Skip to main content

ഇന്ത്യ എന്ന ആശയം; ചരിത്രവും വര്‍ത്തമാനവും

ജെ. പ്രഭാഷിന്റെ ”ഇന്ത്യ എന്ന ആശയം; ചരിത്രവും വര്‍ത്തമാനവും” എന്ന പുസ്തകത്തെക്കുറിച്ച് എഴുതാന്‍ വേണ്ടി കമ്പ്യൂട്ടര്‍ തുറന്നയുടനെയാണ് കാളിംഗ് ബെല്‍ ശബ്ദിച്ചത്. വാതില്‍ തുറന്നപ്പോള്‍ പുറത്ത് പരിചയമില്ലാത്ത കുറച്ചാളുകള്‍. ഒറ്റ നോട്ടത്തില്‍ ഏതോ പിരിവുകാര്‍ ആണെന്ന് തോന്നി. തോന്നല്‍ ശരിയായിരുന്നു. അവരെന്നോട് ചോദിച്ചത് ”ഈ ഫ്‌ലാറ്റുകളില്‍ ഇന്ന മതത്തില്‍ പെട്ട ആരെങ്കിലും ഉണ്ടോ എന്നാണ്”. അവരില്‍ നിന്ന് മാത്രമായി സംഭാവന പിരിക്കാന്‍ വന്നവരാണ് അവര്‍. മുകളിലൊക്കെ മനുഷ്യര്‍ ഉണ്ട് എന്ന് പറയാനാണ് തോന്നിയത്. അങ്ങനെ പറയാതെ ”അറിയില്ല” എന്ന് മാത്രം പറഞ് ഞാന്‍ എഴുതാനിരുന്നു. മനുഷ്യരെ മതങ്ങളുടെ കള്ളികളില്‍ ഒതുക്കുന്ന വര്‍ത്തമാന കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതിയില്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകമാണ് പ്രഭാഷിന്റെത്. ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ വിഖ്യാത പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ഷൂസേ സരമാഗുവിനെ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്.

ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ്. മനുഷ്യന്‍ – മനുഷ്യരെ തമ്മിലടിപ്പിക്കാതെ ദൈവങ്ങള്‍ നേരിട്ട് തല്ലി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതല്ലെ നല്ലത്. ദൈവം – ദൈവങ്ങള്‍ തമ്മിലുള്ള കരാര്‍ പ്രകാരം ഞങ്ങള്‍ നേരിട്ട് അടി വയ്ക്കാറില്ല. മാത്രവുമല്ല ഞാനാണ് മികച്ച ദൈവം എന്ന് പറയുന്നതില്‍ ഒരു ശരികേടില്ലേ. മറ്റ് ദൈവങ്ങള്‍ക്ക് എന്ത് തോന്നും. മനുഷ്യന്‍ – അതുകൊണ്ടാകും നിങ്ങള്‍ ദൈവങ്ങള്‍ തമ്മിലടിക്കാതെ ഞങ്ങള്‍ മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്. ഒരു ചിരിയോടെ ദൈവം. ദൈവം – അതേ ….ജനിക്കുന്നതുമുതല്‍ മരിക്കുന്നതുവരെ എന്തിനും ഉപയോഗിക്കാവുന്ന തടിക്കഷണമാണ് മനുഷ്യന്‍.

ഇത്തരമൊരു തടിക്കഷണമാകാതെ സ്വാതന്ത്ര്യത്തിലും സമത്വത്തിലും സഹോദാര്യത്തിലും ഊന്നി ആത്മാഭിമാനത്തോടെ മനുഷ്യരായി നമ്മള്‍ ജീവിക്കും എന്ന് പ്രതിജ്ഞയെടുത്ത ദിവസ്സമാണ് 1947 അഗസ്റ്റ് 15 എന്ന് പറഞ്ഞുകൊണ്ടാണ് പ്രഭാഷ് തന്റെ അമുഖത്തിലൂടെ പുസ്തകത്തിന്റെ ആത്മാവിനെ വെളിപ്പെടുത്തുന്നത്. ജിന്നയുടെ ദ്വിരാഷ്ട്രവാദത്തേയും, ഹിന്ദു മഹാസഭയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും ഒരുപോലെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര രാജ്യമായി നമ്മള്‍ മാറി. എന്നാല്‍ രാജ്യം എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ കേവലം ഒരു വര്‍ഷം മാത്രം അവശേഷിക്കെ, മതവിഭാഗീയതയുടെ പാരമ്യത്തിലേക്കുള്ള രാജ്യത്തിന്റെ വര്‍ത്തമാന പരിണാമത്തെ മുന്‍നിര്‍ത്തി ”നമ്മള്‍ തുടങ്ങിയടുത്ത് തന്നെ തിരിച്ചെത്തിയിരിക്കുന്നു” എന്നാണ് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ വായനക്കാര്‍ക്ക് അപായ സൂചന നല്‍കുന്നത്. ഈ അപായ സൂചനയുടെ പാശ്ചാത്തലത്തിലാണ് ഗ്രന്ഥകാരന്‍ ഇന്ത്യയെന്ന ആശയത്തിന്റെ അകവും പുറവും ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നത്.

