Skip to main content

ധീരന്‍ – ഉല്‍സവപ്പറമ്പിലെ ബസ്സും കേരളീയ നാട്ടുകൂട്ടങ്ങളും

ധീരന്‍ എന്ന സിനിമയിലെ സതി എന്ന കഥാപാത്രം അശോകന്റെ കുഞ്ഞന്‍ ചേട്ടനോട് ഒരു കിടിലന്‍ ഡയലോഗ് പറയുന്നുണ്ട്. ‘എനിക്ക് മാനസികമായും ശാരീരികമായും സ്‌നേഹം അനുഭവിക്കേണ്ട. അതിനര്‍ത്ഥം എനിക്ക് ഇഷ്ടം അല്ല എന്നല്ല… എനിക്ക് ഈ നാട്ടുകാരെ പേടിയാണ്…’ കേരളീയ പുരോഗമനത്തിന്റെ മോന്തക്കിട്ട് പൊളിച്ചുകൊണ്ടുതന്നെയാണ് സതി എന്ന സ്ത്രീ ഈ ഡയലോഗ് പറയുന്നത്. അവര്‍ പിന്നെ ഇതേ പുരോഗമന കേരളത്തിന്റെ കുടുംബത്തിലേക്കാണ് തിരിച്ചുപോകുന്നതും. നാട്ടിന്‍പുറം എന്ന മലയാള സിനിമയിലെ പല കണ്‍സ്ട്രക്ഷനുകളും, പ്രത്യേകിച്ച് നാട്ടിന്‍പുറത്തിന്റെ നന്മ, മൊറാലിറ്റി, നിഷ്‌കളങ്കത തുടങ്ങിയ മലയാള സിനിമയിലെ പഴയ സത്യന്‍ അന്തിക്കാട് ഉഡായിപ്പുകളെ മുഴുവന്‍ എടുത്ത് തട്ടിന്‍പുറത്തേക്ക് കയറ്റിവെക്കുന്നുണ്ട് ധീരന്‍ എന്ന സിനിമയുടെ എഴുത്തിലൂടെ ദേവദത്ത് ഷാജി എന്ന എഴുത്തുകാരനും സംവിധായകനും. ഒരുപക്ഷെ പുരപ്പുറത്ത് ഉണക്കിയിട്ട കേരളം പുരോഗമനത്തിന്റെ കീഴിലെ സാമൂഹികത വെറും സോപ്പ് കുമിളയാണ് എന്ന നല്ല തിരിച്ചറിവുള്ളതുകൊണ്ടായിരിക്കാം കേരളം തന്നെ ഈ സിനിമയെ നൈസ് ആയി ഒഴിവാക്കിയത്.

ഇതേ സതിയുടെ മകള്‍ സുരമ്യ തന്നെയാണ് എല്‍ദോസ് എന്ന രാജേഷ് മാധവന്റെ ബസ് ഡ്രൈവറോട് കല്യാണം, കുട്ടികള്‍ എന്നൊക്കെ പറയുമ്പോള്‍ നെഗ് അടിച്ചെന്നും വെറും ലസ്റ്റ് മാത്രമാണെങ്കില്‍ ഓക്കെയാണെന്ന് പറയുന്നത്. കേരളത്തിന്റെ പൊതുബോധത്തിന്റെ രാഷ്ട്രീയ സാമൂഹികതയുടെ മൊറാലിറ്റിക്കിട്ടാണ് സതിയുടെ മകള്‍ ആയ സുരമ്യ, സതിയെ പോലെ വീണ്ടും പൊട്ടിക്കുന്നത്. ബന്ധങ്ങളിലെ ലൈംഗീകതയിലെ മോറല്‍ സോഷ്യല്‍ കോഡിങ്ങിനെ പൊളിച്ചടുക്കി അറുമാദിക്കുന്ന സുരമ്യ പിന്നീട് എല്‍ദോസുമായുള്ള ബന്ധത്തിന് ശേഷം ഒരു നീഷെയന്‍ ലൈഫില്‍ മറ്റൊരാളെ വിവാഹം കഴിച്ച് അതേ സമൂഹത്തിന്റെ ഭാഗമാകുന്നു. ഒരു ഉത്സവ പറമ്പില്‍ വെച്ച് അവളുടെ ഭര്‍ത്താവിന് എല്‍ദോസിനെ കാണിച്ചുകൊടുക്കുകയും ‘ഇതാ ഇവിടെ അടുത്ത് വന്നിരിക്കൂ’ എന്ന് ആംഗ്യം കാണിക്കുന്നത് ഒക്കെ കേരളീയ സാംസ്‌കാരിക മൊറാലിറ്റിയെ ഷോക്ക് അടിപ്പിക്കുന്ന അതിഗംഭീര ചലച്ചിത്ര ദൃശ്യങ്ങളില്‍ ഒന്നുകൂടെയാണ്. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും ബോള്‍ഡ്, ഏറ്റവും സെലിബ്രേറ്റിങ് ആയ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ് ധീരന്‍ എന്ന സിനിമയിലെ സുരമ്യ എന്ന കഥാപാത്രം.

