‘കഥ കൊണ്ട് നാമാടി പല ജന്മമമൊന്നില്
കഥ കൊണ്ട് കാലമോ നക്ഷത്രകോടി’
എന്ന് കെ ജി എസ് തന്റെ കഥനം എന്ന കവിതയില്‍ പറയുന്നുണ്ട്.ഒറ്റജന്മത്തില്‍ അനേകം ജീവിതങ്ങള്‍ ജീവിക്കാന്‍ കഥകളിലൂടെ സാധിക്കുന്നു. മനുഷ്യകുലത്തിന്റെ വ്യത്യസ്താനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാലം നക്ഷത്രകോടിയായി പെരുകുന്നു. ‘കഥയ മമ, കഥയ മമ, കഥകളതിസാദരം’ എന്ന എഴുത്തച്ഛന്റെ പ്രാര്‍ത്ഥന ഇപ്പോഴും തുടരുന്നു. ഹരിദാസ് നരീക്കലിന്റെ യാന്തിയ സ്പിര എന്ന പുതിയ കഥാസമാഹാരം വൈവിധ്യമാര്‍ന്ന മനുഷ്യാനുഭവങ്ങളെ ആവിഷ്കരിക്കുന്നവയാണ്. അഞ്ചു കഥകള്‍ മാത്രമുള്ള ചെറുപുസ്തകമാണിതെങ്കിലും കഥകളുടെ ആഴം പരപ്പിനെ മറികടക്കുന്നുണ്ട്.
ഭ്രമാത്മകലോകത്തിന്റെ മാന്ത്രികാന്തരീക്ഷം നിറഞ്ഞവയാണ് മിക്ക കഥകളും. സ്വതന്ത്രമായി പറക്കുന്ന പട്ടങ്ങള്‍ പുതിയ ആകാശങ്ങള്‍ തേടും പോലെയുള്ള ഭാവനാപരീക്ഷണങ്ങള് കഥകളില്‍ കാണാം. അപ്പോഴും അവയുടെ വേരുകള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പച്ചമണ്ണിലാണ് ആഴ്ന്നുനില്‍ക്കുന്നത്.പ്രമേയവൈവിധ്യം കഥകളെ ഏകതാനതയുടെ വിരസതയില്‍ നിന്നും മോചിപ്പിക്കുന്നു.കഥയെ ബഹുസ്വരമാക്കുന്നത് ജീവിതത്തിലെ വൈരുദ്ധ്യങ്ങളും പലമയുമാണ്. ഫ്രഞ്ച് തത്ത്വചിന്തകനായ റാന്‍സിയെ ജീവിക്കുന്ന വൈരുദ്ധ്യാത്മകത (Living Dialectic) എന്നാണ് സാഹിത്യത്തെ വിശേഷിപ്പിക്കുന്നത്. ഹരിദാസിന്റെ കഥകളിലെ പ്രമേയപരമായ നാനാവിധത്വം ജീവിതത്തിന്റെ തന്നെ ബഹുത്വത്തില്‍ നിന്ന് വരുന്നവയാണ്.

പ്രാചീന് പാഖി
വാക്കും എഴുത്തുകാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പ്രാചീന് പാഖി. ഒരു ബംഗാളി വാക്കാണ് കഥയിലെ നായിക. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘പൂരബി ‘എന്ന കാവ്യകൃതിയുടെ രചനാസന്ദര്ഭത്തിലുണ്ടായ എഴുത്തുസംഘര്ഷങ്ങളും കഥയില്‍ സമാന്തരമായി അവതരിപ്പിക്കുന്നു. 1925 ലാണ് ടാഗോറിന്റെ പൂരബി പ്രസിദ്ധീകരിക്കപ്പെടുന്നത്. ടാഗോറിനെ പോലെയുള്ള വലിയൊരു വ്യക്തിത്വത്തെ കഥയില്‍ ചിത്രീകരിക്കുമ്പോഴും വാഴ്ത്തലിന്റെയും വീഴ്ത്തലിന്റെയും രീതി കഥാകാരന് സ്വീകരിക്കുന്നില്ല. ഇത്തരം നിലപാട് കഥയെ സൗന്ദര്യശാസ്ത്രപരമായി ദൃഢമാക്കുന്നു. ടാഗോറിനെയും അദ്ദേഹത്തിന്റെ രചനാസന്ദര്ഭങ്ങളെയും ചരിത്രവല്ക്കരിക്കുന്നതിലാണ് കഥയുടെ മികവ്.
കഥയെഴുതാനായി പുതിയ വാക്കുകള്‍ തേടുന്നു എന്ന പത്രപരസ്യം കണ്ടാണ് ബംഗാളിപദം കഥാകൃത്തിനെ തേടിയെത്തുന്നത്. സ്ത്രീരൂപത്തിലായിരുന്നു വാക്കിന്റെ വരവ്. അവളെ കണ്ടപ്പോള്‍ നഗരത്തിലെ ട്രാഫിക്കില്‍ കിടക്കുമ്പോള്‍ എന്തൊക്കെയോ വില്‍ക്കാനായി കാറിന്റെ ചില്ലില്‍ തട്ടിയ നാടോടി പെണ്‍കുട്ടിയുടെ മുഖമാണ് കഥാകൃത്തിന് ഓര്‍മ്മ വന്നത്. കുമാരനാശാന്റെ വീണപൂവിലെ പെണ്മയ്ക്ക് മലയാളിത്തമാണ് കവി നല്കിയിരിക്കുന്നതെങ്കില് ബംഗാളിപദത്തിന് ബംഗാളിസ്ത്രീത്വത്തിന്റെ അടയാളങ്ങള്‍ കഥാകൃത്ത് ചാര്‍ത്തിയിരിക്കുന്നു.
