Skip to main content

കൂറകളുടെ ജനസഞ്ചയം

ജനാധിപത്യത്തില്‍ ജനം തിരഞ്ഞെടുപ്പിലൂടെയാണ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും മാറ്റുന്നതും മറ്റൊരു സര്‍ക്കാരിനെ അധികാരത്തില്‍ അവരോധിക്കുന്നതും. എന്നാല്‍ പ്രതിനിധാന ജനാധിപത്യത്തിന്റെ അന്തസ്സത്തയെ അട്ടിമറിക്കുന്ന ഏകാധിപത്യ സര്‍ക്കാരുകളെ ജനം തെരുവില്‍ സംഘടിച്ചുക്കൊണ്ടു പിരിച്ചുവിടുന്ന സംഭവങ്ങള്‍ക്ക് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളാണ്. അധികാരത്തെ കീഴമേല്‍ മറിക്കാന്‍ വ്യവസ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യമോ നേതൃത്വമോ തെരുവുകളില്‍ സ്വന്തം നിലയില്‍ അണിചേര്‍ന്ന ജനത്തിനില്ല. ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോഴാണ് ജനം സ്വന്തം നിലയില്‍ തെരുവില്‍ ഇറങ്ങുന്നത്. ഒരുവേള, ഫ്രഞ്ച് വിപ്ലവം തൊട്ടു ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണങ്ങള്‍ക്കെതിരെയുള്ള ജനാവലികളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മുല്ലപ്പൂ വിപ്ലവത്തിലും സമീപകാലത്തു ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും നേപ്പാളിലെയും ജനമുന്നേറ്റങ്ങളില്‍ കണ്ടതാണ് ജനം സ്വന്തം നിലയില്‍ തെരുവില്‍ സംഘടിച്ചു സര്‍ക്കാരുകളെ മറിച്ചിടുന്നത്. ജനത്തെ തെരുവിലേക്ക് ഇളക്കി വിടുന്ന നൈസര്‍ഗിക പ്രേരണ എന്താണെന്നു വ്യക്തമായും വിശദീകരിക്കാനാകില്ല, ഏതു സംഭവം എപ്പോള്‍ ജനത്തെ സര്‍ക്കാരിനെതിരെയുള്ള രോഷപ്രകടനമായി തെരുവിലേക്ക് അണപൊട്ടിയൊഴുകുന്നതെന്നു ഒരു സാമൂഹ്യശാസ്ത്രജ്ഞനും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സാമൂഹ്യശാസ്ത്രജ്ഞാനം ചരിത്രത്തിലെ ചാലകശക്തികളെക്കുറിച്ചു വ്യക്തമായും വിശദീകരിക്കുമെങ്കിലും ജനരോഷം എപ്പോള്‍ എങ്ങനെ അണപൊട്ടുമെന്നു വിശദീകരിക്കാന്‍ അപര്യാപ്തമാണ്. തീര്‍ച്ചയായും സാമൂഹ്യശാസ്ത്രം ഇന്ത്യയില്‍ വെറും ആറു ദിവസം മാത്രം പ്രായമുള്ള കൂറ അഥവാ പാറ്റ പാര്‍ട്ടിയുടെ (Cockroach Janata Party) ഡിജിറ്റല്‍ ജനസഞ്ചയ (Digital Multitude) ആവിര്‍ഭാവത്തെക്കുറിച്ചു വിശദീകരിക്കാന്‍ പാടുപെടുകയാണ്, നൂറ്റാണ്ടുകളുടെ ജ്ഞാനപഴക്കമുള്ള സാമൂഹ്യശാസ്ത്രവിദ്യ ഇത്തരം പുതിയ പ്രതിഭാസങ്ങള്‍ക്ക് മുമ്പാകെ നിസ്സയഹമാണ്. മാനവിക-സാമൂഹ്യസ് ശാസ്ത്രജ്ഞാനം പതിവിന്‍പ്പടി പതിവ് ഉരുപ്പിടികളുടെ സഹായത്തോടെ വ്യഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. കൂറ പാര്‍ട്ടിയുടെ ആവിര്‍ഭാവത്തെക്കുറിച്ചും വ്യഖ്യാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള വ്യഖ്യാനങ്ങളില്‍ സത്യത്തിന്റെ അംശമുണ്ടാകാം. അത് രാഷ്ട്രീയ വിശകലനത്തിനും തുടരന്വേഷണങ്ങള്‍ക്കും ഉപകാരപ്പെടും.

