സ്വീകരണ മുറിയിലെ പരവതാനികള്‍ മങ്ങിയ നീലനിറത്തിലായ ചെറിയ വീട്ടില്‍, അപൂര്‍വ്വവും സുന്ദരവുമായ ഒരു ആഭരണം പോലെ ഇളം ചുവപ്പ് നിറമുള്ള ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നു. ആ വീട് അവളുടെ ആഭരണപ്പെട്ടിയായിരുന്നു.
കാമോദ്ദീപകമായ, സന്തോഷം തരുന്ന, കറുത്ത കണ്ണും ചുവന്ന ചുണ്ടുകളുമുള്ള ആ പക്ഷിയുടെ ഉടമ ആരായിരുന്നു? സൂര്യന്റെ പ്രഭയാല്‍ വസന്തം അതിന്റെ സുന്ദരമായ, പുഞ്ചിരിക്കുന്ന മുഖം പ്രത്യക്ഷമാക്കി, മുറ്റത്തെ പൂക്കളെ വിടര്‍ത്തുകയും കിളിക്കൂടുകളെ ചാഞ്ചാടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ആര്‍ക്ക് വേണ്ടിയാണവള്‍ തന്റെ ശ്രേഷ്ഠമായ ഗാനങ്ങള്‍ ആലപിച്ചിരുന്നത്? ആ കൊച്ചു പക്ഷിയുടെ പേര് സുസെറ്റെ എന്നായിരുന്നു. സ്വപ്നാടകനും കലാകാരനുമായ ഒരു നായാട്ടുകാരനാണവളെ ഒരു മെയ്മാസ പുലരിയില്‍ കെണിയില്‍ പെടുത്തിയതും പല തടിച്ച റോസാപ്പുക്കള്‍ വിടര്‍ന്ന് നിന്ന ആ പ്രഭാതം മുതല്‍ മൃദുശീലകളും പട്ടും കൊണ്ടലങ്കരിച്ച കൂട്ടിലടച്ചതും.
റെകാറെദൊ അഥവാ പിതൃത്വപരമായ തോന്ന്യാസം. അയാള്‍ക്ക് റെകാറെദൊ എന്നു പേരിട്ടത് അയാളുടെ കുറ്റമാണോ? ഒന്നര വര്‍ഷം മുമ്പായിരുന്നു അവരുടെ വിവാഹം.
”നിനക്കെന്നെ ഇഷ്ടമാണോ?”
”എനിക്കു നിന്നെ ഇഷ്ടമാണ്.”
”നിനക്കോ?”
”ഹൃദയം നിറച്ച്.”
പുരോഹിതനെ സന്ദര്‍ശിച്ചതിനു ശേഷമുള്ള ദിവസം അത്യാകര്‍ഷകവും അവിസ്മരണീയവുമായിരുന്നു. സ്‌നേഹത്തെ, പ്രണയത്തെ, ആഢംബരപൂര്‍ണ്ണമാക്കാന്‍ അവരന്ന് മൈതാനത്തു പോയിരുന്നു. ആ രണ്ടു കമിതാക്കള്‍, പരസ്പരം അരയില്‍ കൈ ചുറ്റി, ഇടക്കിടെ കൈമാറിയ ചുംബനങ്ങളാല്‍ ചുവന്ന ചുണ്ടുകളുമായി നടന്നുപോയിടത്ത് ഒരു ചെറിയ അരുവിയുണ്ടായിരുന്നു. സുഗന്ധം നല്‍കുന്ന പൂക്കളും വന്യമായ വയലറ്റു പൂക്കളം അവയുടെ ഇലകള്‍ക്കിടയില്‍ നിന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. അവരപ്പോള്‍ ഒരു വലിയ നഗരത്തിലായിരുന്നു. അവരുടെ കൂട്ടില്‍ യൗവ്വനത്തിന്റെ സന്തോഷകരമായ ഊഷ്മളത പരിമളം പരത്തിയിരുന്നു.
റെകാറെദൊ ഒരു ശില്പിയാണെന്ന് ഞാന്‍ പറയുകയുണ്ടായോ? ഇല്ലെങ്കില്‍ ഞാന്‍ അതിപ്പോള്‍ പറഞ്ഞിരിക്കുന്നു.
അയാള്‍ ഒരു ശില്പിയായിരുന്നു. ഒരു സ്റ്റുഡിയോയ്ക്കും ഒരു ചെറിയ വീടിനും ഉടമയായിരുന്നു. മാര്‍ബിള്‍, പ്‌ളാസ്റ്റര്‍, വെങ്കലം, മണ്ണ് എന്നിവയില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ അയാള്‍ കുന്നുകൂട്ടിയിരുന്നു. ചിലപ്പോള്‍ അതുവഴി നടന്നുപോകുന്നവര്‍, ചില രാകല്‍ സ്വരങ്ങള്‍ക്കും ജാലകമറകള്‍ക്കുമിടയിലൂടെ ഒരു ഗാനശലകത്തിന്റേയും ചുറ്റിക പ്രഹരത്തിന്റേയും സ്വരം കേള്‍ക്കും. ആ ഗാനാലാപനം പുറപ്പെടുവിച്ച വായ് സുസെറ്റെയുടേതും ഉളിയുടെ സ്വരമുണ്ടാക്കിയ കൈകള്‍ റെകാറെദൊയുടേതുമായിരുന്നു.