രണ്ടുകാലങ്ങള്‍ കഥയില്‍ സമന്വയിക്കപ്പെടുന്നുണ്ട്. 1925 കാലഘട്ടത്തിലെ ടാഗോറിന്റെ കാവ്യരചനാവേളയും നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ബംഗാളിപദം കഥാകൃത്തിനെ കാണാനെത്തുന്ന സമകാലവുമാണ് കഥയിലെ കാലദ്വന്ദ്വം. ടാഗോര്‍ പുതിയ പുസ്തകം രചിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഉത്സവം വന്ന പോലെ വാക്കുകള്‍ സന്തോഷിച്ചു. മഹത്തായൊരു കാവ്യത്തിന്റെ ഭാഗമാകുന്ന ആത്മനിര്‍വൃതിയിലായിരുന്നു അവ. എഡിറ്റിങ്ങിന്റെ ഭാഗമായി ടാഗോര്‍ ചില വാക്കുകളെ കൃതിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ വാക്കുകള്‍ ഞെട്ടി. വിളിച്ചുവരുത്തിയശേഷം വിരുന്നില്ലെന്ന് പറയുന്നതുപോലെ പരിഭവിച്ചു. കൃതികളില്‍ നിന്ന് പുറന്തള്ളപ്പെടുമ്പോള്‍ വാക്ക് എടുക്കാനാണയമായി മാറില്ലേ? അപ്രകാരം വെട്ടിത്തിരുത്തപ്പെട്ട ഒരു ബംഗാളിപദം നൂറ്റാണ്ടിനു ശേഷം 2026 ല്‍ കഥാകൃത്തിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ് പ്രമേയപരിസരം.
ഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള അനേകം സൂചനകള്‍ കഥയില്‍ കാണാം. കാലപ്രവാഹത്തില്‍ വാക്കുകള്‍ക്ക് പല പരിണാമങ്ങളും സംഭവിക്കുന്നു. അര്ത്ഥസങ്കോചവും അര്ത്ഥവികാസവുമുണ്ടാകുന്നു. സോകാല്‍, ചാബി, ഷിയൂലി, ഗഹോന്, ഓശ്രു, നിര്ജോന് തുടങ്ങിയ ബംഗാളിപദങ്ങളും പല സന്ദര്‍ഭങ്ങളിലായി കഥയില്‍ കടന്നുവരുന്നു.ഒരുകാലത്ത് ടാഗോറിന്റെ പ്രിയപ്പെട്ട വാക്കായിരുന്നു താനെന്ന് ആഗത പരിചയപ്പെടുത്തുന്നു. എന്നാല്‍ സര്ഗാത്മകവേളയില് വരികളേക്കാള്‍ മൂല്യം വരകള്ക്കാണെന്ന ചിന്തയില്‍ അദ്ദേഹം തന്നെ ഒരു ചിത്രരൂപമാക്കിയെന്ന് അവള് സങ്കടം പറയുന്നു. വാക്കുകളെ നക്ഷത്രങ്ങളാക്കി മാറ്റുന്നത് എഴുത്തുകാരാണ്. വാക്കിന് അയല്‍ക്കാരായി പുതിയ വാക്കുകളെത്തുമ്പോള് വാക്കിന്റെ സാമാന്യമായ അര്‍ത്ഥം മാറുകയും സവിശേഷാര്‍ത്ഥങ്ങള്‍ കൈവരികയും ചെയ്യുന്നു. വാക്കില്‍ സംഗീതപ്രവാഹങ്ങള് നിറയ്ക്കുന്നതും സമീപപദങ്ങള് സൃഷ്ടിക്കുന്ന ലയം മൂലമാണ്. പദങ്ങളെ സവിശേഷചേരുവയിലും ചാരുതയിലും കോര്‍ത്തിണക്കി പുതിയ ആശയലോകങ്ങളും ഭാഷാലോകങ്ങളും എഴുത്തുകാരന് സൃഷ്ടിക്കുന്നു. അര്‍ത്ഥങ്ങളുടെ ബഹുസ്വരലോകങ്ങളും ചരിത്രത്തിന്റെ ആഴങ്ങളും വാക്കിനുള്ളില്‍ എഴുത്തുകാരന് ഒളിപ്പിക്കുന്നു. സര്ഗ്ഗവേളയിലെ ചില നിമിഷങ്ങളില്‍ വാക്കുകളെ ചിത്രരൂപങ്ങളാക്കി ടാഗോര്‍ മാറ്റുന്നുണ്ട്. നിര്ജോന് എന്ന വാക്കിനെ മൃഗരൂപമാക്കി. ഷിയൂലി ഒരു പാരിജാതപ്പൂവായി. വരകളെക്കാള്‍ ശ്രേഷ്ഠമാണ് വാക്കുകള്‍ എന്നൊരു ധ്വനി കഥയിലുണ്ട്. വാക്കിനുള്ളില്‍ ലോകബോധവും ചരിത്രവും ജീവിതസാഗരങ്ങളും കടുകിലെ കടല്‍ പോലെ അടയിരിക്കുന്നു. വാക്കുകള്‍ ചിത്രങ്ങളായി രൂപം മാറുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്നാണ് ആഗത പറയുന്നത്.
കഥാകൃത്തും വാക്കും തമ്മിലുള്ള സംഭാഷണത്തിനിടയില്‍ സമീപത്തുള്ള പുസ്തകറാക്കിലെ ശബ്ദതാരാവലി അവള് പരിശോധിക്കുന്നുണ്ട്. നിഘണ്ടുക്കള്‍ വാക്കുകളുടെ ശ്മശാനങ്ങളാണ്. അവയിലുള്ള എണ്‍പതുശതമാനം വാക്കുകളും മരണമടഞ്ഞവയാണ്. കാരണം അത്തരം വാക്കുകള്‍ ദൈനംദിനജീവിതത്തില്‍ ആരും ഉപയോഗിക്കുന്നില്ല. മലയാളത്തില്‍ കഥ എഴുതുന്ന തനിക്കെന്തിനാണ് ബംഗാളിവാക്കുകള് എന്ന് കഥാകൃത്ത് ശങ്കിക്കുന്നു. ഒരുപക്ഷേ ഭാവിയില്‍ താങ്കള്‍ക്കും ബംഗാളി കഥകള്‍ എഴുതേണ്ടി വന്നേക്കാം.
