
പാരീസ് ഉടമ്പടിക്ക് 10 വയസ്സ് തികയുമ്പോള്‍, അമേരിക്കയുടെ പിന്മാറ്റം അന്താരാഷ്ട്ര പ്രതിബദ്ധതയെ എങ്ങനെ ബാധിക്കും?
2003-ല്‍, അമേരിക്കയിലെ ഒരു പരിസ്ഥിതി സംഘടന ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി രേഖ പുറത്തുവിട്ടു. പാര്‍ട്ടിയുടെ ഇലക്ഷന് ഉപദേഷ്ടാവായിരുന്ന ഫ്രാങ്ക് ലന്‍ഡ്സ് ജോര്‍ജ് ബുഷടങ്ങുന്ന നേതാക്കള്‍ക്ക് ആശയവിനിമയങ്ങളില്‍ നിന്നും ”ഗ്ലോബല്‍ വാമിംഗ്” (ആഗോളതാപനം) എന്ന വാക്കൊഴിവാക്കാന്‍ നിര്‍ദേശിക്കുന്ന ഒരു മെമോ ആയിരുന്നു ആ രേഖ. പകരം ലന്‍ഡ്സ് മറ്റൊരു പദം മുന്നോട്ട് വെച്ചു : ”കാലാവസ്ഥാ വ്യതിയാനം ‘ (ക്ലൈമറ്റ് ചേഞ്ച്) .

”ഗ്ലോബല്‍ വാമിംഗ്” എന്ന പദം ഭീതിയുളവാക്കുന്നതായിരുന്നു, പോരാത്തതിന് ദുരന്തസൂചകവും. എന്നാല്‍ ”കാലാവസ്ഥാ വ്യതിയാനം”? എയര്‍ കണ്ടീഷണര്‍ ഉള്ള വീടുകളില്‍ റിമോട്ട് കൊണ്ട് താപം ക്രമീകരിക്കുന്നത് പോലെ നിസ്സാരം.
എണ്ണകമ്പനികള്‍ക്കും കാര്‍ബണ്‍ വമനത്തില്‍ മുന്നിട്ട് നില്ക്കുന്ന വികസിത രാഷ്ട്രങ്ങള്‍ക്കും ‘ഭയം’ പ്രയോജനരഹിതമായി തോന്നി. അവര്‍ക്ക് വേണ്ടത് ഭാഷയിലെ ജാഗ്രതയായിരുന്നു.
അതിനു വളരെ മുന്നേ തന്നെ യുഎന്‍ പദാവലിയില്‍ നിന്ന് ”ഗ്ലോബല്‍ വാമിംഗ്” എന്ന വാക്ക് അപ്രത്യക്ഷമായി. രണ്ട് പ്രമേയങ്ങള്‍ക്കിടയില്‍, ആരും ശ്രദ്ധിക്കാത്ത ഒരു ഇന്ദ്രജാലക്കാരന്റെ കയ്യടക്കം.
ഒരു പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പുതന്നെ, ഭാഷ കൊണ്ട് നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുന്ന ഇത്തരം പദ്ധതികള്‍ക്ക് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സ്റ്റീവന്‍ പൂള് നല്കിയ പേരാണ് ”അണ്സ്പീക്ക്.” നവംബര്‍ 10-ന് ബ്രസീലിലെ ബെലേമില്‍ ലോക നേതാക്കള്‍ കോപ്-30 (COP-30) സമ്മേളനത്തിനായിനായി ഒത്തുചേരുമ്പോള്‍, നമ്മളെ കാത്തിരിക്കുന്നത് ഭാഷ കൊണ്ടുള്ള കണ്കെട്ട് വിദ്യയുടെ പുതിയൊരു രൂപമാവും.

