ഈ കുറിപ്പ് എഴുതാനായി ഇരുന്നപ്പോൾ പണ്ട് , കോളെജുപരീക്ഷയെഴുതാനോ ക്ലാസുമുറിയിൽ പറയാനോ ആവാം , പഠിച്ച ഒരു വാക്യം സമ്മതം കൂടാതെ പതുക്കെ കടന്നുവന്നു : അർത്ഥം, ശബ്ദം, താളം എന്നിവയ്ക്കായി തിരഞ്ഞെടുത്ത് ക്രമീകരിക്കപ്പെട്ട ഭാഷയിലൂടെ അനുഭവത്തെക്കുറിച്ചുള്ള ഏകാഗ്രമായ ഭാവനാപരമായ അവബോധം അല്ലെങ്കിൽ പ്രത്യേകമായ ഒരു വൈകാരിക പ്രതികരണം ഉണർത്തുന്ന സാഹിത്യമാണ് കവിത.
എൻ ബി. സുരേഷ് മലയാളനാട്ടിൽ ഇപ്പോൾ പരക്കേ നിലവിലുളള കവിതാമട്ടിനോട് ചേർന്നുനിൽക്കാതെ ഈയൊരു നിലപാടിന്റെ വിസ്താരമാണ് സ്വന്തം എഴുത്തുകളിലൂടെ ആരായുന്നത് അല്ലെങ്കിൽ ആവിഷ്ക്കരിക്കുന്നത് എന്ന് തോന്നാറുണ്ട്. കുറേ കവിതകൾ ഒന്നിച്ചെടുത്ത് വായിച്ചപ്പോൾ ഈ ധാരണ നല്ലോണം ബലപ്പെട്ടിരിക്കുന്നു എന്നും പറയട്ടെ.
“ഭൂഖണ്ഡങ്ങൾ താണ്ടിവന്ന
രണ്ട് ദേശാടന പക്ഷികൾ
കൊക്കുകൾ ചേർക്കും പോലെ
കാലങ്ങളായി സമാന്തരമായി നീളുന്ന
കൂട്ടിത്തൊടും പോലെ
നമ്മുടെ ആദ്യചുംബനം ”
എന്നൊക്കെ ഭാവന ചെയ്യാനുള്ള കാമം ഉണരുന്നത് ഈ നിലപാടിന്റെ പന്തലിൽ നിൽക്കുന്നതു കൊണ്ടാണ്.
ഇവിടെ കവിത ഉച്ചതയാർന്ന ശബ്ദരാശിയല്ല. സൂക്ഷ്മതയാർന്ന , അധികമാളുകൾ കേൾക്കാനില്ലാത്ത , ഏകാന്തമായ ഒരിടത്തുവെച്ച് നടക്കുന്ന, ശാന്തമായ പാട്ടുമേളയാണ്. അതിനാൽ
“പിന്നിൽ ഒച്ചകളെ എറിഞ്ഞുടച്ച്
പച്ചയിലേക്ക് കടക്കുമ്പോൾ
കലക്കങ്ങളടിഞ്ഞ് തെളിയുന്നു
മനസ്സിപ്പോൾ ശൂന്യവിസ്തൃതി”
എന്നത് ഇവിടെ കവിതയെപ്പറ്റിയുള്ള ഹൃദ്യമായ വിളംബരം കൂടിയായി പ്രവർത്തിക്കാനുള്ള ശേഷിയുള്ള പ്രസ്താവനയായിത്തീർന്നിരിക്കുന്നു.
“ഓളങ്ങൾക്ക് നടുവിൽ നിന്നും
പച്ചനിറം പൂണ്ട്
വചനരൂപത്തിൽ
നീയുയർന്നുവരുന്നു”
എന്ന് വായിക്കാനിടവന്നു. കവിത എന്താണ് എന്ന് ഇങ്ങനെ വെളിപ്പെടുകയാണ്. സൗന്ദര്യത്തിന്റെ കയ്യൊപ്പും
താളത്തിനുള്ള കണക്കെടുപ്പുമായിത്തീരുന്ന ഭാഷാസഞ്ചാരം എന്ന് നിർവ്വചനഭ്രാന്തുള്ളവർ എൻ.ബി സുരേഷിന്റെ കവിതയെ നിജപ്പെടുത്തിയേക്കാം.
