Skip to main content

ഒറ്റക്കേൾവിയിൽ നിന്നും കുതിക്കുന്ന ആഖ്യാനങ്ങൾ

ഒറ്റയ്ക്കൊരാൾ, നോക്കിയാൽ കാണാത്ത ആകാശം എന്നീ ദാർശനിക മാനങ്ങളുള്ള നോവലുകളിലൂടെയാണ് റഷീദ് കെ. മുഹമ്മദ് സാഹിത്യത്തിന്റെ മുഖ്യധാരയിൽ ശ്രദ്ധേയനാകുന്നത്. ഈയിടെ പുസ്തകപ്രസാധക സംഘം പ്രസിദ്ധീകരിച്ച, നക്സൽ കാലത്തിന്റെ ചോരച്ചുവപ്പും വസന്തത്തിന്റെ ഇടി മുഴക്കങ്ങളും പ്രമേയമായ ഫിക്ഷണൽ ബയോഗ്രഫി എന്ന നിലയിൽ വായിക്കാവുന്ന ‘അയനാന്തരങ്ങൾ’ എന്ന വേറിട്ട നോവലും ശ്രദ്ധേയമാണ്.

ഈ നോവലുകൾ രചിക്കപ്പെടുന്നതിനും മുപ്പതിലധികം വർഷം മുമ്പ് ആകാശവാണി റേഡിയോ നാടകങ്ങളിലൂടെ മനസ്സിൽ പതിഞ്ഞ പേരാണ് അദ്ദേഹത്തിന്റേത്. റഷീദ് പാവറട്ടി എന്ന പേരിൽ അദ്ദേഹം റേഡിയോ നാടകങ്ങൾ എഴുതിയിരുന്ന കാലം ഓർമ്മ വരുന്നു. തൃശൂർ ആകാശവാണി നിലയത്തിൽനിന്നും ‘താളഭംഗം’ എന്ന നാടകം പലതവണ ശ്രവിച്ചത് ഹൃദ്യമായ ഓർമ്മയാണ്.

റഷീദ് കെ. മുഹമ്മദ്

ഇപ്പോൾ അദ്ദേഹത്തിന്റെ നാടകങ്ങൾ പുസ്തകരൂപത്തിൽ വരുന്നു. ‘മലയാളം സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്റർ’ നടത്തിയ ദേശീയ നാടക രചനാ മത്സരത്തിൽ റഷീദ് കെ. മുഹമ്മദിന്റെ ‘എന്റെ റേഡിയോ നാടകങ്ങൾ’ എന്ന കൃതിക്ക് സ്വർണമയൂരം പുരസ്കാരം ലഭിച്ചിരിക്കുന്നു എന്ന സന്തോഷവാർത്തയും അറിയുന്നു. പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആറ് നാടകങ്ങളിൽ മൂന്നെണ്ണം ഉൾപ്പെടുന്ന സമാഹാരമാണ് ഈ കൃതി. ഒരുപക്ഷേ, മലയാളത്തിൽ റേഡിയോ നാടകങ്ങളുടെ ലിഖിതപാഠം പുസ്തകരൂപത്തിൽ വരുന്നത് അപൂർവതയാണ്.

കേൾവിയെ ആശ്രയിച്ചുകൊണ്ട് മാത്രമല്ല, കാഴ്ചയുടെയും വായനയുടെയും അനുഭൂതിതലങ്ങളാൽ ആവിഷ്കരിക്കപ്പെട്ടതാണ് മികച്ച റേഡിയോ നാടകങ്ങൾ എന്ന് ബോധ്യപ്പെടുത്തുന്നു ഈ സമാഹാരം. മാധ്യമചരിത്രത്തിൽ റേഡിയോ എന്ന മാധ്യമം ഇന്നും പ്രസക്തമാണ്. ആഗോളതലത്തിൽത്തന്നെ പ്രാദേശികവും ദേശീയവുമായ ഒട്ടേറെ റേഡിയോ പ്രക്ഷേപണ നിലയങ്ങൾ പുതുരൂപത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. സോഷ്യൽ മീഡിയ പോഡ്കാസ്റ്റുകളും സജീവം. തൊഴിലിടം, വീട്ടകം എന്നീ ഇടങ്ങളിൽ മാത്രമല്ല, യാത്രാവേളയിലും മികച്ച അനുഭവങ്ങൾ നൽകുന്ന രീതിയിൽ കലാനുസൃതമായി നവീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ സാധ്യതകളിലൂടെ പങ്കുവെക്കാൻ കഴിയുന്ന തരത്തിൽ രൂപപ്പെടുന്നതും കാണാം. വാർത്തയും വിനോദവും പ്രബോധനവും ഉൾക്കൊള്ളുന്ന മാധ്യമസാധ്യതകളുടെ വർത്തമാന പരിസരത്തിൽ റേഡിയോ നാടകങ്ങളുടെ എഴുതപ്പെട്ട പാഠം ഉണ്ടാകുന്നത് ആ മേഖലയിൽ പ്രവർത്തിക്കുന്ന രചയിതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും കൂടുതൽ ദിശാബോധം നൽകും എന്നതാണ് വാസ്തവം.