എന്നാല്‍, ഇത്തവണ ലക്ഷ്യം ഭാഷയുടെ കാഠിന്യം കുറയ്ക്കുക മാത്രമല്ല. മറിച്ച്, ഭൂമിയുടെ സന്തുലിതാവസ്ഥ അപകടത്തിലാക്കുന്ന നടപടികളെ ചെറുക്കാനാവശ്യമായ ലക്ഷ്യങ്ങളുടെ തീവ്രത കുറയ്ക്കുക എന്നതാണ്.
ബെലേമിലേക്കുള്ള റോഡുകള്‍
1992-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന ‘ഭൗമ ഉച്ചകോടി’യുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ഉടമ്പടികളില്‍ ഒന്നാണ് ‘യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്വെന്ഷന് ഓണ്‍ ക്ലൈമറ്റ് ചേഞ്ച്’ (UNFCCC). 197 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അടങ്ങുന്ന (Parties എന്നറിയപ്പെടുന്ന) യുഎന്‍എഫ് സിസിസി അംഗങ്ങള്‍ കാലാവസ്ഥാ സംവിധാനത്തില്‍ മനുഷ്യന് വരുത്തുന്ന ”അപകടകരമായ” ഇടപെടലുകള്‍ തടയുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കണ്വെന്ഷന് പുരോഗതി വിലയിരുത്തുന്നതിനും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി ഇവര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മേളനമാണ് സിഓപി (COP) അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്.

കോപ്-30 സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ബെലേം രണ്ട് പുതിയ റോഡുകള്‍ – അവെനിഡ ലിബര്‍ഡേഡ്, റുവ ഡാ മാരിഞ്ഞ – ആണ് നിര്‍മ്മിച്ചത്. ആമസോണിന്റെ പ്രവേശനകവാടമായി കരുതപ്പെടുന്ന ബെലേമിലെ 100 ഹെക്ടറിലധികം ഭൂമിയിലെ വൃക്ഷങ്ങള്‍ ഈ റോഡുകളുടെ വികസനത്തിനായി മുറിച്ചുമാറ്റപ്പെട്ടു. പ്രധാന സമ്മേളനം നടക്കുന്ന പഴയ വിമാനത്താവളമായ പാര്‍ക്ക് ദ സിഡാഡിലെ (Parque da Cidade) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബ്രസീലിലെ ഏറ്റവും വലിയ ഖനന കമ്പനിയായ വാലെ (Vale) ആണ്. രാജ്യത്തെ ഏറ്റവും മാരകമായതും പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് ഉത്തരവാദികളായ കമ്പനിയാണ് വാലെ.
2015-ലെ സുപ്രധാനമായ പാരീസ് ഉടമ്പടിക്ക് പത്ത് വര്‍ഷം തികയുന്ന വേളയില്‍ നടക്കുന്ന കോപ്-30 സമ്മേളനത്തിന്റെ പ്രാധാന്യം വലുതാണ്. വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള നിലയെ അപേക്ഷിച്ച് ആഗോള താപനില വര്‍ധനവ് 1.5°C-ല്‍ അല്ലെങ്കില്‍ കുറഞ്ഞത് ‘2°C-ന് വളരെ താഴെ” നിലനിര്‍ത്താന്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു. 2°C-ല്‍, കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍-അതിരൂക്ഷമായ ചൂട്, ഉയരുന്ന കടല്‍നിരപ്പ്, വിളനാശം-1.5°C-നേക്കാള്‍ ഭീകരമാകും.
1.5°C ലക്ഷ്യം ”മറികടക്കുന്നത്” ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായി കഴിഞ്ഞതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സമ്മതിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനില വീണ്ടും താഴെ കൊണ്ടുവരിക എന്നതാണ് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്നും അദ്ദേഹം പറയുന്നു. ഇത് പൂര്‍ണ്ണമായ പരാജയമല്ല, എങ്കിലും വിജയവുമല്ല.