“ഞാൻ ദൂരമളക്കാതെ
നടന്നുതുടങ്ങട്ടെ “:
‘സമാന്തരം ‘ എന്ന കവിതയിൽ ഈ പുറപ്പാടിന്റെ അടയാളം കാണുന്നു. നിരുപാധികമായ സ്വാതന്ത്ര്യമായിതീരുന്ന ജീവിതം എന്ന ആശയോ ആഗ്രഹമോ ആണിത്. ഹൃദ്യമായിത്തീരുന്ന കിനാവചനങ്ങളുടെ . സ്വാതന്ത്ര്യദിനങ്ങൾ തേടുന്നവരെ കാത്തു നിൽക്കുന്ന വഴിയോരക്കൂടാരങ്ങൾ — ഈ കവിതകൾ .
പൂക്കളാൽ മൂടിയ രണ്ട് ധ്യാനശില്പങ്ങൾ
‘ പരകായം ‘ എന്ന കവിതയിലെ കാഴ്ചയാണ്. ഇത് ഒരു നിർവ്വചനമാകുന്നു.
ഈ കവിതകളിലെ സ്ഥലരാശി ഭാവനയുടെ ഭൂപടത്തിൽ സ്ഥിതി ചെയ്യുന്നു. അഴകിന്റെ അപ്പം ചുടുന്ന പ്രജ്ഞയാണ് കാവ്യരംഗാധിപതി. കാഴ്ചകളുടെ മൗലികവാദം ഇവിടെ പ്രത്യയശാസ്ത്രം . സ്വാതന്ത്ര്യം : ഇതാണ് ഒറ്റവാക്കുള്ള ഭരണഘടന . സ്വപ്നങ്ങൾ എന്നതിനെ ഭൗതികശക്തിയായി അംഗീകരിക്കാത്തവർക്ക് ഈ കവിതകളെ കാണാനാവില്ല. കാല്പനികതയെ പുതുക്കൽ എന്നത് വ്യക്തിയ്ക്കും സമൂഹത്തിനും അതിജീവനത്തിന്റെ സാധ്യതയൊരുക്കുന്നു എന്നതാണ് ഇവിടത്തെ പ്രത്യയശാസ്ത്രം. ഓരോ കവിതാദിനവും സ്വാതന്ത്ര്യദിനം എന്നതാണ് ഇവിടെയുളള ഒന്നാം അറിവ്.
***

ഒരു കവിത പ്രത്യേകം ബാധിച്ചു: ‘ അപ്പോൾ ‘ എന്നത് .
നീ – ഞാൻ എന്നത് കവിതാ സാഹിത്യത്തിലെ , ഒരു പക്ഷെ, എക്കാലത്തെയും വിഷയമാണ്. ഈ വിഷയത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ ഒരു സമാന്തരകാവ്യ ചരിത്രം ഉണ്ടാക്കാൻ കഴിഞ്ഞേക്കും. നീയും ഞാനും എന്ന ഇരട്ടത്തത്തിൻ്റെ ഉള്ളിൽ ചേർച്ച എന്ന് ആശയമുണ്ട്. ബഷീർ ദൈവത്തെ ഉൾക്കൊള്ളിച്ച് ഈ ദ്വന്ദ്വം ഭാവന ചെയ്ത കാര്യം ഓർക്കാം. അത് അടിസ്ഥാനപരമായ ഒരു നീ – ഞാൻ ബന്ധമാണ്. മറ്റൊന്ന് സ്ത്രീയുടെയും പുരുഷൻ്റെയും സമ്മേളനം എന്ന ആശയമാണ്. പ്രകൃതിയും മനുഷ്യനും വേറിട്ടുനിൽക്കുമ്പോൾ നീ- ഞാൻ എന്നത് വീണ്ടും വിഷയമായിത്തീരും. വർഗ്ഗസമീക്ഷയിലും ഈ ദന്ദ്വം ഉണ്ട്. നിത്യമായ വിഷയമാണ് ഇത്. ആദിമമായൊരു ചേർച്ചയും പിൽക്കാലത്തെ അകൽച്ചയും എന്ന വിഷയം, ഒരുപക്ഷെ , എല്ലാ ജനവംശങ്ങളും പങ്കിടുന്നുണ്ടാവും.
