭാവം മനസ്സിലാക്കാന്‍ ഹിന്ദുമതവും നവ-ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
ഹിന്ദുമതം നിരവധി മതപരമായ നിലപാടുകളുടെ ഒരു സമുച്ചയമാണ്: ബഹുദൈവവിശ്വാസം, ഏകദൈവവിശ്വാസം, സര്‍വ്വദേവതാഭാവം, അതുപോലെ തന്നെ നാസ്തികതയും ഒന്നു ചേരുന്നത്. ഇതിന് ഒരൊറ്റ സ്ഥാപകനോ കേന്ദ്രഗ്രന്ഥമോ ഏകീകൃത സിദ്ധാന്തമോ ഇല്ല. ശിവന്‍, വിഷ്ണു, ദുര്‍ഗ്ഗ തുടങ്ങിയ ദേവീദേവന്മാരുടെ ആരാധനയിലുള്ള ബഹുദൈവവപരമ്പരകള്‍; വൈഷ്ണവം, ശൈവം തുടങ്ങിയ ഏകദേവഭക്തിപരമ്പരകള്‍; അദ്വൈതം, വേദാന്തം തുടങ്ങിയ ദാര്‍ശനിക വ്യാഖ്യാനങ്ങള്‍; ദൈവത്തെ സൃഷ്ടാവായി അംഗീകരിക്കാത്ത ചാര്‍വാകം, സാംഖ്യം പോലുള്ള നാസ്തിക ദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഹിന്ദു ചിന്താഗതിക്കുള്ളില്‍ സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കുന്നു.
അതേസമയം, നവ-ഹിന്ദുമതം അദ്വൈത വേദാന്തപരമ്പരയും ഭഗവദ്ഗീതയും ഉപനിഷത്തുകളും മാത്രമാണ് ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിത്വമെന്ന നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്. നവ-ഹിന്ദുത്വം പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളും ഇന്ത്യയിലെ നവ-കോളോനിയല്‍ ഭരണവര്‍ഗ്ഗവും ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു ആധിപത്യ സാംസ്‌കാരിക പദ്ധതിയായി വളര്‍ന്നു. ഇത് ഹിന്ദുത്വത്തെ ആധുനിക സാങ്കേതികവിദ്യയോടും നവഉദാര പാശ്ചാത്യ സംസ്‌കാരത്തോടും പൊരുത്തപ്പെടുന്ന സാര്‍വ്വലൌകികമതമായി അവതരിപ്പിക്കുന്നു. ജാതിവ്യവസ്ഥയുടെ സാമൂഹിക വിഭജനം നിഷേധിച്ച് ഏകീകൃത ഹിന്ദു തിരിച്ചറിവ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സ്വാമി വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി തുടങ്ങിയ നവീനാശയക്കാര്‍, പുരോഗ്യമാനവാദികള്‍, ഈ ദിശയില്‍, ഈ പുനര്‍വ്യാഖ്യാനത്തെ രൂപപ്പെടുത്തുന്നതില്‍, പ്രധാന പങ്കുവഹിച്ചു.
നവ-ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം
നവ-ഹിന്ദുത്വത്തിന്റെ അനുകൂലകര്‍ അതിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെ സജീവമായി നടപ്പിലാക്കുന്നു. സംസ്‌കാരം ഒരിക്കലും നിഷ്പക്ഷമല്ല. പഴയ സാംസ്‌കാരിക ക്രമീകരണങ്ങളെ അതേപടി ഇന്നിലേക്ക് കൊണ്ടുവരാനാവില്ല. അതിനാല്‍ നവ-ഹിന്ദുത്വം നവ-കോളനിയല്‍ സാംസ്‌കാരിക മേല്‍ക്കോയ്മയില്‍ ബ്രാഹ്‌മണിക ആധിപത്യത്തിന്റെ പുതിയ ഉപകരണമായി പ്രവര്‍ത്തിക്കുന്നു. ഗ്രാംഷിയുടെ അഭിപ്രായത്തില്‍, ഇത്തരം മേല്‍ക്കോയ്മ പുതിയ സാംസ്‌കാരിക സംവിധാനത്തില്‍ നവ-സംരക്ഷണ മൂല്യങ്ങള്‍, ചിഹ്നങ്ങള്‍, പൗരാണിക കഥകള്‍, തിരിച്ചറിവുകള്‍ എന്നിവ വഴി സ്ഥാപിക്കപ്പെടുന്നു.
