2026 ഏപ്രില്‍ ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച, എണ്‍പത്തിയേഴാം വയസ്സില്‍ മുനി നാരായണ പ്രസാദ് ഈ ലോകയാത്ര അവസാനിപ്പിച്ചതോടെ, ഭൂമിയുടെ നിലനില്‍പ്പ് അതിനോട് മനുഷ്യന്റെ ഉത്തരവാദിത്തം എന്ന വിഷയത്തില്‍ ഇന്ത്യ കണ്ട ഏറ്റവും സ്വതന്ത്രവും അപൂര്‍വവുമായ ദാര്‍ശനിക ശബ്ദങ്ങളിലൊന്നാണ് നിശ്ശബ്ദമായത്.
അദ്ദേഹം കാലാവസ്ഥാ ലക്ഷ്യങ്ങളുടെ ഭാഷ സംസാരിച്ചില്ല; കാര്‍ബണ്‍ വിപണികളുടെ കണക്കുകൂട്ടലുകളില്‍ അദ്ദേഹം വിശ്വസിച്ചില്ല. നയരൂപീകരണത്തിന്റെ വാചകശൈലിയിലും ഉച്ചത്തിലുള്ള സമരപ്രഖ്യാപനങ്ങളിലും അദ്ദേഹം തന്റെ ചിന്തകളെ അടച്ചുപൂട്ടിയില്ല. എന്നാല്‍, നമ്മുടെ കാലത്തെ ഏറ്റവും നിര്‍ണ്ണായക പ്രതിസന്ധിയായി മാറിയ ഈ ഭൂമിസങ്കടത്തെ ഇത്രയും ആഴത്തില്‍ തിരിച്ചറിഞ്ഞ ചിന്തകര്‍ വളരെ കുറവാണ്.
പരിസ്ഥിതി എന്ന ചോദ്യം അദ്ദേഹത്തിന് യന്ത്രങ്ങളുടെയും കണക്കുകളുടെയും വിഷയമായിരുന്നില്ല. അത് മനുഷ്യസംസ്‌കാരത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന ഒരു അന്വേഷണമായിരുന്നു. മനുഷ്യന്‍ പ്രകൃതിയോട് എങ്ങനെ പെരുമാറുന്നു എന്നതിലുപരി, സ്വന്തം അഹങ്കാരത്തോടും ആഗ്രഹങ്ങളോടും അതിരില്ലാത്ത ഉപഭോഗവാഞ്ഛയോടും എങ്ങനെ ബന്ധപ്പെടുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഭൂമിയെ രക്ഷിക്കേണ്ടത് വനങ്ങളെ മാത്രം സംരക്ഷിച്ചുകൊണ്ടല്ല, മനുഷ്യഹൃദയത്തെ വിനയത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലൂടെയാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. പ്രകൃതിയുടെ മുറിവുകള്‍ പലപ്പോഴും മനുഷ്യചിത്തത്തിന്റെ മുറിവുകളാണെന്ന സത്യം അദ്ദേഹം തന്റെ ജീവിതംകൊണ്ട് വരച്ചിട്ടു.
ഭൂമിയുടെ നിലനില്‍പ്പ് എന്ന ആശയത്തെ ഊര്‍ജം, ജലം, ജൈവവൈവിധ്യം, കാലാവസ്ഥ എന്നിങ്ങനെ പല തുണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത്, അവയെല്ലാം ചേര്‍ന്ന സമഗ്രതയെ കാണേണ്ടതാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു, പറഞ്ഞു. പ്രതിസന്ധി, വിഭവങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല; സത്തയെ തന്നെ നാം എങ്ങനെ മനസ്സിലാക്കുന്നു എന്നതിലാണത് വേരൂന്നിയിരിക്കുന്നത് എന്നും അദ്ദേഹം വാദിച്ചു. പ്രകൃതിയില്‍ നിന്ന് വേറിട്ട സത്തയാണു താനെന്ന് കരുതുന്ന ഒരു സംസ്‌കാരം, അതിനെ നിലനിര്‍ത്തുന്ന അടിസ്ഥാനങ്ങളെ അനിവാര്യമായും നശിപ്പിക്കും.

