Skip to main content

ഒരു ചിത്രകാരന്റെ യാത്രാ പുസ്തകം

ഒരു മനുഷ്യന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ വന്നുചേരുന്ന യാത്രകൾക്ക് നിർണായക സ്ഥാനമുണ്ട്. ഭാവി എന്ന പ്രതീക്ഷാനിർഭരമായ ഒരു കാലത്തിലേക്ക് നടന്നുപോകാനുള്ള ഭൂപടത്തിന്റെ പരിധി ഒരു മനുഷ്യനും അയാളെ സ്വാധീനിക്കുന്ന ചുറ്റുവട്ടങ്ങൾക്കും നിർണയിക്കാൻ കഴിയാത്തതാണ്. അവിടെനിന്നും ജീവിതത്തിന് പുതിയൊരു വഴി തേടാൻ മനുഷ്യർ നിർബന്ധിതരാവുന്നു. അങ്ങനെയാണ് ലോകത്തിലെ ഓരോ മനുഷ്യരും അവരവരുടേതായ സാമൂഹിക അസ്തിത്വത്തെയും രാഷ്ട്രീയ നിലപാടിനെയും രൂപപ്പെടുത്തിയത്. അതിൽ യാത്ര നിർവഹിച്ച പങ്കിനെ മാറ്റിനിർത്തിക്കൊണ്ട് ഒരുതരത്തിലുള്ള ജീവിതാവസ്ഥയെയും നമുക്ക് വിലയിരുത്താൻ കഴിയില്ല. എന്നാൽ വ്യക്തികേന്ദ്രീകൃതമായി നടത്തേണ്ടിവന്ന യാത്രകൾ പിന്നീട് സാമൂഹിക വ്യവഹാരങ്ങളെ രൂപപ്പെടുത്തിയതിന്റെ നിരവധി അനുഭവങ്ങൾ നമുക്കുമുമ്പിലുണ്ട്. ഇങ്ങനെ നാടിനെയും ലോകത്തെയും മാറ്റിത്തീർത്ത മഹാമനുഷ്യരുടെ യാത്രകൾ നിരവധിയാണ്. അത്തരം യാത്രകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ഇത്തരം വസ്തുതകൾക്കിടയിലാണ് സാധാരണ മനുഷ്യരുടെ ജീവിതത്തിലും യാത്ര ഏതൊക്കെ വിതാനങ്ങളിലൂടെയാണ് സമൂഹത്തെ സ്വാധീനിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത്. മനുഷ്യാവസ്ഥയെ രൂപപ്പെടുത്തുന്നതിൽ യാത്ര വഹിച്ച പങ്കിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഏതൊരു സാമൂഹിക-രാഷ്ട്രീയ വിശകലനവും അപൂർണമായിരിക്കും. അത്രമാത്രം ആഴമുണ്ട് ഏതൊരു യാത്രയ്ക്കും. അതേസമയം യാത്രകൾ തന്നെ പല രീതിയിൽ രൂപപ്പെടാറുണ്ട്. ഒന്ന്, നിശ്ചിതകാലത്തേക്കുള്ള മുൻകൂട്ടി തയ്യാറാക്കിയുള്ള പുറപ്പാടുകളാണ്. അതാകട്ടെ, യാത്ര ചെയ്യുന്നവരെയും എത്തുന്ന ദേശത്തെയും കുറിച്ചുള്ള അവബോധം സഞ്ചാരികൾക്ക് നേരത്തേ ഉണ്ടായിരിക്കുന്നതായിരിക്കും. എന്നാൽ ചില യാത്രകൾ തികച്ചും യാദൃശ്ചികമായിരിക്കും. യാദൃശ്ചികത ജീവിതത്തെ ഉടനീളം പൊതിഞ്ഞുനിൽക്കുന്ന ഒരവസ്ഥയാണ്. പ്രത്യേക രൂപഭാവമില്ലാതെ സൃഷ്ടിക്കപ്പെടുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഓരോ യാദൃശ്ചികതയും മറ്റൊരു അവസ്ഥാവിശേഷത്തെ രൂപപ്പെടുത്തുന്നത്. പലപ്പോഴും സ്ഥിരതയുള്ളിടത്ത് യാദൃശ്ചികത സൃഷ്ടിക്കുന്ന അനുഭവങ്ങളെ ചിന്താപരമായോ വസ്തുതാപരമായോ പരമാവധി മാറ്റത്തിന് വിധേയമാക്കാവുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി രൂപപ്പെടുന്ന ജീവിതസാഹചര്യങ്ങളിൽ യാദൃശ്ചികത ഉണ്ടാക്കുന്ന ഇടപെടൽ നമ്മുടെ മുൻതീരുമാനങ്ങളെ അടിമുടി മാറ്റിപ്പണിയുന്നു. അതൊരുവിധത്തിലും നേരത്തേ നിശ്ചയിച്ചതോ തീരുമാനിച്ചതോ ആയ പദ്ധതി പ്രകാരം രൂപപ്പെടുന്ന യാത്രകളല്ല. ഭക്ഷണം കഴിക്കുന്ന സമയത്തോ സ്ഥലത്തോ ജോലിക്കിടയിലോ രൂപപ്പെടുന്ന യാത്രകൾ പലപ്പോഴും അവനവന്റെ ആവശ്യങ്ങൾക്കുവേണ്ടിയല്ല എന്നതാണ് യാഥാർഥ്യം. അന്യരുടെ ആവശ്യങ്ങൾക്കുവേണ്ടി അവനവൻ രൂപപ്പെടുത്തുന്ന ഇടപെടൽ ഉണ്ടാകുന്നത് തികച്ചും യാദൃശ്ചികമായിട്ടായിരിക്കും. എന്നാൽ ആ യാദൃശ്ചികത വ്യക്തിയിൽ ഏതൊക്കെ അർത്ഥത്തിലാണ് മനുഷ്യത്വത്തെയും സഹാനുഭൂതിയെയും സ്നേഹത്തെയും ദുഃഖത്തെയും ഏകാന്തതയെയും രൂപപ്പെടുത്തുന്നതെന്ന് മനസ്സിലാകണമെങ്കിൽ അത്തരം യാത്രകളെ നമ്മൾ വായിക്കുകതന്നെ വേണം.