കൂറ പാര്‍ട്ടിയുടെ പ്രധാന സവിശേഷത അത് ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തിലാണ് ഇടപെടാന്‍ ഉദ്ദേശിക്കുന്നതെങ്കിലും അതിന്റെ ആവിര്‍ഭാവം ഇന്ത്യക്ക് പുറത്താണ്. വാസ്തവത്തില്‍ അപസ്ഥലീകരിക്കപ്പെട്ട (De-territorial) വിര്‍ച്വല്‍ ലോകത്തിലാണ് കൂറ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടു തന്നെ ദേശീയതക്ക് പുറത്താണ്. കൂറ പാര്‍ട്ടി ഉദയം ചെയ്തത് ‘എക്‌സ്’ (X) എന്ന സൈബര്‍ പ്ലാറ്റ്ഫോമിലാണ്. എക്സില്‍ അകൗണ്ട് തുടങ്ങിയ അഭിജിത് ദിപ്‌കെ പാര്‍ട്ടിക്ക് നാമകരണം ചെയ്തിരിക്കുന്നത് കോക്രോച് ജനത പാര്‍ട്ടി എന്നാണ്. പാറ്റ അല്ലെങ്കില്‍ കൂറ ജനത പാര്‍ട്ടിയുടെ ചുരുക്ക നാമം സി ജെ പി എന്നാണ്. കൂറ പാര്‍ട്ടിയുടെ ആരംഭ ഹേതു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ യുവാക്കളെ അലസരും കൂറകളും എന്നുള്ള അധിക്ഷേപതോടുള്ള ആക്ഷേഹാസ്യ പ്രതികരണമാണ്. ആക്ഷേപഹാസ്യമായിരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധിക്ഷേപപരാമര്‍ശത്തോടുള്ള യുവാക്കളുടെ വിമര്‍ശനവുമായിരുന്നു അത്. യുവാക്കള്‍ തൊഴില്‍രഹിതരാകുന്നത് യുവാക്കളുടെ കുറ്റംകൊണ്ടല്ല എന്ന സാമാന്യധാരണ പോലും പ്രകടിപ്പിക്കാത്ത പരാമര്‍ശത്തെയാണ് വിമര്‍ശനവിധേയമാക്കുന്നത്. എക്സിലെ കൂറ പാര്‍ട്ടി അകൗണ്ട് വളരെ പൊടുന്നനെ അഥവാ മിന്നല്‍ വേഗത്തില്‍ 19 ലക്ഷം അനുയായികളെ കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പി യുടെ അക്കൗണ്ടിനെക്കാളും ഇരട്ടി അനുയായികളാണ് സി ജെ പി യുടെ അക്കൗണ്ടില്‍ ചേര്‍ന്നത്. ഇത് ബി ജെ പി യെ വിറളിപിടിപ്പിച്ചു. കൂറ പാര്‍ട്ടിയുടെ സൈബര്‍ അക്കൗണ്ടില്‍ അണിചേര്‍ന്നവര്‍ ഇന്ത്യക്കാരാണെന്നും അവര്‍ രാഷ്ട്രീയമായി ശക്തമായ പ്രതിരോധമുയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ബി ജെ പി യും കേന്ദ്ര സര്‍ക്കാരും സി ജെ പി യുടെ അക്കൗണ്ട് പൂട്ടിക്കാന്‍ നിര്‍ദേശം നല്‍കുകയും പൂട്ടിക്കുകയും ചെയ്തു.

Cockroach Janta Party Dalit founder Abhijeet Dipke

എന്തുക്കൊണ്ടാകണം സര്‍വ്വശക്തമായ കേന്ദ്ര സര്‍ക്കാര്‍ യുവാക്കളുടെ ആക്ഷേപഹാസ്യ പാര്‍ട്ടിയായ കൂറയുടെ എക്‌സ്-അക്കൗണ്ടിനോട് ഇത്ര അസഹിഷ്ണുത പുലര്‍ത്താനുള്ള കാരണം. രാഷ്ട്രമീമാംസക്കും -സാമൂഹ്യശാസ്ത്രത്തിനും ഇതില്‍ ചില ഉള്‍കാഴ്ച്ചകള്‍ നല്‍കാനാകും. തൊട്ടയല്‍ രാജ്യങ്ങളില്‍ അരങ്ങേറിയ യുവജനപ്രക്ഷോഭങ്ങള്‍ അവിടെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു അവിടെ അടക്കി ഭരിച്ചുക്കൊണ്ടിരുന്ന സര്‍ക്കാരുകളെയാണ് താഴേക്ക് വലിച്ചിട്ടത്. ആ രാജ്യങ്ങളില്‍ കണ്ട യുവരോഷത്തിനുള്ള കാരണങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അത് പ്രധാനമായും തൊഴിലില്ലായ്മ, വര്‍ധിച്ചു വരുന്ന സാമൂഹിക അന്തരം. ഭരിച്ച ജീവിത ചിലവുകള്‍. സങ്കോചിക്കുന്ന തൊഴില്‍ അവസരങ്ങള്‍, യുവാക്കളുടെ അന്യവല്‍ക്കരണം, യുവതയുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനോ അവരുമായി സംവദിക്കാനോ കഴിവുകുറഞ്ഞ പഴയ നേതൃത്വം തുടങ്ങി സ്വജനപക്ഷപാതവും അഴിമതിയും ക്രോണി മുതലാളിത്തവും കോര്‍ പ്രേറ്റ് ദുര്‍വാഴ്ച്ചയും എന്നീ ഗൗരവമായ പ്രശ്‌നങ്ങളാണ് യുവാക്കളില്‍ ആഴത്തില്‍ അമര്‍ഷം സൃഷ്ടിച്ചിരിക്കുന്നത്.

