Skip to main content

അപ്പോള്‍ സ്‌ട്രോഫി

നൈക്ക് ( Nike ) എന്നാല്‍ കായികരംഗത്തെ വിജയമാണ് (victory). സാഹിത്യരംഗത്ത് വിജയിച്ചവനാണ് ( നിക്കോസ് ) കസന്‍സാക്കീസ്. വിജയത്തിന് സഹായകരമായ കായികവസ്തുക്കളാണല്ലോ നൈക്കുകാരുടെ വില്പന. വിജയികളുടെ ശില്പങ്ങളും നിക്കോസ് തന്നെ.

ആ വിജയികളെ, നൈക്കുകളെ, പുകഴ്ത്തുന്ന ഗാനമാണ് എപ്പിനൈക്കിയ ( epinicia ). വിജയികളുടെ ഈ ഗാനങ്ങള്‍ കൂടുതലും ലഭിച്ചിട്ടുള്ളത് തീബ്‌സിലെ പിണ്ടരുടേതാണ്. BCE അഞ്ചും ആറും നൂറ്റാണ്ടിനിടെ ജീവിച്ച പിണ്ടരു(Pindar)ടെ സ്വാധീനം വേഡ്‌സ്‌വര്‍ത്തിലും ഷെല്ലിയിലും ഉണ്ട്.

എപ്പിനൈക്കിയ വിജയിയെ പുകഴ്ത്തുന്ന സംഘനൃത്തമാണ്. ഓരോ ഗീതകവും മൂന്നു നൃത്തങ്ങളാണ്. പല്ലവി തുല്യമായ ആദ്യഭാഗമാണ് സ്‌ട്രോഫി ( strophe ). അത് വലത്തുനിന്നും ഇടത്തോട്ടേക്കുള്ള ഗ്രൂപ്പ് ഡാന്‍സാണ്. തുടര്‍ന്ന് മറുപടിയുമായ് മറ്റൊരു സംഘം ഇടത്തുനിന്നും വലത്തോട്ടേക്ക് ( antistrophe ), അനുപല്ലവി ചവിട്ടുന്നു. ഇനി രഞ്ജിപ്പോടെ ചരണമെന്ന മിശ്രനൃത്ത ( epode ) ത്തോടെ ആ ഗാനത്തിന് സമാപ്തിയായി. ചരണത്തിലെ കാല് എ’പോഡി’ലും ഉണ്ടല്ലോ.

വലത്തുനിന്ന് ഇടത്തേക്ക് മുകളിലിടുന്ന വരക്ക് apostrophe എന്ന് പേര് നിശ്ചയിച്ചത് ഒരു നര്‍ത്തകനല്ലെങ്കില്‍ ആസ്വാദകനെന്നു തീര്‍ച്ച. ഒരു ദുരന്ത മുഖത്ത് ആയിരുന്നുവല്ലോ രണ്ടു മാസം മുമ്പ് നമ്മള്‍. കറ്റാസ്‌ട്രോഫി (catastrophe). ആകസ്മികമായ ഭൂമിയുടെ കീഴ്‌മേല്‍ മറിച്ചല്‍. തിരിച്ചും കമഴ്ത്തിയും മറിച്ചും അനര്‍ത്ഥമാക്കല്‍. ഒരു വലിയ വേദിയുടെ മുന്‍വശത്ത് നൃത്തം ( orchesis ) ചെയ്യുന്ന ഇടമാണ് ഓര്‍ചസ്ട്ര ( orchestra ). പിന്നിടത് നൃത്തവേദിയില്‍ മുന്നിലുള്ള വാദ്യസംഘമായി. ഗാനമേളയില്‍ പിന്‍നിരയിലും.

Peristrophe Paniculata

 

കേരളത്തിലെ കാടുകളില്‍ Peristrophe paniculata എന്ന് ഒരു കുറുഞ്ഞി കടുംബാംഗമുണ്ട്. കൊച്ചിളം മൊട്ടുകളെ സംരക്ഷിക്കുന്ന ബ്രാക്ടുകള്‍ (bracts), ചുറ്റുമോടുന്ന നര്‍ത്തകരെപ്പോലെ തുടര്‍ന്നും അവശേഷിക്കും. ‘കാട്ടുപുഴുക്കൊല്ലി’ എന്ന ചെവ്വില്ലാത്ത പേരാണ് ഈ അതിസുന്ദരിക്ക് ഏതേ മലയാളി കൊടുത്തിട്ടുള്ളത്. ഇന്നത്തെ ഇതിന്റെ ശാസ്ത്രനാമം Dicliptera paniculata – അടഞ്ഞ ഇരുവാതില്‍ കോട്ട എന്നാണ്. ക്ലെഫ്ട് ( kleft ) അടഞ്ഞതും, കളവും ആകാം. കാണാതെ ചെയ്യുന്ന അതാണല്ലോ കളവ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.