രമേഷ് പെരുമ്പിലാവ് എഴുതിയ അലച്ചിലുകളുടെ രേഖാചിത്രങ്ങള്‍ : ഒരു പ്രവാസിയുടെ യാത്രകള്‍ എന്ന പുസ്തകം അത്തരത്തിലുള്ള ഇരുപത്തിരണ്ട് യാദൃശ്ചിക യാത്രകളുടെ വായനയാണ് നമുക്ക് സമ്മാനിക്കുന്നത്. ഇത്തരം യാത്രകളുടെ മറ്റൊരു സവിശേഷത, അവയൊന്നും ജനിച്ച നാടിന്റെ സാമൂഹികാവസ്ഥയിൽനിന്നോ ജീവിതപരിസരങ്ങളിൽനിന്നോ ഉണ്ടായതല്ല എന്നതാണ്. അതുണ്ടായത് എഴുത്തുകാരന്റെ തൊഴിൽജീവിതത്തിന്റെ മണ്ണിൽ നിന്നാണ്. അവിടെ അയാൾ ഒരു ചിത്രകാരൻ കൂടിയാണ്. അതുമായി ബന്ധപ്പെട്ടതാണ് അയാളുടെ ജോലി. അങ്ങനെ എഴുത്തുകാരൻ കുടിയേറ്റ മനുഷ്യനാകുന്നു. തനിക്ക് ചുറ്റും തന്നെപ്പോലുള്ള മറ്റ് അനേകം കുടിയേറ്റ മനുഷ്യരുടെ ഇടപെടൽ അയാളിലെ മനുഷ്യസ്വഭാവഗുണത്തെ സ്ഥാപിച്ചെടുക്കുന്നുണ്ട് പുസ്തകത്തിലെ ഓരോ യാത്രാനുഭവങ്ങളും. തൊഴിൽക്കുടിയേറ്റത്തിൽ നിന്നാണ് ഈ പറിച്ചുനടപ്പെടുന്ന മനുഷ്യരുടെ നിരവധിയായ വേദനകളും ദുഃഖങ്ങളും ഏകാന്തതയും നിറഞ്ഞ യാത്രകൾ തുടങ്ങുന്നതും അവസാനിക്കുന്നതും. അവിടെ അനേകം മനുഷ്യരിൽ ഓരോരുത്തരും ഒറ്റപ്പെട്ട തുരുത്തുകളിലെ ദുഃഖിതരാകുന്നത് അവരുടെ ജീവിതത്തിന്റെ സവിശേഷതകൊണ്ടുകൂടിയാണ്. അവിടെ എഴുത്തുകാരൻ തനിക്ക് ചുറ്റുമുള്ള, തനിക്ക് അറിയാവുന്ന കുറെ മനുഷ്യരെ സംഘർഷാത്മകമായ മാനസികാവസ്ഥയിൽനിന്ന് മോചിപ്പിക്കുന്ന മാന്ത്രികൻ കൂടിയാണ്. അയാളുടെ സാന്നിധ്യം ഏകാന്തതയുടെ ഭൂഖണ്ഡത്തിൽനിന്ന് സൗഹൃദങ്ങളെ എളുപ്പത്തിലും അനായാസത്തിലും മോചിപ്പിക്കുന്നു. അങ്ങനെ സ്വയം മോചനം ആഗ്രഹിച്ച അനേകം മനുഷ്യരെ ഈ പുസ്തകത്തിൽ നമുക്ക് കാണാം. അവരിൽ ചിലർ നമ്മുടെ വായനയിലേക്ക് കടന്നുവരുമ്പോൾ നമുക്ക് തികച്ചും അപരിചിതരാണ്. അവർ മലയാളിയോ ഇന്ത്യക്കാരോ അല്ല. ശ്രീലങ്ക, ഫിലിപ്പൈൻസ്, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യരും അറബികളും ഈ യാത്രയിൽ സഞ്ചാരികളായി എത്തുന്നു. അത്തരമൊരവസ്ഥയിൽ കുടിയേറ്റജീവിതാനുഭവത്തിന്റെ ഭാരം പേറുന്ന എഴുത്തുകാരനെ സംബന്ധിച്ച് ഐഡന്റിറ്റി എന്നത് മാനവികതയെയും സാഹോദര്യത്തെയും പങ്കുവെക്കുന്നതിന് വിഘാതമാകാത്ത ഒരു സാങ്കേതിക പദം മാത്രമാവുന്നു.