ശബ്ദത്തെ ആശ്രയിച്ചുമാത്രമാണ് റേഡിയോ നാടകങ്ങൾ നിൽക്കുന്നത്. എന്നാൽ ആ പരിമിതിയെ ലംഘിക്കുന്നത് രചയിതാവിന്റെ ദൃശ്യ-ശ്രവ്യ ബിംബസാധ്യതകളെ ഉചിതമായി ഉപയോഗിക്കാനുള്ള പാടവം കൊണ്ടാണ്. കേൾവി, ദൃശ്യത്തിലേക്കും വൈചാരിക ലോകത്തിലേക്കും പടരുന്ന അനുഭവമായി മാറ്റാൻ റേഡിയോ നാടക രചയിതാവിനും ശബ്ദമിശ്രണം ചെയ്യുന്ന സാങ്കേതികവിദഗ്ധനും ഇതെല്ലാം ഏകോപിപ്പിച്ച് നാടകം സംവിധാനം ചെയ്യുന്ന പ്രതിഭകൾക്കും കഴിയേണ്ടതുണ്ട്. റഷീദ് കെ. മുഹമ്മദിന്റെ ഈ സമാഹാരത്തിലുള്ള ‘താളഭംഗം’, ‘സത്യാർത്ഥം’, ‘ഒരാൾ പോകും വഴി’ എന്നീ നാടകങ്ങൾക്ക് അതിനുള്ള ശേഷിയുണ്ട് എന്ന് രചനാപാഠം ബോധ്യപ്പെടുത്തുന്നു. വായിക്കുമ്പോൾ കേൾവിയുടെയും ദൃശ്യത്തിന്റെയും സാധ്യതകൾ വിഭിന്നമായി ഓരോ മനസ്സിലും രൂപപ്പെടും എന്നതാണ് പ്രധാന സവിശേഷത. നാടകത്തിന്റെ പ്രാഥമിക സ്വഭാവമായ ചലനാത്മകതയെ നിലനിർത്താൻ നാടകകൃത്തിന് കഴിഞ്ഞിട്ടുമുണ്ട്. പ്രസരിപ്പുള്ള മനസ്സുകളിലേക്ക് അർത്ഥപൂർണമായി, പ്രസരണശേഷിയോടെ നിർവഹിക്കുന്ന അനുഭൂതിലോകങ്ങളുടെ വിസ്തൃതി ഈ രചനകളുടെ ഇതിവൃത്തത്തിലുണ്ട്.

വിനോദത്തിനപ്പുറം പ്രബോധനവും കേൾവിക്കപ്പുറം കാഴ്ചയുടെ സാധ്യതയും നിർവഹിക്കുന്ന റേഡിയോ നാടകപാഠങ്ങളാണ് പുസ്തകത്തിലുള്ളത്. നാടകവും സിനിമയും ദൃശ്യാവിഷ്കാരം എന്ന നിലയിലാണ് സമൂഹത്തെ സ്വാധീനിച്ചത് എന്ന വസ്തുത ബോധ്യമുള്ള ആളാണ് രചയിതാവ്. ‘താളഭംഗം’ എന്ന നാടകത്തിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും പശ്ചാത്തല വൈവിധ്യങ്ങളും വായനക്കാരന്റെ മനസ്സിൽ മിഴിവോടെ പ്രത്യക്ഷപ്പെടുന്നു. പരിഷ്കാരത്തിന്റെയും വേഗതയുടെയും കാലത്ത് നാട്ടുതനിമകളും വംശീയകലാവിഷ്കാരങ്ങളും വിസ്മരിക്കപ്പെടുന്നതിനെതിരെയുള്ള തിരിച്ചറിവിന്റെ പാഠം കൂടിയായി നാടകം മാറുന്നു. പുള്ളുവക്കുടവും വീണയും വിശ്വാസാധിഷ്ഠിതമായ നന്മയുടെ വിനിമയങ്ങളും വിസ്മരിക്കുന്ന പുതുതലമുറയുടെ അനാദരവിൽ പരിക്കേൽക്കുന്ന നാട്ടുകലാകാരന്മാരുടെ വേദനകൾ ഹൃദയസ്പർശിയായി രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമത്തിലെ സ്നേഹബന്ധങ്ങൾ, ജാതിക്കും മതത്തിനും അതീതമായ പാരസ്പര്യങ്ങൾ, വിശ്വാസങ്ങളെയും ആചാരങ്ങളെയും അവയിലെ മൂല്യസങ്കൽപ്പമറിഞ്ഞ് ബഹുമാനിക്കുന്നവർ എന്നിവരെയും ‘താളഭംഗം’ എന്ന നാടകത്തിൽ ഉചിതമായി സന്നിവേശിപ്പിക്കാൻ നാടകകൃത്തിന് കഴിഞ്ഞിട്ടുണ്ട്.