ഈ കവിതയിൽ ‘നീയും ഞാനും ‘ ഉണ്ട്.
“നീ പോയപ്പോൾ
വഴിയരികിൽ
ഞാനുണ്ടായിരുന്നു. ”
എന്നാണ് തുടക്കം. ഞാൻ നിന്നെ നീയായി കാണുന്നില്ല. പകരം ഞാൻ പ്രകൃതിയിലെ പല പ്രത്യക്ഷങ്ങളിൽ നിന്നെ വായിക്കുകയാണ്. ആകർഷകമായ ഭാവനയാണ് ഇത്. പ്രണയാനുഭവത്തിൻ്റെ അന്തരീക്ഷം ഇങ്ങനെ പിറവികൊള്ളുന്നു.
അടുത്ത ഘട്ടം മരണസൂചകത്വ മുള്ളതാണ്. അങ്ങനെയാണ് കരുതേണ്ടത്.
“നീ മടങ്ങിവരാൻ വൈകിയാൽ
നിന്നെ വിളിക്കാൻ
കഴിയാത്തൊരു ഭാഷയിൽ
ഞാനുറഞ്ഞേക്കാം”
എന്ന ഭാഗമാകുമ്പോഴേക്ക് ഈ ആശയം ഏതാണ്ട് തെളിയുക തന്നെ ചെയ്യുന്നു. എന്നാൽ കവിത ആ സങ്കടത്തിൽ ഒടുങ്ങിത്തീരുന്നില്ല. ‘നിൻ്റെ ‘ എത്തിച്ചേരൽ ‘എൻ്റെ ‘ ബോധോദയം എന്ന പ്രമേയത്തിലേക്കുള്ള പ്രതീക്ഷയായി വളർത്തിയെടുത്തിരിക്കുന്നു.

കാലികമായ കൃത്യതയില്ലാതെ, ദേശസൂചനകളില്ലാതെ, ദാർശനികമായ അന്തരീക്ഷം കീറിപ്പോകാതെ നിലനിർത്തിക്കൊണ്ട് ബുദ്ധവചനം കണക്കെയൊരു ഭാഷാസ്ഥലം ഉണ്ടായിരിക്കുകയാണ് ഇവിടെ. സാരള്യം സൗന്ദര്യമായിത്തീർന്നിരിക്കുന്നു.
അപ്പോഴും കാലം എന്ന ആശയം കവിതയിൽ ഉണ്ട്. ‘അപ്പോൾ ‘ എന്ന പേരിൽത്തന്നെ അതുണ്ട്. ആ പേര് പ്രവചിക്കുന്നതുപോലെ, തുടർന്നും സമയത്തിൻ്റെ രംഗങ്ങൾ ഉണ്ട്. സമയനാടകം തന്നെയാണ് ഈ കവിത. ആ ഘടന കൊണ്ടുതന്നെയാണ് ഒരുതരം സംഘർഷം (tension) ഇതിൽ രൂപം കൊണ്ടിരിക്കുന്നതും.
ഛായാമുഖി
രചന : എന്‍.ബി. സുരേഷ്
പ്രസാധനം : ലോഗോസ് ബുക്‌സ്
വില : 210 രൂപ








No Comments yet!