അപരിമിതമായ വൈവാഹിക പരമാനന്ദം. അവളുടെ ചുംബനങ്ങളാല്‍ പൊതിയപ്പെട്ട്, അവളുടെ മുടിയവന്റെ കഴുത്തിലേക്കു പെയ്തുവീണ് അവന്‍ നിശ്ശബ്ദം തന്റെ ജോലിസ്ഥലത്തേക്ക് നടന്നു. അവള്‍ ദീവാന്‍ കട്ടിലിനു മുകളില്‍ മയക്കത്തിലായിരുന്നു എങ്കില്‍ അവന്‍ തന്റെ നിശ്ശബ്ദതയുടെ ആഴം വര്‍ദ്ധിപ്പിച്ചു. അങ്ങനെ മയങ്ങുമ്പോള്‍ കറുത്ത സ്റ്റോക്കിങ്ങ്‌സണിഞ്ഞ കാലുകളവള്‍ മടക്കിവച്ചിരിക്കും. അവളുടെ അരക്കെട്ടൊരു തുറന്ന പുസ്തകം പോലെയാകും. അവനപ്പോള്‍ അവളുടെ ചുണ്ടിലൊന്നു ചുംബിച്ച് അവളുടെ ശ്വാസം വലിച്ചെടുക്കും. അവളപ്പോള്‍ കണ്ണു തുറന്നാല്‍ അതിലേക്ക് തുറിച്ചു നോക്കി നില്‍ക്കും. ഇതെല്ലാം കണ്ടാ കറുത്ത പക്ഷി അടക്കിപ്പിടിച്ച സന്തോഷത്തോടെ ചിരിക്കും. കൂട്ടില്‍ കിടക്കുന്ന ആ കറുത്ത പക്ഷി പക്ഷേ വിഷണ്ണയായിരുന്നു. സുസെറ്റെ ചോപിന്റെ സംഗീതം വായിച്ചപ്പോള്‍ അതിനൊപ്പം പാടാന്‍ അവള്‍ വിസ്സമ്മതിച്ചിരുന്നു. കറുത്ത പക്ഷിയുടെ അടക്കിപ്പിടിച്ച സന്തോഷത്തിന്റെ ചിരി! അതൊരു ചെറിയ കാര്യമല്ല.
”എന്നെക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും ശ്രദ്ധയുണ്ടോ?”
”ഉണ്ടെന്ന് നിനക്കറിയില്ലേ?”
”നിങ്ങള്‍ക്കെന്നെ ഇഷ്ടമാണോ”
”എനിക്കു നിന്നോട് ആരാധനയാണ്.”
അത്രയും കേള്‍ക്കുമ്പോഴെക്കും അത് കൊക്കുയര്‍ത്തി ചിലയ്ക്കാന്‍ തുടങ്ങും. കൊക്കിക്കുരയ്ക്കാന്‍ തുടങ്ങും. അവനെ തന്റെ കൂട്ടില്‍ നിന്നു പുറത്തിറക്കിയാലവന്‍ ആ നീലിച്ച മുറിയിലാകെ ചിറകടിച്ചു നടക്കും. അപ്പോളോയുടെ പ്‌ളാസ്റ്റര്‍ പ്രതിമയുടെ തലയ്ക്ക് മീതെ ചെന്നിരിക്കും. അല്ലെങ്കില്‍ ഇരുണ്ട വെങ്കലത്തില്‍ നിര്‍മ്മിച്ച ട്യൂടോണില്‍ ചെന്നു കൊത്തും. അതപ്പോള്‍ ഫൃര്‍്ര്‍്ര്‍്ര്‌റിറ്റ്! എന്നൊരു സ്വരമുണ്ടാക്കും വളരെ പരുഷമായാണാ സ്വരം എങ്കിലും ചിലപ്പോഴെല്ലാം അതിലൊരു പുതുമയും തോന്നാറുണ്ട്. സുസെറ്റെയുടെ കയ്യിനു മുകളില്‍ അതു വന്നിരിക്കുന്നതു കാണാനൊരു ചന്തമുണ്ട്. അവളപ്പോള്‍ ഒന്നു കൂകിവിളിക്കും. എന്നിട്ടവന്റെ കൊക്ക് തന്റെ പല്ലുകള്‍ക്കിടയിലിറുക്കും. അവന്‍ കരുണയ്ക്കായി യാചിക്കുന്നതുവരെ അവളതങ്ങനെ കടിച്ചു പിടിച്ചിരിക്കും. അവനെ മുക്തനാക്കിക്കഴിഞ്ഞാല്‍ അവള്‍ കരുണയാല്‍ വിറക്കുന്ന സ്വരത്തില്‍ ”നീ ഒരു തെമ്മാടിയാണു കറുത്ത പക്ഷീ” എന്നു പറയും.
പ്രണയിനികള്‍ ഇരുവരും പരസ്പരം മുടി വൃത്തിയാക്കിക്കൊടുത്തു. ”പാടൂ” അവന്‍ പറഞ്ഞു. അവളപ്പോള്‍ താത്പര്യമുണര്‍ത്തുന്ന സ്വരത്തില്‍ പാടി. പ്രണയിക്കുന്ന രണ്ടു യുവജനങ്ങള്‍ മാത്രമായിരുന്നു എങ്കിലും, അവര്‍ തങ്ങള്‍ വലിയ സൗന്ദര്യവും രാജകീയതയുള്ളവരും, അതുല്യരായതുമായ ജോടിയാണെന്ന് ധരിച്ചു. അയാള്‍ക്ക് അവള്‍ എല്‍സയായിരുന്നു. അവള്‍ക്കവന്‍ ലോഹെന്‍ഗ്രിനും. നിറയെ ഊര്‍ജ്ജസ്വലതയും സ്വപ്നങ്ങളുമുള്ള പ്രണയമുള്ള യുവത. അവര്‍ അവര്‍ക്ക് മുന്നില്‍ നീല പളുങ്കു ചില്ലുകള്‍ വച്ച് അനന്തമായ നിര്‍വൃതി കണ്ണുകളില്‍ നിറച്ചു.
