Skip to main content

ബോംബെ കേരള മുസ്ലിം ജമാഅത്ത് – സേവന വഴിയിലെ 75 വര്‍ഷങ്ങള്‍

അവിഭക്ത ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും മലയാളി എത്തിപ്പെടുകയും അവരുടേതായ വ്യക്തിമുദ്രകള്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണാനാവും. അതുകൊണ്ടുതന്നെ ബോംബെ, മദ്രാസ്, ലാഹോര്‍, കറാച്ചി, കല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളിലെ മലയാളി സാന്നിധ്യത്തെക്കുറിച്ചും, കുടിയേറ്റങ്ങളെക്കുറിച്ചും ധാരാളം ചരിത്ര രേഖകളില്‍ കാണാനാവും. പരദേശി മലയാളികളിലെ സാമൂഹിക പശ്ചാത്തലം പരിശോധിക്കുമ്പോള്‍ മനസ്സിലാ കുന്നത് നായര്‍, ഈഴവ, കൃസ്ത്യന്‍, മുസ്ലിം പശ്ചാത്തലങ്ങളില്‍ നിന്ന് വന്നവരാണധികവും. ജോലി, ബിസിനസ് ആവശ്യങ്ങളുമായിട്ടാണ് അധികമാളുകളും ഇവിടങ്ങളിലേക്ക് കുടിയേറിയത്. മറ്റേതൊരു നഗരത്തേക്കാളും അന്ന് കുടിയേറ്റ സാധ്യത ഏറെയുണ്ടായിരുന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ വ്യവസായിക തലസ്ഥാനം എന്ന നിലയില്‍ ബോംബെയിലേക്കായിരുന്നു. അതുകൊണ്ടുതന്നെ വളര്‍ച്ച ആഗ്രഹിക്കുന്ന മലയാളികള്‍ മഹാനഗരത്തിലേക്ക് വ്യാപകമായി ചേക്കേറിത്തുടങ്ങി. ബോംബെയില്‍ എത്തിപ്പെട്ട മലയാളി സമൂഹങ്ങള്‍ അവരുടെ ഒറ്റപ്പെടലുകളെ അതിജീവിക്കാന്‍ അവരുടേതായ പലതരം കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിത്തുടങ്ങി. ഓരോ മലയാളിയുടേയും ഉള്ളിലുള്ള നാടെന്ന കിനാവിന്റെ തീരത്ത് എത്തിച്ചേരാനുള്ള ആഗ്രഹമായി ഇത്തരത്തിലുള്ള ശ്രമങ്ങളെ വിലയിരുത്താം.

Chhatrapati Shivaji Terminus

മുസ്ലിംകള്‍ക്കിടയില്‍ ഈ സംഘാടനം നടന്നത് ഗൃഹാതുരത്വം പേറുന്ന തങ്ങളുടെ പ്രാദേശിക മഹല്ലുകളുടെ അടിസ്ഥാനത്തിലാണ്. ഇങ്ങനെ ബോംബെ മലയാളി മുസ്ലിംകള്‍ക്കിടയില്‍ നൂറുകണക്കിന് ജമാഅത്തുകള്‍ രൂപപ്പെട്ടതായി കാണാം. ചാവക്കാട് ജമാഅത്ത്, പടന്ന ജമാഅത്ത്, വെളിയംകോട് ജമാഅത്ത് അങ്ങനെ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകള്‍ അവര്‍ക്കിടയില്‍ സജീവമായി രൂപ പ്പെട്ടുവരികയും അവരുടെ ജീവിത പ്രശ്‌നങ്ങളെയും ആത്മീയ ആവശ്യങ്ങളെയും പരിഹരിക്കാനുള്ള മികച്ച സംവിധാനമായി നിലകൊള്ളുകയും ചെയ്തു. മലയാളികളെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു മറുനാടന്‍ ജമാ അത്ത് ഉണ്ടായിരുന്നില്ല എന്നത് ഒരു പരിമിതിയായി അവര്‍ മനസ്സിലാക്കിയിരുന്നെങ്കിലും, പലരും ശ്രമം നടത്തിയിട്ടും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ പറ്റാതെ പോയ ഒരാഗ്രഹമായി അത് അവശേഷിച്ചു. ഇതിനിടയില്‍ മലയാളി മുസ്ലിംകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ 1948ല്‍ ബോംബെ കേരള മുസ്ലിം ജമാഅത്ത് ഔദ്യോഗികമായ അംഗീകാരത്തോടെ രൂപപ്പെട്ടുവന്നത്. ഈ കൂട്ടായ്മ അതിന്റെ പ്രവര്‍ത്തനപഥത്തില്‍ 75 വര്‍ഷം സജീവമായി നിലകൊണ്ടു.

