Skip to main content

അഡ്വ. മഞ്ചേരി സുന്ദര്‍രാജ് – സാമൂഹ്യവിപ്ലവത്തിന്റെ പാരമ്പര്യം കാക്കുന്ന നിയമസേവകന്‍

കോഴിക്കോട് ആനിഹാള്‍ കോമ്പൗണ്ടിലെ തറവാട് വീട്ടില്‍ ജനിച്ച അഡ്വ. മഞ്ചേരി സുന്ദര്‍രാജിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ-നിയമ ചരിത്രത്തിന്റെ ഒരു ജീവിക്കുന്ന രേഖയാണ്. ആനിഹാളിനും ഒരു ഓര്‍മ്മിക്കേണ്ട ചരിത്രമുണ്ട്. മൂസദ് ബ്രദര്‍സിന്റെ എംബി ട്യൂട്ടോറിയല്‍ കോളേജ് പ്രവര്‍ത്തിച്ച സ്ഥലമാണത്. എംടി അദ്ധ്യാപകനായിരുന്നു അവിടെ. 1955 മുതല്‍ എംടിയും അക്കിത്തവും, എം വി ദേവനും ഒക്കെ താമസിച്ചിരുന്നത് സുന്ദര്‍രാജിന്റെ വീടിന്റെ മാളികയില്‍. എംടിയും പ്രമീള ടീച്ചറും പ്രണയവിവാഹം നടത്തി താമസിച്ചതും ഇവിടെത്തന്നെ. മകള്‍ സിതാരയുടെ പേരിട്ട വീട്ടിലേക്ക് താമസം മാറിയത് ഇവിടെനിന്നാണ്. പ്രമീള ചേച്ചി സുന്ദര്‍രാജിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പഠനകാലത്ത് ഉച്ചഭക്ഷണം കോളേജിന്റെ നേരെ എതിര്‍വശത്തുള്ള പ്രമീളചേച്ചിയുടെ വീട്ടില്‍ ആയിരുന്നു.

ചരിത്രം - +-------+--------+------+------+-----+-------+ *28-04-1958* * മഞ്ചേരി രാമയ്യർ - ചരമദിനം* +--------+-------+-------+-------+------+-------+ കേരളത്തിലെ പ്രമുഖ തിയോസഫിക്കൽ സൊസൈറ്റി ...

എന്നാല്‍ ഈ ജീവിതം മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ പിതാമഹന്‍ മഞ്ചേരി രാമയ്യരുടെ പാരമ്പര്യം അറിയേണ്ടതുണ്ട്. ആനി ബെസന്റിന്റെ പ്രിയശിഷ്യനായിരുന്ന രാമയ്യര്‍, അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച, മലബാറിനെ മുഴുവന്‍ കിടിലം കൊള്ളിച്ച സാമൂഹ്യവിപ്ലവകാരിയായിരുന്നു. 1877 ജൂലായ് 5-ാം തീയതി ജനിച്ച രാമയ്യര്‍, ബി. എയ്ക്ക് മദ്രാസ് സംസ്ഥാനത്തില്‍ ഒന്നാമനായിരുന്നു. 1898-ല്‍ ബി.എല്‍ പാസ്സായി കോഴിക്കോട് വന്ന് പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം മികച്ച ക്രിമിനല്‍ വക്കീലെന്ന ഖ്യാതി നേടി. 1916-ല്‍ ആനിബസന്റ് ഹോംറൂള്‍ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ രാമയ്യര്‍ അതിന്റെ സജീവ പ്രവര്‍ത്തകനായി. മലബാറിലുടനീളം അതിന്റെ സന്ദേശമെത്തിച്ചത് രാമയ്യരും കെ.പി. കേശവമേനോനും മറ്റും ചേര്‍ന്നാണ്.

ആനി ബസൻ്റ്

ഭാരതത്തിന്റെ അവകാശങ്ങള്‍ ബ്രിട്ടീഷ് ജനതയെ പറഞ്ഞ് മനസ്സിലാക്കാനും ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കാനും ആനിബസന്റ് ഇംഗ്ലണ്ടിലേക്ക് അയച്ച നാലംഗ പ്രതിനിധി സംഘത്തില്‍ ഒരാള്‍ രാമയ്യരായിരുന്നു. എന്നാല്‍ അവര്‍ക്ക് ഇംഗ്ലണ്ടിലെത്താന്‍ കഴിഞ്ഞില്ല. ജിബ്രാള്‍ട്ടറില്‍വെച്ച് അവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലും പ്രത്യേകം പ്രത്യേകമായി പ്രവര്‍ത്തിച്ചിരുന്ന ബ്രഹ്‌മവിദ്യാശാഖകളെ ഏകോപിപ്പിച്ച് കേരള തിയോസഫിക്കല്‍ ഫെഡറേഷനാക്കി മാറ്റിയത്. സാംസ്‌കാരികമായി ഈ മൂന്നു പ്രദേശങ്ങളും ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തെ ഒരൊറ്റ ഘടകമായി കണ്ട് രൂപീകരിച്ച സംഘടനകളില്‍ ആദ്യത്തേതാണ് ഇത്.