ഉത്സവപ്പറമ്പിലെ ബസ് എന്നത് ഈ സിനിമയിലെ ഐക്കണ്‍ ആണ്. ഈ സിനിമയിലെ പൂജാരിക്ക് ഒപ്പം നില്‍ക്കുന്ന ശബരീഷിന്റെ കഥാപാത്രം തകില് കൊട്ടിക്കഴിഞ്ഞു പൂജക്കിടയില്‍ തന്നെ വിഗ്രഹത്തിനു മുന്നില്‍ വെച്ച് പരദൂഷണം പറയുന്നുണ്ട്. അതും ഒളിച്ചോടിയ കഥ. അതിനു ശേഷമുള്ള കഥ കുളിക്കടവില്‍ വെച്ച് പറയേണ്ടതാണ് എന്നാണു അയാള്‍ പറഞ്ഞുവെക്കുന്നത്. കേരളത്തിലെ ഉത്സവങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് പുറത്തെ ബഹളങ്ങളിലാണ് ശരിക്കും മനുഷ്യര്‍ ആഹ്ലാദങ്ങള്‍ കണ്ടെത്തുന്നത്. അവിടത്തെ മാര്‍ക്കറ്റില്‍, ഗാനമേള പാട്ടുകളില്‍, നാടകകങ്ങളില്‍, പ്രണയങ്ങളില്‍, ലൈംഗീകതകള്‍ എല്ലാം കൂടെ ചേര്‍ന്നാണ് ഉത്സവങ്ങള്‍ രൂപപ്പെടുന്നത്.
അവിടെ ഭക്തി പരിശുദ്ധി എന്നിവ നാലമ്പലങ്ങള്‍ക്കകത്താകുമ്പോള്‍ പുറത്തുള്ള കീഴാളതയുടെയും കലര്‍പ്പുകളുടെയും ഒച്ചകളിലും ആരവങ്ങളിലും ആഘോഷങ്ങളിലും ആവേശങ്ങളിലും ആണ് മനുഷ്യര്‍ ഉത്സവത്തിനെ കണ്ടെത്തുന്നത്.

അങ്ങനെ ഒരു ഉത്സവത്തിന്റെ ഇടങ്ങളിലേക്കാണ് ബസ് എന്ന ഒരു മോഡേണിറ്റിയുടെ വാഹനം ഈ സിനിമയില്‍ നിലയ്ക്കുന്നത്. ക്ഷേത്രങ്ങളിലെ അയിത്തം മാറുന്നത് കേരളത്തിലെ പലവിധങ്ങളായ സാമൂഹികമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ ആയിരുന്നു. എല്ലാവര്‍ക്കും ഇടമുള്ള ഒരു സ്പേസ് ആയിരുന്നില്ല ക്ഷേത്രങ്ങള്‍. ഇപ്പോഴും ഏകദേശം അങ്ങനെ തന്നെ. പക്ഷെ, ബസ് എന്നത് ഒരു മോഡേണിറ്റിയുടെ സ്പേസ് ആകുന്നത് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത്തിലൂടെ കൂടെ ആണ്. ബസിന്റെ ഡ്രൈവര്‍ കണ്ടക്ടര്‍ കിളി എന്ന എന്നീ തൊഴിലാളി രൂപങ്ങള്‍ കേരളത്തിലെ കീഴാളര്‍ക്കും അപരര്‍ ആയ മനുഷ്യര്‍ക്കും പലപ്പോഴും ഇടം കിട്ടിയിട്ടുണ്ട്. മീന്‍കാര്‍ക്കൊക്കെ പലപ്പോഴും മീന്‍ കൊട്ടയും ആയി പിന്നിലിരിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ ജനാധിപത്യപരമായ ഇടങ്ങള്‍ ആയിരുന്നു ബസ്സുകള്‍. സിനിമ തിയേറ്ററിലും ബസ്സിലും ടിക്കറ്റ് എടുത്താല്‍ മനുഷ്യര്‍ക്ക് എവിടെ വേണമെങ്കിലും ഇരിക്കാം. അവിടെ ബസ് ഡ്രൈവര്‍ ഒരു ഹീറോയും കണ്ടക്ടര്‍ ഒരു സാമൂഹിക ജീവിയും ഓക്കെ ആയും മാറുന്നുണ്ട്. ആര്‍ക്കും ഒരു ഇടംകിട്ടുന്ന സ്പേസ് കൂടെ ആണ് ബസ്. അങ്ങനെ ആണ് ബസ് ഒരു മോഡേണ്‍ സാമൂഹിക സ്പേസ് ആകുന്നത്. ഇന്ന് കേരളത്തിന് പുറത്തുള്ള മനുഷ്യരും ബസ്സുകളില്‍ ഇടം നേടുന്നു.