അവര്‍ തമ്മിലെന്തു സ്‌നേഹമായിരുന്നു എന്നോ. അവനവളെ ദൈവങ്ങള്‍ക്കിടയിലെ നക്ഷത്രമായി കരുതി. അവന്റെ സ്‌നേഹത്തിലും പ്രണയത്തിലും എല്ലാ വിധ വികാരങ്ങളുമുണ്ടായിരുന്നു. ചിലപ്പോള്‍ അത് ശബ്ദമില്ലാത്തതാകും, ചിലപ്പോള്‍ വന്യം. ചിലപ്പോള്‍ നിഗൂഢം. ഈ കലാകാരന്‍ യോഗാനുഭവവിശ്വാസികൂടിയായിരുന്നു. ബ്രഹ്‌മജ്ഞാന വിശ്വാസി. തന്റെ പ്രണയിനി വളരെ ഉന്നതയാണെന്നും ഒരു മനുഷ്യനേക്കാള്‍ ഉപരിയാണെന്നും അയാള്‍ കരുതി. റൈഡര്‍ ഹഗ്ഗാര്‍ഡിന്റെ അയേഷയെപ്പോലെയൊരുവള്‍. ഒരു പൂവിലെ മധുനുകരുന്നതുപോലെ അവളെയയാള്‍ ഉറ്റിക്കുടിച്ചു. ഒരു നക്ഷത്രത്തിനോടെന്നപോലെ പുഞ്ചിരിച്ചു. അവളുടെ സുന്ദരമായ കൊച്ചു ശിരസ്സ് തന്റെ മാറോടണപ്പിച്ചപ്പോള്‍ അതിന്റെ കരുത്തനുഭവിച്ചു. അവള്‍ നിശ്ശബ്ദയും വ്യാകുലയുമായിരുന്നപ്പോഴെല്ലം ആ ശിരസ്സിനു ഒരു നാണയത്തില്‍ പതിപ്പിച്ച ബൈസന്റൈന്‍ ചക്രവര്‍ത്തിനിയുടെ ചിത്രത്തിന്റെ ഛായയുണ്ടാകുമായിരുന്നു.
റെകാറെദൊയ്ക്ക് തന്റെ കലയോടൊരു ഇഷ്ടമുണ്ടായിരുന്നു. രൂപങ്ങളുണ്ടാക്കുന്നതിനോടൊരു അഭിനിവേശം. മാര്‍ബിളില്‍ നിന്നയാള്‍ നഗ്‌നദേവതകളെ പുറത്തെത്തിച്ചു. അവര്‍ക്ക് മിനുപ്പേറിയ വെളുത്ത കണ്ണുകളുണ്ടാകും. കൃഷ്ണമണിയില്ലാത്ത കണ്ണുകള്‍. അയാളുടെ സ്റ്റുഡിയോ ശബ്ദിക്കാത്ത പ്രതിമകള്‍ നിറഞ്ഞ മനുഷ്യരുടെ ഒരു ലോകമായിരുന്നു. അതിനൊപ്പം ലോഹം കൊണ്ടുള്ള വന്യമൃഗങ്ങളും, ഭീകരങ്ങളായ ജലധാരത്തുമ്പുകളും, നീളന്‍ വാലുള്ള ഗ്രിഫിനുകളും, ഗോപ്യമായ പ്രചോദനങ്ങളില്‍ നിന്നുയിര്‍ത്ത ഗോഥിക് മധുരങ്ങളുമുണ്ട്. എന്നാല്‍ അയാള്‍ക്കേറേ പ്രിയം ജാപനീസ്, ചൈനീസ് വൈചിത്ര്യങ്ങളോടായിരുന്നു. അവയുടെ നിര്‍മ്മാണത്തില്‍ റെകാറെദൊയ്‌ക്കൊരു മൗലികതയുണ്ട്. ജാപാനിലേയും ചൈനയിലേയും ഭാഷ സംസാരിക്കാന്‍ അയാള്‍ക്കായിരുന്നു എങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നെനിക്കറിയില്ല. നല്ല ആല്‍ബങ്ങളെ അയാള്‍ പിന്തുടര്‍ന്നിട്ടുണ്ട്. ആകര്‍ഷകമായ വൈദേശിക സാഹിത്യം വായിച്ചിട്ടുണ്ട്. ലോട്ടി, ജൂഡിത്ത് ഗൗടിയര്‍ എന്നിവരോടാരാധനയുണ്ട്. യോകൊഹോമ, നാഗസാക്കി, ക്യോട്ടൊ, നാങ്കിങ്ങ്, പീകിങ്ങ് എന്നിവിടങ്ങളില്‍ നിന്ന് ആധികാരികതയുള്ള കത്തികള്‍, പൈപ്പുകള്‍, സ്വപ്നങ്ങളില്‍ കാണുന്ന തരം ഭീകരങ്ങളായ മുഖാവരണങ്ങള്‍ എന്നിവ വാങ്ങാന്‍ അയാള്‍ മറ്റിടങ്ങളില്‍ പിശുക്കിയിട്ടുണ്ട്. അതുപോലെ വീര്‍ത്ത ഉദരവും, ചരിഞ്ഞ കണ്ണുകളുമുള്ള മന്ദാരിന്‍ കുള്ളന്മാരേയും തവള വായുള്ള വലിയ, പിളര്‍ന്ന പല്ലുകളുള്ള വിചിത്രരൂപികളേയും കുറിയ, രൂക്ഷതയുള്ള ടാര്‍ടാര്‍ പടയാളികളേയും.
