Skip to main content

രമേശ് ചെന്നിത്തലയുടെ ‘നിയോഗം’ വായിക്കുമ്പോൾ

രാഷ്ട്രീയ നേതാക്കള്‍ സര്‍ഗാത്മക സാഹിത്യ രചനയ്ക്ക് സമയം കണ്ടെത്തുന്നത് അപൂര്‍വ്വമാണ്. ചിലര്‍ കവിതകളോ ആസ്വാദനക്കുറിപ്പുകളോ എഴുതിക്കണ്ടിട്ടുണ്ട്. ഒരു നോവല്‍ എഴുതുക എന്നത് അല്‍പ്പം ആശ്ചര്യമുളവാക്കുന്ന കാര്യമാണ്. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി കെ രാമകൃഷ്ണന്‍ കല്ലിലെ തീപ്പൊരികള്‍ എഴുതിയിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് പി കേശവദേവ് നോവല്‍ എഴുതിത്തുടങ്ങിയത്. അദ്ദേഹം പിന്നീട് സാഹിത്യത്തിലേക്ക് പൂര്‍ണമായും തിരിഞ്ഞു. നാടകം എഴുതിയവരാണ് കെ ദാമോദരനും തോപ്പില്‍ ഭാസിയും. രണ്ടു പേരുടെ ശ്രമവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിപുലീകരണം എന്ന നിലയിലായിരുന്നു. അതൊക്കെ വളരെ മുമ്പാണ്. ഈയിടെ ഒരു രാഷ്ട്രീയ നേതാവിന്റെ നോവല്‍ പ്രകാശനം ആശ്ചര്യവും കൗതുകവും ഉളവാക്കി. അതു വായിക്കാതെ തരമില്ലെന്ന് വന്നു. അങ്ങനെയാണ് രമേശ് ചെന്നിത്തലയുടെ നിയോഗം എന്ന നോവലില്‍ ഞാന്‍ എത്തിപ്പെടുന്നത്.

Congress leader Ramesh Chennithala demands investigation into PM-KUSUM tender

രമേശ് ചെന്നിത്തലയെ ഇതുവരെ ഒരു സര്‍ഗാത്മക എഴുത്തുകാരനായി ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റേതായി കഥയോ ഇതര സാഹിത്യ സംരംഭങ്ങളോ കണ്ണില്‍ പെട്ടിട്ടുമില്ല. അതുകൊണ്ടുമാത്രം ‘അയ്യോ അദ്ദേഹം ഇതെങ്ങനെ എഴുതി’ എന്ന് അത്ഭൂതം കൂറുകയോ ‘അദ്ദേഹമാവില്ല എഴുതിയതെ’ന്ന് അവിശ്വാസത്തിന്റെ തീര്‍പ്പിലെത്തുകയോ ചെയ്യുന്നത് ശരിയല്ല.

രമേശ് ചെന്നിത്തലയുടെ ‘നിയോഗം’ മനോരമ ബുക്‌സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രകാശനം കഴിഞ്ഞിട്ടു ദിവസങ്ങളായെങ്കിലും പലരും അവിശ്വസനീയതയോടെ മാറി നില്‍ക്കുകയോ കണ്ണടയ്ക്കുകയോ നിശ്ശബ്ദത പുലര്‍ത്തുകയോ ആണ്. ഒരു രാഷ്ട്രീയ നേതാവിന് ഇങ്ങനെ നോവല്‍ എഴുതാന്‍ കഴിയുമോ എന്ന സന്ദേഹത്തിന്റെ നിഴല്‍ പലരിലും പരന്നു കിടക്കുന്നു. സ്വകാര്യമായി സംസാരിക്കുമ്പോള്‍ അവര്‍ അത് പ്രകടിപ്പിക്കുന്നു. എഴുത്തിനെ സംബന്ധിച്ചും മൗലികതയെ സംബന്ധിച്ചും ചില പഴഞ്ചന്‍ പ്രമാണങ്ങള്‍ ഇപ്പോഴും നമ്മെ വിട്ടുമാറിയിട്ടില്ല. സര്‍ഗപ്രഭവമെന്ന വിശുദ്ധതീര്‍ത്ഥം കലര്‍പ്പില്ലാതെ കനിഞ്ഞിറ്റിക്കുന്ന അനുഗ്രഹമാണ് ഓരോ എഴുത്തുകാരനിലും പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രചാരത്തിലുള്ള വിശ്വാസം. കലാനിര്‍മ്മാണത്തെ സംബന്ധിച്ച ഈ ഗൂഢബോധം രാഷ്ട്രീയപ്രവര്‍ത്തനത്തെ വിരുദ്ധ മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഭാവനയുടെ സ്വച്ഛന്ദധാരയാണ് രാഷ്ട്രീയ പ്രയോഗത്തിന്റെ കാതലെന്നത് ഏറെക്കുറെ നാം വിസ്മരിച്ചു തുടങ്ങിയിട്ടുണ്ട്. ആദര്‍ശം ചോര്‍ന്നുപോയ കാലത്തിന്റെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പാണത്. ഈ വിച്ഛേദത്തെ മറികടകക്കാന്‍ ‘നിയോഗം’പോലെയുള്ള കൃതികള്‍ പര്യാപ്തമാകുന്നു.