ഈ പുസ്തകത്തിന്റെ സവിശേഷതയായി നമുക്ക് അനുഭവപ്പെടുന്നത് എഴുത്തിലെ മനുഷ്യപക്ഷമാണ്. എവിടെയാണ് ഒരാളുടെ മനുഷ്യപക്ഷം തെളിഞ്ഞുനിൽക്കുന്നത്? അത് ഭാവനയിലൂടെ നിർമ്മിച്ചെടുക്കുന്ന സാങ്കൽപ്പിക കഥാപാത്രമാണെങ്കിൽപ്പോലും ആ കഥാപാത്രത്തിന് ജീവിതത്തിന്റെ ഉപ്പുരസം ഉണ്ടാവുക സ്വാഭാവികം. എന്നാൽ ഇവിടെ സാങ്കൽപ്പികത എന്നത് യാദൃശ്ചികതയിൽ നിന്നുണ്ടാകുന്ന തോന്നലുകൾ മാത്രമാണ്. എല്ലാം സംഭവിച്ചതാണ്. പുസ്തകത്തിന്റെ ഒന്നാമത്തെ അധ്യായത്തിൽ പറയുന്ന രണ്ട് സഹോദരങ്ങളുടെ യാത്ര ഭാവനയോ സാങ്കൽപ്പികതയോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം മാജിക്കൽ റിയലിസത്തിന്റെ മാന്ത്രികത എഴുത്തിൽ പ്രകടമാണ്. അത് സംഭവിച്ചു എന്ന യാഥാർഥ്യത്തിനു മുമ്പിൽ അത്തരം സാഹസികതയിലേക്ക് മനുഷ്യരെ എത്തിക്കുന്ന ജീവിതാവസ്ഥയാണ് ആ എഴുത്തിലെ ശക്തിയും കരുത്തും. ഇങ്ങനെ ഇരുപത്തിരണ്ട് യാത്രകളിലും വ്യത്യസ്തരായ മനുഷ്യർ അനുഭവിക്കുന്ന സംഘർഷപൂരിതമായ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരു വഴികാട്ടിയായി എഴുത്തുകാരൻ മാറുകയാണ്. അയാൾക്ക് ഈ യാത്രകളൊന്നും തന്റെ മനസ്സിനെയും ശരീരത്തെയും ഉന്മത്തമാക്കാനുള്ള യാത്രകളായിരുന്നില്ല. പല നേരങ്ങളിൽ പല ദിവസങ്ങളിലായി ഏറ്റവും പ്രിയപ്പെട്ടവർ അയാളെ തെരഞ്ഞെടുക്കുകയാണ്. ആ തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് ദീർഘനാളത്തെ കാത്തിരിപ്പിനുശേഷമുള്ള ആലിംഗനത്തിനു വേണ്ടിയാണ്. എന്നാൽ പ്രണയവും വേർപിരിയലും അതുണ്ടാക്കുന്ന ആത്മസംഘർഷങ്ങളുടെ ഭൂകമ്പങ്ങൾക്കും സാക്ഷിയായി എഴുത്തുകാരൻ മാറുന്നു. പിന്നീട് അത് മനസ്സിൽ കിടന്ന് പിടയുമ്പോൾ അനുഭവിക്കുന്ന സംഘർഷത്തിൽനിന്നുള്ള മോചനത്തിന്റെ വഴിയാണ് ഇതിലെ ഓരോ യാത്രാവിവരണങ്ങളും. ഏറ്റവും പുതിയ കാലത്തെ കുടിയേറ്റമണ്ണിലെ ജീവിതാവസ്ഥ മുതൽ തന്റെ [മൂന്ന് (?) പതിറ്റാണ്ട്] പിന്നിട്ട കുടിയേറ്റജീവിതത്തിന്റെ ആരംഭകാലത്ത് അനുഭവിച്ച തീക്ഷ്ണമായ അനുഭവങ്ങൾകൂടി ഈ യാത്രാപുസ്തകത്തെ വേറിട്ടതാക്കുന്നു.