പിന്നിട്ട വര്‍ഷങ്ങളില്‍ ജമാഅത്ത് മുംബൈയി ലെ മലയാളി സമൂഹങ്ങള്‍ക്കിടയില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നും വിശിഷ്യാ മുസ്ലിം സാമൂഹിക മുന്നേറ്റങ്ങളില്‍ അത് വഹിച്ച ക്രിയാത്മകമായ സംഭാവനകള്‍ എന്തെല്ലാമായി രുന്നുവെന്നും അടയാളപ്പെടുത്തുന്നത് ജമാ അത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് വിലയിരുത്താന്‍ അനിവാര്യമാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബോംബെയില്‍ എത്തിച്ചേര്‍ന്ന മലയാളി മുസ്ലിം സമുദായാംഗങ്ങള്‍ താന മുതല്‍ ഗുലാബവരെ നീണ്ടുകിടക്കുന്ന ബോംബെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നെങ്കിലും പ്രധാനമായും അവര്‍ ഏര്‍പ്പെട്ടിരുന്നത് ഇളനീര്‍ കച്ചവടം, ഹോട്ടല്‍, പേരി ക ച്ചവടം, പായ കച്ചവടം, ബീഡി കടകള്‍ എന്നീ മേഖലകളിലായിരുന്നു. ചുരുക്കം ചില ആളുകള്‍ സര്‍ക്കാര്‍ സര്‍വ്വീസിലും വ്യവസായ രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കൃത്യമായ സാമുദായിക അടിസ്ഥാനത്തിലുള്ള ഒരു സംഘാടനം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. കേരളത്തില്‍നിന്ന് ഏറെ ദൂരത്തുള്ള ഒരു ഒരു പ്രദേശം എന്ന നിലയ്ക്കും, യാത്രാസൗകര്യങ്ങള്‍ ഇന്നത്തേതുപോലെ യഥേഷ്ടം ലഭ്യമല്ലാതിരുന്ന കാലത്ത് ഒരാള്‍ക്ക് തന്റെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുവാനോ എന്തെങ്കിലും അത്യാഹിതങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ തന്റെ ബന്ധുക്കളുമായി പെട്ടെന്ന് ബന്ധപ്പെട്ട് സഹായങ്ങള്‍ ലഭ്യമാക്കുക എന്നത് അല്‍പം പ്രയാസമേറിയ കാര്യമായിരുന്നു.
അതിനാല്‍ തന്നെ നിരവധി മലയാളി മുസ്ലിം സഹോദരങ്ങള്‍ക്ക് തങ്ങള്‍ പെട്ടന്ന് മരണപ്പെടുകയോ, മറ്റോ ചെയ്താല്‍ കൃത്യമായ മതാചാര പ്രകാരം മറവുചെയ്യപ്പെടുമെന്ന് ഉറപ്പിക്കാനാകാത്ത പല ചിന്തകളും അവരെ അലട്ടിയിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കുവാനുള്ള പോംവഴികളെക്കുറിച്ച് അവര്‍ നിരന്തരം ആലോചനകളില്‍ ഏര്‍പ്പെട്ടു.
ഈ ചര്‍ച്ചകളുടെ ഫലമായി 1946ല്‍ തങ്ങള്‍ക്കു മുന്നിലെത്തുന്ന മലയാളികളുടെ തും അല്ലാത്തതുമായ മുസ്ലിം മയ്യത്തുക്കളെ കൃത്യമായി സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഒരു ചെറിയ കൂട്ടായ്മ ഉണ്ടാവേണ്ടതിന്റെ പ്രാഥമിക ഇടപെടലുകള്‍ നടന്നു.

