ജാതി മേധാവിത്വത്തിന്റെയും മേല്‍ക്കോയ്മകളുടെയും ഉരുക്കു കവചങ്ങളില്‍ സുരക്ഷിതമാക്കപ്പെട്ടിരുന്ന സവര്‍ണ്ണാധിപത്യത്തെ തന്റെ മുപ്പതാമത്തെ വയസില്‍ വെല്ലുവിളിച്ച അയ്യന്‍കാളിയുടെ ജന്മദിനമായിരുന്നു ഇന്നലെ. പുനരുത്ഥാന പാതയില്‍ അതിവേഗം സഞ്ചരിച്ച് അയ്യന്‍ കാളിയൊക്കെ ജീവിച്ച കാലത്തിലും പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നവകേരളത്തില്‍ ആചാരപരമായി സ്മൃതിമൂല്യങ്ങള്‍ അയവിറക്കി ‘എന്റുപ്പുപ്പാക്കരാനേണ്ടാര്‍ന്ന്’ എന്ന് നിര്‍വൃതികൊള്ളാന്‍ ഉള്ള രണ്ട് ദിവസങ്ങളാണ് ഇന്ന് ശ്രീനാരായണ ജയന്തിയും അയ്യന്‍കാളി ജയന്തിയും!
നാരായണഗുരുവും അയ്യങ്കാളിയും എല്ലാം നേതൃത്വംകൊടുത്ത നവോത്ഥാന മുന്നേറ്റം വാസ്തവത്തില്‍ പരാജയമടയുകയല്ലേ ഉണ്ടായത്? അത് വിജയം വരിച്ച സാമൂഹ്യവിപ്ലവങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ ജാതിയെക്കുറിച്ച് പറയേണ്ടി വരില്ലായിരുന്നല്ലോ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? യഥാര്‍ത്ഥത്തില്‍ നാരയണഗുരുവിന്റെയും അയ്യന്‍ കാളിയുടെയും എല്ലാം ഇടപെടലുകളെ ഹിന്ദുത്വം ഹൈജാക്ക് ചെയ്യുകയാണ് ഉണ്ടയത്. അത് അവര്‍ രണ്ടുപേരുടെയും മരണശേഷമല്ല അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം.
ദളിതന് വിദ്യവിലക്കിയത് ഹിന്ദു ദൈവങ്ങള്‍ :
കേരളത്തില്‍ നാരായണഗുരു ഒക്കെ ജനിക്കുന്നതിന് അരനൂറ്റാണ്ട് മുന്‍പ് തന്നെ വേറെ ഒരു ദൈവത്തിന്റെ പള്ളിയോടനുബന്ധിച്ച് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ പള്ളിക്കൂടങ്ങള്‍ തുടങ്ങുകയും അവിടെ സംസ്‌കൃത വിദ്യാഭ്യാസം നല്‍കുകയും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ദളിതര്‍ ക്രിസ്തുമതം വ്യാപകമായി സ്വീകരിക്കുന്നത്ബ്രി ട്ടീഷ് മിഷനറിമാരുടെ വരവോടെയാണ്. എല്‍എംഎസ്. സിഎംഎസ്, ബാസല്‍ മിഷന്‍ എന്നിവയുടെ പ്രവര്‍ത്തന ഫലമായാണ് ദളിതര്‍ ക്രിസ്തുമതത്തിലേക്ക് കൂടുതല്‍ അടുക്കുന്നത്. അതവര്‍ക്ക് അക്ഷരം പഠിക്കാനും ആധുനീക വിദ്യാഭ്യാസം നേടാനും വസ്ത്രം ധരിക്കാനുമൊക്കെ ഇടയാക്കിത്തീര്‍ത്തു.

