Skip to main content

ആരുടെ അമ്മമാരാണ് അറിഞ്ഞത്?

‘അമ്മ അറിയാൻ’ എന്ന സിനിമ കാൻസിൽ പ്രീമിയർ ചെയ്യുന്നു എന്ന വാർത്ത കണ്ടപ്പോൾ ആ സിനിമ വീണ്ടും ഇന്നലെ കാണാൻ ശ്രമിച്ചു. ശരിക്കും പറഞ്ഞാൽ കണ്ടു എന്നല്ല, കാണാൻ ശ്രമിച്ചു എന്നാണ് പറയുക. ഈ സിനിമ ഇപ്പോൾ കണ്ടു തീർക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്രക്കും ശ്രമകരമായ അരോചകമായ ഒരു പ്രോസസ് ആയിരുന്നു. ഈ സിനിമ തുടങ്ങുന്നത് തന്നെ നല്ല സിനിമയുമായി ജനങ്ങളിലേക്ക് സിനിമ പ്രവർത്തകർ ഇറങ്ങുക, അതുപോലെ പ്രതിലോമകരമായ കച്ചവട സിനിമകളെ എതിർക്കുക തുടങ്ങിയ പ്രസ്താവനകൾ അടങ്ങിയ ഒഡേസ എന്ന ഫിലിം സൊസൈറ്റിയുടെ മോണോലോഗിലൂടെയാണ്. അപ്പോൾ ആലോചിച്ചത്, ഈ സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ഞങ്ങളുടെയൊക്കെ സാംസ്കാരിക ജീവിതം എങ്ങനെയായിരുന്നു, ‘നല്ല’ സിനിമയുമായി ഇവർ എവിടേവരെ ഇറങ്ങിയിരുന്നു എന്നതാണ്.

കേരളം കോളനികൾ എന്ന് വിളിച്ചിരുന്ന ജിയോഗ്രഫിക്കൽ എക്കോ സിസ്റ്റത്തിലായിരുന്നു എൺപതുകളിൽ ഞങ്ങളുടെ വീടുകൾ, അതായത് മാതാപിതാക്കളുടെ വീട്. അവിടെ നിന്ന് കൂട്ടത്തോടെ ഓണത്തിനും വിഷുവിനും ഒക്കെ നാടടച്ചാണ് സിനിമയ്ക്ക് പോകുക. അതൊരു ആഹ്ലാദകരമായ പ്രവർത്തിയായിരുന്നു. അന്ന് അവർ ഒരിക്കലും ‘അമ്മ അറിയാൻ’ എന്ന സിനിമ തിരഞ്ഞെടുത്തിരുന്നില്ല. തിരഞ്ഞെടുക്കാൻ ആ സിനിമയെ കുറിച്ച് അവർ അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഓണത്തിനും വിഷുവിനും ചിലപ്പോൾ കൂട്ടമായി ജീപ്പ് പിടിച്ചോ അല്ലെങ്കിൽ ബസിലോ അവർ അന്നത്തെ ഏറ്റവും രസകരമായ തമാശപ്പടങ്ങൾ ഒക്കെ കാണാൻ പോകും. അങ്ങനെയാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴിൽ റിലീസ് ആയ ‘നാടോടിക്കാറ്റ്’ എന്ന സിനിമ ഒക്കെ ഞങ്ങൾ കാണുന്നത്. അതിൽ പെട്ടിയും പിടിച്ച് മദ്രാസിൽ കറങ്ങുന്ന മോഹൻലാലിനെ കണ്ട് എന്റെ ചെറിയ അനിയൻ “അച്ഛൻ” എന്ന് വിളിച്ചിരുന്നു.