അതിഥിതൊഴിലാളികളായി അനേകം ബംഗാളികള്‍ കേരളത്തിലേക്ക് കുടിയേറുകയും കേരളീയയുവത്വം വിദേശരാജ്യങ്ങളില്‍ പുതിയ വാസസ്ഥലങ്ങള്‍ തേടുകയും ചെയ്യുന്ന സവിശേഷകാലത്തെ കഥ അടയാളപ്പെടുത്തുന്നു. ഭാവിയില്‍ മലയാളികള്‍ ബംഗാളിഭാഷയില്‍ കഥയെഴുതില്ലെന്ന് ആരു കണ്ടു? ബംഗാളിപദം പുതുസാധ്യതകള്‍ തേടുമ്പോള്‍ പുതിയ വഴികളൊരുക്കുന്ന ദീര്‍ഘവീക്ഷണമായി കഥ മാറുന്നു.
കോമാറ്റി
വാക്കുകളുടെ കഥയാണ് പ്രാചീന് പാഖി. അക്ഷരങ്ങളുടെയും ഭാഷാചിഹ്നങ്ങളുടെയും കഥയാണ് കോമാറ്റി. ഇംഗ്ലീഷിലെ വല്യക്ഷരമായ റ്റി യും കോമ എന്ന ഭാഷാചിഹ്നവും തമ്മിലുള്ള പ്രണയത്തെയാണ് കഥയില്‍ ആവിഷ്കരിക്കുന്നത്. അക്ഷരങ്ങള്‍ക്കിടയിലും പ്രണയമോ എന്ന് സന്ദേഹിയാകാന്‍ വരട്ടെ. നമ്മുടെ പ്രതീക്ഷകളും സങ്കല്പ്പനങ്ങളും പോലെയല്ലല്ലോ പ്രണയത്തിന്റെ ഗതിവിഗതികള്‍. അക്ഷരങ്ങളെ നാം സ്നേഹിച്ചു തുടങ്ങുമ്പോള്‍ അവയ്ക്കും ജീവിതമുണ്ടാകും. അവയ്ക്കും പ്രണയവും വിരഹവും കുശുമ്പും കുന്നായ്മയുമെല്ലാമുണ്ടാകും. അവയും മനുഷ്യരെപ്പോലെ പെരുമാറിത്തുടങ്ങും. അക്ഷരവും ചിഹ്നവും കാമുകീകാമുകരാകുമ്പോള് അവര്‍ക്കിടയില്‍ രൂപപ്പെടുന്ന പ്രണയഭാഷണങ്ങളും വാത്സല്യനോട്ടങ്ങളും കഥയില്‍ മനോഹരമായ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. പ്രണയയാത്രയിലെ പരീക്ഷണങ്ങളും സങ്കടങ്ങളും വിരഹവുമെല്ലാം വൈകാരികതീവ്രതയോടെ ആവിഷ്കരിച്ചിരിക്കുന്നു. സമാന്തരമായി ലിപിവിദഗ്ധനായ ക്ലോഡ് ഗാരമോണ്ടിന്റെ ജീവചരിത്രവും ആവിഷ്കരിച്ചിരിക്കുന്നു. ക്ലോഡിന്റെ ജീവിതത്തിലെ ദുരിതങ്ങളും രണ്ടാം ഭാര്യയായ ഇസബെയുടെ ക്രൂരതകളും ഒടുവില്‍ ജീവിതപരാജയങ്ങളില്‍ ഉഴറിയുള്ള മരണവും അക്ഷരപ്രേമത്തിനൊപ്പം ആവിഷ്കരിച്ചിരിക്കുന്നു.
ടൈപ്പോഗ്രാഫറും ഡിസൈനറുമായ കഥാകൃത്തിന്റെ ആത്മഭാവത്തെ പ്രതിഫലിപ്പിക്കുന്ന കഥയായി കോമാറ്റി വായിക്കാവുന്നതാണ്. കാരൂരിന്റെ മരപ്പാവകളിലെ നളിനി എന്ന കഥാപാത്രം സൃഷ്ടിക്കുന്ന പാവകളില്‍ അവളുടെ ആത്മഭാവവും സര്ഗാത്മഗാത്മകാവിഷ്കാരവും കാണാം. നളിനിയുടെ ജീവിതത്തിലെ പ്രണയവും രൗദ്രഭാവവുമെല്ലാം അവള് സൃഷ്ടിക്കുന്ന പാവകളിലും പ്രതിഫലിക്കുന്നുണ്ട്. ക്ളോഡ് ഗാരമോണ്ടിന്റെ അക്ഷരജീവിതം ആവിഷ്കരിക്കുന്ന കഥയില്‍ ടൈപ്പോഗ്രാഫറായ കഥാകൃത്തിന്റെ ആത്മഭാവവും പ്രകാശിക്കപ്പെടുന്നുണ്ട്. ഇന്‍സ്റ്റലേഷനുകളുടെ (പ്രതിഷ്ഠാപനകല) പരമ്പരയായും കഥ വായിക്കാവുന്നതാണ് അക്ഷരക്കൂമ്പാരങ്ങള്ക്കുമേല് മുഖം പൂഴ്ത്തി പൊട്ടിക്കരയുന്ന ക്ളോഡ്, സ്റ്റുഡിയോയില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മരിച്ചുവീഴുന്ന ക്ലോഡ്, അക്ഷരനിരയിലുണ്ടാകുന്ന പ്രണയഭാഷണങ്ങളും മോറല്‍ പോലീസിങ്ങും ഇപ്രകാരമുള്ള ആഖ്യാനത്തിലെ അനേകം അടരുകള്‍ വായനക്കാരുടെ മനസ്സില്‍ ത്രിമാനസ്വഭാവമുള്ള വാങ്മയചിത്രങ്ങള്‍ സൃഷ്ടിക്കും. വിഷ്വല്‍ സമൃദ്ധികളുടെ പരമ്പര കഥയെ വാക്കുകള്‍ കൊണ്ട് രൂപപ്പെടുത്തുന്ന ഇന്സ്റ്റലേഷന് ആര്‍ട്ടാക്കി മാറ്റുന്നു.