ഈ കാലയളവില്‍ തങ്ങള്‍ക്കു മുന്നില്‍ വന്നെത്തുന്ന മയ്യിത്തുകളെ കൃത്യമായി സംസ്‌കരിക്കാനുള്ള പണം ആളുകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു കണ്ടെത്തിയിരുന്നത്. ആയിരക്കണക്കിന് മലയാളി മു സ്ലിംകള്‍ ജീവിക്കുന്ന ഒരു നഗരം എന്ന നിലക്ക് ഇടക്കിടെ മരണങ്ങള്‍ സംഭവിക്കുക സ്വാഭാവികമായിരുന്നു. ഈ സാഹചര്യത്തെ നേരിടണമെങ്കില്‍ മയ്യിത്ത് പരിപാലനത്തിന് സ്ഥിരമായി ഒരു സമിതിയും സംവിധാനങ്ങളും ഉണ്ടാവ ണമെന്ന അഭിപ്രായത്തില്‍ ഒരു മയ്യിത്ത് പരിപാലന കമ്മിറ്റി തന്നെ രൂപപ്പെട്ടുവന്നു. ടെങ്കര്‍ മൊഹല്ലയിലെ 116-ാം നമ്പര്‍ റൂമിനടുത്ത് വച്ച് ഇവ്വിശയകമായി ഗൗരവമാര്‍ന്ന ഒരു യോഗം ചേരുകയും നാഗ്പാട മുസ്ലിം ജമാ അത്ത് എന്ന പേരില്‍ ഒരു സംഘത്തെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു.

നാഗ്പാട് ജമാ അത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കു മ്പോഴാണ് മലയാളികളെ എല്ലാവരേയും ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്കിടയില്‍ വ്യവസ്ഥാപിതമായ ഒരു സം വിധാനത്തിന്റെ അഭാവം തിരിച്ചറിയുന്നതും 1948ല്‍ നാഗ്പാട മുസ്ലിം ജമാഅത്ത് ബോംബെ കേരള മുസ്‌ലിം ജമാഅത്ത് എന്ന പേരിലേക്ക് അതിന്റെ പേര് മാറ്റാനും തീരുമാനിക്കുന്നത്. ബോംബെയിലെ മലയാളി മുസ്ലിംകളെ എല്ലാവരെയും ഉള്‍ ക്കൊള്ളുന്ന ഒരു സംഘമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഒരാള്‍ക്ക് ജമാ അത്ത് മെമ്പര്‍ഷിപ്പിനായി മുന്നോട്ടുവച്ചിരുന്ന മാനദണ്ഡങ്ങളിലെ പ്രധാന കാര്യം അയാള്‍ മുംബൈ നഗരത്തിലോ അതിന്റെ പ്രാന്തപ്രദേശങ്ങളിലോ അധിവസിക്കുന്ന 18 വയസ്സ് തികഞ്ഞ മലയാളം സംസാരിക്കുന്ന മുസല്‍മാന്‍ ആയിരിക്കണമെന്നു മാത്രമായിരുന്നു.

ഇത്തരത്തില്‍ ബോംബെയിലെ മലയാളി മുസ്‌ലിം സഹോദരങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നേറിയപ്പോള്‍ ജമാ അത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ദ്ധിച്ച ജനപിന്തുണ ദൃശ്യമായി. ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ ബോംബെയില്‍ മലയാളി രാഷ്ട്രീയ-മതനേതാക്കളെ പങ്കെടുപ്പിച്ചു ഇടയ്ക്കിടെ പരിപാടികള്‍ സംഘടിപ്പിക്കുക പതിവായിരുന്നു. മലയാളികള്‍ക്കിടയില്‍ ഏറെ ആവേശം വിതറിയ കാര്യമായിരുന്നു ഇത്തരത്തില്‍ നടക്കുന്ന സംഗമങ്ങള്‍. 1955ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് പങ്കെടുത്ത കൈസര്‍ബാഗ് സമ്മേളനം ഇത്തരത്തില്‍ ശ്രദ്ധേയമായ ഒരേടായി എന്നും അനുസ്മരിക്കപ്പെടാറുണ്ട്. ജമാ അത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാവുക എന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ ഇതിനായി സാമ്പത്തിക സമാഹരണം നടത്തുന്നതിനായി പ്രശസ്ത സിനിമാ പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫിയുടെ ഗാനമേള ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രദ്ധേയമായ മറ്റൊരു പരിപാടിയായിരുന്നു. ഇടക്കിടെ മതപ്രസംഗ പരമ്പരകളും ഇതേ ഉദ്ദേശത്തില്‍ നടത്തിയിരുന്നു. വൈലിത്തറ കുഞ്ഞിമുഹമ്മദ് മൗലവി, ഫാറൂഖ് മൗലവി എന്നിവരായിരുന്നു ഈ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത മലയാളി പണ്ഡിതര്‍.