”നിങ്ങളുടെ ഈ ഭീകരമായ പണിശാലയെ ഞാന്‍ വെറുക്കുന്നു.” സുസെറ്റെ അയാളോട് പറഞ്ഞു. ”നിങ്ങളുടെ യക്ഷികളുടേതുപോലെയുള്ള മുയല്‍ക്കൂട്. എന്റെ ചുംബനങ്ങളില്‍ നിന്നു നിങ്ങളെ അകറ്റി നിര്‍ത്തുന്ന പണപ്പെട്ടി.” അതു കേട്ട് അയാള്‍ പല്ലിളിച്ചു കാണിക്കും. ജോലി ചെയ്യുന്നിടത്തുനിന്ന് അവള്‍ക്കരികിലേക്കെത്തും. നീലിച്ച മുറിയിലേക്ക് തന്റെ ജീവനുള്ള രത്‌നത്തെ ലാളിക്കാനെത്തും. ആ കറുത്ത പക്ഷി സന്തോഷത്തോടെ ചിരിക്കുന്നതു കേള്‍ക്കാനെത്തും.
ഒരു പ്രഭാതത്തിലയാള്‍ തന്റെ സുസെറ്റെ, റോസാപ്പൂക്കളുടെ ഒരു പാത്രം വച്ചിരുന്ന മൂന്നു കാലുള്ള ഒരു സ്റ്റൂളിനരികില്‍ മയങ്ങി കിടക്കുന്നതു കണ്ടു. അവളൊരു ഉറങ്ങുന്ന സുന്ദരിയായിരുന്നോ? അവളുടെ ലോലമായ ശരീരം ആ വെളുത്ത ഉടുപ്പിനെതിരെ അതിന്റെ ആകൃതി വ്യക്തമാക്കി. അവളുടെ പ്രസന്നതയുള്ള, ഇത്തിരി ചുവപ്പുള്ള മുടി ഒരു ചുമലില്‍ ചുരുണ്ടു കിടന്നു. അവളില്‍ നിന്ന് വളരെ മൃദുത്വമുള്ള, വശീകരിക്കുന്ന, ഒരു സ്‌ത്രൈണ ഗന്ധം വമിച്ചിരുന്നു. ”പണ്ടുപണ്ട്, ഒരു രാജാവുണ്ടായിരുന്നു…” എന്നു തുടങ്ങുന്ന കഥകളിലെ സുന്ദരിയായ രാജകുമാരിയെപ്പോലെയുണ്ടായിരുന്നു അവളപ്പോള്‍.
അയാള്‍ അവളെ ഉണര്‍ത്തി. ”എന്റെ സുന്ദരിക്കൂട്ടീ…സുസെറ്റെ” എന്നുണര്‍ത്തി. അയാളുടെ മുഖത്തപ്പോള്‍ സന്തോഷമുണ്ടായിരുന്നു. കറുത്ത കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ജോലി ചെയ്യുമ്പോള്‍ ധരിക്കാറുള്ള ചുവന്ന തുര്‍ക്കിത്തൊപ്പിയിലായിരുന്നു അയാള്‍. അയാളുടെ കയ്യില്‍ ഒരു കത്തുണ്ടായിരുന്നു.
”റോബര്‍ട്ടിന്റെ കത്താണിത് സുസെറ്റെ. അവനിപ്പോള്‍ ചൈനയിലാണ്! `ഹോങ്കോങ്ങ്, 18, ജനുവരി….”
സുസെറ്റെ അലസം എഴുന്നേറ്റിരുന്നു. ആ കടലാസു വാങ്ങി. ആ ഉലകം ചുറ്റുന്നവന്‍ ഇത്രയും ദൂരേക്കൊക്കെ സഞ്ചരിച്ചിരിക്കും എന്നാരു കരുതി! ”ഹോങ്കോങ്ങ്, 18, ജനുവരി….” എന്തൊരു നല്ല പയ്യനായിരുന്നു ആ റോബര്‍ട്ട്. എപ്പോഴും ചിരിക്കുന്നവന്‍. എപ്പോഴും ചിരിപ്പിക്കുന്നവന്‍. നല്ലൊരു സഹയാത്രികന്‍. അവനീ ഭൂമിയുടെ അറ്റത്തേക്കെത്തണമായിരുന്നു. നല്ല സുഹൃത്ത്. അവന്‍ രണ്ടു വര്‍ഷം മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കൊയിലേക്കും പിന്നെ കാലിഫോര്‍ണിയയിലേക്കും പോയതാണ്. നല്ല കിറുക്കാണവന്!
അയാളാണു വായിച്ചത്.
ഹോങ്കോങ്ങ്, 18 ജനുവരി 1888
എന്റെ പ്രിയപ്പെട്ട റെകാറെദൊ,
ഞാന്‍ വന്നു. ഞാന്‍ കണ്ടു. (ഇതുവരെ കീഴടക്കിയിട്ടില്ല.)
സാന്‍ഫ്രാന്‍സിസ്‌കൊയില്‍ വച്ചാണു നിന്റെ വിവാഹത്തെക്കുറിച്ചറിഞ്ഞത്. അതില്‍ സന്തോഷം തോന്നി. അവിടെ നിന്നൊരു കുതിപ്പിനു ചൈനയിലെത്തി. പട്ട്, ഇനാമല്‍, ആനക്കൊമ്പ് തുടങ്ങിയ ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനത്തിന്റെ പ്രതിനിധിയാണു ഞാന്‍. ഈ സുവര്‍ണ്ണരാജ്യത്തെ വസ്തുക്കളോട് നിനക്കുള്ള ഇഷ്ടം അറിയാമെന്നതിനാല്‍ നിനക്കൊരു സമ്മാനം പുറകെയെത്തും. നിന്നെ സംബന്ധിച്ചിടത്തോളം അത് സ്വര്‍ണ്ണത്തിനു തുല്യമാകും. സുസെറ്റെയോട് അന്വേഷണങ്ങാള്‍. ഈ ഓര്‍മ്മക്കുറിപ്പ് ആസ്വദിക്കുക.