Nadodikkattu (1987) - Posters — The Movie Database (TMDB)

ഇതിവിടെ പറയാൻ കാരണമുണ്ട്. ‘അമ്മ അറിയാൻ’ എന്ന സിനിമയിലെ ‘വിപ്ലവ യുവത്വ’ത്തിൽ നിന്ന് വിഘടിച്ചുകൊണ്ട് ദളിത് സമൂഹങ്ങളിലെ യുവാക്കൾ വിപ്ലവം ഉപേക്ഷിച്ച്, എന്റെ അച്ഛനെ പോലുള്ള ധാരണകളുള്ള മനുഷ്യർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയിരുന്നു. അവർ ഇൻസൈഡ് ഒക്കെ ചെയ്ത് ഒരു പെട്ടിയും എടുത്ത് ഓഫീസിലേക്ക് പോയി തിരിച്ച് വരുന്ന ദൃശ്യം ഇപ്പോഴും ഞങ്ങളുടെ ഓർമ്മയിൽ ഉണ്ട്. കേരളത്തിലെ ഒരു വിഭാഗം ദളിത് സമൂഹങ്ങൾ അന്ന് ഉയർന്നുവന്നത് അങ്ങനെയായിരുന്നു. ‘അമ്മ അറിയാൻ’ പോലുള്ള സിനിമകളിലെ വിപ്ലവ ജീവിതമായിരുന്നു അവർ ജീവിച്ചിരുന്നതെങ്കിൽ അവരുടെ ജീവിതം അടപടലം അലമ്പായി പോയേനെ. ഏറ്റവും വലിയ രസം അമ്മ അറിയാൻ എന്ന സിനിമയിലെ നായകന്റെ നായർ തറവാട് സാംസകാരീകവും സാമ്പത്തീകവുമായ അധികാരമായി കേരള സമൂഹത്തിൽ നില നിന്നിരുന്നു എന്നതാണ്. പട്ടിക ജാതിക്കാർക്കു അത്രയ്ക്ക് അധികാരങ്ങൾ ഒന്നും ഇല്ലായിരുന്നു. അമ്മ അറിയാൻ എന്ന സിനിമയിലെ നായകന്റെ സ്വത്വ പ്രതിസന്ധി ഒക്കെ രൂപപ്പെടുന്നത് ഈ നായർ തറവാട്ടിൽ നിന്നുമാണ്.

Restored version of John Abraham’s ‘Amma Ariyan’.
Restored version of John Abraham’s ‘Amma Ariyan’. | Photo Credit: Special Arrangement

അതേ സമയം, ‘അമ്മ അറിയാൻ’ സിനിമയിലെപ്പോലെ തീവ്ര ഇടതുപക്ഷ നക്സലൈറ്റ് ജീവിതം ജീവിച്ച് അലമ്പായ ദളിത് യുവത്വങ്ങളുമായി ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഞങ്ങൾക്ക് നല്ല പരിചയം ഉണ്ടായിരുന്നു. പിന്നീട് മദ്യപാനികളായി, കാല്പനികരായി ജീവിതം നശിച്ച ആ മനുഷ്യരുടെ മാർക്സിസ്റ്റ് വീക്ഷണമൊക്കെ മണ്ടൻ പരിപാടിയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇത്തരം വിപ്ലവങ്ങളൊക്കെ മുറ്റു കോമഡിയാണെന്ന് തോന്നിയത്. അതായത്, ദളിതരായ, ജിയോഗ്രഫിക്കലി സൈഡ്‌ലൈൻ ചെയ്യപ്പെട്ട സബാൾട്ടൺ മനുഷ്യരായ ഞങ്ങൾക്ക് ഒരു തരത്തിലും റെപ്ലിക്കേറ്റ് ചെയ്യാൻ പറ്റാത്ത, അത്രയും അകലത്തിൽ നിൽക്കുന്ന ഒരു സിനിമയായിരുന്നു ‘അമ്മ അറിയാൻ’. പിന്നീട് ലോക സിനിമ കാണുമ്പോൾ ‘ഐ ആം നോട്ട് യൂർ നീഗ്രോ ‘ പോലുള്ള സിനിമകൾ കാണുമ്പോഴാണ് ഇതൊക്കെ ആണ് ഞങ്ങളുടെ ജീവിതവുമായി അടുത്തത് നിൽക്കുന്ന സിനിമ എന്ന് തിരിച്ചറിയുന്നത്, അമ്മ അറിയാൻ ഒക്കെ വേറെ ആരുടെയോ വിഷൻ ആണ് എന്നു നമുക്ക് മനസ്സിലാക്കുന്നത്.

