Skip to main content

അമ്മ മേരി എന്നെത്തേടി വരുമ്പോൾ

ദ ഗോഡ് ഓഫ് സ്‌മാൾ തിങ്‌സ് എന്ന പുസ്തകത്തിലൂടെ ഇന്ത്യൻ ജാതിവ്യവസ്ഥയെയും പുരുഷാധിപത്യത്തെയും ലോകത്തിനു മുന്നിൽ വരച്ചുകാട്ടി ബുക്കർ പ്രൈസ് കരസ്ഥമാക്കിയ അരുന്ധതി റോയിയുടെ പുതിയ രചനയാണ് മദർ മേരി കംസ് ടു മി (Mother Mary Comes to Me). ഒറ്റവായനയിൽ ജീവചരിത്രമായും ആത്മകഥയായും നോവലായും തോന്നുന്ന ഓർമപ്പുസ്തകം. ഒരു മകൾ അമ്മയ്ക്കായി തീർത്ത സ്മാരകം പോലെ അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ എക്കാലത്തും ജീവിക്കുന്ന പുസ്തകം.

അരുന്ധതി റോയിയുടെ എഴുത്തും ജീവിതവും പോരാട്ടമാണ്. ജനാധിപത്യത്തിനും പുതിയ ലോകത്തിനും വേണ്ടിയുള്ള ഉടമ്പടികളില്ലാത്ത സമരം.

 

അതിജീവനത്തിന്റെ ആത്മസംഘർഷങ്ങളിൽ ദിശാബോധം നഷ്ടപ്പെട്ട് ഹതാശയുടെ ആഴക്കയങ്ങളിൽ അകപ്പെട്ടുപോയ ഒരു ജനതയ്ക്ക് വാക്കുകൾ കൊണ്ടൊരുക്കുന്ന പെട്ടകങ്ങളാണ് അരുന്ധതി റോയിയുടെ സാഹിത്യലോകം.

വികസനക്കുതിപ്പിൽ മാഞ്ഞുപോകുന്ന ഗ്രാമജീവിതങ്ങൾ, ഖനികൾക്കുവേണ്ടി നശിപ്പിക്കപ്പെട്ട വനങ്ങൾ, കിടപ്പാടവും ജീവിതവും നഷ്ടപ്പെട്ട് ജനിച്ച മണ്ണിൽ അഭയാർഥികളായിത്തീരുന്ന മനുഷ്യർ… അവരോട് തോൾ ചേർന്നുനടക്കുമ്പോഴാണ് അരുന്ധതിയുടെ വാക്കുകളിൽ ചോരയും വിയർപ്പും നീരും കണ്ണീരും പടരുന്നത്.

ആശുപത്രിയില്‍ നിന്നും അമ്മ പരിഭവം പറഞ്ഞു; ആളുകള്‍ അരുന്ധതിയെ കാണാനാണ് വരുന്നത്...
അമ്മ മേരി റോയിക്കൊപ്പം അരുന്ധതി റോയ്‌

ജൈവികമെന്നതിനപ്പുറം സാമൂഹികമായി കെട്ടിപ്പടുക്കുന്ന ഒരു പദവി കൂടിയാണ് അമ്മ. അരുന്ധതി റോയിയുടെ അമ്മ മേരി റോയി എല്ലാ ശാസ്ത്രങ്ങളും മാമൂലുകളും സാമൂഹികബന്ധങ്ങളും നിഷ്‌കർഷതകളും തെറ്റിക്കുന്നുണ്ട്. മദ്യത്തിൽ മുങ്ങി ജീവിതം തുലച്ച ഭർത്താവ് മിക്കി റോയിയെ ഉപേക്ഷിക്കുമ്പോഴും മതപൗരോഹിത്യം സ്ത്രീകൾക്ക് നിഷേധിച്ച കുടുംബസ്വത്തിനുവേണ്ടി പരമോന്നത കോടതിയിൽ പോയി വിജയം വരിക്കുമ്പോഴും അമ്മ മേരിയിൽ അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ ജ്വാല കെടാതെ കത്തിക്കൊണ്ടിരിക്കുന്നത് അരുന്ധതി തിരിച്ചറിയുന്നുണ്ട്.

പക്ഷേ, കടുത്ത ഏകാന്തതയും നിരന്തരം പണിമുടക്കുന്ന ശ്വാസകോശങ്ങളും അവരിലേക്ക് മനുഷ്യത്വത്തിനകത്തുതന്നെ മറഞ്ഞുനിൽക്കുന്ന പൈശാചികതയുടെ കൊടുങ്കാറ്റുകളെ അഴിച്ചുവിട്ടു. ആ വൈരുധ്യത്തിനകത്ത് സ്വയം വെന്തെരിയുമ്പോൾ അതിന്റെ ചൂടിൽ ക്രൂശിക്കപ്പെടുന്ന അരുന്ധതിയെയും സഹോദരനെയും അടുത്ത ചില ജോലിക്കാരെയും നമുക്ക് കണ്ണീർ ചേർത്തല്ലാതെ വായിക്കാൻ സാധിക്കില്ല.