രമേശ് ചെന്നിത്തലയുടെ നോവലിനെ ശ്രദ്ധേയമാക്കുന്ന മുഖ്യഘടകം അതിന്റെ വായനാവഴക്കമാണ്. സുഗമമാണ് വായനാവഴി. തുടങ്ങിയാല്‍ ചേര്‍ത്തുകൊണ്ടുപോകും അവസാനം വരെ. പ്രമേയത്തില്‍ പുതുമയുണ്ടെന്ന് പറഞ്ഞുകൂടാ. പക്ഷേ, ആഖ്യാനത്തിലെ കൈവഴക്കം അത്ഭുതകരമാണ്. കഥപറയലിന്റെ കല രമേശില്‍ ഭദ്രമാണ്.
നോവലിന്റെ നവീനമായ രൂപപരിണാമവും അതിന്റെ സങ്കീര്‍ണമോ ദുരൂഹമോ ആയ അകവിക്ഷോഭങ്ങളും തേടുന്ന വായന ഇവിടെ നിരാശപ്പെട്ടേക്കും. എന്നാല്‍ വായനാപാരമ്പര്യത്തെ തുടര്‍ന്നു നീട്ടുന്ന പുതുകാല നോവല്‍രൂപമായി അതു തെളിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. മറുനാട്ടിലേക്ക് മാറിപ്പോകുന്ന ജീവിതപശ്ചാത്തലമാണ് പുതുകാല നോവലുകളില്‍ ധാരാളമായി കാണുന്നതെങ്കില്‍ ‘നിയോഗ’ത്തില്‍ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് കളംമാറ്റുന്ന മറുനാടന്‍ ജീവിതത്തിന്റെ അനുഭവചിത്രം കാണാം. കേരളം എന്ന ഈ അഭിമാനം തറവാട്ടിലേക്കുള്ള മടക്കമോ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പോ ആയി വായിക്കപ്പെടാം. മധുരതരമായ ഗൃഹാതുരതയോ ആപല്‍ക്കരമായ പുനരുത്ഥാനമോ ആയി വിമര്‍ശിക്കപ്പെടാം. മറ്റൊരു വിധത്തില്‍ പുതിയകാല രാഷ്ട്രീയഭൂമികയിലെ സംഘര്‍ഷങ്ങള്‍ അതിന്റെ പ്രഭവത്തില്‍ തിരിച്ചറിയപ്പെടുന്നു എന്നും പറയാം.

രമേശ് ചെന്നിത്തലയുടെ നോവലിന് നാനൂറോളം പേജുകളുണ്ട്. വായിക്കാന്‍ തീരുമാനിച്ചാല്‍ എളുപ്പം വായിച്ചുതീര്‍ക്കാം. ഭ്രമസങ്കേതങ്ങളോ വഴിവളവുകളോ തടസ്സം സൃഷ്ടിക്കുന്നില്ല. അപരിചിതമോ അജ്ഞാതമോ ആയ സ്ഥലരാശിയില്ല. ഇങ്ങനെ ആയാസമില്ലാതെ തീര്‍ക്കാവുന്ന ഒരു ലളിതവ്യവഹാരമാവരുത്
വായന എന്നു ശാഠ്യമുള്ളവര്‍ക്ക് ആദ്യ അദ്ധ്യായംകൊണ്ടേ അതു മാറ്റിവെക്കുകയുമാവാം. ഞാന്‍ രമേശ് ചെന്നിത്തലയുടെ നോവല്‍ എന്ന കൗതുകംകൊണ്ടാണ് വായിച്ചുതുടങ്ങിയത്. അത് വൃഥാവിലായെന്നോ സമയനഷ്ടം സംഭവിച്ചു എന്നോ ഞാന്‍ കരുതുന്നില്ല. വളരെ നേരത്തേ എഴുതാമായിരുന്ന ഒരു കൃതി ഇത്ര താമസിച്ചുപോയത് എന്തുകൊണ്ടാണെന്ന ആശ്ചര്യമേയുള്ളു. ഇനിയും ഇതുപോലെ നോവലുകള്‍ എഴുതാനുള്ള നിയോഗം രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടാവട്ടെ. ഈ എഴുത്തുത്സാഹത്തിന് ആശംസകള്‍.


നിയോഗം
രചന : രമേശ് ചെന്നിത്തല
പ്രസാധനം : മനോരമ ബുക്‌സ്
വില : 490 രൂപ

No Comments yet!

Your Email address will not be published.