കോപ്-30-ന് മുന്നോടിയായി, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ (emissions) കുറയ്ക്കാനുള്ള പദ്ധതികള്‍ എന്‍ഡിസി കള്‍ (NDCs) വിശദീകരിക്കുന്ന രേഖകള്‍ അംഗ രാജ്യങ്ങള്‍ സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍, മൂന്നിലൊന്ന് രാജ്യങ്ങള്‍ മാത്രമേ ഇത് ചെയ്തിട്ടുള്ളൂ. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ – പ്രത്യേകിച്ച് സൗരോര്‍ജ്ജത്തിന്റെ – ഉപയോഗം വേഗത്തില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പദ്ധതികള്‍ 1.5°C ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായത്രയും ഉയര്‍ന്നിട്ടില്ല. ബെലേമില്‍ എന്‍ഡിസി കള്‍ ഔപചാരികമായി ചര്‍ച്ച ചെയ്യപ്പെടുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
യൂറോപ്യന്‍ യൂണിയന് 2035-ലേക്കുള്ള എമിഷന്‍ ലക്ഷ്യത്തിന് ഇനിയും അന്തിമരൂപം നല്‍കിയിട്ടില്ല. ഹംഗറി, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ വ്യവസായങ്ങളെ ബാധിക്കുമോ എന്ന ആശങ്കയില്‍ ഇതിന് തടസ്സം നില്‍ക്കുന്നത് ഒരു കാരണമാണ്. സാധാരണയായി കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫ്രാന്‍സ് പോലും തങ്ങളുടെ ആണവ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
കാര്‍ബണ്‍ എമിഷനുകളുടെ കാര്യത്തില്‍ ചൈന, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് യൂറോപ്യന്‍ യൂണിയന് (EU). 1990-നെ അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയന് ഇതിനോടകം 37 ശതമാനം എമിഷനുകള്‍ കുറച്ചിട്ടുണ്ട്.
എന്നാല്‍ EU-വിന്റെ രാഷ്ട്രീയ ഭൂമിക വലതുപക്ഷത്തേക്ക് മാറിയതോടെ, കാലാവസ്ഥാ സംബന്ധിയായ ആശങ്കകള്‍ക്ക് പകരം പ്രതിരോധത്തിനും സാമ്പത്തിക മത്സരശേഷിക്കും പ്രാധാന്യം നല്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
2023-ല്‍ നടന്ന കോപ്-28 ഉച്ചകോടിയില്‍, ”ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അകന്നു മാറാനുള്ള (transitioning away from fossil fuels) ധാരണയില്‍ രാജ്യങ്ങെളെത്തിയിരുന്നു.

എന്നാല്‍, പലരും പ്രതീക്ഷിച്ചതുപോലെ, 2024-ല്‍ നടന്ന കോപ്-29 ലെ ധാരണാ രേഖകളില്‍ ഈ ഭാഷ കൂടുതല്‍ ശക്തമായില്ല.
ട്രംപിന്റെ നിഴല്‍
2025 ജനുവരിയിലെ സ്ഥാനാരോഹണത്തിനു തൊട്ടുപിന്നാലെ, കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രതിബദ്ധതയുടെ അടിസ്ഥാനമായ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമ്മേളന വേദിയില്‍ ട്രംപ് ഉണ്ടാകില്ല, പക്ഷെ ട്രമ്പിയന്‍ ആശയങ്ങളുടെ നിഴല്‍ പല രാഷ്ട്രങ്ങളും ആശങ്കയോടെയാണ് കാണുന്നത്.
യുകെ പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മറും, കിംഗ് ചാള്‍സിനു വേണ്ടി പ്രിന്‍സ് വില്യമും സമ്മേളനത്തില്‍ ഉണ്ടാകും എന്നറിയിച്ചിട്ടുണ്ടെങ്കിലും നിരവധി ലോക നേതാക്കള്‍ ഇതുവരെ തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ഹരിതഗൃഹ വാതകം പുറന്തള്ളുന്ന രാജ്യമായ ചൈന പ്രതിനിധി സംഘത്തെ അയക്കുമെങ്കിലും, പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കാന്‍ സാധ്യതയില്ല.