Documentary Film Discussion Group: I Am Not Your Negro | Sonoma ...

കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളിലെ ഏറ്റവും വലിയ മാഗ്നിഫൈഡ് ടെർമിനോളജിയാണല്ലോ ‘ഒളിവിലെ ഓർമ്മകൾ’. ഈ ഒളിവ് സങ്കേതങ്ങൾ മിക്കവാറും അപ്പർ കാസ്റ്റ് ആയ സഖാക്കൾക്കായി ഒരുക്കിക്കൊടുക്കുകയും പിന്നീട് അതിന്റെ പീഡനങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്ത ദളിതരും മറ്റു അപരരായ മനുഷ്യരുടെയും ജീവിതങ്ങൾ, അവർ അനുഭവിച്ച ദുരിതങ്ങൾ എന്നിവ കേരളത്തിന്റെ ചരിത്രത്തിൽ ശരിയായ രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ലാൽ സലാംഎന്ന സിനിമയിലെ ‘ഒളിവിലെ ഓർമ്മകളി’ലെ മുരളിയുടെ സഖാവിന്റെ കാമുകയും കുട്ടിയും ഒക്കെ അതിന്റെ ഒരു വിദൂര ഉദാഹരണമാണ്. ‘അമ്മ അറിയാൻ’ എന്ന സിനിമയിലും ഒരു മേനോൻ സമുദായത്തിൽപ്പെട്ട, മാർക്സിസം തലക്ക് പിടിച്ച ഒരു മേനോൻ യുവാവ് കീഴാള വീടുകളിൽ ഒളിവിൽ താമസിക്കുന്നു. അവസാനം ആ വീട്ടിലെ സ്ത്രീ “പിഴച്ചവൾ” ആയി പോലീസുകാരാൽ നിർണയിക്കപ്പെടുന്നു. ഇതിൽ ജീവിതം മുഴുവൻ പണയം വെക്കപ്പെടുന്നത് സബാൾട്ടൺ ജീവിതങ്ങളുടേതാണ്.

‘അമ്മ അറിയാൻ’ എന്ന സിനിമ തുടങ്ങുന്നത് തന്നെ ഒരു നായർ തറവാട്ടിലെ സീനിൽ നിന്നാണ്. അവിടെ കുളിച്ച്, അമ്മ എടുത്തുകൊടുക്കുന്ന ഷർട്ടും ഇട്ടുകൊണ്ടുള്ള സ്വത്വ പ്രതിസന്ധിയാണ് കാണിക്കുന്നത്. അത് വെറും ഒരു നായർ സ്വത്വ പ്രതിസന്ധിയാണ്. അയാൾ തന്റെ ജീൻസും വലിച്ചുകയറ്റി ബാഗും തൂക്കി നടക്കുകയാണ്. അയാളുടേത് മാത്രമല്ല, ആ സിനിമയിലെ ഡയലോഗുകൾ മുഴുവൻ ഒരു മാതിരി ഗ്രീക്ക് നാടകങ്ങളിലുള്ളതുപോലെ മസിലുപിടിച്ച കോമിക് ഫാലസി ഉണ്ടാക്കുന്ന രീതിയിലും പ്രത്യയശാസ്ത്ര ഭാരങ്ങളിൽ കുടുങ്ങിയതുമാണ്. ഈ സിനിമ കാണുമ്പോൾ ഇതിലെ കഥാപാത്രങ്ങൾ ഒന്നും കീഴ്ശ്വാസം പിടിച്ചു വച്ച് ഡയലോഗ് പറയുന്നത് പോലെയാണ് തോന്നുക. അത്രക്കും അരോചകമാണ്.ഈ നായക കഥാപാത്രം “രക്തം രക്തത്തെ തിരിച്ചറിഞ്ഞു” എന്നതുപോലെ ഹരി എന്ന മറ്റൊരു മേനോൻ കഥാപാത്രത്തെ തേടിപ്പോകുന്നു. സ്വത്വ പ്രതിസന്ധി കാരണം ഹരി വയനാട്ടിൽ പോയി തൂങ്ങി മരിക്കുന്നു. അയാളുടെ അമ്മയെ ആ മരണം അറിയിക്കുക എന്നതാണ് അടുത്ത കടമ.