ഷാഹുര് മധുബേദു
ഒരാള്‍ തന്നെ ഇരട്ടവ്യക്തിത്വങ്ങളായി രണ്ടു ദേശത്തില്‍ ജീവിക്കുന്ന സങ്കീര്‍ണമായ മാനസികാവസ്ഥയുടെ ആവിഷ്കരണമാണ് ഷാഹുര് മധുബേദു. പകല്‍ സ്വന്തം നാട്ടിലാണെങ്കില്‍ രാത്രിസ്വപ്നങ്ങളില്‍ മറ്റേതോ ദേശത്തിലും കാലത്തിലുമായി അയാള്‍ ജീവിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കുന്ന കഥാപാത്രത്തിന് കഥാകൃത്തിന്റെ തന്നെ പേരായ ഹരിദാസ് എന്നു നല്കിയിരിക്കുന്നു. ദൈനംദിനതയിലെ ഹരിദാസ് സ്വപ്നത്തില്‍ ഷാഹുര് മധുബേദുവായി മാറുന്നു. ഒരാളില്‍ തന്നെയുള്ള രണ്ട് വ്യക്തിത്വങ്ങള്‍ സംഘര്ഷത്തിലാവുന്നതിന്റെ സങ്കീര്‍ണ്ണതകളാണ് കഥാപ്രമേയം. പ്രയാണത്തിന്റെ കഥയാണ് ഷാഹുര് മധുബേദു. സമയത്തിലൂടെയുള്ള യാത്രയാണത്. പതിനെട്ട് നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ശില്പികളുടെ ലോകത്തിലേക്കുള്ള ടൈം ട്രാവല്‍. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു ചുഴിയിലേക്ക് വലിച്ചുതാഴ്ത്തപ്പെടുന്നതുപോലെ അയാള്‍ സ്വപ്നലോകത്തിലെത്തും. പിന്നെ അന്യദേശത്തുള്ള കുടിലില്‍ ചകിരിക്കയറുകൊണ്ട് പടുത്ത കട്ടിലില്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പമാണ് കഥാനായകന്റെ ഉറക്കം. പ്രസ്തുത കുടില്‍ സ്ഥിതി ചെയ്യുന്നതാകട്ടെ കേരളത്തിലൊന്നുമല്ല; വിദൂരമായ കര്ണാടകദേശത്താണ്. ഒരാള്‍ തന്നെ ഇരട്ടവ്യക്തികളായി മാറുമ്പോള്‍ ഇരുവരും ഉപയോഗിക്കുന്ന ഭാഷാരീതികളും വ്യത്യസ്തങ്ങളാണ് രണ്ടുതരം ഭാഷാരീതികളുടെ ആവിഷ്കരണം കഥയെ കൂടുതല്‍ ശില്പഭദ്രമാക്കുന്നു. നിത്യജീവിതത്തിലെ ഹരിദാസിന്റെ ഭാഷാരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഷാഹുറിന്റെ ഭാഷാപ്രയോഗങ്ങള്‍. സംസ്കൃതപദസമ്പന്നവും ആഢ്യവുമായ ഭാഷയാണ് അദ്ദേഹം പ്രയോഗിക്കുന്നത്. വ്യത്യസ്ത ശൈലികളിലുള്ള ഭാഷാക്രമവും പദവിന്യസവും ആശയപ്രകാശനവും ആഖ്യാനത്തെ സമര്‍ത്ഥമായി വ്യത്യസ്ത കാലത്തിലും ദേശത്തിലുമെത്തിക്കുന്നു.
ഒരു ഉദാഹരണം നോക്കൂ. ‘നമ്മുടെ തഞ്ചാവൂരൊക്കെ മണ്ണിട്ട് ചെരിച്ചു പൊക്കിയിട്ടല്ലേ മകുടമൊക്കെ ഉരുട്ടിക്കേറ്റിയത്. കഷ്ടമെന്താന്നുവെച്ചാല് കണ്ണീക്കണ്ട അരിയും നെല്ലുമൊക്കെ കൊടുത്തിട്ടാണ് ആ പാവങ്ങളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത് ‘എന്ന നാട്ടുമൊഴിച്ചന്തമാണ് ഹരിദാസിന്റെ വാക്കുകളില്‍. ഷാഹുറിലെത്തുമ്പോള് ഭാഷ പ്രൗഢിയുടെ അച്ചടിവടിവുകള് തേടുന്നു. ‘ബലശാലികളായ അനേകം പുരുഷന്മാര് ഒത്തുചേര്‍ന്ന് വടംകെട്ടി മൃത്തികയുടെ ചെരുവുകളിലൂടെ ഒരു ഭീമന് ശിലാഖണ്ഡം മുകളിലേക്ക് വലിച്ചുകയറ്റുന്നത് ഞാന്‍ കണ്ടു. ആ നിമിഷത്തില്‍ എന്റെ നശ്വരമായ ശരീരം കഠിനവും നിഗൂഢവുമായൊരു മൗനത്തിലേക്ക് ആണ്ടുപോകുന്നത് ഞാനറിഞ്ഞു”. എന്നാണ് ഷാഹുറിന്റെ ഭാഷാപ്രയോഗം. ഭാഷാപ്രയോഗങ്ങളിലെ ഈ വ്യത്യാസങ്ങള്‍ രണ്ട് കാലഘട്ടത്തിന്റേതു മാത്രമല്ല രണ്ട് വ്യക്തിത്വങ്ങളുടെ വ്യത്യാസം കൂടിയാണ്.
