Skip to main content

എസ്.പി.എന്‍ ഓര്‍മ്മ – യയാതി സംസ്‌കാരത്തിനെതിരെയുള്ള കുറുങ്കവിതകള്‍

“മുച്ചിക്കുണ്ട്, പുളിക്കമ്പാറ,
പുഞ്ചക്കൊല്ലി, നെന്മാറ
കക്കി, ഇടുക്കിയിലെല്ലാം
കാടുകള്‍ കട്ടുമുടിച്ച് കഴിഞ്ഞല്ലോ
ചെതലയം റേഞ്ചില്‍ വയനാട്ടില്‍
ചിതലിന്‍ പുറ്റുകള്‍ ശേഷിപ്പൂ
അകമലവാരം മുഴുവന്‍ കരിയുടെ
കുണ്ടും കുഴിയായ് തീര്‍ന്നല്ലോ..”

എണ്‍പതുകളുടെ മധ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഏതാനും ചെറുപ്പക്കാരിലേക്ക് അവര്‍ അതുവരെ കാണാത്ത കേരളത്തിന്റെ വനഭൂപടം തുറക്കുകയാണ്. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ നടക്കുന്ന വനംകൊള്ളയും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ രാഷ്ട്രീയ-മത നേതാക്കള്‍ അതിന് കൂട്ടുനില്‍ക്കുന്നതും ഈ നില തുടര്‍ന്നാല്‍ ഭാവി തലമുറയ്ക്ക് അതിജീവനം അസാധ്യമാകുമെന്നും ആ കുറുങ്കവിതകള്‍ അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.

പശ്ചിമഘട്ടത്തിലെ കാടുകളും അതേക്കുറിച്ച് വേവലാതി നിറഞ്ഞ വരികളെഴുതിയ കവിയെയും പിന്നെയും കുറെനാള്‍ കഴിഞ്ഞാണ് കാണുന്നത്. അപ്പോഴേക്കും വനപരിസ്ഥിതിയുമായി ബന്ധപ്പെട്ട അവബോധം കേരളത്തില്‍ സജീവമായി കഴിഞ്ഞിരുന്നു. സൈലന്റ്‌വാലി പ്രക്ഷോഭം, സാമൂഹ്യ വനവല്‍ക്കരണത്തിലെ അശാസ്ത്രീയത, വനംകൊള്ളയ്ക്കും പൂയംകുട്ടി പദ്ധതിക്കും എതിരായ സമരങ്ങള്‍ തുടങ്ങി സേവ് വെസ്‌റ്റേണ്‍ഘട്ട് മാര്‍ച്ച് അടക്കമുള്ള നിരവധി പരിപാടികള്‍ അക്കാലത്തെ യുവജനങ്ങളില്‍ ശക്തമായൊരു പാരിസ്ഥിതിക ജാഗ്രത വളര്‍ത്തിയെടുക്കുന്നതില്‍ സഹായിച്ചു. എണ്‍പതുകളിലെ യുവജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതില്‍ മേല്‍സൂചിപ്പിച്ച കുറുങ്കവിതകള്‍ക്കുള്ള സ്വാധീനം നിര്‍ണ്ണായകമാണെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്നു.

May be an image of one or more people and people smiling
SPN എന്ന എസ്. പ്രഭാകരൻ നായർ

പരുക്കന്‍ ഖദര്‍ ജുബ്ബയും മുണ്ടും കട്ടി ഫ്രെയിമുള്ള കണ്ണടയും കയ്യില്‍ ഒരു തുണിസഞ്ചിയും കാലന്‍ കുടയുമായി പ്രക്ഷോഭങ്ങളിലെല്ലാം സജീവമായി കണ്ടിരുന്ന ആജാനബാഹുവായ മനുഷ്യനാണ് ഈ കുറുങ്കവിതകളുടെ രചനാകാരനെന്ന് പിന്നീടാണ് മനസ്സിലായത്. മൂന്ന്-മൂന്നര പതിറ്റാണ്ടുകള്‍ക്കിപ്പുറത്ത് പോലും ഓര്‍ത്തെടുക്കാവുന്ന രീതിയില്‍ കവിതയും കവിയും അത്രമേല്‍ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു.

