സുരേഷ് ഗോപി നായകനായി വന്ന് സോഷ്യല്‍ ക്ലെന്‍സിംഗിന് ശ്രമിച്ച രഞ്ജി പണിക്കര്‍ സിനിമകള്‍ കേരളത്തില്‍ തകര്‍ത്തോടിയത് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ആയിരുന്നു. അന്ന് തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭരണകൂടത്തിലേയും ഗ്രൂപ്പ് വഴക്കുകളും അഴിമതിയും അധോലോകത്തിനെതിരെയും പ്രതികരിക്കുന്നതായ ഒറ്റ നായകന്മാരായിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രങ്ങള്‍. ഗ്രൂപ്പ് എന്നത് വലിയ പ്രശ്നമാണെന്നും ചെറുകിട രാഷ്ട്രീയ പാര്‍ട്ടികള്‍ തുടച്ചുമാറ്റേണ്ടതാണെന്നും ഇത്തരം അധോലോകങ്ങളെ നിയമത്തിനു വിട്ടുകൊടുക്കാതെ/നിയമത്തിനു ഇത്തരക്കാരെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ഇവരെ ഒക്കെ ബോംബ് വെച്ച് പൊട്ടിച്ച് കൊന്നാണ് ശിക്ഷ വിധിക്കേണ്ടതെന്നുമെന്ന തരത്തില്‍ അവസാനിപ്പിച്ച സിനിമകളായിരുന്നു അവ. ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഒന്നും തീരെ പോരാ എന്ന തരത്തിലുള്ള ഇത്തരം നായകന്മാരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് കേരളത്തിലെ ജനക്കൂട്ടത്തിന്റെ ഫാസിസ്റ്റ് മനസ്സ് കയ്യടിച്ച് വിജയിപ്പിച്ചതാണ് ഇത്തരം സിനിമകള്‍.

യോഗ്യതയില്ലാത്തവര്‍, വോട്ടിങ്ങിലൂടെ അധികാരത്തില്‍ എത്തുന്നവര്‍ എന്നിവരെ എല്ലാം തുടച്ചുനീക്കുക എന്ന ഒരു സങ്കല്പത്തിലായിരുന്നു സിവില്‍ സമൂഹത്തിലെ വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപിയുടെ പോലീസ് ഉദ്യോഗത്തിലൂടെ അവതരിപ്പിക്കപ്പെട്ട ഫാസിസ്റ്റ് കഥാപാത്രങ്ങള്‍ അരങ്ങേറിയത്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാരെ ഇത്തരം നായകന്മാര്ക്ക് പരമ പുച്ഛവുമായിരുന്നു. ഒരു സംവാദത്തിനും സാധ്യതയില്ലാത്തവിധം നിയമ വ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കാതെ കൊല്ലുക എന്നതാണ് ഈ നായകന്മാര് ചെയ്തത്. ഇന്ത്യയിലെ നിയമവ്യവസ്ഥയെ, ഭരണഘടനയെ തകിടം മറിച്ച അടിയന്തിരാവസ്ഥക്കാലത്തെ അമിതാബ് ബച്ചന് നായകനായ ‘ആംഗ്രി യങ്ങ് മാന്‍’ സിനിമകളുടെ തുടര്‍ച്ചയായിരുന്ന ഈ സിനിമകള്‍. എണ്‍പതുകളില്‍ ഈ സിനിമകളുടെ തുടര്‍ച്ചയായി ‘ആംഗ്രി യങ്ങ് മാന്‍ ‘ സിനിമകള്‍ മലയാളത്തിലും ഇറങ്ങിയിരുന്നു.

