Skip to main content

ലോകയിലെ ചന്ദ്ര ജാതിയുടെ പുറമ്പോക്കിലെ നീലി

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സിനിമയാണ് ”ലോക ചാപ്റ്റര്‍ 1: ചന്ദ്ര”. ലോക മലയാളികള്‍ മുഴുവനും കണ്ട ഒരു സിനിമയാകും ലോക. മലയാളിയുടെ നാടോടികഥാപാരമ്പര്യത്തിനകത്തെ നീലിയെന്ന യക്ഷിപ്പെണ്ണിനെ ആധുനിക സാങ്കേതിക വിദ്യയിലൂടെ വര്‍ത്തമാന നഗരപരിസരത്തിലേക്ക് പറിച്ചു നടുകയാണ് ലോക ചെയ്തത്. മലയാളിയുടെ ഇഷ്ടതാരമായി നസ്ലനെ മാറ്റിയ ”പ്രേമലു” എന്ന സിനിമയുടെ അതേ മൂഡിനകത്ത് നസ്ലനെ കൃത്യമായി നിര്‍ത്തുകയും, ആ ലോകത്തിനകത്തേക്ക് നീലിയേയും ചന്ദ്രയേയും യാതൊരു അസ്വഭാവികതയും ഇല്ലാതെ ചേര്‍ത്തുവയ്ക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞു എന്നതാണ് ലോകയുടെ വിജയത്തിന്റെ ആധാരം. എല്ലാ കഥാപാത്രങ്ങളും അവരവരുടേതായ രീതിയില്‍ വളരുകയും, എന്നാല്‍ കഥയുടെ പൊതുഗതിയില്‍ യാതൊരുവിധ അലോസരവും ഇല്ലാതെ ഈ കഥാപാത്രങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു എന്നത് ലോകയുടെ വിജയത്തിന്റെ മറ്റൊരു കാരണമാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത ഒരു തിരക്കഥയും, അതിനെ സാങ്കേതിക തികവോടെ സിനിമാഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്തതില്‍ സംവിധായകന്‍ കാണിച്ച കയ്യടക്കവും മെയ്‌വഴക്കവും ആണ് സിനിമയെ ഇത്രമേല്‍ വിജയമാക്കിത്തീര്‍ത്തത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും ഒരത്ഭുത ഏടായി ലോക നിലനില്‍ക്കും. കേരളമെന്ന കൊച്ചു ദേശത്തില്‍ നിന്നും ലോക പോലൊരു ‘ബ്രഹ്‌മാണ്ഡ സൂപ്പര്‍ഹ്യൂമന്‍’ ചിത്രം വരുന്നു എന്നത് നമുക്കൊക്കെ ആനന്ദവും അഭിമാനവും നല്‍കുന്ന കാര്യമാണ് എന്നതിനൊപ്പം ഇത്രമേല്‍ വിശാലമായ ഒരു കാന്‍വാസില്‍ ഒരു സിനിമയൊരുക്കാന്‍ മലയാള സിനിമ വളര്‍ന്നിരിക്കുന്നു എന്ന ലോകത്തോടുള്ള പ്രഖ്യാപനം കൂടിയാണ് ലോക. ലോകയുടെ പുറം കാഴ്ചകള്‍ക്ക് അപ്പുറമുള്ള ലോകത്തെ ചരിത്രപരമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ ലേഖനത്തില്‍ നടത്തുന്നത്.