ആദ്യമായി അക്ഷരം പഠിച്ച ദളിത് പെണ്‍കുട്ടി പഞ്ചമിയൊന്നുമല്ല. നാരായണഗുരുവൊക്കെ ജനിക്കുന്നതിന് മുന്‍പേ, ഇവിടെ സവര്‍ണ്ണ സ്ത്രീകള്‍ പോലും അക്ഷരം പഠിക്കുന്നതിന് മുന്‍പേ ദളിതര്‍ മതം മാറ്റത്തിലൂടെ വിദ്യനേടുകയും അക്ഷര വെളിച്ചം കാണുകയും ചെയ്തിരുന്നു. അവരില്‍ ദളിത് സ്ത്രീകളും ഉണ്ടായിരുന്നു. 1817 ല്‍ തന്നെ കോട്ടയത്ത് സി.എം.എസ്. സ്‌കൂളില്‍ ജാതിയും മതവുമൊക്കെ നോക്കാതെ അഡ്മിഷന്‍ കൊടുത്തിരുന്നു. പിന്നെയും ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ കോഡ് നിലവില്‍ വരുന്നതും പഞ്ചമിയുടെ അഡ്മിഷന്‍ പ്രശ്നമൊക്കെ ഉണ്ടാകുന്നത്.
അയ്യന്‍ കാളി പഞ്ചമിയുമായി ഊരൂട്ടമ്പലത്തെ പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കേരളത്തില്‍ അനേക ദളിതര്‍ ഉന്നത ഉദ്യോഗത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം. എന്നാല്‍ ഹിന്ദു അടിമത്തം ഉപേക്ഷിക്കാതിരുന്നവരില്‍ ആദ്യമായി പള്ളിക്കൂടത്തില്‍ പോയത് പഞ്ചമിയാണെന്ന് മാത്രം. സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന എല്‍ എം എസ് പൂരോഹിതന്‍ ജെ.സാമുവേലിന്റെ ഇടപെടല്‍ മൂലമാണ് അയ്യന്‍കാളി പഞ്ചമിയുമായി സ്‌കൂളില്‍ പോകുന്നതും. സനാതനികള്‍ സ്‌കൂളിന് തീവെക്കുന്നതും ഊരൂട്ടമ്പലം ലഹളയുമെല്ലാം ഉണ്ടാകുന്നത്.
യഥാര്‍ത്ഥത്തില്‍ അവര്‍ണ്ണന് അക്ഷരം വിലക്കിയതും അധികാരം വിലക്കിയതും ഹിന്ദു ദൈവങ്ങളായിരുന്നു. ആ ദൈവങ്ങളെ ചുമക്കുന്ന കാലത്തോളം അവര്‍ണനു മോചനം ഉണ്ടാവുകയുമില്ല.
ജയിച്ചത് രാമകൃഷ്ണപിള്ളയുടെ പിന്മുറക്കാര്‍ :
1907 മുതല്‍ 1914 വരെ തിരുവിതാംകൂറിലെ ദിവാനായി ജോലി നോക്കിയ ആളാണ് പി.രാജഗോപാലാചാരി. ഇന്ന് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. എന്നാല്‍ അദ്ദേഹം ദിവാനായിരുന്ന ഏഴു വര്‍ഷം കൊണ്ടു വളരെയേരെ പരിഷ്‌ക്കാരങ്ങള്‍ തിരുവിതാംകൂറില്‍ നടപ്പില്‍ വരുത്തി. അവര്‍ണ്ണരോടും ദലിതരോടും അദ്ദേഹത്തിന് പ്രത്യേക സഹാനുഭൂതിയുമുണ്ടായിരുന്നു. അദ്ദേഹം ഇവിടേയ്ക്ക് ദിവാനായി വന്നതുതന്നെ അന്നത്തെ തിരുവിതാംകൂര്‍ നായര്‍ലോബിക്ക് ഇഷ്ടമായിരുന്നില്ല.
സി.കേശവന്റെ ആത്മകഥയായ ജീവിതസമരത്തിന്റെ ഒരു ഭാഗത്ത് അദ്ദേഹം പറഞ്ഞിരിക്കുന്നത് ‘തിരുവിതാംകൂറിലെ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ എന്നും സ്മരിക്കേണ്ട മൂന്നു ദിവാന്‍മാരുണ്ട്. കേണല്‍ മണ്‍റോ, വി പി മാധവരായര്‍, പി.രാജഗോപാലാചാരി എന്നിവര്‍’ എന്നാണ്.

ഈഴവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതും അയ്യങ്കാളിയെ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തതും രാജഗോപാലാചാരിയാണ്. ഏഴു വര്‍ഷത്തെ സേവനത്തിനു ശേഷം 1914-ല്‍ അദ്ദേഹം ഇവിടെ നിന്നു യാത്രയാകുമ്പോള്‍ എസ്.എന്‍.ഡി.പി. വാര്‍ഷിക യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി കെങ്കേമമായ യാത്രയയപ്പും മംഗളപത്ര സമര്‍പ്പണവും നടന്നു. മംഗളപത്രത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യത്തെയും അധ:കൃത സമുദായങ്ങള്‍ക്കു ചെയ്തിട്ടുള്ള നന്മകളെപ്പറ്റിയും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഇതിനു പുറമെ ദിവാന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുന്ന ഏതാനും ശ്ലോകങ്ങള്‍ മഹാകവി കുമാരനാശാന്‍ എഴുതിയിരുന്നു. ഒരു യാത്രാമംഗളം എന്ന പേരില്‍ അത് വിവേകോദയത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
തിരുവിതാംകൂറില്‍ ആദ്യമായി ഈഴവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതും, അയ്യങ്കാളി എന്ന ദളിതനെ ആദ്യമായി പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തതും രാജഗോപാലാചാരിയായിരുന്നു. തിരുവല്ലായില്‍ നിന്നുംവന്ന ഒരു ദലിത് ക്രൈസ്തവനായ മത്തായി ആശാനെക്കൂടി പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് അയ്യങ്കാളി അഭ്യര്‍ത്ഥിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചോതി എന്ന പേരില്‍ പ്രജാസഭാമെമ്പറാക്കി നോമിനേറ്റ് ചെയ്തു. ദിവാനോട് രാമകൃഷ്ണപിള്ളയ്ക്കുണ്ടായ പ്രകോപനത്തിന്റെ ഒരു കാരണം ഇതായിരുന്നു.
നായരുടെ കുത്തകയായിരുന്ന പ്രജാസഭയിലേക്ക് ഈഴവരേയും പുലയരേയും കൂടി നോമിനേറ്റു ചെയ്തു. പ്രജാസഭാ മെമ്പറാകണമെന്ന് ആഗ്രഹമുള്ള നായര്‍ക്കും നമ്പൂതിരിക്കും ഈഴവനോടും പുലയനോടുമൊപ്പം ഇരിക്കേണ്ടി വന്നു. അവിടെയും സവര്‍ണ്ണ ബുദ്ധി പ്രവര്‍ത്തിച്ചു. സാധുജനപരിപാലന സംഘത്തിലൂടെ ജാതിക്കും ഉപജാതികള്‍ക്കും എല്ലാം അതീതമായി ദളിതര്‍ സംഘടിക്കുന്നത് കണ്ടപ്പോള്‍ ജാതി ഹിന്ദുവിന് കുരുപൊട്ടി, അവരുടെ കുരുട്ട് ബുദ്ധിയാണ് അയ്യന്‍കാളിയെ പുലയരുടെ മാത്രം പ്രതിനിധിയാക്കിയത്. പ്രജാസഭയിലേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുന്നത് സാധുജന പരിപാലന സംഘത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നില്ല. പിന്നീട് ഓരോ ദലിത് സമുദായത്തിന്റെയും പ്രതിനിധികളെ പ്രജാസഭയിലെത്തിച്ചു, ജാതിക്കും ഉപജാതിക്കും അപ്പുറം ഒരു സമുദായമായി ദളിതര്‍ സംഘടിക്കുന്നത് തടയാനാണ് ഇങ്ങനെ ഓരോ ജാതിയുടെയും പ്രതിനിധികളെ പ്രജസഭയിലെത്തിച്ചത്, നമ്മള്‍ അത് പുരോഗമനമായിട്ടാണ് വായിക്കുന്നത്. ഇന്നും ദലിതര്‍ക്കിടയില്‍ സമുദായവല്‍ക്കരണം സാധിക്കാതായത് അങ്ങിനെയാണ്. ഇന്നത് പട്ടികജാതി വിമുക്ത മന്ത്രിസഭയിലേക്ക് വളര്‍ന്നുകഴിഞ്ഞു.