രാഷ്ട്രമെന്നത് സ്ഥിരമായ സ്വഭാവത്തോട് കൂടിയ ഒന്നല്ലെന്നും അത് കാലത്തിനും, ഓരോ കാലത്ത് ജീവിക്കുന്ന സമൂഹങ്ങളുടെ ആശയാഭിലാഷങ്ങളുടെ വെളിച്ചത്തിലും മാറുന്ന ഒന്നാണെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവയ്ക്കുന്നു. ദേശരാഷ്ട്ര നിര്‍മ്മാണത്തില്‍ ചരിത്രത്തിനും ഭാവനയ്ക്കുമുള്ള പങ്കിനെ Ernest Renan നേയും Benedict Anderson നേയും ഉദ്ധരിച്ചുകൊണ്ട് പ്രഭാഷ് സൂചിപ്പിക്കുന്നു. ഭൂതകാല ചരിത്രത്തിലെ തിന്മകളെ ഒഴിവാക്കിക്കൊണ്ട് ഭാവിയെ കരുപ്പിടിപ്പിക്കാന്‍ അതിനെ ഉപയോഗിക്കുന്നതാണ് രാഷ്ട്രീയ വിവേകം എന്ന് റെനാനെ ഉദ്ധരിച്ചുകൊണ്ട് എഴുത്തുകാരന്‍ സമര്‍ഥിക്കുമ്പോള്‍ അത് അയ്യായിരം വര്‍ഷത്തെ ആര്‍ഷഭാരത സംസ്‌കാരത്തിന് മുകളില്‍ വര്‍ത്തമാന ഇന്ത്യയില്‍ കെട്ടിപ്പൊക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയം ശ്രമിക്കുന്ന ഏകാശിലാത്മകമായ വിഘടിതരാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.

ഏകാശിലാത്മകമായ രാഷ്ട്രങ്ങളല്ല വേണ്ടത് മറിച്ച് സംസ്‌കാരങ്ങളെ സമന്വയിപ്പിക്കുന്ന, അപരനിലെ വിശുദ്ധിയെ അംഗീകരിക്കുന്ന നിലപാടു തറയിലാണ് രാഷ്ട്രങ്ങള്‍ രൂപപ്പെടുത്തെണ്ടത് എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. ഇതിനായി അദ്ദേഹം വില്ല്യം ഷേക്‌സ്പിയറിനെ ഉദ്ധരിക്കുന്നുണ്ട്. വെനീസിലെ വ്യാപാരി എന്ന നാടകത്തില്‍ ഷേക്‌സ്പിയര്‍ എഴുതുന്നു,” ജൂതന് കണ്ണില്ലേ? ജൂതന് കൈയ്യില്ലേ? മറ്റ് ശാരീരികാവയവങ്ങളും ബോധവും സ്‌നേഹവും വികാരങ്ങളുമില്ലേ? നമ്മള്‍ കഴിക്കുന്ന അതേ ആഹാരമല്ലേ അയാളും കഴിക്കുന്നത്? നമുക്കെതിരെ ഉപയോഗിക്കുന്ന അതേ ആയുധങ്ങള്‍ക്ക് അയാളെയും മുറിവേല്‍പ്പിക്കാന്‍ കഴിയില്ലേ? നമ്മുടെ ശരീരത്തെ ദുര്‍ബലപ്പെടുത്തുന്ന അതേ ദീനങ്ങള്‍ അയാളെയും ബാധിക്കുന്നില്ലേ? നാം ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ അയാളെയും സുഖപ്പെടുത്തുന്നില്ലേ. നമ്മളെപ്പോലെ ഹേമന്തത്തിലും ഗ്രീഷ്മത്തിലും അയാള്‍ക്കും കുളിരും ഉഷ്ണവും അനുഭവപ്പെടില്ലേ? ഷേക്‌സ്പിയറിന്റെ ചോദ്യങ്ങളിലെ ജൂതന്റെ സ്ഥാനത്ത് ഇന്ത്യയിലെ മുസ്ലീമുകളേയും ദലിത് ജനതകളേയും ചേര്‍ത്ത് വയ്ക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ ഉണ്ടെന്നുള്ള ബോധ്യത്തിലാണ് ഇന്ത്യയെന്ന ആശയം ഈ പുസ്തകത്തില്‍ അനാവൃതമാകുന്നത്. എന്താണ് ഇന്ത്യയെന്ന ചോദ്യത്തിന് ഒരിക്കലും ഒരുത്തരം മാത്രമാകാന്‍ കഴിയില്ലെന്നും അനേകം ഉത്തരങ്ങള്‍ ചേര്‍ന്നൊരു വിശാലമായ ക്യാന്‍വാസില്‍ മാത്രം വരയ്ക്കാന്‍ കഴിയുന്ന ചിത്രമാണ് ഇന്ത്യയെന്നാണ് ഈ പുസ്തകം പറയുന്നത്. ഗാന്ധിജിയും ടാഗോറും നെഹ്രുവും അംബേദ്കറുമൊക്കെ വിഭാവനം ചെയ്ത ഇന്ത്യയെന്ന ആശയത്തെ സൂക്ഷ്മമായി ഈ പുസ്തകത്തില്‍ പ്രഭാഷ് വിലയിരുത്തുന്നുണ്ട്.