അങ്ങനെ ഒരു ബസ്സിലാണ് ഒരു ഉത്സവപ്പറമ്പില്‍ വെച്ച് എല്‍ദോസും സുരമ്യയും തങ്ങളുടെ ശാരീരിക ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നത്. ഉത്സവപ്പറമ്പിലെ സാമൂഹികതയ്ക്കപ്പുറമുള്ള ലൈംഗീകതയുടെ ഒരു അപര ഇടമാണ് അത്. Love in the Time of Cholera യിലെ മഞ്ഞക്കൊടി കെട്ടിയ കപ്പല്‍ ആയി ആ ബസ് മാറുന്നു. മഞ്ഞക്കൊടി ഏന്തിയ കപ്പലിലെ പ്രണയിതാക്കളെ ഒളിഞ്ഞുനോക്കരുത് എന്ന് ആ നോവലില്‍ ഒരു ഇമേജറി രൂപപ്പെടുന്നുണ്ടെങ്കിലും ഇവിടെ കേരളത്തിന്റെ സാമൂഹികത ഈ കമിതാക്കളുടെ ഇടങ്ങളിലേക്ക് ബസ് എന്ന മോഡേണിറ്റിയിലേക്ക് ഇടിച്ചു കയറി ആണ് ജനകീയ വിചാരണ നടത്തുന്നത്. കേരളത്തിലെ ആള്‍ക്കൂട്ടങ്ങളുടെ ജനകീയ വിചാരണയുടെ ലൈംഗികതക്കെതിരെയുള്ള അസഹിഷ്ണുതയെ, മോറല്‍ കോഡിങ്ങിനെ ഒക്കെ രൂപപ്പെടുത്തി ആക്രമിക്കപ്പെടുന്ന ഒട്ടും വളര്‍ച്ചയില്ലാത്ത കേരളത്തിന്റെ നാട്ടിന്‍പുറ, രാഷ്ട്രീയ പൊതു കോടതികളെ ഈ സീന്‍ തുറന്നുകാട്ടുന്നു. അവിടെ നിന്നുമാണ് എല്‍ദോസിന് പിന്നീട് നാട് വിട്ടുപോകേണ്ടി വരുന്നത്. ലൈംഗീകത എന്നത് ഒരാളെ പുറത്താക്കുന്നതിനുള്ള മുന്നോടിയായി ഈ സിനിമയില്‍ മാറുന്നു.