ഉദ്യോഗ നിയമനം :
രാജഗോപാലാചാരി താഴ്ന്ന ഗ്രേഡിലുള്ള ഉദ്യോഗങ്ങളില്‍ ഈഴവരേയും പുലയരേയും കൂടി നിയമിച്ചു എന്നു പറഞ്ഞാല്‍ താഴ്ന്ന ഗ്രേഡ് ഉദ്യോഗങ്ങളുടെ കുത്തകക്കാരായിരുന്ന നായരുടെ ആ രംഗത്തെ കുത്തകയ്ക്കും ഉലച്ചില്‍ തട്ടി, ‘ ശ്രീ പത്മനാഭന്റെ പത്തുചക്രം” ദിവാന്‍ എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി. ഇതും രാമകൃഷ്ണ പിള്ളയ്ക്ക് സഹിച്ചില്ല. ഉയര്‍ന്ന ജോലികള്‍ എതായാലും നായര്‍ക്കില്ലായിരുന്നു. അത് പരദേശ ബ്രാഹ്‌മണരുടെ കുത്തകയായിരുന്നു.1905 കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 67 ശതമാനവും നായര്‍ സമുദായം കയ്യടക്കിയിരുന്നു. ബ്രാഹ്‌മണര്‍ 15 ശതമാനവും. നായര്‍ സമുദായത്തിന്റെ 67 ശതമാനം ഉദ്യോഗങ്ങളും കുറഞ്ഞ ശമ്പളത്തിന്റേതും ബ്രാഹ്‌മണരുടെ 15 ശതമാനം ഏറ്റവും കൂടിയ ശമ്പളത്തിന്റേതുമായിരുന്നു.
എന്നാല്‍ 1910 ല്‍ ചിത്രം ആകെമാറി. അന്നാണ് രാമകൃഷ്ണപിള്ളയുടെ ലേഖനം വന്നത്. പി.രാജഗോപാലാചാരി ചാര്‍ജ്ജ് എടുത്തിട്ട് അപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. നായരുടെ ഉദ്യോഗം 41 ശതമാനമായി കുറഞ്ഞു, ബ്രാഹ്‌മണരുടേത് 19 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ക്കും 19 ശതമാനം സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ലഭിച്ചു.കീഴ്ജീവനങ്ങളാണന്നു മാത്രം.120 ഈഴവര്‍ക്കും ദിവാന്‍ ജോലി കൊടുത്തു.അങ്ങനെ നായര്‍ വിരുദ്ധ ചേരിയുടെ സ്വാധീനത വര്‍ദ്ധിച്ചു എന്ന് രാമകൃഷ്ണപിള്ളയ്ക്ക് ബോധ്യമായി. അതിന്റെ കാരണക്കാരന്‍ ദിവാന്‍ രാജഗോപാലാചാരിയാണ് എന്ന നിഗമനത്തില്‍ രാമകൃഷ്ണപിള്ള എത്തുകയും ചെയ്തു. അതാണ് രാജഗോപാലാചാരിയുടെ മേലുള്ള യഥാര്‍ത്ഥ ചാര്‍ജ്, പക്ഷെ അത് പുറത്തു പറഞ്ഞില്ല എന്നു മാത്രം.