ഈ സിനിമകളില്‍ സുരേഷ് ഗോപി നിരന്തരം ഡയലോഗുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഈ ഡയലോഗുകളില്‍ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും യോഗ്യതകളെയും കളിയാക്കി. പണ്ട് തേങ്ങ മോഷണം നടത്തിയവരും ചിരക്കാന്‍ പോയവരും ഒക്കെ ഇന്ന് മന്ത്രിമാരായത് ഈ നായകന്മാര്ക്ക് പ്രശ്നമായി. ചെരക്കുന്നവര്ക്കും, യോഗ്യതയില്ലാത്തവര്‍ക്കും കൂടെ ഭരിക്കാന്‍ സാദ്ധ്യത നല്‍കുന്നതാണ് ജനാധിപത്യം എന്നത് ഈ മണ്ടന്‍ നായകന്മാര് മനസ്സിലാക്കിയില്ല. പഴയ, ചോദ്യം ചെയ്യാത്ത ജന്മിത്വവ്യവസ്ഥയുടെ ജാതി യോഗ്യതയായിരുന്നു ഈ നായകന്മാരുടെ ഉത്തമപുരുഷ ഭരണകൂട സങ്കല്പം. ചോദ്യം ചെയ്യപ്പെടാതെ, സംഘര്‍ഷപ്പെടാതെ ശിക്ഷ വിധിക്കുക എന്ന രീതി.
അത്തരം സിനിമകളില്‍ കീഴാളര്‍ മന്ത്രിമാരായാലും, മുസ്ലിംകള് ബിസിനസ് കാരായാലും ഒക്കെ ഈ നായകന്മാര്ക്ക് പ്രശ്നമായി. അതുകൊണ്ടാണ് ധ്രുവം എന്ന സിനിമയില്‍ ‘അഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.എല്‍.എയായവന് ആജ്ഞാപിക്കേണ്ട, അനുസരിച്ചാല്‍ മതി’ എന്നൊക്കെ സുരേഷ് ഗോപിയുടെ പോലീസുകാരന് പറയുന്നത്. അവിടെ ജനാധിപത്യത്തിനെതിരെ, മന്ത്രിമാരായ കീഴാളരുടെ വംശശുദ്ധിയെയും ബിസിനസ് കാരായ മുസ്ലിംകളെയും ചെറുപാര്‍ട്ടികളെയും നിരന്തരം ചീത്തവിളിച്ച ഇത്തരം നായകന്മാര്ക്ക് മലയാളി നല്ല ഭേഷായി കയ്യടിച്ചു.
ഇതിനു ശേഷമാണ് ശരിയായ പാരഡോക്സ് സംഭവിച്ചത്. സുരേഷ് ഗോപി രാഷ്ട്രീയത്തിലെത്തി, മന്ത്രിയായി. ഈ നായകന്മാരുടെ സിനിമകളുടെ പിന്തുടര്ച്ചയാണ് സുരേഷ് ഗോപി എന്ന മന്ത്രി. ‘അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കണം’, ‘ഉയര്‍ന്ന ജാതിയിലുള്ളവര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം’ തുടങ്ങിയ ആഗ്രഹങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്ത ജന്മിത്വത്തിന്റെ ആഗ്രഹങ്ങളാണ്. അത്, ഇതേ സുരേഷ് ഗോപി അഭിനയിച്ച സിനിമകളുടെ രാഷ്ട്രീയത്തിന്റെ രണ്ടാം ഭാഗങ്ങളാണ്. ഈ സിനിമകളിലെ നായകന്മാര് എല്ലാം ഉന്നതകുല ജാതന്മാരായിരുന്നു എന്നത് വേറെ കാര്യം. ജനാധിപത്യത്തിലെ ഒരു നേതാവ് ആകുമ്പോള്‍ അയാള്‍ ഷര്‍ട്ടിടാതെ മേല്‍മുണ്ട് ധരിച്ച് കേരളത്തിലെ പൊതു റോഡിലൂടെ ഒരു ഫ്യൂഡല്‍ പ്രഭുവിനെ പോലെ നടന്നു.
