Skip to main content

എന്റെ ഹിന്ദു സ്വത്വത്തിന്റെ തനിനിറം – ഭവര്‍ മെഘ് വന്‍ഷി

വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ ആവുമെന്നും ലോക വ്യാപാരത്തിന്റെ ഇരുപത് ശതമാനം നമ്മള്‍ കൈകാര്യം ചെയ്യുമെന്നും ആണ് ഭരണകര്‍ത്താക്കള്‍ ആത്മവിശ്വാസത്തോടെ പറയുന്നത്. രാജ്യം മുഴുവന്‍ ഉണ്ടാകുന്ന അടിസ്ഥാന സൌകര്യ വികസനങ്ങള്‍, ഡിജിറ്റല്‍ ഇക്കൊണമിയില്‍ ഉണ്ടാകുന്ന വന്‍ കുതിച്ചു ചാട്ടം, സെമി കണ്ടക്ടര്‍ മേഖലയില്‍ നമ്മള്‍ നേടുന്ന വിജയങ്ങള്‍, അമേരിക്ക നമുക്ക് നേരെ ഉയര്‍ത്തിയ സാമ്പത്തിക രാഷ്ട്രീയ വെല്ലുവിളികളെ ചൈനയുമായി കൈകോര്‍ത്ത് കൊണ്ട് മറികടക്കാന്‍ ഇന്ത്യക്കാകും എന്ന് കാണിക്കാനുള്ള ചങ്കൂറ്റം ഒക്കെ ഒരു വശത്ത് നില്‍ക്കുമ്പോള്‍ മറുവശത്ത് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചത് പോലെ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ശരിയായ രീതിയില്‍ അല്ല നടക്കുന്നത് എന്നതും, അഴിമതി എന്നൊരു വാക്ക് പോലും കേള്‍ക്കാത്ത തരത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ മുഴുവന്‍ കോര്‍പ്പറേറ്റ് ലാഭത്തിന് വേണ്ടി വഴങ്ങി കൊടുക്കുന്നു എന്ന ആരോപണവും, ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ പഞ്ചായത്ത് അധികാരികള്‍ കാളവണ്ടിയില്‍ മൈക്ക് കെട്ടി ഗ്രാമത്തിലെ പട്ടികജാതിക്കാര്‍ പൊതു കിണറില്‍ നിന്നോ ടാപ്പുകളില്‍ നിന്നോ വെള്ളം എടുക്കരുത് എന്ന് വിളംബരം ചെയ്യുന്നത് വരെ നമ്മള്‍ കണ്ടു. വര്‍ത്തമാന ഇന്ത്യയുടെ ഒരു വശം ആധുനികം ആയി പ്രദര്‍ശിപ്പിക്കുകയും മറുവശം, മഹാഭൂരിപക്ഷം വരുന്ന ആളുകള്‍ ഇടപെടുന്ന ഭാഗം പഴയ മനുസ്മൃതി കാലത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യം നമുക്ക് കാണാന്‍ കഴിയും. ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും, പൌരന്മാരുടെ വോട്ടവകാശത്തെ ഇല്ലാതാക്കുകയും, വോട്ടെടുപ്പ് പ്രക്രിയ തന്നെ സംശയത്തിന്റെ നിഴലില്‍ ആക്കുകയും, നിയമവാഴ്ച ഇല്ലാതാക്കിക്കൊണ്ട് സമൂഹത്തിലെ അധീശ വര്‍ഗ്ഗങ്ങള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ നടത്തിയെടുക്കാന്‍ പറ്റുന്ന സാഹചര്യം ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നത് വഴി പട്ടികജാതികള്‍ ഇന്നത്തെ ഇന്ത്യയില്‍ എവിടെ നില്‍ക്കണം, എത്രത്തോളം ചലിക്കണം എന്നൊരു തിട്ടൂരം പരോക്ഷമായി ഇറക്കുകയും അവരുടെ മേല്‍ അദൃശ്യമായ സാമൂഹ്യനിയന്ത്രണം കൊണ്ടുവരികയും ചെയ്യുക എന്നത് ഒരു വശത്ത് നടക്കുമ്പോള്‍, മറുവശത്ത് രാഷ്ട്രീയമായി അവരെ കൂടെ നിര്‍ത്താന്‍ ഖര്‍ വാപ്പസ്സി പോലുള്ള തന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്ന സമയത്ത് ആളുകള്‍ നിര്‍ബന്ധമായി വായിക്കേണ്ട പുസ്തകമാണ് ഭവര്‍ മെഘ് വന്‍ഷി എഴുതിയ ”എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല” എന്ന പുസ്തകം. RSS വിട്ട ഒരു പട്ടികജാതിക്കാരന്‍ കര്‍സേവകന്റെ കഥയാണ് ഈ പുസ്തകം. സംഘപരിവാര്‍ രാഷ്ട്രീയത്തിലും തീവ്ര ഹിന്ദുത്വം മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വ ദേശിയതയിലും തങ്ങള്‍ക്ക് മാന്യമായ ഒരു സ്ഥാനം ഉണ്ടാവുമെന്ന് കരുതുന്ന മുഴുവന്‍ പട്ടികജാതിക്കാരും നിര്‍ബന്ധമായും വായിക്കേണ്ട ഒരു പുസ്തകമാണിത്. പുസ്തകത്തിന്റെ ഉള്ളടക്കത്തിലെക്ക് അധികം കടക്കാതെ ആശയപരമായി പുസ്തകത്തെ സമീപിക്കാന്‍ ആണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയവുമായി സഹകരിക്കുന്ന മിക്ക പട്ടികജാതിക്കാരും പൊതുവായി പുലര്‍ത്തുന്ന ഒരു മനോഭാവം ”അവര്‍ക്ക് സംഘത്തില്‍ മാന്യമായ സ്ഥാനവും മറ്റുള്ളവരില്‍ നിന്നും മാന്യമായ പെരുമാറ്റവും ലഭിക്കുന്നുണ്ട് ” എന്നാണ്. ഒരു ഹിന്ദു ആയതില്‍ തങ്ങള്‍ക്ക് അഭിമാനവും സന്തോഷവും നല്‍കാന്‍ സംഘ പ്രവര്‍ത്തനത്തിലൂടെ കഴിയുന്നു എന്നതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ് കൊടുത്തിട്ടുള്ള നിരവധി സര്‍ക്കാര്‍ ജീവനക്കാരുമായി സംസാരിക്കാന്‍ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം ”പട്ടികജാതി പട്ടികവര്‍ഗ്ഗ ഇതര സമൂഹങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ മനുഷ്യരില്‍ നിന്നും കൃത്യമായി പ്രതീക്ഷിക്കുന്ന ഒരു വിധേയത്തം, അടിമത്തം അവരില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍ അടുത്ത നിമിഷം അവര്‍ക്കെതിരെ മുഴുവന്‍ അധികാര കേന്ദ്രങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരുന്നു ” എന്നാണ്. എന്നാല്‍ പൊതു സമൂഹം പ്രതീക്ഷിക്കുന്ന ശരീരഭാഷയും വിധേയത്ത പെരുമാറ്റ രീതികളും സവര്‍ണ്ണരെ പുളകം കൊള്ളിക്കുന്ന സാംസ്‌കാരിക മൂല്യബോധം പുലര്‍ത്തുകയും ചെയ്യുന്ന പട്ടികജാതികളെ അധികാര സംവിധാനങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഇവിടെ ഒരു പട്ടികജാതിക്കാരന്‍ നേരിടുന്ന ജാതീയമായ വിവേചനങ്ങള്‍ അയാള്‍ പട്ടികജാതിക്കാരന്‍ ആയതുകൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നല്ല മറിച്ച് അയാള്‍ പട്ടികജാതി ഇതര മനുഷ്യരുടെ അമിത അധികാര പ്രയോഗത്തോട് എത്രത്തോളം സമരസപ്പെട്ട് നില്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചു നില്‍ക്കുന്ന കാര്യമാണ്.