നാല് പതിറ്റാണ്ട് കാലത്തിനിപ്പുറം പാരിസ്ഥിതിക ബോദ്ധ്യങ്ങളും പാരിസ്ഥിതിക പ്രതിസന്ധികളും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. പശ്ചിമഘട്ടമെന്നപോലെ കേരളത്തിന്റെ ഇടനാടന്‍ കുന്നുകളും, വയലുകളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും കാവുകളും തീരപ്രദേശങ്ങളും വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നു. കുറുങ്കവിതകളുടെ രചനാകാരന്റെ ആശങ്കകള്‍ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നില്‍ അവതരിക്കുന്നു.

കേരളത്തെ പാരിസ്ഥിതിക സാക്ഷരതയിലേക്ക് നയിക്കുന്നതില്‍ എസ്പിഎന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എസ് പ്രഭാകരന്‍ നായര്‍ എന്ന സ്‌കൂള്‍ അദ്ധ്യാപകനായ പരിസ്ഥിതി പ്രവര്‍ത്തകന്റെ സംഭാവനകള്‍ നിസ്തുലമാണ്. ‘പരിസ്ഥിതി’ എന്ന വാക്ക് ‘പരിതസ്ഥിതി’ എന്ന് സാംസ്‌കാരിക നായകന്മാരടക്കം തെറ്റായി ഉച്ചരിച്ചിരുന്ന കാലത്താണ് പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള കവിതകളുമായി എസ്പിഎന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്നത്. കേരളത്തിന്റെ വനഭൂമിയെ കൈവള്ളയിലെ രേഖകളെന്നപോല്‍ മനസ്സിലാക്കിയ അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊന്നായ എസ്പിഎന്‍ തന്റെ ആശങ്കകളും ഭരണകൂടത്തോടുള്ള പ്രതിഷേധവും മറകൂടാതെ എഴുതിവെച്ചു.

“ഇടുക്കി ജില്ലയില്‍ രാഷ്ട്രീയക്കു
ന്നെന്നൊരു കോളനി ഉണ്ടത്രേ!
കൊള്ള നടത്തിയ കൂട്ടരി
ലവിടുള്ളെല്ലാ പാര്‍ട്ടിയുമുണ്ടത്രേ!!”

കൗമാരത്തില്‍ നിന്നും യുവത്വത്തിലേക്ക് നടന്നുനീങ്ങിക്കൊണ്ടിരുന്ന ഈ ലേഖകനെപ്പോലുള്ള നിരവധി പേര്‍ക്ക് കക്ഷി രാഷ്ട്രീയത്തിനതീതമായ പാരിസ്ഥിതിക രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ എസ്പിഎന്നിന്റെ വീറുറ്റ വരികള്‍ സഹായിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഋതു ചാഞ്ചല്യങ്ങളെക്കുറിച്ചും ഇന്ന് ശാസ്ത്രീയ പഠനങ്ങള്‍ ദിനം പ്രതിയെന്നോണം പ്രസിദ്ധീകരിക്കപ്പെടുകയും ആഗോളതാപനത്തിന് തടയിടാന്‍ ഔദ്യോഗികമായിത്തന്നെ നടപടികള്‍ സ്വീകരിക്കാന്‍ കരാറുകള്‍ തയ്യാറാക്കപ്പെടുകയും ചെയ്യുമ്പോള്‍ മൂന്നരപ്പതിറ്റാണ്ട് കാലം മുന്നെ ”എവിടെപ്പോയ് തുലാവര്‍ഷം പണ്ടിടിയും മഴയും പൊടിപൂരം” എന്ന് കേരളത്തിലെ മഴപ്പെയ്ത്തിലെ മാറ്റങ്ങളെക്കുറിച്ച് എസ്പിഎന്‍ മുന്നറിയിപ്പ് നല്‍കി. മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും ഒരുപോലെ ഇടകലര്‍ത്തിയെഴുതപ്പെട്ട എസ്പിഎന്നിന്റെ കുറുങ്കവിതകള്‍ രാഷ്ട്രീയ ശരികളുടെ ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍ അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകും എന്നതുറപ്പാണ്. എന്നാല്‍ നിത്യവികാസശീലമുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് എസ്പിഎന്നിനെപ്പോലുള്ളവരുടെ സംഭാവനകളെ ഉള്‍ക്കൊണ്ടുതന്നെ മുന്നോട്ടുപോകാന്‍ സാധിക്കും എന്നതും അത്രതന്നെ ഉറപ്പുള്ള കാര്യമാണ്.