ജാതിവ്യവസ്ഥയുടെ അധിനിവേശത്തെ ചോദ്യം ചെയ്ത് ആത്മീയ ഏകത്വത്തില്‍ അധിഷ്ഠിതമായ സമത്വദര്‍ശനം ഉയര്‍ത്തിപ്പിടിച്ച മഹാചിന്തകന്‍ നാരായണ ഗുരുവിന്റെ പാരമ്പര്യം ഏറ്റവും കഠിനമായ ബൗദ്ധിക ശാസനയോടെ ഏറ്റുവാങ്ങിയ പിന്‍ഗാമികളില്‍ ഒരാളായി നിലകൊള്ളുന്നു മുനി നാരായണ പ്രസാദ്. എന്നാല്‍ അദ്ദേഹം ഗുരുവിനെ വ്യാഖ്യാനിച്ചവന്‍ മാത്രമല്ല. ഉപഭോഗം, ചൂഷണം, വേഗം എന്നിവകൊണ്ട് രൂപംകൊണ്ട ആധുനിക വികസനലോകത്തില്‍ നൈതികമായി ജീവിക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്ന ചോദ്യത്തിലേക്ക് ഗുരുവിന്റെ ദര്‍ശനത്തെ അദ്ദേഹം വിപുലീകരിച്ചു.
1939-ല്‍ കേരളത്തില്‍ ജനിച്ച അദ്ദേഹം സിവില്‍ എഞ്ചിനീയറിംഗ് അഭ്യസിച്ചു, കുറച്ചുകാലം സംസ്ഥാന ഭരണസംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. അടിസ്ഥാനസൗകര്യങ്ങളുടെയും പദ്ധതിയിടലിന്റെയും ലോകത്തെ ആ ആദ്യാനുഭവം വികസനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച അദ്ദേഹത്തിന് നല്‍കി. എന്നാല്‍ അറുപതുകളുടെ അന്ത്യത്തില്‍ ആ വഴിയെ വിട്ട് നാരായണ ഗുരുകുലത്തില്‍ ചേര്‍ന്നത്, ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിച്ചു.
1923-ല്‍, ഊട്ടിക്കു സമീപമുള്ള നീലഗിരി പര്‍വതനിരകളില്‍ നടരാജ ഗുരു സ്ഥാപിച്ച നാരായണ ഗുരുകുലം, സാധാരണ സ്ഥാപനങ്ങളോട് ഉപമിക്കാനാവാത്ത ഒന്നാണ്. അത് ഒരു മഠമല്ല; ഒരു സര്‍വകലാശാലയും അല്ല. സിദ്ധാന്തങ്ങള്‍ ഉപദേശിക്കപ്പെടുന്ന ഇടമല്ല, മറിച്ച് ദര്‍ശനം ജീവിക്കപ്പെടുന്ന ഒരു തുറന്ന അന്വേഷണഭൂമിയായിരുന്നു. നാരായണ ഗുരുവിന്റെ ഉപദേശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള അന്വേഷണാത്മാക്കളെ മതാചാരങ്ങളുടെ ചങ്ങലകളില്ലാതെ, അക്കാദമിക വിഭാഗീകരണങ്ങളുടെ മതിലുകളില്ലാതെ, സത്ത, സമൂഹം, ജ്ഞാനം എന്നീ ചോദ്യങ്ങളുമായി മുഖാമുഖം നിര്‍ത്തുന്ന വേദിയായി അത് വളര്‍ന്നു.