കഥയെഴുത്തിനെ തച്ചുശാസ്ത്രത്തോടു ഉപമിച്ചത് ഗാബ്രിയേല്‍ ഗാര്‍സിയ മര്ക്കേസാണ്. തച്ചന് എപ്രകാരമാണോ മരത്തില്‍ പണിയെടുക്കുന്നത് അതുപോലെയാണ് എഴുത്തുകാരന് ഭാഷയില്‍ പണിയെടുക്കുന്നത്. ഷാഹുര് മധുബേദു എന്ന കഥയിലും ഈ തച്ചുശാസ്ത്രവിദ്യ നമുക്ക് കാണാനാകും. പതിനെട്ടു നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള പല്ലവ, ചാലൂക്യ ശില്പകലാകാലത്തേക്കാണ് ഷാഹുറിന്റെ യാത്ര. ശിലകള്‍ക്കുള്ളില്‍ അന്തര്‍ലീനയായിരിക്കുന്ന ദേവതയെ ജീവചൈതന്യത്തോടെ പുറത്തു കൊണ്ടുവരലാണ് ശില്പവിദ്യയെന്ന് ഷാഹുര് വിശദീകരിക്കുന്നു. ഭാഷയില്‍ ശില്പവേല ചെയ്യുന്ന എഴുത്തുകാരനും ഇതേ തച്ചുശാസ്ത്രമാണ് പിന്തുടരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്തെ മയക്കം’ എന്ന ചലച്ചിത്രകാവ്യത്തെ കഥ ഓര്‍മ്മിപ്പിക്കും. മൂവാറ്റുപുഴക്കാരന് ജെയിംസ് തമിഴ്നാട്ടുകാരനായ സുന്ദരം എന്ന വ്യക്തിയായി മാറുന്നതാണ് സിനിമയിലെ കഥ. മൂവാറ്റുപുഴയില്‍ നിന്നു തമിഴ്നാട്ടിലേക്കുള്ള ദൂരം ജെയിംസ്, സുന്ദരം എന്നീ വ്യക്തികള്‍ക്കിടയിലും കാണാം. പ്രസ്തുത ദൂരങ്ങളെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി മറികടക്കുന്നു. കഥയിലെത്തുമ്പോള്‍ ഭാഷാശേഷിയും ആഖ്യാനമികവും കൊണ്ട് മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളുടെ ആവിഷ്കരണത്തിലൂടെ ഹരിദാസ് കഥയെ മറ്റൊരു തലത്തിലെക്കുയര്ത്തുന്നു. സാഹിത്യത്തില്‍ ഒരാള്‍ പലരാണ്. കഥയിലെ ഹരിദാസും സ്വപ്നലോകത്തിലെ ഷാഹുര് മധുബേദുവും ഒരാള്‍ തന്നെ. സാഹിത്യത്തില്‍ സ്വകാര്യവ്യക്തി എന്നു വിശേഷിപ്പിക്കുമ്പോഴും അയാള്‍ ഒരാള്‍ മാത്രമല്ല, പല വ്യക്തിത്വങ്ങള്‍, പല മനുഷ്യാനുഭവങ്ങള്‍, പല വായനാനുഭവങ്ങള്‍ ഇവയെല്ലാം കൂടിച്ചേരുന്ന സാമൂഹികതലം കൂടിയുള്ള ആളാണ്. ഒരാളുടെ പലരായിട്ടുള്ള പകര്‍ന്നാട്ടത്തിന്റെ സാധ്യതയാണ് സാഹിത്യം നല്കുന്ന വലിയ അനുഭൂതിതലം.
യാന്തിയ സ്പിര
ഷാഹുര് മധുബേദു ഭൂതകാലത്തിലേക്കുള്ള സഞ്ചാരമാണെങ്കില്‍ യാന്തിര സ്പിര ഭാവിയിലേക്കുള്ള ടൈം ട്രാവലാണ്. ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കാലത്തിലേക്കും സാമൂഹ്യസാംസ്കാരിക പരിണാമങ്ങളിലേക്കുമുള്ള യാത്രയാണത്. കഥയിലെ ആഖ്യാതാവായ അലക്സിയും യാന്തിയ സ്പിര എന്ന ഭാവികഥാപാത്രത്തിനുമിടയില് ഇരുനൂറു വര്‍ഷത്തെ കാലദൂരമുണ്ട്. യാന്തിയ സ്പിര വരാനിരിക്കുന്ന ഭാവിമനുഷ്യന്റെ പേരുകളിലൊന്നാണ്. സമകാലത്തിലെ പേരുകളായിരിക്കില്ല ഭാവിമനുഷ്യര് ഉപയോഗിക്കാനിരിക്കുന്നത്. പേരുകളുടെ പരിണാമചരിത്രം മനുഷ്യസാമൂഹ്യജീവിതത്തിലുണ്ടാകുന്ന പരിണാമങ്ങളെയും അടയാളപ്പെടുത്തുന്നു. പേരില്‍ മാത്രമല്ല മറ്റനേകം ഘടകങ്ങളിലും ഇന്നത്തെ മനുഷ്യരില്‍ നിന്നും തികച്ചും വിഭിന്നരാണവര്. യാന്തിര സ്പിര അലക്സിന്റെ മനസ്സിനെ വായിക്കുകയും അയാളുടെ ചിന്തകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഒരാള്‍ എന്താണ് പറയാന്‍ ഭാവിക്കുന്നതെന്നും എന്താണ് ചിന്തിക്കുന്നതെന്നും ഇരുനൂറു വര്‍ഷത്തിനപ്പുറമുള്ള ഭാവിമനുഷ്യര്ക്ക് അറിയാനാകുമത്രേ. പഴയകാലത്തെ ലക്ഷണശാസ്ത്രം പോലെ മനസ്സിലെ ഭാവങ്ങളും ചിന്തകളും പിടിച്ചെടുക്കും. അതിനാല്‍ അക്കാലത്തു ജീവിക്കുന്ന ആര്‍ക്കും കള്ളം പറയാനാവില്ല. അതുകൊണ്ട് സമൂഹത്തില്‍ അഴിമതിയും സത്യാനന്തരതയുടെ പ്രഹേളികയുമില്ല.