ജനങ്ങളുടെ പൊതുവെയുള്ള പ്രബുദ്ധതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്. അയിത്തോച്ചാടനം, ജാതിധ്വംസനം, സമുദായ പരിഷ്‌കാരം എന്നിവ മുന്‍നിര്‍ത്തി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ എക്കാലത്തും സ്മരിക്കുന്നവയാണ്. 1913-ല്‍ ആനിബസന്റിന്റെ നിര്‍ദ്ദേശപ്രകാരം ജാതി, ശൈശവവിവാഹം, വര്‍ണ്ണവിദ്വേഷം എന്നിവയ്‌ക്കെതിരെ സമരപ്രതിജ്ഞയെടുത്തത് രാമയ്യരുടെ നേതൃത്വത്തിലാണ്. വെറും പ്രതിജ്ഞയെടുക്കുക മാത്രമല്ല, പ്രവൃത്തിയിലൂടെ അത് കാണിച്ച് കൊടുക്കുകയും ചെയ്തു.

1915 ഫെബ്രുവരിയില്‍ അദ്ദേഹം തന്റെ ഒരു തിയ്യ സുഹൃത്തിനോടൊന്നിച്ച് സഹഭോജനം നടത്തി. ഒരു ബ്രാഹ്‌മണന്‍ അയിത്തജാതിക്കാരന്റെ വീട്ടില്‍ കയറിയതേ തെറ്റ്, അത് മാത്രമല്ല തിയ്യര്‍ പാചകം ചെയ്ത ഭക്ഷണം തിയ്യര്‍ക്കൊപ്പമിരുന്ന് ഭക്ഷിക്കുക! ഓര്‍ക്കാന്‍ കൂടി വയ്യ. മലബാറിലുടനീളം കോളിളക്കമുണ്ടാക്കിയ സംഭവമാണിത്. ജാതിക്കോട്ടയ്ക്ക് നേരെ അകത്ത് നിന്ന് പ്രയോഗിച്ച ആദ്യത്തെ ഡൈനാമിറ്റ് ആയിരുന്നു അത്. യാഥാസ്ഥിതികര്‍ വെറുതെ ഇരുന്നില്ല. അവരാകെ ഇളകി. കുടുമകള്‍ കിടുകിടാ വിറച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലായും മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പായും രാമയ്യരെയും കുടുംബത്തെയും ജാതിഭ്രഷ്ടരാക്കി. ജാതി വിരുദ്ധസമരത്തില്‍ കേരളത്തിലാദ്യമായി ഭ്രഷ്ട് വരിച്ച ബ്രാഹ്‌മണനാണ് രാമയ്യര്‍. ഇത് കൊണ്ടൊന്നും രാമയ്യരുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താനായില്ല. അന്ധവിശ്വാസങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും എതിരായുള്ള തന്റെ സമരങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോയി.

കോഴിക്കോട് ആനി ഹാൾ

തിയ്യര്‍ തുടങ്ങിയ ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന തളി റോഡിലൂടി, മലബാര്‍ കലക്ടറെ മുന്‍കൂട്ടി അറിയിച്ച് നിരോധനപ്പലക വലിച്ചെറിഞ്ഞ് മിതവാദി പത്രാധിപര്‍ സി. കൃഷ്ണനും രാമയ്യരും ചേര്‍ന്ന് കടന്നുപോയ സംഭവം മലബാറിലെ അവര്‍ണ്ണ സമുദായങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യചരിത്രത്തിലെ നാഴികക്കല്ലാണ്. ജാതിക്കോമരങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയ മറ്റൊരു സംഭവമാണ് ഡോക്ടര്‍ ചോഴിയുടെ തീണ്ടല്‍ക്കേസ്.
ജാതിക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ബ്രാഹ്‌മണരെ സംഘടിപ്പിച്ച് ലീഗ് ഓഫ് ലിബറല്‍ ബ്രാഹ്‌മിന്‍സ് എന്നൊരു സംഘടനയ്ക്ക് രാമയ്യര്‍ രൂപം നല്‍കി. അതിന് ദക്ഷിണഭാരതത്തില്‍ ധാരാളം ശാഖകളുണ്ടായി. ഈ സംഘടനയാണ് പിന്നീട് ‘ഭാരത സമാജ’മെന്ന പേരില്‍ അഖിലഭാരതാടിസ്ഥാനത്തില്‍ വളര്‍ന്ന് പന്തലിച്ചത്. കാലത്തിനനുസരിച്ച് സമുദായം പുരോഗമിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം എന്നിവയെ പ്രോത്സാഹിപ്പിച്ചതും ബാല്യവിവാഹത്തെ നിരുത്സാഹപ്പെടുത്തിയതും.