Coconut vendors in mumbai

ഇത്തരത്തില്‍ പല പ്രവര്‍ത്തനങ്ങളിലൂടെയുമായി വലിയൊരു സംഖ്യ ജമാ അത്തിന് സമാഹരിക്കാനായി. ഈ പണം ഉപയോഗിച്ച് അനുയോജ്യമായ ഒരു സ്ഥലം വാങ്ങുവാന്‍ തീരുമാനിക്കുകയും മലയാളികള്‍ ധാരാളമായി തിങ്ങി താമസിച്ചിരുന്ന ബിസ്തി മുഹല്ലയിലെ സരിയ മസ്ജിദ് സ്ട്രീറ്റില്‍ സ്ഥലം കണ്ടെത്തി വാങ്ങുകയും ചെയ്തു. ഈ സ്ഥലത്ത് ജമാഅ ത്തിന്റെ ആസ്ഥാന നിലയത്തിന് പാണക്കാട് പൂക്കോയ തങ്ങളുടെ മഹനീയ കരങ്ങളാല്‍ 1971 മെയ് 29ന് തറക്കല്ലിടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകളും ചെയ്തു. ഉടനെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും നിരവധി തടസ്സങ്ങള്‍ പല കോണുകളില്‍ നിന്നായി ജമാഅത്തിന് അ ഭിമുഖീകരിക്കേണ്ടി വന്നു. പലരുടെയും അകമഴിഞ്ഞ സഹായത്താല്‍ 1973 മെയ് 20ന് കേരള മഹല്‍ എന്ന ബോംബെ മലയാളി മുസ്ലിംകളുടെ സ്വപ്ന സൗധം പൂക്കോയ തങ്ങളുടെ കരങ്ങളാല്‍ തന്നെ ഉദ്ഘാടനം നിര്‍വഹിക്കുവാനും സാധിച്ചത് ഏറെ സന്തോഷം പകരുന്നതായിരുന്നു. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായിരുന്ന മലയാളിയായ മാധവന്‍ നായര്‍ നല്‍കിയ പിന്തുണയും മുസ്ലിം ലീഗ് നേതാവായിരുന്ന ജി.എം ബനാത്ത് വാല സാഹിബ് മുംബൈ കോര്‍പ്പറേഷനിലെ മുസ്‌ലിം കോര്‍പറേറ്റര്‍മാരോട് ജമാ അത്തിന് വേണ്ട നാഹായങ്ങള്‍ ചെയ്യുവാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും കെട്ടിട നിര്‍മ്മാണത്തിന് ഏര്‍പ്പെട്ട തടസ്സങ്ങള്‍ നീക്കിക്കിട്ടുന്നതില്‍ ഏറെ സഹായകരമായിരുന്നു.

Fashion Street Mumbai

കേരള മഹല്‍ നിലവില്‍ വന്നതോടുകൂടി ജമാ ജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും ചടലുമായിത്തീര്‍ന്നു. ബോംബയില്‍ എത്തിച്ചേരുന്ന മലയാളികള്‍ക്കു അത്താണിയായിത്തീരാന്‍ കേരളമഹലിന് അധികനാള്‍ വേണ്ടിവന്നില്ല. മലയാളികളുടെ ഹജ്ജ് തീര്‍ത്ഥാടന യാത്രയിലെ ഏറെക്കാലത്തെ ആശ്രയമായിരുന്ന ബോംബെ നഗരത്തില്‍ അവരുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തുന്നതില്‍ ജമാ അത്തും, കേരളാ മഹലും ഏറെ പരിശ്രമിച്ചിട്ടുണ്ടായിരുന്നു.

