
മന്ദാകിനി നാരായണൻ്റെ ‘ഒരമ്മ മകൾക്കയച്ച കത്തുകൾ’ വായിക്കുമ്പോൾ വല്ലാത്തൊരു വൈകാരികത.
ഏതുവർഷത്തിലാണ് ഞാനും ജീവിതപങ്കാളിയും മന്ദാകിനിയമ്മയെ കോഴിക്കോട് പോയി കണ്ടത് ? എന്നാണെന്ന് കൃത്യമായി ഓർമ്മയില്ല. സഖാവ് അജിതയെയും കുടുംബത്തെയും ഒരുനാൾ അട്ടപ്പാടിയിലെ സാരംഗ് ഗോപാലകൃഷ്ണൻ ദമ്പതികളുടെ വീട്ടിൽവെച്ച് കണ്ടിരുന്നു. അന്ന് അജിതയുടെ മകൾ ഗാർഗി കുഞ്ഞുടുപ്പിടുന്ന കൊച്ചുകുട്ടിയായിരുന്നു. ആ രാത്രിയിൽ കുറേനേരം ഞങ്ങളെല്ലാം സംസാരിച്ചിരുന്നു. അതിനുശേഷമാണ് അമ്മയെ സന്ദർശിക്കാൻ കോഴിക്കോട് പോയത്.
നാം നമ്മുടെ മക്കളിലേക്ക് സംക്രമിപ്പിക്കുന്നത് എന്തു വാർത്തകളാണ്, ഏത് ആശയങ്ങളാണ് ? ഈ അമ്മ സ്വന്തം മകളിലേക്ക് സംക്രമിപ്പിച്ചത് വിയറ്റ്നാമിനെയും ചൈനയെയും കമ്പോഡിയയെയും നിരീക്ഷിച്ചശേഷം അവിടത്തെ വാർത്തകൾ ആയിരുന്നു. ചൈനയുടെ വിപ്ലവവഴികൾ ആ അമ്മയുടെ മനസ്സിനെ അപഹരിച്ചതുകൊണ്ട് അവർക്ക് അങ്ങനെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളു. കത്തുകളെഴുതുമ്പോൾ അമ്മക്ക് പ്രായം 47. ജയിലധികൃതർ സെൻസർ ചെയ്ത കത്തുകൾ ആവേശത്തോടെ വായിച്ച് മറുപടി കുറിച്ച മകൾ അജിതയുടെ പ്രായം 21.

ജയിൽ സന്ദർശിക്കാൻ പോയ ആ അമ്മക്കൊപ്പം ജയിൽ ഗേറ്റുവരെ സഞ്ചരിച്ച പത്രപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർ ഈ കൃതിക്കെഴുതിയ അവതാരികയെ മൂന്നു വാക്യത്തിൽ ഇങ്ങനെ ചുരുക്കാം.

ഇല്ലാത്തവന്റെ ഉയർത്തെഴുന്നേൽപ്പിൽ പ്രതീക്ഷയർപ്പിച്ച് വസന്തത്തിൻ്റെ ഇടിമുഴക്കത്തിനു വേണ്ടി കാതോർത്ത അമ്മ. അവർ ഒരിക്കലും മായാത്ത മുഖപ്രസാദവുമായി ജയിലിലുള്ള മകളെ കണ്ടു തിരിച്ചുവരുമ്പോൾ ആ മുഖത്ത് സങ്കടത്തിന്റെ നിഴലും കാണാമായിരുന്നു. കാലത്തിൻ്റെ നിശ്ശബ്ദവിലാപമാണീ കത്തുകൾ, ഒരമ്മ മകൾക്കയച്ച കത്തുകൾ.

കത്തുകളിലേക്ക് പ്രവേശിക്കട്ടെ.