താന്‍ ഒരു ഹിന്ദു-ബുദ്ധിസ്റ്റ്-തിയോസഫിസ്റ്റ് ആണെന്നാണ് രാമയ്യര്‍ പറയാറുള്ളത്. 1929-ല്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍ പാറന്‍സ് സ്‌ക്വയറില്‍ ഒരു ബുദ്ധക്ഷേത്രം പണിയിച്ചതിന്റെ മുഖ്യപ്രേരണ, ഉറ്റമിത്രമായ രാമയ്യരുടേതായിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് ആനിബസന്റിനെ കൊണ്ടുവന്നതും അദ്ദേഹം തന്നെ. 1935-ല്‍ മഹാബോധി സംഘം രൂപീകരിക്കാന്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണനോടൊപ്പം പ്രവര്‍ത്തിച്ചതും മറ്റാരുമല്ല. ആ അവസരത്തില്‍ ബുദ്ധഭിക്ഷു സി.ജിനദാസനില്‍ നിന്ന് അനാഗാരികന്‍ എന്ന ബൗദ്ധദീക്ഷയും അദ്ദേഹം സ്വീകരിച്ചു. തിയോസഫി രാമയ്യരുടെ സിരകളില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ളതാണ്.

മഞ്ചേരി രാമയ്യർ കുടുംബത്തോടൊപ്പം

1925-ല്‍ ശ്രീനാരായണഗുരു കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ രാമയ്യര്‍ സ്വാമികളെ നേരില്‍ കണ്ട് പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ആനിബസന്റിനെപ്പോലെ, തന്നെ സ്വാധീനിച്ച മഹാനാണ് ഗുരുദേവനെന്ന് അദ്ദേഹം പറയാറുണ്ട്. ശ്രീകണ്‌ഠേശ്വരം ക്ഷേത്രനിര്‍മ്മാണത്തിന് അദ്ദേഹം കാര്യമായ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് ആനിബസന്റിനെ കൊണ്ടുവന്നത് രാമയ്യരാണ്. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന അവസരങ്ങളില്‍ സ്‌നേഹസൂചകമായി ഒരു കൂട പൂക്കള്‍ അദ്ദേഹം കൊടുത്തയയ്ക്കാറുണ്ടായിരുന്നു.