സാധാരണ യാത്രാവിവരണങ്ങളിൽനിന്നും ഈ പുസ്തകം വ്യത്യസ്തമാകുന്നതിന് പല കാരണങ്ങളുണ്ട്. ദേശാന്തരജീവിതത്തിന്റെ ഭാഗമായി എഴുതിയ യാത്രാപുസ്തകങ്ങളിൽ നാം കണ്ട കാഴ്ചകളും അതിന്റെ വിവരണങ്ങളും മറ്റൊരു യാത്രയ്ക്ക് വായനക്കാരെ ഒരുക്കുമ്പോൾ ഈ പുസ്തകം ഒരിക്കലും വായനക്കാരനെ യാത്രയിലേക്ക് ക്ഷണിക്കുന്നില്ല. മറിച്ച്, പുസ്തകത്തിന്റെ ആരംഭം മുതൽ അവസാനം വരെ യാത്രയിൽ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യർ, അവർ പറഞ്ഞുതരുന്ന ജീവിതം, അവർ അനുഭവിക്കുന്ന വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ എഴുത്തുകാരനിലൂടെ വായനക്കാരന് ലഭിക്കുന്ന തിരിച്ചറിവുകളാകുന്നു. ഇതൊക്കെ അയാളുടെ ജോലിയുടെ ഭാഗമായി സംഭവിച്ചതാണ്. ഒരു ചിത്രകാരനായി യു.എ.ഇയിൽ കുടിയേറ്റജീവിതം ആരംഭിച്ച രമേഷ് ചിത്രരചനയിലൂടെ എഴുത്തുകാരനായി മാറുമ്പോൾ കണ്ട കാഴ്ചകളും വിവരണങ്ങളും സ്വന്തം ജീവിതത്തിന്റെ ഉപ്പിലേക്ക് അലിഞ്ഞുചേർന്ന അനുഭവമായി മാറുകയാണ്. ഒരു ചിത്രകാരന്റെ ഈ യാത്രാപുസ്തകം വായനക്കാരനെ യാത്രക്കാരനാക്കി മാറ്റുന്നില്ല. അയാളോട് യാത്രയിൽ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ പറയുന്നില്ല. പകരം അവനവന്റെ മനസ്സിലേക്ക് നോക്കാനാണ് പറയുന്നത്. ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിൽനിന്ന് വന്ന് ദുഃഖവും ഏകാന്തതയും വിരസതയും പേറി, കീറിത്തകർന്ന സ്വപ്നങ്ങളുമായി ജീവിക്കുന്ന അനേകം മനുഷ്യരെ നമ്മൾ കണ്ടുമുട്ടുന്നു. ആ മനുഷ്യർക്ക് തണലായി, ആശ്വാസമായി ഈ പുസ്തകത്തിലെ യാത്രകൾ മാറുമ്പോൾ ആ യാത്രയ്ക്ക് സാക്ഷി മാത്രമല്ല എഴുത്തുകാരൻ; കാരണക്കാരൻ കൂടിയാണ്. ഇങ്ങനെ വ്യത്യസ്തമായ ജീവിതാനുഭവത്തിന്റെ കരുത്തും ശക്തിയുമായി മാറുകയാണ് ഒരു ചിത്രകാരന്റെ യാത്രാപുസ്തകം.