പുറത്തു പറഞ്ഞത് അയാള്‍ കൗപീനം ധരിക്കാറില്ലെന്നും കൊട്ടാരത്തിലെ സ്ത്രീകളുമായി അവിഹിതമാണ് എന്നും, അതിനാല്‍ അയാള്‍ക്ക് കൗപീനം ധരിക്കാന്‍ സമയം കിട്ടാറില്ലെന്നും മറ്റുമാണ്. ഇത്തരത്തിലുള്ള മഹനീയ ലേഖനങ്ങളുടെ പേരിലാണ് വാസ്തവത്തില്‍ പൊതുശല്യമായി മാറിയ രാമകൃഷ്ണപിള്ളയെ നാട് കടത്തിയത്, 1910 കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ ദലിതരുടെ ഉന്നമനത്തിന് ഏറ്റവും ആവശ്യമായിരുന്നത് അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുക എന്നതായിരുന്നു. അതിനു വേണ്ടി അന്ന് സാധുജന പരിപാലന സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന മഹാനായ അയ്യന്‍കാളി മുട്ടാത്ത വാതിലുകളില്ല. അങ്ങനെ നിരാശനായിരിക്കുമ്പോഴാണ് പി.രാജഗോപാലാചാരി 1907 ല്‍ ദിവാനായി ചാര്‍ജ്ജ് എടുത്തത്. അന്ന് മനു’വിന്റെ നിയമമാണ് നാട്ടില്‍ നിലനിന്നത്. ഓരോരുത്തര്‍ക്കും അവരുടെ ജാതി അനുസരിച്ചുള്ള ജോലികളും ജീവിതരീതികളും മനുസ്മൃതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
അതനുസരിച്ച് പുലയരുടെ ജോലി പാടത്ത് പണിചെയ്യുക എന്നതാണ്. അതിന് അക്ഷരാഭ്യാസത്തിന്റെ ആവശ്യമില്ല. എന്നു മാത്രമല്ല. അക്ഷരം പഠിച്ചവര്‍ പിന്നെ പാടത്തേക്ക് എത്തിനോക്കുക പോലുമില്ല.അതിനാല്‍ അക്ഷരം പഠിക്കുക എന്നത് കുലധര്‍മ്മത്തിന് വിരുദ്ധമാണ്. പുലയര്‍ അക്ഷരം പഠിച്ചാല്‍ പാടത്ത് പണി ചെയ്യാന്‍ ആരുമില്ലാതെ വരും, കൃഷി നശിക്കും, നായരും നമ്പൂതിരിയും പട്ടിണിയാകും, ബ്രാഹ്‌മണ കോപം ഉണ്ടാകും, പുലയരുടെ കുലം നശിക്കും, അതിനാല്‍ പുലയര്‍ അക്ഷരം പഠിക്കുന്നത് രാജ്യദ്രോഹപരമായ പ്രവൃത്തിയാണ് എന്നു മാത്രമല്ല കുലദ്രോഹപരവും സമുദായ ദ്രോഹപരവുമായ പ്രവൃത്തിയും കൂടിയാണ്.
അതു തന്നെയാണ് തിരുവിതാംകൂര്‍ രാജാവ് ഡോ.പല്‍പ്പുവിനു കൊടുത്ത ഉപദേശവും. പല്‍പ്പൂ ഡോക്ടര്‍ പരീക്ഷ സമര്‍ത്ഥമായി പാസ്സായിട്ടുണ്ടെങ്കിലും ചാതുര്‍വര്‍ണ്യം അനുശാസിക്കുന്നത് കുലധര്‍മ്മം അനുഷ്ഠിക്കുക എന്നതാണ്, കള്ളുചെത്തുക എന്നതാണ് ഈഴവനായ ഡോ.പല്‍പ്പുവിന്റെ കുലധര്‍മ്മം.
1905 ല്‍ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന അലക്സാണ്ടര്‍ ക്രിക്ടണ്‍ മിച്ചല്‍ സക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ ധനസഹായമുള്ള ഇതര സ്‌കൂളുകളിലും ആര്‍ക്കും പഠിക്കണമെന്ന ഉത്തരവിറക്കിയെങ്കിലും അത് വെറും ഉത്തരവ് മാത്രമായി അവശേഷിക്കുകയായിരുന്നു.
ആ പരിതസ്ഥിതിയിലാണ് 1910 ല്‍ ദിവാന്‍ പി.രാജഗോപാലാചാരിയുടെ ശ്രമഫലമായി
പുലയക്കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിരാജഗോപാലാചാരിയുടെ കാലത്താണ് ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ കോഡ് നിലവില്‍ വരുന്നത്.(അത് മാറ്റിക്കൊണ്ടാണ് പിന്നീട് മുണ്ടശേരി മാഷ് കൊണ്ടുവന്ന കേരളാ എഡ്യൂക്കേഷന്‍ റൂള്‍ (KER) നിലവില്‍ വരുന്നത്) ശൂദ്രന്മാര്‍ക്കും മാധ്യമ മാടമ്പിയായ പിള്ളയ്ക്കും പുലയ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നത് സഹിച്ചില്ല. അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് രാമകൃഷ്ണപിള്ള തന്റെ സ്വദേശാഭിമാനി പത്രത്തിലൂടെ ചെയ്തത്.