മുപ്പത്തിയഞ്ച് വര്‍ഷത്തോളം മലബാറിലെ ക്രിമിനല്‍ വക്കീലന്മാരുടെ കൂട്ടത്തില്‍ അഗ്രഗണ്യനായിരുന്നു രാമയ്യര്‍. തന്റെ അഭിഭാഷകവൃത്തി ഒരു ധര്‍മ്മയുദ്ധം എന്ന നിലയിലാണ് നടത്തിയിരുന്നത്. പണക്കാരുടെ കേസുകളില്‍ നിന്ന് ധാരാളം പണം കിട്ടിയിരുന്നുവെങ്കിലും പാവങ്ങളില്‍ നിന്ന് ഫീസ് വാങ്ങിച്ചിരുന്നില്ല. അയിത്തത്തിന്റെയും ജാതിയുടെയും പേരിലുള്ള കേസുകളെല്ലാം സൗജന്യമായാണ് വാദിച്ചിരുന്നത്. ഫീസിനത്തില്‍ ഏറ്റവും കൂടുതല്‍ സംഖ്യ ലഭിച്ചിരുന്ന കാലത്തും തന്റെ ആവശ്യങ്ങള്‍ക്ക് വളരെകുറച്ച് മാത്രം എടുത്ത് മറ്റുള്ളതെല്ലാം പൊതുകാര്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു. സാധാരണ ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന പണവും പദവിയും അധികാരവും രാമയ്യരെ ആകര്‍ഷിച്ചിരുന്നില്ല. ലഘുജീവിതവും ഉയര്‍ന്ന ആദര്‍ശവും സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ഇതിനിടയില്‍ കുറച്ചുകാലം നിലമ്പൂര്‍ രാജസ്വരൂപം ദിവാന്‍, സാമൂതിരി കോളേജ് വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സനാതന ധര്‍മ്മം മാസികയുടെയും വെസ്റ്റ് കോസ്റ്റ് സ്‌പെക്ടേറ്റര്‍ എന്ന ഇംഗ്ലീഷ് ദ്വൈവാരികയുടെയും പത്രാധിപരായും ഇരുന്നിട്ടുണ്ട്.ജീവിതത്തിലെ ധാര്‍മ്മികബോധം കേസ് ഏറ്റെടുക്കുന്നതിലും പാലിച്ചിരുന്നു. 1921-ല്‍ മലബാറില്‍ നടന്ന ലഹളയെ സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ അറിയാന്‍ ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തെളിവ് ശേഖരിക്കാന്‍ സര്‍വ്വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി നിയോഗിച്ച ദേവധാറിനോടൊപ്പം രാമയ്യരും ലഹളബാധിത പ്രദേശങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. rഅവസാനം കള്ളക്കേസുകള്‍ ചമച്ച പോലീസുകാര്‍ക്കെതിരെ മദ്രാസ് സര്‍ക്കാരിന് നടപടികളെടുക്കേണ്ടിവന്നു. ജനങ്ങളുടെ നന്മയ്ക്കും പ്രബുദ്ധതയ്ക്കും വേണ്ടി മാത്രം പ്രവര്‍ത്തിച്ച രാമയ്യര്‍, അനാഗാരിക രാമനായി ആ നിലയില്‍ പത്ത് വര്‍ഷത്തോളം ജീവിച്ചിട്ടാണ് 1958-ല്‍ ദേഹം ഉപേക്ഷിച്ചത്.

അഡ്വ.മഞ്ചേരി രാമയ്യർക്ക് ആദരമായി പോസ്റ്റൽ കവർ

ഈ മഹത്തായ പാരമ്പര്യത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് അഡ്വ. മഞ്ചേരി സുന്ദര്‍രാജ്. ചെറുപ്പം മുതല്‍ പിതാമഹന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെയും നിയമസേവനത്തിന്റെയും സാക്ഷിയായി വളര്‍ന്ന അദ്ദേഹം, ആ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് തന്റെ ജീവിതം രൂപപ്പെടുത്തിയത്. 1 മുതല്‍ 10 വരെ ക്ലാസുകള്‍ പഠിച്ചത് ഗവ. ഗണപതി ഹൈ സ്‌കൂളില്‍. വിദ്യാഭ്യാസത്തിന് അവസരമില്ലാതിരുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി ഗണപതി റാവു എന്ന ഗൗഡ സാരസ്വത ബ്രാഹ്‌മണന്‍ സ്ഥാപിച്ച സ്‌കൂള്‍ ആയിരുന്നു അത്. നേറ്റീവ് സ്‌കൂള്‍ എന്ന പേരില്‍ സ്വന്തം വീട് തന്നെയാണ് അദ്ദേഹം സ്‌കൂള്‍ ആക്കിയത്. പിതാമഹന്‍ മഞ്ചേരി രാമയ്യര്‍ സാമൂതിരി സ്‌കൂളിലും, ഗണപതി സ്‌കൂളിലും പ്രിന്‍സിപ്പല്‍സ്ഥാനം വഹിച്ചിട്ടുണ്ട്. അക്കാലത്ത് അങ്ങിനെ ആവാമായിരുന്നു. സുന്ദര്‍രാജ് അവിടെ 1968-ല്‍ സ്‌കൂള്‍ ലീഡറും റോവര്‍ സ്‌കൗട്ട് ലീഡറും ആയിരുന്നു. പിന്നീട് ബാസല്‍ മിഷന്‍കാര്‍ സ്ഥാപിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീ ഡിഗ്രി, ബീയെ ഡിഗ്രി പഠനം. ചരിത്രം, സാമ്പത്തിക ശാസ്ത്രം ഡബിള്‍ മെയിനായി പഠിച്ചു. 1973 മുതല്‍ 1976 വരെ ഗവണ്മെന്റ് ലോ കോളേജില്‍. ബീയെക്കും എല്‍ എല്‍ ബി ക്കും യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു.