സമൂഹത്തില്‍ അസ്വസ്ഥതകള്‍ വ്യാപകമായിരുന്നു. മൂലധനശക്തികള്‍ കൈയടക്കിവെച്ച ബഹുജനമാധ്യമങ്ങളൊന്നും കോര്‍പ്രേറ്റ് വിധേയത്വം മൂലം സമൂഹത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ യാഥാര്‍ഥ്യത്തെ അവഗണിച്ചു. എന്നാല്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ വിഹരിക്കുന്ന സാമൂഹ്യമാധ്യമങ്ങളില്‍ ഈ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കപ്പെട്ടിരുന്നു. ഏകീകൃതമോ സംഘടിതമോ അല്ലാത്തതിനാല്‍ ഈ അമര്‍ഷത്തിന്റെ പ്രതികരണങ്ങള്‍ ചിതറിയാണ് കിടന്നിരുന്നത്. ഇത്തരമൊരു യാഥാര്‍ഥ്യം നിലനിക്കുന്നുണ്ടെന്നു സര്‍ക്കാരിനറിയാം. പക്ഷെ സംഘടിതവും ഏകീകൃതവുമല്ലാത്തതിനാല്‍ അതിനെ അവഗണിച്ചുവരികയായിരുന്നു. സി ജെ പി യുടെ നവമാധ്യമ ആവിര്‍ഭാവം അസ്വസ്ഥഭരിതമായ ഈ യാഥാര്‍ഥ്യത്തെ വ്യക്തമാക്കുന്നതായിരുന്നു. നവമാധ്യമത്തിലൂടെയുള്ള പത്തൊന്‍പതു ലക്ഷം ജനങ്ങളുടെ ഏകീകൃതമായ ഐക്യദാര്‍ഢ്യവും രോഷപ്രകടനവും മുന്‍അനുഭവങ്ങള്‍വെചു ഭൗതികരൂപമാര്‍ജ്ജിച്ചു തെരുവുകളിലേക്ക് ഒഴുകിയാല്‍ അയല്‍രാജ്യങ്ങളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കുമോ എന്നുള്ള സര്‍ക്കാരിന്റെ ആധി ആ നിലയില്‍ ന്യായയുക്തമാണ്.

സി ജെ പി ഒരു രാഷ്ട്രീയസ്വഭമാര്‍ജ്ജിക്കുന്ന വിധത്തില്‍ വ്യക്തമായും രാഷ്ട്രീയവും സംസാരിക്കാന്‍ തുടങ്ങി. അവര്‍ മുന്നോട്ട് വെച്ച അഞ്ച് ആവശ്യങ്ങളും ഇന്ത്യയില്‍ ഗൗരവമായി ചര്‍ച്ചചെയ്യുന്നതാണ്. ഒന്ന്, തൊഴിലും അക്കൗണ്ടബിലിറ്റിയും, രണ്ടു, വിദ്യാഭ്യാസ പരിഷ്‌ക്കാരം, മൂന്ന്, മാധ്യമ സ്വാതന്ത്ര്യം നാല്, കോടതിയുടെ അന്തസ്സ് അഞ്ച്, സുതാര്യത. അംബാനിയുടേയും അദാനിയുടെയും ക്രോണി മുതലാളിത്ത മുക്ത ഇന്ത്യയും കൂറ പാര്‍ട്ടി വിഭാവനം ചെയ്യുന്നു. സുപ്രധാനമായൊരു ആവശ്യം സി ജെ പി ഉന്നയിച്ചിരിക്കുന്നത് സുപ്രീം കോടതി സേവനത്തിനു ശേഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും അല്ലെങ്കില്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നതും അവസാനിപ്പിക്കണമെന്നാണ്. സി ജെ പിയുടെ ആവശ്യങ്ങളൊന്നും തന്നെ തള്ളിക്കളയാനാകുന്നതല്ല. കാരണം, ഇന്ത്യന്‍ ജനാധിപത്യതത്തെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആഴമുള്ളതാക്കാനാണ് കൂറ പാര്‍ട്ടി അംഗങ്ങളായ കൂറകള്‍ ആവശ്യപ്പെടുന്നത്. ജനാധിപത്യപരമല്ലാത്തൊരു ആവശ്യവും കൂറകള്‍ ഉന്നയിക്കുന്നില്ല.