പിന്നീട് മുനി നാരായണ പ്രസാദ് ഈ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തു, ദശാബ്ദങ്ങളോളം അതിന്റെ ബൗദ്ധിക ദിശയെ രൂപപ്പെടുത്തി. ആ വേദിയിലൂടെ അദ്ദേഹം ഇന്ത്യയിലെയും വിദേശങ്ങളിലെയും അനവധി വായനക്കാരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും എത്തി. എന്നാല്‍ പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധി തേടിക്കൊണ്ടായിരുന്നില്ല അതൊന്നും.
വിസ്തൃതമായിരുന്നു അദ്ദേഹത്തിന്റെ രചനാലോകം. മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറ്റിമുപ്പതിലധികം ഗ്രന്ഥങ്ങള്‍. ഉപനിഷത്തുകളെക്കുറിച്ചും ഭഗവത് ഗീതയെക്കുറിച്ചും അദ്ദേഹം എഴുതി; അതുപോലെ തന്നെ ഖുറാന്‍, ബൈബിള്‍ എന്നിവയോടും ആഴത്തില്‍ സംവദിച്ചു. സാമ്പ്രദായികമല്ലാത്ത ഈ ഇടപെടല്‍ ഒരു ഉപരിപ്ലവ സൗഹാര്‍ദ്ദത്തിന്നുള്ള ശ്രമമല്ലായിരുന്നു; ജീവന്റെ പരസ്പരബന്ധിതത്വത്തെ അംഗീകരിക്കുന്ന ഒരു നൈതിക അടിത്തറ കണ്ടെത്താനുള്ള ഗൗരവമേറിയ ദാര്‍ശനിക ശ്രമമായിരുന്നു അത്.
ഈ പരസ്പരബന്ധിതത്വ ബോധം തന്നെയാണ് അദ്ദേഹത്തിന്റെ പരിസ്ഥിതി ദര്‍ശനത്തിന്റെ കാതല്‍.
മനുഷ്യന്റേയും പ്രകൃതിയുടേയും അസ്തിത്വം ഒന്നു തന്നെയാണെന്ന് അദ്ദേഹം ഉറച്ചുപറഞ്ഞു. മനുഷ്യനും പ്രകൃതിയും തമ്മില്‍ നാം സൃഷ്ടിക്കുന്ന വേര്‍തിരിവുകള്‍ ആശയപരമായവ മാത്രമാണ്; തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അവ യാഥാര്‍ഥ്യത്തെ മറച്ചുവയ്ക്കുന്ന മായാരേഖകള്‍ മാത്രമാണ്. ആ ഭേദം സത്യമെന്ന വിധത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍, പ്രകൃതി ചൂഷണത്തിനായി തുറന്നിടപ്പെടുന്നു. നദികള്‍ ജലവിഭവങ്ങളായി ചുരുങ്ങുന്നു; കാടുകള്‍ മരക്കൊമ്പുകളുടെ ശേഖരമായി കണക്കാക്കപ്പെടുന്നു; തീരങ്ങള്‍ ഭൂസ്വത്തായി വിലമതിക്കപ്പെടുന്നു. അതിന്റെ തുടര്‍ച്ചയില്‍ സംഭവിക്കുന്നത് പരിസ്ഥിതി നാശം മാത്രമല്ല, അര്‍ത്ഥബോധത്തിന്റെ ആഴത്തിലുള്ള ക്ഷയവുമാണ്.