നിരന്തരം വായിക്കുക വായിച്ച പുസ്തകങ്ങളിലെ അടിസ്ഥാന മൂല്യങ്ങളും ചില ഉദ്ധരണികളും
കൊച്ചുകൊച്ചു കഥകളും വിപ്ലവഗീതങ്ങളും കവിതകളും കത്തിൻ്റെ ഭാഗമാക്കുക, വീട്ടുവിശേഷങ്ങളേക്കാളധികം നാട്ടുവിശേഷം, ലോകത്തിലെ രാഷ്ട്രീയവാർത്തകൾ മകളെ അറിയിക്കുക… ഇതാണ് ആ അമ്മയുടെ കത്തെഴുത്തുരീതി. വ്യക്തിപരമായ വിശേഷങ്ങൾ കത്തുകളുടെ ഭാഗമാകുന്നുണ്ടെങ്കിൽപോലും അതിനേക്കാൾ ഉപരി സാമൂഹികകാര്യങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലുമാണ് അമ്മയുടെ ശ്രദ്ധ.
അന്നത്തെ കേരള രാഷ്ട്രീയം, ഇന്ത്യൻ രാഷ്ട്രീയം, ലോകരാഷ്ട്രീയം എല്ലാം ആ അമ്മക്ക് മന:പ്പാഠം .രാഷ്ട്രീയ വാർത്തകൾ ഓരോന്നും റേഡിയോയിലൂടെ കേട്ടും പത്രങ്ങളിൽനിന്നും നിരവധി വിദേശ മാഗസിനുകളിൽനിന്നും വായിച്ചും ജയിലിലുള്ള മകളെ അറിയിച്ചുകൊണ്ടിരിക്കുക. ഒപ്പം വിശാലമായ മറ്റു വായനാനുഭവങ്ങൾ മകളുമായി പങ്കുവെക്കുക. മകളെ മാനസികമായും ആശയപരമായും ശക്തയാക്കുക. ഇതാണ് ആ അമ്മ തൻ്റെ കത്തുകളിലൂടെ നിർവ്വഹിച്ചത്.
സഖാവ് അജിതക്കയച്ചു കൊടുത്തതും മന്ദാകിനിയമ്മ വായിച്ചതുമായ പുസ്തകങ്ങളുടെയും മാഗസിനുകളുടെയും പട്ടിക ഏറെ നീണ്ടതാണ്. ആ കൃതികളുടെ പൊതുസ്വഭാവമറിയാൻ പത്തു പുസ്തകങ്ങളുടെ പേരുകൾ മാത്രം എടുത്തെഴുതാം.
1. ‘സിംഗിൾ പാർക്ക് -കൊറിയൻ തൊഴിലാളി നേതാവായിരുന്നു ചൗ വിന്റെ ജീവചരിത്രം.
2. മാർക്സ് , ഏംഗൽസ് ആൻഡ് മാർക്സിസം – ലെനിൻ
3. ബ്രൈറ്റ് സണ്ണി സ്കൈസ് (നോവൽ)- ഹാവോ റാൻ
4. ലോങ്ങ് റവല്യൂഷൻ – എഡ്ഗാർ സ്നൊ
5. ഫോർ എസ്സെസ് – മാവോ സെ തൂങ്
6. ന്യൂ വിമെൻ ഇൻ ന്യൂ ചൈന
7. മൈ വാർ വിത്ത് സി.ഐ.എ (ഓർമ്മക്കുറിപ്പുകൾ) – സിഹാനുക്ക്
8. അമ്മ – മാക്സിം ഗോർക്കി
9. ചൈനീസ് റോഡ് ടു സോഷ്യലിസം – ഇ എൽ. വീൽ റൈറ്റ്
10. ദ നക്സലേറ്റ് മൂവ്മെൻ്റ് – എ മാവോയിസ്റ്റ് എക്സ്പിരിമെൻ്റ് -ശങ്കർ ഘോഷ്.
“അജി, സാഹിത്യത്തിലൂടെ കൂടുതൽ കടന്നു പോകുമ്പോൾ നിരന്തരം പോരാടുന്ന യഥാർത്ഥ പ്രോലിറ്റേറിയൻ വിപ്ലവകാരികൾ ശരിയായ പാതയിലൂടെ മുന്നോട്ടു പോവുക എന്ന ക്ലേശകരവും ഗംഭീരവുമായ ലക്ഷ്യത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന തോന്നൽ എനിക്ക് കൂടുതലായി ഉണ്ടാകുന്നു ”
എന്ന് അമ്മ എഴുതുന്നുണ്ടെങ്കിലും സാഹിത്യകൃതികൾ അധികം മകൾക്ക് മന്ദാകിനി അയച്ചതായി കാണുന്നില്ല.