Amma Ariyan | അമ്മ അറിയാന്‍ കാന്‍ ഫെസ്റ്റിവലിലേക്ക്; ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എന്‍ട്രി | John Abraham's Amma Ariyan Selected for Cannes 2026 World Premiere | Mathrubhumi

പിന്നെ ഒരു റോഡ് മൂവിയായി മാറുന്ന ഈ സിനിമ, കോഴിക്കോട് നിന്ന് എറണാകുളത്തുള്ള ഹരിയുടെ വീട്ടിലേക്ക് ഒരു നായർ മറ്റൊരു നായരുടെ മരണം അറിയിക്കാൻ കുറെ സുഹൃത്തുക്കളെ കൂട്ടി പോകുന്നതാണ് സീൻ. ഇതിലാണ് കേരളത്തിലെ സബാൾട്ടൺ ജീവിതങ്ങളുടെ വിഷ്വൽ ഇമേജറികളെ അട്ടിമറിച്ചുകൊണ്ട് ജോൺ അബ്രാഹാം തന്റെ ആർകിടൈപ്പ് രൂപീകരിച്ചു കൊണ്ട്, ഒരു ഡോക്യു-ഫിക്ഷൻ മോഡിൽ സിംപ്ലിഫൈ ചെയ്ത് ചരിത്രമായി രൂപപ്പെടുത്തുന്ന പ്രക്രിയ നിർമ്മിക്കുന്നത്. ഈ യാത്രയിൽ അവർ തൊഴിലാളികൾ, ദളിതർ, മറ്റു കീഴാളരായ മനുഷ്യർ തുടങ്ങിയവരുടെ വീടുകളിലേക്കൊക്കെ പോകുന്നുണ്ട്. അവിടെ ഒന്നുകിൽ ദാരിദ്ര്യം, ഭ്രാന്ത്, പീഡനം, കപ്പ പുഴുങ്ങിയ ഭക്ഷണം തുടങ്ങിയ ആർകിറ്റൈപ്പൽ ഇമേജറികൾ തന്നെയാണ് ജോൺ എബ്രഹാം സൃഷ്ടിക്കുന്നത്. അജ്ജജ്ജോ, എന്തൊരു ഇമാജിനേഷൻ ദാരിദ്ര്യമാണ്.

ഇവിടെയാണ് കേരളത്തിലെ ദളിതരും അപരരായ മനുഷ്യരും ഇതിൽ നിന്ന് വ്യത്യസ്തപ്പെട്ട ജീവിതങ്ങൾ ഈ കാലത്ത് ജീവിക്കാൻ തുടങ്ങിയത്. മാർക്സിസ്റ്റ് അതിവിപ്ലവങ്ങളിൽ നിന്ന് വ്യത്യസ്തമായി, എഴുപതുകളിൽ നിന്ന് മാറി, എൺപതുകളിൽ മനുഷ്യർ വിദ്യാഭ്യാസപരമായി വളർന്ന് ഉദ്യോഗങ്ങളിലേക്ക് ഉയർന്നിരുന്നു. അത് എഴുപതുകളുടെ അവസാനകാലത്തെ സ്പെഷ്യൽ റിക്രൂട്ട്മെന്റുകളുടെ ഒക്കെ സഹായങ്ങളിലൂടെയായിരുന്നു.