റോബര്‍ട്ട്.
അത്രയേയുള്ളു. ഇരുവരും ചിരിക്കാന്‍ തുടങ്ങി. കറുത്ത പക്ഷി, തന്റെ ഭാഗം പൂര്‍ത്തിയാക്കാനെന്നപോലെ, സംഗീതാത്മകമായ കൂവലുകളോടെ ആ കൂടിനെ ഇളക്കിമറിച്ചു.
സമ്മാനപ്പൊതിയെത്തി. അധികം വലിപ്പമില്ലാത്ത ഒരു പെട്ടി. അതിന്റെ മുകളില്‍ മുദ്രണങ്ങളും അക്കങ്ങളും അതിലടങ്ങിയിരിക്കുന്ന വസ്തുവിന്റെ ലോലത്വം പ്രസ്താവിക്കുന്ന ചിത്രലിപികളും നിറയെയുണ്ട്. പെട്ടി തുറന്നപ്പോള്‍ അതിലെ നിഗൂഢത അറിവായി. പോര്‍സലീന്‍ കൊണ്ടുള്ള ഒരു അര്‍ദ്ധകായപ്രതിമ. ഒരു സ്ത്രീയുടെ അര്‍ദ്ധകായപ്രതിമ. പുഞ്ചിരിക്കുന്ന, മെഴുകുപുരണ്ട, മോഹിപ്പിക്കുന്ന ഒന്ന്. അതിന്റെ അഗ്രത്തില്‍ ചൈനീസ്, ഇംഗ്‌ളീഷ് ഫ്രഞ്ച് ഭാഷകളില്‍ ”ചൈനയിലെ മഹാറാണി” എന്നെഴുതിയിട്ടുണ്ട്. നിഗൂഢവും വശ്യവുമായ ഈ രൂപം പൗരസ്ത്യനാടുകളിലെ ഏതു കൈകളാണു രൂപപ്പെടുത്തിയത്? മുറുകെ കെട്ടിയ മുടി, ഏതോ സമസ്യയിലെന്നപോലെയുള്ള മുഖം, രാജകുമാരിയുടെ വശ്യമായ താഴേക്കു നോക്കുന്ന കണ്ണുകള്‍, സ്ഫിങ്ക്‌സിന്റേയുപോലെയുള്ള പുഞ്ചിരി, മാടപ്രാവുകളെപ്പോലെയുള്ള ചുമലുകള്‍ക്ക് മുകളിലെഴുന്നു നില്‍ക്കുന്ന കഴുത്ത്, ആ ചുമലില്‍ തിരയിളക്കം പോലെ കിടക്കുന്ന ചിത്രത്തുന്നലുകളുള്ള പട്ട്. ആ ചിത്രത്തുന്നലുകളില്‍ ഡ്രാഗണുകള്‍. ശുദ്ധമായ വെളുത്ത പോര്‍സലീന്‍ നിഷ്‌കളങ്കത. ചൈനയിലെ മഹാറാണി! സുസെറ്റെ തന്റെ ഇളം ചുവപ്പ് വിരലുകള്‍ അതി സുന്ദരിയായ ആ മഹാറാണിയുടെ കണ്ണുകള്‍ക്ക് മുകളിലൂടെയൊന്നോടിച്ചു. കുലീനമായ കണ്‍പുരികങ്ങളില്‍ നിന്ന് താഴേക്കൊഴുകുന്ന ചരിവിലൂടെ. അവള്‍ക്കതില്‍ സന്തോഷം തോന്നി. ഇത്തരത്തിലൊരു പോര്‍സലീന്‍ പ്രതിമ ലഭിച്ചതില്‍ റെകാറെദൊയ്ക്കും അഭിമാനം തോന്നി. അയാള്‍ ഇതു സൂക്ഷിക്കാനൊരു പെട്ടി നിര്‍മ്മിക്കും. വിശുദ്ധവും അതുല്യവുമായത്. അതില്‍ ഇവള്‍ ഒറ്റയ്ക്ക് വാഴും. വിജയിയായി, വീനസ് ദെ മിലൊയെപ്പോലെ രാജകീയമായി.