നവ-ഹിന്ദുത്വം മതത്തെ ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാന തിരിച്ചറിയലായി, സ്വത്വമായി, പുനര്‍നിര്‍മ്മിക്കുന്നു. ഇത് ഭൗതികവും വര്‍ഗ്ഗാധിഷ്ഠിതവുമായ വൈരുദ്ധ്യങ്ങളെ മാറ്റി വ്യക്തിപരമായ ആഗ്രഹങ്ങളുടെ മഹത്വവല്‍ക്കരണത്തിലൂടെ സാംസ്‌കാരിക ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നു. ജാതി, വര്‍ഗ്ഗം, ലിംഗം, പ്രദേശം എന്നിവയിലുള്ള വൈരുദ്ധ്യങ്ങളെ മറച്ചുവെച്ച് ഏകീകൃത ഹിന്ദു എന്നൊരു തിരിച്ചറിവ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഈ മാറ്റം സാമ്രാജ്യത്വത്തിന് നിര്‍ണായകമാണ്, കാരണം ഇത് ജനപ്രതിരോധത്തെ വിഘടിപ്പിക്കുകയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ദിശ തിരിച്ചു വിടുകയും ചെയ്യുന്നു. അതുവഴി സാമ്രാജ്യത്വത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നവഉദാര ആഗോള മൂലധനവുമായി സഖ്യം
ദേശീയവാദപരമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, നവ-ഹിന്ദുത്വ ഭരണകൂടം പൊതുമേഖലയിലെ സ്വകാര്യവത്കരണം, പ്രത്യേകിച്ചും അന്താരാഷ്ട്ര സ്വകാര്യ കുത്തകകള്‍ക്കു വേണ്ടി ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രധാന മേഖലകള്‍ പാശ്ചാത്യ ബഹുരാഷ്ട്ര മൂലധനത്തിന് തുറന്നുകൊടുത്തു. ഐ എം എഫ്, വേള്‍ഡ് ബാങ്ക്, ഡബ്ല്യൂ ടി ഒ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെട്ടു. അമേരിക്ക-നാറ്റോ കൂട്ടായ്മയുമായുള്ള സൈനികവും തന്ത്രപ്രധാനവുമായ ബന്ധങ്ങള്‍ കൂടുതല്‍ ആഴമുള്ളതായി. ഇതിലൂടെ പാശ്ചാത്യ നവ-സാമ്രാജ്യത്വ സ്വാധീനം ഇന്ത്യയില്‍ ഉറപ്പിച്ചു. ഈ മാതൃക ദേശീയവാദ സാംസ്‌കാരികത്വത്തിന്റെ മറവില്‍ ആഗോളതലത്തില്‍ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ചെറു പങ്കാളികളെപ്പോലെ പ്രവര്‍ത്തിക്കുന്ന മറ്റു വലതുപക്ഷ ഭരണകൂടങ്ങളെ അനുസ്മരിപ്പിക്കുന്നു.

ഇസ്ലാംഭീതിയും ആഗോള ”വാര്‍ ഓണ്‍ ടെറര്‍” എന്ന ആഖ്യാനവും
9/11 ന് ശേഷം രൂപപ്പെട്ട പാശ്ചാത്യ സാമ്രാജ്യത്വ ആഖ്യാനവുമായി നവ-ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം പല വിധത്തില്‍ യോജിക്കുന്നു, ഒത്തുചേരുന്നു. ഇസ്ലാം സംസ്‌കൃത സമൂഹത്തിന് ഭീഷണിയാണെന്ന പ്രചാരം, ദേശീയസുരക്ഷയുടെ പേരില്‍ നിരീക്ഷണം വ്യാപിപ്പിക്കല്‍, രാഷ്ട്രത്തിന്റെ സൈനികവല്‍ക്കരണവും പൊലീസ് നിയന്ത്രണവും വര്‍ദ്ധിപ്പിക്കല്‍, സംസ്ഥാനങ്ങളെ ഹിംസിക്കല്‍ ഭരണകൂട ആക്രമണങ്ങളെ സാധാരണവല്‍ക്കരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആശയപരമായ ഈ പൊരുത്തം അമേരിക്ക നേതൃത്വം നല്‍കുന്ന ഭൗമരാഷ്ട്രീയ ഘടനയ്ക്കുള്ളില്‍ ഇന്ത്യയുടെ പങ്കിനെ ന്യായീകരിക്കുകയും ആഭ്യന്തര അടിച്ചമര്‍ത്തലിന് അന്താരാഷ്ട്ര അംഗീകാരം നല്‍കുകയും ചെയ്യുന്നു. ഈ രീതിയില്‍, നവ-ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം ആഗോള സാമ്രാജ്യത്വ സുരക്ഷാ സംവിധാനത്തെ പിന്തുണക്കുന്നു.