ഈ ഒരു ആശയം ഭവര്‍ മെഘ് വന്‍ഷി തന്റെ പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. കുട്ടിക്കാലം മുതല്‍ക്കേ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ അതിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ മെഘ് വന്‍ഷി മുടങ്ങാതെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളുകയും പതിയെ പതിയെ സംഘത്തിന്റെ പ്രാദേശിക ഭാരവാഹി ആകുകയും ചെയ്തു. സംഘത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും അത് നടപ്പിലാക്കാന്‍ സ്വയം സമര്‍പ്പിതന്‍ ആവുകയും ചെയ്യുമ്പോഴും മെഘ് വന്‍ഷിയുടെ ഉള്ളില്‍ സംശയാലുവായ ഒരു പട്ടികജാതിക്കാരന്‍ ഉണ്ടായിരുന്നു. സ്‌കൂളില്‍ സൂര്യന്‍ ഒരു തീഗോളം ആണെന്ന് പഠിപ്പിച്ച അദ്ധ്യാപകന്‍ തന്നെ ശാഖയില്‍ വന്ന് ”സൂര്യന്‍ ഒരു ദൈവം ആണെന്നും സൂര്യനെ വിഴുങ്ങാല്‍ ഹനുമാന് കഴിഞ്ഞു”എന്ന് പറയുന്നതിലെ വൈരുദ്ധ്യം മെഘ് വന്‍ഷി ചൂണ്ടിക്കാണിക്കുമ്പോള്‍ അതില്‍ വൈരുദ്ധ്യം കാണാതെ അനുസരണ ശീലത്തോടെ ഇരിക്കാനാണ് അദ്ധേഹത്തിന് കിട്ടിയ ഉപദേശം. എന്താണോ മുകളില്‍ ഉള്ളവര്‍ പറയുന്നത് അത് അക്ഷരംപ്രതി അനുസരിക്കുകയും അതില്‍ ഒരു വരിപോലും കളയാതെ മാറ്റം വരുത്താതെ താഴെയുള്ള ആളുകള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം എന്നാണ് ശാഖയിലെ നേതാവ് അവനോട് പറഞ്ഞത്. അവനത് കൃത്യമായി അനുസരിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ദലിത്പക്ഷ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബാബാ സാഹെബ് അംബേദ്കറുടെ പുസ്തകങ്ങളുമായോ ആശയവുമായോ യാതൊരു വിധ ചങ്ങാത്തവും പാടില്ല എന്ന് സംഘത്തിലെ ആളുകള്‍ മെഘ് വന്‍ഷിയെ കര്‍ശ്ശനമായി താക്കീത് ചെയ്യുന്നുണ്ട്. പട്ടികജാതി പിള്ളേരുടെ ഹോസ്റ്റലില്‍ താമസിക്കരുത്. ഹോസ്റ്റല്‍ നിന്നെ വഴിതെറ്റിക്കും എന്നാണ് അവന് കിട്ടുന്ന ഉപദേശം. വര്‍ത്തമാന ഇന്ത്യയില്‍ സംഘപരിവാര്‍ പകല്‍ വെളിച്ചത്തില്‍ അംബേദ്കറെ തലയില്‍ വെച്ചുകൊണ്ട് നടക്കുമെങ്കിലും ഇരുട്ടിയാല്‍ അവരുടെ അഭിപ്രായം ”ഹിന്ദു ഗ്രന്ഥങ്ങളെ ഡൈനാമിറ്റ് വെച്ച് തകര്‍ത്താല്‍ മാത്രമേ ഈ നാട് നന്നാവൂ ”എന്ന് പറഞ്ഞ അംബേദ്കറുമായി അവരുടെ അനുയായികള്‍ കൂട്ട് കൂടരുത് എന്ന് തന്നെയാണ് എന്നാണ് മെഘ് വന്‍ഷി തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്.