അതയാള്‍ ചെയ്തു. തന്റെ സ്റ്റുഡിയോയുടെ ഒരറ്റത്തൊരു കൊച്ചലമാരി പണിതു. മടക്കുന്ന സ്‌ക്രീനുകള്‍ കൊണ്ട്. അതിനെ നെല്‍വയലിനാലും കൊറ്റികളാലും അലങ്കരിച്ചു. അതില്‍ ശ്രദ്ധേയമായ നിറം മഞ്ഞയായിരുന്നു. എല്ലാ വിധ മഞ്ഞകളും അതിലുണ്ട്. അഗ്‌നിജ്വാലയുടേത്, കിഴക്കു നിന്നുള്ള കാവിയുടേത്, ശരത്കാലത്തെ ഇലകളുടേത്, വിളറി മങ്ങുന്നത്, ചത്തുകൊണ്ട് വെളുപ്പിലേക്ക് മാറുന്നത്. അവയ്ക്കിടയിലിരുന്ന് വിദേശിയായ മഹാറാണി ചിരിച്ചു. കറുപ്പും സ്വര്‍ണ്ണവര്‍ണ്ണവുമാര്‍ന്ന പീഠത്തിലിരുന്ന് ചിരിച്ചു. അവള്‍ക്ക് ചുറ്റിലും റെകാറെദൊ തന്റെ ചൈനീസ്, ജാപനീസ് അപൂര്‍വ്വ ശേഖരങ്ങള്‍ നിരത്തി. അവള്‍ക്ക് മുകളില്‍ ഒരു വലിയ നിപ്പോണ്‍ കൈക്കുട. അതില്‍ പൂവ്വുള്ള പച്ചച്ചെടികളും തടിച്ചു ചുവന്ന റോസാപ്പൂക്കളും പെയ്ന്റ് ചെയ്തിരുന്നു. തന്റെ പൈപ്പുകളും ഉളികളുമെല്ലാം മാറ്റി വച്ച് സ്വപ്നാടകന്റെ കണ്ണുകളുള്ള കലാകാരന്‍ ആ മഹാറാണിയ്ക്ക് മുന്നില്‍ കൈ കൂപ്പി നിന്നു. വണങ്ങി. അതൊരു കൗതുകം തരുന്ന കാഴ്ചയായിരുന്നു. നിത്യവും ഒന്നല്ല, രണ്ടല്ല, പലതവണ അയാള്‍ അവളെ സന്ദര്‍ശിച്ചു. അവള്‍ അയാളുടെ തീവ്രാഭിലാഷമായി. എന്നും അയാള്‍ ഒരു യോകോഹോമ ഇനാമല്‍ പാത്രത്തില്‍ അവള്‍ക്ക് മുന്നില്‍ പുതുപൂക്കള്‍ വച്ചു. ചിലപ്പോള്‍ കിഴക്കു നിന്നുള്ള ഈ അര്‍ദ്ധകായ പ്രതിമയുടെ നിശ്ചലവും സുന്ദരവുമായ രൂപം തന്നെ വല്ലാതെ സ്പര്‍ശിക്കുന്നു എന്ന തോന്നല്‍ അയാളിലുണ്ടായി. അവളുടെ എല്ലാ വിശദാംശങ്ങളും അയാള്‍ പഠിച്ചെടുത്തു. ചെവിയുടെ മടക്കുകള്‍, ചുണ്ടിന്റെ വളവ്, മിനുത്ത മൂക്ക്, പുരികത്തിന്റെ ചരിവ് എല്ലാം. തന്റെ പ്രതിമ. ദൂരെയെങ്ങോ പ്രശസ്തയായിരുന്ന മഹാറാണി.
സുസെറ്റെ അയാളെ വിളിച്ചു.
”റെകാറെദൊ.”
”വരുന്നു.”
അയാള്‍ പക്ഷേ ആ കലാരൂപത്തിലേക്കു തന്നെ ഉറ്റുനോക്കിക്കൊണ്ടു നിന്നു. അവസാനം സുസെറ്റെയ്ക്ക് ഉമ്മകള്‍കൊണ്ടു പൊതിഞ്ഞു കെട്ടി അയാളെ അവിടെ നിന്നു വലിച്ചുകൊണ്ടുപോകേണ്ടി വന്നു.
ഒരു ദിവസം ആ പൂപാത്രത്തില്‍ നിന്ന് മന്ത്ര വിദ്യയാലെന്നപോലെ പൂക്കള്‍ അപ്രത്യക്ഷമായി.
”ആരാണീ പൂക്കള്‍ എടുത്തുമാറ്റിയത്?” കലാകാരന്‍ തന്റെ സ്റ്റുഡിയോയില്‍ നിന്നലറി.
”ഞാന്‍.” വിറച്ചുകൊണ്ടൊരു സ്വരം വന്നു.
സുസെറ്റെ ഒരു പര്‍ദ്ദ മാറ്റി. ലജ്ജിച്ച് തന്റെ ഇരുണ്ട കണ്ണുകള്‍ പുറത്തിട്ടു.
തന്റെ മനസ്സിന്റെ ആഴങ്ങളിലെവിടേയോ റെകാറെദൊ എന്ന ശില്പി സ്വയം ഒരു ചോദ്യം ഉന്നയിച്ചു. `എന്റെ പ്രിയതമയ്‌ക്കെന്തു പറ്റി? അവള്‍ ഭക്ഷണം കഴിക്കുന്നതു കുറച്ചിരിക്കുന്നു. അവള്‍ തുറന്ന സുന്ദരങ്ങളായ പുസ്തകങ്ങള്‍ കറുത്ത ഷെല്‍ഫില്‍ ഇപ്പോള്‍ അടഞ്ഞു കിടക്കുന്നു. അവളുടെ ഊഷ്മളതയുള്ള ഇളം ചുവപ്പ് കൈകളുടെ സ്പര്‍ശം കാംക്ഷിച്ചു കിടക്കുന്നു.` അവള്‍ വിഷണ്ണയാണെന്ന് റെകാറെദൊ കണ്ടെത്തി. ഇവള്‍ക്കെന്തു പറ്റി? അവള്‍ മേശക്കരികില്‍ വന്നിരിക്കാറുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നില്ല. വല്ലാതെ വിഷണ്ണയായിരിക്കുന്നു അവള്‍. തീര്‍ത്തും മൗനിയും. ചിലപ്പോള്‍ അയാള്‍ തന്റെ കണ്ണിന്റെ കോണില്‍ നിന്നവളെ വീക്ഷിക്കാറുണ്ട്. അപ്പോള്‍ അവരുടെ ഇരുണ്ട കൃഷ്ണമണി നനഞ്ഞിരിക്കുന്നതു കാണും. ഒന്നു കരയാനാഗ്രഹിക്കുന്നതുപോലെ നനഞ്ഞിരിക്കുന്നത്. എന്തെങ്കിലും ചോദിച്ചാല്‍ വരുന്ന മറുപടി മധുരം നിഷേധിക്കപ്പെട്ട ഒരു കുഞ്ഞില്‍ നിന്നു വരുന്നതുപോലെയാണ്. ”ഒന്നുമില്ല.” ചുണ്ടുകള്‍ വിറപ്പിച്ചാണവളില്‍ നിന്നാ ”ഒന്നുമില്ല” വരിക. അതിന്റെ അക്ഷരങ്ങള്‍ക്കിടയില്‍ അപ്പോള്‍ കണ്ണുനീര്‍ത്തുള്ളികളുണ്ടാകും.