യാന്തിയ സ്പിരയില് കഥാകൃത്ത് ഒരു പ്രവാചകനെ പോലെ, ഒരു ദാര്‍ശനികനെ പോലെ വരുംകാലത്തിന്റെ ഭാവനയും വാക്കുകളും ചിട്ടപ്പെടുത്തുകയാണ്. ആഖ്യാനത്തില്‍ ഭാവികാലത്തെപ്പറ്റിയുള്ള ആശയ ചര്‍ച്ചകള്‍ ധാരാളമുണ്ട്. ഇത്തരം ആശയചര്‍ച്ചകള്‍ കഥയ്ക്ക് ഉപന്യാസസ്വഭാവം നല്കുന്നു. ആശയങ്ങള്‍ സംഭവങ്ങളായി മാറാതെ ചര്ച്ചാരൂപത്തില് കഥയില്‍ തുടരുന്നു. ഇന്ദുലേഖയിലെ പതിനെട്ടാം അധ്യായം അക്കാലഘട്ടത്തിലെ സാമൂഹ്യസാംസ്കാരികരാഷ്ട്രീയസന്ദര്ഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണല്ലോ. അതുപോലെ യാന്തിയ സ്പിര ഭാവികാലത്തെപ്പറ്റിയുള്ള ചര്‍ച്ചാരൂപത്തിലുള്ള ആവിഷ്കരണമാണ്. ധൈഷണികം എന്ന് വിശേഷിപ്പിക്കാവുന്ന ശൈലിക്ക് മാതൃകയായിത്തീരുന്ന കഥയാണിത്. ഇരുനൂറ് വര്‍ഷത്തിനപ്പുറം ഭാവികാലത്ത് എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു കാണും?അന്നത്തെ സാമൂഹികസാംസ്കാരികരാഷ്ട്രീയജീവിതം എങ്ങനെയായിരിക്കും? അത്തരം ചില സാധ്യതകളിലൂടെ സമകാലത്തിന്റെ വൈരുദ്ധ്യങ്ങളെയും കൊള്ളരുതായ്മകളെയും കഥാകൃത്ത് ചോദ്യം ചെയ്യുന്നു.
ദൈവവിശ്വാസവും മതവിശ്വാസവും അവസാനിച്ചിരിക്കുന്നു. സയന്‍സിന്റെ വളര്‍ച്ചയോടെ മതങ്ങള്‍ക്ക് സ്വാഭാവികമരണം സംഭവിച്ചു അക്കാലത്തെ കുട്ടികള്‍ സ്കൂളുകളിലും കോളേജുകളിലും പോയി പഠിക്കേണ്ടതില്ല. ഗര്‍ഭാവസ്ഥയില്‍ തന്നെ പുതിയ അറിവുകള്‍ ശിശുവില്‍ ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിച്ചുകഴിഞ്ഞു. ജനിച്ച ഉടനെ ചിലന്തികള്‍ വല നെയ്യുന്നതുപോലെ കുഞ്ഞുങ്ങള്‍ ജീവിതവും ആരംഭിക്കും.
ഇരുനൂറു വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന ഭാവി കാലത്ത് ആര്‍ക്കും ഭക്ഷണം പാചകം ചെയ്യേണ്ടി വരില്ല. കൃഷിയും മത്സ്യബന്ധനവും അപ്രസക്തമായി മാറും. സൂര്യപ്രകാശത്തില്‍ നിന്ന് നേരിട്ട് ഊര്‍ജം സ്വീകരിക്കാന്‍ ആ കാലഘട്ടത്തിലെ മനുഷ്യര്‍ക്കാവും. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ മനുഷ്യരും ഊര്‍ജ്ജം സംഭരിക്കും. സമകാലികമനുഷ്യര്ക്ക് ബാധിക്കുന്നത് പോലുള്ള അസുഖങ്ങള്‍ വരാത്തതുകൊണ്ട് ആശുപത്രികളും മെഡിക്കല്‍ കോളേജുകളുമില്ല. ലോകത്തിലെ എല്ലാത്തരം അസുഖങ്ങളെക്കുറിച്ചുമുള്ള ഡാറ്റകള്‍ ശരീരത്തിലുണ്ടാകും. രോഗം വരാന്‍ പോകുന്നു എന്ന സൂചന ഉടലിനു ലഭിച്ചാല്‍ സ്വയം മാറ്റാനുള്ള പ്രതിരോധസംവിധാനവും ശരീരങ്ങള്ക്കുണ്ട്.വാക്സിനേഷന് ഇന്നത്തേക്കാള്‍ ആയിരം ഇരട്ടി ശക്തവും കൃത്യവുമാണത്രേ.
ഇപ്രകാരം രണ്ടു നൂറ്റാണ്ടിനപ്പുറമുള്ള ഭാവികാലത്ത് സംഭവിക്കാന്‍ സാധ്യതയുള്ള മനുഷ്യനെയും ലോകത്തെയും സംബന്ധിക്കുന്ന അനേകം ഘടകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായി കഥ മാറുന്നു. ഇരുണ്ടകാലത്ത് കവിതകളുണ്ടാകുമോ എന്ന് ബ്രെഹ്തിനോട് ചോദിക്കുന്നുണ്ട്. ഇരുണ്ട കാലത്തിന്റെ കവിതകളുണ്ടാകും എന്നാണ് ബ്രെഹ്ത് മറുപടി പറയുന്നത്. അതുപോലെ സാങ്കേതികവിദ്യകളുടെ കാലത്ത് തല്‍സംബന്ധിയായ കഥകള്‍ ആണ് ഉണ്ടാവുക. സാങ്കേതികവിദ്യയുടെയും ടെക്നോളജിയില്‍ അധിഷ്ഠിതമായ ഭാവികാലത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇന്നിന്റെ വൈരുദ്ധ്യങ്ങളോടുള്ള വിമര്‍ശനങ്ങളുടെ കഥയാണ് യാന്തിയാ സ്പിര.