Gandhiji became the President of Congress in 1924: A Reflection of a Hundred Years 2024
ഗാന്ധിജി

ജാതി വ്യവസ്ഥയേയും വര്‍ണ്ണ വ്യവസ്ഥയേയും എതിര്‍ക്കാതെ മഹാത്മാ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന സ്വരാജെന്ന ആശയത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍തന്നെ, ജാതിയേയും വര്‍ണ്ണത്തേയും സമ്പൂര്‍ണ്ണമായി എതിര്‍ക്കുകയും ജാതിഉന്മൂലനത്തെപ്പറ്റി വാചാലനാവുകയും ചെയ്ത അംബേദ്കറുടെ രാഷ്ട്ര സങ്കല്‍പ്പത്തെ വിശദമായി വിവരിക്കുന്ന ഈ പുസ്തകത്തിലെ മൂന്നാമത്തെ അദ്ധ്യായം ഗാന്ധിജിയെ മറ്റൊരു തരത്തില്‍ വായിക്കാനുള്ള പ്രേരകം കൂടിയാവുന്നു വായനക്കാര്‍ക്ക്. ഗാന്ധിജി അദ്ദേഹം കണ്ട ജാതിയെക്കുറിച്ചാണ് സംസാരിച്ചത് എന്നാല്‍ അംബേദ്കര്‍ ആകട്ടെ താന്‍ അനുഭവിച്ച ജാതിയെക്കുറിച്ചാണ് സംസാരിച്ചത്. അനുഭവത്തിനും അനുമാനത്തിനും ഇടയിലുള്ള വലിയ വിടവ് ഇവര്‍ രണ്ടുപേര്‍ക്കും ഇടയിലുണ്ടെന്ന നിലപാടാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. ജാതിയുടെ പ്രശ്‌നം സവര്‍ണ്ണ ഹിന്ദുക്കളുടെ അഭ്യന്തര പ്രശ്‌നമായി ഗാന്ധിജി ചുരുക്കിയപ്പോള്‍ അതൊരു രാഷ്ട്രീയ പ്രശ്‌നമാണ് എന്ന നിലപാടാണ് അംബേദ്കര്‍ സ്വീകരിച്ചത്. ദലിത് മിശിഹാ എന്ന ഗാന്ധിയന്‍ സ്വത്വവും ഗാന്ധിയിലെ പച്ചയായ രാഷ്ട്രീയക്കാരനും തമ്മിലുള്ള ആത്മസംഘര്‍ഷത്തില്‍ ഗാന്ധി സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ സാധ്യതകളാണ് തിരഞ്ഞെടുക്കുന്നത് എന്ന് അംബേദ്കര്‍ പറയുമ്പോള്‍ അതിനുള്ള മറു വാദമായി പ്രഭാഷ് ഭിഖു പരേഖിന്റെ ചില നിരീക്ഷണങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു. അന്നത്തെ സാഹചര്യത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളെ പിണക്കിക്കൊണ്ടുള്ള ദലിത് വിമോചനം സാധ്യമായിരുന്നില്ല എന്നാണ് ഭിഖു പരേഖ് പറയാന്‍ ശ്രമിച്ചത്. ഗാന്ധിയുടെ നിലപാടുകള്‍ സവര്‍ണ്ണരില്‍ മനസാക്ഷിക്കുത്ത് ഉണ്ടാക്കുകയും, അംബേദ്കറുടെ തീവ്രമായ ജാതി നിലപാടുകള്‍ ജാതിയുടെ പ്രശ്‌നത്തില്‍ കൂടുതല്‍ ഗൌരവത്തോടെ ഇടപെടാന്‍ ഗാന്ധിയെ സഹായിക്കുകയും ചെയ്തു എന്ന് ഭിഖു പരേഖ് നിരീക്ഷിക്കുന്നു. ഇന്ത്യയെന്ന ആശയത്തെ അംബേദ്കര്‍ വിഭാവനം ചെയ്തപ്പോള്‍ അദ്ദേഹം ഗാന്ധിയെയും സവര്‍ണ്ണ ഹിന്ദുത്വത്തേയും ബ്രാഹ്‌മണ മാര്‍ക്‌സിസത്തേയും ഒരുപോലെ എതിര്‍ത്തു എന്നാണ് പുസ്തകം നമ്മളോട് പറയുന്നത്. സ്വാതന്ത്ര്യം സമത്വം സഹോദാര്യം ഒപ്പം ന്യൂനപക്ഷ സംരക്ഷണവും ചേര്‍ന്ന സോഷ്യല്‍ ഡെമോക്രസിയാണ് അംബേദ്കര്‍ വിഭാവനം ചെയ്തതെന്നാണ് ഗ്രന്ഥകാരന്‍ വായനക്കാരോട് പറയുന്നത്.
ഇന്ത്യയെന്ന ആശയം വിശകലനം ചെയ്യുന്ന വേളകളിലെല്ലാം പ്രാന്തീയമാക്കപ്പെട്ട രാം മനോഹര്‍ ലോഹ്യയെ ഈ പുസ്തകം കണ്ടെടുക്കുന്നുണ്ട്. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമല്ല പലവിധ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന നിലപാടില്‍ ലോഹ്യ ഗാന്ധിയെയും അംബേദ്കറേയും മാര്‍ക്‌സിനേയും കൂട്ടിയിണക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ഈ പുസ്തകം വിലയിരുത്തുന്നു. ഗാന്ധിജിയുടെ ദരിദ്രനാരായണനേയും അംബേദ്കറുടെ അസ്പൃശ്യനേയും മാര്‍ക്‌സിന്റെ തൊഴിലാളിയേയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു നവ ഇന്ത്യയെ വിഭാവനം ചെയ്തതുകൊണ്ടാകും മുഖ്യധാരാ വിചാരങ്ങളില്‍ നിന്നും രാം മനോഹര്‍ ലോഹ്യ മാറ്റി നിര്‍ത്തപ്പെട്ടത് എന്ന നിലപാടാണ് ഗ്രന്ഥകാരന്‍ മുന്നോട്ട് വയ്ക്കുന്നത്.