കാലാവസ്ഥാമാറ്റം സാധാരണ സംഭാഷണത്തിന്റെ ഭാഗമാകുന്നതിന് ഏറെ മുമ്പേ തന്നെ അറ്റമില്ലാത്ത ഉപഭോഗവാഞ്ഛയുമായി മുന്നേറുന്ന ഒരു സംസ്‌കാരം പ്രകൃതിയുടെ തുലനാവസ്ഥയെയും മനുഷ്യന്റെ ക്ഷേമത്തെയും ഒരുപോലെ തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. നൈതിക നിയന്ത്രണങ്ങളില്‍ നിന്ന് വേര്‍പെട്ട വികസനം, ഭൂമി, ജലം, തൊഴില്‍ എന്നിവയുടെ ചൂഷണപ്രക്രിയയായി മാറുന്നു; ഒടുവില്‍ അത് മനുഷ്യബോധത്തെയേയും ശൂന്യമാക്കിത്തുടങ്ങുന്നു. സാമൂഹിക വികസനത്തിന്റെ മാതൃകയായി പലപ്പോഴും പ്രശംസിക്കപ്പെടുന്ന കേരളം ഈ വൈരുദ്ധ്യത്തിന്റെ ജീവനുള്ള ഉദാഹരണമായി അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. ഉയര്‍ന്ന സാക്ഷരതയും ആരോഗ്യസൂചികകളും നിലനില്‍ക്കുമ്പോഴും പരിസ്ഥിതി സമ്മര്‍ദ്ദങ്ങള്‍ വ്യാപകമാകുന്നു, കനക്കുന്നു. മണ്‍സൂണ്‍ മഴകളില്‍ നദികള്‍ കരകവിഞ്ഞൊഴുകുമ്പോഴും അവയുടെ ജീവശക്തി ക്ഷയിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുമ്പോഴും തീരങ്ങള്‍ ഇടിഞ്ഞൊഴുകുന്നു. പൊതുചര്‍ച്ചകള്‍ സജീവമെങ്കിലും, അവ കൂടുതല്‍ കൂടുതല്‍ ചിതറിപ്പോകുന്നു.
ഇവയെ അദ്ദേഹം വേറിട്ട പ്രശ്‌നങ്ങളായി കണ്ടില്ല; ഉള്ളിലെ ഒരു ആഴമേറിയ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളായി കണ്ടു.
ഉദാഹരണത്തിന് നദികളെ നോക്കാം. മുനി നാരായണ പ്രസാദ് അവയെ നിയന്ത്രിക്കേണ്ട ജലശാസ്ത്ര സംവിധാനങ്ങളായി മാത്രം കണ്ടിരുന്നില്ല. പരസ്പരം പങ്കിടുന്ന ജീവവലയത്തിനുള്ളില്‍ സ്പന്ദിക്കുന്ന സജീവ സാന്നിധ്യങ്ങളായി അദ്ദേഹം അവയെ അനുഭവിച്ചു. മലിനീകരണമാകട്ടെ, അണക്കെട്ടുകളാകട്ടെ, അതിരുകടന്ന ജലശോഷണമാകട്ടെ, നദികളുടെ ക്ഷയം സമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ന്നുപോകുന്നതിന്റെ അടയാളമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്ന് ഈ അന്തര്‍ദൃഷ്ടി കൂടുതല്‍ പ്രസക്തമായി മാറിയിരിക്കുന്നു. കാവേരി നദീതടമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഉപദ്വീപിലുടനീളം, അതിശക്തമായ മഴക്കാലങ്ങളില്‍ നദികള്‍ കൂടുതല്‍ ജലം വഹിക്കുമ്പോഴും അവയുടെ പരിസ്ഥിതിജീവനക്ഷമത ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സമൃദ്ധിയുണ്ടെങ്കിലും ഓജസ്സില്ലെന്ന ഈ വൈരുദ്ധ്യം, സാങ്കേതിക നിയന്ത്രണങ്ങളെ മാത്രം ആശ്രയിക്കുന്ന സമീപനങ്ങളുടെ പരിമിതിയെ തുറന്നുകാട്ടുന്നു.
അതുപോലെ തന്നെ കേരളത്തില്‍ ആവര്‍ത്തിച്ചു വരുന്ന പ്രളയങ്ങളെ മഴയുടെ തീവ്രതകൊണ്ട് മാത്രം വിശദീകരിക്കാനാവില്ല. ഭൂവിനിയോഗരീതികള്‍, ഖനനപ്രവര്‍ത്തനങ്ങള്‍, വനനശീകരണം, നിയന്ത്രണമില്ലാത്ത നിര്‍മാണങ്ങള്‍, ഇവയിലൊക്കെയാണ് അതിന്റെ മൂലകാരണങ്ങള്‍. കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍പോലും ഭൂഗര്‍ഭജലം ക്ഷയിക്കുന്നത്, ജലത്തെ പരസ്പരം ബന്ധിച്ചിരിക്കുന്ന ഒരു ചക്രത്തിന്റെ ഭാഗമായി കാണുന്നതില്‍ മനുഷ്യന്‍ പരാജയപ്പെട്ടതിന്റെ തെളിവാണ്. തുറമുഖപദ്ധതികളും തീരങ്ങളിലെ നിര്‍മാണങ്ങളും മണല്‍ഖനനവും ശക്തമാക്കുന്ന തീരക്ഷയം, നിരന്തര സമ്മര്‍ദ്ദത്തിനടിയില്‍ പ്രകൃതിസംവിധാനങ്ങള്‍ എത്ര എളുപ്പം തകര്‍ന്നുപോകുന്നുവെന്ന് വെളിപ്പെടുത്തുന്നു. എല്ലാ സാഹചര്യങ്ങളിലും പ്രതികരണങ്ങള്‍ പ്രധാനമായും സാങ്കേതികമായിരുന്നു, കൃത്യമായ കാലാവസ്ഥാ പ്രവചനം, ശക്തമായ അടിസ്ഥാനസൗകര്യങ്ങള്‍, കടുപ്പമുള്ള നിയന്ത്രണങ്ങള്‍. ഇവ ആവശ്യമാണെങ്കിലും അവകൊണ്ടു മാത്രം മതിയാകുകയില്ല. കാരണം, പരിസ്ഥിതി നാശത്തിന് കാരണമാകുന്ന മുഖ്യ ഭൂമികയെ ഇവ ചോദ്യം ചെയ്യുന്നില്ല.
മുനി നാരായണ പ്രസാദിന്റെ ചിന്തകള്‍ നമ്മെ കൂടുതല്‍ ദുഷ്‌കരമായ ഒരു ചോദ്യത്തിലേക്കെത്തിക്കുന്നു. എന്തുകൊണ്ടാണ് സമൂഹം വീണ്ടും വീണ്ടും സ്വന്തം പരിസ്ഥിതി അടിത്തറയെ തന്നെ തകര്‍ക്കുന്ന വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്? പ്രതിസന്ധിയുടെ വേരുകള്‍ നമ്മുടെ ദര്‍ശനത്തിലാണ്, നാം ലോകത്തെ എങ്ങനെ കാണുന്നു, നമ്മെത്തന്നെ നാം എന്താണെന്ന് എങ്ങനെ കരുതുന്നു എന്നതിലാണ് എന്നായിരുന്നു അതിന്നദ്ദേഹത്തിന്റെ ഉത്തരം. പ്രകൃതി ഒരു വിഭവം മാത്രമായി ചുരുക്കപ്പെടുമ്പോള്‍, മനുഷ്യനും ഒരു സാമ്പത്തിക ഏകകമായി ചുരുങ്ങുന്നു. നദികളില്‍ നിന്ന് മണലെടുക്കാന്‍ അനുവദിക്കുന്ന അതേ യുക്തിയാണ് തൊഴില്‍ ചൂഷണത്തിനും, സമൂഹജീവിതത്തിന്റെ അടിത്തറകള്‍ മങ്ങിപ്പോകുന്നതിനും വഴിയൊരുക്കുന്നത്. ഈ നിലയില്‍ പരിസ്ഥിതിയും നീതിയും രണ്ടായി വേര്‍തിരിക്കാനാവാത്തതായി മാറുന്നു. ഒന്നിന്റെ തകര്‍ച്ച മറ്റേതിന്റെയും തകര്‍ച്ചയാകുന്നു. ഈ ദര്‍ശനത്തെ കേന്ദ്രീകരിച്ചാണ് ഉപഭോഗവാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനവും. ആഗ്രഹങ്ങളെ ചുറ്റിപ്പറ്റി ക്രമീകരിക്കപ്പെട്ട ഒരു സമൂഹം, അനിവാര്യമായും പ്രകൃതിവിഭവങ്ങളെയും ആന്തരിക സമതുലിതാവസ്ഥയെയും ക്ഷയിപ്പിച്ചുതീര്‍ക്കും. ഇത് വെറും പരിസ്ഥിതി പ്രശ്‌നമല്ല; ഒരു സംസ്‌കാരത്തിന്റെ തന്നെ ദിശാബോധത്തെ ചോദ്യം ചെയ്യുന്ന സാംസ്‌കാരിക പ്രതിസന്ധിയാണ്.