മകൾക്കുള്ള കത്തിൽ മന്ദാകിനി അമ്മയുടെ വിമർശനങ്ങൾ നേരിടുന്ന വ്യക്തിത്വങ്ങളിൽ ചിലർ ഇവരാണ്.
ഇന്ദിരാഗാന്ധി ,ഇഎംഎസ്, അച്യുതമേനോൻ ,കൺഫ്യൂഷ്യസ്, ലിൻ പിയാവോ, ചിയാങ്ങ് കൈഷക്ക്, ഷെയ്ക്ക് അബ്ദുല്ല , മൊറാർജി ദേശായ്….. വിമർശനങ്ങൾക്ക് ഉപയോഗിക്കുന്ന പദാവലികൾ പലപ്പോഴും മാർക്സിയൻ പദാവലികൾ തന്നെയാണ്.
പിന്തിരിപ്പൻ , ഇരട്ടത്താപ്പുകാരൻ, ഇതുതലമൂരി, വർഗവഞ്ചകൻ, ചൈന വിരുദ്ധൻ, കമ്മ്യൂണിസ്റ്റ് വിരുദ്ധൻ, നെക്സലേറ്റ് വിരുദ്ധൻ, റിവിഷനിസ്റ്റ്, രാഷ്ട്രീയ മമ്മി, യെസ് മൂളികൾ….

ഈ വിപ്ലവകാരി മകൾക്ക് ഊർജ്ജം നൽകാൻ എഴുതിയ വരികളും ഉദ്ധരണികളും നമുക്കും ഊർജ്ജദായകം.
കഷ്ടപ്പാടിന്റെ നാളുകളിൽ നാം നമ്മുടെ നേട്ടങ്ങൾ കാണാതിരിക്കരുത്.നാം ശോഭനമായ ഭാവിയെ കാണുകയും ധൈര്യം അവലംബിക്കുകയും ചെയ്യണം, ജനങ്ങളെ വിശ്വസിക്കുക അവരെ ആശ്രയിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, നമ്മുടെ ഭയത്തെ ഒഴിവാക്കുക, ക്രമരാഹിത്യത്തെക്കുറിച്ച് ഭയപ്പെടാതിരിക്കുക ,വിപ്ലവം ഒരിക്കലും സ്വച്ഛവും മിതശീതോഷ്ണവും ദയാപരവും ഉപചാരശീലമുള്ളതും ദാക്ഷിണ്യമുള്ളതും സംയമനമുള്ളതും ഔദാര്യമുള്ളതും ആയിരിക്കില്ല, ജയിലിൽ കിടക്കുന്ന സഖാക്കളെ തകർക്കാൻ സർക്കാരിന് കഴിഞ്ഞേക്കും, പക്ഷേ പുതിയ ശക്തികൾക്ക് മാർഗ്ഗദർശനം നൽകുന്ന മാർക്സിസത്തെയും ചിന്തയെയും തകർക്കാൻ ഒരിക്കലും ആവില്ല…
പഠനം ചര്യയാക്കിയ മന്ദാകിനി നാരായണൻ, കോമ്രേഡ് അജിത, നമ്പർ 443, സെൻട്രൽ ജയിൽ, തിരുവനന്തപുരം പന്ത്രണ്ട്, എന്ന അഡ്രസ്സിൽ 1972 ഡിസംബർ 4 മുതൽ 1977 ജൂലൈ 13 വരെ അയച്ച 89 കത്തുകൾ ആണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
“ജയിലിൽ മായുടെ കത്തുകൾ ആയിരുന്നു ഏക ആശ്വാസം”
എന്ന് മകൾ കൃതിയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിപ്ലവപാത പിന്തുടരുന്ന മകൾ താൻ വിശ്വസിക്കുന്ന ആശയത്തിൽ അടിയുറച്ചുനിൽക്കുവാനും അത് ബലപ്പെടുത്തുവാനും ഉപകരിക്കുന്ന നിരവധി വാക്യങ്ങളും ഉദ്ധരണികളും അമ്മ എടുത്തെഴുതിക്കൊണ്ടേയിരുന്നു.