Jawaharlal Nehru - Death, Wife & Family
ജവഹര്‍ലാല്‍ നെഹ്രു

ഇന്ത്യയുടെ പഴമയെ മറ്റൊരു തരത്തില്‍ ആദര്‍ശവല്‍ക്കരിക്കുകയും എന്നാല്‍ അതിനകത്തെ തിന്മകളെ അതിലംഘിക്കുന്ന ഒരാധുനീകതയെ സ്വപ്നം കാണുകയും ചെയ്യുകയെന്ന ബൌദ്ധിക വൈരുധ്യമാണ് ജവഹര്‍ ലാല്‍ നെഹ്രുവില്‍ ഗ്രന്ഥകാരന്‍ കണ്ടത്. അധുനീകതയുടെ അതിപ്രസരത്തിനും പാരമ്പര്യത്തിന്റെ ധാരാളിത്തത്തിനും ഇടയിലുള്ള മധ്യമാര്‍ഗ്ഗമാണ് നെഹ്രുവിന്റെ ചിന്തയിലുള്ള ഇന്ത്യയുടെ അടിത്തറ. നെഹ്റു ചരിത്രത്തെ കൂട്ട് പിടിക്കുന്നത് വര്‍ത്തമാന ഇന്ത്യന്‍ പ്രതിസന്ധികളെ മറികടക്കാനുള്ള വല്ലതും അതിലുണ്ടോ എന്ന് തിരയാനായിരുന്നു എന്നാണ് എഴുത്തുകാരന്റെ കണ്ടെത്തല്‍. അതായത് ചരിത്രത്തിലേക്കുള്ള നെഹ്രുവിന്റെ നോട്ടങ്ങള്‍ ആയിരുന്നില്ല ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ നോട്ടങ്ങളില്‍ ഉള്ളത് എന്നാണ് ഗ്രന്ഥകാരന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സവര്‍ണ്ണ ഹിന്ദുക്കളുടെ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് എന്ന് ഗാന്ധി പറഞ്ഞപ്പോള്‍ അത് ഭരണകൂടത്തിലൂടെ പരിഹരിക്കേണ്ട ഒന്നാണെന്ന് നെഹ്റു പറയുമ്പോ അദ്ദേഹം ചേര്‍ന്ന് നില്‍ക്കുന്നത് അംബേദ്കര്‍ക്ക് ഒപ്പമാണ്. രാഷ്ട്ര നിര്‍മ്മാണമെന്നത് സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ച് പൂര്‍ത്തിയായ ഒരു പ്രോജക്റ്റ് അല്ലെന്നും അത് നിരന്തരമായി പൊളിച്ചു പണിയേണ്ട ഒരാശയമായിട്ടാണ് നെഹ്റു വിഭാവനം ചെയ്തത്. അതിനുവേണ്ടി വൈവിധ്യങ്ങളെ അംഗീകരിച്ചും അവയ്ക്ക് അധികാര പ്രാതിനിധ്യം ഉറപ്പുവരുത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ടു പോകാന്‍ കഴിയൂ എന്ന നിലപാടാണ് നെഹ്രുവിന് ഉണ്ടായിരുന്നതെന്ന നിലപാടാണ് ഗ്രന്ഥകാരന്‍ മുന്നോട്ട് വയ്ക്കുന്നത്. ഭരണകൂടവും ഭരണഘടനയും നിയമവാഴ്ചയും ശക്തിപ്പെടുത്തി രാഷ്ട്രത്തെ മതേതരമായി നിലനിര്‍ത്തുകയെന്ന നയമാണ് നെഹ്റു മുന്നോട്ട് വെച്ചത്.