സെനോര്‍ റെകാറെദൊ! നീ ഒരു വെറുക്കപ്പെട്ടവനായിരിക്കുന്നു എന്നതാണു നിന്റെ പ്രിയതമയ്ക്ക് സംഭവിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള മഹാറാണി നിന്റെ വീട്ടിലെത്തിയ ദിനം മുതല്‍, ആ നീല നിറമുള്ള മുറി വിഷണ്ണമായിരിക്കുന്നതും കറുത്ത പക്ഷി പാടാതായിരിക്കുന്നതും, ചിരിക്കാതായിരിക്കുന്നതും നീ അറിയുന്നില്ലേ? സുസെറ്റെ ചോപിനെ പുനരുജ്ജീവിപ്പിച്ചു. അയാളുടെ വ്യാധിബാധിച്ച മെലഡി സാവധാനത്തില്‍ എന്നാല്‍ മാധുര്യത്തോടെ കറുത്ത പിയാനോയില്‍ നിന്നുയര്‍ന്നു. അവള്‍ക്കസൂയയായിരുന്നു സെനോര്‍ റെകാറെദൊ. അവള്‍ അസൂയയില്‍ കത്തിത്തീരുകയും മുങ്ങിച്ചാകുകയുമാണ്. അതവളുടെ ആത്മാവിനെ ഒരു പാമ്പിനെപ്പോലെ ശ്വാസം മുട്ടിക്കുന്നു. അസൂയ! ഒരു പക്ഷേ അതെന്തെന്ന് അയാള്‍ക്ക് മനസിലാകുന്നുണ്ടാകില്ല. ഒരു സായാഹ്നത്തില്‍ ആവിപാറുന്ന കാപ്പിക്കരികിലിരിക്കുമ്പോള്‍ തന്റെ പ്രിയയോട് ആയാള്‍ ”നീ എന്നോട് അനീതി കാണിക്കുന്നു. ഞാന്‍ നിന്നെ ഹൃദയം നിറഞ്ഞു സ്‌നേഹിക്കുന്നത് നീ കാണുന്നില്ലേ? എന്റെ ഹൃദയത്തിലെന്തെന്ന് നിനക്കെന്റെ കണ്ണുകളില്‍ നിന്നു വായിച്ചെടുക്കാനാകുന്നില്ലേ” എന്നു ചോദിച്ചു.
അതു കേട്ടതും സുസെറ്റെ കരയാന്‍ തുടങ്ങി. എന്നു വച്ചാല്‍ അയാളിപ്പോഴും അവളെ സ്‌നേഹിക്കുന്നു എന്ന്! അതു തെറ്റാണ്. അയാള്‍ക്കിപ്പാള്‍ തന്നോട് സ്ന്‍ഹമൊന്നുമില്ല. ഉജ്ജ്വലമായ തിളക്കമുള്ള ആ കാലം അവസാനിച്ചിരിക്കുന്നു. അവരുടെ ചുംബനങ്ങളും ലാളനകളും ഒരു പക്ഷിക്കൂട്ടത്തെപ്പോലെ ചിതറിപ്പോയിരിക്കുന്നു. അയാള്‍ക്കിപ്പാള്‍ തന്നോടൊരു സ്‌നേഹവുമില്ല. അയാള്‍ അവളെ വിട്ടിരിക്കുന്നു. അയാളുടെ ഇഷ്ടങ്ങള്‍ക്കായി, അയാളുടെ സ്വപ്നങ്ങള്‍ക്കായി, അയാളുടെ മഹാറാണിക്കായി, മറ്റൊരു പെണ്ണിനായി.
മറ്റൊരു പെണ്ണിനായി! റെകാറെദൊ എന്തോ പറയാനാരംഭിച്ചു. അവള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. താനൊരുകാലത്തൊരു പ്രണയഗാനം എഴുതി ചിട്ടപ്പെടുത്തി നല്‍കിയ സുന്ദരി യൂളോജിയയെയാണോ ഇവള്‍ ഉദ്ദേശിച്ചത്?
”അല്ല.” അവള്‍ തലയാട്ടി.
നീണ്ടു കറുത്ത മുടിയും വെണ്ണക്കല്ലുപോലെ വെളുത്ത ചര്‍മ്മവുമുള്ള ധനികയായ കൊഴുത്ത ശരീരമുള്ള ഗബ്രിയേലയേയാണോ? അവരുടെ അര്‍ദ്ധകായ പ്രതിമ അയാള്‍ നിര്‍മ്മിച്ചിരുന്നുവല്ലോ? അതോ ലൂയിസയെയോ? ലൂയിസ എന്ന നര്‍ത്തകി. ചന്തമുള്ള ചുമലും ഇടുങ്ങിയ അരക്കെട്ടും മുലയൂട്ടുന്ന അമ്മയുടെ മാറിടവുമുള്ളവള്‍? അതോ ആന്ദ്രേയ എന്ന വിധവയേയോ? അവള്‍ ചിരിക്കുമ്പോള്‍ ആനക്കൊമ്പിന്റെ വര്‍ണ്ണമുള്ള പല്ലുകള്‍ക്കിടയിലൂടെ പൂച്ചയുടേതുപോലെയുള്ള ചുവന്ന നാക്ക് പുറത്തു നീട്ടാറുണ്ടല്ലോ?