1976-ല്‍ കേരള ബാര്‍ കൗണ്‍സിലില്‍ ആരംഭിച്ച നിയമവഴിയേ പ്രാക്ടീസ് അര നൂറ്റാണ്ട് കടന്നുപോകുന്നു. ന്യായാധിപസ്ഥാനത്തേക്ക് ഉയര്‍ച്ച സൂചന ഉണ്ടായെങ്കിലും ആ വഴി പോയില്ല. സ്‌കൂള്‍ പഠനകാലത്ത് പ്രച്ഛന്ന വേഷ മത്സരത്തില്‍ 1968-ല്‍ വക്കീല്‍ വേഷം കെട്ടിയത് പിന്നീട് യാഥാര്‍ഥ്യമായി. കേരള, കര്‍ണാടക, തമിഴ്‌നാട് ഹൈ കോടതികളിലും സുപ്രീം കോര്‍ട്ടിലും ഒക്കെ കേസുകള്‍ക്ക് ഹാജരായി. കോടതി പ്രവൃത്തി അഭംഗുരം തുടരുന്നു, എഴുപത്തിമൂന്നാം വയസ്സിലും. ഒപ്പം പത്‌നി അഡ്വക്കേറ്റ് സൂസന്‍ സഹായിയായി ഉണ്ട്. മൂത്ത മകന്‍ മഞ്ചേരി സുബിന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസ്സര്‍ ആണ്. ഐക്യരാഷ്ട്രസഭയുടെ ഹാര്‍മണി വിത്ത് നാച്ചറിലെ ഏക ഇന്ത്യന്‍. ഇളയമകന്‍ സൂര്യ ഇന്‍ഫോസിസില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍.

മഞ്ചേരി സുന്ദര്‍രാജിന്റെ ജീവിതം പിതാമഹന്‍ മഞ്ചേരി രാമയ്യരുടെ സാമൂഹ്യവിപ്ലവ പാരമ്പര്യത്തിന്റെയും നിയമസേവനത്തിന്റെയും സ്വാഭാവിക തുടര്‍ച്ചയാണ്. ആനിഹാളിലെ തറവാട്ടില്‍ നിന്ന് കേരളത്തിന്റെ നിയമരംഗത്തേക്ക് നീണ്ടുനില്‍ക്കുന്ന ഈ യാത്ര, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയുടെയും ജനസേവനത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമാണ്. എഴുപത്തിമൂന്നാം വയസ്സിലും കോടതിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, നിയമത്തിന്റെയും നീതിയുടെയും വഴിയില്‍ പുതുതലമുറയ്ക്ക് വഴികാട്ടിയായി തുടരുന്നു. രാമയ്യരുടെ പോരാട്ടവീര്യവും നര്‍മ്മബോധവും ധാര്‍മ്മികതയും സുന്ദര്‍രാജിലൂടെ തലമുറകളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്നു.

ചുരുക്കം

രാമയ്യര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു. ആനിബസന്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തില്‍ അംഗമായിരുന്ന അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനോട് ഇന്ത്യയുടെ അവകാശങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചു. കേരളത്തിലെ വിവിധ തിയോസഫിക്കല്‍ ശാഖകളെ ഏകോപിപ്പിച്ച് കേരള തിയോസഫിക്കല്‍ ഫെഡറേഷന്‍ രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
അയിത്തോച്ചാടനം, ജാതിവിരുദ്ധ പ്രവര്‍ത്തനം, മിശ്രഭോജനം, മിശ്രവിവാഹം, വിധവാവിവാഹം എന്നിവയെ അദ്ദേഹം ശക്തമായി പ്രോത്സാഹിപ്പിച്ചു. തിയ്യ സുഹൃത്തിനൊപ്പം സഹഭോജനം നടത്തിയതിനെ തുടര്‍ന്ന് ജാതിഭ്രഷ്ടനാക്കപ്പെട്ടെങ്കിലും അദ്ദേഹം തന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയില്ല. സി. കൃഷ്ണനോടൊപ്പം തളി റോഡിലെ സഞ്ചാരവിലക്ക് ലംഘിച്ചതും ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്.
തിയോസഫിയിലും ബുദ്ധമതത്തിലും ആകൃഷ്ടനായിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവുമായി അടുത്ത ബന്ധം പുലര്‍ത്തി. മികച്ച ക്രിമിനല്‍ അഭിഭാഷകനായിരുന്ന അദ്ദേഹം പാവപ്പെട്ടവരുടെ കേസുകള്‍ സൗജന്യമായി വാദിക്കുകയും തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം പൊതുകാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്തു. ലളിതജീവിതവും ഉയര്‍ന്ന ആദര്‍ശങ്ങളും പിന്തുടര്‍ന്ന രാമയ്യര്‍ 1958-ല്‍ അന്തരിച്ചു.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.