ബി ജെ പി യും കേന്ദ്രസര്‍ക്കാരും കൂറകളെ നേരിടാന്‍ അവരുടെ ആവനാഴിയിലെ ആകെയുള്ള ഒരായുധം തന്നെയാണ് അവലംബമാക്കിയിരിക്കുന്നത്. വലതുപക്ഷം രാഷ്ട്രീയമായി ഭാവനശൂന്യരാണ്. അവര്‍ക്ക് ജനങ്ങളില്‍ നിന്നുമായരുന്ന അവകാശപ്രക്ഷോഭങ്ങളെ നേരിടാന്‍ രാജ്യദ്രോഹം എന്ന നവഫാസിസ്റ്റ് ആയുധമല്ലാതെ മറ്റൊന്നുമില്ല. നിയമത്തെ ആയുധവല്‍ക്കരിച്ചിട്ടുള്ള വലതുപക്ഷ സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ആയുധമാണ് രാജ്യദ്രോഹക്കുറ്റം.സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ യു എ പി എ എന്ന കരിനിയമത്തിന്റെ വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാതെ തുറങ്കിലടക്കുകയാണ് ചെയ്യുന്നത്. അടിയന്തിരാവസ്ഥയ്ക്ക് സമാനമായ ഒരു രീതിയാണ് അവലംബിക്കുന്നത് എന്നതിനാല്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്നാണ് ഇതിനെ വിളിക്കുന്നത്. കൂറകള്‍ക്കെതിരെയും രാജ്യദ്രോഹകുറ്റമാണ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റും നിയമനടപടികളും ഭയന്നു യുവാക്കള്‍ സ്വയം പിന്മാറുമെന്നുമാണ് സര്‍ക്കാര്‍ കണക്കുക്കൂട്ടുന്നത്. അപ്പോഴും യുവാക്കള്‍ ഉന്നയിക്കുന്ന പ്രശ്ങ്ങളെ പരിഹരിക്കാനോ യുവാക്കളെ അഭിമുഖീകരിക്കാനോ സര്‍ക്കാര്‍ സന്നദ്ധമല്ല. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് വ്യക്തമായ മറുപടികള്‍ സര്‍ക്കാരിനില്ല എന്നതാണ്. രണ്ടാമതായി കേന്ദ്രസര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവര്‍ക്ക് യുവാക്കളോട് സംവദിക്കാന്‍ ഒരു ഭാഷയില്ല. അതിനു കാരണം ജെന്‍-സി ഭാഷയോ പദാവലികളോ മനസ്സിലാകാതത്തു മാത്രമല്ല നിക്ഷിപ്തതാല്പര്യാര്‍ത്ഥം ക്രോണി മുതലാളിത്തത്തിനു കീഴപ്പെട്ടുപോയ ഒരു രാഷ്ട്രീയത്തിന് പുതിയ തലമുറകളെ മനസ്സിലാക്കാനോ അവരെ അഭിസംബോധന ചെയ്യാനോ അവരുമായി ഇടപെഴുകാനുള്ള സംവേദനശേഷി അശേഷം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്.

