കേരളത്തിലെ മുസ്ലിം സമുദായത്തിനിടയില്‍നിന്ന് ഉയര്‍ന്നുവന്ന സാമൂഹികപരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാളിയും നവോത്ഥാന നായകനും പത്രപ്രവര്‍ത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുള്‍ ഖാദര്‍ മൗലവി. അഞ്ചുതെങ്ങില്‍ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ഇഷ്ട സുഹൃത്ത്. ശ്രീനാരായണ ഗുരുവിനെ മാതൃകാ പുരുഷനായി ആദരവോടെ കണ്ട വിശാലഹൃദയന്‍.

”ശ്രീനാരായണ ഗുരു സ്വാമികള്‍ കായിക്കരയിലോ നെടുങ്ങണ്ടയിലോ വന്നാല്‍ പൂന്ത്രാം വിളാകത്തു കയറാതെ പോകില്ല. മൗലവിയുമായും അദ്ദേഹത്തിന്റെ പിതാവായും വിവിധ വിഷയങ്ങളെപ്പറ്റി ദീര്‍ഘമായി സംസാരിച്ചിരിക്കുക സ്വാമികള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. മൗലവിയുടെ ജേഷ്ഠനായ മുഹമ്മദ് മുഹയിദ്ദീന്‍ മുസലിയാര്‍ സൂഫിസത്തില്‍ അവഗാഹമുള്ള ഒരു പണ്ഡിതനായിരുന്നു. അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്താന്‍ കൂടിയായിരുന്നു സ്വാമികളുടെ ആഗമനം.”
അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേര്‍ഷ്യന്‍, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ ആളായിരുന്നു അബ്ദുള്‍ ഖാദര്‍ മൗലവി. വക്കം മൗലവിയും ഒരു സംഘടനയ്ക് രൂപം നല്‍കിയിരുന്നു ”മുസ്ലിം ധര്‍മ്മപരിപാലന യോഗം” എന്നായിരുന്നു അതിന് നല്‍കിയ നാമം. പേരില്‍ത്തന്നെ ഗുരുവിന്റെ സ്വാധീനം വ്യക്തമാണല്ലോ?
വര്‍ക്കലയിലെ ശാരദാ പ്രതിഷ്ഠാ വേളയില്‍ നടത്തിയ മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷകന്‍ വക്കം മൗലവി ആയിരുന്നു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവര്‍ത്തനങ്ങളിലേക്കും നയിച്ചത്. പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും നാരായണഗുരുവിന്റെ മാതൃകയില്‍ മൗലവി മുസ്ലിംകളോട് ആവശ്യപ്പെട്ടു.
മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു. മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാള്‍ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്ലിം സമൂഹത്തില്‍ അനാചാരങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.
ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്‌കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളില്‍ അല്‍ മനാര്‍ മാതൃകയില്‍ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. 1906 ജനുവരിയില്‍ മുസ്ലിം, തുടര്‍ന്ന് അല്‍-ഇസ്ലാം (1918), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് മുസ്ലിം സമൂഹത്തെ പഠിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു.
ഈ പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മുസ്ലിം സമുദായത്തിനിടയിലെ നേര്‍ച്ചയുടെയും [[ഉര്‍സ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിര്‍ത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു.
സാമ്പത്തിക പ്രശ്നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങള്‍ക്കുള്ളില്‍ അല്‍ ഇസ്ലാം അടച്ചുപൂട്ടാന്‍ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്‌കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അല്‍ ഇസ്ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍, മുസ്ലിം, ദീപിക എന്നിവ മലയാളം ലിപിയില്‍ തന്നെയായിരുന്നു.
1931-ല്‍ അദ്ദേഹം ഇസ്ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു. മകന്‍ അബ്ദുസ്സലാം മലയാളത്തിലേക്കുള്ള വിവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയും അല്ലാമ ശിബ്ലിയുടെ ഉമര്‍ ഫാറൂഖിന്റെ ജീവചരിത്രം രണ്ട് വാല്യങ്ങളായി അല്‍ ഫാറൂഖ് എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഓള്‍ തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ ആരംഭിച്ച് മുസ്ലിംകള്‍ക്കിടയില്‍ സംഘടിത പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം ശ്രമിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ മുസ്ലീം ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കെ.എം. മൗലവി, കെ.എം.സീതി സാഹിബ്, മനപ്പത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരോടൊപ്പം ”മുസ്ലിം ഐക്യ സംഘം” വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ അസോസിയേഷന്‍, കൊല്ലം ധര്‍മ്മഭോഷിണി സഭ എന്നിവയുടെ ഉപദേഷ്ടാവായിരുന്നു.
സ്വന്തം ഭാര്യ അബ്ദുള്‍ഖാദര്‍ എന്ന പേര് തന്നെ വിളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും തികച്ചും യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച അവര്‍ അത് തയ്യാറാകാതിരുന്നതിനാല്‍ അദ്ദേഹം മകന് ആ പേര് തന്നെയിട്ട് ഭാര്യയെ കൊണ്ട് വിളിപ്പിച്ചു എന്നൊരു രസകരമായ കഥയുമുണ്ട്.
ഉദരരോഗം മൂലം 1932- ഒക്ടോബര്‍ 31ന് അദ്ദേഹം നിര്യാതനായി.
***
കടപ്പാട്: എം. മുഹമ്മദ് കണ്ണ് എഴുതിയ വക്കം മൗലവിയുടെ ജീവചരിത്രം







No Comments yet!