മലയാള സിനിമയില്‍ മാമുക്കോയ എന്ന നടന്‍ കേരള സാംസ്‌കാരികതയില്‍ വലിയ ഷിഫ്റ്റുകള്‍ ഉണ്ടാക്കി. വലിയ കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളായിരുന്നു അദ്ദേഹം മലയാള സിനിമയില്‍ അവതരിപ്പിച്ചത്. പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ Thug Life റോള്‍ മോഡലുകള്‍ ആയി പുതിയ ടെക്നോളജിയും റീലുകളും മാറ്റി. മാമുക്കോയയുടെ എണ്‍പതുകളിലെ കളിയാക്കപ്പെടുന്ന കോമഡികള്‍ ഇന്നത്തെ പുതിയ തലമുറ തഗ്ഗുകള്‍ ആക്കി മാറ്റി. അത് സിനിമയിലെ വായനകളിലെ ആട്ടിമറികള്‍ കൂടെയായിരുന്നു. അത് അന്നത്തെ പുതിയ തലമുറകള്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പല ഹീറോസിനെയും സൂപ്പര്‍ഹീറോസിനെയും ഒറ്റ തഗ് വഴി മലര്‍ത്തിയടിക്കുന്ന മാമുക്കോയ പിന്നീട് ആഘോഷിക്കപ്പെട്ടു. അത് സിനിമ എന്ന ടെക്സ്റ്റില്‍ നിന്നും മാറി കടന്ന് വേറിട്ട റീലുകള്‍, ടിക്ടോക്കുകള്‍ പോലുള്ള മാധ്യമങ്ങള്‍ രൂപപ്പെടുത്തിയ തഗ്ഗുകള്‍ പോലുള്ള പുതിയ ടെക്സ്റ്റുകളിലൂടെയായിരുന്നു.

രാജേഷ് മാധവന്‍ എന്ന നടന്റെ കാര്യത്തില്‍ ധീരന്‍ എന്ന സിനിമയില്‍, ഇത്തരം ഷിഫ്റ്റ്, അത് സിനിമയിലൂടെയാണ് സംഭവിക്കുന്നത്. കണ്ണൂര്‍ ഭാഷയില്‍ മിക്കവാറും സംസാരിച്ച രാജേഷ് മാധവന്‍ അത്തരം കഥാപാത്രങ്ങളില്‍ നിറഞ്ഞു നിന്ന രാജേഷ് മാധവന്‍, മൂവാറ്റുപുഴ എന്ന മറ്റൊരു ജിയോഗ്രഫിയിലേക്ക് ഈ സിനിമയിലൂടെ ഡിസ്‌പ്ലേസ് ചെയ്യപ്പെടുന്നു. ന്നാ താന്‍ കേസ് കൊട് പോലുള്ള സിനിമകളില്‍ കാരിക്കേച്ചര്‍ സ്വഭാവമുള്ള റൊമാന്റിക് ഹീറോയെ അവതരിപ്പിച്ച, കണ്ണൂര്‍ ഭാഷ പറഞ്ഞ രാജേഷ് മാധവന്‍ മറ്റൊരു തരത്തിലുള്ള ഹെറോയിക് സ്ട്രക്ചറിലേക്ക് ധീരന്‍ എന്ന സിനിമയിലൂടെ കടക്കുകയാണ്. അത് രാജേഷ് മാധവന്റെ ശരീരം ഒരു ഹെറോയിക് സ്ട്രക്ചറിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന ഒരു സെമിയോട്ടിക് ഷിഫ്റ്റ് കൂടെയാണ് ധീരന്‍ എന്ന സിനിമ ചെയ്യുന്നത്. കലാഭവന്‍ മണി, വിനായകന്‍ പോലുള്ള പല അപരത്വങ്ങള്‍ മലയാള സിനിമയിലെ മുഖ്യധാരാ ഹീറോയിസത്തിലേക്ക് കടന്നതുപോലെ, കാരിക്കേച്ചര്‍ സ്വഭാവങ്ങളില്‍ ജീവിച്ച രാജേഷ് മാധവന്‍ തന്റെ സാധ്യതകളെ ഹെറോയിസത്തിലേക്കും ചേര്‍ക്കുന്നു. പലതരത്തിലുള്ള കേരളീയ സമൂഹം അപരങ്ങളായി ഡിഫൈന്‍ ചെയ്ത സാമൂഹിക ശരീരത്തെയും വ്യത്യസ്തമായി പ്രതിഷ്ഠിച്ച് ഹെറോയിക് ആക്കുന്ന ഒരു പ്രോസസ്സിംഗും, അങ്ങനെ ഒരു ഷിഫ്റ്റും ധീരന്‍ എന്ന സിനിമ ചെയ്യുന്നു.