പ്രോലിറ്റേറിയൻ സർവ്വാധിപത്യം സ്വപ്നം കണ്ടു ജീവിച്ച അമ്മ ‘റിവിഷനിസം അല്ല മാർക്സിസം ആണ് പരിശീലിക്കേണ്ടത്. പിളരുകയും ചിതറുകയും ചെയ്യാതെ ഒന്നിച്ചു നിൽക്കണം’ എന്ന മാവോ വചനത്തിൽ ഉറച്ചു വിശ്വസിച്ചു.
സാർവ്വദേശീയ തൊഴിലാളിദിനത്തിൽ നക്സലേറ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ആ അമ്മ മകൾക്കെഴുതി ,
“മാർക്സിസം ശീലിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരു
വിപ്ലവകുടുംബം എന്നനിലയിൽ നമുക്ക് നമ്മുടെ ഐക്യം നിലനിർത്താൻ സാധിക്കുകയുള്ളൂ. റിവിഷനിസത്തിനു പകരം മാർക്സിസം ശീലിക്കുക. പോരാട്ടം, വിമർശനം, പരിവർത്തനം എന്നിവ നമുക്കിടയിൽ മുന്നോട്ടു കൊണ്ടുപോകുന്നത് വളരെ നല്ലതാണ്. അത് നമ്മുടെ മുഖം കഴുകി അഴുക്ക് വൃത്തിയാക്കുന്നത് പോലെയാണ്. നമ്മൾ ഒരു വർഗസമൂഹത്തിലാണ് ജീവിക്കുന്നത്. തലയ്ക്കുള്ളിൽ ഒളിപ്പിക്കപ്പെട്ട പാറക്കൂട്ടവും ആയാണ് നാം നടക്കുന്നത്. അത് നാം കണ്ടെത്തണം”
അക്കാലത്തെ ചില വിഖ്യാത തൊഴിൽസമരങ്ങൾ പരാജയപ്പെട്ടപ്പോൾ, ഭരണവർഗ്ഗം ആ സമരങ്ങൾ അടിച്ചമർത്തിയപ്പോൾ, വിപ്ലവം സ്വപ്നംകണ്ടു ജീവിച്ച അമ്മ പറയുന്നതിങ്ങനെ ,
“സമരങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കുന്ന തൊഴിലാളിവർഗ്ഗം തങ്ങളുടെ പ്രശ്നങ്ങൾ തീർക്കാൻ വിപ്ലവത്തിനു മാത്രമേ കഴിയു എന്ന ബോധ്യത്തിലെത്തണം ”
തടവറയിൽ കഴിയുന്ന മകളോട് അമ്മ ഇങ്ങനെയും എഴുതുന്നു:
“നിൻ്റെ വിപ്ലവഗാനം ഉയർന്ന തടവറ ഭിത്തികൾക്ക് അപ്പുറം കേൾക്കാം .അത് പുറത്ത് പ്രചോദനം സൃഷ്ടിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു .നീ മാത്രമല്ല മറ്റെല്ലാ സഖാക്കളും അങ്ങനെ പ്രചോദിപ്പിക്കുന്നവരാണ്”
കത്തിലെ പലയിടങ്ങളിലും അമ്മയുടെ സ്വയം വിമർശനങ്ങൾ കാണാം. അതിൽ ഒരെണ്ണം ഇങ്ങനെ.
“പരമ്പരാഗത ആശയങ്ങളുടെയും ശീലങ്ങളുടെയും അനിഷ്ട അവശിഷ്ടങ്ങൾ ഇപ്പോഴും ഒരു ദുർഭാരമായ് എന്നിൽ നിലനിൽക്കുന്നു. എല്ലാ അർത്ഥത്തിലും ഞാൻ നിന്നെക്കാൾ പിന്നിൽ തന്നെയാണ്. നിൻ്റെ വിമർശനങ്ങളിലൂടെയും മാർക്സ് , ലെനിൻ , മാവൊ എന്നിവരുടെ ആശയങ്ങളിലൂടെയും ഞാൻ അവ പുറന്തള്ളാൻ ഉറച്ച തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ”
വിപ്ലവത്തിൽ തോറ്റുപോയ എല്ലാവരുടെയും സങ്കടങ്ങളെയും എന്നന്നേക്കുമായി മാറ്റിവെക്കാൻ ഈ കൃതി ഒരുവട്ടം വായിച്ചാൽ മതിയാകും എന്നുമാത്രം പറയട്ടെ. സ്വന്തം ആശയങ്ങളെ പരിണയിച്ച് , മരണത്തെപ്പോലും ഭയക്കാതെ, നിശ്ചയദാർഢ്യത്തോടെ മുന്നേറുവാൻ, ഏത് ആശയക്കാരെയും ഏതു പ്രവർത്തകരെയും ജീവിതാന്ത്യം വരെ ഉത്തേജിപ്പിക്കാനുതകുന്ന കൃതിയിലെ രണ്ടു വാക്യങ്ങൾകൂടി പകർത്തിവെക്കുന്നു .
”അജി, കഴുമരത്തിലേറ്റപ്പെടുമ്പോൾ നമ്മളാരും ഒറ്റക്കാകില്ല ”
” അജി ,അച്ഛനെ ജീവനോടെയോ അല്ലാതെയോ കോടതിയിൽ ഹാജരാക്കുന്ന ദിവസം കാത്തിരിക്കുകയാണ് ഞാൻ. ”
അസാധാരണക്കാരിൽ അസാധാരണക്കാരിയായി ജീവിച്ച ഈ അമ്മ വിപ്ലവകാരിയായ തന്റെ മകളോട് ഏറ്റവും ഗംഭീരമായ ഒരു വാർത്ത എന്നു പറഞ്ഞുകൊണ്ട് എഴുതുന്ന ഒരു വാർത്തയുണ്ട് .
“1968 ൽ നിന്നെക്കുറിച്ച് എഴുതിയ മുദ്രാവാക്യം കൽക്കട്ട നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു മതിലിൽ ഇപ്പോഴും മായ്ക്കാതെ കിടക്കുന്നു. ആരും അത് മായ്ച്ചു കളയാൻ ഇതുവരെ തുനിഞ്ഞിട്ടില്ല. യുവാക്കൾ ഇപ്പോഴും ആ മുദ്രാവാക്യം കണ്ട് നിൽക്കുകയും താല്പര്യത്തോടെ അത് വായിക്കുകയും ചെയ്യുന്നുണ്ടത്രേ.”
കത്തുകൾ സമാഹരിച്ച സജി ജെയിംസ്, വിവർത്തകൻ ബിപിൻ ചന്ദ്രൻ, പ്രസാധനം നിർവ്വഹിച്ച പുസ്തക പ്രസാധക സംഘം, ഏവർക്കും അഭിവാദ്യങ്ങൾ.
വിപ്ലവത്തോട് അദമ്യമായ ആഗ്രഹം പുലർത്തിയ പ്രിയപ്പെട്ട അമ്മെ , കുന്നിക്കൽ നാരായണൻ എന്ന വിപ്ലവകാരിയുടെ ജീവിത പങ്കാളിയായി ഗുജറാത്തിൽനിന്നും മലയാളനാട്ടിലെത്തിയ അമ്മെ , അമ്മ സൂചിപ്പിച്ച യുവാക്കൾ അജിതയെക്കുറിച്ച് മതിലിലെഴുതിയത് വായിച്ച അതേ താൽപര്യത്തോടെയാണ് 70 കളിൽ അമ്മ എഴുതിയ കത്തുകൾ അരനൂറ്റാണ്ടിനു ശേഷവും ഞങ്ങൾ വായിക്കുന്നത് . 2006 ൽ തൻ്റെ വിപ്ലവ സ്വപ്നങ്ങളെല്ലാം ബാക്കി വെച്ച് അമ്മ ഈ ലോകത്തു നിന്ന് മറഞ്ഞെങ്കിലും അമ്മയുടെ ഈ എഴുത്തുകളും അമ്മയുടെയും മകളുടെയും മറ്റു സഖാക്കളുടെയും ജീവിതങ്ങളും ഞങ്ങളുടെ മനസ്സിൽ മായാതെ മങ്ങാതെ എന്നും നിലനിൽക്കും.
ഒരമ്മ മകള്ക്കയച്ച കത്തുകള്
രചന : മന്ദാകിനി നാരായണന്
പ്രസാധനം : പുസ്തക പ്രസാധന സംഘം
വില : 280 രൂപ







No Comments yet!