ലോകയിലെ നായികയായ ചന്ദ്രയുടെ ഭൂതകാലത്തെ മലയാളിയുടെ നാടോടിക്കഥാ പാരമ്പര്യത്തില്‍ ഉറപ്പിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ചെയ്തിട്ടുള്ളത്. മലയാളിയുടെ പ്രേതഭാവനകളിലെ നിത്യസാന്നിധ്യമായ കള്ളിയങ്കാട്ട് നീലിയെന്ന യക്ഷിപ്പെണ്ണിലാണ് ചന്ദ്രയെന്ന നായികകഥാപാത്രം നങ്കൂരമിട്ടിരിക്കുന്നത്. നീലിയാകട്ടെ ഇന്നത്തെ ഭാഷാ വ്യവഹാരത്തില്‍ ആദിവാസി സ്ത്രീയാണ്. ആദിവാസികളായ നീലിയും കുടുംബവും അവരുടെ സമുദായവും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളുമായി ജീവിക്കുകയാണ്. അതിനിടയിലാണ് ഹിന്ദു നാടുവാഴിയുമായി നീലിക്കും അവളുടെ സമുദായത്തിനും ഏറ്റുമുട്ടേണ്ടി വരുന്നത്. നീലിയെന്ന കൊച്ചു പെണ്‍കുട്ടിക്ക് ഒരു കടവവ്വാലിന്റെ കടിയേല്‍ക്കുകയും അവളില്‍ യക്ഷിത്വം ഉണ്ടാവുകയും ചെയ്യുകയാണ്. രാജാവിന്റെ അമ്പലത്തില്‍ കയറാന്‍ നീലിക്കും കുടുംബത്തിനും കഴിയില്ലെങ്കിലും അവര്‍ അറിഞ്ഞോ അറിയാതെയൊ സവര്‍ണ്ണ ഹിന്ദുത്വ ആചാരങ്ങളെ അബോധമായോ ബോധപൂര്‍വ്വമായോ സ്വജീവിതത്തില്‍ പാലിക്കുന്നുണ്ട് എന്ന് സിനിമ കാണിച്ചു തരുന്നു. സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ആചാരാനുഷ്ടാന ലോകത്തിലേക്ക് ചന്ദ്രയ്ക്കും അവളുടെ സമുദായത്തിനും പ്രവേശനമില്ല. എന്നാല്‍ തങ്ങള്‍ക്ക് കഴിയുന്ന തരത്തില്‍ മേലാള സമുദായങ്ങളുടെ വിശ്വാസലോകത്തെ തങ്ങളുടെ ജീവിതത്തിലും കൊണ്ടുവരുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളുടെ ഒരു തലത്തിലാണ് ചന്ദ്രയുടെ സമുദായവുമായി രാജാവ് ഇടയുന്നത്. ആധുനീക ബാംഗ്ലൂരില്‍ ജീവിക്കുന്ന ചന്ദ്രയായി നീലി വളരുമ്പോള്‍ അവിടെ കണ്ണിമുറിയാത്ത സനാതനഹിന്ദുത്വ വ്യവസ്ഥയുടെ ‘പുനര്‍ജന്മ സിദ്ധാന്തത്തെ’ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നതാണ്. സനാതനഹിന്ദുത്വത്തിന്റെ അടിത്തറയാണ് വര്‍ണ്ണവ്യവസ്ഥയും അതിനെ ചലിപ്പിക്കുന്ന പുനര്‍ജന്മ സിദ്ധാന്തവും. വര്‍ണ്ണവ്യവസ്ഥയ്ക്ക് വെളിയില്‍ ജനിച്ച നീലിയെ പുനര്‍ജന്മ സംവിധാനത്തിലൂടെയാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രയിലേക്ക് സംവിധായകന്‍ കൊണ്ടുവരുന്നത്. ഹിന്ദുത്വത്തിന് വെളിയിലെ സാംസ്‌കാരിക പുറമ്പോക്കില്‍ ആണ് നീലി ജീവിക്കുന്നതെങ്കിലും ഹിന്ദുത്വത്തിന്റെ അടിസ്ഥാന ശിലയായ പുനര്‍ജന്മ സിദ്ധാന്തത്തിലൂടെയാണ് നീലി ചന്ദ്രയായി മാറുന്നത്. സനാതന ഹിന്ദുധര്‍മ്മ വ്യവസ്ഥയുടെ അടിസ്ഥാനം വര്‍ണ്ണസിദ്ധാന്തവും പുനര്‍ജന്മ സിദ്ധാന്തവും ആണല്ലോ. ശൂദ്രന്‍ ആയി ജനിക്കുന്ന ഒരാള്‍ അയാളുടെ വര്‍ണ്ണ കര്‍മ്മങ്ങള്‍ കൃത്യമായി പാലിച്ച് വരും ജന്മങ്ങളില്‍ വൈശ്യന്‍ ആയി പുനര്‍ജനിക്കുന്നു. വൈശ്യ ജന്മങ്ങളില്‍ കൃത്യമായി വര്‍ണ്ണ ധര്‍മ്മങ്ങള്‍ പാലിച്ചാല്‍ അയാള്‍ ക്ഷത്രിയന്‍ ആയി പുനര്‍ജനിക്കും. ക്ഷത്രിയ കര്‍മ്മങ്ങള്‍ നേരാംവണ്ണം ചെയ്താല്‍ അയാള്‍ ഒടുവില്‍ ബ്രാഹ്‌മണന്‍ ആയി പുനര്‍ജനിക്കും. ബ്രാഹ്‌മണ കര്‍മ്മങ്ങള്‍ അണുവിട തെറ്റാതെ ചെയ്താല്‍ ഒടുവില്‍ അയാള്‍ മരണത്തോടെ അയാള്‍ പുനര്‍ജന്മങ്ങള്‍ ഇല്ലാത്ത ഒരവസ്ഥയില്‍ എത്തും. പ്രപഞ്ചത്തിന്റെ ആത്യന്തിക ഉണ്മയായ ബ്രഹ്‌മത്തില്‍ ലയിക്കുന്നതിനെ ആണിത് സൂചിപ്പിക്കുന്നത്. ബ്രഹ്‌മത്തില്‍ എത്തിയാല്‍ പിന്നെ ആളുകള്‍ പുനര്‍ജന്മ വൃത്തത്തില്‍ നിന്നും എന്നേക്കുമായി പുറത്ത് കടക്കുന്നു.

യക്ഷിയായി മാറുന്ന നീലി പലപല ജന്മങ്ങളിലൂടെ നൂറ്റാണ്ടുകളായി യക്ഷിയായി തന്നെ തുടരുന്നു എന്നാണ് കഥ പറയുന്നത്. നീലി ജീവിക്കുന്ന സ്ഥലങ്ങള്‍, അവള്‍ ചെയ്യുന്ന ജോലികള്‍, അവള്‍ ജീവിക്കുന്ന കാലം, അവളുടെ രൂപം, അവളുടെ വിദ്യാഭ്യാസം ഒക്കെ മാറുന്നുണ്ട്. എന്നാല്‍ അവളുടെ യക്ഷിത്വം മാറുന്നില്ല. മാറ്റങ്ങള്‍ക്ക് വിധേയമല്ലാതെ അവളുടെ യക്ഷിത്വം നൂറ്റാണ്ടുകളായി, പുനര്‍ജന്മങ്ങളുടെ പലതരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. സനാതന ഹിന്ദു ധര്‍മ്മവ്യവസ്ഥ ശൂദ്രര്‍ക്ക് പുനര്‍ജന്മത്തിലൂടെ ബ്രാഹ്‌മണന്‍ ആകാന്‍ കഴിയുന്ന സാധ്യതകളെ പറ്റിയാണ് വാചാലമാകുന്നത്. എന്നാല്‍ ഹിന്ദു വര്‍ണ്ണ വ്യവസ്ഥയ്ക്ക് പുറത്ത്, അഹിന്ദുക്കള്‍ ആയി ഹിന്ദു ഗ്രാമങ്ങള്‍ക്ക് വെളിയിലുള്ള മൂല്യബോധത്തില്‍ ജീവിക്കുന്ന നീലിയെ പോലുള്ള അയിത്ത ജാതികള്‍ക്ക് പൊതു സമൂഹവുമായി എത്രമേല്‍ വിനിമയങ്ങള്‍ ഉണ്ടായാലും അവരില്‍ മനുസ്മൃതി അടിച്ചേല്‍പ്പിച്ചിട്ടുള്ള യക്ഷിത്വത്തില്‍ നിന്നും പുറത്ത് കടക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പ്രസിദ്ധ സോഷ്യോളജിസ്റ്റ് ആയ എം എന്‍ ശ്രീനിവാസ് എഴുതിയ പോലെ ”ബ്രാഹ്‌മണവല്‍ക്കരണത്തിലൂടെയൊ, സംസ്‌കൃതവല്‍ക്കരണത്തിലൂടെയോ” കീഴാള ജാതികള്‍ക്ക് ഹിന്ദുത്വ ജാതി ശ്രേണിയുടെ മുകളിലോട്ട് കയറിപ്പോകാം എന്നത് നീലിയുടെ കാര്യത്തില്‍, സിനിമയുടെ ഭാവനാലോകത്തും യഥാര്‍ത്ഥ നീലിമാരുടെ കാര്യത്തില്‍ വര്‍ത്തമാന ഇന്ത്യയിലും അസംഭവ്യമായ കാര്യമാണ്. എത്ര മുകളില്‍ എത്തിയാലും ഇനി സുപ്രീം കോടതി ജഡ്ജി ആയാലും, ഒരു സനാതനി അയാളെ ചെരുപ്പ് കൊണ്ടെറിഞ്ഞാലും ”എനിക്ക് പരാതിയില്ല;ഞാന്‍ സനാതനിയോട് ക്ഷമിച്ചിരിക്കുന്നു ”എന്ന് പറഞ് നിശബ്ദന്‍ ആകാനെ അയാള്‍ക്ക് കഴിയുകയുള്ളൂ. സ്മൃതി പറഞ്ഞതുപോലെ ഹിന്ദു ഗ്രാമങ്ങള്‍ക്ക് വെളിയിലെ വിഭവരഹിത, അധികാരരഹിത പുറമ്പോക്കുകളിലൂടെ ഒന്നുമില്ലാത്ത, സ്വന്തം അധ്വാനം മാത്രം വിറ്റ് ജീവിക്കേണ്ട ഒരാളായി സ്വന്തം യക്ഷിത്വത്തിന്റെ ഭാരവും പേറി അയിത്ത ജാതികള്‍ക്ക് ജീവിക്കേണ്ടി വരികയാണ്. പകല്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത ചന്ദ്രയുടെ അവസ്ഥ ഇഷ്ടാനുസരണം പുറത്തിറങ്ങി നടക്കാനോ ജോലി ചെയ്യാനോ കഴിയാത്ത കീഴാള ജനതയുടെ ജീവിതാവസ്ഥയുടെ നേര്‍പകര്‍പ്പ് തന്നെയാണ്.

സ്വന്തം യക്ഷിത്വത്തെ ചന്ദ്ര തന്നെ ന്യായീകരിക്കുന്നുണ്ട്. തന്നെ ബാധിച്ചിരിക്കുന്നത് ഒരു വൈറസ്സ് ആണെന്നും, താന്‍ കടിച്ചാല്‍ കടി കിട്ടുന്നവര്‍ക്കും വൈറസ്സ് ബാധ ഉണ്ടാകുമെന്ന് ചന്ദ്ര സുഹൃത്തായ സണ്ണിയോട് പറയുന്നത് ക്ലാസ്സിക് ജാതിവ്യവസ്ഥയുടെ യുക്തിയാണ്. തന്റെ യക്ഷിത്വം എന്നത് ഒരു വൈറസ്സ് ആണെന്നും അതില്‍ നിന്നും തനിക്ക് മോചനമില്ലെന്നും, പകല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്നും നീലി പറയുമ്പോള്‍ ജാതി വ്യവസ്ഥയെ സവര്‍ണ്ണ യുക്തികള്‍കൊണ്ട് ന്യായീകരിക്കുന്നതിനെ വെള്ളം തൊടാതെ വിഴുങ്ങുകയും, സ്വന്തം കീഴാളത്തം സാമൂഹ്യനിയന്ത്രണങ്ങളിലൂടെ ഉണ്ടാക്കി പരിപാലിക്കുന്ന ഒരു സമൂഹ്യവൈകൃതം ആണെന്ന സത്യം തിരിച്ചറിയാതെ, സനാതന ഹിന്ദുത്വം മുന്നോട്ട് വയ്ക്കുന്ന സൈദ്ധാന്തിക വിവരക്കേടുകള്‍ അതേപടി ആവര്‍ത്തിക്കുന്ന ഒരാളായി അവര്‍ മാറുകയും ചെയ്യുന്ന അവസ്ഥ അതേപടി ചന്ദ്രയിലും നമുക്ക് കാണാം. ഞാന്‍ ശപിക്കപ്പെട്ടവളാണ് എന്നില്‍ നിന്നും അകന്നുനില്‍ക്കൂ എന്ന് ചന്ദ്ര തന്നെ പറയുന്നത് ”തമ്പുരാന്‍ അകന്നു നിന്നാലും, അങ്ങയെ അയിത്തപ്പെടുത്താന്‍ ഇടയാക്കല്ലേ” എന്ന് പറയുന്ന ക്ലാസ്സിക്ക് കീഴാളന്റെ ദൈന്യത നമുക്ക് ചന്ദ്രയിലും കാണാം.