കൂറ പാര്‍ട്ടി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവതാരമാണെന്ന കാര്യത്തില്‍ സംശയുമുണ്ടാകാനിടയില്ല. നവമാധ്യമ ഭൂമികയിലാണ് കൂറകള്‍ സംഘടിച്ചിരിക്കുന്നതെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയത്തില്‍ എന്തു മാറ്റമാണ് കൂറകള്‍ സംഭാവന ചെയ്യാന്‍ പോകുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇതൊരു രാഷ്ട്രീയ ഭൗതികശക്തിയാകുമോ? അവര്‍ സാമൂഹ്യമാധ്യമ പ്രചാരണങ്ങളില്‍ നിന്നും രാഷ്ട്രീയ മണ്ഡലത്തിലേക്ക് വരുമോ? നവമാദ്ധ്യമങ്ങളിലെ രോഷം ജനകീയ മുന്നേറ്റമായി പരിഭാഷപ്പെടുമോ? ജനാവലിയുടെ പുത്തന്‍ രാഷ്ട്രീയം സംഘടിത പ്രസ്ഥാനങ്ങളെ അതിവര്‍ത്തിച്ചു ഇന്ത്യയുടെ ഭൗതിക സ്ഥലങ്ങളില്‍ ശക്തമായ സാന്നിധ്യമാകുമോ. കൂറകളുടെ പ്രധാന ആവശ്യമായി വന്നിരിക്കുന്നത് ‘നീറ്റ്’ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്തു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ്. വന്‍ജനാവലിയുടെ പിന്തുണയാണ് സാമൂഹ്യമാധ്യമം വഴി ഈ ആവശ്യത്തിന് ലഭിച്ചിരിക്കുന്നത്. ഇതൊരു രാഷ്ട്രീയ ആവശ്യം തന്നെയാണ്. ഇതിന്റെയര്‍ത്ഥം കൂറകള്‍ ആക്ഷേപഹാസ്യത്തിനപ്പുറം തീര്‍ത്തും നവീനമായ രാഷ്ട്രീയ പോര്‍മുഖം തുറക്കുന്നുവെന്നാണ്. കൂറകളെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ അസ്വാസ്ഥ്യവും അമര്‍ഷവും പുകയുന്നുണ്ട് എന്നാണ്.

കൂറകകളുടെ ജനാവലി രാഷ്ട്രീയത്തെക്കുറിച്ചു മറ്റൊരു ഉത്കണ്ഠയും വ്യാപാരിക്കുന്നുണ്ട്. ജനാവലി പ്രക്ഷോഭങ്ങള്‍ അതിന്റെ ഘട്ടം കഴിഞ്ഞാല്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ അവരോധത്തിനു കാരണമാകുന്നുവെന്നാണ്. ഈ അനുഭവം ഇന്ത്യയില്‍ മാത്രമല്ല സമീപകാലത്തു യുവജനപ്രക്ഷോഭം കണ്ട നേപ്പാളിലും സംഭവിച്ചതാണ്. തീര്‍ച്ചയായും ഈ ഉത്കണ്ഠ അസ്ഥാനത്തല്ല. എങ്കിലും കൂറകള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ ഭരണമാറ്റത്തിന്റെ മാത്രമല്ല ജനാധിപത്യത്തിന്റെ പുനസ്ഥാപനത്തിന്റെയാണ്. ഇത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. കൂറകള്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ ജനാധിപത്യ പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്നവയാണ്. മറ്റൊരു സന്ദേഹം നവമാധ്യമ മുഗ്ദ്ധമായ പുതിയ രാഷ്ട്രീയത്തെക്കുറിച്ചാണ്. സാമൂഹ്യശാസ്ത്രം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യഘടനയെക്കുറിച്ചും വ്യക്തികളുടെ അണുവല്‍ക്കരണത്തെക്കുറിച്ചും സൈബര്‍ ലോകങ്ങളിലെ ഒത്തുചേരലുകളെക്കുറിച്ചും വ്യഖ്യാനങ്ങള്‍ നല്‍കുന്നു. സാമൂഹ്യശാസ്ത്രം അതിന്റെ പഠനത്തിനു അവലംബക്കിയ പഴയ രേഖീയ (Linear) സമൂഹത്തെക്കുറിച്ചുള്ള പരികല്പനകളും സംജ്ഞകളും വിശകലനോപാധികളും തന്നെയാണ് ആശ്രയിക്കുന്നതെന്ന പരിമിതിയുണ്ടെങ്കിലും സന്ദേഹം ഉപേക്ഷിക്കേണ്ടതല്ല. ഒരു കാര്യം തീര്‍ച്ചയാണ്, രാഷ്ട്രീയവും സമൂഹവും മാറുകയാണ് അതിനോട് സംവദിക്കുന്ന പുതിയ പരികല്പനകള്‍ ഉരുത്തിരിയേണ്ടതുണ്ട്. അതുരുത്തിരിയുന്നത് പ്രയോഗങ്ങളുടെ രാഷ്ട്രീയത്തില്‍ നിന്നാണ്. പുതിയ രാഷ്ട്രീയ പ്രയോഗങ്ങള്‍ രൂപപ്പെടുകയാണ്. അത് ഫാസിസത്തെയും വലതുപക്ഷത്തേയും തുറന്നുതന്നെ എതിര്‍ക്കുന്നതാണെന്നാണ് ഏറ്റവും പ്രതീക്ഷനിര്‍ഭരമായ കാര്യം.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.