അല്ല. ഇവരാരുമല്ല. റെകാറെദൊ ആശയക്കുഴപ്പത്തിലായി. ”എന്നോട് സത്യം പറയ് പ്രിയേ. അവള്‍ ആരാണ്? നിന്നെ ഞാന്‍ എത്ര സ്‌നേഹിക്കുന്നു എന്ന് നിനക്കറിയാം എന്റെ എല്‍സ. എന്റെ ജൂലിയറ്റ്. എന്റെ പ്രാണസഖി. എന്റെ ജീവനേ….”
ശ്വാസമൊന്നെടുക്കാതെയയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്ന വാക്കുകളിലെ സ്‌നേഹം സുസെറ്റെയുടെ കണ്ണുനീരുണക്കി. അവള്‍ എഴുന്നേറ്റു. കുലീനവും സുന്ദരവുമായ തലയൊന്നിളക്കി.
”നിങ്ങള്‍ക്കെന്നോട് പ്രണയമുണ്ടോ?”
”എനിക്കുണ്ടെന്ന് നിനക്കറിയാമല്ലോ.”
”അങ്ങനെയെങ്കില്‍ എനിക്കെന്റെ എതിരാളിയോട് പ്രതികാരം ചെയ്യാന്‍ അനുമതി തരണം. ഞാന്‍ വേണോ അവള്‍ വേണോ എന്നു നിങ്ങാള്‍ തീരുമാനിക്കണം. നിങ്ങള്‍ക്കെന്നോടിഷ്ടമുണ്ടെങ്കില്‍ അവളെ എന്നന്നേക്കുമായി വലിച്ചെറിയണം. അപ്പോള്‍ നിങ്ങള്‍ എന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നെനിക്കുറപ്പിക്കാനാകും.”
”അങ്ങനെ തന്നെ ചെയ്യാം.” അയാള്‍ കാപ്പി നുണഞ്ഞുകൊണ്ടിരുന്നു. മഷിപോലെ കറുത്ത കാപ്പി. അസൂയ മൂത്ത തന്റെ കൊച്ചു പക്ഷി അവിടെ നിന്നിറങ്ങിപ്പോകുന്നത് നോക്കിയിരുന്നു.
മൂന്നു കവിള്‍ കുടിക്കുമ്പോഴേക്കും തന്റെ സ്റ്റുഡിയോയില്‍ നിന്ന് എന്തൊക്കെയോ തട്ടിമറിഞ്ഞ് വീഴുന്ന സ്വരം കേട്ടു.
അയാള്‍ അവിടേക്കെത്തി. എന്താണവിടെ കണ്ടത്? കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന് പീഠത്തിലുണ്ടായിരുന്ന അര്‍ദ്ധകായ പ്രതിമ അപ്രത്യക്ഷമായിരിക്കുന്നു. അത് നിലത്ത് പലതുണ്ടുകളായി ചിതറിക്കിടക്കുന്നു. അത് സുസെറ്റെയുടെ കാലടികള്‍ക്കടിയിലെ പോര്‍സലീന്‍ തുണ്ടുകളില്‍, അവയുടെ ഭാഗമായി കിടക്കുന്നു. ചുവന്ന മുഖവും പാറിപ്പറക്കുന്ന മുടിയുമായി, അവള്‍ ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഭര്‍ത്താവിനെ നോക്കി ചിരിച്ചു. അയാളില്‍ നിന്ന് ചുംബനം കാത്തു നില്‍ക്കുന്നതിനിടയില്‍ ”ഞാനെന്റെ പ്രതികാരം തീര്‍ത്തിക്കുന്നു. ചൈനയിലെ മഹാറാണി അന്തരിച്ചിരിക്കുന്നു” എന്നു പ്രഖ്യാപിച്ചു.
ആ നീല മുറിയില്‍ അവരുടെ ചുണ്ടുകള്‍ തീവ്രവികാരത്തോടെ, നിറയുന്ന സന്തോഷത്തോടെ, ഒന്നു ചേര്‍ന്നപ്പോള്‍, കൂട്ടില്‍ കിടന്ന കറുത്ത പക്ഷി ചിരിച്ചു ചിരിച്ച് ചത്തുപോകും എന്നു തോന്നി.

റൂബെന്‍ ഡാരിയൊ
(1867-1916) (നിക്കാരഗ്വ)
(ഫെലിക്‌സ് റൂബെന്‍ ഗാര്‍സിയ സര്‍മീന്റൊ എന്നു പൂര്‍ണ്ണ നാമം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലെ, സ്പാനിഷ് ഭാഷയിലെ ആധുനികതയുടെ അഭിവൃദ്ധികാലങ്ങളിലെ പ്രസിദ്ധനായ നിക്കാരഗ്വന്‍ കവി. സാഹിത്യ രംഗത്തുനിന്നും അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച ആദ്യ ലാറ്റിന്‍ അമേരിക്കന്‍ `സെലിബ്രിറ്റി` എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നു. അച്ഛനമമ്മര്‍ വേരിപിരിഞ്ഞതിനു ശേഷം അത്രയൊന്നും സുന്ദരമല്ലാത്ത ഒരു ബാല്യത്തിലൂടെ കടന്നുപോയവനാണ് റൂബെന്‍ ഡാരിയൊ. അമ്മയുടെ അമ്മാവനും അമ്മായിയും ചേര്‍ന്നാണദ്ദേഹത്തെ വളര്‍ത്തിയത്. അവരാണു തന്റെ മാതാപിതാക്കള്‍ എന്നദ്ദേഹം ബാല്യത്തില്‍ കരുതുകയും ചെയ്തു. പില്‍ക്കാലത്ത് കവി, മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, നയതന്ത്ര പ്രതിനിധി എന്ന നിലയിലെല്ലാം ശോഭിച്ചു.)

വിവ : സുരേഷ് എം.ജി







No Comments yet!