ഇന്ത്യയെന്ന ആശയത്തെ നവ ഹിന്ദുത്വത്തിന്റെ കണ്ണടയിലൂടെ വായിക്കാനുള്ള ധീരമായ ശ്രമം ഈ പുസ്തകം ചെയ്യുന്നുണ്ട്. സാംസ്‌കാരികമായി സ്വദേശികളും പരദേശികളുമായി ഇന്ത്യന്‍ സമൂഹത്തെ വേര്‍തിരിക്കുകയെന്ന ഹിന്ദുത്വ പ്രോജക്ടിനെ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. അദ്ദേഹം എഴുതുന്നു ”ഇന്ത്യന്‍ സംസ്‌കാരത്തെയും ചരിത്രത്തേയും ഹിന്ദുത്വം വെറും മതത്തിന്റെ പ്രശ്‌നമായി ചുരുക്കുകയും അതില്‍ മറ്റുള്ളവര്‍ക്കുള്ള സംഭാവനയെ നിഷേധിക്കുകയും രാജ്യപൈതൃകത്തെ ഹിന്ദുക്കളുടെ കുത്തകയാക്കി മാറ്റുകയും ചെയ്യുന്നു”. ഇത്തരമൊരു വാദത്തിലേക്ക് ഹിന്ദുത്വവാദിയെത്തുന്നത് കൃത്രിമമായി ഉണ്ടാക്കിയിട്ടുള്ള ഒരു സുവര്‍ണ്ണ സവര്‍ണ്ണ ആര്‍ഷഭാരത സംസ്‌കാരമെന്ന സങ്കല്‍പ്പനത്തിലും അതിനെ നശിപ്പിച്ച വൈദേശിക സംസ്‌കാരങ്ങളുടെ ഉടമകളായ ന്യൂനപക്ഷങ്ങള്‍ എന്ന വിധ്വംസക ആഖ്യാനത്തിന് മുകളിലാണ് എന്നാണ് പുസ്തകം നമ്മോട് പറയുന്നത്. ഇന്ത്യയെന്ന ആശയത്തിന്റെ ഹിന്ദുത്വ പ്രയോഗങ്ങളെ അനാവരണം ചെയ്തുകൊണ്ട് ഭാവി ഇന്ത്യ നേരിടാന്‍ പോകുന്ന പ്രതിസന്ധികളെ വായനക്കാര്‍ക്ക് മുന്‍പില്‍ വെച്ചുകൊണ്ട് മതേതര ഇന്ത്യയുടെ ഭാവി സാധ്യതകളെ വിലയിരുത്തുകയാണ് അവസാന അധ്യായത്തില്‍ പുസ്തകം ചെയ്യുന്നത്. ഉദാരവല്‍കൃത ഇന്ത്യയും സാംസ്‌കാരിക ദേശീയതയും കൈകോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരിക സാമ്പത്തിക പ്രതിസന്ധികളെ അവസാന അധ്യായത്തില്‍ ആഴത്തില്‍ വിലയിരുത്താനുള്ള ശ്രമങ്ങള്‍ ഗ്രന്ഥകാരന്‍ നടത്തുന്നുണ്ട്. ആളുകളുടെ പൌരത്വം ഇല്ലാതാക്കുന്നത് ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് ഒരു ചെറുവിഭാഗങ്ങളുടെ കൈകളില്‍ കുന്നുകൂടുമ്പോള്‍ മഹാഭൂരിപക്ഷം ദാരിദ്ര്യത്തില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് വീഴുന്നു. എല്ലാത്തരത്തിലുമുള്ള