തനിക്ക് പകല്‍ പുറത്തിറങ്ങാന്‍ കഴിയില്ല എന്ന് ചന്ദ്ര വിശ്വസിക്കുകയാണ്. എത്ര വലുതാകാനോ ചെറുതാകാനോ ചന്ദ്രയ്ക്ക് കഴിയും. പക്ഷിയെ പോലെ പറക്കാന്‍ അവള്‍ക്ക് കഴിയും, എവിടെയും എത്ര വേഗത്തില്‍ എത്താന്‍ അവള്‍ക്ക് കഴിയും. നിന്ന നില്‍പ്പില്‍ അപ്രത്യക്ഷയാകാന്‍ അവള്‍ക്ക് കഴിയും. എത്ര ഭാരം വഹിക്കാനും അവള്‍ക്ക് കഴിയും. എന്നാല്‍ എല്ലാവര്‍ക്കും സഹിക്കാന്‍ കഴിയുന്ന സൂര്യപ്രകാശം അവളെ ദുര്‍ബലയാക്കും എന്ന സിദ്ധാന്തത്തെ ചന്ദ്ര തന്നെ വെള്ളം തൊടാതെ വിഴുങ്ങുകയാണ്. സൂര്യപ്രകാശത്തെ നേരിടാന്‍ തനിക്ക് കഴിയില്ല എന്ന വാദത്തെ അവള്‍ പ്രതിരോധിക്കുന്നില്ല. ആ പ്രതിസന്ധിയെ മറികടക്കാന്‍ അവള്‍ ശ്രമിക്കുന്നില്ല. മറിച്ച് ജനലുകള്‍ കടലാസ്സുകൊണ്ട് മറച്ചുവെച്ച് ജീവിക്കാനാണ് അവള്‍ ശ്രമിക്കുന്നത്. സ്വന്തം ജാതിത്വത്തെ പുറത്ത് വിടാതെ, ആ ജാതിത്വം പുറം ലോകത്ത് തനിക്ക് നല്‍കുന്ന അസ്വസ്ഥതപ്പെടുത്തുന്ന അനുഭവങ്ങളെ നിയമം കൊണ്ടോ സംസ്‌കാരം കൊണ്ടോ നേരിടാതെ സ്വയം സൃഷ്ടിക്കുന്ന ഒരു ആമത്തോടിനകത്തേക്ക് ഉള്‍വലിയാനാണ് ചന്ദ്രയും ജാതിയില്‍ കുറഞ്ഞവര്‍ എന്ന് സമൂഹം വിളിക്കുന്നവരും ചെയ്യുന്നത്. ഭാരതത്തിലെ എല്ലാം ഉണ്ടാക്കിയത് ശൂദ്രര്‍ ആണെന്ന് കാഞ്ച ഇളയ പറയുമ്പോള്‍ അദ്ദേഹം പറയാതെ പറയുന്നത് ”എന്തും ചെയ്യാന്‍ കഴിയുന്ന ചന്ദ്രമാരുടെ അസാമാന്യ കഴിവുകളെ” യാണ്. എന്നാല്‍ സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ജാതിഭാവനകളെ വെള്ളം തൊടാതെ വിഴുങ്ങുന്നതിലൂടെ സ്വന്തം കീഴാളത്വത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുക എന്ന ചരിത്രദൗത്യത്തില്‍ നിന്നും അവര്‍ അകന്നകന്ന് പോകുകയാണ്. സ്വയം വിലയിരുത്താത്ത ജീവിതം ജീവിതമെയല്ലെന്ന ഗ്രീക്ക് തത്വചിന്തകന്‍ സോക്രട്ടീസിന്റെ വരികള്‍ ഓര്‍ക്കുക. സ്വന്തം അസ്തിത്വത്തെ പറ്റി മറ്റുള്ളവര്‍ പറയുന്ന കെട്ടുകഥകള്‍ അതേപടി വിഴുങ്ങാതെ അവയെ വിമര്‍ശനാത്മകമായി വിലയിരുത്തുകയെന്ന ചരിത്രദൗത്യം ചന്ദ്ര ചെയ്യുന്നില്ല. അത് ഇന്ത്യയിലെ ബഹുജനങ്ങളും