*****

അലച്ചിലുകളുടെ രേഖാചിത്രങ്ങള്‍
ഒരു പ്രവാസിയുടെ യാത്രകള്‍
രചന : രമേഷ് പെരുമ്പിലാവ്
പ്രസാധനം : ചിന്ത പബ്ലിഷേഴ്‌സ്
വില : 270 രൂപ


ഇ.കെ. ദിനേശൻ

കോഴിക്കോട് ജില്ലയിലെ വടകര കുന്നുമ്മക്കരയിൽ എരഞ്ഞാംകുന്നത്ത് കുമാരന്റെയും ജാനുവിന്റെയും മകനായി ജനനം. ഓർക്കാട്ടേരി എംപ്ലോയീസ് സഹകരണ ബാങ്കിൽ ജീവനക്കാരനായിരുന്നു. ഇരുപത്തി രണ്ട് വർഷമായി ദുബായിൽ ജോലി ചെയ്യുന്നു.

പുസ്തകങ്ങൾ : ആ​ഗോളവത്കരണവും ഡോ. ലോഹ്യയുടെ ഏകലോകദർശനവും, ​ഗൾഫ് കുടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പ് വായന, ജീവിതം വെയിലും തണലും, ധ്യാനപ്രവാസം (ലേഖന സമാഹാരങ്ങൾ), ആടുജീവിതം; വായന വിചാരണം, പ്രവാസജീവിതം, നിതിൻരാജ്; ജാതി (എഡിറ്റർ), ഒരു പ്രവാസിയുടെ ഏകാന്തദിനങ്ങൾ (ഓർമ, അനുഭവം), മരണത്തിന്റെ മരുന്നുവിൽപ്പനക്കാരൻ (ചെറുകഥ), കഥാപ്രവാസം (ചെറുകഥകൾ-എഡിറ്റർ), കോവിഡ് കാലവും പ്രവാസജീവിതവും, രാഷ്ട്രീയകേരളത്തിന്റെ പിൻനടത്തങ്ങൾ, പ്രവാസത്തിന്റെ വർത്തമാനം, ഇന്ത്യ@75 ​ഗാന്ധി അംബേദ്കർ ലോഹ്യ, കാലം ദേശം സംസ്കാരം കുടിയേറ്റത്തിന്റെ ചരിത്രവും വർത്തമാനവും (ലേഖനങ്ങൾ).

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.