ലൗകികാനുഭൂതികളോടുള്ള ഒടുങ്ങാത്ത ആസക്തി തന്റെ പുത്രന്റെ യൗവ്വനം ആവശ്യപ്പെടുന്നതിലേക്ക് യയാതിയെ കൊണ്ടുചെന്നെത്തിച്ചു. ”നമുക്ക് നമ്മുടെ മക്കള്‍ക്കവരുടെ മക്കള്‍ക്കിവിടെ കഴിയണ്ടേ?” എന്ന ചോദ്യത്തിലൂടെ ആ യയാതി സംസ്‌കാരത്തിന്റെ നിര്‍ലജ്ജതയിലേക്ക് എസ്പിഎന്‍ വിരല്‍ ചൂണ്ടി. വരുംതലമുറകള്‍ക്കു കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ തിന്നുതീര്‍ക്കുന്ന യയാതി സംസ്‌കാരത്തെക്കുറിച്ചുള്ള മുന്നറിയപ്പുകളായിരുന്നു അദ്ദേഹത്തിന്റെ ഓരോ വരികളും. തലമുറകള്‍ക്കിടയിലെ സമത (ഇന്റര്‍ ജെനറേഷണല്‍ ഈക്വിറ്റി) എന്ന് വര്‍ത്തമാനലോകം അതിനെ സിദ്ധാന്തീകരിക്കുമ്പോള്‍ ലളിതപദങ്ങളിലൂടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതേകാര്യം അദ്ദേഹം മുന്നോട്ടുവെച്ചു.

എസ്പിഎന്നിനെക്കുറിച്ചുള്ള സ്മരണകള്‍ അയവിറക്കുമ്പോള്‍ കേരളം ഇന്ന് മറ്റൊരു വനംകൊള്ളയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ ഒരു കാര്യം വ്യക്തമാണ്. (വയനാട്ടിലെ) മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം ഇന്ന് സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സൂക്ഷ്മ നോട്ടങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നുണ്ടെങ്കില്‍ അത് എസ്പിഎന്നി നെപ്പോലുള്ള ത്യാഗധനരായ പാരിസ്ഥിതിക പോരാളികള്‍ സൃഷ്ടിച്ചെടുത്ത ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. കേരളത്തിന്റെ വനഭൂമി 90കള്‍ക്ക് ശേഷം വലിയ പരിക്കുകള്‍ കൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, വനസംരക്ഷണത്തില്‍ ആദിവാസികളെക്കൂടി പങ്കാളികളാക്കണമെന്ന രാഷ്ട്രീയബോധം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍, സംയുക്ത വനപരിപാലനത്തെക്കുറിച്ചുള്ള ആലോചനകള്‍ ശക്തമാക്കുന്നതില്‍ എസ്പിഎന്‍ അടക്കമുള്ളവരോട് നാം നന്ദിയുള്ളവരാകുക.

ജൈവ മനുഷ്യൻ : എസ്പി എൻ ഓർമ്മപ്പുസ്തകത്തിൽ എഴുതിയത്

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.