നാരായണ ഗുരുകുലത്തില്‍ അദ്ദേഹം ഒരു വ്യത്യസ്തമായ ജീവിതരീതി അഭ്യസിക്കാന്‍ ശ്രമിച്ചു. അല്പ ഉപഭോഗത്തില്‍ നിലകൊണ്ട ആ ജീവിതം ലാളിത്യം, നിയന്ത്രണം, പരിസ്ഥിതിയോടുള്ള ജാഗ്രത എന്നിവയെ കേന്ദ്രമാക്കി. ഇത് ലോകത്തില്‍ നിന്ന് പിന്‍വാങ്ങല്‍ എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടതല്ല, മറിച്ച് നൈതിക ബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞാല്‍ നിലനില്‍പ്പ് എങ്ങനെ സുസ്ഥിരമാകാമെന്നതിന്റെ ഉദാഹരണമായിരുന്നു.
ജ്ഞാനം വാണിജ്യവല്‍ക്കരിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. വാണിജ്യ താത്പര്യങ്ങളാല്‍ രൂപപ്പെടുത്തപ്പെടുന്ന വിദ്യഭ്യാസ ലോകത്തില്‍ തുറന്ന അന്വേഷണങ്ങള്‍ ആവശ്യമാണെന്നും, വിദ്യഭ്യാസമെന്നത് എല്ലാവര്‍ക്കും എത്തിച്ചേരാനാകുന്നതായിരിക്കണമെന്നും ജീവിതവുമായി ബന്ധമുള്ളതായിരിക്കണമെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധം ചെലുത്തി. വിവിധ മതപരമ്പരകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും ഈ ജനാധിപത്യവല്‍ക്കരണ ശ്രമത്തിന്റെ ഭാഗമായിരുന്നു.

തമിഴ്-മലയാള എഴുത്തുകാരന്‍ ബി. ജയമോഹന്‍ ഒരിക്കല്‍ നിരീക്ഷിച്ചതുപോലെ, ”ചിന്ത തന്നെ ഒരു ധ്യാനരൂപമായി മാറുന്ന അപൂര്‍വമായ ഒരു സ്ഥാനത്തായിരുന്നു മുനി നാരായണ പ്രസാദ് നിന്നിരുന്നത്. നിരന്തരമായ, അച്ചടക്കമുള്ള, ജീവിത യാഥാര്‍ത്ഥ്യത്തില്‍ ആഴമായി ഉറച്ച ഒരു ധ്യാനം.”
എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍ പറഞ്ഞത്, ”മുനി നാരായണ പ്രസാദിന് ദര്‍ശനം വെറും വാദപ്രതിവാദങ്ങളുടെ കല മാത്രമായിരുന്നില്ല; സത്യത്തോട് ജീവിതത്തെ സമരസപ്പെടുത്തുന്ന ഒരു മാര്‍ഗമായിരുന്നു അത്. മനസ്സിലാക്കല്‍ എന്നത് എങ്ങനെ ജീവിക്കണം എന്നതിനെ തന്നെ മാറ്റിമറിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്” എന്നാണ്.
ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ചിന്തയുടെ അന്തസ്സത്തയെ അടയാളപ്പെടുത്തുന്നു. ദര്‍ശനത്തെ അദ്ദേഹം സിദ്ധാന്തപരമായ ഒരു സങ്കല്പമായി കണ്ടില്ല; മറിച്ച് കാണുന്ന രീതിയെയും ജീവിക്കുന്ന രീതിയെയും രൂപപ്പെടുത്തുന്ന ഒരു അന്തര്‍ദര്‍ശനശാസ്ത്രമായി അനുഭവിച്ചു. അദ്ദേഹവുമായി അടുത്ത് ഇടപെട്ടവര്‍ മുന്നോട്ടുവച്ചിട്ടുള്ള രണ്ട് പ്രധാന നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ നിരന്തര പ്രസക്തിയെ വ്യക്തമാക്കുന്നു. ഒന്നാമത്, നാരായണ ഗുരുവിന്റെ ദര്‍ശനത്തെ അദ്ദേഹം സ്മരണയായി അല്ല, മറിച്ച് ഒരു രീതിയായി ഇന്നിലേക്കു കൊണ്ടുവന്നു; സമൂഹം, പ്രകൃതി, ആത്മബോധം എന്നിവയെ ഒരൊറ്റ നൈരന്തര്യമായി മനസ്സിലാക്കുന്ന ഒരു രീതിയായി, മാര്‍ഗമായി. രണ്ടാമത്, നിലനില്‍പ്പ് എന്നത് ഒരു നയഭാഷയായി മാത്രം ചുരുങ്ങുന്ന ഇക്കാലത്ത്, നൈതിക പരിവര്‍ത്തനമില്ലാതെ ഒരു പരിസ്ഥിതി പരിഹാരവും ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അദ്ദേഹത്തിന്റെ വിമര്‍ശനം സമകാലിക പരിസ്ഥിതി ചിന്തയിലെ നിരവധി പ്രവണതകളെ മുന്‍കൂട്ടി സ്പര്‍ശിക്കുന്നു. വളര്‍ച്ചയുടെ പരിധികള്‍, ഉപഭോഗത്തിന് അപ്പുറമുള്ള ക്ഷേമത്തിന്റെ പുനര്‍വിചാരം, മനുഷ്യപ്രവര്‍ത്തനവും പ്രകൃതിവ്യവസ്ഥകളും തമ്മിലുള്ള തുലനാവസ്ഥയുടെ ആവശ്യം എന്നിങ്ങനെയുള്ള പ്രവണതകളെ. എന്നാല്‍ പല ആധുനിക വിമര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി, അദ്ദേഹത്തിന്റെ സമീപനം ശാസ്ത്രത്തെയോ സാങ്കേതികവിദ്യയെയോ നിരാകരിക്കുന്നതല്ല. മറിച്ച് അവയുടെ ദിശ തന്നെ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം എടുത്തു പറയുന്നു.
വിപണിയുടെ നിര്‍ബന്ധങ്ങളാല്‍ അല്ല, നൈതിക ബോധത്തിന്റെ ദിശാനിര്‍ദ്ദേശത്തിലായിരിക്കണം ശാസ്ത്രം നയിക്കപ്പെടേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. വികസനം എന്നത് സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ കണക്കുകൂട്ടലുകളില്‍ മാത്രം അളക്കപ്പെടേണ്ടതല്ല; അത് പരിസ്ഥിതിയുടെ സമഗ്രതയിലും സാമൂഹിക ക്ഷേമത്തിലും ഉണ്ടാക്കുന്ന സ്വാധീനത്തിലൂടെയും വിലയിരുത്തപ്പെടണം.