ശാഖയുടെ അധികാര ശ്രേണിയില്‍ ഒരല്‍പം മുകളിലോട്ട് പോകാനുള്ള തന്റെ ആഗ്രഹം മെഘ് വന്‍ഷി നേതാവിനോട് പങ്കു വയ്ക്കുമ്പോള്‍ ഉടന്‍ തന്നെ അയാള്‍ അവനെ തടയുകയാണ്. നീ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വന്നാല്‍ തീര്‍ച്ചയായും സമൂഹത്തിലെ സവര്‍ണ്ണ സമ്പന്നര്‍ ആയ ആളുകളുടെ വീടുകളില്‍ പോകുകയും അവരുടെ ഭക്ഷണം കഴിക്കുകയും വേണ്ടി വരും. അപ്പോള്‍ അവര്‍ നിന്റെ ജാതി ചോദിക്കുകയും നിന്റെ ജാതി അവര്‍ തിരിച്ചറിയുകയും ചെയ്യും. ആ സമയത്ത് നിനക്കും അവര്‍ക്കും ഇടയില്‍ ഉണ്ടാകുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ നിന്നില്‍ ദുഖവുംദേഷ്യവും പ്രതികാരദാഹവും ഉണ്ടാക്കും. ഈ സംഘര്‍ഷം സംഘത്തിന്റെ ഐക്യം ഇല്ലാതാക്കും. പുസ്തകത്തിലെ ഈ സന്ദര്‍ഭം നമ്മള്‍ കൂടുതല്‍ വിശകലനത്തിന് വിധേയം ആക്കേണ്ട കാര്യമാണ്. മെഘ് വന്‍ഷി സവര്‍ണ്ണ സമ്പന്നരുടെ വീടുകളില്‍ നിന്നും ജാതീയമായ വിവേചനവും അപമാനവും നേരിടും എന്ന കാര്യത്തില്‍ നേതാവിന് യാതൊരു സംശയവും ഇല്ല. ഇത്തരം അപമാനങ്ങള്‍ നേരിടുമ്പോള്‍ മെഘ് വന്‍ഷിയുടെ ഉള്ളില്‍ പ്രതികാരദാഹം വളരും എന്ന കാര്യത്തിലും നേതാവിന് സംശയം ഒന്നുമില്ല. സംഘത്തിന്റെ അധികാര ശ്രേണിയില്‍ മുന്നോട്ട് പോകാനുള്ള മെഘ് വന്‍ഷിയുടെ കഴിവിലും യോഗ്യതയിലും അദ്ധേഹത്തിന് സംശയം ഒന്നുമില്ല. എന്നാലും ഒരു പരിധിക്ക് അപ്പുറത്തേക്ക് വളരാന്‍ ശ്രമിക്കരുത് അത് സംഘത്തിനകത്തും പൊതു സമൂഹത്തിനകത്തും സംഘര്‍ഷം ഉണ്ടാക്കും എന്നാണ് നേതാവ് അവനെ ഉപദേശിക്കുന്നത്. ഇന്ത്യന്‍ ക്ലാസ്സിക്ക് ഗ്രന്ഥങ്ങളെ വിശകലനം ചെയ്തവരില്‍ അംബേദ്കര്‍ ഒഴികെ മിക്കവരും ജാതി വ്യവസ്ഥയെ ഹിന്ദു സമൂഹത്തിനകത്ത് ”പരസ്പര സഹവര്‍ത്തിത്വം ” ഉണ്ടാക്കുന്ന ഒന്നായിട്ടാണ് വിലയിരുത്തിയിട്ടുള്ളത്. മഹാത്മാ ഗാന്ധി, കെ എം മുന്‍ഷി, ഡോക്ടര്‍ രാധാകൃഷ്ണന്‍ ഒക്കെ ഈ ആശയം പങ്കു വെച്ചവര്‍ ആണ്. പരസ്പര സഹവര്‍ത്തിത്വത്തിന്റെ അടിത്തറ എന്നത് ”ഞങ്ങള്‍ പറയുന്നിടത്ത് നിങ്ങള്‍ നിന്നോണം ” എന്ന സവര്‍ണ്ണ താക്കീതിനെ യാതൊരു എതിര്‍പ്പും കൂടാതെ പട്ടികജാതികള്‍ സ്വീകരിക്കുന്നതില്‍ ആണ്. ഇത് തന്നെയാണ് മെഘ് വന്‍ഷിയോട് സംഘ നേതാവ് പറയുന്നതും. നിന്റെ ജാതി നിലയ്ക്കുള്ള സ്ഥാനം മാത്രം ആവശ്യപ്പെടുക അതിനപ്പുറം പോകാന്‍ ശ്രമിക്കരുത്. തോട്ടി ഒരിക്കലും പൂജാരിയാകാന്‍ ശ്രമിക്കരുത് എന്ന് മഹാത്മാ ഗാന്ധി പറഞ്ഞത് ഓര്‍ക്കുമല്ലോ. ജില്ലാതല ഭാരവാഹി ആകാന്‍ നീ ശ്രമിക്കരുത് എന്ന് നേതാവ് മെഘ് വന്‍ഷിയോട് പറഞ്ഞത് തന്നെയാണ് തോട്ടികളോട് ഗാന്ധിജി പറഞ്ഞതും. സാമൂഹ്യ വിനിമയത്തില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം തിരിച്ചറിഞ്ഞു കൊണ്ട് ജീവിച്ചാല്‍ അത് നിങ്ങള്‍ക്കും സമൂഹത്തിനും ഗുണകരം ആണെന്ന നേതാവിന്റെ വാദം മെഘ് വന്‍ഷിക്ക് സ്വീകാര്യം ആയിരുന്നില്ല എന്നതിനാല്‍ ആണ് നമുക്ക് ഈ പുസ്തകം ലഭിച്ചത്. ചിന്തിക്കുന്നവരെയല്ല നമുക്ക് വേണ്ടത് അതുകൊണ്ട് നിന്റെ തലതിരിഞ്ഞ ചിന്തകള്‍ ഉപേക്ഷിച്ച് സംഘ രീതികളുമായി ഒത്തു പോകുക.എന്താണോ നിനക്ക് പ്രാപ്യമായത് അതില്‍ ആത്മാര്‍ഥമായി പരിശ്രമിക്കുക. നാട്ടിലെ ഏറ്റവും മികച്ച തോട്ടി ആകുക എന്ന് തോട്ടിയെ ഉപദേശിച്ച ഗാന്ധി ഭൌതികമായി മാത്രമേ ഈ ഭൂമി വിട്ടിട്ടുള്ളൂ. ആശയപരമായും അന്യരുടെ പ്രവര്‍ത്തിയിലും ഗാന്ധിമാര്‍ അമരര്‍ തന്നെയാണ്.