വരവേല്‍പ്പ് എന്ന സിനിമ ആയിരിക്കണം ഒരുപക്ഷെ മലയാളത്തിലെ ഐക്കോണിക് ബസ് സിനിമ. അതില്‍ ഇന്നസെന്റിന്റെ ഡ്രൈവര്‍ മുതലാളിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവനും, ജഗദീഷിന്റെ കണ്ടക്ടര്‍ മുതലാളിയുടെ പൈസ കട്ട് കൊണ്ട് പോകുന്നവനുമാണ്. കേരളത്തിലെ ബസ് തൊഴിലാളികള്‍ സാമൂഹികമായ ഒരു ഇടത്തിലേക്ക് കയറി അവരുടെ സ്പേസ് വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രോസസ്സിംഗും ആ തൊഴിലിലൂടെ ചെയ്തിട്ടുണ്ട്. പലപ്പോഴും ബസ് ഡ്രൈവര്‍മാര്‍ പലരുടെയും കുട്ടികളുടെ, പെണ്‍കുട്ടികളുടെ, ചെറുപ്പക്കാരുടെ ഹീറോകളായിരുന്നു. പക്ഷെ, വരവേല്‍പ്പില്‍ അവര്‍ പലവിധത്തില്‍ പ്രശ്‌നക്കാരായി. ജഗദീഷിന്റെ കണ്ടക്ടര്‍ വരവേല്‍പ്പില്‍ പിന്നീട് ഈ സമൂഹത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുന്ന ഒരാളായി. പക്ഷെ ധീരന്‍ എന്ന സിനിമയിലെ എല്‍ദോസിനോട് സുരമ്യ പറയുന്നത് – അയാള്‍ തൊണ്ണൂറില്‍ ബസ് വിടുന്നത് കാണാന്‍ ഒരു പ്രത്യേക രസം ഉണ്ടെന്നത് – അവരുടെ ലൈംഗീക കാമനകള്‍ രൂപപ്പെടുന്നത് അതിലൂടെ കൂടെയായിരിക്കാം. ബസ് ഡ്രൈവര്‍മാരെ പൂവാലന്മാരും സ്ത്രീകളെ വശീകരിക്കുന്നവരായും കണ്ട സമൂഹത്തിന്റെ അടിത്തട്ടിലാണ് സുരമ്യ ഇത്തരം ഒരു ഡയലോഗും പറയുന്നത്.

ജഗദീഷിന്റെ അബ്ബാസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കേരളത്തിന്റെ പൊതു ബോധത്തിന് അനുസരിച്ച് ജീവിക്കാനും നേതാവാകാനും ശ്രമിക്കുന്ന ഗതികേടും പെടലും ആണ് ഈ സിനിമയിലെ സാംസ്‌കാരികമായ ഏറ്റവും വലിയ കള്‍ച്ചറല്‍ കോമഡി. അയാള്‍ ഒരേ സമയം ധീരതയുടെ മെഡലിന്റെ കാര്യത്തില്‍ അഭിനന്ദിക്കുന്ന ഒരു ‘പൊതു’ ആയി മാറുകയാണ്. അയാള്‍ ഈ ഇടതുപക്ഷമോ/വലതുപക്ഷമോ? എന്ന രീതിയിലൂടെ പൊതു എന്ന സ്പേസില്‍ തന്റെ ‘മെമ്പര്‍ഷിപ്പ്’ നിലനിര്‍ത്തുകയും തന്റെ വാര്‍ഡിലെ മൂപ്പരാവുകയും ചെയ്യുന്നു. പക്ഷെ കേരളം എന്ന ജിയോഗ്രഫിക്കു പുറത്ത് തെക്കേതോ വടക്കേതോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഐഡന്റിറ്റിയായി മാറുകയും ചെയ്യുന്നു. സുരമ്യയുടെയും ഏല്‍ദോയുടെയും ലൈംഗീകതക്ക് പിന്നാലെ പാഞ്ഞ് പള്ളക്കു കമ്പിയും കയറുന്നു. കേരളത്തിലെ ഒരു വാര്‍ഡില്‍ ഒരു ജീവിതം ജീവിക്കുകയും അവിടെ ഒരു ‘വിപ്ലവ’ പാര്‍ട്ടിയുടെ വക്താവായും പൊതുകാര്യ പ്രസക്തനാകുമ്പോഴും സാമൂഹികമായ ഒരു ട്രാന്‍സ്ഫര്‍മേഷനും മനസ്സിലാകാതെയും, ശവമടക്കിനു പിരിവ് നടത്തേണ്ട ഗതികേടിലേക്ക് അയാള്‍ മാറുന്നു. ഒരേ സമയം മെഡലിന് പ്രാധാന്യം കൊടുക്കുന്ന ദേശീയവാദിയും, രണ്ടാമത്തെ കല്യാണം നടത്തിക്കൊടുക്കുന്ന പൊതു മനുഷ്യനുമാണ് അയാള്‍. പക്ഷെ ഈ കേരളം എന്ന ജിയോഗ്രഫിക്ക് അപ്പുറം അയാള്‍ ഒരു മണ്ടനുമാണ്. അവസാനം സുരമ്യയുടെയും എല്‍ദോസിന്റെയും ബന്ധങ്ങള്‍ ഒരു വിപ്ലവമാണെന്ന് കരുതിവെച്ചിരിക്കുന്ന, മണ്ടനായ ഒരു സാമൂഹിക ജീവിയായി ജഗദീഷിന്റെ അബ്ബാസ് മാറുന്നു. മലയാള സിനിമയിലെ അടുത്തകാലത്ത് കേരളീയ സാമൂഹികതയുമായി ചേര്‍ന്നുനിന്ന് മണ്ടത്തരങ്ങള്‍ കൊണ്ട് ചിരിപ്പിച്ച ജഗദീഷിന്റെ കഥാപാത്രങ്ങളില്‍ ഒന്നാണ് അബ്ബാസ്. ഒരുപക്ഷെ ഹരിഹരനഗറിലെ അപ്പുക്കുട്ടനെക്കാള്‍ വലിയ കേരളീയതയെ ആഘോഷിക്കുന്ന മണ്ടന്‍.