കേരളത്തിന് പുറത്തുള്ള വായനക്കാര്‍ക്കായി അദ്ദേഹത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നത്, പരമ്പരാഗത ചിന്താപദ്ധതികളെയും സമകാലിക വെല്ലുവിളികളെയും ബന്ധിപ്പിക്കുന്ന ഈ അപൂര്‍വ കഴിവിലാണ്. പരിസ്ഥിതി, സമൂഹം, ബോധം എന്നിവയെ ഒറ്റ തുടര്‍ച്ചയായി കാണുന്ന ഒരു ഇന്ത്യന്‍ ദാര്‍ശനിക പ്രവാഹത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. വിവിധ ശാഖകളിലായി ചിതറിക്കിടക്കുന്ന പരിസ്ഥിതി ചര്‍ച്ചകളുടെ കാലത്ത്, സമഗ്രതയെ തന്നെ വീണ്ടും കാണേണ്ടതുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്ത ഉറച്ചുപറയുന്നു.

അദ്ദേഹം മുന്നേറ്റങ്ങളുടെ നേതാവായിരുന്നില്ല; പ്രതിഷേധങ്ങളുടെ സംഘാടകനായും പ്രവര്‍ത്തിച്ചില്ല. അദ്ദേഹത്തിന്റെ ഇടപെടല്‍ കൂടുതല്‍ ശാന്തമായിരുന്നു, രചനകളിലൂടെ, അധ്യാപനത്തിലൂടെ, ജീവിതത്തിന്റെ തന്നെ മാതൃകയിലൂടെ. എന്നാല്‍ അതിന്റെ പ്രതിഫലനങ്ങള്‍ വളരെ ദൂരവ്യാപകമായവയാണ്.
അദ്ദേഹം ഉപേക്ഷിച്ചു പോയിരിക്കുന്നത് അടിയന്തരമായ ചില ചോദ്യങ്ങളാണ് അല്ലാതെ ഒരു പ്രവര്‍ത്തനത്തിന്റെ രൂപരേഖയല്ല. ചൂഷണാത്മകതയ്ക്ക് അപ്പുറത്തുള്ള വികസനത്തിനെക്കുറിച്ച് ചിന്തിക്കാനാകുമോ? ഉപഭോഗത്തില്‍ നിന്ന് നിയന്ത്രണത്തിലേക്കുള്ള ഒരു സമൂഹപരിവര്‍ത്തനം സാധ്യമാകുമോ? ആധുനിക ജീവിതത്തിന്റെ നൈതിക അടിത്തറകള്‍ തന്നെ പുനര്‍വിചാരിക്കാതെ പരിസ്ഥിതി സമതുലിതാവസ്ഥ പുനഃസ്ഥാപിക്കാനാകുമോ?
ഇതിനൊന്നും മുനി നാരായണ പ്രസാദ് എളുപ്പത്തിലുള്ള ഉത്തരങ്ങള്‍ നല്‍കിയില്ല. പകരം, അദ്ദേഹം നല്‍കിയത് ഒരു ദര്‍ശനരീതിയാണ്, ജീവന്റെ എല്ലാ രൂപങ്ങളുടെയും പരസ്പരബന്ധിതത്വം തിരിച്ചറിയണമെന്നും ആ തിരിച്ചറിവില്‍ നിന്നുള്ള ഉത്തരവാദിത്വത്തോടെ ജീവിക്കണമെന്നുമുള്ള ദര്‍ശന രീതി. കാലാവസ്ഥാ പ്രതിസന്ധിയും പരിസ്ഥിതിയുടെ അനിശ്ചിതത്വവും നിര്‍വ്വചിക്കുന്ന ഈ കാലഘട്ടത്തില്‍, ആ ”ദര്‍ശന രീതി” തന്നെയാകും അദ്ദേഹത്തിന്റെ ഏറ്റവും ദീര്‍ഘകാലം നിലനില്‍ക്കുന്ന പൈതൃകം.
***
From English to Malayalam Suresh M.G.







No Comments yet!