സമൂഹത്തെ നവീകരിക്കാനും പ്രബുദ്ധമാക്കാനും ഏറ്റവും സമർത്ഥമായ മാധ്യമം നാടകമാണെന്ന് നിസ്സംശയം പറയാം. പ്രേക്ഷകരുമായി മുഖാമുഖം സംവദിക്കുന്ന നേരിന്റെ ഇടപെടലാണ് നാടകം. പ്രബോധനത്തിന്റെ സാരാംശങ്ങൾ വിനിമയം ചെയ്യുന്ന നാടകമാണ് ‘സത്യാർത്ഥം’. മാർഗവും ലക്ഷ്യവും സംശുദ്ധമായിരിക്കണം എന്ന നേരിലാണ് ഇതിവൃത്തം രൂപപ്പെടുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കുടുംബത്തെ അസ്വസ്ഥമാക്കുമ്പോൾ എങ്ങനെയും പണം നേടി സുഖമായി ജീവിക്കാൻ യുവതലമുറ ഏർപ്പെടുന്ന അസാന്മാർഗിക-കപട ലോകത്തെ തുറന്നുകാണിക്കുകയാണ് നാടകം. ഇല്ലായ്മയെ മുതലെടുത്ത് വളരുന്ന അധാർമിക ഗോപുരങ്ങളെ നോക്കി സത്യത്തിന്റെയും നീതിയുടെയും പാഠം ഒരിക്കലും തോൽക്കുന്നില്ല എന്ന സാരം അറിയിക്കുന്നിടത്ത് നാടകം പ്രബോധനത്തിന്റെ കല കൂടിയാകുന്നു. കഥയുടെ പശ്ചാത്തലവും സംഭാഷണവും ആവിഷ്കാരത്തിൽ ഉണ്ടാകേണ്ട ശബ്ദസാധ്യതകളും വ്യക്തമായി എഴുതിച്ചേർക്കുന്നു നാടകപാഠം എന്നതും പ്രത്യേകതയാണ്.

ഏറെ ദാർശനിക മാനങ്ങളുള്ള രചനയാണ് ‘ഒരാൾ പോകും വഴി’ എന്നത്. സുവചൻ എന്ന കഥാപാത്രത്തിന്റെ ദാർശനിക മാനങ്ങളുള്ള ജീവിതത്തെ പൊതുസമൂഹത്തിന് ഉൾക്കൊള്ളാനാകുന്നില്ല. ഇങ്ങനെ ജീർണിച്ച ഒരു വ്യവസ്ഥിതിയിൽ അയാൾ ഇടപെടുന്നതിലെ അസ്വാഭാവികത, പരിസരത്തെയും അന്യാദൃശ പ്രകടനങ്ങളെയും ഫാന്റസിയുടെ സാധ്യതയിലൂടെ ആവിഷ്കരിക്കുന്ന രചനയാണ് അത്. സുവചൻ എന്ന പേരുപോലും ഏറെ പ്രസക്തം.

മത-തത്ത്വദർശനങ്ങളുടെ അന്തഃസാരം നിക്ഷേപിച്ച സുഭാഷിതചാരുതയുണ്ട് നാടകത്തിന്. സ്നേഹത്തിന്റെയും ധാർമികതയുടെയും കാരുണ്യത്തിന്റെയും ഇടങ്ങൾ വിസ്മരിക്കുന്ന കാലത്ത് തിരിച്ചറിവിന്റെ മാനവികമായ പാഠങ്ങളെ കാഴ്ചയുടെയും വായനയുടെയും ലോകത്തേക്ക് സ്വതന്ത്രമാക്കുന്നു എന്നതാണ് ഈ റേഡിയോ നാടകങ്ങൾ സമാഹരിച്ച ഗ്രന്ഥത്തിന്റെ പ്രസക്തിയും സവിശേഷതയും.


അയനാനന്തരങ്ങള്‍
രചന : റഷീദ് കെ. മുഹമ്മദ്
പ്രസാധനം : പുസ്തകപ്രസാധക സംഘം
വില : 599 രൂപ


പ്രസാദ് കാക്കശ്ശേരി

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.