ജനാധിപത്യ സംവാദങ്ങളേയും നിഷേധിച്ചുകൊണ്ട് അധികാരിവര്‍ഗ്ഗം നാള്‍ക്കുനാള്‍ ഏകാധിപത്യത്തിന്റെ കൊടുമുടികള്‍ കയറി മുന്നേറുന്നു. അസ്പൃശ്യരുടെ പട്ടികയിലേക്ക് പുതിയ ആളുകള്‍ ചേര്‍ക്കപ്പെടുന്നു. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പ്രാപ്തമായ ഇന്ത്യയെന്ന ആശയമാണ് ഉയര്‍ന്നുവരേണ്ടത് എന്നാണ് പുസ്തകം പറയുന്നത്.

A nation is a people engaged in endless conversations. ഇത്തരം സര്‍ഗ്ഗസംവാദങ്ങള്‍ ഇല്ലാതാകുമ്പോഴാണ് രാജ്യം ഫാസിസം വിരിയുന്ന ഇങ്കുബേറ്റര്‍ ആകുന്നത്. ഇത്തരം സര്‍ഗ്ഗ സംഭാഷണങ്ങളെ എന്തിന്റെ പേരിലാണെങ്കിലും ഭരണകൂടം തടയുമ്പോള്‍ അത് ആത്യന്തികമായി ജനാധിപത്യത്തെയാണ് ഇല്ലാതാക്കുന്നതെന്ന രാജീവ് ഭാര്‍ഗ്ഗവയുടെ നിരീക്ഷണത്തെ തന്നെയാണ് ഗ്രന്ഥകാരനും പിന്തുണയ്ക്കുന്നത്. പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുള്ള വാള്‍ട്ടര്‍ ബെഞ്ചമിന്റെ മനോഹരമായ ഒരു വരി ഉദ്ധരിച്ചുകൊണ്ട് ഈ എഴുത്ത് ഞാന്‍ അവസാനിപ്പിക്കാം. ”തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അപരനെ സ്‌നേഹിക്കുന്നതാണ് അയാളെ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം” എന്നാണ് ബെഞ്ചമിന്‍ പറഞ്ഞത്. അപരരെ വെറുക്കുന്ന രാഷ്ട്രീയം പടര്‍ന്നു പന്തലിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ സ്‌നേഹത്തിന്റെ സംവാദങ്ങള്‍ ഉണ്ടാകണമെന്ന് പറഞ്ഞുകൊണ്ടാണ് ഈ പുസ്തകം അവസാനിക്കുന്നത്. വര്‍ത്തമാന ലോകത്തില്‍ ഏവരാലും വായിക്കപ്പെടേണ്ട ഒരു പുസ്തകമാണിത്.


ഇന്ത്യ എന്ന ആശയം
ചരിത്രവും വര്‍ത്തമാനവും
രചന : ജെ. പ്രഭാഷ്
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 280 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.