അന്ന്, ഏഴാം ലിഫ്റ്റില്‍
അക്രോടോമോഫീലിയ എന്ന സവിശേഷമായ മാനസികാവസ്ഥയെക്കുറിച്ചുള്ള കഥയാണ് അന്ന്, ഏഴാം ലിഫ്റ്റില്‍. വൈകല്യം ബാധിച്ച മനുഷ്യരോടുള്ള പ്രണയത്തെയും രതിയെയും സൂചിപ്പിക്കുന്ന മനഃശാസ്ത്രസംജ്ഞയാണ് അക്രോടോമോഫീലിയ. യാതൊരുവിധ വൈകല്യങ്ങളുമില്ലാത്ത സമ്പൂര്ണ്ണമനുഷ്യരെ ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നില്ല. പൊതുസമൂഹത്തിലോ വീട്ടിലോ ഇത്തരം മാനസികാവസ്ഥകളെപ്പറ്റി തുറന്നുപറഞ്ഞാല്‍ പ്രസ്തുത വ്യക്തിയെ എല്ലാവരും കൂടി ഭ്രാന്താശുപത്രിയിലാക്കാനാണ് സാധ്യത. നിത്യജീവിതത്തില്‍ മനുഷ്യരോട് പറയാന്‍ സാധിക്കാത്ത സംഘര്‍ഷങ്ങളെ കഥകളിലൂടെ സമൂഹവുമായി പങ്കുവയ്ക്കാനാകും. സങ്കീര്‍ണമായ ഇത്തരം മാനസികാവസ്ഥകളുടെ ആവിഷ്കരണത്തോടൊപ്പം അവരും മനുഷ്യരാണെന്നും സമൂഹത്താല്‍ ചേര്ത്തുപിടിക്കപ്പെടേണ്ടവരാണെന്നുമുള്ള തിരിച്ചറിവും.കഥ പകര്‍ന്നുനല്‍കുന്നു.
മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹാര്‍ത്ഥികളുടെ ജാതിയും സൗന്ദര്യവും സാമ്പത്തികാവസ്ഥകളും ഫോക്കസ് ചെയ്യുന്നതുപോലെ വൈകല്യങ്ങളുള്ള മനുഷ്യരുടെ കുറവുകളെ പ്രാധാന്യത്തോടെ അവതരിപ്പിക്കണമെന്ന് കഥാനായികയായ അഹല്യ ആഗ്രഹിക്കുന്നു. കോങ്കണ്ണ്, മുടന്ത്, വിരലില്ലായ്മ തുടങ്ങിയ വൈകല്യങ്ങള്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ അക്രോടോമോഫീലിയിസ്റ്റുകളായ ആളുകള്‍ അവരെ തേടിപ്പിടിച്ചു വരുമെന്നാണ് അവളുടെ ചിന്ത. ഇടതുകൈ പകുതിയും വലതുകൈപ്പത്തി പൂര്‍ണ്ണമായും നഷ്ടമായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഹസ്രാക്ഷന്‍ തമ്പിയോടുള്ള അഹല്യ എന്ന പത്രപ്രവര്‍ത്തകയുടെ പ്രണയത്തെയാണ് കഥ ആവിഷ്കരിക്കുന്നത്. ചീഫ് ജസ്റ്റിസിനെ ഇന്റര്‍വ്യൂ ചെയ്യാനായി അഹല്യ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഫ്ലാറ്റില്‍ എത്തിച്ചേരുന്നു. അഹല്യയെ സംബന്ധിച്ചിടത്തോളം അഭിമുഖത്തേക്കാളുപരി വര്‍ഷങ്ങളായി കാത്തിരിക്കുന്ന പ്രണയനിമിഷങ്ങളുടെ സാഫല്യമാണത്. ഫ്ലാറ്റിലെ ലിഫ്റ്റില്‍ സഹസ്രാക്ഷോടൊപ്പം പതിമൂന്നാം നിലയിലേക്ക് പോകുമ്പോള്‍ പെട്ടെന്ന് വൈദ്യുതി നിലയ്ക്കുകയും ലിഫ്റ്റ് കെട്ടിടത്തിന്റെ രണ്ടു നിലകള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്യുന്നു. ലിഫ്റ്റിലെ ഇരുട്ടില്‍ വച്ച് നടക്കുന്ന തുറന്നുപറച്ചിലുകളുടെയും പ്രണയത്തിന്റെയും രതിയുടെയും സ്വപ്നാത്മകമായ ആഖ്യാനമായി കഥ മാറുന്നു.
ലിഫ്റ്റില്‍ കുടുങ്ങുമ്പോള്‍ അതിനുള്ളിലെ ഏകാന്തതയും ഇരുട്ടും തീര്‍ക്കുന്ന ഭ്രമാത്മകാന്തരീക്ഷത്തിലാണ് കഥ പൂര്‍ത്തിയാകുന്നത്. അവിടെവച്ച് അഹല്യ സഹസ്രാക്ഷനോടുള്ള തന്റെ പ്രണയം തുറന്നുപറയുന്നു. കൂടാതെ അവള് അയാളെ ബലാത്സംഗത്തോളം പോന്ന നിര്ബന്ധിതരതിയിലേക്ക് വലിച്ചിഴയ്ക്കുന്നു. വൈദ്യുതി വരുമ്പോള്‍, ലിഫ്റ്റിനുള്ളിലെ വിളക്കുകള്‍ പ്രകാശിക്കുമ്പോള്‍ നാം കാണുന്നത് വസ്ത്രങ്ങള്‍ അല്പം പോലും ഉലയാതെ, വിയര്‍പ്പിന്റെ യാതൊരു അടയാളവുമില്ലാതെ, കണ്ണട സ്ഥാനം തെറ്റാതെ ലിഫ്റ്റിന്റെ ഭിത്തിയില്‍ ചാരി ഗാംഭീര്യത്തോടെ ശാന്തനായി നില്ക്കുന്ന സഹസ്രാക്ഷനെയാണ്. ഇരുട്ടിന്റെ കര്‍ട്ടനുകള്‍ക്കുള്ളില്‍ നടന്നത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് അഹല്യയ്ക്കു പോലും മനസ്സിലാകുന്നില്ല. ഇരുട്ടിലെ പ്രണയത്തിന് വെളിച്ചം വായ്ക്കരിയിട്ടിരിക്കുന്നു എന്ന ഭ്രമാത്മകചിന്തയില് കഥ അവസാനിക്കുന്നു.