തന്നെപ്പോലുള്ള ചോദ്യം ചെയ്യപ്പെടാന്‍ പറ്റില്ലാത്ത നായകര്‍ക്ക് ജനാധിപത്യം അതിലെ സംവാദം ഒന്നുമല്ല എന്നതാണ് ഈ മനുഷ്യന്റെ നിലപാട്. ഈ ജനാധിപത്യത്തില്‍ എങ്ങനെ വോട്ട് ചെയ്താലും തന്റെ അധികാരം പിടിച്ചടക്കുക എന്നതാണ് അയാളുടെയും അയാളുടെ രാഷ്ട്രീയത്തിന്റെയും മുഖമുദ്ര. അതാണ് ഇന്ന് ഇന്ത്യയില്‍ പൊളിച്ചടുക്കുന്നത്. ഈ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവം ഒന്ന് നോക്കുക. ഒന്ന്, രാഹുല്‍ ഗാന്ധി ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വോട്ടുകൊള്ള എക്സ്പോസ് ചെയ്തപ്പോഴും മോഡി ഒരക്ഷരം മിണ്ടിയിട്ടില്ല. സുരേഷ് ഗോപിയും ഒരക്ഷരം മിണ്ടിയിട്ടില്ല. മിണ്ടിയ ബിജെപിക്കാര്‍ മുഴുവനും ‘എന്ത് ജനാധിപത്യം, ഞങ്ങള്‍ ഇനിയും ചെയ്യും’ എന്ന രീതിയാണ്. അതായത്, ജനാധിപത്യം ഒരു പ്രശ്നമല്ല; ഞങ്ങള്‍ ഭരിക്കാനുള്ളവരാണ് എന്നതാണ് ഇവരുടെ സംവാദരഹിതമായ രീതി.

സിനിമയില്‍ വാതോരാതെ സംസാരിച്ച സുരേഷ് ഗോപി, ഒരു ടൈം ട്രാവല്‍ ചെയ്യുമ്പോള്‍ ഒന്നും സംസാരിക്കാത്ത ഒരു മന്ത്രിയായി മാറുന്നു. അയാള്‍ക്ക് ചോദ്യം ചോദിക്കുന്ന പൊതുസമൂഹവും മാധ്യമങ്ങളുടെ മൈക്കുകളും ഒന്നും പ്രശ്നമല്ല. അത് അയാള്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി സിനിമകളിലൂടെ സാംസ്കാരിക ഇടങ്ങളില്‍ നിര്‍മ്മിച്ചെടുത്ത ഒരു രാഷ്ട്രീയമാണ്. സംസാരിക്കാതിരിക്കുക എന്നതാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര. ഒരു കാലത്ത് നിര്‍ത്താതെ സിനിമകളില്‍ സംസാരിച്ച സുരേഷ് ഗോപി ഇന്ന് സംസാരിക്കാതിരിക്കുന്നത് അയാള്‍ തന്നെ കേരളീയ സമൂഹത്തില്‍ നിര്‍മ്മിച്ച ഫാസിസത്തിന്റെ മുഖമുദ്രയാണ്. ജനാധിപത്യത്തിന്റെ ചോദ്യങ്ങളെ അയാള്‍ക്ക് നേരിടാന്‍ കഴിയില്ല എന്നതാണ് വേറെ ഒരു കാര്യം. സുരേഷ് ഗോപിയുടെ നീട്ടി പിടിച്ച ഡയലോഗുകള്‍ക്കും ഇന്നത്തെ സംസാരിക്കാത്ത സുരേഷ് ഗോപിക്കും അങ്ങനെ ഫാസിസത്തിന്റേതായ ഒരു രാഷ്ട്രീയ തുടര്‍ച്ചയുണ്ട്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ അപകടകരമായ ഒരു നിര്‍മ്മിതി ആണ് അത്. സാംസ്കാരിക ചരിത്രത്തിലെ ഫാസിസത്തിന്റെ വേറെ ഒരു നിര്‍മ്മിതി ആണത്.
സിനിമയില്‍ അഞ്ച് വോട്ടിന് എം.എല്‍.എ ആയവന് അജ്ഞാപിക്കേണ്ട എന്ന് പറഞ്ഞ സുരേഷ് ഗോപിയാണ് ജനാധിപത്യത്തിലെ അഞ്ചിലധികം വോട്ടുകളുടെ ചോദ്യങ്ങള്‍ക്കെതിരെ മിണ്ടാതെ മുങ്ങുന്നത്. അത്തരത്തിലുള്ള ഒരു ചരിത്രപരമായ സ്ലാപ്സ്ടിക് കോമഡി കൂടെ ആണ് സുരേഷ് ഗോപി.







No Comments yet!