ബെലെമില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന മറ്റൊരു പ്രമുഖനാണ് ബില്‍ ഗേറ്റ്സ്. ”കാലാവസ്ഥയെക്കുറിച്ചുള്ള മൂന്ന് കടുപ്പമേറിയ സത്യങ്ങള്‍” എന്ന തലക്കെട്ടില്‍ തന്റെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പില്‍, താപനില ലക്ഷ്യങ്ങളെക്കുറിച്ച് അമിതമായി ശ്രദ്ധിക്കുന്നതിന് പകരം, ചൂടേറിയ ലോകവുമായി പൊരുത്തപ്പെടാന്‍ (Adaptation) ദരിദ്ര രാജ്യങ്ങളെ സഹായിക്കണം എന്നാണ് ഗേറ്റ്സ് വാദിച്ചത്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ നിര്‍മ്മിക്കുക, കൂടുതല്‍ പ്രതിരോധശേഷിയുള്ള വിളകള്‍ വികസിപ്പിക്കുക, എയര്‍ കണ്ടീഷനിംഗ് സ്ഥാപിക്കുക തുടങ്ങിയവയാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.
”കാലാവസ്ഥാ മാറ്റം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെങ്കിലും-പ്രത്യേകിച്ച് ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ആളുകള്‍ക്ക്-അത് മനുഷ്യരാശിയുടെ നാശത്തിലേക്ക് നയിക്കില്ല,” അദ്ദേഹം എഴുതി. ദരിദ്ര രാജ്യങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നത് വരെ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കാന്‍ അവരെ അനുവദിക്കണം എന്ന് ഗേറ്റ്സ് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ വെള്ളപ്പൊക്കങ്ങള്‍, ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ചകള്‍, അതിശക്തമായ ചുഴലിക്കാറ്റുകള്‍ എന്നിവ ഇതിനകം തന്നെ ഭൂമിയുടെ ദക്ഷിണാര്‍ദ്ധത്തെ വിനാശകരമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

2021-ലെ തന്റെ ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന പുസ്തകത്തില്‍, അദ്ദേഹം ടിപ്പിംഗ് പോയിന്റുകളെക്കുറിച്ചും കാലാവസ്ഥാ ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്ന 3.6 ബില്യണ്‍ ആളുകളെക്കുറിച്ചും സംസാരിച്ചു. നൂറ്റാണ്ടിന്റെ മധ്യത്തോടെ 1.2 ബില്യണ്‍ കാലാവസ്ഥാ അഭയാര്‍ഥികളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്കി.
എന്നാല്‍ ഈ നിലപാടില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ഗേറ്റ്സിന്റെ കാലാവസ്ഥാ സംഘടനയായ ബ്രേക്ക്ത്രൂ എനര്‍ജി, ഈ വര്‍ഷം ആദ്യം നയരൂപീകരണ ജീവനക്കാരെ വെട്ടിക്കുറച്ചു. 2019-ല്‍ പിന്‍വലിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടും അദ്ദേഹത്തിന്റെ ഫൗണ്ടേഷന് ഇപ്പോഴും ഫോസില്‍ ഇന്ധനങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ട് എന്ന ആരോപണവും നിലനില്ക്കുന്നു.
ഫണ്ടിങ് അപര്യാപ്തതകള്‍
കഴിഞ്ഞ വര്‍ഷം ബാക്കുവിലെ COP29-ല്‍, സമ്പന്ന രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ 2035-ഓടെ പ്രതിവര്‍ഷം കുറഞ്ഞത് 300 ബില്യണ്‍ ഡോളര്‍ നല്കാന് പ്രതിജ്ഞയെടുത്തു. ഇത് ഉദാരമെന്ന് തോന്നാം, എന്നാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറവാണിത്. പൊതു-സ്വകാര്യ സ്രോതസ്സുകളില്‍ നിന്ന് ഈ തുക 1.3 ട്രില്യണ്‍ ഡോളറായി ഉയര്‍ത്താനുള്ള ഒരു ”ആഗ്രഹം” കൂടി കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു-അതായത് ”ബാക്കു മുതല്‍ ബെലേം വരെ 1.3 ട്രില്യണ്‍ ഡോളറിലേക്കുള്ള റോഡ് മാപ്പ്”-പക്ഷേ, ഇത് എങ്ങനെ പ്രാവര്ത്തികമാക്കുമെന്നതിനെ കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ ഒന്നും തന്നെയില്ല.