കോമാറ്റി എന്ന കഥയിലും അക്രോടോമോമോഫീലിയ എന്ന മാനസികാവസ്ഥയുടെ തലങ്ങള്‍ വായിച്ചെടുക്കാനാകും. ഇംഗ്ലീഷിലെ വല്യക്ഷരമായ റ്റിയും ഇത്തിരിക്കുഞ്ഞയായ കോമയും തമ്മിലുള്ള പ്രണയമാണ് കഥയിലാവിഷ്കരിക്കുന്നത്. ആഖ്യാനത്തിന്റെ ഒരു ഘട്ടത്തില്‍ ഡബ്ലിയു എന്ന അക്ഷരം റ്റിയ്ക്കു മേല്‍ വീഴുകയും റ്റിയുടെ ശിരസ്സിന്റെ അല്പഭാഗം ചീന്തിപ്പോവുകയും ചെയ്യുന്നുണ്ട്. വൈകല്യത്തിന്റെ സാധ്യതകളും അത്തരക്കാരോടുള്ള പ്രണയവും പ്രസ്തുത സന്ദര്‍ഭത്തിലും വായിച്ചെടുക്കാനാകും. സാഹിത്യത്തിന്റെ ചികിത്സാമൂല്യത്തെ കുറിച്ച് പലരും പറയാറുണ്ട്. കറുത്തകഥാകാരിയായ ടോണി മോറിസണ്‍ നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി. ‘We write, we speak, we do language. This is how civilizations heal.’ നാഗരികതകളുടെ രോഗവിമുക്തിയ്ക്കാണ് സാഹിത്യവും ഭാഷയും എന്ന ചിന്ത അന്ന്, ഏഴാം ലിഫ്റ്റില്‍ എന്ന കഥയില്‍ കാണാം. മനസ്സിന്റെ അടിയടരുകളിലൂടെയുള്ള സൂക്ഷ്മസഞ്ചാരമായ ഇത്തരം കഥകള്‍ വൈകാരികസംഘര്‍ഷങ്ങളെ ശമിപ്പിക്കുന്നുണ്ട്. അഹല്യയുടെ ഉള്ളില്‍ ദമനം ചെയ്തിരിക്കുന്ന സംഘര്‍ഷങ്ങളുടെ വികാരവിരചനപ്രക്രിയയായി കഥ മാറുന്നു.
ഉപസംഹാരം
മാന്ത്രികയാഥാര്ത്ഥ്യങ്ങളുടെ പരിവേഷം യാന്തിയ സ്പിരയിലെ കഥകളിള്‍ നമുക്കു കാണാം. ഒരു ബംഗാളിപദം സ്ത്രീരൂപത്തില്‍ എഴുത്തുകാരനെ അന്വേഷിച്ചുവരുന്നതില്, ഇംഗ്ലീഷിലെ ടി എന്ന വല്യക്ഷരവും ഭാഷാചിഹ്നമായ കോമയും തമ്മിലുള്ള പ്രണയത്തില്‍, 18 നൂറ്റാണ്ടുകള്‍ക്കപ്പുറം ടൈം ട്രാവല്‍ ചെയ്തു മറ്റൊരു ലോകത്ത് മറ്റൊരു വ്യക്തിയായി മാറുന്നതില്‍, യാന്തിയ സ്പിരയില് ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഭാവിമനുഷ്യനുമായി സംവദിക്കുന്നതള്പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ തൂവല്സ്പര്ശങ്ങള് കാണാം. ഇപ്രകാരം അനേകം ഭാവനാപരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥകള്‍ വായനക്കാരന് പുതിയൊരു അനുഭവമായി മാറാതിരിക്കില്ല.
പലതരം ആശയങ്ങള്‍ കൊണ്ട് ഊടും പാവും തീര്‍ക്കുന്ന നെയ്ത്തുവിദ്യയാണ് സാഹിത്യം. Textile എന്ന വസ്ത്രനിര്മ്മാണചരിത്രത്തിലെ വാക്കിനൊപ്പം സമാന്തരജീവിതമുള്ള വാക്കാണ് Text. പരസ്പരവിരുദ്ധമായ ആശയങ്ങള്‍ പലതരം ഇഴകള്‍ പോലെ സാഹിത്യത്തില്‍ ഒന്നിക്കുന്നു. ഊടും പാവും ഒരേ ദിശയിലല്ല സമന്വയിക്കപ്പെടുന്നതെന്ന് നമുക്കറിയാം. അപ്രകാരം ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ കൃതിയില്‍ കൂട്ടിയോജിക്കപ്പെടുമ്പോഴും അവ വിപരീതദിശകളെ നിലനിര്‍ത്തുന്നു. കഥയാല്‍ പണിഞ്ഞ പാലങ്ങളേക്കാള്‍ ബലമുള്ള വസ്തുക്കള്‍ ഭൂമിയിലില്ലെന്ന് പി രാമന് തന്റെ കവിതയില്‍ പറയുന്നുണ്ട്. മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും ഉറപ്പുള്ള പാലങ്ങളാണ് കഥകള്‍. അവ മാനവികതയിലേക്കും വിശ്വപ്രേമത്തിലേക്കും നമ്മെ നയിക്കുന്നു.







No Comments yet!