എങ്ങനെയാണ് സംഘ സാഹിത്യം തന്റെ തല തിരിച്ചുകളയുന്നത് എന്ന് മെഘ് വന്‍ഷി ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സംഘ സാഹിത്യം വായിച്ച് താന്‍ എങ്ങനെയാണ് ഒരു മുസ്ലിം വിരോധി ആയതെന്ന് അദ്ദേഹം വിവരിക്കുന്ന ഭാഗം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആദ്യമായി തന്റെ ആജന്മ ശത്രുവായ ഒരു മുസ്ലീമിനെ കണ്ട കഥ അദ്ദേഹം വിവരിക്കുന്നത് വായിക്കുമ്പോള്‍ സംഘ സാഹിത്യം വായിച്ച് സ്വബോധം നഷ്ടപ്പെട്ട ഒരു മത ഭ്രാന്തനെ നമുക്ക് കാണാന്‍ കഴിയും. ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് വേണ്ടി, പശു രാഷ്ട്രീയത്തിന് വേണ്ടി, ഖര്‍ വാപ്പസിക്ക് വേണ്ടി കീജെ വിളിക്കുന്ന പട്ടികജാതികള്‍ക്ക് തങ്ങളെ ശരിക്കും കാണാന്‍ കഴിയുന്ന കണ്ണാടിയാണ് പുസ്തകത്തിലെ ഈ ഭാഗം. ഒടുവില്‍ സംഘത്തിന്റെ ആശയതടവറയില്‍ നിന്നും അദ്ദേഹം പുറത്ത് കടക്കുകയാണ്. വായനയുടെ സാധ്യതകളെ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.

മെഘ് വന്‍ഷി എഴുതുന്നു ”എന്റെ ചുണ്ടുകള്‍ക്ക് വഴങ്ങുക ജയ് ഭീം മുദ്രാവാക്യമാണ്.അവര്‍ക്കത് ജയ് ശ്രീറാം ആണ്.”……എന്നെ ബി ജെ പി യിലേക്ക് കൊണ്ട് പോവുമെന്ന് പ്രഖ്യാപിച്ചവരുടെ രാഷ്ട്രീയം ഒരിക്കലും എന്റെ രാഷ്ട്രീയ ബോധ്യങ്ങളോട് ചേര്‍ന്ന് പോവുന്നതായിരുന്നില്ല”. ……..അവരില്‍ പലരും ദലിതര്‍ക്ക് നല്‍കിയിരുന്ന സംവരണം അവസാനിപ്പിക്കണം എന്ന ”മിഷന്‍ 72 ” ല്‍ ഒപ്പ് വെച്ചവര്‍ ആയിരുന്നു. മിഷന്‍ 72 ലെ 72 എന്നത് രാജസ്ഥാനില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച 28 ശതമാനം സംവരണം കഴിച്ചുള്ള 72 ശതമാനത്തെ ആണ് സൂചിപ്പിക്കുന്നത്.

അദ്ദേഹം എഴുതുന്നു ”അവസാനം, 2013 ഏപ്രില്‍ 14 ന് കബീര്‍ ഫൂലെ അംബേദ്കര്‍ ബോധവല്‍ക്കരണ ജാഥയുടെ സമാപനത്തില്‍ , ഭില്‍വാരയിലെ ആസാദ് ചൌക്കില്‍ വെച്ച് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഞാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു”. ….അങ്ങനെ ഞാന്‍ സംഘത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും സ്വയം വിടുവിച്ച് പുറത്ത് വന്നു……ഞാനവരെ വഞ്ചിച്ചു എന്നാണ് അവര്‍ പറയുന്നത്.ഒരു നിലയ്ക്കത് ശരിയുമാണ്. എന്നാല്‍ അവര്‍ എന്നോട് ചെയ്തതിനു മുന്നില്‍ ഞാന്‍ ചെയ്തതത്ര നിസ്സാരം”. ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മനുസ്മൃതി അവരുടെ പുണ്യഗ്രന്ഥം ആണെന്ന് അഭിമാനത്തോടെ പറയുന്നവര്‍ക്ക് ഒപ്പം ചേര്‍ന്നാല്‍ ബ്രഹ്‌മം കിട്ടും എന്ന് കരുതുന്ന പട്ടികജാതി മനുഷ്യര്‍ വായിക്കേണ്ട പുസ്തകമാണ് ”എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല” എന്ന ഭവര്‍ മെഘ് വന്‍ഷിയുടെ പുസ്തകം. സംഘത്തിലൂടെ താന്‍ ആര്‍ജ്ജിച്ച ഹിന്ദു സ്വത്വം തനിക്ക് അത്മാഭിമാനമോ സാമൂഹ്യമായി തന്നെ ഉയര്‍ത്തുന്നതൊ ആയ ഒന്നല്ല എന്ന വലിയ തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹം സംഘത്തെ കൈവിടുന്നത്. ആത്മ നിന്ദയില്‍ നിന്നും ആത്മാഭിമാനത്തിലേക്കുള്ള ഒരു പ്രയാണമായിരുന്നു അത്. ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്ന, പട്ടികജതികള്‍ നേരിടുന്ന ജാതീയമായ വിവേചനങ്ങള്‍ ഏറ്റവും സ്വാഭാവികമായ കാര്യങ്ങള്‍ ആണെന്ന മട്ടില്‍ രാഷ്ട്രീയ നിശബ്ദത പാലിക്കുന്ന ഇടങ്ങളില്‍ നിന്നും ജാതി വ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ യത്‌നിക്കുന്ന ആളുകളിലേക്ക് തന്റെ ചങ്ങാത്തവും ആശയലോകവും വളര്‍ത്തിയപ്പോള്‍ ആന്തരികമായി താന്‍ അതുവരെ തടവറയില്‍ ഇട്ട തന്റെ ദലിത് സ്വത്വം ചിറക് വിടര്‍ത്തി പറന്ന അനുഭവം മെഘ് വന്‍ഷി പങ്കുവയ്ക്കുന്നത് ആഹ്ലാദത്തോടെ അല്ലാതെ ജനാധിപത്യ ബോധമുള്ള ഒരാള്‍ക്കും വായിക്കാന്‍ കഴിയില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേണ്ടി അവരിലെ സവര്‍ണ്ണര്‍ക്ക് ഉപയോഗിക്കാനുള്ള ഒരായുധം മാത്രമായി, സ്വയം നിര്‍ണ്ണയ ശേഷികളോ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളോ ഇല്ലാത്ത ഒരു രാഷ്ട്രീയ അടിമ മാത്രമായി ജീവിച്ച ഒരാളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ പുസ്തകം. ഭവര്‍ മെഘ് വന്‍ഷി 23 വര്‍ഷം സംഘാശായ തടവറയില്‍ കഴിഞ്ഞതിനു ശേഷമാണ് പുറത്ത് കടന്നത്. എന്നാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ഈ പുസ്തകത്തിനു വര്‍ഷങ്ങള്‍ നീണ്ടുപോകാന്‍ സാധ്യതയുള്ള നിങ്ങളുടെ അടിമത്തത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കും. നാട്ടില്‍ ജാതി വിവേചനം ഉണ്ടോ എന്നറിയാന്‍ ഉള്ള മാര്‍ഗ്ഗം നമ്മള്‍ അത് അനുഭവിക്കുന്നുണ്ടോ എന്നതല്ല മറിച്ച് ആരെങ്കിലും അത് അനുഭവിക്കുന്നുണ്ടോ എന്ന ബോധ്യം ആണ്. രാഷ്ട്രീയമായി ഒരാളെ പുതുക്കിപ്പണിയാന്‍ ശേഷിയുള്ള പുസ്തകമാണിത്. എല്ലാ നല്ല വായനക്കാര്‍ക്കുമായി ഞാനിത് സമര്‍പ്പിക്കുന്നു. അനീസ് കമ്പളക്കാട് വിവര്‍ത്തനം നിര്‍വ്വഹിച്ച ഈ പുസ്തകം പബ്ലിഷ് ചെയ്തത് ബുക്ക് പ്ലസ് മലപ്പുറം ആണ്.


എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല

ഭവര്‍ മെഘ്വന്‍ഷി

പ്രസാധനം : ബുക് പ്ലസ് പബ്ലിഷേഴ്‌സ്
വില : 360 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.