ഈ സാമ്പത്തിക സഹായം പ്രധാനമാണ്, കാരണം വിഭവങ്ങള്‍ ഏറ്റവും കുറവുള്ളിടത്താണ് കാലാവസ്ഥാ മാറ്റം ഏറ്റവും ശക്തമായി ബാധിക്കുന്നത്. കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ക്ക് അതീവ ദുര്‍ബലരായിട്ടുള്ളത് ഏകദേശം 3.3 മുതല്‍ 3.6 ബില്യണ്‍ ആളുകളാണെന്ന് IPCC പറയുന്നു. ഇവരില്‍ ഭൂരിഭാഗവും പ്രശ്നത്തിന് കാരണമായ പുറന്തള്ളലുകള്‍ക്ക് വളരെ കുറച്ച് മാത്രം സംഭാവന നല്കിയ ദരിദ്ര രാജ്യങ്ങളിലാണ് താമസിക്കുന്നത്. അവര്‍ക്ക് എയര്‍ കണ്ടീഷനിംഗ്, കൂളിംഗ് സെന്ററുകള്‍, അല്ലെങ്കില്‍ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവയ്ക്കുള്ള പണമില്ല. ഉഷ്ണതരംഗ സമയത്ത് അവര്‍ക്ക് പുറത്തെ ജോലികള്‍ നിര്‍ത്തിവെക്കാനും കഴിയില്ല.
പാരീസ് ഉടമ്പടിയിലെ പ്രതിബദ്ധതകള്‍ പാലിക്കാന്‍ ഇന്ത്യക്ക് മാത്രം 2031-ഓടെ 1.5 ട്രില്യണ്‍ ഡോളറിലധികം കാലാവസ്ഥാ സംബന്ധിയായ നിക്ഷേപം ആവശ്യമാണെന്ന് ഡിലോയിറ്റിന്റെ സമീപകാല റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഈ പണം എവിടെ നിന്ന് വരും?
ചര്‍ച്ചാ വിഷയങ്ങള്‍
ആതിഥേയ രാജ്യം എന്ന നിലയില്‍ ബ്രസീല്‍ നിരവധി ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ ഏറ്റവും വലുതാണ് ട്രോപ്പിക്കല്‍ ഫോറസ്റ്റ്സ് ഫോര്‍എവര്‍ ഫെസിലിറ്റി-തങ്ങളുടെ മഴക്കാടുകള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള 125 ബില്യണ്‍ ഡോളറിന്റെ ഫണ്ട്. ഇത് വിജയിച്ചാല്‍, വനനഷ്ടം തടയാന്‍ സഹായിച്ചേക്കും. കൂടാതെ ആമസോണ്‍, വര്‍ധിച്ചു വരുന്ന താപനിലയ്ക്കെതിരായ ഏറ്റവും വലിയ പ്രതിരോധ കവചങ്ങളില്‍ ഒന്നാണ്.
രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട മറ്റ് പ്രധാന വിഷയങ്ങള്‍:
- ഫോസില്‍ ഇന്ധനങ്ങള്‍: 2023-ലെ COP28-ല്‍, ”ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അകന്നുമാറേണ്ടതിന്റെ” ആവശ്യകതയെക്കുറിച്ച് രാജ്യങ്ങള്‍ ആദ്യമായി ഒരു തീരുമാനത്തിലെത്തി. എന്നാല്‍ കോപ്-29-ല്‍ ആ ഭാഷയ്ക്ക് കൂടുതല്‍ ശക്തി ലഭിച്ചില്ല, ബെലേമിലും അത് ശക്തമാകാന്‍ സാധ്യതയില്ല.