സിദ്ധാര്‍ത്ഥ് ഭരതന്റെ ഗിരീശന്‍ എന്ന കഥാപാത്രം ഒക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ അപരത്വത്തില്‍ നിന്നുകൊണ്ട് ട്രോളി കൊന്ന് കൊലവിളിക്കുകയാണ്. ആയാളും ഒരു നീഷെയിന്‍ കഥാപാത്രം ആണ്. അയാളെ സംബന്ധിച്ചിടത്തോളം ഈ മൊറാലിറ്റിയുടെ സ്പേസില്‍ നില്‍ക്കുന്ന സമൂഹമൊന്നും ഒരു കാര്യവുമില്ല. അത് അയാള്‍ ആ ജീപ്പില്‍ ഇരുന്നുകൊണ്ട് എല്‍ദോസിനോട് ‘ഈ സഞ്ചി മുഴുവന്‍ ഹാഷിഷാണ്’ എന്ന ഡയലോഗിലൂടെ പറയുന്നുണ്ട്. ‘വാ സാറേ, വന്നു ജീപ്പ് ചെക്ക് ചെയ്‌തോ?’ എന്ന് പറഞ്ഞുകൊണ്ട് പോലീസിനെ ഇടിച്ച് ഇഞ്ചപരുവമാക്കുന്ന ഗിരീഷന്‍ സിസ്റ്റത്തിനുതന്നെ നടുവിരല്‍ കാണിച്ചുകൊടുക്കുകയാണ്. അയാള്‍ ആകെ സംസാരിക്കുന്നത് എല്‍ദോസിനോടും, ആ സഹോദരന്‍ മരിച്ചുപോയ സ്ത്രീയോടും, പെണ്‍കുട്ടിയോടുമാണ്. ആ സ്ത്രീയുടെയും മകളുടെയും വീടിന്റെ ജിയോഗ്രഫിക് സ്പേസ് തന്നെ ഒരു ഒറ്റപ്പെട്ട ഇടമാണ്. ഒറ്റപ്പെട്ട സാമൂഹികതയില്‍ നിന്ന് വിഘടിച്ച് നില്‍ക്കുന്ന ഒരു ട്രിപ്പാണ് ഗിരീഷിന്റേത്. അതുകൊണ്ടുതന്നെ അവന്‍ ഒരു വില്ലന്‍ അല്ല – ഒരുപക്ഷെ ഇന്ത്യന്‍ സമൂഹം ആണ് ഗിരീശനെ കൊല്ലുന്നത്.