കോട്ടയത്ത് ഒറ്റയ്ക്ക് ഒരു സ്‌കൂൾ സ്ഥാപിച്ച് അതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തെയും സ്വശരീരം പോലെ അറിഞ്ഞാസ്വദിച്ച മേരി റോയിയെന്ന അമ്മയെ അരുന്ധതി ഒരേസമയം ഭയമായും അഭയമായും തിരിച്ചറിയുന്നുണ്ട്.

വ്യവസ്ഥാപിതമായ എല്ലാ നിലപാടുകളോടും സ്ഥാപനങ്ങളോടും പല്ലും നഖവും ഉപയോഗിച്ച് പോരാടിയ മേരി റോയിയും തനിക്കുചുറ്റുമുള്ള രാഷ്ട്രീയ ശരികേടുകൾക്കെതിരെ നിതാന്തമായി പേനയേന്തിയ അരുന്ധതിയും ചേരുന്ന രണ്ട് വൈരുധ്യങ്ങളുടെ താദാത്മ്യവും സംഘർഷവും കൊണ്ട് കലുഷിതമാണ് ഈ പുസ്തകം.

സൗഹൃദവും പ്രണയവും രതിയും വിവാഹവും വിവാഹമോചനവുമെല്ലാം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലുള്ള ആവശ്യങ്ങൾ മാത്രമായി അരുന്ധതി തിരിച്ചറിയുന്നുണ്ട്. അയ്മനവും ഡൽഹിയും യൂറോപ്പുമെല്ലാം ഭൂമിയിലെ മനുഷ്യർ പാർക്കുന്ന ഇടങ്ങൾ മാത്രം. ജീവിതങ്ങൾക്ക് ആരോ തീർത്ത തിരക്കഥയെ സിനിമയുടെ തിരക്കഥയാക്കി പരുവപ്പെടുത്തിയാണ് അരുന്ധതി എഴുത്തുജീവിതത്തിന് തിരികൊളുത്തുന്നത്.

MOTHER MARY COMES TO ME - MALAYALAM

അമ്മയിൽനിന്ന് രക്ഷപ്പെടാൻ തിരഞ്ഞെടുത്ത ഡൽഹി ജീവിതമാണ് അരുന്ധതിയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങൾ തിരിച്ചറിയുന്നതിന് പ്രാപ്തയാക്കിയത്. സാഹിത്യത്തിന്റെയും കലയുടെയും ലോകത്ത് നടമാടുന്ന വരേണ്യതയും പാട്രിയാർക്കിയും ഇവിടെവെച്ചാണ് അരുന്ധതി റോയി അടുത്തറിയുന്നത്.

The God Of Small Things (ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്) - Fiction by Arundhati Roy | Buy Online Rarebook.in

നർമദയുടെ തീരത്ത് മേധാ പടേക്കർ ആരംഭിച്ച അണക്കെട്ടിനെതിരെയുള്ള പോരാട്ടങ്ങൾ, ദണ്ഡകാരണ്യത്തിൽ ആദിവാസി സമൂഹം നടത്തിയ ചെറുത്തുനിൽപ്പുകൾ തുടങ്ങി കാശ്മീരിലും തീഹാർ ജയിലിലും കലാപകലുഷിതമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും അരുന്ധതി കണ്ട ജീവിതങ്ങൾ തന്നെയാണ് അവളുടെ വാക്കുകളിൽ വെടിമരുന്നായി പുകയുന്നത്.

ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് - വിക്കിപീഡിയ

ദ ഗോഡ് ഓഫ് സ്‌മാൾ തിങ്‌സിന് ശേഷം ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന പുസ്തകവും അനേകം രാഷ്ട്രീയ ലേഖനങ്ങളും എഴുതി അരുന്ധതി വിവാദങ്ങളുടെ കൊടുമുടി കയറുകയും കോടതിമുറികളിൽ വിചാരണ നേരിടുകയും ജയിൽശിക്ഷ വരിക്കുകയും ചെയ്തിട്ടുണ്ട്.

മദർ മേരി കംസ് ടു മി എന്ന പുസ്തകം അയ്മനത്തുകാരി അരുന്ധതിയെ ലോകമറിയുന്ന അരുന്ധതി റോയിയാക്കി മാറ്റിയ സംഭവങ്ങളുടെ ചരിത്രവഴികൾ തന്നെയാണ് അനാവരണം ചെയ്യുന്നത്. ബന്ധങ്ങളുടെ സങ്കീർണതകളിലും മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കുമിടയിൽ പിറന്ന അക്ഷരങ്ങളുടെ അഗ്നിപർവതം.

പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ ചുള്ളിക്കാടിന്റെ ഈ വരികൾ വെറുതെ ഓർത്തുപോയി:

എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ
തൂങ്ങിമരിച്ചൊരാ വഴിയമ്പലങ്ങളിൽ
കാരമുള്ളിന്റെ കിരീടവും ചൂടി നാം
തേടി നടന്നത്
സൗഖ്യമോ മൃത്യുവോ…


മദര്‍ മേരി കംസ് ടു മീ
രചന : അരുന്ധതി റോയ്
പ്രസാധനം : ഡി.സി. ബുക്‌സ്
വില : 499 രൂപ


ഭാഷ മമ്മു

കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ
ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്യുന്നു. ആദ്യ കവിതാ സമാഹാരം – ഒറ്റയ്ക്കൊരു പച്ച മരം.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.