1910 മാര്‍ച്ച് -2ാം തിയതിയിലെ സ്വദേശാഭിമാനിയില്‍ തന്റെ കുപ്രസിദ്ധമായ എഡിറ്റോറിയല്‍ അദ്ദേഹം എഴുതി ”…. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരേയും അതിനേക്കാള്‍ എത്രയോ ഏറെ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതി’ക്കാരേയും തമ്മില്‍ ബുദ്ധി’ക്കാര്യത്തില്‍ ഒന്നായി ചേര്‍ക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുന്നതിനു തുല്യമാണ്….” എന്നാണ്.
പോത്ത് കാലന്റെ വാഹനമാണ് പോത്തിനെ കാണുന്നത് സവര്‍ണ്ണര്‍ക്ക് ദുഃഖകരമാണ്. ക്ലാസ്സില്‍ പുലയകുട്ടികളെ കാണുന്നത് പോത്തിനെ കാണുന്നതിന് സമമാണ്. മരണത്തെയാണ് അവര്‍ അഭിമുഖമായി കാണുന്നത് എന്നു മാത്രമല്ല, പുലയര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ ഫലം നായര്‍ മേധാവിത്തത്തിന്റെ മരണമായിരിക്കും എന്നുകൂടി അദ്ദേഹം അനുയായികളെ ആ ഉപമയിലൂടെ ചൂണ്ടിക്കാണിച്ചു. രാമകൃഷ്ണ പിള്ളയുടെ എതിര്‍പ്പിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും സവര്‍ണ്ണരും ചേര്‍ന്ന് ദലിത് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാതെ ബലമായി തടഞ്ഞു.മറ്റു സ്‌കൂളുകളൊന്നും അന്നവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല.

പിന്നീടുള്ള സ്വദേശാഭിമാനിയുടെ നാല് ലക്കങ്ങളിലും രാമകൃഷ്ണപിള്ളയുടെ ലേഖന വിഷയം ഇതുതന്നെയായിരുന്നു. പാടത്തു പണി ചെയ്യാനുള്ള പുലയരുടെ അനുകൂല കാലാവസ്ഥയാണ് പ്രസ്തുത വിദ്യാഭ്യാസ നയം കൊണ്ട് നഷ്ടപ്പെടുന്നത് എന്നായിരുന്നു രാമകൃഷ്ണപിള്ളയുടെ മറ്റൊരു വാദം. അടിമത്തം നിര്‍ത്തലാക്കിയാല്‍ കൃഷി നശിക്കും എന്ന പഴയ വാദത്തിന്റെ പുതിയ പതിപ്പ്. പക്ഷെ അതുകൊണ്ടൊന്നും സര്‍ക്കാര്‍ ആ ഉത്തരവ് പിന്‍വലിച്ചില്ല. അപ്പോഴാണ് അദ്ദേഹം ദിവാനെതിരെ കൂടുതല്‍ പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.
ദിവാന്റെ ഭരണത്തിലെ വൈകല്യങ്ങളെക്കുറിച്ചല്ല; അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ ചില പാളിച്ചകളെക്കുറിച്ചാണ് രാമകൃഷ്ണപിള്ള നിര്‍ദ്ദയവും നിശിതവുമായി വിമര്‍ശിച്ചത്. ദിവാന്‍ ചെയ്യുന്ന എന്തിനേയും വ്യക്തിപരമായി തേജോവധം ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് അദ്ദേഹം കൗപീനം ധരിക്കുന്നില്ലെന്നും കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തപ്പുരത്തില്‍ അന്തിയുറങ്ങിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ സ്വദേശാഭിമാനി പത്രത്തിന്റെ പേജുകളില്‍ നിറഞ്ഞതും അദ്ദേഹത്തിന്റെ നാടുകടത്തലില്‍ കലാശിച്ചതും. അവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നതിന് പ്രത്യേകിച്ച് തെളിവുകളൊന്നും രാമകൃഷ്ണപിള്ളയ്ക്ക് ഹാജരാക്കാനുണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം എത്ര ശക്തിയോടെയാണ് പുലയ ക്കുട്ടികളുടെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തെ എതിര്‍ത്തത് എന്ന് വ്യക്തമാണ്. എന്തു പ്രത്യാഘാതം ഉണ്ടായാലും നേരിടാം എന്ന ഉറച്ച നിലപാടോടെയാണ് അദ്ദേഹം തന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. അധികാരത്തിലിരിക്കുന്ന ദിവാനെതിരായി അത്രയും മ്ലേച്ചമായ ലേഖനങ്ങള്‍ എഴുതിയാല്‍ തക്കതായ ശിക്ഷ ലഭിക്കും എന്നറിയാന്‍ പാടില്ലാത്ത ആളായിരുന്നില്ല രാമകൃഷ്ണപിള്ള എന്ന് വ്യക്തമാണ്.

രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ പേരില്‍ അന്ന് ഇവിടെ നിലനിന്നിരുന്ന മലയാളം, ഇംഗ്ലീഷ്, തമിഴ് പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതിയിരുന്നു. അതില്‍ ഒരു പത്രം പോലും രാമകൃഷ്ണപിള്ളയുടെ നടപടിയെ അനുകൂലിച്ചെഴുതുകയുണ്ടായില്ല. കേരളത്തിലെ ആഢ്യന്മാരായ ചരിത്രകാരന്മാര്‍ ഇന്ന് ചരിത്ര സത്യത്തെ വളച്ചൊടിക്കുകയാണ്. കേരളത്തിലെ അടിസ്ഥാന ജനതയുടെ ഏറ്റവും വലിയ ശത്രുവായിരുന്നു കെ.രാമകൃഷ്ണപിള്ള. അദ്ദേഹം എരന്നുവാങ്ങിയ നാടുകടത്തലിന്റെ പേരില്‍ ഒരു വലിയ രക്തസാക്ഷിയാക്കി പുനരവതരിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
അക്ഷരജ്ഞാനം അറിവല്ല. അയ്യന്‍കാളി അറിവില്ലാത്ത ഒരു മനുഷ്യന്‍ ഒന്നുമായിരുന്നില്ല, അത്തരത്തില്‍ ചിത്രീകരിക്കുന്നതിനു പിന്നിലും ചില ദുരുദ്ദേശങ്ങളൊക്കെയുണ്ട്. ”സാധുജന പരിപാലിനി” എന്ന ഒരു മാസികയുടെ പത്രാധിപര്‍ ആയിരുന്നു അയ്യന്‍ കാളി. രാമകൃഷ്ണപിള്ള വല്ലവരുടെയും പത്രത്തിന്റെ പത്രാധിപര്‍ ആയിരുന്നു. പക്ഷേ പാലക്കാട് കാരനായ രാമനാഥ മേനോന്‍ എന്ന സദാനന്ദ സ്വാമിയെ ഇറക്കി അയ്യന്‍കാളിയെ സുനാതനികള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. മതപരിവര്‍ത്തനത്തിലൂടെ അയിത്ത ജാതിക്കാര്‍ ക്രിസ്തുമതത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയാണ് സദാനന്ദ സ്വാമിയെ തിരുവനന്തപുരത്തേയ്ക്ക് ആനയിച്ചു കൊണ്ടുവന്നവര്‍ ഉദ്ദേശിച്ചത്.
എന്തായാലും പിള്ളയുടെ അനുയായികള്‍ വിജയിക്കുകയും അവര്‍ നാരയണ ഗുരുവിന്റെയും അയ്യന്‍ കാളിയുടെയും എല്ലാം മുഖത്ത് കാര്‍ക്കിച്ച് തുപ്പിക്കൊണ്ട് സുനാതന നവകേരളം പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന കാലത്തിലാണ് നമ്മള്‍ ആചാരപരമായി അയ്യന്‍കാളി ജയന്തിയും ശ്രീനാരയണ ജയന്തിയും ഒക്കെ ആഘോഷിച്ചു സ്മൃതിമൂല്യങ്ങളും അയവിറക്കി ഇരിക്കുന്നത് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.







No Comments yet!