Skip to main content

ആത്മകഥ

ആദ്യത്തെ അടിയ്ക്കു തന്നെ ഞാൻ മരിച്ചു,
പാടത്തെ കല്കൂട്ടങ്ങൾക്കിടയിൽ എന്നെ
മറവു ചെയ്യുകയും ചെയ്തു.

എന്നെ എന്തു ചെയ്യണമെന്ന്
മലങ്കാക്ക എന്റെ അച്ഛനമ്മമാരെ പഠിപ്പിച്ചിരുന്നു.

എന്റെ കുടുംബം പ്രശസ്തമാണെങ്കിൽ
ചെറുതല്ലാത്തൊരു വിഹിതം അതിലെനിക്കുമുണ്ട്.
എന്റെ സഹോദരൻ കൊലപാതകം കണ്ടുപിടിച്ചു,
എന്റെ അച്ഛനമ്മമാർ ദുഃഖം കണ്ടുപിടിച്ചു,
ഞാൻ മൗനം കണ്ടുപിടിച്ചു.

പരക്കെ അറിയപ്പെടുന്ന ആ സംഭവങ്ങൾ പിന്നീടുണ്ടായി.
ഞങ്ങളുടെ കണ്ടുപിടുത്തങ്ങൾ കുറ തീർക്കപ്പെട്ടു.
ഒന്ന് മറ്റൊന്നിലേക്കു നയിച്ചു, ഉത്തരവുകൾ നല്കപ്പെട്ടു.
സ്വന്തം വഴിയ്ക്കു കൊല നടത്തിയവരുണ്ടായിരുന്നു,
സ്വന്തം വഴിയ്ക്കു ദുഃഖിച്ചവരുമുണ്ടായിരുന്നു.

പേരുകൾ ഞാൻ പരാമർശിക്കുകയില്ല,
വായനക്കാരന്റെ വികാരം കണക്കിലെടുക്കണമല്ലോ;
വിശദാംശങ്ങൾ ആദ്യമൊക്കെ ഞെട്ടിപ്പിക്കുമെങ്കിലും
പിന്നീടു വല്ലാതെ മുഷിപ്പുണ്ടാക്കും:

ഒരിക്കൽ മരിക്കാം,
രണ്ടാമതും ഏഴാമതു വേണമെങ്കിലും മരിക്കാം,

എന്നാലൊരായിരം തവണ
മരിക്കാൻ നിങ്ങൾക്കാവില്ല.

എനിക്കു കഴിയും.
ഭൂഗർഭത്തിലെ എന്റെ അറകൾ എവിടെയുമെത്തും.

കായേൻ ഭൂമുഖത്തു പെരുകാൻ തുടങ്ങിയപ്പോൾ
ഞാൻ ഭൂമിയുടെ ഉദരത്തിൽ പെരുകാൻ തുടങ്ങി,
എന്റെ ബലം അവന്റേതിനെക്കാൾ വലുതായിരുന്നു.
അവന്റെ സൈന്യഗണങ്ങൾ അവനെ വെടിഞ്ഞ് എന്റെ ഭാഗം ചേരുന്നു,
അതുപോലും പ്രതികാരത്തിന്റെ പകുതിയേ ആവുന്നുള്ളു.

***

(നാസികാലത്തെ ജൂതവംശഹത്യകൾ മനസ്സിൽ വച്ചുകൊണ്ടു വായിക്കുക.)

വിവര്‍ത്തനം : വി. രവികുമാർ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.