ചെയ്യുന്നില്ല. ”ചോര അല്ലാതെ വേറൊന്നും ഈ വീട്ടില്‍ കുടിക്കാന്‍ ഇല്ലേ” എന്ന് സണ്ണി ചന്ദ്രയോദ് ചോദിക്കുന്നത് ക്ലാസ്സിക് ജാതി ചോദ്യം തന്നെയാണ്. നിന്നെ കണ്ടാല്‍ അറിയില്ലേ നീയാരാണെന്ന്” എന്ന് കീഴാള ജാതിക്കാരോട് കോളേജില്‍ വെച്ചും തൊഴിലിടത്തില്‍ വെച്ചുമൊക്കെ പറയുന്ന സവര്‍ണ്ണത്വത്തിന്റെ പ്രകാശനം തന്നെയാണ് സണ്ണിയും നടത്തുന്നത്. നിന്റെ വീട്ടില്‍ ചോര അല്ലാതെ വേറെന്ത് ഉണ്ടാകാന്‍. കോളനി ഉന്നതിയാക്കിയാല്‍ തീരുന്നതല്ല ജാതിയുടെ വിനിമയങ്ങളും വ്യവഹാരങ്ങളും ഭാവനകളും. എത്രയൊക്കെ വികസനം വന്നാലും വികസിക്കാത്ത കീഴാള ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പറന്നാലും പകലുകള്‍ അന്യമാകുന്ന ചന്ദ്രയുടെ ജീവിതം.

നീലിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കത്തനാര്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണ്. അന്യവല്‍ക്കരിക്കപ്പെട്ട നീലിമാരെ ”രക്ഷിക്കുന്നവന്‍” യാണ് കത്തനാര്‍ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദുത്വത്തിന്റെ പുറമ്പോക്കില്‍ നിന്നും സ്വഭിമാനത്തിന്റെ സ്വയം നിര്‍ണ്ണയ ശേഷിയുടെ പുതിയൊരു ജീവിതമാണ് കത്തനാര്‍ നീലിക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ കേരള ചരിത്രം നമുക്ക് കാണിച്ചു തരുന്നത് മറ്റൊരു ചിത്രമാണ്. ആത്മീയതയുടെ പുറമ്പോക്കില്‍ തന്നെയാണ് ഇന്നും നീലിയും ചന്ദ്രയും ജീവിക്കുന്നത്. ബ്രഹ്‌മ സിദ്ധാന്തം നീലിക്കും ചന്ദ്രയ്ക്കും വാഗ്ദാനം ചെയ്യുന്നത് എക്കാലവും തുടരുന്ന പുനര്‍ജന്മദൂഷിതവലയം ആണ്. കത്തനാര്‍ ആകട്ടെ മരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗ്ഗവും. എന്നാല്‍ ഒരിക്കലും മരിക്കാന്‍ കഴിയാതെ, പകലുകള്‍ ആസ്വദിക്കാന്‍ കഴിയാതെ, ചോര മാത്രം കുടിക്കാന്‍ കഴിയുന്ന യക്ഷിയായി കഴിയാനാണ് ചന്ദ്രയ്ക്ക് പരമാവധി കഴിയുന്നത്. ഇനി എന്റെ വായനക്കാര്‍ പറയൂ ”ചന്ദ്ര സൂപ്പര്‍ ഹ്യൂമന്‍ ആണോയെന്ന്”.

No Comments yet!

Your Email address will not be published.