Mumbai Riots

1992ല്‍ ബോംബെ നഗരത്തെ പിടിച്ചുലച്ച കലാപ കാലത്ത് മലയാളികള്‍ക്കും, ഇതര സമൂഹങ്ങള്‍ക്കും ഏറെ ആശ്രയമായി നിലകൊള്ളാന്‍ സാധിച്ചത് ജമാ അത്ത് അധികാരികള്‍ക്കിടയിലും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കിടയിലും ഉ ബാക്കിയെടുത്തിട്ടുള്ള വിശ്വാസ്യതക്കുള്ള തെളിവാണ്. ഇറാഖ് കുവൈത്ത് യുദ്ധ കാലത്ത് എല്ലാം നഷ്ടപ്പെട്ട് ബോംബെയില്‍ വന്നിറങ്ങിയ മലയാളികള്‍ക്ക് ജമാഅത്ത് നല്‍കിയ പിന്‍ബലം ആര്‍ക്കും വിസ്മരിക്കാനാവില്ല. ബോംബെയിലെ മലയാളി മുസ്ലീങ്ങള്‍ക്കും. ഇത മലയാളികള്‍ക്കും ഒരു പത്തില്‍ ആശ്രയിക്കാവുന്ന കേന്ദ്രമായി ബോംബെ കേരള മുസ്ലിം ജമാ അത്ത് ആയിത്തീരു അതില്‍ ഇതിന്റെ പൂര്‍വ്വിക നേതാക്കളുടെ പങ്ക് നിസ്തുലമാണ്. അവര്‍ കൊണ്ട വെയിലും മഴയുമാണ് ഇന്നത്തെ ജമാ അത്തും അതിന്റെ മറ്റ് സൗകര്യങ്ങളും. മുക്കാല്‍ നൂറ്റാണ്ടു കാലം ഒരു സംഘം അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി സമൂഹം അര്‍പ്പിച്ച വിശ്വാസത്തിന്റെ നിദര്‍ശനമായി ആറ് ബ്രാഞ്ചുകളിലായി പതിനായിരത്തോളം അംഗങ്ങള്‍ ഇന്ന് ജമാ അത്തുമായി സഹകരിക്കുന്നുണ്ട്.

Marine Drive and Chowpatty Beach

രാഷ്ട്രീയമോ, മതപരമോ ആയ കക്ഷിത്വങ്ങളോ ബോംബെ മലയാളികളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിയും ക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്നതില്‍ ഈ സംഘത്തെ ബാധിച്ചിട്ടില്ല. സേവനവഴിയില്‍ 75 വര്‍ഷം പിന്നിടുന്ന ഒരു സംഘം എന്ന നിലയ്ക്ക് പ്രത്യേകിച്ചും മറുനാടന്‍ മലയാളികള്‍ക്കിടയിലെ നിരവധി സ്ഥാനങ്ങള്‍ക്കിടയില്‍ ബോംബെ കേരള മുസ്ലിം ജമാ അത്തിനെ സവിശേഷമാക്കി നിര്‍ത്തിയത് ദൈവികപ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് സേവനം ചെയ്യുക എന്ന താല്‍പ്പര്യത്തില്‍ നേതാക്കളും പ്രവര്‍ത്തകരും മുന്നോട്ടുപോയതിന്റെ ഫലമാണ്.

കൂടുതല്‍ കരുത്തോടെയും സര്‍ഗാത്മകമായും ഈ സംഘത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വരുംകാല മെമ്പര്‍മാര്‍ക്കും നേതാക്കള്‍ക്കും സാധിക്കുമാറാകട്ടെ… ആമീന്‍.

(ലേഖകന്‍ മൊയ്തുണ്ണി കെ.പി., ബോംബെ കേരള മുസ്ലിം ജമാ അത്തിന്റെ ജനറല്‍ സെക്രട്ടറി ആണ്)


കാല്‍പ്പാടുകള്‍
ബോംബെ കേരള മുസ്ലീം ജുമാ അത്ത് പ്ലാറ്റിനം ജൂബിലി സുവനീര്‍ (1948-2023)

No Comments yet!

Your Email address will not be published.