മലയാളി ബുദ്ധിജീവികളും വിപ്ലവകാരികളും കളിയാക്കിയ “പൈങ്കിളി സിനിമ” എന്നൊക്കെ പറഞ്ഞ ‘കൂട്ടിനിളംകിളി’ (1984) പോലുള്ള കൊമേഴ്സ്യൽ മമ്മൂട്ടി സിനിമകളിൽ മധ്യവർഗത്തിലേക്ക് ഉയർന്ന ദളിത് യുവത്വങ്ങളുടെ കഥ പറയുന്നുമുണ്ട്. അത് പോലുള്ള സിനിമകൾ ദളിത് ജീവിതങ്ങളുടെ വേറെ ഒരു തരത്തിലുള്ള ഡോക്യുമെന്റേഷൻ നടത്തുന്നുണ്ട്. അത് ദളിത് സമൂഹത്തിന്റെ ഒരു റെപ്ലിക്കയും ആയിരുന്നു. പക്ഷേ ബുദ്ധിജീവികളും ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ഇവയെ “കച്ചവട സിനിമ”, “പൈങ്കിളി സിനിമ” എന്ന രീതിയിൽ എഴുതി തള്ളി. റെപ്രസന്റേഷൻ എന്നത് ഒരു കോംപ്ലക്സ് പ്രക്രിയയാവുകയും, ദളിത് ഉയർച്ചകളെ തഴഞ്ഞു ‘അമ്മ അറിയാൻ’ എന്ന സിനിമയിൽ ദാരിദ്ര്യം, ഭീകരത, അപരവൽക്കരണം തുടങ്ങിയ നോട്ടങ്ങളിലൂടെയാണ് ദളിത് ജീവിതങ്ങളെ ചിത്രീകരിച്ചതെന്നതാണ് യാഥാർഥ്യം.

How John Abraham's nearly-lost 'Amma Ariyan' was tenaciously restored through 4,000 corrections for Cannes | Onmanorama

പിന്നെ ഫിലിം സൊസൈറ്റി പ്രവർത്തനം. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽ എൺപതുകളിലും തൊണ്ണൂറുകളിലും കോളനികളിൽ ജീവിച്ച ഞങ്ങളാരും ഒരു സിനിമ പ്രദർശനവും, ഒരു സിനിമ പ്രവർത്തനവുമായും, ഒരു ചലച്ചിത്ര പ്രവർത്തകരും ഞങ്ങളുടെ ഇടയിലേക്ക്, കോളനിയിലേക്ക് കടന്നുവരുന്നത് കണ്ടിട്ടില്ല. ചലച്ചിത്ര പ്രദർശനങ്ങൾ മുഴുവൻ നടന്നിരുന്നത് ഗ്രാമത്തിന്റെ ജാതീയ അധികാരം നിലനിന്നിരുന്ന ആ ജിയോഗ്രഫിയുടെ സെന്ററുകളിലായിരുന്നു. അവിടെ ദളിതർക്ക് തങ്ങളുടെ സ്പേസുകൾ അല്ലാത്തതുകൊണ്ട് ഞങ്ങളൊന്നും അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടുമില്ല. അതിനു ശേഷം പയ്യന്നൂർ കോളേജിൽ ഒക്കെ പഠിക്കുമ്പോൾ, ഉന്നത ജാതിയിൽപ്പെട്ട ഇടതുപക്ഷ ഫിലിം സൊസൈറ്റി ബുദ്ധിജീവികളുടെ ജാഡ സഹിക്കാൻ പറ്റാതെ ഞങ്ങൾ ശാന്തി ടാക്കീസിൽ പോയി ജെന്റിൽമാൻ പോലുള്ള സിനിമകൾ കണ്ടാണ് ഞങ്ങളുടെ സിനിമ കാഴ്ചകളുടെ സംസ്കാരം വളർത്തിയത്. ഇതൊക്കെ വെച്ചു നോക്കുമ്പോൾ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ ജിയോഗ്രഫിയും, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലെ അധികാരങ്ങളുടെ ജാതീയ സ്വഭാവവും ഒക്കെ പരിശോധിക്കപ്പെടേണ്ടതാണ്, ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്.