കേരളീയ ഗ്രാമീണ മൊറാലിറ്റികളെയും സുന്ദര നിഷ്‌കളങ്കതകളെയും സുധീഷിന്റെ കഥാപാത്രം തന്റെ മോഷണങ്ങളിലൂടെ, കള്ളവാറ്റിലൂടെ ഒക്കെ നല്ല ബെസ്റ്റ് ആയി കളിയാക്കിക്കൊണ്ടിരിക്കുന്നു. പഴയ ഗോളാന്തര വാര്‍ത്തകള്‍ എന്ന സിനിമയില്‍ ശ്രീനിവാസന്റെ കള്ളന്‍ കഥാപാത്രത്തെ നന്നാക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയുടെ ഗ്രാമീണ രമേശന്‍ നായരെ സുധീഷിന്റെ കഥാപാത്രം ഒരുപക്ഷെ കളിയാക്കി ഈ സിനിമയിലൂടെ ഇളക്കി വിടുന്നതാണ് എന്ന് വായിക്കാം. അയാള്‍ക്ക് ഗ്രാമീണതയും സമൂഹവും, എല്‍ദോസും സുരമ്യയും ഒന്നും പ്രശ്‌നമല്ല. ഒരു ഫ്‌ളോട്ടിങ് കഥാപാത്രം. ഒരേ സമയം ഗ്രാമീണ നാട്ടുകൂട്ടത്തിന്റെ ആള്‍കൂട്ട ആക്രമത്തിന്റെ ഭാഗമാവുകയും, അതേസമയം നാട്ടുകാരുടെ ഇടയില്‍ കള്ളനായും ജീവിക്കുന്ന ഒരു മനുഷ്യന്‍.

കേരളത്തില്‍ ബംഗാളികളുടെ പ്രവാസത്തിനു ശേഷം ഉണ്ടായ ഒരു സാമൂഹിക-കള്‍ച്ചറല്‍ ഷിഫ്റ്റും മെറ്റാമോര്‍ഫോസിസും മനോജ് കെ. ജയന്റെ ഭാര്യയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഒരു ബംഗാളിയിലൂടെ ദൃശ്യമാകുന്നു. വിദ്യാഭ്യാസമുള്ള, രാഷ്ട്രീയബോധമുള്ള കുറെ ജിയോഗ്രഫികള്‍ ഒക്കെ കണ്ട മലയാളി പുരുഷന്മാരില്‍ നിന്ന് മാറി, ബംഗാളിയിലേക്ക് ജീവിതം ചേര്‍ത്ത് പിടിക്കുന്ന പുതിയ സാമൂഹികതയുടെ ഡോക്യുമെന്റേഷന്‍ കൂടിയാണ് മനോജ് കെ. ജയന്റെ ഭാര്യയോടൊപ്പം ജീവിതം പങ്കുവെക്കുന്ന ആ ബംഗാളി. മലയാളി കേരള സമൂഹത്തില്‍ രൂപപ്പെടുന്ന കലര്‍പ്പുകളുടെ പോസിറ്റീവ് ആയ ഒരു ലിക്വിഡിറ്റി കൂടെയാണ് ആ കഥാപാത്രത്തിലൂടെ വെളിവാകുന്നത് ഈ സിനിമയിലെ ബസ് പോലെ തന്നെ വേറൊരു ഇടമാണ് ആംബുലന്‍സ്. വിവിധ സമുദായങ്ങളില്‍പ്പെട്ടവരും, ശത്രുക്കളും, ലൈംഗിക അധികാരങ്ങളില്‍ വേറിട്ട് നില്‍ക്കുന്നവരും, ധീരന്മാരും, കള്ളന്മാരും, പാട്ടുകാരും, തകില്‍ കൊട്ടുന്നവരും, പ്രണയിതാക്കളും, ചാരായം വാറ്റുന്നവരും – എല്ലാവരും നോക്കുന്നത് ഒരേ ആംബുലന്‍സിലാണെന്നത് ഒരു ഐറണിയാണ്. കേരളത്തേക്കാള്‍ ബെറ്റര്‍ സ്പേസ് ആംബുലന്‍സാണ്.

One Reply to “ധീരന്‍ – ഉല്‍സവപ്പറമ്പിലെ ബസ്സും കേരളീയ നാട്ടുകൂട്ടങ്ങളും”

  1. ബേസിക്കലി ഈ സിനിമയിൽ മേൽ പറഞ്ഞ സ്ത്രീ കഥാപാത്രങ്ങൾ പറയുന്ന ഡയലോഗ് അല്ലാതെ … ഇത്ര നീട്ടി പരച്ചു എഴുതാൻ എന്താണുള്ളത്

Leave a Reply to Akhilesh SV Cancel reply

Your Email address will not be published.