- പുനരുപയോഗ ഊര്‍ജ്ജം: 2030-ഓടെ ആഗോള പുനരുപയോഗ ഊര്‍ജ്ജ ശേഷി മൂന്നിരട്ടിയാക്കാന്‍ രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തു. സൗരോര്‍ജ്ജവും കാറ്റാടി ഊര്‍ജ്ജവും അതിവേഗം വളരുന്നുണ്ടെങ്കിലും ലക്ഷ്യം കൈവരിക്കാന്‍ നിലവില്‍ സാധ്യതയില്ലെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പറയുന്നു.3. കാര്‍ബണ്‍ മാര്‍ക്കറ്റുകള്‍: കാര്‍ബണ്‍ വിപണികളെ സംയോജിപ്പിക്കാനും മറ്റ് രാജ്യങ്ങള്‍ക്ക് അതിര്‍ത്തി കാര്‍ബണ്‍ നികുതി (border carbon adjustments) ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു ”കാലാവസ്ഥാ കൂട്ടായ്മ” ആരംഭിക്കാന്‍ ബ്രസീല്‍ ആഗ്രഹിക്കുന്നു.
മുന്‍കൂട്ടി കണ്ട ഭാവി
2024 ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു, 1.5°C താപനം മറികടന്ന ആദ്യത്തെ കലണ്ടര്‍ വര്‍ഷം. 2025 ജനുവരിയിലെ ലോസ് ഏഞ്ചല്‍സിലെ തീപിടിത്തം യു.എസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കാലാവസ്ഥാ ദുരന്തങ്ങളില്‍ ഒന്നാണ്.
2022-ല്‍, കിഴക്കന്‍ ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വരള്‍ച്ചയാണ് നേരിട്ടത്, ഇത് 20 ദശലക്ഷത്തിലധികം ആളുകളെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിട്ടു. അത്തരം വരള്‍ച്ചകള്‍ ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥാ മാറ്റം കാരണം കുറഞ്ഞത് 100 മടങ്ങ് വര്‍ദ്ധിച്ചു എന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ ഗ്രൂപ്പ് പറയുന്നു.
1980-കള്‍ മുതല്‍, ഓരോ ദശാബ്ദവും അതിനുമുമ്പുള്ളതിനേക്കാള്‍ ചൂടേറിയതായിരുന്നു. രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ചൂടേറിയ പത്ത് വര്‍ഷങ്ങളും സംഭവിച്ചത് 2015-ന് ശേഷമാണ്. വ്യാവസായിക വിപ്ലവത്തിന് ശേഷം അന്തരീക്ഷത്തിലെ CO2 ന്റെ അളവ് 50% വര്‍ദ്ധിച്ചു-ഭൂമിയുടെ സമീപകാല ചരിത്രത്തില്‍ കണ്ടിട്ടുള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന നിലയാണിത്.
ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കിയ ഭാവിയില്‍ നമ്മള് ജീവിച്ചു തുടങ്ങിയിരിക്കുന്നു. ഈ സ്ഥിതി എത്രത്തോളം മോശമാകാന്‍ നമ്മള് അനുവദിക്കും?
കാലാവസ്ഥാ വ്യതിയാനവും നിരാശയും
മറ്റൊരു നിരാശാജനകമായ കാലാവസ്ഥാ ഉച്ചകോടി മാത്രമാണോ കോപ്-30? അത്തരം നിരവധി ഉച്ചകോടികള്‍ നമുക്കുണ്ടായിട്ടുണ്ട്.

ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ മുന്‍ കോപ് സമ്മേളനങ്ങളെ ”ഗ്രീന്‍വാഷിംഗ്” കൂട്ടായ്മകളെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട് . അതില്‍ സത്യമുണ്ട്. എന്നാല്‍ ഈ ഉച്ചകോടികളില്‍ പലതും പ്രധാനപ്പെട്ട ആഗോള ഉടമ്പടികള്‍ക്ക് കാരണമായിട്ടുണ്ട്. പാരീസ് ഉടമ്പടിയിലെ പ്രതിബദ്ധതകള്‍, അപര്യാപ്തമെങ്കില്‍ പോലും, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനത്തിന്” പ്രേരണ നല്‍കുകയും പ്രവചിക്കപ്പെട്ട താപന നിലകള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്-ഇപ്പോഴും വേണ്ടത്ര വേഗത്തില്‍ നീങ്ങുന്നില്ലെങ്കില്‍ പോലും.
പരിഹാരങ്ങള്‍ നിലവിലുണ്ട്
ആഗോള താപനം പരിമിതപ്പെടുത്താന്‍ നെറ്റ്-സീറോ (പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യുക) അത്യന്താപേക്ഷിതമാണ്. മിക്ക രാജ്യങ്ങള്‍ക്കും നെറ്റ്-സീറോ ലക്ഷ്യങ്ങളുണ്ട്, എന്നാല്‍ ഇതിലേക്കെത്താനുള്ള പദ്ധതികള്‍ തികച്ചും അപര്യാപ്തമാണ്.
എന്താണ് യഥാര്‍ത്ഥത്തില്‍ സഹായകമാവുക?
- ഫോസില്‍ ഇന്ധന സബ്സിഡികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
- ശക്തമായ കാര്‍ബണ്‍ പ്രൈസിംഗ് (നികുതി) നടപ്പിലാക്കുക.
- ഗ്രീന്‍ ബോണ്ടുകളും ശുദ്ധ-സാങ്കേതിക നിക്ഷേപവും വര്‍ദ്ധിപ്പിക്കുക.
- പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഫണ്ടും ഡാറ്റയും നല്കി ശാക്തീകരിക്കുക.
- പുനരുപയോഗ ഊര്‍ജ്ജം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി എന്നിവയ്ക്കായി തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കുക.
- ‘ബിഹേവിയറല്‍ നഡ്ജുകള്‍’ (സ്വഭാവമാറ്റത്തിനുതകുന്ന പ്രേരണകള്‍) ഉപയോഗിച്ച് ഉപഭോഗ രീതികള്‍ മാറ്റുക.
പരിഹാരങ്ങള്‍ നിലവിലുണ്ട്. ഇല്ലാത്തത് രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്. ലോകം തങ്ങളുടെ ധൈര്യം വീണ്ടെടുക്കുന്ന നിമിഷമായി ബെലേം മാറിയേക്കാം. അല്ലെങ്കില്‍, നമ്മള് കൂട്ടായി തോളിലുയര്‍ത്തി, അതിന്റെ പ്രത്യാഘാതങ്ങളുമായി ജീവിക്കാന്‍ തീരുമാനിച്ച സമ്മേളനമായി ഓര്‍മ്മിക്കപ്പെട്ടേക്കാം.
ഫ്രാങ്ക് ലന്‍ഡ്സ് കാലാവസ്ഥയെ കുറിച്ചുള്ള രാഷ്ട്രീയമായ ആശങ്കകളെ മൃദുവും സ്വീകാര്യവുമായ ഒരു ഭാഷയിലേക്കു മാറ്റിയെടുത്തു. കാലാവസ്ഥാ കെടുതികള്‍ നേരിടാനുള്ള ആഗ്രഹങ്ങളെയും തയ്യാറെടുപ്പുകളെയും റദ്ദ് ചെയ്യുന്നത് നമ്മള് തിരഞ്ഞെടുക്കുന്ന ഭാഷ തന്നെയാകും.
Courtesy : https://anthroposcenes.substack.com/p/cop-30






No Comments yet!