അത് കൊണ്ടുതന്നെ ‘അമ്മ അറിയാൻ’ എന്ന സിനിമ ഇപ്പോൾ വീണ്ടും കാണുമ്പോൾ, കേരളത്തിലെ ചില കാര്യങ്ങൾ ഒരു ആംഗിളിലുള്ള ഒരു ഡോക്യുമെന്റേഷനായി ആ സിനിമയെ പരിഗണിക്കാം. അത്ര മാത്രമേ പരിഗണിക്കാൻ പറ്റൂ. ആ സിനിമയുടെ തുടക്കത്തിൽ പറയുന്ന “നല്ല സിനിമ” എന്ന ഒരു തോന്നൽ തന്നെ അത് ഉണ്ടാക്കുന്നില്ല. അതിനപ്പുറം “നല്ല സിനിമ/ചീത്ത സിനിമ” എന്ന മോറൽ ബൈനറി തന്നെ ഈ തീവ്ര ഇടതുപക്ഷങ്ങൾ സൃഷ്ടിക്കുന്നത് തികച്ചും ബോറാണ്.

കേരളത്തിൽ ഒരു കാലത്തെ സ്വപ്നജീവികളായ ചില രാഷ്ട്രീയ ജീവികളുടെ ജീവിതവും അവരുടെ ചിന്തകളും (വിപ്ലവം എന്നൊന്നും പറയാൻ പറ്റില്ല) തുടങ്ങിയവയെ ആ സിനിമ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ആ റോഡ് മൂവിയിൽ കീഴാളരെ മുഴുവൻ ദാരിദ്ര്യത്തിലും തൊഴിലാളിവൽക്കരണത്തിലും ആർകിടൈപ്പ് ചെയ്തിട്ടുമുണ്ട്. ആ സിനിമയിൽ നിരന്തരം കാണിക്കുന്ന ഇടുങ്ങിയ വഴികൾ പോലെയും ഇടുങ്ങിയ കോറിഡോറുകൾ പോലെയും, ചരിത്രത്തിലെ ഒരു ഇടുങ്ങിയ റെപ്രസന്റേഷൻ മാത്രമാണ് ഈ സിനിമ.

Director John Abraham’s ‘Amma Ariyan’ restored in 4K, will premiere at Cannes film fest
Director John AbrahamCredit: Venu ISC

എന്തിനാണ് ഈ സിനിമയെ ഒക്കെ ഇങ്ങനെ ആഘോഷിക്കുന്നത് എന്ന് എനിക്ക് പിടികിട്ടുന്നില്ല. ഒരിക്കലും എനിക്കൊന്നും ആഘോഷിക്കാനോ, ഞങ്ങളുടെയൊക്കെ ജീവിതത്തിന്റെ അടുത്തുകൂടി പോലും പോകാത്ത ഒരു സിനിമ കൂടിയാണ് ഇത്. ഒരു ഡോക്യു-ഫിക്ഷൻ സിനിമ പോലെ പിടിച്ചിരിക്കുന്ന ഈ സിനിമയിൽ, “എവിടെ ജോൺ?” എന്ന് ചോദിക്കുന്നതുപോലെ തന്നെ പല അപര സമൂഹങ്ങളും “എവിടെ ഞങ്ങൾ?” എന്നും ചോദിക്കേണ്ടിവരും. അല്ലെങ്കിൽ ജോൺ എബ്രഹാമിന്റെ ഈ സിനിമായൊക്കെ ആരുടെ ‘അമ്മമാരാണു’ അറിയുന്നത്?

No Comments yet!

Your Email address will not be published.