ചരിത്രത്തിന്റെ പുനര്‍ലേഖനവും സാംസ്‌കാരിക മറവിയും
സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം ചരിത്രസ്മരണയെ നിയന്ത്രിക്കുന്നതില്‍ ആശ്രയിച്ചിരിക്കുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആന്റി-കോളനിയല്‍ പാരമ്പര്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഹിന്ദുത്വ പ്രേരിത ചരിത്രപുനര്‍രചന. ഭഗത് സിംഗ്, അംബേദ്കര്‍ എന്നിവരുടെ വിപ്ലവാത്മക വശങ്ങള്‍ വിസ്മൃതമാക്കപ്പെടുന്നു. ചരിത്രത്തെ മൂലധനാധിഷ്ഠിത ആധുനികതയില്‍ നിന്ന് വേര്‍പെടുത്തി ഒരു പൗരാണിക, ഇതിഹാസ, ഭൂതകാലത്തിന്റെ രൂപത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സാംസ്‌കാരിക ഇടപെടലുകള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് ആവശ്യമായ ചരിത്രബോധത്തെ ബാലഹീനമാക്കുന്നു.
വര്‍ഗ്ഗസമരത്തിന്റേയും സാമ്രാജ്യത്വ വിരുദ്ധ ചെറുത്തു നില്‍പ്പിന്റേയും രാഷ്ട്രീയ ദുര്‍ബലീകരണം
സാമ്രാജ്യത്വത്തിന്റെ പ്രധാന ലക്ഷ്യം വര്‍ഗ്ഗസമരത്തെ നിഷ്പ്രഭമാക്കുക എന്നതാണ്. നവ-ഹിന്ദുത്വം സാമ്പത്തിക പ്രതിസന്ധികളെ ഒരു സാംസ്‌കാരിക കോപമായി പരിവര്‍ത്തിപ്പിച്ച് ഇത് സാധൂകരിക്കുന്നു. മൂലധനം, കോര്‍പ്പറേറ്റ് ശക്തി, ആഗോള ധനസമ്പത്ത് എന്നിവയെ ചോദ്യം ചെയ്യുന്നതിനുപകരം ന്യൂനപക്ഷങ്ങളെ ”ആന്തരിക ശത്രുക്കള്‍” ആയി ചിത്രീകരിക്കുന്നു. തൊഴിലാളി യൂണിയനുകള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, കര്‍ഷക സമരങ്ങള്‍ എന്നിവയെ ”ദേശവിരുദ്ധ”മായി മുദ്രകുത്തുന്നു. ഇത് സാമ്രാജ്യത്വ സാമ്പത്തിക കടന്നുകയറ്റത്തിനെതിരായ വ്യാപകമായ ജനപ്രതിരോധത്തിന്റെ സാധ്യതയുടെ മൂര്‍ച്ച ഇല്ലാതാക്കുന്നു.
സംക്ഷേപമായി അതുകൊണ്ട്, ആധിപത്യ സാംസ്‌കാരിക രാഷ്ട്രീയം മതപരമോ തിരിച്ചറിയല്‍ അധിഷ്ഠിതമോ ആയ വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല; അത് ആഗോള മൂലധനവ്യവസ്ഥയോടും പാശ്ചാത്യ സാമ്രാജ്യത്വത്തോടും പൊരുത്തപ്പെടുന്ന ഒരു വിപുലമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്.
സംസ്‌കാരം, ചരിത്രം, സ്വത്വം എന്നിവയെ കേന്ദ്രത്തിലാക്കിക്കൊണ്ട് വര്‍ഗ്ഗവൈരുദ്ധ്യങ്ങളും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും സാമ്രാജ്യത്വ വിരുദ്ധ പ്രതിരോധവും വിസ്മരിപ്പിക്കപ്പെടുന്നു. ഫലമായി യഥാര്‍ത്ഥ സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റി സാംസ്‌കാരിക ധ്രുവീകരണത്തിലേക്ക് അത് നയിക്കുന്നു. അതിനാല്‍, വര്‍ഗ്ഗം, ജാതി, ലിംഗം, ആന്റി-കോളനിയല്‍ പാരമ്പര്യങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമായ സാംസ്‌കാരിക ദൃഷ്ടികോണുകള്‍ വികസിപ്പിക്കുന്നത് പുരോഗമന ശക്തികള്‍ക്ക് ഒരു ചരിത്രാവശ്യകതയായി മാറുന്നു.
(2026 മാര്‍ച്ച് 28-29 ന് മുംബൈയില്‍ നടക്കാനിരിക്കുന്ന സമതാ സംവാദ് ക്യാമ്പിനായി തയ്യാറാക്കിയ ലേഖനം)
![]()
വിവ : സുരേഷ് എം. ജി.







നല്ല വിശകലനം. ചരിത്രം കൃത്രിമമായി നമ്മെ ചതിക്കാതിരിക്കട്ടെ.