പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ ഇന്നാണ് കാണാൻ കഴിഞ്ഞത്. ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ ജീവിക്കുന്ന നാല് കുട്ടികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതാണ്. ഒരുപക്ഷേ, കോവിഡ് കാലത്തിനു മുമ്പും ശേഷവും മനുഷ്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒരു ‘ജൈവിക ഉപാധി’ (Biological Prosthesis) ആയിത്തന്നെ മൊബൈൽ ഫോൺ മാറിയിട്ടുണ്ട്.
സവർണ സംവരണത്തിന്റെ ഫലമായി മേനോൻ സമുദായത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഏഴായിരത്തി തൊള്ളായിരം റാങ്ക് നേടിയിട്ടും ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശനം ലഭിക്കുന്നു. അതേസമയം, അതിലും മെച്ചപ്പെട്ട റാങ്കുള്ള പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അതേ അവസരം ലഭിക്കുന്നില്ല. എന്നാൽ, ഈ വ്യത്യസ്ത സാമൂഹിക യാഥാർഥ്യങ്ങളിൽ ജീവിക്കുന്ന കുട്ടികളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന മാധ്യമങ്ങളായി മാറുന്നത് മൊബൈൽ ഫോണും ഇൻസ്റ്റഗ്രാമും പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ്.

കേരളത്തിലെ മാധ്യമ ശൃംഖലയും ആശയവിനിമയ സംവിധാനങ്ങളും മൊബൈൽ ഫോൺ പോലുള്ള പുതിയ സാങ്കേതിക ഉപാധികളിലൂടെ വിപ്ലവാത്മകമായ മാറ്റങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഇൻഫർമേഷൻ സമൂഹത്തിൽ നിന്ന് പോസ്റ്റ്-ഇൻഫർമേഷൻ സമൂഹത്തിലേക്കുള്ള മാറ്റം കേരളം ഏറെക്കുറെ കൈവരിച്ചുകഴിഞ്ഞു. എന്നിട്ടും ഇടതുപക്ഷം ഉൾപ്പെടെയുള്ള കേരളത്തിലെ സവർണ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന സവർണ സംവരണം എന്ന ആശയത്തെക്കുറിച്ച് ഗൗരവമായ പൊതുചർച്ചകൾ ഉയർത്താനോ അതിനെ പ്രധാന വാർത്തയാക്കാനോ ഈ അത്യന്തം സാങ്കേതികമായി വികസിച്ച മാധ്യമ സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിഷയം വ്യാപകമായി ഏറ്റെടുത്തിട്ടില്ല. സമൂഹവും അതിനെ അടിച്ചമർത്തിയിരിക്കുകയാണ്. ഈ വിഷയത്തെ പ്രശ്നവൽക്കരിക്കുന്നത് സംവിധായകൻ പ്രശാന്ത് ഈഴവനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചെറിയൊരു കൂട്ടവും മാത്രമായി മാറുമ്പോഴാണ് പുരോഗമന കേരളത്തിന്റെ അവകാശവാദങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് തിരിച്ചറിയാൻ കഴിയുന്നത്.
ഈ സിനിമ കാണുന്ന സമയത്ത് രണ്ട് പ്രധാന വാർത്തകളാണ് ശ്രദ്ധയിൽപ്പെട്ടത്. ഒന്നാമത്, ഡൽഹിയിലെ സിജെപി (CJP) സമരത്തിന്റെ തുടർച്ചയെന്നോണം പിന്നോക്ക സംവരണത്തിനെതിരായ ഇന്റർനെറ്റ് കൂട്ടായ്മകൾ വിവിധ ഇടങ്ങളിൽ രൂപപ്പെടുകയാണ് എന്നത്. രണ്ടാമത്, കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന വാദവുമായി ‘ജെൻ സി’ അഥവാ ‘ന്യൂ ജെൻ’ രാഷ്ട്രീയ നിലപാട് ഉയർത്തിക്കൊണ്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ റിപ്പോർട്ടർ ടിവിക്ക് മുന്നിൽ നടത്തിയ പ്രതികരണങ്ങളാണ്.

‘ജെൻ സി’ രാഷ്ട്രീയ രൂപീകരണത്തെ മഹത്വവൽക്കരിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും ഇന്ത്യയിലും കേരളത്തിലും ശക്തമാകുന്ന ഈ കാലഘട്ടത്തിലാണ് സമൂഹത്തിലെ ഏറ്റവും വംശീയവും വിവേചനപരവുമായ പുതിയ രാഷ്ട്രീയ അജണ്ടകൾ രൂപപ്പെടുന്നതും. സമൂഹം എത്ര പോസ്റ്റ്‌മോഡേൺ ആണെങ്കിലും, എത്ര ടെക്നോക്രാറ്റിക് ആണെങ്കിലും, എത്ര ശക്തമായ ആശയവിനിമയ ശൃംഖലകൾ ഉണ്ടായാലും, പിന്നോക്ക സംവരണത്തിനെതിരായ വംശീയ പ്രതികരണങ്ങൾ ഉയരുന്നതും അതേസമയം മുന്നോക്ക സംവരണത്തെ വിമർശനാത്മകമായി ചർച്ച ചെയ്യുന്ന ‘ഒരു ജാതി പിള്ളേരിഷ്ടാ’ പോലുള്ള സിനിമകൾ ഇന്ത്യൻ പൊതുസമൂഹത്തിൽ അവഗണിക്കപ്പെടുന്നതും ഒരുതരം സാമൂഹിക വംശീയത തന്നെയാണ്.
ഈ സിനിമയിലെ പ്രധാന രംഗങ്ങൾ ട്രെയിലറുകളായും റീലുകളായും ഷോർട്ട് വീഡിയോകളായും ഡിജിറ്റൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. അതുപോലെ, ഈ സിനിമ വേഗത്തിൽ പ്രമുഖ ഒടിടി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യപ്പെടുകയും കൂടുതൽ ആളുകളും, പ്രത്യേകിച്ച് പുതിയ തലമുറയും, അത് കാണുകയും ചർച്ച ചെയ്യുകയും വേണം.
ഈ സിനിമയുടെ സംവിധായകൻ പ്രശാന്ത് MP Prasanth എന്ന ഒറ്റയാൾ പോരാളിക്കും അദ്ദേഹത്തോടൊപ്പം നിന്ന എല്ലാവർക്കും എന്റെ ഹൃദയപൂർവ്വമായ അഭിവാദ്യങ്ങൾ.







No Comments yet!